ഹജ്ജും ഉംറയും; അതിവിശിഷ്ടമായ ആരാധനകൾ
അബൂ അമീൻ
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

ഇസ്‌ലാമിലെ നിർബന്ധമായ ആരാധനാകർമങ്ങളിൽ പെട്ടതാണ് ഹജ്ജും ഉംറയും. ശേഷിയുള്ളവർക്ക് ആയുസ്സിൽ ഒരു പ്രാവശ്യം അവ നിർവഹിക്കൽ നിർബന്ധമാണ്. പടച്ച റബ്ബിന്റെ പൊരുത്തം നേടുവാനും പാപമോചനം കരസ്ഥമാക്കി സ്വർഗപ്രവേശനം സാധ്യമാക്കാനും ഉതകുന്ന അതിവിശിഷ്ടമായ ആരാധനാകർമങ്ങളാണവ.
ഭാഷയിൽ ‘ഉദ്ദേശിക്കുക,’ ‘ലക്ഷ്യമാക്കുക’ എന്നൊക്കെയാണ് ‘ഹജ്ജ്’ എന്നതിന്റെ അർഥം. എന്നാൽ മതപരമായി അതുകൊണ്ട് ഉദ്ദേശിക്കുന്നത്; നബിﷺ മാതൃക കാണിച്ചതുപോലെ അല്ലാഹുവിനുള്ള പ്രത്യേകമായ ആരാധനാകർമങ്ങൾ നിർവഹിക്കുവാനായി പുണ്യഭൂമിയെ ലക്ഷ്യമാക്കലാണ്. ‘ഉംറ’ എന്നതിന് ‘സന്ദർശനം’ എന്നാണ് അർഥം. അല്ലാഹുവിനുള്ള പ്രത്യേകമായ ആരാധനകൾ നിർവഹിക്കുവാനായി കഅ്ബ സന്ദർശിക്കലാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഹജ്ജ് നിർണിതമായ മാസങ്ങളിലാണ് നിർവഹിക്കേണ്ടത്. ശവ്വാൽ, ദുൽക്വഅദ, ദുൽഹിജ്ജ മാസത്തിന്റെ ആദ്യത്തെ ദിവസങ്ങൾ എന്നിവയാണ് ഹജ്ജ് കർമങ്ങളുടെ സമയം. എന്നാൽ ഉംറ ഏത് സമയത്തും നിർവഹിക്കാവുന്നതാണ്.
അല്ലാഹു പറയുന്നു: “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോൾ) നിങ്ങൾ യാത്രയ്ക്കുവേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക’’ (2:197).
ഹജ്ജിന് സാധിക്കുന്നവർ അത് പിന്തിച്ചുകൂടാ. സാധ്യമാകുന്നത്രയും വേഗത്തിൽ അത് നിർവഹി ക്കണം. അല്ലാഹു പറയുന്നു: “...ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു’’ (3:97).
ഹജ്ജ് നിർവഹിക്കാൻ ശേഷിയുള്ള, സ്വതന്ത്രനും പ്രായപൂർത്തി എത്തിയതുമായ, സ്വബോധമുള്ള ഏതൊരു മുസ്‌ലിമിനും അത് നിർവഹിക്കൽ ബാധ്യതയാണ്. എന്നാൽ പ്രായപൂർത്തിയെത്താത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഹജ്ജ് നിർബന്ധമില്ല. എങ്കിലും അവർ ഹജ്ജ് നിർവഹിച്ചാൽ അത് സാധുവാകുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതാണ്. കുട്ടികൾ ഹജ്ജ് നിർവഹിച്ചാൽ അത് ഐഛികമായേ പരിഗണിക്കപ്പെടുകയുള്ളൂ. പ്രായപൂർത്തിയെത്തിയ ശേഷം അവരുടെ നിർബന്ധമായ ഹജ്ജ് വേറെ നിർവഹിക്കേണ്ടതാണ്. ശേഷിയുള്ളവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവരാണ്. എന്നാൽ സാമ്പത്തികമായി കഴിയുകയും ശാരീരികമായി കഴിയാതിരിക്കുകയും ചെയ്യുന്ന, വാർധക്യത്തിന്റെ അവശതകളോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗാവസ്ഥയിലോ ഉള്ള ആളുകൾ അവർക്ക് പകരം വേറെ ഒരാളെക്കൊണ്ട് ഹജ്ജ് നിർവഹിപ്പിക്കണം. പകരം നിർവഹിക്കുന്നയാൾ ഫർദായ ഹജ്ജ് ബാധ്യതയായി ശേഷിക്കുന്ന വ്യക്തിയാ യിരിക്കരുത്. ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഹജ്ജും ഉംറയും നിർബന്ധമെങ്കിലും കഴിയുന്നത്ര അധികരിപ്പിക്കൽ പ്രത്യേകം പുണ്യമുള്ള ഐഛികമായ അഥവാ സുന്നത്തായ കാര്യം തന്നെയാണ്.
സാമ്പത്തികശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പടച്ചവനോടും പടപ്പുകളോടുമുള്ള ബാധ്യതകൾ നിറവേറ്റിയ ശേഷം മക്കയിൽ എത്തി കർമങ്ങൾ നിർവഹിക്കുവാനുള്ള ശേഷിയുണ്ടാവുക എന്നതാണ്. അതായത് കടം, നേർച്ച, പ്രായച്ഛിത്തം പോലെയുള്ള ബാധ്യതകൾ നിർവഹിച്ചശേഷമാണ് ഹജ്ജ് നിർവഹിക്കേണ്ടത്. അപ്രകാരംതന്നെ ഹജ്ജ് കർമത്തിന് ശേഷവും സ്വന്തത്തിനും കുടുംബത്തിനും കഴിയാൻ ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടായിരിക്കണം. അഥവാ വീടോ വാഹനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ വിറ്റുകൊണ്ടോ താൻ ചെലവിന് കൊടുക്കേണ്ടതായ ആശ്രിതരെ പട്ടിണിക്കിട്ടുകൊണ്ടോ, അല്ലെങ്കിൽ മറ്റുള്ളവരിൽനിന്ന് പണം കടം വാങ്ങിക്കൊണ്ടോ ഹജ്ജ് നിർവഹിക്കേണ്ടതില്ല.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞ കാര്യങ്ങളോടൊപ്പം അവർക്ക് സുരക്ഷിതമായി മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു വരാൻ കൂടെ മഹ്‌റം ഉണ്ടായിരിക്കേണ്ടതുണ്ട്. അഥവാ ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ അടുത്ത ബന്ധുക്കളോ യാത്രയിൽ കൂടെയുണ്ടായിരിക്കണം. പിതാവ്, പുത്രൻ, സഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദര പുത്രൻ, സഹോദരീപുത്രൻ, മാതൃസഹോദരൻ, എന്നിവരും ഭർത്താവിന്റെ പിതാവ്, ഭർത്താവിന്റെ മകൻ, ഉമ്മയുടെ ഭർത്താവ്, മകളുടെ ഭർത്താവ്, മുതലായവരാണ് മഹ്‌റം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മഹ്‌റമായി പോകുന്നയാൾ പ്രായപൂർത്തിയെത്തിയ, സ്വബോധമുള്ള മുസ്‌ലിമായിരിക്കണം.
മീക്വാത്തുകൾ
ഹജ്ജോ ഉംറയോ ലക്ഷ്യമാക്കി പോകുന്നവർ മക്കയിലേക്ക് പ്രവേശിക്കുന്നതിന് ചില പ്രത്യേക സ്ഥലങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ട്, അവയ്ക്കാണ് ‘മീക്വാത്തുകൾ’ എന്നു പറയുന്നത്. മദീനക്കാരുടെത് ‘ദുൽഹുലൈഫ’(അബ്‌യാർ അലി)യും ഫലസ്തീൻ, സിറിയ, ലബ്‌നാൻ, ജോർദാൻ തുടങ്ങിയ പ്രദേശത്തുനിന്ന് വരുന്നവർക്കും ഈജിപ്റ്റ്, മൊറോക്കോ തുടങ്ങിയ നാട്ടുകാർക്കും ‘അൽജുഹ്ഫ’ എന്ന മീക്വാത്താണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അൽജുഹ്ഫ എന്നത് പൗരാണികമായ ഒരു ഗ്രാമമായിരുന്നു. അത് പിൽക്കാലത്ത് നാമാവശേഷമായി. അതിനുപകരം ‘റാബഗ്’ എന്ന സ്ഥലമാണ് മീക്വാത്തായിട്ടുള്ളത്. യമനുകാർക്ക് ‘യെലംലം’ (സഅദിയ്യ) എന്ന മീക്വാത്തും നജ്ദുകാർക്ക് ‘ക്വർനുൽ മനാസിൽ’ അഥവാ ‘സൈലുൽ കബീർ’ എന്ന മീക്വാത്തുമാണ്; പൗരസ്ത്യ ദേശക്കാർക്ക് ‘ദാത്തു ഇർക്വ്’ (അദ്ദരീബ) എന്ന മീക്വാത്തും.

ഈ പ്രദേശത്തുകാർക്കും അതുവഴി വരുന്ന മറ്റുള്ളവർക്കും ഇഹ്‌റാമിന് വേണ്ടി നിർണയിക്കപ്പെട്ടിട്ടു ള്ള സ്ഥലങ്ങളാണ് അവ. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് വരുന്നവർ ഈ പ്രദേശങ്ങളിൽവച്ച് ഇഹ്‌റാമിൽ പ്രവേശിച്ചതിനുശേഷമായിരിക്കണം മക്കയിലേക്ക് വരേണ്ടത്. എന്നാൽ മക്കാനിവാസികൾക്ക് ഹറമിന്റെ പുറത്ത് എവിടെനിന്നും ഇഹ്‌റാമിൽ പ്രവേശിക്കാം. ഹജ്ജിന് അവരുടെ താമസ സ്ഥലത്തുനിന്നുതന്നെ ഇഹ്‌റാമിൽ പ്രവേശിക്കാം.
എന്താണ് ഇഹ്‌റാം?
ഹജ്ജ് അല്ലെങ്കിൽ ഉംറ എന്ന ആരാധനാകർമത്തിൽ ഞാൻ പ്രവേശിക്കുന്നു എന്ന കരുതലാണ് (നിയ്യത്ത്) ഇഹ്‌റാം. അതില്ലാതെ കേവലം ഇഹ്‌റാമിന്റെ വസ്ത്രത്തിൽ പ്രവേശിക്കുന്നതുകൊണ്ടു മാത്രം സാധുവാകുകയില്ല. ഹജ്ജിന്റെയും ഉംറയുടെയും നിർബന്ധ ഘടകമാണ് (റുക്‌ന്) ഇഹ്‌റാം.
‘റുക്‌ന്’ എന്നു പറഞ്ഞാൽ നിർബന്ധമായും ചെയ്യേണ്ടതും മറ്റൊന്നും പകരമായി ചെയ്യാൻ പറ്റാത്തതുമായ കാര്യങ്ങളാണ്. ഉംറക്ക് മൂന്നും ഹജ്ജിന് നാലും റുക്‌നുകളാണുള്ളത്. 1) ഇഹ്‌റാമിൽ പ്രവേശിക്കൽ. 2) കഅ്ബയെ ത്വവാഫ് ചെയ്യൽ. 3) സ്വഫാ മർവക്കിടയിൽ സഅ്‌യ് നിർവഹിക്കൽ.
ഇവ മൂന്നും ഉംറയുടെ റുക്‌നുകളാണ്. ഹജ്ജിന് ഇവയ്ക്കു പുറമെ അറഫയിൽ നിൽക്കലും ത്വവാഫുൽ ഇഫാദയും (അഥവാ അറഫാ സംഗമവും മുസ്ദലിഫയിലെ രാപാർക്കലും കഴിഞ്ഞുള്ള ത്വവാഫ്) കൂടി റുക്‌നായുണ്ട്. ഇവയിലേതെങ്കിലും നഷ്ടമായാൽ അത് വീണ്ടെടുക്കണം. ഇല്ലെങ്കിൽ ഹജ്ജും ഉംറയും സാധുവാകുകയില്ല.
ഇഹ്‌റാമിൽ വെച്ച് പാടില്ലാത്ത കാര്യങ്ങൾ
ഹജ്ജിന് ഉംറക്കോ വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ച ഒരാൾക്ക് താഴെ പറയുന്ന കാര്യങ്ങൾ നിഷിദ്ധമാണ്:
മുടിയെടുക്കൽ, നഖം മുറിക്കൽ, സുഗന്ധം പൂശൽ, തല മറക്കൽ, തുന്നിയ വസ്ത്രം ധരിക്കൽ, വേട്ട മൃഗത്തെ കൊല്ലൽ, വിവാഹം, ലൈംഗികബന്ധം, അതുപോലെയുള്ള ആമുഖ സംസാരങ്ങളും പ്രവൃത്തികളും. (തലമറക്കലും തുന്നിയ വസ്ത്രം ധരിക്കലും പാടില്ലാത്തത് പുരുഷന്മാർക്ക് മാത്രമാണ്).
മനഃപൂർവം ഇവയേതെങ്കിലും ചെയ്താൽ ഒരു ആടിനെ ബലിയറുക്കണം. അല്ലെങ്കിൽ ആറ് സാധുക്കൾക്ക് ഭക്ഷണം നൽകണം. അതുമല്ലെങ്കിൽ മൂന്ന് ദിവസം നോമ്പെടുക്കണം. എന്നാൽ അറിവില്ലായ്മ മൂലമോ മറന്നുകൊണ്ടോ ആണെങ്കിൽ പ്രായശ്ചിത്തമില്ല.
ഹജ്ജിന്റെയും ഉംറയുടെയും രൂപം
മീക്വാത്തിൽനിന്ന് ഇഹ്‌റാമിൽ പ്രവേശിച്ച് ധാരാളമായി തൽബിയത്ത് ചൊല്ലി മക്കയിലെത്തിയ ശേഷം കഅ്ബയെ തന്റെ ഇടതുവശത്താക്കി 7 പ്രാവശ്യം വലയംവെച്ച (ത്വവാഫ് ചെയ്ത) ശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കുകയും എന്നിട്ട് സ്വഫാ- മർവക്കിടയിൽ സഅ്‌യ് നിർവ്വഹിച്ച് മുടി മുറിച്ചാൽ ഉംറ പൂർത്തിയായി. ശേഷം സാധാരണപോലെ ജീവിതം നയിക്കാം. പിന്നീട് ഹജ്ജിനായി ദുൽഹിജ്ജ എട്ടാം തീയതിയാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്. എന്നിട്ട് മിനയിലെത്തി ദുൽഹിജ്ജ 9ന് അറഫയിലേക്ക് പുറപ്പെടുന്നതുവരെ മിനയിൽതന്നെ തങ്ങണം. ഇവിടെവെച്ച് ഓരോ നമസ്‌കാരവും അതാതിന്റെ സമയങ്ങളിൽ രണ്ട് റക്അത്തുകളായി ചുരുക്കി നമസ്‌കരിക്കുകയാണ് വേണ്ടത്. ദുൽഹിജ്ജ ഒമ്പതിന് അറഫാ സംഗമത്തിൽ പങ്കെടുക്കുകയും രാത്രി മുസ്ദലിഫയിൽ കഴിച്ചുകൂട്ടുകയും വേണം. ദുൽഹിജ്ജ പത്തിന് ജംറത്തുൽ അക്വബയിൽ കല്ലേറ് നടത്തുകയും ബലിയറുക്കുകയും മുടിയെടുക്കുകയും ത്വവാഫുൽ ഇഫാദ നിർവഹിക്കുകയും സഫാ-മർവക്കിടയിൽ സഅ്‌യ് നിർവഹിക്കുകയും ചെയ്യുക. എന്നിട്ട് മിനയിലേക്ക് തന്നെ തിരിച്ചുവന്ന് ദുൽഹിജ്ജ 13 വരെ (അയ്യാമുത്തശ്‌രീക്വ്) അവിടെ താമസിക്കുക. ആ ദിവസങ്ങളിൽ ഉച്ചക്കുശേഷം മൂന്ന് ജംറകളിലും കല്ലേറ് നടത്തണം. പിന്നീട് മക്ക വിട്ട് പോകാൻ നേരത്ത് വിദാഇന്റെ (വിടവാങ്ങൽ) ത്വവാഫ് കൂടി നിർവഹിക്കുക.

