നന്മയുള്ള മക്കൾ
അബൂഹംദ, അലനല്ലൂർ
2025 ജനുവരി 11, 1446 റജബ് 11

സൂര്യൻ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളിൽനിന്നും ഉയർന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവൻ വീട്ടിലെത്തുന്നതാണ്.
നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ കാണുന്നില്ലല്ലോ... ഇനി എവിടെ പോയി അന്വേഷിക്കും എന്റെ റബ്ബേ...
സീനത്തിന്റെ മനസ്സിൽ ഭയം അരിച്ചുകയറി. ഒന്ന് പോയി അന്വേഷിക്കാമെന്നു വെച്ചാൽ അവന്റെ ഉപ്പയും നാട്ടിലില്ല. എന്നും മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാൽ അദ്ദേഹം വിളിക്കാറുള്ളതാണ്. അദ്ദേഹം വിളിച്ച് മോനെവിടെ എന്നുചോദിച്ചാൽ ഞാനെന്തു മറുപടി പറയും? സീനത്ത് പരിഭ്രാന്തിയിലായി.
ഒടുവിൽ സീനത്ത് വീടിന്റെ മുൻവാതിൽ തുറന്ന് ഉമ്മറത്തേക്കിറങ്ങി. അപ്പുറത്തെ വീട്ടിലെ സൽമാനെ ഉറക്കെ വിളിച്ചു:
“മോനേ... സൽമാനേ... നീ അനസിനെ കണ്ടിരുന്നോ?’’
അപ്പോഴതാ സൽമാന്റ ഉമ്മ സക്കീന വാതിൽ തുറക്കുന്നു. സീനത്ത് സക്കീനയോട് മോൻ സ്‌കൂളിൽനിന്ന് തിരിച്ചുവന്നില്ലെന്ന് തേങ്ങലോടെ പറഞ്ഞു.
ഇതു കേട്ട സക്കീനത്ത പറഞ്ഞു: “അപ്പോ... സീനത്തേ നീ ഒന്നും അറഞ്ഞില്ലേ? അവൻ നിന്നോടൊന്നും പറഞ്ഞിരുന്നില്ലേ?’’
“എന്റെ സക്കീനത്താ, നിങ്ങൾ വളച്ചുകെട്ടില്ലാതെ വേഗം കാര്യം പറ. എനിക്ക് ആകെ പേടിയാകുന്നു.’’
“സൽമാനും ഇതുവരെ വന്നിട്ടില്ല. അവൻ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ തന്നെ ഇന്ന് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു.’’
“വൈകാനുള്ള കാരണം പറഞ്ഞിരുന്നോ?’’
“അടുത്ത ആഴ്ചയിലല്ലേ നമ്മുടെ കുട്ടികൾക്കായി ബാലസമ്മേളനം നടക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു യോഗം ഇന്ന് പള്ളിയിൽ നടക്കുമെന്നും മഗ്‌രിബ് കഴിഞ്ഞാലേ മടങ്ങിവരൂ എന്നും അവൻ പറഞ്ഞിരുന്നു. അനസ് നിന്നോട് വൈകുമെന്ന കാര്യം പറയാൻ മറന്നതാകും.’’ സക്കീനയുടെ ഈ വാക്കുകൾ കേട്ടപ്പോഴാണ് സീനത്തിന് ആശ്വാസമായത്.
പോസ്റ്റർ ഒട്ടിക്കാൻ പോയതാ. മൗലവിയും ഇവിടുത്തെ ശാഖാ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ഉണ്ടാകും. കഴിഞ്ഞ ദിവസം ക്വുർആൻ ക്ലാസ്സിൽ മൗലവി പറയുന്നത് നീ ശ്രദ്ധിച്ചിരുന്നില്ലേ, നമ്മൾ കാരണം ഒരാൾക്ക് സന്മാർഗം ലഭിച്ചാൽ ഒരു ചുമന്ന ഒട്ടകം കിട്ടുന്നതിനേക്കാൾ ശ്രേഷ്ഠമാണ് എന്ന്.
“ശരിയാണല്ലോ. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിൽ ബാലസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരുന്നത് കേട്ടതാണ്. നീ പറഞ്ഞതുപോലെ വൈകുമെന്ന കാര്യം പറയാൻ അവൻ മറന്നതാകും. ഞാൻ വല്ലാതെ ടെൻഷനിലായി.’’
“നല്ല കാര്യം ചെയ്തും നല്ലവരോട് കൂട്ടുകൂടിയും മക്കൾ വളരട്ടെ സീനത്തേ. അതിൽപരം എന്ത് സന്തോഷം നൽകുന്ന എന്ത് കാര്യമാണുള്ളത്?!’
വൈകാതെ തന്നെ സൽമാനും അനസും തിരിച്ചെത്തി. സീനത്ത് സന്തോഷത്തോടെ അനസിന്റെ ചുമലിൽ കൈവെച്ച് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകവെ പറഞ്ഞു: “മോനേ നന്മകൾ ധാരാളം ചെയ്യണം. തെറ്റ് ചെറുതാണെങ്കിലും ചെയ്തു പോകരുത്. എങ്കിലേ സ്വർഗം ലഭിക്കൂ. മോൻ എങ്ങോട്ട് പോകുമ്പോഴും ഈ ഉമ്മയോട് പറഞ്ഞ് വേണം പോകാൻ.’’
“ഞാൻ പറയാൻ മറന്നതാണുമ്മാ. ഇൻശാ അല്ലാഹ്, ഇനി ആവർത്തിക്കില്ല’’ അനസ് തന്റെ നല്ല പ്രവൃത്തിയെ ഉമ്മ അംഗീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

