അവർ തിരക്കിലാണ്
ഫഹിമ ബിൻത് ഫദ്ൽ, തിരൂർക്കാട്
2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

സമീറിന്റെയും റസീനയുടെയും ഏക മകനാണ് ഐമൻ. അഞ്ചാം ക്ലാസിലാണ് അവൻ പഠിക്കുന്നത്. ഒരു ധനിക കുടുംബമാണ് ഐമന്റെത്. സമീറും റസീനയും ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. തിരക്കുള്ള ജോലിക്കാരായ സമീറും റസീനയും ഐമന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരു ആയയെ ഏൽപിച്ചിരിക്കുകയാണ്. അവർ അവന്റെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചുപോന്നു. അവന് രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുത്തു. എന്നാൽ ഐമൻ അതിലൊന്നും തൃപ്തനായിരുന്നില്ല.
അവൻ ആഗ്രഹിച്ചത് രുചികരമായ ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നുമായിരുന്നില്ല; അവന്റെ ഉമ്മയുടെയും ഉപ്പയുടെയും സ്‌നേഹമായിരുന്നു. അവർ രാവിലെ ഒമ്പതു മണിക്ക് ജോലി സ്ഥലത്തേക്ക് പോകും. തിരിച്ചുവരുമ്പോഴേക്കും രാത്രി ഒമ്പതു മണിയാകും. അവർക്ക് ഐമന്റെ പഠനകാര്യത്തിലെ ന്നല്ല ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.
ഐമൻ നന്നായി ചിത്രം വരക്കുമായിരുന്നു. ഒരു ദിവസം താൻ വരച്ച ചിത്രവുമായി, എന്തോ തിരക്കിട്ടെഴുതിക്കൊണ്ടിരുന്ന ഉപ്പയുടെ അടുക്കലേക്ക് അവൻ ഓടിച്ചെന്നു.
‘ഉപ്പാ, നോക്കൂ... എന്റെ ചിത്രം എങ്ങനെയുണ്ട്?’
‘ഹും, അവന്റെയൊരു ചിത്രം. മനുഷ്യൻ ഇവിടെ തലപുകഞ്ഞിരിക്കുമ്പോഴാ...’
ഉപ്പ ചുരുട്ടിയെറിഞ്ഞ ചിത്രവുമായി അവൻ സങ്കടത്തോടെ തന്റെ മുറിയിലേക്ക് പോയി. ഉമ്മയെ കാണിച്ചാലോ എന്ന് ഐമൻ വിചാരിച്ചു. എന്നാൽ ഉമ്മയുടെ പ്രതികരണവും ഇങ്ങനെയായിരിക്കുമെന്നു ഭയന്ന് അവൻ അത് വേണ്ടെന്നുവച്ചു.
പിറ്റേദിവസം രാവിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന ഐമൻ ആ കാഴ്ച കണ്ടു. അയൽവാസിയായ റാഷിദ് മോൻ അവന്റെ ഉപ്പയോടൊത്ത് വീട്ടുവളപ്പിൽ ജോലി ചെയ്യുന്നു. അവന്റെ ഉമ്മ പച്ചക്കറികൾക്ക് വെള്ളമൊഴിക്കുന്നു. അവർ ഓരോ തമാശകൾ പറഞ്ഞു ചിരിക്കുന്നു. എന്തു സന്തോഷമുള്ള കുടുംബമാണ് റാഷിദിന്റെത്! വലിയ പണക്കാരൊന്നുമല്ലെങ്കിലെന്താ, അവർ ആനന്ദത്തോടെ ജീവിക്കുന്നില്ലേ? ഐമൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു.
എന്നാൽ ഐമൻ തോറ്റുകൊടുക്കാൻ തയ്യാറില്ലായിരുന്നു. അവൻ നന്നായി പഠിച്ചു. ഒരു സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ സ്‌കൂളിൽ ഒന്നാമനായി. ഐമനെ ആദരിക്കുന്ന ഒരു ചടങ്ങ് സ്‌കൂളിൽ നടക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരന്ന സദസ്സ്. ഐമന്റെ കണ്ണുകൾ മാതാപിതാക്കളെ തിരയുകയാണ്. അവർ ഇനിയും വന്നില്ലല്ലോ...
ഐമൻ സമ്മാനങ്ങൾ ഏറ്റുവാങ്ങി. അധ്യാപകർ അവന്റെ കഴിവുകളെ പുകഴ്ത്തി. ‘ഇവൻ എത്ര ഭാഗ്യവാൻ!’ സഹപാഠികൾ അടക്കം പറഞ്ഞു.
ഇനി ഐമന്റെ ഊഴമാണ്. പ്രസംഗ പീഠത്തിനു മുമ്പിൽ എഴുന്നേറ്റുനിന്ന് അവൻ പറഞ്ഞു തുടങ്ങി: ‘എന്റെ വിജയത്തിനു പിന്നിൽ എന്റെ മാതാപിതാക്കളാണ്. അവരുടെ പിന്തുണയും പ്രാർഥനയുമാണ് എന്നെ ഇവിടെ എത്തിച്ചത്...’
ഐമന്റെ ഉമ്മയും ഉപ്പയും കാറിൽ വന്നിറങ്ങിയത് മകന്റെ ഈ വാക്കുകൾ കേട്ടായിരുന്നു. ജോലിത്തിരക്കിനിടയിൽ മകനോടൊപ്പം ജീവിക്കാൻ മറന്നുപോയ മാതാപിതാക്കൾക്ക് ഈ വാക്കുകൾ വലിയ ഷോക്കായിരുന്നു. മകനെ മനസ്സിലാക്കാനും അവനു വേണ്ടി സമയം ചെലവഴിക്കാനും സാധിച്ചില്ല. എന്നിട്ടും അവന്റെ വിജയത്തിനു പിന്നിൽ ഉമ്മയും ഉപ്പയുമാണെന്ന് അവൻ അഭിമാനത്തോടെ പറയുന്നു. അവൻ ശരിക്കും സ്‌നേഹംകൊണ്ട് തങ്ങളെ തോൽപിച്ചിരിക്കുന്നു. ഈ സന്ദർഭത്തിൽ പോലും കൃത്യസമയത്ത് എത്തി അവനോടൊപ്പം കൂടാൻ തങ്ങൾക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവരുടെ കണ്ണുകൾ നിറഞ്ഞു.

