പെണ്ണുടൽ ചർച്ചയിലെ നേരും തെറിയും

ഡോ. അബ്ദുല്ലാ ബാസിൽ സിപി

2025 ജനുവരി 18, 1446 റജബ് 18

പെണ്ണുടലുകളുടെ വസ്തുവൽകരണവും ചരക്കുവൽകരണവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സ്ത്രീ പീഡനത്തിന്റെ ‘വാമൊഴി വഴക്കുകളാ’ണിപ്പോൾ മീഡിയയിലും കോടതിയിലും. നേരും നെറിയും നഷ്ടപ്പെട്ട ആൾക്കൂട്ടത്തിന് തെറിയുടെ മേമ്പൊടി നൽകിയതിലെ ദുഷ്ടലാക്കെന്ത്? ആരാണതിന്റെ ഗുണഭോക്താക്കൾ?

ഈ ലോകം മുഴുക്കെ ഒരു ചന്തയാണ്, അവിടെ നടക്കുന്നതെല്ലാം വിൽക്കൽ വാങ്ങലുകളും-ഇതാണ് ലളിതമായി പറഞ്ഞാൽ മുതലാളിത്ത ലോകവീക്ഷണം. ഒരു അധ്യാപകൻ വിൽപനക്കാരനാണ്, അയാൾ തന്റെ അറിവും അധ്യാപനത്തിനുള്ള കഴിവും വിറ്റ് ശമ്പളം എന്ന ലാഭം വാങ്ങുന്നു. ഒരു എഴുത്തുകാരൻ തന്റെ എഴുതാനുള്ള കഴിവും പാട്ടുകാരൻ പാടാനുള്ള കഴിവുമെല്ലാം വിറ്റ് പണമുണ്ടാക്കുന്നു. അത് കേൾക്കാൻ വരുന്നവർ ആ ആസ്വാദനം പണം കൊടുത്തു വാങ്ങുന്ന ഉപഭോക്താക്കളും. ഇങ്ങനെ എല്ലാ സാമ്പത്തിക ഇടപാടിലും ഒരു വിൽപനക്കാരനെയും വിൽപനച്ചരക്കിനെയും ഉപഭോക്താവിനെയും നമുക്ക് കാണാനാകും.

ഇനി നമുക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലേക്ക് വരാം. ഏതാനും വർഷങ്ങളായി വർധിച്ചു വരുന്ന ഒരു പ്രവണതയായിരുന്നു ചില പ്രത്യേകതരം ഉദ്ഘാടനങ്ങൾ. അഭിനയരംഗത്ത് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും തങ്ങളുടെ ശരീരം പ്രദർശിപ്പിക്കുന്ന രീതിയിൽ ആഭാസകരമായ വസ്ത്രധാരണം നടത്തുന്ന നടിമാരെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നു. അവരുടെ ശരീരപ്രദർശനം കാണാൻ വലിയൊരു വിഭാഗം തടിച്ചുകൂടുന്നു. അത് പരമാവധി വൃത്തികെട്ട രീതിയിൽ ഫോട്ടോയും വീഡിയോയുമെടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നു. ചിലയിട ങ്ങളിലെങ്കിലും ഈ ശരീരം പ്രദർശിപ്പിക്കാൻ വരുന്ന സ്ത്രീകളെ ഉദ്ദേശിച്ച് ദ്വയാർഥത്തിലുള്ള കോമഡികളും അതിന് വലിയ കൈയടികളും ലഭിക്കുന്നു!

മുതലാളിത്തത്തിന്റെ കണ്ണിലൂടെ ഈ ഉദ്ഘാടന ബിസിനസിനെ നമുക്കൊന്ന് നോക്കാം. ഇവിടെ ആരാണ് വിൽപനക്കാർ? ഈ നടിമാരും അവരെ വിളിക്കുന്ന ബിസിനസ് മുതലാളിമാരും! ആരാണ് ഇവരുടെ ഉപഭോക്താക്കൾ? ശരീരപ്രദർശനം കാണാനെത്തുന്ന വലിയൊരുകൂട്ടം ഞരമ്പുരോഗികൾ! എന്താണ് അവിടെയുള്ള വിൽപനച്ചരക്ക്? എന്ത് കാണാനാണ് / ആസ്വദിക്കാനാണ് ആ ഉപഭോക്താക്കൾ അവിടെ തടിച്ചുകൂടുന്നത്? അവിടെ ഏതെങ്കിലും കലാപ്രകടനമോ വിജ്ഞാനസദസ്സോ ഒന്നും നടക്കുന്നില്ല. അതൊന്നും പ്രതീക്ഷിച്ചല്ല അവരവിടെ തടിച്ചുകൂടുന്നത്. പിന്നെന്ത് പ്രതീക്ഷിച്ചാണ്, എന്താണ് ആ വിൽപന വസ്തു? നിഷ്‌കളങ്കമായി ചിന്തിച്ചാൽ ആർക്കും എത്തിച്ചേരാൻ സാധിക്കുന്ന ഒരേയൊരു ഉത്തരം ‘സ്ത്രീശരീരം’ എന്നതാണ്!

ആകർഷകമായ ശരീരമോ അത് വെളിവാക്കുന്ന രൂപത്തിലുള്ള വസ്ത്രധാരണമോ ഇല്ലായിരുന്നെങ്കിൽ; കേവലം അഭിനയത്തിൽ നിന്നുള്ള പ്രശസ്തി മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഈ വാല്യു കിട്ടുമായിരുന്നോ? ഇല്ല! അഥവാ സ്ത്രീശരീരം കമോഡിഫൈ ചെയ്യുകയായിരുന്നു ഇവർ ചെയ്തിരുന്നത്. അങ്ങനെ വസ്തുവൽകരണവും (ഒബ്ജക്റ്റിഫിക്കേഷൻ) ചരക്കുവത്കരണവും (കമോഡിഫിക്കേഷൻ) സ്വയം ചെയ്ത്, അത് ആഘോഷിച്ച്, അതിൽനിന്ന് വരുമാനമുണ്ടാക്കുകയായിരുന്നു ഇവർ!

ഇങ്ങനെ ശരീരപ്രദർശനവും അനുബന്ധിയായി ഉദ്ഘാടനച്ചടങ്ങുകളുമായി കച്ചവടം തകൃതിയായി മുന്നോട്ടുപോകുന്നതിനിടയിലാണ്, ഇവരുടെ ഈ കച്ചവടത്തിന്റെ ഉപഭോക്താക്കൾതന്നെ ഇവരുടെ വിൽപനച്ചരക്കായ ശരീരഭാഗങ്ങളെ പറ്റി ലൈംഗികച്ചുവയുള്ള സംസാരങ്ങൾ നടത്തുന്നതും കമന്റടിക്കു ന്നതും! സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടാൽ പുരുഷന്മാർക്ക് ലൈംഗിക ചിന്തകൾ തന്നെയാണുണ്ടാവുക എന്നത് സാമാന്യയുക്തിയാണ്. അതല്ലാതെ ഒരു നഗ്‌നമേനി കണ്ടാൽ പുരുഷൻ ഒരിക്കലും ഒന്നാം ലോക മഹായുദ്ധത്തെ പറ്റിയോ, ആഗോളതാപനത്തെ പറ്റിയോ അല്ലല്ലോ ചിന്തിക്കുക! എന്നാൽ അത്തരം ചിന്തകൾ മനസ്സിൽ ഒതുക്കുന്നതിനുപകരം ചില ഞരമ്പുരോഗികൾ അത് പുറത്തുപറയുകയും കമന്റിടു കയും ചെയ്തതോടെ ഉപഭോക്താക്കൾക്കെതിരെ കച്ചവടക്കാർ യുദ്ധം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്!

അഥവാ ഇവർ ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചവർ തന്നെയായിരുന്നു (ഇനിയും അത് തുടരുന്നെങ്കിൽ അവർ തന്നെയാണ്) ഇവരുടെ ഉപഭോക്താക്കൾ. അവരുടെ താൽപര്യങ്ങളാണ് ഈയാളുകൾ ഇത്രയും കാലം സാധിച്ചുകൊടുത്തത്. അത് ഉപയോഗിച്ചാണ് ഇവർ പണമുണ്ടാക്കിയത്. നേരിട്ട് കമന്റ് ഇട്ട് കൂടുങ്ങിയവർ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ആ കമന്റ് മനസ്സിൽ പറയുന്നവരാണ് ഭൂരിപക്ഷം!

ഇതെല്ലാമാണെങ്കിലും ഇതൊന്നും ഈ ഞരമ്പുരോഗികൾ ചെയ്യുന്ന പ്രവർത്തിക്ക് ന്യായീകരണമാകുന്നില്ല. മുതലാളിത്ത വ്യവസ്ഥയിൽ ഇങ്ങനെയെല്ലാമാണെങ്കിലും അതിനപ്പുറം ഒരു വ്യക്തിക്ക് മൂല്യമുണ്ടെന്നും, അവരുടെ വസ്ത്രധാരണരീതി അവരെ ഉപദ്രവിക്കാനോ അസഭ്യം പറയാനോ ഉള്ള ന്യായമല്ലെന്നുമുറപ്പാണ്.

എന്നാൽ ഈ രണ്ടുതലങ്ങളെയും മറന്നുകൊണ്ടുള്ള പക്ഷംപിടിക്കലുകളാണ് പൊതുവിൽ കാണാനായത്. ഒന്നുകിൽ വസ്ത്രസ്വാതന്ത്ര്യം പറഞ്ഞ് സ്ത്രീശരീരത്തെ വസ്തുവത്കരിച്ചതിനെ അനുകൂലിക്കുക, അതല്ലെങ്കിൽ ദ്വയാർഥ പ്രയോഗങ്ങളിലൂടെ ആഭാസങ്ങൾ വിളിച്ചുപറഞ്ഞവരുടെ കൂടെ നിലകൊള്ളുക!

ഇവിടെ അടിസ്ഥാനപരമായി സംഭവിക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും മൗലികമായ പ്രകൃതത്തെ കണക്കിലെടുക്കാതെ ചർച്ച ചെയ്യുന്നു എന്നതാണ്. സ്ത്രീയുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുമ്പോഴെല്ലാം ‘സ്വാതന്ത്ര്യം’ എന്ന ഒറ്റ നുകത്തിൽ കൊണ്ടുകെട്ടുകയും അതിനപ്പുറത്തേക്ക് ചിന്തിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് പലർക്കും പറ്റുന്ന അബദ്ധം. ഒരു പ്രവൃത്തി ക്ക് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്നതിനപ്പുറവും സാമൂഹിക തലങ്ങളുണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യവും സമത്വവും സുരക്ഷയുമെല്ലാം പല ഘട്ടങ്ങളിലും നേർക്കുനേർ വന്നേക്കാം. അവിടെ എന്തിന്, എപ്പോൾ പ്രാധാന്യം നൽകണം എന്ന് തീരുമാനിക്കാൻ പരിമിതമായ മനുഷ്യയുക്തിക്ക് പരിമിതിയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ തിരിച്ചറിവ്. അതുകൊണ്ട് തന്നെയാണ് അവിടെ നമ്മുടെ പരിമിതയുക്തിയിൽ കിടന്ന് കറങ്ങാതെ എല്ലാമറിയുന്ന സ്രഷ്ടാവിന്റെ കൽപനകൾ പരിശോധിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നത്.

ആണിനെയും പെണ്ണിനെയും പരസ്പരം ആകർഷിക്കുന്ന രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. അതങ്ങനെ തന്നെയേ ആകാവൂ, മനുഷ്യകുലത്തിന്റെതന്നെ നിലനിൽപ്പ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത് അതിലാണ്. ആണും പെണ്ണും പരസ്പരം ആകർഷിക്കുകയും ഇണചേരുകയും ചെയ്‌തെങ്കിൽ മാത്രമെ മനുഷ്യകുലത്തിന് തുടർച്ചയുണ്ടാകൂ.

എങ്ങനെയാണ് ഇണചേരാനുള്ള ചിന്തകളുണ്ടാകുന്നത്? അത് സ്ത്രീക്കും പുരുഷനും വ്യത്യ സ്തമാണ് എന്നാണ് മനഃശാസ്ത്ര-ന്യൂറോസയൻസ് ഗവേഷണങ്ങൾ പറയുന്നത്. പുരുഷന് ലൈംഗിക ചിന്തകളുണ്ടാകുന്നത് പ്രധാനമായും നോട്ടം കൊണ്ടാണെങ്കിൽ, സ്ത്രീക്ക് അത് സാമീപ്യവും സംസാരവും കൊണ്ടാണ്. അഥവാ സ്ത്രീയുടെ നഗ്‌നമേനിയിലേക്കുള്ള നോട്ടം പുരുഷനിൽ ലൈംഗിക ചിന്തകളുണർത്തും, അവനിൽ അത്തരം ഹോർമോണുകൾ ഉദ്പാദിപ്പിക്കപ്പെടുകയും അത് ശരീരത്തിലും ചിന്തയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുമെന്നത് ശാസ്ത്രം.

ഇവിടെയാണ് നോട്ടം വഴി പുരുഷന് ലൈംഗിക ചിന്തകളും അതുവഴി മാനസികവും ശാരീരികവുമായ മാറ്റങ്ങളുമുണ്ടാകുമെങ്കിൽ അത് സ്ത്രീസുരക്ഷയെ ബാധിക്കുന്നതാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത്. പുരുഷൻ നോട്ടം നിയന്ത്രിക്കുകയും സ്ത്രീ നഗ്‌നത പ്രദർശിപ്പിക്കാതിരിക്കലുമാണ് ഇതിനുള്ള പരിഹാരം എന്നത് വ്യക്തം. പുരുഷൻ നിയന്ത്രിച്ചാൽ പോരേ, സ്ത്രീ എന്തിനാണ് വസ്ത്രം ശ്രദ്ധിക്കുന്നത് എന്നതാണ് ഇതിനോടുള്ള ഉടനടിയുള്ള ലിബറൽ പ്രതികരണം. സമൂഹത്തിലുള്ള പുരുഷന്മാരെല്ലാം സ്ത്രീകളെ കാണുമ്പോൾ തന്നെ താഴോട്ട് നോക്കി നടക്കുന്നവരും ലൈംഗിക വിശുദ്ധി പാലിക്കുന്ന സൽസ്വഭാവിക ളുമായ ഒരു ഉട്ടോപ്യയിൽ ഇപ്പറഞ്ഞ ന്യായം പരിഗണിക്കാം. പക്ഷേ, യാഥാർഥ്യം അതല്ലെന്നത് പകൽ പോലെ വ്യക്തമാണ്.

ധാർമിക ചിന്തകളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത പുരുഷന്മാർ സ്ത്രീയുടെ നഗ്‌നത കണ്ടാൽ നോക്കുമെന്നതും അതിനെ തുടർന്നുള്ള മോശം ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും പോകുമെന്നതും പരിഗണിക്കുമ്പോഴാണ് ഇപ്പോൾ വിവാദമായ ശരീരപ്രദർശനം ഗൗരവകരമാകുന്നത്. പൊതുമധ്യത്തിൽ അങ്ങേയറ്റം ആഭാസകരമായ വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് പുരുഷന്റെ ആഗ്രഹം മാത്രമാണ് പൂർത്തീകരിക്കപ്പെടുന്നത്. അവന് കണ്ടാസ്വദിക്കാനുള്ള കേവലം ഉപഭോഗവസ്തുവായി സ്ത്രീശരീരം മാറുന്നു എന്നതിന്റെ ഗൗരവം എന്തുകൊണ്ടാണ് സ്ത്രീപക്ഷവാദികൾക്ക് പോലും മനസ്സിലാകാത്തത്?

നഗ്‌നത പ്രദർശിപ്പിക്കുന്ന സ്ത്രീശരീരം കണ്ടാൽ പുരുഷന്റെ തലച്ചോർ അതിനെ ഒരു ‘വസ്തു’ മാത്രമായാണ് പരിഗണിക്കുക എന്ന, തലച്ചോറിനെ പറ്റിയുള്ള ഗവേഷണങ്ങൾ കൂടി പരിഗണിക്കുമ്പോൾ ചിത്രം വ്യക്തം! ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്തെന്നാൽ, ഇതുകൊണ്ട് ഇവർക്ക് മാത്രമല്ല പ്രശ്‌നമുണ്ടാവുക എന്നതാണ്. പ്രിവിലേജ് ഉള്ള ഇത്തരം നടിമാർ ശരീരപ്രദർശനം ചെയ്താൽ ഇവർക്ക് ഇത്തരത്തിൽ എന്തെങ്കിലും ദുരനുഭവമുണ്ടായാൽ കേസുകൊടുക്കാനും അത് വാർത്തയാക്കാനും സാധിക്കും. എന്നാൽ അത് സമൂഹത്തിലെ മറ്റു സ്ത്രീകളെ ബാധിക്കുന്നത് വേറൊരു തരത്തിലാണ്. ഇവർ സ്ത്രീശരീരം ഒബ്‌ജെക്റ്റിഫൈ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്‌നം ബാധിക്കുക സമൂഹത്തിലെ പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെയാണ്.

സൈക്കോളജിയിൽ അതിനെ ‘ഡിസ്‌പ്ലെയിസ്ഡ് അഗ്രഷൻ’ എന്ന് പറയും. അഥവാ ഒരു ടാർഗറ്റിൽ നിന്ന് ലൈംഗിക ഉത്തേജനം ഉണ്ടാവുകയും എന്നാൽ അത് തനിക്ക് അപ്രാപ്യവും ആകുമ്പോൾ അതിന്റെ മോഹഭംഗം പ്രാപ്യമായ മറ്റൊരു ടാർഗറ്റിൽ പോയി പുരുഷന്മാർ തീർക്കും. അഥവാ പ്രിവിലേജ് ഒന്നുമില്ലാത്ത സാധാരണ സ്ത്രീകളെയാണ് ഈ വസ്തുവത്കരണം ബാധിക്കുക. അവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുക. വൃദ്ധകളും കുട്ടികളും പോലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥ കൂടിവരുന്നതെന്തുകൊ ണ്ടെന്നത് ചിന്തിച്ചാൽ ആർക്കും കാര്യങ്ങൾ വ്യക്തമാകും.

ഇങ്ങനെ സ്ത്രീശരീരത്തെ വസ്തുവത്കരിച്ച്, ചരക്കുവത്കരിച്ച് സ്ത്രീകൾക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്ന അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത ഒരുഭാഗത്തും, ഇവരുടെ തന്നെ ഉപഭോക്താക്കളായ ഒരുകൂട്ടം ഞരമ്പുരോഗികൾ മറുഭാഗത്തും അണിനിരന്ന ഏറ്റുമുട്ടലാണ് നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ദ്വയാർഥ പ്രയോഗങ്ങളും പെൺവിരുദ്ധ തമാശകളും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എന്നത് നൽകുന്നത് ഒട്ടും ശുഭകരമായ സൂചനയല്ല. എല്ലാ നിലയ്ക്കുമുള്ള പെൺവിരുദ്ധതകളെയും ശക്തിയുക്തം എതിർത്തു തോൽപിക്കാൻ നാം മുന്നോട്ടുവരേണ്ടതുണ്ട്.