സൗദി അറേബ്യയിലേക്കുള്ള കടന്നുകയറ്റം

മുഹമ്മദ് അമീൻ

2025 ഡിസംബർ 27, 1447 റജബ് 06

(ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം-3)

മന്നാഅ് അൽഖത്താൻ: ഇഖ്‌വാനി നീരാളി

സൗദിയിലെ വിദ്യാഭ്യാസ മേഖലയെ ഇഖ്‌വാനിവൽക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് മന്നാഅ് അൽഖത്താൻ. ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ ഒരു ‘നീരാളിയെ’ ആണ് ഓർമ വരിക. കാരണം, സൗദിയിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. 1953ൽ സൗദിയിലെത്തിയ ഇദ്ദേഹം ഒരു അധ്യാപകൻ മാത്രമായിരുന്നില്ല; മറിച്ച്, ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ സൗദിയിലെ ഉത്തരവാദപ്പെട്ട ‘മസ്ഊൽ’ (ഉത്തരവാദി) ആയിരുന്നു.

രിയാദിലെ ശരീഅത്ത് കോളേജ്, അറബിക് കോളേജ്, ഇമാം മുഹമ്മദ് ബിൻ സഊദ് യൂണിവേഴ്‌സിറ്റിയിലെ ഉന്നത പഠന വിഭാഗം, പെൺകുട്ടികളുടെ കോളേജുകൾക്കുള്ള സിലബസ് കമ്മിറ്റി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദവികൾ ഇദ്ദേഹം വഹിച്ചു. ഏറ്റവും ഗൗരവകരമായ കാര്യം, ജുഡീഷ്യറിയിലെ ജഡ്ജിമാരെ വാർത്തെടുക്കുന്ന ‘ഹയർ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ ഡയറക്ടറായും ഇദ്ദേഹം പ്രവർത്തിച്ചു എന്നതാണ്. ഇദ്ദേഹം വഴിയാണ് സൗദിയിലെ പല ഉന്നത പണ്ഡിതന്മാർക്കും തെറ്റായ വിവരങ്ങൾ കൈമാറപ്പെട്ടതും ഇഖ്‌വാനികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതും. തന്റെ ശിഷ്യന്മാരിൽനിന്ന് രഹസ്യമായി ഇഖ്‌വാനുൽ മുസ്‌ലിമൂന് വേണ്ടി ‘ബൈഅത്ത്’ സ്വീകരിക്കുന്ന പതിവും ഇദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മുൻകാല ഇഖ്‌വാനികൾ (ഉദാഹരണത്തിന് അലി അഷ്മാവി) തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭരണാധികാരിക്ക് നൽകേണ്ട ബൈഅത്ത്, ഒരു രഹസ്യ സംഘടനയുടെ നേതാവിന് നൽകുന്നതിലൂടെ രാജ്യദ്രോഹത്തിന്റെ വിത്തുകൾ അവിടെ പാകപ്പെടുകയായിരുന്നു.

ഇദ്ദേഹത്തിന് പുറമെ മുഹമ്മദ് അൽറാവിയ (25 വർഷത്തോളം ഇമാം യൂണിവേഴ്‌സിറ്റിയിൽ), അബ്ദുൽ ഫത്താഹ് അബുഗുദ്ദ, ഹുസൈൻ കമാലുദ്ദീൻ, ഡോ.അബ്ദുൽ കരീം ബക്കാർ തുടങ്ങിയ വമ്പൻ സ്രാവുകളും സൗദി സർവകലാശാലകളിൽ നുഴഞ്ഞുകയറിയിരുന്നു.

സിലബസിലെ വിഷം: കമാൽ അൽ-ഹൽബാവി നടപ്പിലാക്കിയ മാറ്റങ്ങൾ

ഇഖ്‌വാനികൾ വെറുതെ വന്ന് ക്ലാസെടുക്കുക മാത്രമല്ല ചെയ്തത്, മറിച്ച് പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. ഇഖ്‌വാനി ഇന്റർനാഷണൽ ഓർഗനൈസേഷന്റെ വക്താവായിരുന്ന കമാൽ അൽ-ഹൽബാവി സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ കരിക്കുലം ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന 1982-87 കാലഘട്ടത്തിലാണ് ഇതിന് ആക്കം കൂടിയത്. അതുവരെ സൗദിയിലെ സ്‌കൂൾ ലൈബ്രറികളിൽ കാണാതിരുന്ന പല പുസ്തകങ്ങളും വ്യാപകമായി വിതരണം ചെയ്യപ്പെട്ടു.

ഹസനുൽ ബന്നയുടെ ‘അൽഅക്വീദത്തുൽ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക വിശ്വാസം), ‘അൽവസ്വായാ അൽഅശ്‌റ’ (പത്ത് ഉപദേശങ്ങൾ), സയ്യിദ് ഖുതുബിന്റെ ‘ഫീ ദ്വിലാലിൽ ക്വുർആൻ’ (ക്വുർആന്റെ തണലിൽ), ‘വഴിയടയാളങ്ങൾ,’ അബുൽ അഅ്‌ലാ മൗദൂദിയുടെ ‘അൽജിഹാദു ഫീ സബീലില്ലാഹ്’ എന്നീ ഗ്രന്ഥങ്ങൾ സ്‌കൂൾ കുട്ടികൾക്ക് സമ്മാനമായി നൽകാൻ തുടങ്ങി. ഇതിൽ ഏറ്റവും അപകടകാരിയായത് സയ്യിദ് ഖുതുബിന്റെ പുസ്തകങ്ങളായിരുന്നു.

മുസ്‌ലിം സമൂഹങ്ങളെ മൊത്തത്തിൽ ‘ജാഹിലിയ്യത്ത്’ എന്ന് മുദ്രകുത്തുന്ന തക്ഫീരി ചിന്താഗതികൾ കുരുന്നു മനസ്സുകളിലേക്ക് കുത്തിവെക്കാൻ ഈ പുസ്തകങ്ങൾ കാരണമായി. ‘ഇന്നത്തെ പള്ളികളിലെ മിനാരങ്ങളിൽ നിന്ന് ബാങ്ക് വിളികൾ ഉയരുന്നുണ്ടെങ്കിലും, അവർ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നുണ്ടെങ്കിലും അവർ മുസ്‌ലിംകളല്ല’ എന്ന സയ്യിദ് ഖുതുബിന്റെ വരികൾ വായിച്ചു വളർന്ന കുട്ടികൾ, സ്വന്തം മാതാപിതാക്കളെയും ഭരണാധികാരികളെയും കാഫിറുകളായി കാണാൻ തുടങ്ങി. ഇത് പിന്നീട് വലിയ ഭീകരവാദ പ്രവർത്തനങ്ങൾക്കു വരെ വഴിതെളിച്ചു.

ഇംഗ്ലീഷ് അധ്യാപകൻ അക്വീദ പഠിപ്പിക്കുമ്പോൾ!

വിദ്യാഭ്യാസ മേഖലയിലെ ഇഖ്‌വാനി നുഴഞ്ഞുകയറ്റത്തിന്റെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന് മുഹമ്മദ് ഖുതുബിന്റെയും മുഹമ്മദ് സുറൂറിന്റെയും സാന്നിധ്യമാണ്. സയ്യിദ് ഖുതുബിന്റെ സഹോദരനായ മുഹമ്മദ് ഖുതുബ് യഥാർഥത്തിൽ ഒരു ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയായിരുന്നു. എന്നാൽ ഉമ്മുൽഖുറാ സർവകലാശാലയിൽ അദ്ദേഹം നിയമിക്കപ്പെട്ടത് ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിലാണ്. മാത്രമല്ല, അക്വീദ (വിശ്വാസശാസ്ത്രം) വിഭാഗത്തിലെ പി.എച്ച്.ഡി തീസിസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹമായിരുന്നു എന്നത് എത്രമാത്രം ആഴത്തിൽ അവരുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് സഫർ അൽഹവാലിയെപ്പോലെയുള്ള പിൽക്കാല ‘സഹ്‌വ’ നായകർ വളർന്നുവന്നത്. സലഫി പണ്ഡിതനായ ശൈഖ് അൽബാനി(റഹി)യെ ‘മുർജിഅ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾവരെ ഇദ്ദേഹത്തിന്റെ കാർമികത്വത്തിൽ പുറത്തിറങ്ങി. ശരിയായ സലഫി ആദർശത്തിൽനിന്ന് യുവാക്കളെ അകറ്റുക എന്നതായിരുന്നു ഇതിന്റെയൊക്കെ പിന്നിലെ ഗൂഢലക്ഷ്യം.

അതുപോലെത്തന്നെയാണ് മുഹമ്മദ് സുറൂർ സൈനുൽ ആബിദീൻ എന്ന വ്യക്തിയുടെ ചരിത്രവും. സിറിയയിൽ നിന്ന് വന്ന ഇദ്ദേഹം സൗദിയിലെ സ്‌കൂളുകളിൽ കണക്ക് അധ്യാപകനായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ കണക്കിന് പകരം അദ്ദേഹം ക്ലാസുകളിൽ പഠിപ്പിച്ചത് രാഷ്ട്രീയവും വിപ്ലവവുമായിരുന്നു. ‘ഭരണാധികാരികൾ കാഫിറുകളാണ്, അവർക്കെതിരെ തിരിയണം’ എന്ന വിഷലിപ്തമായ ചിന്തകൾ കുട്ടികളിൽ കുത്തിവെച്ചത് ഒരു ഗണിത അധ്യാപകനായിരുന്നു എന്നത് ഇഖ്‌വാനികളുടെ പ്രവർത്തനശൈലിയുടെ ഉത്തമ ഉദാഹരണമാണ്.

നിഗൂഢ പാഠ്യപദ്ധതി

ഇഖ്‌വാനികൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്തത് ‘പാഠ്യേതര പ്രവർത്തനങ്ങൾ’ എന്ന മേഖലയെയാണ്. ഇതിനെ ‘നിഗൂഢ പാഠ്യപദ്ധതി’ എന്ന് വിളിക്കാം. ക്ലാസ് മുറികളിലെ സിലബസുകളിൽ മാറ്റം വരുത്തുന്നതിന് പരിധിയുണ്ടായിരുന്നു. എന്നാൽ ക്ലാസിന് പുറത്തുള്ള സമ്മർ ക്യാമ്പുകൾ, സകൗട്ട്, വിനോദ യാത്രകൾ എന്നിവയിൽ അവർക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചു.

ഏകദേശം 53 വർഷങ്ങൾക്ക് മുമ്പ്, (ഹിജ്‌റ 1390) വിദ്യാഭ്യാസ മന്ത്രാലയത്തിൽ ‘തൗഇയ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക് അവയർനസ്) വിഭാഗം സ്ഥാപിതമായപ്പോൾ, അതിന്റെ നിയന്ത്രണം ഇഖ്‌വാനികൾ കൈക്കലാക്കി. ‘ദലീലുന്നശാത്ത്’ (ആക്ടിവിറ്റി ഗൈഡ്) എന്ന പേരിൽ അവർ ഒരു മാർഗരേഖ തയ്യാറാക്കി. സ്‌കൂളുകളിലെ ഉച്ചസമയത്തെ ഇടവേളകളിൽ ഇവർ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. അവിടെ പഠിപ്പിച്ചിരുന്നത് ഇസ്‌ലാം ആയിരുന്നില്ല, മറിച്ച് ഇഖ്‌വാനി രാഷ്ട്രീയമായിരുന്നു. ജിഹാദിന്റെ പേരിലുള്ള വികാരഭരിതമായ ഗാനങ്ങൾ, നാടകങ്ങൾ, ക്യാമ്പ് ഫയറുകൾ എന്നിവയിലൂടെ കുട്ടികളെ ആകർഷിച്ചു. അഫ്ഗാനിലേക്കും മറ്റും പോയി യുദ്ധം ചെയ്യാൻ യുവാക്കളെ പ്രേരിപ്പിച്ചത് ഇത്തരം ക്യാമ്പുകളായിരുന്നു. മാതാപിതാക്കളോട് അനുവാദം ചോദിക്കേണ്ടതില്ലെന്നും ഭരണാധികാരികളുടെ അനുമതി ആവശ്യമില്ലെന്നും ഇവർ കുട്ടികളെ പഠിപ്പിച്ചു.

ഇഖ്‌വാനി സൈദ്ധാന്തികനായ മുഹമ്മദ് അഹ്‌മദ് അൽറാഷിദ് (അബ്ദുൽ മുൻഇം അൽഅസ്സി) തന്റെ പുസ്തകമായ ‘അൽമസാറി’ൽ കുറിക്കുന്നത് പ്രകാരം, സർക്കാറിനെയും സമൂഹത്തെയും നിയന്ത്രിക്കാൻ 15 പ്രത്യേക സംഘങ്ങളെ അവർ നിയോഗിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ച് ഒരു ‘നിഴൽ ഭരണം’ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

സുരക്ഷാ മേഖലയിലെ നുഴഞ്ഞുകയറ്റം

വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇവരുടെ അജണ്ട. രാജ്യത്തിന്റെ സുരക്ഷാ മർമങ്ങളായ സൈനിക കോളേജുകളിലും ഇവർ നുഴഞ്ഞുകയറി. ചില സൈനിക കോളേജുകളിലെ പള്ളികളിൽ ദീർഘകാലം (14 വർഷത്തോളം) ഇമാമുമാരായിരുന്നത് ഇഖ്‌വാനി ചിന്താഗതിക്കാരായിരുന്നു.

ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമാണ്, ഒരു പ്രമുഖ സൈനിക വിഭാഗത്തിലെ ‘ചീഫ് ഗൈഡ്’ ആയിരുന്ന വ്യക്തിയുടെ നിലപാട്. ഐസിസ് എന്ന ഭീകര സംഘടനയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചപ്പോൾ, ഈ ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള സൈനികർക്ക് നൽകിയ ഉപദേശം രാജ്യദ്രോഹപരമായിരുന്നു. ‘ഐസിസുകാർ മുസ്‌ലിംകളാണ്, അവരെ കൊല്ലാൻ പാടില്ല, അമേരിക്കയുടെ കൂടെ കൂടാൻ പാടില്ല. അതിന് സാധിക്കില്ലെങ്കിൽ സ്വയം മരിക്കുക’ എന്ന് തുടങ്ങി, രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെ സൈനികരെ തിരിക്കാൻ ഇവർ ശ്രമിച്ചു. ഇത് അതീവ ഗൗരവകരമായ കുറ്റമാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ പോലും ‘ഇരട്ട കൂറ്’ സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചു എന്നത് ഇവരുടെ സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

വിദേശത്തുള്ള വിദ്യാർഥികളെ ലക്ഷ്യമിടൽ

സൗദിയിൽനിന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും പോകുന്ന വിദ്യാർഥികളെയും ഇവർ വെറുതെ വിട്ടില്ല. അവിടെയുള്ള ‘മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷനുകൾ’ വഴി ഇവർ വിദ്യാർഥികളെ സമീപിച്ചു. സൽമാൻ അൽഔദയെപ്പോലെയുള്ളവരെ അവിടെയെത്തിച്ച് ക്ലാസുകൾ നൽകി. ‘വസായ മുബ്തഅസ്’ (വിദേശ വിദ്യാർഥിക്കുള്ള ഉപദേശങ്ങൾ) എന്ന പേരിൽ നടന്ന പരിപാടികൾ യഥാർഥത്തിൽ ഇഖ്‌വാനി ആശയപ്രചരണ വേദികളായിരുന്നു.

ഇവർ അവിടെ വെച്ച് അലി അൽദഫീരി (അൽ ജസീറ), ഇസാം അൽസാമിൽ, യൂസുഫ് അൽഅഹ്‌മദ് തുടങ്ങിയവരെ അതിഥികളായി സ്വീകരിച്ചു. പാശ്ചാത്യ നാടുകളിൽ വെച്ച് ലിബറൽ ആശയങ്ങളുമായി സന്ധി ചെയ്തും, എന്നാൽ ഉള്ളിൽ തീവ്രവാദം സൂക്ഷിച്ചും ജീവിക്കാൻ ഇവർ വിദ്യാർഥികളെ പരിശീലിപ്പിച്ചു. ‘ഇപ്പോഴത്തെ ഭരണാധികാരികളിൽ പ്രതീക്ഷയില്ല, അതിനാൽ അടുത്ത 15-20 വർഷത്തിനുള്ളിൽ പുതിയൊരു തലമുറയെ വാർത്തെടുക്കണം’ എന്ന് പരസ്യമായി പ്രഖ്യാപിച്ച താരിഖ് സുവൈദാനെപ്പോലെയുള്ളവർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു.

ചുരുക്കത്തിൽ, സൗദി അറേബ്യ എന്ന തൗഹീദിന്റെ കോട്ടയെ തകർക്കാൻ ഇഖ്‌വാനികൾ പ്രധാനമായും ഉപയോഗിച്ചത് ആയുധങ്ങളായിരുന്നില്ല, മറിച്ച് പുസ്തകങ്ങളും അധ്യാപകരും ക്ലാസ് മുറികളുമായിരുന്നു. ‘നമ്മുടെ മക്കൾ നമ്മുടെ കൺമുന്നിൽ വെച്ച്, നമ്മുടെ ചെലവിൽ, നമ്മുടെ ശത്രുക്കളായി മാറുന്ന കാഴ്ച’-ഇതായിരുന്നു ഇഖ്‌വാനി അധിനിവേശത്തിന്റെ ബാക്കിപത്രം.

വിദ്യാഭ്യാസത്തിലൂടെയും മതപഠനത്തിലൂടെയും ഇവർ വളർത്തിയെടുത്ത ഈ തലമുറയെ ഉപയോഗിച്ച് അവർ എങ്ങനെയാണ് മാധ്യമങ്ങളിലൂടെയും സാംസ്‌കാരിക സംഘടനകളിലൂടെയും സമൂഹത്തെ ഹൈജാക്ക് ചെയ്തത്? ‘അറബ് വസന്തം’ എന്ന പേരിൽ നടന്ന കലാപങ്ങളിൽ ഈ ‘ബ്രെയിൻ വാഷ്’ ചെയ്യപ്പെട്ട തലമുറ എങ്ങനെയാണ് ഇന്ധനമായത്? ഈ ഞെട്ടിക്കുന്ന വിവരങ്ങൾ നമുക്ക് അടുത്ത ഭാഗങ്ങളിൽ പരിശോധിക്കാം.

(തുടരും)