കേരളത്തിന്റെ സുരക്ഷക്ക് തദ്ദേശീയരുടെ താക്കീത്
സുഫ്‌യാൻ അബ്‌ദുസ്സലാം
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

കേരളം ഉറ്റുനോക്കിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം കേരളജനതയുടെ പ്രബുദ്ധതയുടെ തെളിച്ചമായി വിലയിരുത്തപ്പെടുന്നു. കടുത്ത വെല്ലുവിളികൾക്കിടയിലും ഐക്യജനാധിപത്യ മുന്നണി നേടിയ വ്യക്തമായ ഭൂരിപക്ഷം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വിവിധ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുകളുടെ വിലയിരുത്തൽ കൂടിയാണെന്ന് ഫലം വ്യക്തമാക്കുന്നു. കക്ഷിരാഷ്ട്രീയ മാത്സര്യങ്ങൾക്കിടയിലുള്ള ഉപരിപ്ലവമായ അവകാശവാദങ്ങളെ അവഗണിച്ചുകൊണ്ട് ഒട്ടനവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്താൻ ഇരുമുന്നണികളും നേതാക്കളും തയ്യാറാകണമെന്ന സൂചനയാണ് ഈ ഫലം നൽകുന്നത്. ‘എന്തുകൊണ്ട് തോറ്റു’ എന്ന ചോദ്യത്തിന് നേരത്തെ തയ്യാറാക്കി വെച്ച താത്വിക അവലോകനങ്ങൾ പര്യാപ്തമാവില്ല. ചോദ്യങ്ങൾ ചോദിക്കുന്ന ‘ഉത്തമന്മാരെ’ പരിഗണിച്ചുകൊണ്ട്, ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തുവാനുള്ള ആർജവം കാണിക്കുകയാണ് വേണ്ടത്.
ഐക്യമുന്നണിയുടെ ഐക്യവിജയം
തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യമുറപ്പിച്ചു എന്നത് യാഥാർഥ്യമാണ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഗ്രാമ പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള അഞ്ച് തലങ്ങളിലും ഒരുപോലെ ഒരു മുന്നണി ആധിപത്യം നേടുന്നത് ആദ്യമായിട്ടാണ്. സാധാരണ യുഡിഎഫിന് മേൽക്കൈ ലഭിക്കാത്ത ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ലീഡ് അവർക്ക് ലഭിച്ചു. 941 ഗ്രാമപഞ്ചായത്തുകളിൽ 505 എണ്ണം യുഡിഎഫ് നേടി. 2020 ൽ 321 സീറ്റുകൾ മാത്രം ലഭിച്ചിരുന്ന യുഡിഎഫ് 184 സീറ്റുകളാണ് അധികം നേടിയത്. ബ്ലോക്ക് പഞ്ചായത്തിൽ 38ൽ നിന്നും 79 ലേക്കും ജില്ലാ പഞ്ചായത്തിൽ 3 ൽ നിന്നും 7 ലേക്കും മുനിസിപ്പാലിറ്റിയിൽ 41 ൽ നിന്നും 54 ലേക്കും അവർ ലീഡ് ഉയർത്തിയപ്പോൾ ഒരു കോർപ്പറേഷൻ മാത്രമുണ്ടായിരുന്നത് നാലിലേക്ക് ഉയർത്താനും അവർക്ക് സാധിച്ചു. മൊത്തം 1200 തദ്ദേശ സ്ഥാപനങ്ങളിൽ 649 എണ്ണവും നേടി 55 ശതമാനത്തോളം സ്ഥാപനങ്ങളിൽ മേധാവിത്തം നേടാൻ അവർക്ക് കഴിഞ്ഞു.
ദുർബലമായ ഇടതുമുന്നണി
37 ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് ഇടതുമുന്നണിക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞതെങ്കിൽ കേവലം 2.4 ശതമാനം മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. എറണാകുളത്തെ അഞ്ച് പഞ്ചായത്തുകളുടെ ഭരണം ട്വന്റി ട്വന്റി പിടിച്ചെടുത്തു. എറണാകുളത്ത് അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ഭരണം ട്വന്റി ട്വന്റിയും മലപ്പുറം പൊന്മുണ്ടത്തേത് കോൺഗ്രസ്-സിപിഎം സവിശേഷ മുന്നണിയുമാണ് തീരുമാനിക്കുക. ഇടുക്കിയിലെ മണക്കാട് പഞ്ചായത്തിൽ ഇരുമുന്നണിക്കും തുല്യ സീറ്റുകൾ ലഭിച്ചതിനാൽ അവിടെ ഭരണം തീരുമാനിക്കുന്നതും രണ്ടംഗങ്ങളുള്ള ട്വന്റി ട്വന്റി ആയിരിക്കും. ആർക്കും ഭൂരിപക്ഷം നേടാൻ കഴിയാത്ത 75 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അവിടെ ആരു ഭരിക്കുമെന്നത് ഇനിയും തീരുമാനമായിട്ടില്ല.
ബി.ജെ.പിക്ക് നേട്ടമുണ്ടായോ?
ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രചാരണങ്ങൾ മാധ്യമങ്ങളടക്കം ഏറ്റുപിടിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതൊഴിച്ചാൽ സംസ്ഥാനത്തെവിടെയും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. 941 ഗ്രാമപഞ്ചായത്തുകളിൽ കേവലം 26 എണ്ണം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. നേരത്തെ 2 മുനിസിപ്പാലിറ്റികൾ കൈവശമുണ്ടായിരുന്നത് നിലനിർത്തിയെങ്കിലും പാലക്കാട് ഭൂരിപക്ഷം നന്നേ കുറഞ്ഞ് ഭരണം നഷ്ടപ്പെടാനുള്ള സാഹചര്യമാണുള്ളത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ചുകയറിയെങ്കിലും നേരത്തെ കൈയിലുണ്ടായിരുന്ന പന്തളം മുനിസിപ്പാലിറ്റിയിൽ മൂന്നാം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെട്ടു.
തകർന്നടിഞ്ഞ കാസ രാഷ്ട്രീയം
ക്രിസ്ത്യാനികളുടെ പേരിൽ രൂപപ്പെട്ട ഭീകരസംഘടനയായ കാസയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മുസ്‌ലിം വിരുദ്ധ വർഗീയതയെ വിജയിപ്പിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ഒരു ഫലവുമുണ്ടായില്ല. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ബിജെപിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന അവരുടെ അവകാശവാദങ്ങൾക്ക് ക്രിസ്ത്യൻ സമൂഹം കാതോർത്തില്ല. ആകെക്കൂടി അവർക്ക് പറഞ്ഞു നിൽക്കാവുന്നത് വഖഫ് ഭൂമി വിവാദം കൊടുമ്പിരികൊണ്ട മുനമ്പം കടപ്പുറത്തെ ബിജെപിയുടെ വിജയമാണ്. എന്നാൽ മുസ്‌ലിം വിരുദ്ധതയെ ആളിക്കത്തിക്കാൻ ശ്രമിച്ച മുനമ്പത്ത് കേവലം 31 വോട്ടിന്റെ ഭൂരിപക്ഷമാണ് ഒരു ക്രിസ്ത്യൻ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. അതേസമയം മുനമ്പം ഉൾക്കൊള്ളുന്ന പള്ളിക്കര പഞ്ചായത്തിലോ എറണാകുളത്തെ മറ്റു ക്രിസ്ത്യൻ മേഖലകളിലോ ബിജെപിക്ക് ഒരു സ്വാധീനവും സൃഷ്ടിക്കാൻ സാധിച്ചില്ല.
പിസി ജോർജും സ്വാധീനിച്ചില്ല
കോട്ടയം ജില്ലയിൽ പിസി ജോർജിന്റെ പ്രദേശമായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കഷ്ടിച്ച് പിടിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട് എന്നത് പിസി ജോർജിന് ആശ്വസിക്കാമെങ്കിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താമര വിരിയിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് അവിടെ അരുവിത്തുറ വാർഡിൽ സ്വന്തം സഹോദരനെ മത്സരരംഗത്തിറക്കിയെങ്കിലും ജനങ്ങൾ പരാജയപ്പെടുത്തി. ക്രിസ്ത്യൻ മേഖലയായ പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപിക്ക് വേണ്ടിയുള്ള ജോർജിന്റെ പോരാട്ടം വിജയം കണ്ടുവെന്ന് അനുമാനിക്കാമെങ്കിലും ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ കോട്ടയത്ത് മറ്റെവിടെയും അതിന്റെ അനുരണനങ്ങൾ ഉണ്ടായില്ല. പി.സി.ജോർജും കാസയും വളർത്താൻ ശ്രമിക്കുന്ന ‘കൃസംഘി’ രാഷ്ട്രീയത്തിനെതിരെ ഇനിയും ജാഗ്രത അനിവാര്യമാണെന്ന് ഫലം മുന്നറിയിപ്പ് നൽകുന്നുണ്ട്.
എസ്.ഡി.പി.ഐക്കും നേട്ടമില്ല
മുസ്‌ലിം സമുദായത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നുനിന്ന് തീവ്ര ആശയങ്ങൾ പുലർത്തുന്ന എസ്.ഡി.പി.ഐ പതിവുപോലെ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിച്ചെങ്കിലും എവിടെയും കാര്യമായ ചലനം സൃഷ്ടിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് 80 (പഞ്ചായത്ത്), 1 (ബ്ലോക്ക്), 20 (മുനിസിപ്പാലിറ്റി), 1 (കോർപ്പറേഷൻ) എന്നിങ്ങനെ 102 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇത്തവണ അത് 91-1-8-2 എന്നിങ്ങനെ 101 ആയി കുറയുകയാണുണ്ടായത്. എസ്.ഡി.പി.ഐ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രതിലോമ രാഷ്ട്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം മുസ്‌ലിം സമുദായത്തിനുള്ളിൽ ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന സന്ദേശവും തെരഞ്ഞെടുപ്പ് നൽകുന്ന പാഠമാണ്.
വെൽഫെയർ നേട്ടമുണ്ടാക്കിയോ?
വെൽഫെയർ പാർട്ടിയാവട്ടെ 75 വാർഡുകൾ ലഭിച്ചുവെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 65 ആയിരുന്നു അവർക്ക് കിട്ടിയിരുന്നത്. വെൽഫെയർ ബന്ധം ഇത്തവണ യുഡിഎഫ് ഏറെ പഴികേട്ട ആരോപണമായിരുന്നു. ഔദ്യോഗികമായി ബന്ധമില്ലെങ്കിലും പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ നീക്കുപോക്കുകൾ യുഡിഎഫിന് ഒരു നിലക്കും ഉപകാരപ്പെട്ടില്ല. അതേസമയം വെൽഫെയറിന് അല്പമെങ്കിലും സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ ഒറ്റക്ക് മത്സരിക്കുകയും യുഡിഎഫിന് ലഭിക്കുമായിരുന്ന വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ഇടതുമുന്നണിക്കായിരുന്നു അവരുടെ പിന്തുണ. മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ ശക്തികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക മാത്രമാണ് അന്തിമമായി ഈ പാർട്ടി കൊണ്ടുള്ള ഫലം.
രാജ്യത്തിന്റെ മതേതര ജനാധിപത്യ ആശയങ്ങളോട് വിശ്വാസപരമായ കാരണങ്ങളാൽ വിമുഖത കാണിക്കുകയും ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിക്കുന്നത് അവിശ്വാസവും ബഹുദൈവത്വവുമായി വാദിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടന ഇപ്പോൾ അതിനോടെല്ലാം ആഭിമുഖ്യം പുലർത്തുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ മറ്റു മതേതര ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമി ഇതുവരെ ‘ഹലാൽ’ ആക്കിയിട്ടില്ല. വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതിനെ മുസ്‌ലിം മത സംഘടനകളിൽ ചിലർ എതിർപ്പുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് തിരിച്ചടി
മുസ്‌ലിം വിരുദ്ധ വർഗീയത ആളിക്കത്തിക്കാനാണ് ചിലർ ശ്രമിച്ചുവന്നിരുന്നത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യത്തിൽ ബിജെപിയെയും കടത്തിവെട്ടി മുന്നിൽ നിന്നത്. ഈഴവ സമുദായ സംഘടനയുടെ തലപ്പത്തുള്ള ഇയാൾ മുസ്‌ലിം സമുദായത്തിനെതിരെ വില കുറഞ്ഞ ആരോപണങ്ങളും കേട്ടാൽ അറക്കുന്ന തെറികളും വിളിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കേരളത്തിന്റെ മതസൗഹാർദത്തിന് ഇത് ഭംഗമേൽപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എസ്എൻഡിപിയുടെ മറ്റു നേതാക്കളാരും നടേശന്റെ ആരോപണങ്ങൾക്ക് മേലൊപ്പ് ചാർത്തിയിട്ടില്ല. കേരള ചരിത്രത്തിലിടം പിടിച്ച ഈഴവ മെമ്മോറിയൽ മുതൽ അറിയപ്പെട്ടതാണ് മുസ്‌ലിം ഈഴവ സ്‌നേഹ സൗഹൃദ കഥകൾ. ശ്രീനാരായണഗുരുവും ഡോ.പൽപ്പുവുമെല്ലാം മുസ്‌ലിം സമുദായത്തിന്റെ ഉറ്റ മിത്രങ്ങളായിരുന്നു. അവരുടെ പിൻഗാമി എന്നവകാശപ്പെടുന്ന വെള്ളാപ്പള്ളി നിരന്തരം മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവനകൾ നടത്തുന്നത് ഗുരുവിനെയടക്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്.
മുഖ്യമന്ത്രിയുടെ നിലപാട്
വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തുന്ന നടേശനെതിരെ കേസെടുക്കാൻ മുതിരാതെ അയാളെ പ്രശംസാവാചകങ്ങൾ കൊണ്ട് മൂടാനും സ്വന്തം വാഹനത്തിൽ കൂടെ കൊണ്ടുപോകാനുമായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് മുസ്‌ലിം സമുദായത്തിനുണ്ടാക്കിയ മുറിവ് ചെറുതൊന്നുമല്ല. കേരളത്തിന്റെ മതനിരപേക്ഷതക്കുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. ഹൈന്ദവ സമുദായത്തിന്റെ വോട്ടു സമാഹരണം ലക്ഷ്യമിട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും സഹപ്രവർത്തകരുടെയും പ്രവൃത്തി ദോഷങ്ങൾക്കുള്ള ചുട്ട മറുപടി കൂടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കേരളത്തിലെ നല്ലവരായ ഹൈന്ദവ ജനത തങ്ങളുടെ വർഗീയ നാടകങ്ങളിൽ വീണുപോകുമെന്ന് ധരിച്ചുവെങ്കിൽ കൃത്യമായി പ്രതികരിക്കാൻ അറിയുന്നവരാണ് അവരെന്ന് അവർ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.
വിദ്യാലയങ്ങളും സാംസ്‌കാരിക ഭദ്രതയും
കേരളത്തിന്റെ പരമ്പരാഗത സാംസ്‌കാരിക തനിമ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും. എന്നാൽ മതനിരാസത്തിന്റെ പ്രചാരണങ്ങളും സാംസ്‌കാരിക ഭദ്രതക്ക് ഭീഷണിയുയർത്തുന്ന വസ്ത്രധാരണത്തെ അടിച്ചേൽപ്പിക്കുന്ന പ്രവണതകളും സർക്കാർ സ്പോൺസേർഡ് ആയി നമ്മുടെ വിദ്യാലയങ്ങളിൽ വ്യാപകമാക്കാനുള്ള ശ്രമങ്ങളുണ്ടായി. കേരളീയ സമൂഹത്തിന് പരിചയമില്ലാത്ത ഡാൻസുകൾ അടിച്ചേൽപ്പിക്കാനും ശ്രമമുണ്ടായി. വ്യത്യസ്ത മതവിശ്വാസമുള്ളവരാണെങ്കിലും കേരളത്തിലെ മഹാഭൂരിപക്ഷം വിശ്വാസികളും അധാർമിക രീതികളോട് സമരസപ്പെട്ടുപോവുന്നവരല്ല. എന്നാൽ ഈ തിരിച്ചറിവ് നമ്മുടെ സർക്കാറിന് നഷ്ടപ്പെടുകയും തങ്ങൾക്കിഷ്ടമുള്ളതെന്തും നിർബന്ധപൂർവം അടിച്ചേൽപ്പിക്കുമെന്ന ധാർഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് വ്യക്തമാണ്.
മാധ്യമങ്ങൾക്കും കിട്ടി മറുപടി
കേരളത്തിന്റെ വികസനത്തിനോ ജനക്ഷേമത്തിനോ വർഗീയ മുക്തമായ സാമൂഹിക കാഴ്ചപ്പാടിനോ ഒട്ടും പ്രാധാന്യം കൽപ്പിക്കാതെ സാധാരണക്കാരെ ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്ക് പ്രാമുഖ്യം നൽകി തങ്ങളുടെ റേറ്റിങ് കൂട്ടാൻ വേണ്ടി മാത്രം മത്സരിച്ച മാധ്യമങ്ങൾക്കും ജനങ്ങൾ കൃത്യമായ മറുപടി നൽകി. അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ സ്വാഭാവികമായും ജനങ്ങളുടെ പ്രതിഷേധങ്ങളുണ്ടാകും. എന്നാൽ ജനങ്ങളുടെ പ്രതിഷേധങ്ങളൊന്നും വകവെക്കാതെ വളരെ സജീവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ നിന്നും ഓടിയൊളിക്കുകയായിരുന്നു മാധ്യമങ്ങൾ. അതിനുപകരം ‘ലൈംഗിക രാഷ്ട്രീയ’ത്തിന് പ്രാധാന്യം നൽകുകയും രാഷ്ട്രീയ നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് പിറകെ ക്യാമറയും കൊണ്ടോടുന്നതിലായിരുന്നു അവരുടെ അമിത താത്പര്യം. ജനങ്ങൾ അത്തരം വാർത്തകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് കൂടി തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
പ്രലോഭനത്തിൽ വീഴാത്ത മതസമൂഹങ്ങൾ
മതവിശ്വാസത്തോടും വിശ്വാസികളോടും എന്നും നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘വിശ്വാസികൾക്കൊപ്പം’ എന്ന ടാഗ് ലൈനോടെ ആഗോള അയ്യപ്പ സംഗമം നടത്തിയതും തിരിച്ചടിയായി. ഓരോ വിശ്വാസി സമൂഹവും അവരുടെതായ സംഗമങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക ഒരു മതനിരപേക്ഷ സർക്കാറിന്റെ ബാധ്യതയാണ്. എന്നാൽ സർക്കാർ തന്നെ ഒരു മതവിഭാഗത്തിന്റെ സംഗമം നടത്തി തങ്ങൾ ഭൂരിപക്ഷ വിഭാഗത്തിന്റെ കൂടെയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് അധാർമികമാണ്. ഹൈന്ദവ സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാമെന്ന് വിചാരിച്ചവർക്ക് വലിയ അബദ്ധമാണ് സംഭവിച്ചത്. കേരളത്തിലെ വിവിധ മതവിഭാഗങ്ങളിലെ വിശ്വാസികൾ തങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിൽ മത സംഘടനകൾ പറയുന്നിടത്ത് നിൽക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞു കാണുന്നത്.
സംഘ്പരിവാറിന് വാതിൽ തുറന്നിടുന്ന സമീപനം
കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ സംസ്ഥാനമാണ്. വർഗീയതയുടെ പാതയിലേക്ക് സംസ്ഥാനത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ ശക്തികളും ചില ന്യൂനപക്ഷ തീവ്രവാദ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ കേരളം വർഗീയതയുടെ വിളനിലമായി മാറും. തിരുവനന്തപുരം കോർപറേഷൻ ബിജെപിയുടെ കരങ്ങളിലേക്ക് എത്തിച്ചുകൊടുത്തതിൽ മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുടെ ജാഗ്രതക്കുറവാണ് പ്രധാന കാരണം. സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ നടന്ന ഡീലിമിറ്റേഷനിൽ ബിജെപിക്ക് കോർപറേഷൻ ജയിച്ചുകയറാൻ പാകത്തിലുള്ള വാർഡ് വിഭജനം നടന്നുവെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന വിധത്തിലാണ് സർക്കാറിന്റെയും സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെയും നയസമീപനങ്ങൾ.
പൂർണമായും ആർഎസ്എസ് ഉദ്ദേശിക്കുന്ന വിധത്തിലുള്ള പാഠ്യപദ്ധതികൾ ഉൾക്കൊള്ളുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് പിഎം ശ്രീയുടെ ലക്ഷ്യമെന്ന് ഏറ്റവും നന്നായി അറിയുന്ന സംസ്ഥാന സർക്കാർ അതിൽ ഒപ്പുവെച്ചത് വഴിയുണ്ടായ വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. സംഘടനാപരമായി ബിജെപിക്ക് ശക്തിയാർജ്ജിക്കാനുള്ള സാഹചര്യങ്ങൾ മാത്രമല്ല, പ്രത്യയശാസ്ത്രപരമായി സംഘ്പരിവാറിന് വളരാനുള്ള വേദിയായി മതനിരപേക്ഷതക്ക് മാതൃകയായ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൂടിയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വഴിമരുന്നിട്ടിരിക്കുന്നത്.
മൃദുഹിന്ദുത്വത്തിനെതിരെയുള്ള ഉണരണം
ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ മയപ്പെടുത്തുന്ന സമീപനം കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ എംപി കൂടിയായ ശശി തരൂരിന്റെ സമീപകാല നയനിലപാടുകളിൽ സംഘ്പരിവാറിനോടുള്ള മൃദുസമീപനം നിഴലിച്ചുകാണുന്നുണ്ട്. വികസനകാര്യങ്ങളിൽ നരേന്ദ്രമോദിയെയും ബിജെപിയെയും അംഗീകരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഇങ്ങനെയുള്ള മൃദുത്വത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. രാജ്യം ഏതെല്ലാം വിധത്തിൽ പുരോഗതി പ്രാപിച്ചാലും വികസനത്തിന്റെ ഉത്തുംഗതയിൽ എത്തിയാലും രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള മതിലുകൾ സൃഷ്ടിച്ച് അവർ പരസ്പരം കഴുത്തറുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെങ്കിൽ പറയപ്പെടുന്ന വികസനങ്ങൾ കൊണ്ട് ശതകോടീശ്വരന്മാർക്ക് മാത്രമെ പ്രയോജനമുണ്ടാകൂ എന്ന കാര്യത്തിൽ സംശയമില്ല.
ഹിന്ദുത്വത്തോട് മൃദുത്വം പ്രകടിപ്പിക്കുന്ന സമീപനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രശില്പികളുടെ സങ്കല്പങ്ങളെ ഗളഹസ്തം ചെയ്യലാണെന്നുമുള്ള തിരിച്ചറിവ് മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും അവയുടെ നേതാക്കൾക്കും നഷ്ടപ്പെട്ടുകൂടാ. മൃദുഹിന്ദുത്വത്തിനെതിരെ ജാഗ്രത വേണമെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒരേ സമയം ഭൂരിപക്ഷങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കുകയും അതിനായി വർഗീയതയെ കൂട്ടുപിടിക്കുകയും ചെയ്യുന്ന പ്രവണതകൾക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണ് ഇത്തവണത്തെ തദ്ദേശ ജനവിധി.

