നന്നായാൽ നന്ന്!
ഉസ്മാൻ പാലക്കാഴി
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

ജീവിത പുസ്തകത്തിൽ-
നിന്നനുദിനമോരോ
ഏടുകൾ കൊഴിയുന്നു
കൂട്ടുകാരോർക്കുന്നുവോ?
കഴിഞ്ഞുപോയ ദിനം
തിരിച്ചുവരികില്ല
തിരിച്ചുപിടിക്കുവാൻ
ആർക്കുമേ കഴിയില്ല.
ഇഹലോകത്തിൽ നമു-
ക്കല്ലാഹു വിധിച്ചതാം
അവധിയെന്നു തീരു-
മെന്നറിയില്ലയാരും.
മരിക്കും മുമ്പെ നന്മ-
ചെയ്‌തെങ്കിലതു ഗുണം
മരിച്ചാൽ പിന്നെ കർമം
ചെയ്യുവാൻ കഴിയില്ല.
അതിനാൽ കൂട്ടുകാരേ,
വിശ്വാസമുറപ്പിക്കൂ
കർമങ്ങൾ നന്നാക്കിടൂ
ധർമത്താൽ ജയം നേടൂ.
അറിവാം മഹാധനം
നേടുവാൻ മടിവേണ്ട
അറിവ് വർധിക്കുവാൻ
തേടണം ഇലാഹോട്.
ദൃശ്യവും അദൃശ്യവും
ഒരുപോലറിയുന്ന
റബ്ബിനെ ഭയപ്പെട്ട്
ഭക്തിയിൽ ജീവിക്കണം.
സ്വർഗമാകട്ടെ ലക്ഷ്യം
നന്മയാകട്ടെ മാർഗം
നന്മതൻ വെൺമയുള്ള
ജീവിതം നയിച്ചിടാം.
