ആരോഗ്യമേഖലയിലെ സിസ്റ്റം തകരാറിലാണോ?
നബീൽ പയ്യോളി
2025 ജൂലൈ 12, 1447 മുഹറം 16

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരിച്ച വാർത്ത ഏറെ വേദനയോടെയാണ് നാം കേട്ടത്. മകൾക്ക് കൂട്ടിരിക്കാൻ വന്ന ‘അമ്മ’ പ്രാഥമിക കൃത്യനിർവഹണത്തിന് വേണ്ടി പോയ കെട്ടിടമാണ് പൊടുന്നനെ തകർന്നുവീണത്. ഭാര്യ ആ കെട്ടിടത്തിലേക്ക് പോയിട്ടുണ്ടെന്ന് അവിടെയുള്ളവരോട് ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞിട്ടും ആവശ്യമായ പരിശോധന നടത്താതെ വൈകിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുമായും ചെയ്തു. ആർക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ ആശുപത്രി സൂപ്രണ്ടിനും അതു കേട്ട് മാധ്യമങ്ങളോട് വാതോരാതെ സംസാരിച്ച മന്ത്രിമാർക്കും ദുരന്തമുഖത്തെ അപക്വമായ നിലപാടിന് പഴികേൾക്കേണ്ടിവന്നു.
ആരോഗ്യമന്ത്രിയുടെ വിശദീകരണപ്രകാരം 2013ൽ ബലക്ഷയം ഉണ്ടെന്ന് റിപ്പോർട്ട് ലഭിച്ച കെട്ടിടമാണ് ഇപ്പോൾ തകർന്നുവീണത്. അതിൽ രോഗികളടക്കം ഉണ്ടായിരുന്നു. ടോയിലറ്റ് ഭാഗം മാത്രം തകർന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പഴയ കെട്ടിടത്തിൽനിന്നും നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന പുതിയ കെട്ടിടത്തിലേക്ക് മാറാൻ മാസങ്ങൾക്ക് മുമ്പ് മന്ത്രിതല യോഗം തീരുമാനിച്ചിട്ടും അത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥയാണ് ഒരു ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിച്ചതെന്നാണ് സർക്കാർ ഭാഷ്യം. എന്തായാലും സർക്കാർ സിസ്റ്റം ഈ രംഗത്ത് പരാജയപ്പെട്ടു എന്നതിന്റെ നേർക്കാഴ്ചയാണ് നാം കണ്ടത്.
ഈ മെഡിക്കൽ കോളേജിലെ ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും വാർത്തകളിൽ നാം കണ്ടു. ഈ ഹോസ്റ്റലിനെക്കാൾ എത്രയോ മെച്ചമാണ് ബീഹാറിലെ ഹോസ്റ്റൽ മുറികൾ എന്ന, ‘നമ്പർ വൺ’ കേരളത്തിൽ വന്ന് പഠിക്കുന്ന ബീഹാർ സ്വദേശിയുടെ പരാതി സർക്കാർ മിഷനറികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൊണ്ടേയിരിക്കുന്നു. സാധാരണക്കാർ ജീവനുവേണ്ടി ആശ്രയിക്കുന്ന ആതുരാലയങ്ങളിൽ ജീവനെടുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സിസ്റ്റം ഉണർന്ന് പ്രവർത്തിച്ച മതിയാവൂ.

ആരോഗ്യകരമായ നാടിന് ആരോഗ്യമുള്ള ജനത അനിവാര്യമാണ്. രോഗപ്രതിരോധ പരിപാടികളും നല്ല ചികിത്സയും രോഗീപരിചരണവും സാധാരണക്കാർക്ക് ലഭ്യമാക്കേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും ബാധ്യതയാണ്. ലോകം പുരോഗതിയിലേക്ക് നീങ്ങുമ്പോഴും ആരോഗ്യ രംഗത്തെ വെല്ലുവിളികൾ വർധിച്ചുവരികയാണ്. മാരകരോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നത് വല്ലാത്തൊരു ഭീഷണിയാണ്. രോഗങ്ങൾ ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകർക്കും വിധം ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവിടെയാണ് സത്യസന്ധനും ജനകീയനുമായ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയതിലെ വേദന സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും അത് കേരളം ഗൗരവത്തിൽ ചർച്ച ചെയ്തതും.
ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ വേദനയുമാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ആകെത്തുക. കേരളത്തിലെ ജനസംഖ്യയുടെ ബഹുഭൂരിഭാഗവും ആശ്രയിക്കുന്ന, ഏറ്റവും ഉന്നത നിലവാരം പുലർത്തേണ്ട ഇടങ്ങളാണ് മെഡിക്കൽ കോളേജുകൾ. ഏതൊരു സാധാരണക്കാരന്റെയും പ്രതീക്ഷയുടെ അവസാനവാക്ക് മെഡിക്കൽ കോളേജുകൾ തന്നെയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ സാമൂഹിക പ്രത്യാഘാതങ്ങളിൽ ഒന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം സാമ്പത്തികമായി തകർന്നു എന്നതാണ്. വരുമാനം കുറയുകയും ജീവിതച്ചെലവ് വർധിക്കുകയും ചെയ്തത് സമൂഹത്തിലെ പാവങ്ങൾക്കും മധ്യവർഗത്തിനും വലിയതോതിലുള്ള പ്രതിസന്ധിയാണ് വരുത്തിവെച്ചത്. അതുകൊണ്ട് തന്നെ ജീവിതാവശ്യങ്ങൾക്ക് വരുമാനം തികയാത്തവർക്ക് ചികിത്സ എന്നത് ബാധ്യതയാണ്. അത് ഉൾക്കൊള്ളുവാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാനും സർക്കാരിന് ബാധ്യതയുണ്ട്.
പ്രൈമറി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾവരെ എത്തിനിൽക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് രോഗികളാണ് ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രി വികസന സമിതിയും ഉദ്യോഗസ്ഥരും തന്റെ നിരന്തരമുള്ള ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തില്ല, തന്റെ മുന്നിൽ വരുന്ന നിസ്സഹായരായ രോഗികൾക്ക് മുമ്പിൽ പ്രതിസന്ധികൾ പറഞ്ഞു കൈമലർത്തേണ്ടിവരുന്ന ദുര്യോഗം മാനസികമായി തളർത്തി എന്നൊക്കെയാണ് ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞത്. ഉദ്യോഗസ്ഥരോടും ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയോടും അടക്കം നിരന്തരം പ്രശ്‌നപരിഹാരത്തിന് വേണ്ടി അപേക്ഷിച്ചിട്ടും ആവശ്യമായ നടപടികൾ ഉണ്ടാകാത്തതുകൊണ്ട് തന്നെയാണ് സമൂഹത്തോട് വിളിച്ചുപറയേണ്ടി വന്നത് എന്ന് രാഷ്ട്രീയപരമായി ഭരണകക്ഷിയുടെ കൂടെ നിൽക്കുന്ന ഡോക്ടർ പറയുന്നത് കേവലം അരോപണങ്ങളല്ലെന്നു വ്യക്തമാണ്.
ഡോ.ഹാരിസിന് ‘സത്യസന്ധനായ ഡോക്ടർ’ എന്ന് സർട്ടിഫിക്കറ്റ് നൽകിയ ആരോഗ്യമന്ത്രി സിസ്റ്റത്തിന്റെ തകരാറാണ് ഇവിടെയും ന്യായമായി പറയുന്നത്. സിസ്റ്റം എന്താണെന്നും അതിലുള്ള തകരാറുകൾ എന്താണെന്നും അറിഞ്ഞ് അത് പരിഹരിക്കാൻ ബാധ്യസ്ഥരാണ് എന്ന നിലയ്ക്കാണ് ജനങ്ങൾ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത്. ജനപ്രതിനിധികൾക്കാണ് ജനങ്ങളോട് നേരിട്ട് ബാധ്യതയുള്ളത്. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നത് ജനപ്രതിനിധികൾ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ ബാധ്യതയാണ്. സർക്കാർ സംവിധാങ്ങൾ യഥാവിധി ചലിക്കാനും ചലിപ്പിക്കാനും സർക്കാരിന് നേതൃത്വം നൽകുന്ന മന്ത്രിമാർക്ക് തന്നെയാണ് ബാധ്യത.
ജനങ്ങൾ നൽകുന്ന നികുതിപ്പണമാണ് സർക്കാരിന്റെ പ്രധാന വരുമാനം. ജനങ്ങൾക്ക് തിരിച്ചു ലഭിക്കേണ്ട സേവനങ്ങൾ ‘സൗജന്യ’മോ ‘ഔദാര്യ’മോ അല്ല; അവകാശമാണ് എന്ന ബോധ്യം നഷ്ടപ്പെടുന്നിടത്താണ് സിസ്റ്റം തകരാറിലാകുന്നതും ജീവൻ നഷ്ടപ്പെടുന്നതും. സർക്കാർ നിർമിക്കേണ്ട കെട്ടിടങ്ങൾക്കും ആശുപത്രി ഉപകരണങ്ങൾക്കും പൊതുജനങ്ങളിൽനിന്നും രോഗികളിൽനിന്നും പണം പിരിക്കുന്നതും ഈ അവബോധമില്ലായ്മയുടെ അനന്തരഫലമാണ്. മന്ത്രിമാരും മറ്റും സർക്കാർ ചെലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്നതും വിമർശനവിധേയമായിട്ടുണ്ട്. ഇത്തരം സർക്കാർ സേവനങ്ങൾ ലഭ്യമാകാൻ അർഹരായിട്ടുള്ള സാധാരണ ജനങ്ങൾക്ക് അവ കൃത്യമായും ഫലപ്രദമായും ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ചവരുത്തി തങ്ങളുടെ ആരോഗ്യ പരിപാലനം സർക്കാർ ചെലവിൽ സ്വകാര്യ ഇടങ്ങളിലാക്കുന്നത് അഭികാമ്യമല്ല. ലോകത്തിന് മാതൃകയാണ്, കേരളം രാജ്യത്ത് നമ്പർവൺ എന്നൊക്കെ പറയുമ്പോൾ അത് എത്രമേൽ പ്രായോഗികമായി സാധാരണക്കാരന് ലഭ്യമാകുന്നുണ്ട് എന്നുകൂടി പരിശോധിക്കാനുള്ള സിസ്റ്റം കൂടി പ്രവർത്തിക്കേണ്ടതുണ്ട്.
മെഡിക്കൽ കോളേജുകളിലെ വാർഡുകൾ, മെത്തകൾ, ടോയിലറ്റ് സംവിധാനങ്ങൾ തുടങ്ങിയവ രോഗാതുരമായ ഇടങ്ങളല്ലെന്ന് ഉറപ്പാക്കണം. രോഗം പടർത്താത്ത വ്യത്തിഹീനമായ അന്തരീക്ഷമാണ് ആതുരാലയങ്ങളിൽ വേണ്ടത്. അതിന് വിപരീതമായ വാർത്തകളാണ് പലപ്പോഴും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അത് തിരുത്താൻ ആവശ്യമായ ഇടപെടലുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
ഡോക്ടർമാർ മുതൽ ഡിപ്പാർട്ട്‌മെന്റ് മേധാവിയും പ്രിൻസിപ്പലും ആശുപത്രി വികസന സമിതിയും കളക്ടറും മന്ത്രിയും അടങ്ങുന്ന സിസ്റ്റം തകാറിലാവാൻ പാടില്ല. പലപ്പോഴും വാഗ്ദാനങ്ങൾ നൽകി അതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്ന് ഡോക്ടർ ഹാരിസ് തുറന്ന് പറയുമ്പോൾ മുകളിൽ സൂചിപ്പിച്ച എല്ലാവരും അതിന് ഉത്തരവാദികളാണ്. ടെക്നോളജിയുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ഏത് കാര്യവും നിമിഷനേരം കൊണ്ട് ചെയ്തു തീർക്കാൻ പറ്റുംവിധം ലോകം വിരൽത്തുമ്പിലേക്ക് മാറിയ ഇന്ന് ‘കാലതാമസം’ എന്നതുതന്നെ ഗുരുതരമായ അപരാധമാണ്. സമയമാണ് ഏറ്റവും വിലയുള്ള കാര്യം. നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടാനും നൂറുകണക്കിന് കാര്യങ്ങൾ ചെയ്തു തീർക്കാനും സാധിക്കുന്ന ഇന്ന് സിസ്റ്റം കാണിക്കുന്ന കാലതാമസം ഗുരുതരമായ കുറ്റകൃത്യമാണ്. അത് പരിഹരിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കേണത്. സാധാരണക്കാരന് ഭക്ഷണം, പാർപ്പിടം, തൊഴിൽ, ആരോഗ്യം തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങൾ ഏർപ്പെടുത്തുവാനും സേവനങ്ങൾ യഥാസമയം ലഭ്യമാക്കാനും സാധിക്കുമ്പോഴാണ് ജനാധിപത്യ സംവിധാനത്തിലെ സർക്കാർ അന്വർഥമാവുന്നത്.
