ഉമ്മയില്ലാത്ത വീട്
ശിഫാന തസ്‌ലീം
സൽസബീൽ അറബിക്കോളേജ്, വെങ്കിടങ്ങ്
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് മെസ്സിലെ ബെഞ്ചിൽ അലസമായങ്ങനെ ഇരിക്കുന്ന സമയത്താണ് അപ്പുറത്തുനിന്നും സുഹൃത്തിന്റെ ശബ്ദം ചെവിയിലേക്ക് പാഞ്ഞു കയറിയത്. അവൾ വീട്ടിലേക്കു വിളിച്ചുകൊണ്ടിരിക്കുകയാണ്. റെയ്ഞ്ച് കിട്ടാത്തതുകൊണ്ടാവാം ‘ഹലോ...ഹലോ...ഉമ്മച്ചി എവിടെയാ, കേൾക്കുന്നില്ലേ?’ എന്നെല്ലാം അവൾ ആവർത്തിച്ചു ചോദിക്കുന്നുണ്ട്.
ഇതൊക്കെ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന എന്റെ മനസ്സിലേക്ക് അന്നേരം ഓടിയെത്തിയത് ആറു വർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞ ഉമ്മയാണ്. സ്‌നേഹിച്ചു കൊതിതീരാതെ ഞങ്ങളെ വിട്ടുപോയ, പൊന്നുമ്മ. ഉമ്മയുടെ വില മനസ്സിലാക്കാതെ കഴിഞ്ഞുപോയ നാളുകൾ. ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ പിന്നീട് ചെയ്യാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ നേരങ്ങൾ... ഇന്ന് ‘ഉമ്മാ’ എന്ന് ഉറക്കെയോന്നു വിളിക്കാൻ വല്ലാത്ത കൊതി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. വിളിച്ചാൽ വിളി കേൾക്കാത്ത ലോകത്തേക്ക് ഉമ്മ യാത്രയായല്ലോ. എന്നാലും ആരും കേൾക്കാതെ ചിലപ്പോഴൊക്കെ ‘ഉമ്മാ’ എന്നു വിളിക്കും, വിതുമ്പിക്കരയും.
ഒന്നോ രണ്ടോ മാസം ഹോസ്റ്റലിൽ താമസിച്ച് വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ഉമ്മയില്ലാത്ത ശൂന്യത വല്ലാതെ വിഷമിപ്പിക്കും. വീടിന്റെ മുക്കുമൂലകളിലൊക്കെ ആ ശൂന്യത നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും. അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പും. ‘മോളേ, നീ വന്നോ’ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് മുത്തം തരുന്ന ഉമ്മയെക്കുറിച്ചുള്ള ഓർമകൾ മധുര നൊമ്പരം സമ്മാനിക്കും.
പ്രിയപ്പെട്ട കൂട്ടുകാരേ, അതിരാവിലെ ഉമ്മമാർ ഉറക്കിൽനിന്നും വിളിച്ചുണർത്തുമ്പോഴും നമസ്‌കരിക്കാൻ നിർബന്ധിക്കുമ്പോഴും വീട്ടു ജോലികളിൽ സഹായിക്കാൻ പറയുമ്പോഴുമൊക്കെ നിങ്ങ ൾ അവരോട് ദേഷ്യപ്പെടാറുണ്ടോ? വെറുപ്പ് പ്രകടിപ്പിക്കാറുണ്ടോ?
സ്‌കൂളിലേക്ക് പോകാൻ തയ്യാറാകുമ്പോൾ ‘ചോറ്റുപാത്രം ടേബിളിലുണ്ട്, അതെടുക്കാൻ മറക്കല്ലേ’ എന്ന് അടുക്കളയിൽനിന്നും വിളിച്ചു പറയുന്ന ഉമ്മയോട് ‘എനിക്കു വേണ്ട നിങ്ങടെ ചോറ്, ഞാൻ ഹോട്ടലിൽനിന്നും കഴിച്ചോളാം’ എന്ന് പറഞ്ഞ് ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച് വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്ന ചില ന്യൂജെൻ കുട്ടികളുണ്ട്. അതിരാവിലെ എഴുന്നേറ്റ് ഒരുപാട് പണികൾക്കിടയിൽ നിങ്ങൾക്കുള്ള ഭക്ഷണമൊരുക്കുന്ന ഉമ്മയുടെ സ്‌നേഹമാണ് അത്തരക്കാർ കാണാതെ പോകുന്നത്. നിങ്ങളൊന്ന് ചിന്തിച്ചു നോക്കുക. ഉമ്മയെ ഏതെങ്കിലും രൂപത്തിൽ വിഷമിപ്പിച്ച് ഇറങ്ങിപ്പോയ നിങ്ങൾ തിരിച്ചു വരുന്ന സമയത്ത് കാണുന്നത് വീടിന്റെ മുന്നിൽ കൂടിനിൽക്കുന്ന ആളുകളെയാണ്്. എന്താണെന്നറിയാതെ ഒടിക്കിതച്ച് വീട്ടിനകത്തേക്ക് കയറിച്ചെല്ലുമ്പോൾ കാണു ന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിൽ കിടക്കുന്ന ഉമ്മയുടെ ജീവനറ്റ ശരീരമാണെങ്കിൽ നിങ്ങളുടെ മനസ്സിന്റെ അവസ്ഥ എന്തായിരിക്കും? അതല്ല, നമുക്കാണ് വല്ലതും പറ്റിയതെങ്കിലോ? ഉമ്മയുടെ തൃപ്തി ലഭിക്കാത്ത മടക്കമല്ലേ അത്?
സ്വന്തം ഇഷ്ടങ്ങളെല്ലാം മക്കൾക്കു വേണ്ടി മാറ്റിവെക്കുന്നവരാണ് ഉമ്മമാർ. നമ്മെ ഒമ്പതു മാസത്തിലേറെ വയറ്റിൽ ചുമന്നവർ, അങ്ങേയറ്റത്തെ വേദനയനിഭവിച്ച് നമ്മെ പ്രസവിച്ചവർ... അവരോ ടുള്ള ബാധ്യത തീർത്താൽ തീരാത്തതല്ലേ? സമയം വൈകിയിട്ടില്ല. നിങ്ങൾ കാരണം നിങ്ങളുടെ ഉമ്മയുടെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ പൊരുത്തം ചോദിച്ച് അവർക്കു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുക. അവർ ഇല്ലാതാകുമ്പോഴാണ് അവർ എത്രത്തോളം നമുക്ക് വേണ്ടപ്പെട്ടവരായിരുന്നു എന്ന് നാം തിരിച്ചറിയുക.
