മുൻകോപത്തിന്റെ അനന്തരഫലം

റാഷിദ ബിൻത് ഉസ്മാൻ

2025 ജനുവരി 18, 1446 റജബ് 18

ആ യുവാവ് വളരെ സമർഥനായ വിദ്യാർഥിയായിരുന്നു. എല്ലാ ക്ലാസുകളിലും നല്ല മാർക്കോടെയാണ് വിജയിച്ചിട്ടുള്ളത്. അവന്റെ മാതാവ് അവൻ ചെറിയ കുട്ടിയായിരിക്കെ മരിച്ചുപോയി. അതിനാൽ പിതാവ് മാത്രമാണ് സ്വന്തമെന്ന് പറയാനുള്ളത്. വളരെ ലാളിച്ചും സ്‌നേഹിച്ചുമാണ് അവന്റെ പിതാവ് അവനെ വളർത്തിയത്.

ഒടുവിൽ അവൻ ഉന്നത ബിരുദം നേടി. അവൻ പഠിക്കുന്ന സ്ഥാപനത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അവനായിരുന്നു.

അവന് വാഹനങ്ങളോട് വലിയ താൽപര്യമായിരുന്നു. ഒരുപാട് മാസങ്ങളായി അവൻ ഒരു സ്‌പോർട്‌സ് കാർ വാങ്ങുവാൻ പിതാവിനോട് ആവശ്യപ്പെടുവാൻ തുടങ്ങിയിട്ട്. ബിരുദദാന ദിവസം സമ്മാനമായി തനിക്ക് താൻ ആവശ്യപ്പെട്ട കാർ വാങ്ങിത്തരണമെന്ന് അവൻ ആവശ്യപ്പെട്ടു. നോക്കാം എന്ന് മാത്രമായിരുന്നു പിതാവിന്റെ മറുപടി.

അങ്ങനെ ബിരുദദാന ദിവസം ആഗതമായി. അന്നേ ദിവസം തന്റെ പിതാവ് തനിക്ക് ആ കാർ സമ്മാനിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. അന്ന് അതിരാവിലെ അവന്റെ പിതാവ് അവനെ തന്റെ അരികിൽ വിളിച്ചു വരുത്തി അവനോട് പറഞ്ഞു:

“മോനേ, നിന്റെ ഉമ്മ മരിച്ച ശേഷം നിന്നെ ബുദ്ധിമുട്ടൊന്നുമറിയാതെ ഞാൻ വളർത്തി. നീ വളരെ മിടുക്കനായി വളർന്നു. ഇന്ന് നീ ഉന്നത മാർക്ക് വാങ്ങി വിജയിച്ചിരിക്കുന്നു. എനിക്കതിൽ അഭിമാനമുണ്ട്. നിന്നെ ഞാൻ വളരെയേറെ സ്‌നേഹിക്കുന്നു.’’

അദ്ദേഹം തന്റെ മകന് ഭംഗിയായി പൊതിഞ്ഞ ഒരു പെട്ടി സമ്മാനിച്ചു. ആകാംക്ഷയോടെയും അതിലുപരി അൽപം ആശങ്കയോടെയും കൂടി മകൻ ആ പെട്ടി തുറന്നു. അതിൽ അവൻ കണ്ടത് ഒരു പുതിയ ക്വുർആൻ കോപ്പിയായിരുന്നു. വളരെയധികം ദേഷ്യത്തോടെ ശബ്ദമുയർത്തിക്കൊണ്ട് അവൻ ചോദിച്ചു:

“ഇതാണോ നിങ്ങൾ എനിക്ക് വാങ്ങിയ സമ്മാനം? എത്ര നാളായി ഞാൻ ഒരു സ്‌പോർട്‌സ് കാർ വാങ്ങിത്തരാൻ പറയുന്നു. എന്നിട്ട് വാങ്ങിത്തന്നിരിക്കുന്നത് ഒരു ക്വുർആൻ മാത്രം.’’

ആ വിശുദ്ധ ഗ്രന്ഥം അവിടെ ഉപേക്ഷിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റുപോലെ അവൻ വീട്ടിൽനിന്നും ഇറങ്ങിപ്പോയി. ‘മോനേ, നിൽക്ക്. ഞാൻ പറയുന്നതൊന്ന് കേൾക്കൂ’ എന്ന് പിതാവ് ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അവൻ അതൊന്നും കേട്ടില്ല.

അതിനു ശേഷം വർഷങ്ങൾ കുറെ കഴിഞ്ഞു. അവൻ വീട്ടിലേക്ക് തിരിച്ചുവന്നില്ല. പിതാവുമായി ബന്ധെപ്പടാൻ ശ്രമിച്ചതുമില്ല.

അവൻ മറ്റൊരു നാട്ടിൽ കച്ചവടത്തിലേർപെട്ട് വലിയ സമ്പന്നനായി മാറി. കൊട്ടാര സമാനമായ വീട് പണിതു. ആ നാട്ടിൽനിന്നുതന്നെ വിവാഹം കഴിച്ചു. അങ്ങെന ഭാര്യയോടും മക്കളോടുമൊന്നിച്ച് സുഖമായി താമസിച്ചുവരുന്നതിനിടയിലാണ് പിതാവിനെ കാണണമെന്ന ആഗ്രഹം അവന്റെ മനസ്സിലുദിച്ചത്. ഇപ്പോൾ വയസ്സായിട്ടുണ്ടാകും; ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും താൻ ഇതുവരെ അന്വേഷിച്ചില്ലല്ലോ. വളരെയേറെ തന്നെ സ്‌നേഹിച്ച പിതാവിനോട് താൻ ചെയ്തത് വലിയ അക്രമം തന്നെയാണ്. അന്ന്, വീടുവിട്ട ശേഷം ആദ്യമായി അവൻ പിതാവിനെ ഓർത്ത് കരഞ്ഞു.

മകൻ പോയ ശേഷം അയാൾ ദുഃഖിതനായാണ് കഴിഞ്ഞുകൂടിയത്. വർഷങ്ങൾക്ക് ശേഷം അയാൾ മകനെക്കുറിച്ച് അന്വേഷിക്കുകയും അവൻ കുടുംബ സമേതം എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിണങ്ങിപ്പോയ മകൻ തന്നെ കാണുവാൻ വരുമോ എന്ന് നോക്കട്ടെ എന്ന ചിന്തയാൽ അവനെ പോയി കണ്ടില്ല.

എത്രയും പെട്ടെന്ന് പിതാവിന്റെ അടുത്ത് ചെന്നെത്തണം എന്നായി അവന്റെ ചിന്ത. അങ്ങനെ നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിനിടെയാണ് പിതാവിന്റെ മരണവാർത്ത അയാളെ തേടിയെത്തിയത്.

അയാൾ വർധിച്ച സങ്കടത്തോടെ നാട്ടിലേക്ക് പുറപ്പെട്ടു. പിതാവിന്റെ ശരീരം മറവു ചെയ്തു കഴിഞ്ഞ ശേഷമാണ് അയാൾ വീട്ടിലെത്തിയത്. ജനിച്ചു വളർന്ന വീട്ടിലെത്തിയപ്പോൾ അയാൾക്ക് വല്ലാത്ത കുറ്റബോധവും സങ്കടവും തോന്നി. തന്റെ പിതാവിന്റെ പ്രധാനപ്പെട്ട രേഖകൾ തിരയുന്നതിനിടയിൽ അയാൾ വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചുപോയ, പിതാവ് സമ്മാനിച്ച ആ ക്വുർആൻ കണ്ടെത്തി. അയാൾ കണ്ണീരോെട ക്വുർആൻ തുറന്ന് പേജുകൾ മറിച്ചു. വരികൾ വായിക്കുന്നിനിടയിൽ ഒരു കാറിന്റെ താക്കോൽ താഴെ വീണു. പണ്ട് അയാൾ ആഗ്രഹിച്ച ആ കാറിന്റെ ഡീലറുെട പേരെഴുതിയ ഒരു ടാഗും അതിനൊപ്പമുണ്ടായിരുന്നു. ടാഗിലെ തീയതി അയാളുടെ ബിരുദദാന ദിവസത്തിന്റെ തീയതിയായിരുന്നു.

അന്ന് സമ്മാനിച്ചത് വെറും ക്വുർആനായിരുന്നില്ല; താൻ ഇഷ്ടപ്പെട്ട കാറും ഉണ്ടായിരുന്നു. തന്റെ മുൻകോപം മൂലം സത്യം മനസ്സിലാക്കുവാൻ താൻ തയ്യാറായില്ല. അവൻ ആ താക്കോൽ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു.