കാഴ്ചയൊരുക്കിയതാരാണ്?
ഉസ്മാൻ പാലക്കാഴി
2025 ഡിസംബർ 27, 1447 റജബ് 06

മാനം നിറയെ നക്ഷത്ര
പൂക്കൾ വിതറിയതാരാണ്?
മാരിക്കാറുകളണയുമ്പോൾ
ഏഴുനിറത്തിൽ മഴവില്ലിൻ
തോരണമാലയൊരുക്കീട്ട്
സുന്ദരമാക്കുവതാരാണ്?
അമ്പിളിമാമൻ അംബരമിൽ
തേങ്ങാപ്പൂളിൻ രൂപത്തിൽ
ഏറെ മെലിഞ്ഞവനായിട്ട്
ഉദിച്ചുയർന്നു വരുന്നല്ലോ.
ഒടുവിൽ പപ്പട രൂപത്തിൽ
തിളങ്ങിനിൽക്കുന്നുണ്ടല്ലോ
വീണ്ടും പഴയതുപോലാകും...
ആവർത്തനമിത് കാണുന്നു!
സൂര്യൻ കിഴക്കുനിന്നായി
തലപൊക്കുന്നു സുന്ദരനായ്
പിന്നെ ചുട്ടുപഴുക്കുന്നു
നോക്കാൻ പോലും പറ്റില്ല!
പിന്നെ ചൂട് കുറയുന്നു
എങ്ങോ പോയി മറയുന്നു.
എന്നും നാമിത് കാണുന്നു
ചിന്തിക്കാറുണ്ടോ നമ്മൾ
ആരീ കാഴ്ചയൊരുക്കുന്നു?
ആര് നിയന്ത്രിച്ചീടുന്നു?
സൂര്യനുദിക്കുന്നില്ലെങ്കിൽ
എങ്ങനെ നമ്മൾ ജീവിക്കും?
സ്രഷ്ടാവേകൻ അല്ലാഹു
അവന്റെ കഴിവുകളാണെല്ലാം
അവനെല്ലാതും സൃഷ്ടിച്ചു
അറിയുക വേണം നാമവനെ.
