സമസ്ത, മടവൂർ ഖാഫില; ആദർശത്തിൽ ഒരേ തൂവൽപക്ഷികൾ
മൂസ സ്വലാഹി കാര
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

അന്ധവിശ്വാസങ്ങൾക്ക് ദീർഘായുസ്സില്ലെന്നും മതവാണിഭത്തിന് വേരുറപ്പില്ലെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന സംഭവങ്ങളുടെ വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. സമസ്തയുടെ മുസ്‌ലിയാക്കന്മാർ അവരുടെ വ്യാജ വലിയ്യായ സി.എം മടവൂരിനെപ്പറ്റി നുണക്കഥകൾ പടച്ചുണ്ടാക്കിയും പാടിപ്പരത്തിയും അയാളെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുകയാണ്. മതത്തെ മറയാക്കി ഇതിനായി ഉണ്ടാക്കപ്പെട്ട ചാനൽ സംവിധാനമായ ‘മടവൂർ ഖാഫില’ക്കും അതിന് ചുക്കാൻ പിടിച്ച അബ്ദുല്ലത്വീഫ് സഅദിക്കും വിലങ്ങ് വീണതാണിപ്പോൾ സമൂഹത്തിലെ ചർച്ചാ വിഷയം.
സമസ്തയുടെ സ്ഥാപിത ആശയത്തിൽ നിലയുറപ്പിച്ച് യാത്ര തുടങ്ങിയ ഖാഫിലയുടെ ഡ്രൈവർ സഅദിക്ക് അദ്ദേഹത്തിന്റെ വികല വിശ്വാസ പ്രയാണം വിനയായിരിക്കുകയാണ്. മടവൂരിനോട് പ്രിയം വെച്ചവർ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ നേരിട്ടും അല്ലാതെയും സ്ഥല, കാല, സമയ തടസ്സങ്ങളില്ലാതെ അയാൾ സഹായത്തിനെത്തിയ കഥകൾ ഖാഫില വഴി ആളുകളെ കേൾപിച്ച ഇദ്ദേഹം തളരാനും തകരാനും കാരണമായ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഒരു സമാധാന വാക്കുപോലും പറയാൻ സി.എം വന്ന വിവരം ലഭ്യമായിട്ടില്ല! ഖാഫിലയിലൂടെയും മറ്റും അനുഭവം പങ്കുവച്ചവരിൽനിന്ന് കേട്ടതെല്ലാം യാഥാർഥ്യമാണെന്നും അതൊന്നും വ്യർഥമല്ലെന്നും പച്ചയായി തെളിയിച്ച് കൊടുക്കാൻ തയ്യാറായി സകല മുസ്‌ലിയാക്കന്മാരും ഈ സന്ദർഭത്തെ ഒരു ആദർശ പോരാട്ടമായി ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നാണ് പറയാനുള്ളത്.
സമസ്തയുടെ വിശ്വാസം മുൻനിറുത്തിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ വരുമ്പോൾ പണ്ഡിതവേഷധാരികൾ പരുങ്ങുന്നതും പതുങ്ങുന്നതും യഥാർഥ വിശ്വാസത്തിനു മുമ്പിൽ ഇവർക്ക് മുട്ട് മടക്കേണ്ടിവരുമെന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ്.
ശിർക്കിൽ കുറ്റിയടിച്ച് അണികളെ അതിൽ കെട്ടിയിടാൻ വ്യത്യസ്ത ആത്മീയ ചൂഷണ മാർഗങ്ങളാണ് ഇക്കൂട്ടരുടെ മേൽനോട്ടത്തിലുള്ളത്. ജീവിതകാലത്തെക്കാൾ മരണാനന്തരം ഔലിയാക്കൾക്ക് കഴിവ് കൂടുമെന്നും അവർ ഇഛിച്ചിക്കുന്നതെന്തും ചെയ്യുമെന്നും അല്ലാഹുവിന്റെ പ്രകാശം രഹസ്യമായി അവരിലേക്ക് വന്നിട്ടുണ്ടെന്നും ഇന്നും ഇവർ വിശ്വസിക്കുന്നു. തെളിവ് കാണുക:
“അപ്പോൾ നബിമാരിൽനിന്ന് അസാധാരണ സംഭവങ്ങൾ, അതായത് അത്ഭുതങ്ങൾ വെളിവാകുന്നതു പോലെ ഔലിയാക്കളിൽനിന്നും വെളിവാകും. മതപരമായി ഒരു തടവും അതിനില്ല. ഔലിയാക്കളിൽ നിന്ന് ഇന്ന അസാധാരണ സംഭവം മാത്രമെ ഉണ്ടാകാവൂ, ഇന്നത് ഉണ്ടായിക്കൂടാ എന്ന് പരിധി നിശ്ചയിക്കാൻ നമുക്ക് കഴിയുകയില്ല. ഏതു നിലയിൽ കൂടിയുള്ള അസാധാരണ സംഭവങ്ങളും അവർ കാരണമായി ഉണ്ടാകാം’’ (ശൈഖുൽ മശാഇഖ് സി.എം വലിയുല്ലാഹ്/പേജ് 38).
എല്ലാ അന്ധവിശ്വാസങ്ങളും പൊട്ടിമുളക്കാൻ കാരണമായിട്ടുള്ള ഈ പിഴച്ച വാദങ്ങളുടെ അപകടം നിസ്സാരമാണോ?
അല്ലാഹു പറയുന്നു: “അപ്പോൾ ഓരോ വ്യക്തിയും പ്രവർത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവൻ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?). അവർ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങൾ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അവൻ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങൾ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങൾ പറയുന്നത്) ഉപരിപ്ലവമായ ഒരു സംസാരമാണോ? അല്ല, സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാർഗത്തിൽനിന്ന് അവർ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗത്തിലാക്കുന്നപക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല’’ (13:33).
സമസ്തയും മടവൂർ ഖാഫിലയും ആദർശത്തിൽ ഒരേ തൂവൽപക്ഷികൾ
മടവൂർ ഖാഫില ഒരു പക്ഷേ, പുരോഹിതന്മാർക്ക് കണ്ണിലെ കരടായിരിക്കാം. എന്നാൽ അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളിൽനിന്ന് ഒരിക്കലും അവർക്ക് ഓടിയൊളിക്കാൻ കഴിയില്ലെന്നതിന് സമസ്തയുടെ കൈയൊപ്പുള്ള രേഖകൾ സുലഭമാണ്. മടവൂരിലെ ചിറ്റടിമീത്തൽ വീട്ടിൽവച്ച് ശവ്വാൽ നാലിന് മടവൂരിന്റെ 35ാം ആണ്ട് കാന്തപുരം, സുലൈമാൻ മുസ്‌ലിയാർ, പേരോട് അടക്കമുള്ളവരുടെ സമക്ഷത്തിലല്ലേ വിപുലമായി ആഘോഷിച്ചത്!
അല്ലാഹുവിന്റെ മാത്രമായ വിശേഷണങ്ങളും പ്രത്യേകതകളും സിഎമ്മിനുണ്ടെന്ന് അവകാശപ്പെട്ട് എത്രയോ മുസ്‌ലിയാക്കന്മാർ സംസാരിച്ചിട്ടുണ്ട്. കളവിനാൽ അലങ്കരിക്കപ്പെട്ട. അദ്ദേഹത്തിന്റെ അപദാനങ്ങൾ കൂട്ടം കൂട്ടമായി പാടിയതിലെ ഓരോ വരിയിലും ശിർക്കും കുഫ്‌റും നിറഞ്ഞൊഴുകുകയാ യിരുന്നു. സഅദിയുടെ ചാനൽ മുഖേന പലർക്കും കേൾക്കേണ്ടി വന്ന അന്ധവിശ്വാസങ്ങൾ അതിനെക്കാൾ പെരുപ്പത്തിൽ സമസ്തയുടെ ഔദ്യോഗിക വേദികളിൽ വിളിച്ച് പറയുമ്പോൾ ഇവർക്ക് ഒന്നടങ്കം ഇക്കാര്യത്തിലെ പ്രതികളാണെന്ന് വ്യക്തം.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ അവതാരികയോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുസ്‌ലിയാക്കന്മാർ മടവൂരിനെ പരിചയപ്പെടുത്തുന്നത് കാണുക: “ആയിശ പ്രസവ വേദന കടിച്ചിറക്കുകയാണ്. അവർ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. മടവൂർ കളപ്പിലാവ് തറവാട്ടിൽ ഈ കുട്ടിയാണ് പിൽകാലത്ത് വിശ്വപ്രശസ്തനായിത്തീർന്ന ശൈഖ് സി.എം. വലിയുല്ലാഹി. അതെ, ഖുതുബുൽ ആലം ശൈഖ് മുഹമ്മദ് അബൂബക്കർ(റ)’’ (വലിയുല്ലാഹി സി.എം മടവൂർ; മായാത്ത മുദ്രകൾ/ജാമിഅ: അശ്അരിയ്യ, സിഎം മഖാം മടവൂർ/പേജ് 36).
“ഇശ്ഖിന്റെ മൂർധന്യതയിൽ നഷ്ടപ്പെട്ട സമചിത്തത തിരിച്ചുകിട്ടി. ബോധം തെളിഞ്ഞു. അടുത്തുണ്ടായിരുന്ന ഉമർ ഹാജിയോട് സംഭവിച്ചത് സിഎം പറഞ്ഞു. റൗളാ ശരീഫിനുള്ളിൽ ഒരു പ്രകാശ പ്രഭാവം ഉയർന്ന് വന്നു. അത് തന്നെ വലയം ചെയ്തു. തുടർന്ന് എന്ത് സംഭവിച്ചെന്നറിയില്ല. ആ പ്രകാശവലയം ആത്മീയ ജ്ഞാന പ്രഭയായിരുന്നു. ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും അന്തസ്സത്ത. ഭാവി ജീവിതത്തിലെ തമസ്സകറ്റാൻ പര്യാപ്തമായ പ്രകാശം. സന്മാർഗത്തിന്റെ പ്രകാശം നേരായ പാതയിൽ കത്തിജ്ജ്വലിച്ച പ്രകാശം. സി എം അത് ആവാഹിച്ചു. അവരത് അനുഭവിച്ചു’’ (പേജ് 74).
പ്രകാശത്തെ ആവാഹിച്ചു, ലോകനിയന്ത്രകനായി എന്നിങ്ങനെയുള്ള പുകഴ്ത്തലുകളും നബിﷺയുടെ ജനനത്തോടും വളർച്ചയോടും സാദൃശ്യപ്പെടുത്തി മടവൂരിന്റെ ചരിത്രം അവതരിപ്പിച്ചതും പുരോഹിതന്മാരെ കൂടുതൽ വഷളത്തരത്തിലേക്ക് നയിച്ചു. പ്രവാചകർക്ക് പോലും കൈവരിക്കാൻ സാധിച്ചിട്ടില്ലാത്ത കഴിവുകളും പദവികളും മാനസികരോഗിയായി ജീവിച്ച ഇയാൾക്ക് കിട്ടുമെന്ന് വിശ്വസിക്കാൻ മാത്രം മതത്തിന്റെ കാര്യത്തിൽ അറിവില്ലാത്തവരാണല്ലോ ഇവരുടെ അനുയായികൾ എന്നോർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്.
കാരന്തൂർ മർകസിലെ മുദർരിസ്സായിരുന്ന അബ്ദുൽ ബസ്വീർ സഖാഫി എഴുതിയതും കാന്തപുരം അവതാരികയെഴുതിയതുമായ ‘അൽമൗലിദുന്നൂരി ലിൽ ഗൗസിൽ മടവൂരി’ എന്ന പുസ്തകത്തിൽ ഇയാളെ സംബന്ധിച്ച് ‘മുദബ്ബിറുൽ ആലം,’ ഒരു കാര്യം ഉണ്ടാകാൻ അതിനോട് ‘കുൻ’ എന്നു പറഞ്ഞാൽ അതുണ്ടാകും, ഡോക്ടർമാർ മരണം വിധിച്ച ആളെ ജീവിപ്പിച്ചു, ‘എന്റെ ശൈഖേ, എന്നെ ശുദ്ധിയാക്കണേ,’ ‘എന്റെ ലക്ഷ്യമേ,’ ‘എവിടെയായിരുന്നാലും ഇഷ്ടക്കാരോട് കാരുണ്യവും അനുകമ്പയുമുള്ള സഹായിയേ,’ ‘അടുത്തും അകലെയുമുള്ളവരുടെ ഹൃദയങ്ങളെ കേൾക്കുകയും അറിയുകയും ചെയ്യുന്നു’ എന്നിങ്ങനെ അല്ലാഹുവിന്റെ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുന്നത് കാണാം.
സമസ്തയുടെ ആശയം പ്രതിസ്ഥാനത്ത് നിൽക്കുന്നുവെന്ന് വ്യക്തം. ഈ (വ്യാജ) വലിയ്യിന്റെ ഇത്തരം കഴിവുകൾ സമസ്തയിലെ ആർക്കൊക്കെയാണ് കിട്ടിയത്, കിട്ടിക്കൊണ്ടിരിക്കുന്നത് എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമില്ലല്ലോ! അല്ലാഹുവിനെ ഏക ആരാധ്യനായി സ്വീകരിക്കാനും ജനങ്ങളെ അതിലേക്ക് വഴിനടത്താനും പിഴവിലകപ്പെട്ട ഇവർക്ക് കഴിയുമോ?
ക്വുർആൻ പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൻമേൽ അവൻ മുദ്രവെക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങൾക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തിൽ നാം തെളിവുകൾ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവർ പിന്തിരിഞ്ഞ് കളയുന്നു’’ (6:46).
തല മുതിർന്ന സമസ്ത മുസ്‌ലിയാക്കന്മാർ ഒന്നിച്ചിറക്കിയ സിഎം സ്മരണികയിലൂടെ ഇയാളെ പോലെയുള്ള വ്യാജന്മാരെ അല്ലാഹുവിനെപ്പോലെയാക്കിയത് ഇന്നും അതുപോലെ അവശേഷിക്കുകയാണ്. കാന്തപുരം അതിൽ കാര്യമായി എഴുതിയ അനുഭവം ഈ സമയത്ത് ഏറെ പ്രസക്തമാണ്. സ്വപ്നത്തിൽ മടവൂർ വന്ന് കാന്തപുരത്തെ ബാധിച്ച 110 ഡിഗ്രി പനി ഭേദമാക്കിയതിന് ശേഷം നടന്നതായി അയാൾ പറയുന്നു:
“എന്നാൽ അതിലധികം എന്നെ അത്ഭഭുതപ്പെടുത്തിയ സംഭവമാണ് പിന്നീട് ഉണ്ടായത്. എന്റെ പനിമാറി, ക്ഷീണമെല്ലാം പാടെ വിട്ടകന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ താമരശ്ശേരിയിലൊരു വീട്ടിൽ ശൈഖുനാ വന്നിട്ടുണ്ടെന്ന് ഞാൻ കേട്ടു. താമസിയാതെ ശൈഖുനായെ മുഖദാവിൽ കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഞാൻ അവിടെ ചെന്ന് സലാം പറഞ്ഞുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു. സലാം മടക്കി സ്ഫുടമായ അറബി ഭാഷയിൽ ശൈഖുനാ തുടർന്നു: “താങ്കൾ ഭയപ്പെടേണ്ട എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ? അതുകൊണ്ട് ഇപ്പോൾ വീണ്ടും ഞാൻ പറയുന്നു; താങ്കൾ ദുഃഖിക്കുകയും മുഷിപ്പാവുകയും വേണ്ട’’ (പേജ് 17).
മരിച്ച മടവൂർ നേരിട്ടു വന്നത് കാണാൻ കാന്തപുരം ഓടിച്ചെന്ന കഥയാണിത്. സിഎം ഭക്തനായ സഅദിയെ ആശ്വസിപ്പിക്കേണ്ട ഈ അനിവാര്യഘട്ടത്തിലെങ്കിലും ഇത്തരം വാക്കുകളുമായി മടവൂർ ഒരിക്കൽ കൂടി ഹാജറായിരുന്നെങ്കിൽ ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പോലെ അയാൾക്കത് സാന്ത്വനവും സമസ്തക്കത് സ്വസ്ഥതയുമാകും.
അല്ലാഹു തന്റെ ഔലിയാക്കൾക്ക് സന്തോഷ വാർത്തയായി നൽകിയതിനെ ഞാൻ അല്ലാഹുവാണെന്ന് സ്വയം അവകാശപ്പെട്ട ഒരാളിലേക്ക് ചേർത്തിപ്പറഞ്ഞത് എത്ര വലിയ വങ്കത്തമാണ്. ക്വുർആൻ പറയുന്നു: “ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ’’ (10:62,63).

സിഎമ്മിന്റെ വലിയ മുരീദും സേവകനുമായിരുന്ന ശാഹുൽ ഹമീദ് ബാഖവിയുടെ ജീവചരിത്രം കാന്തപുരത്തിന്റെയും മകൻ ഹകീമിന്റെയും അവതാരികതയോടെ ഇറക്കപ്പെട്ടിട്ടുണ്ട്. അതിലെ അത്യന്തം ഗുരുതരമായ ചില വരികൾ വായിക്കാം:
“അനേകം ആളുകൾ സങ്കടപ്പെടാറുള്ളത് കാണാറുണ്ട്; സി എം വലിയുല്ലാഹിയുടെ ജീവിത കാലത്ത് ജനിക്കാനും ആ മഹാനുഭാവനെ കാണാനും ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന്. സിഎം വലിയുല്ലാഹിയുടെ ദർഗയിൽ പോയി ഹൃദയം തുറന്നു സിയാറത്ത് ചെയ്ത്, യാസീനും ഖതമുകളും ഓതി ആത്മീയമായി ബന്ധം ഉണ്ടാക്കാൻ കഴിയും. സൗത്ത് ആഫ്രിക്കയിൽ പോയപ്പോഴും എനിക്ക് വിഷമങ്ങൾ ഉണ്ടായപ്പോൾ അവിടത്തെ വിളിച്ചപ്പോൾ എനിക്ക് ആവശ്യമായ സഹായം കിട്ടിയിട്ടുണ്ട്’’ (പുറപ്പെട്ടുപോക്കിന്റെ പൊരുളുകൾ/പേജ് 51).
എസ്‌വൈഎസ് ബുക്ക് സ്റ്റാൾ പുറത്തിറക്കിയ മടവൂർ മൗലിദ് ‘മൗലിദുന്നൂർ’ സമൂഹത്തെ പഠിപ്പിക്കുന്നതും ഇതുതന്നെ:
“എത്ര പ്രയാസങ്ങളാണ് ദുഃഖിതനിൽനിന്ന് നിങ്ങൾ നീക്കിയത്!്വയാ ശൈഖനാ, ഞങ്ങളെത്തൊട്ട് കുഴപ്പങ്ങൾ അകറ്റണേ. ശൈഖനാ എല്ലാ ഭീതിയിലും സഹായം നൽകി ഞങ്ങളിൽ നിർഭയത്വം ചൊരിയണേ’’ (പേജ് 16).
സമസ്തക്കാർക്കിടയിൽ ഒരുപാട് വേദനകൾ സഹിച്ചുകൊണ്ടാണ് ഖാഫിലയുടെ നേതാവ് നിലകൊള്ളുന്നത്. അയാളെക്കാൾ മടവൂരിലേക്ക് അടുക്കാൻ ഊർജം ഉപയോഗിക്കുന്നവർ പുരോഹിതന്മാരിൽ പോലും കുറവായിരിക്കും. ആദർശപ്പൊരുത്തം ശക്തിപ്പെടുത്താനെങ്കിലും മടവൂർ മഖാമിലെത്തി യാസീനോതി സഅദിയെ പ്രശ്‌നത്തിൽനിന്ന് കരകയറ്റാൻ ഏതെങ്കിലും ഒരു മുസ്‌ലിയാരോ ഒരു സംഘമോ രംഗത്തിറങ്ങണമെന്നാണ് അഹ്‌ലുസ്സുന്നക്ക് ആവശ്യപ്പെടാനുള്ളത്.
അല്ലാഹുവിൽ വിശ്വാസമർപ്പിച്ചവർ ഏത് പരീക്ഷണങ്ങളിൽ പെട്ടാലും ആ വിശ്വാസത്തിന് അതിൽ വിള്ളൽ വരുത്തുകയില്ല. ക്വുർആൻ പറയുന്നു: ‘അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ അവന്ന് ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (27:62).
കേസും കൂട്ടവുമായി കഴിയുന്ന അവസ്ഥയിലാണല്ലോ ഖാഫില വക്താവുള്ളത്. ഇത്തരം അനിവാര്യതകളിൽ രക്ഷകനായി മടവൂർ പ്രത്യക്ഷപ്പെടാറുണ്ടത്രേ! അവർ എഴുതിയത് കാണുക:
“നീറുന്ന സമസ്യകൾക്ക് ശൈഖുനാ പൂരണം കണ്ടു. വർഷങ്ങളോളം കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥതയുടെ പാരമ്യതയിലെത്തിയ അതിസങ്കീർണ്ണ പ്രശ്‌നങ്ങൾ തിരുസന്നിധിയിൽ മഞ്ഞുരുകും പോലെ ഇല്ലാതായി. കോടതിയും കേസുമായി കഴിയുന്നവരോട് കേസും വേണ്ട, വിചാരണയും വേണ്ട എന്ന തിരുമൊഴിയിൽ എല്ലാം നെല്ലും പതിരുമായി’’ (മടവൂർ മായാത്ത മുദ്രകൾ/പേജ് 198).
കഴക്കൂട്ടം ശംസുദ്ദീൻ മുസ്‌ലിയാർ എഴുതി, കാന്തപുരം പേര് നിർദേശിച്ച ‘ശൈഖുൽ മശാഇഖ് സി എം വലിയ്യുല്ലാഹ്(റ), കറാമത്തുകളും അനുഭവങ്ങളും’ എന്ന പുസ്തകത്തിൽ കൊടുത്തൊരു സംഭവം കാണുക:
“കുഞ്ഞഹമ്മദ് ഹാജിയും ഒരു മുസ്‌ലിയാരും ശൈഖുനായെ കാണാൻ കോഴിക്കോട് ശൈഖുനാ താമസിച്ചിരുന്ന വീട്ടിൽ എത്തി. അപ്പോൾ ബിസിനസുകാരായ ചിലരെ അവിടെ കാണാൻ കഴിഞ്ഞു. അവർ ഒരു കേസിൽപ്പെട്ടിരിക്കുന്നു. കേസിൽ പ്രതികൂലമായി വിധി വന്നാൽ അവർ തകർന്നു പോകുന്ന ഒരവസ്ഥയാണ് ഉണ്ടാകുമായിരുന്നത്. ഈ സാഹചര്യത്തിൽ ശൈഖുനായെ മുമ്പ് കാണാൻ വന്നപ്പോൾ കേസ് വേണ്ട എന്ന് മഹാനവർകൾ പറഞ്ഞിരുന്നു. അവസാനം കേസിന്റെ വിധി അവർക്ക് അനുകൂലമായി വന്നു’’ (പേജ് 86,87).
എഴുതി വിട്ടതും പ്രസംഗിച്ച് നടന്നതുമായ ഇത്തരം സംഭവങ്ങളെല്ലാം പൊള്ളത്തരങ്ങളാണെന്ന് പഠിപ്പിക്കാൻ പ്രമാണങ്ങൾ മുൻനിർത്തി വിശ്വാസി സമൂഹം ചോദ്യം ചെയ്യുമ്പോൾ അതെല്ലാം നൂറു ശതമാനം ശരിയാണെന്ന് തെളിയിക്കാനുള്ള സുവർണാവസരമാണ് പുരോഹിതന്മാർക്ക് വീണു കിട്ടിയിട്ടുള്ളത്.
മത, ഭൗതിക നിയമങ്ങൾ ലംഘിച്ച് ജീവിച്ച മടവൂരിന് മൂരീദായ സഅദിയുടെ കേസും വിചാരണയുമൊ ക്കെ അനായാസം ഒഴിവാക്കിക്കൊടുത്ത് അയാളെ മോചിപ്പിച്ചുകൂേെട? പ്രശ്‌നമുഖരിതമായ അന്തരീക്ഷത്തിൽ തങ്ങളുടെ ഔലിയാക്കളെ വിളിച്ചിറക്കി സമസ്തയുടെ വിശ്വാസം കളങ്കപ്പെട്ടിട്ടില്ലെന്ന് തുറന്ന് കാണിക്കാനുള്ള ചങ്കൂറ്റവും ശ്രദ്ധയും കാണിക്കാൻ ഇനിയെങ്കിലും മുശാവറകൾ തയ്യാറാകുമോ?
ഇതെല്ലാം വായിക്കുമ്പോൾ, ഒരു സംവിധാനത്തിന് മാത്രമല്ല; സമസ്ത ചട്ടിയിലിട്ട് വാട്ടി വയറ്റിയെടുക്കുന്നതിനെല്ലാം തകരാറുണ്ടെന്ന് ആർക്കും എളുപ്പത്തിൽ തിരിയും. കാരണം ഒന്ന് ഭോഷത്തരങ്ങൾക്ക് വരമൊഴി ശൈലി കൊടുത്താണെങ്കിൽ മറ്റൊന്ന് വാമൊഴിരീതി നൽകിയാണ്. രണ്ടും നടക്കുന്നത് ഒരാളെ കേന്ദ്രീകരിച്ച്, വിളിക്കുന്നത് ഒരേ ധാരയിലേക്ക്.
അല്ലാഹുവിനെ സത്യസന്ധമായി രക്ഷാധികാരിയാക്കിയവർക്ക് മാത്രമെ യഥാർഥ ആശ്വാസം രുചിക്കാനാകൂ. ക്വുർആൻ പറയുന്നു: “വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽനിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു’’ (2:257).
ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ഇതിനായി ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്. അത്തരക്കാർ പരാജയപ്പെടുന്നേടത്ത് താത്ക്കാലിക രക്ഷക്കായി അവർ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യുകയും അവനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നു! അപമാനിക്കപ്പെടുന്ന കാര്യങ്ങളിൽ മുഴുകുന്നവരെ ആരും ഗൗനിക്കുകയില്ല. അല്ലാഹു പറയുന്നു: “അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്നപക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു’’ (22:18).
ഇമാം ഹസനുൽ ബസ്വരി(റഹി) പറഞ്ഞു: “അല്ലാഹുവിനാൽ ഒരടിമ നിന്ദ്യതയിലായാൽ ഒരാളും അവനെ ആദരിക്കില്ല. പ്രത്യക്ഷത്തിൽ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയോ, അവന്റെ ഉപദ്രവത്തെ പേടിച്ചോ അവന് മഹത്ത്വം കൊടുത്താലും അവരുടെ ഹൃദയങ്ങളിൽ അവനോളം നിന്ദ്യനും നീചനമായ മറ്റൊന്നും ഉണ്ടാകില്ല.’’

