അജ്മലിന്റെ നോമ്പ്

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

2025 മാർച്ച് 29, 1446 റമദാൻ 28

പ്രായത്തിനെക്കാൾ പക്വത കാണിക്കുന്ന മിടുക്കനായ കുട്ടിയാണ് അജ്മൽ. മദ്‌റസയിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ അവന് വളരെ ഉത്സാഹമാണ്. ഉപ്പയുടെ കൂടെ പള്ളിയിൽ പോയി നമസ്‌കരിക്കാനും ഉമ്മയുടെ കൂടെ ക്വുർആൻ പാരായണം ചെയ്യാനുമുള്ള അവസരം അവൻ നഷ്ടപ്പെടുത്താറില്ല.

ഈ വർഷത്തെ വേനലവധിയും റമദാനും ഒന്നിച്ചാണ്. അജ്മലിന് ഏറെ സന്തോഷമായി. സ്‌കൂൾ ഇല്ലാത്തതുകൊണ്ട് കുടുംബത്തിന്റെ കൂടെ എല്ലാ നോമ്പും നോൽക്കണമെന്ന് അവൻ തീരുമാനിച്ചു.

റമദാൻ മാസപ്പിറവി ദൃശ്യമായത് അറിഞ്ഞതോടെ പള്ളിയിൽ തറാവീഹ് നമസ്‌കാരം ഉണ്ട് എന്ന സന്തോഷത്തിലാണ് അജ്മൽ. തറാവീഹ് ഇമാമിനോടൊപ്പം നമസ്‌കരിക്കുന്നവർക്ക് രാത്രി മുഴുവൻ നിന്ന് നമസ്‌കരിച്ചതിന്റെ കൂലിയുണ്ട് എന്ന് ഉസ്താദ് പറഞ്ഞത് അവൻ ഓർത്തു.

നമസ്‌കാരം കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തി. അത്താഴത്തിലെ ബർകത്തിനെ കുറിച്ചായിരുന്നു തറാവീഹിന് ഇടയിലുള്ള ക്ലാസിൽ ഇമാം പറഞ്ഞത്. അദ്ദേഹത്തിന്റെ ഹൃദ്യമായ അവതരണം അജ്മലിന് ഏറെ ഇഷ്ട്ടപ്പെട്ടു. ആ ബർക്കത്ത് തനിക്കും വാങ്ങണം എന്ന മോഹം അജ്മലിന്റെ മനസ്സിൽ വിരിഞ്ഞു. അത്താഴത്തിന് വിളിക്കണം എന്ന് ചട്ടം കെട്ടിയാണ് അജ്മൽ ഉറങ്ങാൻ പോയത്.

പുലർച്ചെ അത്താഴത്തിനായി ഉമ്മ വിളിച്ചപ്പോൾ വളരെ ആവേശത്തോടെ അജ്മൽ ചാടി എഴുന്നേറ്റു. അത്താഴം കഴിഞ്ഞ് ബാങ്കിന്റെ മുമ്പേ 50 ആയത്ത് ഓതാനുള്ള സമയം വേണമെന്ന് ഉസ്താദ് പറഞ്ഞത് അജ്മലിന് ഓർമ വന്നു. അതിനെക്കുറിച്ച് ഉമ്മയോട് പറഞ്ഞു. ബാങ്ക് കൊടുക്കുന്നതുവരെ ക്വുർആൻ പാരായണത്തിലും പ്രാർഥനയിലും അവർ മുഴുകി.

ബാങ്കിന് ശേഷം ഉപ്പയോടൊപ്പം അവൻ പള്ളിയിലേക്ക് പോയി. സുബ്ഹി നമസ്‌കാരവും ശേഷമുള്ള പ്രാർഥനയും ദിക്‌റുമൊക്കെ കഴിഞ്ഞ് അവർ വീട്ടിൽ തിരിച്ചെത്തി. സ്‌കൂൾ ഇല്ലാത്തതിനാൽ അൽപസമയം ഉറങ്ങാനായി കിടന്നു. ഉറങ്ങിയെഴുന്നേറ്റപ്പോൾ അവന് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അൽപം വെള്ളം കുടിക്കാതെ നിൽക്കാൻ വയ്യ എന്ന് ഉമ്മയോട് പറഞ്ഞു.

‘വെള്ളം കുടിച്ചാൽ നോമ്പ് നഷ്ടപ്പെട്ടു പോകുമെന്ന് മോന് അറിയില്ലേ, മോൻ നോമ്പ് നോറ്റതല്ലേ, അല്ലാഹുവിന്റെ മഹത്തായ പ്രതിഫലം ലഭിക്കേണ്ടേ’ എന്ന് വളരെ സ്‌നേഹത്തോടെ, അജ്മലിന്റെ തലയിൽ തലോടിക്കൊണ്ട് ഉമ്മ ചോദിച്ചു. ‘ദാഹവും ക്ഷീണവും കൊണ്ട് പറഞ്ഞു പോയതാണ് ഉമ്മാ.’ അജ്മലിന്റെ ഈ മറുപടി കേട്ടു കൊണ്ടാണ് വല്ലിമ്മ അങ്ങോട്ട് വന്നത്.

‘മോനേ, അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കാൻ കൂടുതൽ പ്രയാസം അനുഭവിക്കുന്നവ ർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. ക്ഷീണം അകറ്റാനായി പകലിൽ അൽപം ഉറങ്ങുന്നതും തണുപ്പുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നതും കുളിക്കുന്നതുമൊന്നും നോമ്പിനെ ബാധിക്കുകയില്ല.’ വല്ലിമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അജ്മലിന് ഏറെ ആശ്വാസം തോന്നി. ‘എന്നാൽ ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം’ എന്നു പറഞ്ഞ് അവൻ കുളിക്കാൻ പോയി.

കുളി കഴിഞ്ഞപ്പോൾ അവന് നല്ല ഉന്മേഷം തോന്നി. പിന്നീട് അവൻ നേരെ പോയത് സിറ്റൗട്ടിലിരുന്ന് ഫോണിൽ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ഉപ്പയുടെ അടുത്തേക്കാണ്. അവിടെ എത്തിയപ്പോൾ അവൻ കേട്ടത് ‘റമദാൻ പാപമോചനത്തിന്റെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും മാസമാണ്. റയ്യാൻ എന്ന പ്രത്യേക കവാടത്തിലൂടെയാണ് നോമ്പുകാർ സ്വർഗത്തിൽ പ്രവേശിക്കുക’ എന്ന വാക്കുകളാണ്.

ഇൻശാ അല്ലാഹ്, ഈ റമദാനിലെ ഒരു നോമ്പും ഒഴിവാക്കില്ലെന്ന് അവൻ ഉറപ്പിച്ചു. ഉപ്പ അവനെ അടുത്തിരുത്തി നെറുകയിൽ തലോടി.