‘വിവരമില്ലാത്ത ഉമ്മ!’
റാഷിദ ബിൻത് ഉസ്മാൻ
2025 മാർച്ച് 22, 1446 റമദാൻ 21

സർക്കാർ ജോലിക്കാരനായ അഹ്‌മദിന്റെയും ഫാത്വിമയുടെയും മകളാണ് സൈനബ്. പഠനത്തിൽ വളരെ മിടുക്കിയും സ്‌കൂളിന്റെ അഭിമാനവുമാണവൾ. എല്ലാത്തിലും അവളെ സഹായിച്ചിരുന്നത് അവളുടെ ഉമ്മയാണ്. എന്നാൽ പോകെ പോകെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങി. പഴയതു പോലെ സ്‌കൂളിലെ വിശേഷങ്ങളോ പാഠഭാഗങ്ങളിലെ സംശയങ്ങളോ ഒന്നും ഉമ്മയോട് പറയാതായി. അവളുടെ ഈ മാറ്റം അവളുടെ ഉമ്മയെ വളരെ വിഷമിപ്പിച്ചിരുന്നു. അഹ്‌മദും അവളുടെ ഈ മാറ്റം ശ്രദ്ധിച്ചിരുന്നു.
അവളുടെ അടുത്ത സുഹൃത്തുക്കളുടെ മാതാപിതാക്കളെല്ലാം ജോലിക്ക് പോകുന്നവരും ഉയർന്ന ശമ്പളം വാങ്ങുന്നവരുമായിരുന്നു. എന്നാൽ അവളുടെ ഉമ്മയാകട്ടെ ജോലിക്ക് പോകാതെ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി നടത്തുന്നു. വിദ്യാഭ്യാസവും ജോലിയും വരുമാനവുമില്ലാത്ത ഉമ്മയോട് അവളുടെ മനസ്സിൽ ഇഷ്ടക്കുറവ് തോന്നിത്തുടങ്ങി.
ഒരുദിവസം ജോലി കഴിഞ്ഞെത്തിയ അഹ്‌മദ് കേൾക്കുന്നത് മകളുടെ ഉച്ചത്തിലുള്ള സംസാരമാണ്: “നിങ്ങൾ എന്തിനാണ് ഇതിലൊക്കെ ഇടപെടുന്നത്? ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്ന കാര്യങ്ങളല്ല, നിങ്ങൾ പോയി അടുപ്പത്തെ പണി നോക്ക്. ഇതൊക്കെ മനസ്സിലാകണമെങ്കിൽ കുറച്ചെങ്കിലും വിവരം വേണം.’’
“സൈനബ്, നീ എന്തൊക്കെയാണ് ഈ പറയുന്നത്?’’അഹ്‌മദ് വളരെ ദേഷ്യത്തോടെ ചോദിച്ചു.
“ഉപ്പാ, ഞാൻ പറയുന്നത് ശരിയല്ലേ?’’ സൈനബ് ചോദിച്ചു.
“മോളേ, നീ നിന്റെ ഉമ്മയെക്കുറിച്ചാണീ പറയുന്നത് എന്ന് നിനക്ക് ഓർമ വേണം. നിന്റെ ഉമ്മ വിദ്യാഭ്യാസമില്ലാത്തവളാണെന്നാണോ നിന്റെ വിചാരം?’’
ഇതും പറഞ്ഞ് അയാൾ മകളുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കൊണ്ടുപോയി. മേശ തുറന്ന് പൊടി പിടിച്ച ഒരു പഴയ ഫയൽ എടുത്ത് അവളുടെ മുന്നിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു:
“ഇതാ, ഇതൊന്ന് തുറന്നു നോക്ക്.’’
കൗതുകത്തോടെ അവൾ അത് തുറന്നുനോക്കി. ഒരുപാട് സർട്ടിഫിക്കറ്റുകളായിരുന്നു അതിലുണ്ടാ യിരുന്നത്. എല്ലാംതന്നെ ഉയർന്ന റാങ്കിലുള്ളവ. ആ സർട്ടിഫിക്കറ്റുകളിൽ എഴുതിയിരുന്ന ഫാത്തിമ എന്ന പേരു കണ്ട് അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
“ഇതെല്ലാം തന്നെ നിന്റെ ഈ വിവരമില്ലാത്ത ഉമ്മയുടെതാണ്’’അഹ്‌മദ് അൽപം രോഷത്തോടെ പറഞ്ഞു.
“ഒരു കമ്പനിയിൽ ഉയർന്ന ജോലി കിട്ടിയ സമയത്താണ് നിന്നെ നിന്റെ ഉമ്മ ഗർഭം ധരിക്കുന്നത്. അതോടെ അവൾ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും എന്റെ കുട്ടിയെ നോക്കാൻ എനിക്കു സമയം കിട്ടാതെ പോകുമെന്ന് പറഞ്ഞ് അവൾ ആ തീരുമാനത്തിൽ ഉറച്ചുനിന്നു. താൻ ഒരു നല്ല ഉമ്മയല്ലാതാകുമോ എന്ന ഭയമായിരുന്നു അവൾക്ക്. പിന്നീട് അവൾ സ്വപ്നം കണ്ടത് മുഴുവൻ നിനക്കു വേണ്ടിയാണ്. നിനക്ക് ഒരു അനുജനും അനുജത്തിയുമുണ്ടായപ്പോൾ പിന്നെ അവർക്കു വേണ്ടികൂടിയാണ്. ഇനി അവൾക്ക് വിദ്യാഭാസമില്ലാതിരുന്നെങ്കിൽ പോലും നിനക്ക് അവളെ തള്ളിപ്പറയാൻ അർഹതയുണ്ടോ? ഊണും ഉറക്കവും ഉപേക്ഷിച്ചു നിങ്ങൾ മക്കളെ നോക്കി വളർത്തിയത് ഇതിനാണോ?’’ ഇതെല്ലാം കേട്ട് സ്തംഭിച്ച് നിൽക്കുകയായിരുന്ന സൈനബിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
“ഉമ്മയോടും ഉപ്പയോടുമുള്ള കടമകളും കടപ്പാടുകളും എന്തെല്ലാമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതെല്ലാം നീ മദ്‌റസയിൽനിന്നും സിആർഇ ക്ലാസ്സിൽനിന്നും മറ്റും പഠിച്ചു മനസ്സിലാക്കിയിട്ടുമുണ്ട്. എന്നിട്ടും ഉമ്മാന്റെ മുഖത്തു നോക്കി അപമാനിക്കുന്ന വാക്കുകൾ പറയാൻ നിനക്കെങ്ങനെ കഴിഞ്ഞു?’’ അഹ്‌മദിന് ദേഷ്യവും സങ്കടവും അടക്കാനായില്ല.
ഇതെല്ലാം കേട്ട് നിന്ന സൈനബ് പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മയുടെ അടുത്തേക്ക് ഓടി.
“എന്നോട് ക്ഷമിക്കണേ ഉമ്മാ...’’ അവൾ ഉമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. ഉമ്മ കണ്ണുനീർ തുടച്ചുകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. ഈ രംഗം കണ്ട് അഹ്‌മദിന്റെ കണ്ണുകളും ഈറനണിഞ്ഞു.

