ആയിരം രൂപയുടെ അത്ഭുതം!

ആലിയ ബിൻത് ലത്തീഫ് വടുതല

2025 മാർച്ച് 08, 1446 റമദാൻ 07

കൊച്ചനുജന്റെ അസുഖത്തെപ്പറ്റി മാതാപിതാക്കൾ സംസാരിക്കുന്നത് ആയിശ കേട്ടു. എട്ട് വയസ്സുമാത്രം പ്രായമുള്ള അവൾക്ക് അനിയന് ഗുരുതരമായ എന്തോ അസുഖമാണ് എന്നല്ലാതെ മറ്റൊന്നും മനസ്സിലായില്ല. ചികിത്സക്കായി, താമസിച്ചിരുന്ന വലിയ വീട് വിറ്റു. ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസം. ഇനി വലിയയൊരു ഓപ്പറേഷൻ ചെയ്താലേ അവൻ രക്ഷപ്പെടുകയുള്ളൂ. കൈയിൽ പണമില്ല, കടം തരാനും ആരുമില്ല, എന്തെങ്കിലും അത്ഭുതം സംഭവിച്ചാലേ മോനെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന് ഉപ്പ കണ്ണീരോടെ ഉമ്മയോട് പറയുന്നത് അവൾ കേട്ടു.

ഇതുകേട്ടതോടെ അവൾ തന്റെ കിടപ്പുമുറിയിൽ ചെന്ന് അവൾ സൂക്ഷിച്ചു വെച്ചിരുന്ന പൈസപ്പാത്രം എടുത്തു. അത് പൊട്ടിച്ച് അതിലുള്ള നാണയങ്ങളും നോട്ടുകളും എണ്ണിനോക്കി. ആയിരം രൂപയുണ്ട്. അവൾ അത് ഒരു കവറിലിട്ട് ആരും കാണാതെ പിൻവാതിലിൽകൂടി പുറത്തിറങ്ങി ഏതാനും കെട്ടിടങ്ങൾക്കപ്പുറമുള്ള മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. കീശയിൽനിന്ന് നാണയങ്ങൾ എടുത്ത് മേശപ്പുറത്ത് വെച്ചുകൊണ്ട് അവൾ കടക്കാരന്റെ മുഖത്തേക്ക് നോക്കി.

‘എന്തു വേണം?’ കടക്കാരൻ ചോദിച്ചു.

‘എന്റെ അനിയന് എന്തോ വലിയ അസുഖമാണ്. അവനെ ചികിത്സക്കാൻ ഒരു അത്ഭുതം വേണം.’

‘എന്താ വേണ്ടത്?’ കടക്കാരൻ വീണ്ടും ചോദിച്ചു.

‘എന്റെ അനിയന് സുഖമില്ല. ഒരു ഓപ്പറേഷൻ നടത്തണമത്രെ. എന്തെങ്കിലും അത്ഭുതംകൊണ്ട് മാത്രമെ അവനെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന ഉപ്പ ഉമ്മയോട് പറയുന്നത് ഞാൻ കേട്ടു. ഒരു അത്ഭുതത്തിന് എന്ത് വിലയാ?’

അവളുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ട കടക്കാരൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു: ‘മോളേ, ഞങ്ങൾ അത്ഭുതങ്ങൾ വിൽക്കാറില്ല.’

ഇടറുന്ന ശബ്ദത്തോടെ അവൾ വീണ്ടും പറഞ്ഞു: ‘എന്റെയടുക്കൽ വാങ്ങാൻ പണമുണ്ട്. ഇത് പോരെങ്കിൽ ഇനിയും കിട്ടുമോന്ന് നോക്കാം.’

കുറച്ച് പ്രായമായ ഒരാൾ ഇതു കേട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആയിശയോട് ചോദിച്ചു: ‘ഏതു തരം അത്ഭുതമാണ് മോളുടെ അനിയന് വേണ്ടത്?’

“അത് എനിക്കറിയില്ല. അവന് ഒരു ഓപ്പറേഷൻ നടത്തണമെന്നൊക്കെ പറയുന്നത് കേട്ടു. എന്റെ ഉപ്പയുടെ കൈയിൽ ഒരുപാട് പൈസയില്ല. അതാണ് ഞാൻ എന്റെ കൈയിലുള്ള പൈസ കൊണ്ടുവന്നത്.’’

‘നിന്റെ കൈയിൽ എത്രയുണ്ട്?’ ആ മനുഷ്യൻ ചോദിച്ചു.

‘ആയിരം രൂപ.’

‘ആയിരം രൂപയാണ് കൊച്ചനിയന്മാർക്കുള്ള അത്ഭുതത്തിന്റെ ശരിയായ വില’ എന്ന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അദ്ദേഹം ആ പണം വാങ്ങി അവളുടെ കൈപിടിച്ചുകൊണ്ട് ചോദിച്ചു: ‘നിന്റെ വീട്ടിലേക്ക് എന്നെ ഒന്ന് കൊണ്ടുപോകുമോ? എനിക്ക് നിന്റെ അനിയനെയും, ഉപ്പയെയും ഉമ്മയെയും കാണണം. നിനക്ക് വേണ്ട അത്ഭുതം എന്റെ അടുക്കൽ ഉണ്ടോ എന്ന് നോക്കട്ടെ.’

‘ഞങ്ങൾക്ക് വീടില്ല. വീടൊക്കെ വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് താമസം’ ആയിശ പറഞ്ഞു.

അങ്ങനെ ആയിശ അദ്ദേഹത്തെയും കൂട്ടി വീട്ടിലേക്ക് പോയി. അവിടെയെത്തിയ അദ്ദേഹം അമീറിനെ കാണുകയും അവളുടെ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം അമീറിന്റെ ചികിത്സ ക്ക് വേണ്ടതെല്ലാം താൻ ചെയ്യാമെന്ന് ഉറപ്പു നൽകി. താമസിയാതെ അമീറിന്റെ ശസ്ത്രക്രിയ നടത്തി. കുറെ ദിവസങ്ങക്കു ശേഷം അവൻ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഒരു ദിവസം ആയിശയുടെ ഉമ്മയും ഉപ്പയും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഉമ്മ പറഞ്ഞു: “ആ മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ. ഓപ്പറേഷന് എത്ര പൈസ ചെലവായി എന്നു പോലും നമ്മെ അറിയിച്ചില്ല.’’ അതുകേട്ട് അടുത്ത് നിൽക്കുക യായിരുന്ന ആയിശ ചിരിച്ചു കൊണ്ട് പറഞ്ഞു:

“ഉമ്മീ എനിക്കറിയാം ആ അത്ഭുതത്തിന്റെ വില, ആയിരം രൂപയാണ്.’’

ഇതും പറഞ്ഞ് അവൾ റൂമിലേക്ക് ഓടിപ്പോയി. അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലാകാത്ത ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു: “ആയിരം രൂപയോ?’’

ഈ ചോദ്യം കേട്ടുകൊണ്ടാണ് അമീറിനെ സന്ദർശിക്കാൻ ആ നല്ല മനുഷ്യൻ അവിടെ എത്തിയത്. അദ്ദേഹം അന്ന് സംഭവിച്ചതെല്ലാം അവർക്ക് വിവരിച്ചുകൊടുത്തു. അദ്ദേഹ ത്തിന്റെ ശബ്ദം കേട്ട് ആയിശ ഹാളിലേക്ക് ഓടിവന്നു. അവളെ കണ്ടതും ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷം അടക്കാനാവാതെ ഉമ്മ അവളെ വാരിയെടുത്ത് ആ കുഞ്ഞുകവിളിൽ മുത്തം നൽകി.