ലിബറൽ കാപട്യവും ഇസ്‌ലാമിക പരിഹാരവും
റോഷൻ പുനലൂർ
2025 മെയ് 10, 1446 ദുൽഖഅദ് 12

മനുഷ്യാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അകമ്പടിയോടെയാണ് സ്വതന്ത്ര ലൈംഗികത, അബോഷൻ, LGBTQIA+, ആത്മഹത്യ തുടങ്ങിയ ലക്കും ലഗാനുമില്ലാത്ത പുരോഗമന ചിന്തകൾ സമൂഹത്തിലേക്ക് ആനയിക്കപ്പെടുന്നത്. അതിനാൽ തന്നെ ഇവർക്കെല്ലാം ഏറിവരുന്ന സ്വീകാര്യതയിലോ എതിരഭിപ്രായം പറയുന്നവരെ പ്രാകൃതരും മാനവിക വിരുദ്ധരുമായി ചാപ്പയടിക്കപ്പെടുന്നതിലോ അതിശയപ്പെടാനൊന്നുമില്ല. യഥാർത്ഥത്തിൽ വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവ ഏതെങ്കിലും ഒരു ലോകക്രമത്തിനകത്ത് അന്തർലീനമായി മറ്റു പല ആശയങ്ങളും ഉണ്ടാകുമ്പോൾ മാത്രം അർത്ഥവത്താക്കുന്ന പൊള്ളയായ പദങ്ങളാണ്. മനുഷ്യാവകാശം എന്നുപറഞ്ഞാൽ സന്തോഷത്തോടെ സുരക്ഷിതമായി, ഭയരഹിതരായി ജീവിക്കാനുള്ള മാനുഷിക താല്പര്യ സംരക്ഷണമാണ്. അല്ലാതെ മനുഷ്യർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള അവകാശമാണെന്ന് തെറ്റിദ്ധരിച്ച് ദേഹേച്ഛകൾക്ക് അടിമപ്പെട്ട് ‘MY BODY MY CHOICE’ എന്ന വിഡ്ഢിത്തവും പറഞ്ഞുകൊണ്ട് തനിക്ക് തോന്നിയത് എന്തും ചെയ്യാമെന്ന് കരുതിയാൽ പിന്നെ പുറംലോകം കാണില്ല.
മനുഷ്യരുടെ താല്പര്യമെന്താണെന്ന് പററയണമെങ്കിൽ മനുഷ്യനെന്താണെന്ന് നിർവചിക്കണം. അതിനൊരു സത്തമീമാംസയും (Ontology) ജ്ഞാനശാസ്ത്രവും (Epistemology) വേണം. നിർഭാഗ്യവശാൽ ഇതൊന്നും പുരോഗമന ആശയ സംവേദന രീതികളായ ട്രോളുകളുടേയോ, മീമുകളുടേയോ, റീലുകളുടെയോ ചർച്ചാ വിഷങ്ങളുമല്ല. ശാസ്ത്രമാത്രവാദമാണ് പുരോഗമന ലോകക്രമത്തിന്റെ ജ്ഞാന സമ്പാദന രീതി. മനുഷ്യൻ കുറേ കാർബണും പ്രോട്ടീനുമടങ്ങിയ മാംസയന്ത്രം മാത്രമാണെന്നാണ് പറയുന്നത്. മനുഷ്യന്റെ ആത്മീയ മാനം നിലവിലെ ശാസ്ത്രീയ രീതിയുടെ പരിധിയിലില്ല. ആത്മാവില്ല, ദൈവമില്ല. കുറച്ച് കാലം ജീവിക്കും പിന്നെ മരിക്കും. അത്രയും കാലം ഐഹികനേട്ടങ്ങളിലൂടെയും ദേഹേച്ഛകളെ തൃപ്തിപ്പെടുത്തിയും ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ ജീവിതം എളുപ്പമാക്കിയും വിനോദങ്ങളിലൂടെയും പരമാവധി സന്തോഷമായിരിക്കുക എന്നതാണത്രെ മനുഷ്യന്റെ താല്പര്യം. അതിനായി എന്തും ചെയ്യാം. പ്രത്യക്ഷത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്നതായിരിക്കരുത് എന്നത് മാത്രമാണ് നിബന്ധന. ഇത് വരെ കഴിഞ്ഞു പോയ മനുഷ്യരെയെടുത്താലോ ഇന്ന് ജീവിച്ചിരിക്കുന്നവരെയെടുത്താലോ ഒരു ചെറു ന്യൂനപക്ഷം മാത്രമായിരിക്കും ആശയപരമായി ഇതിനോട് യോജിപ്പുള്ളവരുണ്ടാകുക. എന്നിട്ടും ഇതൊക്കെ എങ്ങനെ ആധുനിക ലോകക്രമത്തിന്റെ മാനദണ്ഡമായി എന്ന് ചോദിച്ചാൽ ഈ ആശയങ്ങളൊന്നും തന്നെ ഉപരിതലത്തിൽ കാണില്ല, അവിടെ മനുഷ്യവകാശത്തിന്റെയും മാനവികതയുടെയും പുരോഗമനത്തിെൻറയും വൈകാരിക കാപട്യങ്ങൾ മാത്രമേ കാണൂ എന്നതാണ്.
എന്താണ് പ്രശ്‌നമെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പുരോഗമന ലോകത്തെ മായാവലയത്തിലാണ് മനുഷ്യൻ. ഈയിടെ സ്ത്രീധന പീഡനത്താൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളെകുറിച്ച് കേട്ടയുടനെ സ്ത്രീധനമെന്ന അനീതിക്കെതിരെ പേനയുന്തി നമ്മൾ. സ്ത്രീധനമാണ് പ്രശ്‌നമെന്നത് ഭാഗികമായ ശരി മാത്രമാണ്. അന്തസ്സുള്ള സർക്കാർ ജോലിയും സുന്ദരിയായ ഭാര്യയും നൂറ് പവനും ഒരേക്കറും കാറും കിട്ടിയിട്ടും അയാൾ സന്തുഷ്ടനോ സംതൃപ്തനോ ആയിരുന്നില്ല എന്ന യഥാർത്ഥ പ്രശ്‌നം നമുക്ക് കാണാൻ കഴിയുന്നില്ല. ഇതിൽ ഏതെങ്കിലും ഒന്നിന്റെ അല്പമെങ്കിലും കിട്ടിയാൽ ജീവിതം തന്നെ പച്ചപിടിക്കുമെന്ന് കരുതുന്ന ലക്ഷക്കണക്കിന് മനുഷ്യർ മറുവശത്തുണ്ട്. യഥാർത്ഥത്തിലിത് ചെറുപ്പം തൊട്ടേ നമ്മുടെയുള്ളിലുള്ള ഒരു മനോഭാവമാണ്. കൂട്ടുകാരുടെ കയ്യിൽ എന്തെങ്കിലും കളിപ്പാട്ടം കണ്ടാൽ പിന്നെ അത് സ്വന്തമാക്കാതെ ഒരു സ്വസ്ഥതയുണ്ടാവില്ല. സ്വന്തമാക്കിയാൽ അതിനോടുള്ള ഭ്രമം ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയുമില്ല. ഉടനെ അടുത്തത് തേടിപ്പോകും. ഈയൊരു ദൗർബല്യത്തെ പ്രലോഭിപ്പിച്ച് പരിപോഷിപ്പിച്ച് അടിമകളാക്കുക എന്നതാണ് സെക്യൂലർ ലിബറൽ ഫെമിനിസ്റ്റ് കൺസ്യൂമറി ക്യാപിറ്റലിസ്റ്റ് പുരോഗമന ലോകക്രമത്തിന്റെ ആന്തരിക തത്വം.
ബ്രാൻഡുകളിലൂടെയും ഉടയാടകൾ കൊണ്ടും മേനിയഴക് കൊണ്ടുമാണ് പുരോഗമന മനുഷ്യർ സ്വത്വത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് അത്യാവശ്യമുള്ള സാധനങ്ങളല്ല, സന്തോഷം നൽകുന്നവയാണ് വാങ്ങിച്ച് കൂട്ടുന്നത്. മനുഷ്യന് സന്തോഷത്തിനും ആനന്ദത്തിനും വിനോദത്തിനുമുള്ള എല്ലാം പുരോഗമന ലോകത്ത് യഥേഷ്ടം ലഭ്യമാണ്. പക്ഷേ സന്തോഷം തേടിയുള്ള ഓട്ടം മാത്രം എവിടെയും എത്തുന്നില്ല. അതിങ്ങനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, മരീചിക തേടി ഓടിക്കൊണ്ടിരിക്കുയാണ്. നിലവിലുള്ളതിലൊന്നും സംതൃപ്തമാകാതാകുമ്പോൾ എല്ലാറ്റിലും വൈവിധ്യം തേടും മനുഷ്യർ, ലൈംഗികതയിലും. ഒരു ദിവസം വെറും നാന്നൂറ് രൂപക്ക് താഴെ മാത്രം ജീവിക്കുന്ന ലോകജനസംഘ്യയുടെ പകുതിയോളം വരുന്ന മനുഷ്യർ ഈ പുരോഗമന ലോകക്രമത്തിന്റെ ഭൂപടത്തിലേ ഇല്ല എന്നത് വേറെ കാര്യം. ബാക്കിയുള്ളവരുടെ കാര്യമാണിത്. കുടുംബബന്ധ കെട്ടുപാടുകളിൽ നിന്ന് മോചിതരായി സ്വാതന്ത്ര്യം തേടിപ്പോയി ചതിയിലകപ്പെട്ടവർക്കോ, ലിംഗ മാറ്റ ശാസ്ത്രക്രിയ നടത്തി പശ്ചാത്താപിക്കുന്നവർക്കോ ഇതൊന്നും പുരോഗമന ലോകക്രമത്തിന്റെ പ്രശ്‌നമായി ഒരിക്കലും തോന്നില്ല എന്നതാണ് വസ്തുത. എല്ലാം വ്യക്തി സ്വാതന്ത്രത്തിന്റെയും അവകാശത്തിന്റെയും സ്വയം തിരഞ്ഞെടുപ്പുകളാണെന്ന മിഥ്യാബോധത്തിലാണ്. അതിനാൽ പിഴവുകളെല്ലാം വ്യക്തിനിഷ്ഠമായിരിക്കും. അവരപ്പോഴും പ്രതിസ്ഥനത്ത് കാണുന്ന തങ്ങളെയും സമൂഹത്തെയും സമ്പ്രദായങ്ങളേയുമായിരിക്കും. വിഷാദരോഗവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും പെരുകുന്നു. സന്തോഷ സൂചികയിൽ മുന്നിലുള്ള രാജ്യങ്ങളിൽ ആത്മഹത്യ നിരക്കും കൂടുതലാണ്. സോഷ്യൽ മീഡിയയിൽ ലൈകും ഫോളോവെഴ്‌സസും കുറഞ്ഞത് മൂലമുണ്ടാകുന്ന വിഷാദമോ, അക്കൗണ്ട് നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നതോ, ശ്രദ്ധ പിടിച്ചു പറ്റാനായി കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്നതോ, ഗെയിമുകൾക്കും പോണിനും മയക്കുമരുന്നിനും അടിമയായിട്ട് ജീവിതം ഹോമിക്കുന്നതിലോ പുരോഗമന, മതരഹിത, ലിബറൽ, മുതലാളിത്ത ഉപഭോഗപരതയുടെ പങ്ക് നമുക്ക് കാണാൻ കഴിയുന്നില്ല. എല്ലാം വ്യക്തിപരമായ പിഴവുകൾ മാത്രമാണ്. ഇതിന്റെയെല്ലാം ദുരന്തഫലങ്ങളെക്കുറിച്ച് നിരവധി ഗവേഷണ പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ ചിലരുടെ ശാസ്ത്രമാത്ര വാദം ചില സമയത്ത് ശാസ്ത്രത്തിൽ നിന്ന് തോന്നിയത് മാത്രം എടുക്കൽ വാദമായി പരിണമിക്കും.
ഹോളിവുഡ് നടൻ ജിം കാരിയുടെ പ്രശസ്തമായൊരു വാക്യമുണ്ട് “എല്ലാവരും സമ്പന്നരും പ്രശസ്തരുമാവുകയും അവർ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുകയും വേണം, എങ്കിലവർക്ക് ബോധ്യപ്പെടും അതല്ല ഉത്തരമെന്ന്’’ പിന്നെന്താണ് ഉത്തരം? ആളിപ്പോൾ ധ്യാനത്തിന്റെയും അത്മീയതയിടെയും വഴിയിലാണെന്നാണ് അറിഞ്ഞത്. വളരെ കുറച്ചു പേർക്ക് മാത്രമാണ് പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. അതിൽ നിന്ന് കുറച്ചു പേർക്ക് മാത്രമാണ് യഥാർത്ഥ പരിഹാരത്തിലെത്താൻ കഴിയുന്നത്. ബാക്കിയുള്ളവർ സന്തോഷത്തിന്റെ മരീചിക തേടിയുള്ള ഓട്ടത്തിനിടക്ക് എരിഞ്ഞടങ്ങുന്നു.
പ്രശ്‌നമെന്താണെന്ന് തിരിച്ചറിയാതെ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഒന്നുമില്ലായ്മ യാദൃശ്ചികമായി ഉണ്മയായെന്നും, അചേതന വസ്തു യാദൃശ്ചികമായി ജീവനായെന്നും, ബോധവും യുക്തിയുമില്ലാത്ത ഭൗതിക പദാർത്ഥങ്ങളുടെ യാദൃശ്ചിക പ്രവർത്തനങ്ങളിൽ നിന്ന് ബോധവും യുക്തിയുമുണ്ടായെന്നൊക്കെ വെറുതെ സങ്കല്പിച്ചാൽ പോലും ദൈവമില്ലെങ്കിൽ മനുഷ്യനുണ്ടാകുമായിരുന്നില്ല, മനുഷ്യരൂപമുള്ളൊരു മൃഗമേ ഉണ്ടാകുമായിരുന്നൊള്ളൂ. മനുഷ്യനൊരു മൃഗം മാത്രമായിരുന്നെങ്കിൽ അതിജീവനത്തിലും പ്രത്യുല്പാദനത്തിലും സന്തുഷ്ടനാകുമായിരുന്നു. മനുഷ്യരിലെ ധാർമിക ചിന്തകളും, അപരന് വേണ്ടി ജീവത്യാഗം ചെയ്യുന്നതും, ആഗ്രഹങ്ങൾ വെടിയുന്നതും, സൗന്ദര്യബോധവും കലയും സാഹിത്യവും സംഗീതവും അതിജീവനത്തിന്റെ ഭാഗമായി നേടിയ പരിണാമ സിദ്ധികളാകാൻ തരമില്ല. പ്രാഥമികമായി മനുഷ്യൻ തന്നെക്കാൾ മഹത്തായ എന്തിനെയോ തേടുന്ന ഒരു അദ്ധ്യാത്മിക ജീവിയാണ്. ദിവ്യമായൊരു സർഗക്രിയയിൽ നിന്ന് മാത്രം ഉത്ഭവിക്കാവുന്ന ഒരു അഭൗതിക മാനം മനുഷ്യരിലുണ്ട്. നാസ്തിക സർക്കാസ ഭാഷയിൽ, ദിവ്യമായ എന്തോ ഊതിക്കേറ്റിയിട്ടുണ്ട്. മനുഷ്യന്റെ ഈ ആത്മീയാംശം പിടി തരാത്തത് കൊണ്ടാണ് The Hard Problem of Consciounsess ഇത്രയും ഹാർഡാകുന്നത്, സ്വതന്ത്ര ഇച്ഛയും ആത്മനിഷ്ഠമായ അനുഭവങ്ങളും (subjective experience) സങ്കീർണ സമസ്യകളാകുന്നത്. സാം ഹാരിസ്, സൂസൻ ബ്ലാക്ക്‌മോർ, ജെറി ഡിവിറ്റ് തുടങ്ങിയ നാസ്തികരടക്കം മതരഹിത ആത്മീയതയും ധ്യാനവുമൊക്കെയായി രംഗ പ്രവേശം ചെയ്തു. ഇവരുടെ മതരഹിത ആത്മീയതയുടെ ചേതോവികാരം മനസ്സിലാക്കാം, ആത്മാവിനെ അംഗീകരിക്കാത്തവരുടെ അത്മീയതയുടെ യുക്തിയാണ് പിടികിട്ടാത്തത്. മനുഷ്യൻ മദ്യത്തിലും മയക്ക് മരുന്നിലും അഭയം തേടുന്നത് പോലും തന്റെ ഭൗതിക യാഥാർഥ്യത്തിൽ നിന്നുള്ള ഒരു തരം ഒളിച്ചോട്ടമാണ്, എന്നാലത് ആത്മീയ യാഥാർഥ്യത്തിലെത്തുന്നുമില്ല. മനുഷ്യന്റെ ആത്മാംശത്തെ പൂർണമായി അവഗണിച്ച് കൊണ്ടുള്ള ഭൗതിക യുക്തിയെ അടിസ്ഥാനമാക്കിയയുള്ള വ്യവസ്ഥകളാണ് പുരോഗമന ലോകക്രമത്തിന്റെ ദുരന്തം.
പുരോഗമന ലോകക്രമങ്ങളോട് വിരുദ്ധമായി നിൽക്കുകയും നിരന്തരം വിമർശന വിധേയമാക്കപ്പെടുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. പുരോഗമന ലോകക്രമത്തിനകത്ത് നിന്ന് കൊണ്ട് നോക്കുമ്പോൾ ഇസ്‌ലാം ഇടുങ്ങിയതും പിന്തിരിപ്പനുമായ കുറേ വിധിവിലക്കുകളായി അനുഭവപ്പെടും, സാധാരണവും സന്തോഷദായകവുമായ പലതിനെയും വിലക്കും. ഈ ലോകവീക്ഷണങ്ങൾ അടിസ്ഥാനതലത്തിൽ മനുഷ്യനെയും ജീവിതത്തെയും ലോകത്തെയും പരിഗണിക്കുന്നതിലുള്ള വൈരുദ്ധ്യമാണ് അതിെൻറ പ്രാഥമിക കാരണം. മനുഷ്യന്റെ ആത്മീയ ഭൗതിക മാനങ്ങളുടെ സന്തുലിത സമന്വയമാണ് ഇസ്‌ലാം. സ്വാഭാവികമായും മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക തത്വങ്ങളും ഇസ്‌ലാമിനകത്ത് തന്നെയാണ്. ആത്മീയതിലധിഷ്ഠിതമായാണ് ഈ ഭൗതിക വ്യവഹരങ്ങളെല്ലാം ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. സകല മനുഷ്യരുടെയും വിമോചനമാണ് ഇസ്‌ലാമിക താല്പര്യം. പുരോഗമന ലോകക്രമം നിർവചിക്കുന്ന മതത്തെ പോലെ, ഒരാളുടെ വ്യക്തിപരവും ആത്മീയവും മാത്രമായി ഒതുങ്ങി നിൽക്കാതെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സകല മനുഷ്യ വ്യവഹാരങ്ങളിലും ആദർശം പറയുന്നു എന്നതാണ് രണ്ടാമത്തെ കലഹ കാരണം. ആത്മാംശത്തെ വികലമാക്കുന്ന അതിരു കവിഞ്ഞ ഭൗതികതയെയും അതിലേക്ക് നയിക്കുന്ന ചെറിയ കാര്യങ്ങളെപ്പോലും ഇസ്‌ലാം കർശനമായി നിയന്ത്രിക്കുന്നത് കാണാം. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ മനുഷ്യ ശത്രുവായി കാണുന്ന ഐഹികാസക്തി, ദേഹേച്ഛകൾ, അഹംഭാവം, പ്രലോഭനം (പിശാച്) എന്നീ നാല് കാര്യങ്ങളിലാണ് പുരോഗമന ലിബറലിൽ ലോകം കെട്ടിപ്പടുത്തിരിക്കുന്നത്. ഈ പുരോഗമന ആശയങ്ങൾ ഇസ്‌ലാമിക വീക്ഷണത്തിൽ മനുഷ്യ കുലത്തെ തന്നെ മുടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. ഏത് മനുഷ്യനിർമിത പ്രശ്‌നങ്ങളുടെയും മൂല കാരണങ്ങൾ തേടിപ്പോയാൽ ചെന്നെത്തുക സ്വാർത്ഥത, അധികാരമോഹം, അഹന്ത, അസൂയ തുടങ്ങിയവയിലാണ്. പക്ഷേ പുരോഗമന മതരഹിത ലിബറൽ ലോകക്രമത്തിൽ ഇതിന് പരിഹാരമൊന്നുമില്ല. അവരെന്ത് പ്രശ്‌നത്തിന്റെ കാരണം തേടിപ്പോയാലും അത് മതത്തിലേ ചെന്ന് നിൽക്കൂ. അതവർക്ക് മനുഷ്യനെ തന്നെ മനസ്സിലാകാത്തത് കൊണ്ടാണ്.
ഇസ്‌ലാമിക ലോകക്രമത്തിൽ ഭൗതികത ജീവിതോപാധികൾ മാത്രമാണ്. ഭൗതിക വിജയവും അതിലൂടെയുള്ള സന്തോഷവും ജീവിത ലക്ഷ്യമാക്കുമ്പോൾ ചെറിയ പരാജയങ്ങൾ പോലും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത് സ്വാഭാവികമാണ്. ഇസ്‌ലാം ഭൗതിക നിരാസമോ പരിത്യാഗമോ അല്ല. ഭൗതികതയോടുള്ള മനോഭാവത്തിലാണ് മാറ്റം. സൂഫി വര്യനായ ശൈഖ് ജീലാനിയെക്കുറിച്ച് കേട്ടൊരു കഥയുണ്ട്. ശൈഖിന്റെ സദസ്സിൽ ഒരു സംഘം ആളുകൾ വന്ന് പറഞ്ഞു : ‘ താങ്കളുടെ കച്ചവട ചരക്കുകൾ വഹിച്ചിരുന്ന കപ്പൽ കടലിൽ മുങ്ങിപ്പോയിരിക്കുന്നു’ അല്പനേരം കണ്ണടച്ചിരുന്നിട്ട് ശൈഖ്(റ) പറഞ്ഞു : “അൽഹംദുലില്ലാഹ് അല്ലാഹുവിനു സ്തുതി” അല്പം ദിവസങ്ങൾക്കു ശേഷം വീണ്ടുമൊരു സംഘം വന്ന് പറഞ്ഞു : “ശൈഖ് അവർകളേ സന്തോഷിച്ചു കൊള്ളുക, താങ്കളുടെ ചരക്കുകൾ നഷ്ടപ്പെട്ടിട്ടില്ല” അപ്പോഴും ശൈഖ് (റ) പറഞ്ഞു: “അൽഹംദു ലില്ലാഹ്- അല്ലാഹുവിനു സ്തുതി” സദസ്സിൽ നിന്നും ഒരു ശിഷ്യൻ ചോദിച്ചു: “ചരക്കുകൾ നഷ്ടപ്പെട്ടതറിഞ്ഞപ്പോഴും കിട്ടിയപ്പോഴും നിങ്ങൾ അല്ലാഹുവിനെ സ്തുതിച്ചതെന്ത് കൊണ്ടാണ്? ശൈഖ് (റ) പറഞ്ഞു: “ചരക്കുകളെല്ലാം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാനെന്റെ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സങ്കടമോ നഷ്ടബോധമോ ഉണ്ടായോ, ഇല്ലെന്നറിഞ്ഞപ്പോൾ ഞാനെന്റെ നാഥനെ സ്തുതിച്ചു. ചരക്കുകൾ കിട്ടിയെന്നറിഞ്ഞപ്പോഴും ഞാൻ ഹൃദയത്തിലേക്ക് നോക്കി അവിടെ വല്ല സന്തോഷത്തിന്റെ തിരതള്ളലുണ്ടായോ, ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു അൽഹംദു ലില്ലാഹ്.‘

നിങ്ങൾ സമ്പത്ത് നിങ്ങളുടെ കയ്യിലോ കീശയിലോ സൂക്ഷിക്കുക, ഒരിക്കലും ഹൃദയത്തിൽ സൂക്ഷിക്കുരുത്’ ഇത് കേവലം സാമ്പത്തിനോട് മാത്രമല്ല എല്ലാതരം ഭൗതികതയോടുമുള്ള ഇസ്‌ലാമിന്റെ സമീപനമാണ്. നശ്വരമായ ഭൂമിയിലെ ഭാവിയെക്കുറിച്ചുള്ള ഭയമോ ഭൂതകാലത്തെ കുറിച്ചുള്ള ഖേദമോ ഇല്ലാത്ത, കാറ്റിലും കോളിലും ആടിയുലയാത്ത കപ്പൽ പോലെ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിക തത്വം. പ്രതിസന്ധികളിൽ ശാന്തനാകാനും, വിഷമഘട്ടങ്ങളെ ക്ഷമയോടെ നേരിടാനും, ചിരിച്ച് കൊണ്ട് മരണത്തെ പുല്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. ചർച്ച ചെയ്യേണ്ടത് മനുഷ്യനെക്കുറിച്ച് തന്നെയാണ്, തിരിച്ചറിയേണ്ടത് സ്വന്തം സത്തയെതന്നെയാണ്. സ്വന്തത്തെ തിരിച്ചറിഞ്ഞവർക്ക് ദൈവത്തെയും ദൈവീക മാർഗ്ഗ നിർദേശങ്ങളുടെ മഹത്വവും തിരിച്ചറിയും.
പക്ഷേ ചർച്ചകൾക്കൊന്നും ചിലർക്ക് താല്പര്യമില്ല. അധികാരത്തിന്റെയും മീഡിയകളുടെയും സാങ്കേതിക വിദ്യകളുടെയും കയ്യൂക്കോടെ പുരോഗമനമെന്ന വ്യാജേനെ തങ്ങളുടെ ലിബറൽ മതം പ്രചരിപ്പിക്കും. എതിരഭിപ്രായം പറയുന്നവരെയോക്കെ പ്രാകൃതരും മാനവിക വിരുദ്ധരും ഭീകരരുമാക്കി ചിത്രീകരിക്കും. ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഉപരോധമേർപ്പെടുത്തി പട്ടിണിക്കിടും. കുത്തിത്തിരിപ്പുണ്ടാക്കി ആഭ്യന്തര കലഹമുണ്ടാക്കും. സായുധ ആക്രമം നടത്തി, രാജ്യം നശിപ്പിച്ച്, സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി, ജീവിതം തകർത്ത് അഭയാർത്ഥികളാക്കി വിമോചിപ്പിച്ച് പുരോഗമിപ്പിക്കും. ചെയ്തികൾ ഇങ്ങനയൊക്കെ ആണെങ്കിലും അവർ അവരെ തന്നെ വിളിക്കുന്നത്, മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും അഭിപ്രായ സ്വാതന്ത്യത്തിന്റെയും കാവൽ മാലാഖകളെന്നാണ്. പരിഹാരം ഒന്ന് മാത്രമേയുള്ളൂ, അത് ഇസ്‌ലാം ആണ്.

