അഹങ്കാരം നന്നല്ല

റാഷിദ ബിൻത് ഉസ്മാൻ

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

നാട്ടിലെ പ്രമാണിയും സമ്പന്നനും സ്വർണവ്യപാരിയുമായ മുഹമ്മദിന്റെ മകനാണ് ഹസൻ. പണത്തിന്റെ ബുദ്ധിമുട്ട് ഒന്നുമറിയാതെ വളർന്നതുകൊണ്ട് തന്നെ അവന് പാവങ്ങളോട് വളരെ പുച്ഛമായിരുന്നു. അവന്റെ ഈ സ്വഭാവം മാറ്റിയെടുക്കാൻ മാതാപിതാക്കൾ ഒരുപാട് ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

ഹസന്റെ സഹപാഠിയാണ് സഹദ്. അവൻ ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായതുകൊണ്ട് ഹസൻ അവനോടും അവനെപ്പോലുള്ള മറ്റു പാവപ്പെട്ടവരോടും മിണ്ടാറില്ലായിരുന്നു.

ഒരു ദിവസം ക്ലാസിൽ വെച്ച് സഹദ് ഹസനോട് ചോദിച്ചു: “നിന്റെ കൈയിൽ രണ്ടു പേനയുണ്ടോ? എന്റെ പേനയിലെ മഷി തീർന്നുപോയി. അടുത്ത പിരീഡിൽ കുറെ എഴുതാനുണ്ടാകും.’’

ഈ ചോദ്യം ഹസന് ഇഷ്ടമായില്ല. അവൻ സഹദിനെ പിടിച്ചു ശക്തിയായി തള്ളിക്കൊണ്ടു പറഞ്ഞു: “നീ നിന്റെ പണി നോക്കി പോ. എന്റെ പേന നിന്നെ പോലെയുള്ള തല്ലിപ്പൊളികൾക്ക് പറ്റിയ പേനയല്ല. എന്റടുത്തുള്ളത് ഗൾഫിൽനിന്നും കൊണ്ടുവന്ന വളരെ വിലകൂടിയ പേനയാണ്.’’

ഹസൻ തള്ളിയപ്പോൾ സഹദിന്റെ കാൽ ശക്തിയായി ബെഞ്ചിൽ ചെന്ന് ഇടിച്ചു. എന്നാൽ അവന് അതിനെക്കാൾ വേദനയുണ്ടാക്കിയത് ഹസന്റെ വാക്കുകളായിരുന്നു.

വീട്ടിലെത്തിയ പാടെ സഹദ് വളരെ സങ്കടത്തോടെ അവന്റെ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു.

“വിഷമിക്കേണ്ട മോനേ, ക്ഷമിക്കുന്നവരുടെ കൂടെ അല്ലാഹു ഉണ്ട് എന്നു നീ കേട്ടിട്ടില്ലേ.’’ അദ്ദേഹം മകനെ ആശ്വസിപ്പിച്ചു.

ക്ലാസിൽ നടന്ന സംഭവങ്ങൾ അറിഞ്ഞയുടൻ ടീച്ചർ ഹസന്റെ പിതാവിനെ വിളിച്ചറിയിച്ചു. അദ്ദേഹം മകനെ ഒരുപാട് ശകാരിച്ചെങ്കിലും അവന് ഒരു കൂസലും ഉണ്ടായില്ല. പിറ്റേദിവസം സ്‌കൂളിലേക്ക് കാറിൽ പോകുകയായിരുന്നു ഹസൻ. പോകുന്ന വഴിയിൽ അതാ സഹദ് പരിക്കേറ്റ കാലുമായി ഞൊണ്ടി ഞൊണ്ടി വരുന്നു. അവനെ കണ്ടപ്പോൾ ഹസൻ പരിഹാസത്തോടെ ഊറിച്ചിരിച്ചു. ഡ്രൈവർ വണ്ടി നിറുത്തിക്കൊണ്ട് പറഞ്ഞു: “മോനേ, ഇന്നെന്തേ വൈകിയോ? കയറിക്കോളൂ.’’

“അയ്യോ! അവനെ കയറ്റല്ലേ, വണ്ടി മൊത്തം അഴുക്കാവും.’’ ഹസൻ പറഞ്ഞു.

സഹദ് ഈ കുത്തുവാക്ക് കേട്ട് വിഷമത്തോടെ പറഞ്ഞു: “നിങ്ങൾ പൊയ്‌ക്കോളൂ, ഞാൻ പതിയെ വന്നോളാം.’’

പ്രയാസപ്പെട്ട് നടന്ന് സ്‌കൂളിലെത്തിയ സഹദ് കേട്ടത് ഞെട്ടിക്കുന്ന വാർത്തയാണ്. ‘ഹസന്റെ കാർ ആക്‌സിഡന്റിൽ പെട്ടു, അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.’ ഇതു കേട്ട് സഹദ് ഒരു നിമിഷം സ്തംഭിച്ചു നിന്നു. അൽഹംദുലില്ലാഹ്! ഞാൻ ആ കാറിൽ കയറാത്തതിനാൽ രക്ഷപ്പെട്ടു!

വൈകുന്നേരം സഹദ് പിതാവിന്റെ കൂടെ ഹസനെ സന്ദർശിക്കുവാൻ പോയി. അവന്റെ രണ്ട് കാലുകളിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. സഹദിനേ കണ്ടതോടെ ഹസന്റെ കണ്ണുകൾ നിറഞ്ഞു.

“സഹദേ, എന്നോട് ക്ഷമിക്കണം. ഉപദ്രവിക്കപ്പെട്ടവനും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ലെന്ന കാര്യം ഞാൻ മറന്നു. നിന്നെ ഉപദ്രവിച്ചതിനും അപമാനിച്ചതിനുമുള്ള ശിക്ഷയായിരിക്കാം എനിക്കിപ്പോൾ കിട്ടിയത്.’’

“അതൊന്നും സാരമില്ല. നീ നിന്റെ തെറ്റുകൾ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ, അതു മതി. ഇനിയെങ്കിലും അഹങ്കാരം കാണിക്കാതെ ജീവിക്കുക. ഹൃദയത്തിൽ കടുകുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൻ പ്രവേശിക്കില്ലെന്ന നബിവചനം നമുക്ക് ഉസ്താദ് പഠിപ്പിച്ചുതന്നത് ഓർക്കുക. അല്ലാഹു നിനക്ക് എത്രയും പെട്ടെന്ന് ശമനം നൽകട്ടെ.’’

ഇത്രയും പറഞ്ഞുകൊണ്ട് സഹദ് ഹസനെ കെട്ടിപ്പിച്ചു. ഹസനിൽ വന്ന മാറ്റം കണ്ട് അവന്റെ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.