നല്ലകൂട്ടുകാരൻ

റാഷിദ ബിൻത് ഉസ്മാൻ

2025 മാർച്ച് 01, 1446 റമദാൻ 01

അനസും അജ്മലും സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം അവർ മദ്‌റസ വിട്ട് വീട്ടിലേക്ക് വരുന്ന സമയത്ത് വഴിയിൽ ഒരു 20 രൂപ നോട്ട് കിടക്കുന്നത് അജ്മലിന്റെ കണ്ണിൽ പെട്ടു.

“അനസേ, നോക്ക്. 20 രൂപ നോട്ടല്ലേ ആ കിടക്കുന്നത്?’’

“എവിടെ?’’

“ദാ, അങ്ങോട്ടു നോക്ക്.’’

അജ്മൽ ഓടിച്ചെന്ന് ആ പൈസ കൈയിലെടുത്തു.

“നമുക്ക് ഇതുകൊണ്ട് മിഠായി വാങ്ങിയാലോ?’’ അജ്മൽ ചോദിച്ചു.

“ഏയ്... അത് ശരിയല്ല, ഇത് ആരുടേതാണെന്ന് നമുക്ക് അറിയില്ലല്ലോ’’ അനസ് പറഞ്ഞു.

“അതിനെന്താ, ഇത് വെറും 20 രൂപ നോട്ടല്ലേ? ഒരുപാട് പൈസയൊന്നും ഇല്ലല്ലോ’’ അജ്മൽ നീരസത്തോടെ പറഞ്ഞു.

“നമുക്ക് ഇത് നിസ്സാര പൈസയായിരിക്കാം. എന്നാൽ ഇതിന്റെ ഉടമസ്ഥൻ വളരെ പാവപ്പെട്ട ഒരാളാണെങ്കിൽ അയാൾക്ക് ഈ 20 രുപ വളരെ വലുതായിരിക്കും. അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്നും അനർഹമായി ഒരാളുടെയും ഒരു പൈസ പോലും സ്വന്തമാക്കരുതെന്നും ഉസ്താദ് പഠിപ്പിച്ചത് നിനക്ക് ഓർമയില്ലേ?’’ അനസ് പറഞ്ഞു.

അന്നേരമാണ് ഒരു വൃദ്ധൻ ആ വഴിക്ക് വന്നത്. “മക്കളേ, നിങ്ങൾക്ക് ഈ വഴിയിൽ നിന്നെങ്ങാനും ഒരു 20 രൂപ നോട്ട് കിട്ടിയോ? ഭാര്യക്ക് മരുന്ന് വാങ്ങാനുള്ള പൈസയാണ്. കീശയിൽനിന്നും മൊബൈൽ എടുത്തപ്പോൾ ഇവിടെ എവിടെയോ വീണിട്ടുണ്ട് എന്നാണ് തോന്നുന്നത്. മരുന്ന് ഷാപ്പിൽ ചെന്നപ്പോഴാണ് 20 രൂപയുടെ കുറവ് കാണുന്നത്. മുഴുവൻ കാശുമില്ലാത്തതിനാൽ മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല’’ ഇതും പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ആ വൃദ്ധൻ നാലുപാടും കാശ് തിരഞ്ഞു.

“ഇതാ വല്ല്യപ്പാ നിങ്ങളുടെ കാശ്. ഞങ്ങൾക്ക് ഈ വഴിയിൽനിന്ന് കിട്ടിയതാ. ഇത് എന്തുചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് നിങ്ങൾ വന്നത്’’ അജ്മൽ വൃദ്ധനു നേരെ കാശ് നീട്ടിക്കൊണ്ട് പറഞ്ഞു.

“അൽഹംദുലില്ലാഹ്, നന്ദിയുണ്ട് മക്കളേ. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ’’ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ വൃദ്ധൻ അവിടെനിന്നും പോയി.

അജ്മൽ അനസിനെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“അനസേ, നീ കൂടെയില്ലായിരുന്നെങ്കിൽ എനിക്ക് തെറ്റു പറ്റിപ്പോയേനെ. ഞാൻ അതുകൊണ്ട് മിഠായി വാങ്ങി തിന്നുമായിരുന്നു’’ അജ്മൽ പറഞ്ഞു.

“അത് സാരമില്ല. മനുഷ്യനെ തെറ്റു ചെയ്യാൻ പിശാച് പ്രേരിപ്പിക്കും. നമ്മൾ അതിൽ അകപ്പെടാതെ സൂക്ഷിക്കണം’’ അനസ് കൂട്ടുകാരനെ ആശ്വസിപ്പിച്ചു.

“അനസേ, നിന്നെപ്പോലെ ഒരു നല്ല കൂട്ടുകാരനെ കിട്ടിയതുകൊണ്ട് ഞാൻ ഒരു തെറ്റിൽനിന്നും രക്ഷപ്പെട്ടു. നല്ലവരെ മാത്രം കൂട്ടുകാരായി തെരഞ്ഞടുക്കണമെന്നും അല്ലെങ്കിൽ നമ്മൾ വഴി തെറ്റിപ്പോകുമെന്നും ഉസ്താദ് പഠിപ്പിച്ചത് വളരെ ശരിയാണ്’’ അജ്മൽ പറഞ്ഞു.

“അതെ, നബിﷺ അങ്ങനെ പറഞ്ഞതായി ഉസ്താദ് പറഞ്ഞിരുന്നു.’’

അങ്ങനെ സന്തോഷത്തോടെ അവർ അവരുടെ വീടുകളിലേക്ക് മടങ്ങി.