ഉമ്മ
ശഫീന അബ്ദുറഹ്‌മാൻ പള്ളുരുത്തി
2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

ഉമ്മയെന്ന നന്മമരത്തിന്റെ ചില്ലയാണു നാം
നമ്മിലുമാ നന്മ നാം നിറച്ചിടേണം മക്കളേ...
ഉമ്മാക്കു പകരമാകുവാൻ കഴിയുകില്ലയാർക്കുമേ
മക്കളേ, ആ സത്യം നിങ്ങൾ ഓർത്തിടേണമെപ്പഴും
ഉമ്മയാം വിളക്കണഞ്ഞ നേരം നമ്മളറിയുമേ
ആ വിളക്കിൻ വെളിച്ചമെത്ര തണലു നൽകിയെന്നത്
ത്യാഗമെത്രയോ സഹിച്ചിടുന്നവരാണുമ്മമാർ;
മക്കളെ വളർത്തി വലുതാക്കിടുന്ന മാർഗമിൽ.
വാക്കുകൊണ്ട് പോലും നമ്മളവരുടെ മനസ്സിനെ
വേദനിപ്പിച്ചെങ്കിലത് പാപമാണ് മക്കളേ...
സ്‌നേഹമവരിലേകണം, ആദരവു നൽകണം
റബ്ബിനോടവർക്കു വേണ്ടി പ്രാർഥന നടത്തണം
ഉമ്മ നമുക്കായി തേടിയാലുയർച്ച കിട്ടുമെ
ഉമ്മയെ നാം ധിക്കരിച്ചാൽ റബ്ബിൻ കോപമേൽക്കുമെ

