ആദിപിതാവ്

ഹുസ്‌ന മലോറം

2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

മർത്യരിൽ, അല്ലാഹു ആദ്യം പടച്ചത്
ആരെയെന്നറിയുമോ കൂട്ടുകാരേ?
ആദരവായുള്ള ആദം നബിയോരെ
അല്ലാഹു ആദ്യം പടച്ചുവല്ലോ!
പിന്നീട് ആരെയാണല്ലാ പടച്ചത്
അറിയുമോ പറയാമോ കുട്ടികളേ?
ആദം നബിക്കൊരു ഇണയായിട്ടല്ലാഹു
ഹവ്വയെ പിന്നെ പടച്ചുവല്ലോ!
ഇണകളായ് ആദമും ഹവ്വയും പാർത്തത്
എവിടെന്നു ചൊല്ലാമോ കൂട്ടുകാരേ?
സ്വർഗത്തിലാണല്ലോ അവരാദ്യം പാർത്തത്
അതിനല്ലാഹ് സൗകര്യമേകിയല്ലോ!
ഭൂമിൽ അവർ പിന്നെ എത്തിയതെങ്ങനെ
അറിയുമോ പറയാമോ കുട്ടികളേ?
സ്വർഗത്തിലുള്ള മരങ്ങളിൽ ഒന്നിനെ
മാത്രം തൊടല്ലെയെന്നോതി റബ്ബ്,
മർത്യകുലത്തിനെ വഴികേടിലാക്കുവാൻ
ഇബ്‌ലീസ് തന്ത്രവും കൊണ്ട് വന്നേ,
അല്ലാ വിലക്കിയ ശജറിലെ കനി തിന്നാൻ
പലതും പറഞ്ഞ് വശത്താക്കിയേ.
പെട്ടു പോയ് ആദമും ഹവ്വയും ഇബ്‌ലീസിൻ
കെണിയിലായ്, കനിയവർ തിന്നുവല്ലോ,
റബ്ബിന്റെ കൽപന ലംഘിച്ച കാരണം
സ്വർഗത്തിൽനിന്നും പുറത്തായല്ലോ.
പറ്റിയ തെറ്റിലന്നവരേറെ ഖേദിച്ചു
പ്രാർഥിച്ചു മാപ്പവർ ചോദിച്ചല്ലോ.
പിന്നീടവർക്കുള്ള വാസസ്ഥലമായി
ഭൂമിയെ അല്ലാഹു നിശ്ചയിച്ചു.
കൂട്ടുകാരേ, നമ്മിൽ തെറ്റുകൾ പറ്റിയാൽ
റബ്ബോട് മാപ്പു നാം ചോദിക്കണം,
തെറ്റിലേക്കൊന്നും മടങ്ങാതെ നോക്കേണം
ശരിയായ മാർഗത്തിൽ നീങ്ങിടേണം.
ആദം നബിയുടെ ചരിതത്തിൽ നമ്മൾക്ക്
പാഠങ്ങളുണ്ടേറെ, കൂട്ടുകാരേ...!