ശാമിലിന്റെ സങ്കടം
റാശിദ ബിൻത് ഉസ്മാൻ
2025 മെയ് 17, 1446 ദുൽഖഅദ് 19

“ങ്യാവൂ...ങ്യാവൂ...’’
ഒരു പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഫഹദ് മുറ്റത്തേക്ക് ചെന്നു. അവിടെയൊന്നും പൂച്ചയെ കാണാനില്ല. അവൻ റോട്ടിലേക്കിറങ്ങി. ആ കാഴ്ച കണ്ട് ഫഹദ് ഞെട്ടിപ്പോയി. നാലു കാലുകളും കൂട്ടിക്കെട്ടിയ അവസ്ഥയിൽ ഒരു പൂച്ച റോഡരികിൽ കിടക്കുന്നു!
അല്ലാഹ്...ആരാണാവോ ഈ പാവം പൂച്ചയോട് ഈ ക്രൂരത ചെയ്തത്. അവൻ നാലുപാടും നോക്കി. ആരെയും കാണാനില്ല. അവൻ ഓടിച്ചെന്ന് അതിന്റെ കെട്ടുകളെല്ലാം അഴിച്ച് അതിനെ സ്വതന്ത്രനാക്കി. എന്നിട്ട് അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു പാത്രത്തിൽ കുറച്ചു പാലെടുത്ത് ആ പൂച്ചക്ക് കൊടുത്തു. അത് ആർത്തിയോടെ പാൽ കുടിക്കുന്നത് ഫഹദ് നോക്കിനിന്നു. പാൽ കുടിച്ചു തീർന്നപ്പോൾ പൂച്ച പുറത്തേക്ക് ഓടിപ്പോയി.
എന്നാലും... ആരായിരിക്കും ഈ പാവത്തെ ഇങ്ങനെ ചെയ്തത്? ആരാണെങ്കിലും അവരുടെ മനസ്സ് ദുഷിച്ചതു തന്നെ! അവൻ ആലോചിച്ചു.
പിറ്റേദിവസം രാവിലെ ഉപ്പാന്റെ കൂടെ നടക്കാനിറങ്ങിയ ഫഹദ് വഴിയരികിൽ ദയനീയമായി കരയുന്ന ആ പൂച്ചയെ കണ്ടു. ഒരു മരത്തിൽ അതിനെ കെട്ടിയിട്ടിരിക്കുന്നു. അവന് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു. അവൻ വേഗം ആ പൂച്ചയെ കെട്ടഴിച്ച് വിട്ടു. അവശനായ പൂച്ചയെയും കൊണ്ട് അവൻ ഉപ്പയുടെ കൂടെ വീട്ടിലേക്ക് നടന്നു. ഫഹദിന്റെ ഈ പ്രവർത്തനം കണ്ട ഉപ്പ അവനെ അഭിനന്ദിച്ചു.
ഈ സമയം അവന്റെ വീടിന്റെ മുറ്റത്ത് അനിയൻ ശാമിൽ നിൽപുണ്ടായിരുന്നു.
‘ഇതിനെ എവിടെനിന്ന് കിട്ടി ഇക്കാക്കാ?’ അവൻ ചോദിച്ചു.
ഫഹദ് സംഭവം ശാമിലിന് വിശദീകരിച്ചു കൊടുത്തു. ‘ആരാണ് ഈ മിണ്ടാപ്രാണിയെ ഇങ്ങനെ ഉപദ്രവിക്കുന്നതാവോ. ആരു തന്നെയായാലും അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ. അവൻ ഇതിന് ഖേദിക്കുക തന്നെ ചെയ്യും’ ഫഹദ് സങ്കടത്തോടെ പറഞ്ഞു.
‘ഇങ്ങനെ മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുമോ ഇക്കാക്കാ’ ശാമിൽ അൽപം പേടിയോടെ ചോദിച്ചു.
‘തീർച്ചയായും! ജീവജാലങ്ങളോട് കരുണ കാണിക്കണം എന്നാണ് നമ്മുടെ നബിﷺ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം കൊടുക്കാതെ കൊന്ന ഒരു സ്ത്രീ അക്കാരണത്താൽ നരകാവകാശിയായി മാറിയ കഥ നബിﷺ പറഞ്ഞുതന്നിട്ടുണ്ട്. ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതുകൊണ്ട് ഒരാൾ സ്വർഗത്തിൽ പോയ കഥയും നബിﷺ പറഞ്ഞുതന്നിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ഒരു ജീവിയെയും ഉപദ്രവിച്ചുകൂടാ. എല്ലാത്തിനും നമ്മൾ കണക്ക് പറയേണ്ടി വരും. അല്ലാഹു വെറുതെ വിടില്ല’-ഫഹദ് പറഞ്ഞു നിർത്തി.
ഇത് കേട്ടതോടെ ശാമിലിന്റെ മുഖമാകെ മാറി.
‘ഇക്കാക്കാ...ഞാൻ അറിയാതെ...ചെയ്തതാ. ഞാനും അഫ്‌സലും കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു രസത്തിന് ചെയ്തതാ’’-ശാമിൽ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
‘അതു ശരി! നീയാണോ ഇതു ചെയ്തത്? ഈ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നതാണോ നിങ്ങളുടെ തമാശ? ഇത്തരത്തിൽ മിണ്ടാപ്രാണികളോട് ക്രൂരത ചെയ്തു ചെയ്താണ് വലിയ വലിയ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടുന്നത്. ഹൃദയത്തിൽനിന്നും കരുണയും അനുകമ്പയും എടുത്തുമാറ്റ പ്പെട്ടാൽ പിന്നെ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമുണ്ടാവില്ല. മറ്റുള്ളവരുടെ വേദന ഒരു ലഹരിയായി മാറും’ഫഹദ് രോഷത്തോടെ പറഞ്ഞു.
‘ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് തെറ്റ് പറ്റിപ്പോയി’ ശാമിൽ സങ്കടത്തോടെ പറഞ്ഞു.
‘സാരമില്ല, ഇനി ഇങ്ങനെയൊന്നും ആവർത്തിക്കരുത്. നാം തമാശയായി കാണുന്ന പലതും തമാശയല്ല എന്ന ബോധ്യം നമുക്ക് വേണം’-ഫഹദ് അനുജനെ സമാധാനിപ്പിച്ചു.
പ്രിയപ്പെട്ട കൂട്ടുകാരേ, നടന്നുപോകുന്ന വഴിയിൽ കാണുന്ന പട്ടിയെയും പൂച്ചയെയും ഓന്തിനെയു മൊക്കെ കല്ലെടുത്തെറിയലും തുമ്പികളെയും പൂമ്പാറ്റകളെയും മറ്റും പിടിച്ച് കൊല്ലലുമൊക്കെ പല കുട്ടികൾക്കും തമാശയാണ്. അവയും വേദനയുള്ള ജീവികളാണ്. പച്ചക്കരളുള്ള ഏതു ജീവിയോടും കാരുണ്യം കാണിച്ചാൽ പടച്ചവൻ പ്രതിഫലം നൽകുമെന്ന് നമ്മോടു പറഞ്ഞത് നമ്മുടെ നബിﷺ യാണ്. കണ്ണിൽ കാണുന്ന ജീവികളെയൊക്കെ ഉപദ്രവിക്കുകയും അവ വേദനകൊണ്ട് പിടയുമ്പോൾ ചിരിക്കുകയും ചെയ്യുന്നവരുടെ മനസ്സ് കടുത്തുപോകും.
‘ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോടും കാരുണ്യം കാണിക്കും’ എന്ന നബിവചനം നിങ്ങൾ കേട്ടിട്ടില്ലേ? അതുകൊണ്ട് എല്ലാവരും കരുണയുള്ളവരായി ജീവിക്കുക.

