കൊണ്ടോട്ടിയിലെ ശിയാ ഉത്സവം പുനരാനയിക്കപ്പെടുമ്പോൾ
മൂസ സ്വലാഹി കാര
2025 മെയ് 31, 1446 ദുൽഖഅദ് 29

ശിയാ കക്ഷികളോട് പുറമെ വെറുപ്പ് കാണിച്ചും അവരുടെ പിഴച്ച ആശയങ്ങളെ വാരിപ്പുണർന്നും മുന്നോട്ട് പോകുന്ന വിഭാഗമാണ് സമസ്ത. അതിന് എത്രയോ ഉദാഹരണങ്ങൾ പല ലേഖനങ്ങളിലായി ‘നേർപഥ’ത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി നേർച്ച 14 വർഷങ്ങൾക്കു ശേഷം പുനരാനയിക്കപ്പെട്ടത് സമസ്തയുടെ ശിയാബാന്ധവം കൂടിക്കൊണ്ടിരിക്കുന്നു എന്നതിന് വലിയ തെളിവാണ്. ആരാണ് ഈ കൊണ്ടോട്ടി തങ്ങൾ? എന്താണ് കൊണ്ടോട്ടി നേർച്ച? നമുക്കൊന്ന് പരിചയപ്പെടാം.
കറകളഞ്ഞ ശിയാ-സൂഫി ആചാര്യനും നാഗ്പൂർ കർദാൻ സ്വദേശിയുമായ മുഹമ്മദ് ഷാ എന്ന വ്യക്തിയാണ് കൊണ്ടോട്ടി തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പലയിടങ്ങളിലും ചുറ്റിത്തിരിഞ്ഞതിന് ശേഷം മലബാറിലെ കൊണ്ടോട്ടിയിൽ കാളോത്ത് എന്ന കുന്നിൽ അയാൾ തമ്പടിച്ചു. ആത്മീയത ചമഞ്ഞും ചില ചെപ്പടിവിദ്യകൾ കാണിച്ചും; അതുവരെ പൊന്നാനി, കോഴിക്കോട് തങ്ങന്മാരുടെ ആശ്രിതരായിരുന്ന ആളുകളെ അയാളിലേക്ക് ആകൃഷ്ടരാക്കുകയും ആ പ്രദേശത്തെ വലിയ മതവാണിഭ കേന്ദ്രമാക്കിത്തീർക്കുകയും ചെയ്തു.
ഇന്ന് സമസ്തക്കാർ നടത്തുന്ന ആണ്ട്, ഉറൂസ്, നേർച്ചകൾക്ക് മാതൃക കാട്ടിയ വ്യക്തി കൂടിയാണ് കൊണ്ടോട്ടി തങ്ങൾ! ജനശ്രദ്ധ പിടിച്ചുപറ്റാൻ ‘നേർച്ച’ എന്ന പേരിട്ട് അയാൾ ആരംഭിച്ച തനിച്ച ശിയാ ആഘോഷത്തിന്റെ തുടക്കത്തെ സംബന്ധിച്ച് സമസ്തക്കാർ എഴുതിയത് കാണുക:
“ഹസ്‌റത്ത് മുഹമ്മദ് ശാഹ് തങ്ങളുടെ പേരും പ്രശസ്തിയും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരുന്നു. തക്കിയയുടെ വടക്ക് ഭാഗത്ത് നോക്കിയാൽ കാണുന്ന ദൂരത്തിൽ മഹാനവർകൾ തന്റെ ശൈഖുമാരായ മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ)യുടെയും ഖാജാ ശൈഖ് മുഈനുദ്ദീൻ ചിശ്തി അജ്മീരി(റ)യുടെയും നാമധേയത്തിൽ ഒരു കൊടിമരം ഉയർത്തി. അതിൽ വെള്ളക്കൊടി കെട്ടി. ചുറ്റും തറ ഉയർത്തിക്കെട്ടി.
ശൈഖവർകൾ ഇടക്കിടെ അവിടെ വന്നിരിക്കുകയും വിഷമഘട്ടത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തുവന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ മുരീദുമാരെയും നാട്ടുകാരെയും വിളിച്ചു വരുത്തി പഴയ കൊടി മാറ്റി പുതിയ കൊടി ഉയർത്തുകയും മശാഇഖുമാരുടെ പേരിൽ ഖത്തം ദുആ നടത്താൻ തീരുമാനിക്കുകയും നാൽപതു ഖത്തം ഓതുവാൻ മുരീദുമാരോട് കൽപിക്കുകയും ചെയ്തു. ഒരു മാസം പൂർത്തിയായപ്പോൾ ഖത്തം ദുആ ഭക്തിയാദരപൂർവ്വം നടത്തി. പിന്നീട് ഇതേ രീതിയിൽ വർഷാവർഷം മുടങ്ങാതെ കൊടികയറ്റവും ഖത്തം ദുആയും വിപുലമായി തന്നെ നടക്കൽ പതിവായി. ഇതാണ് കൊണ്ടോട്ടി നേർച്ച’’ (കൊണ്ടോട്ടി തങ്ങൾ/ഉമർ മധുവായ്/പേജ് 28,29).

വീണ്ടും എഴുതുന്നു: “വളരെ കാലങ്ങൾക്ക് മുമ്പുതന്നെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ആളുകൾ ആവേശത്തോടെ പങ്കെടുത്തിരുന്ന ഒരു വൻ ജനസമ്മേളനമാണ് കൊണ്ടോട്ടി നേർച്ച. ശൈഖ് മുഹമ്മദ് ശാഹ് തങ്ങളുടെ കാലത്താണ് നേർച്ച ആരംഭിച്ചത്. തന്റെ ശൈഖുമാരായ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി, മുഈനുദ്ദീൻ ചിശ്തി അൽഅജ്മീരി എന്നിവരുടെ നാമധേയത്തിൽ മുഹമ്മദ് ശാഹ് തങ്ങൾ തന്നെയാണ് ഇതിന് തുടക്കമിട്ടത്’’ (പേജ് 132).
സമസ്തയുടെ ഉത്തരവാദിത്തത്തിലുള്ള എല്ലാ ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളിലും നടക്കുന്ന ആണ്ടാഘോഷങ്ങളുടെയൊക്കെ തുടക്കം ഇതിന് സമാനമാണ്. ഓരോ സ്ഥലത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് ആചാര പരിപാടികളിൽ വ്യത്യസ്തത വരുത്തുന്നു എന്നു മാത്രം. കൊണ്ടോട്ടി ഉത്സവത്തിന്റെ മുന്നോട്ടുള്ള പോക്കിൽ രണ്ടാം സ്ഥാനക്കാരനായി കാണപ്പെട്ട ഹസൻ സാഹിബ് എന്ന ഇശ്തിയാഖ് ശാഹ് പുതുമകൾ കൊണ്ടുവന്നു. തോക്ക് പൊട്ടിക്കൽ, മദ്ഹ് ഗാനമേളകൾ, പെട്ടിവരവുകൾ, ചന്ദനമെടുക്കൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്.
കൊണ്ടോട്ടി തങ്ങളുടെ മതവ്യവസായ വളർച്ചയിൽ അസഹ്യരായ പല മുസ്‌ലിയാക്കന്മാരും അയാളിലെ പിഴവുകൾ നുള്ളിപ്പെറുക്കി എതിർത്ത് പ്രസംഗിക്കാനും ഫത്‌വകൾ ഇറക്കാനും തുടങ്ങി. തങ്ങളെ അനുകൂലിക്കുന്ന മുസ്‌ലിയാക്കന്മാർ വിമർശനങ്ങൾക്ക് നേരെ മറുപടി ഉതിർത്തും അഭിപ്രായ ഭിന്നതകൾ മുന്നോട്ടു പോയി. അദ്ദേഹം പ്രചരിപ്പിച്ച ശിയാ വിശ്വാസങ്ങളെ മാറോട് ചേർത്തുവെച്ച് മുഹമ്മദ് ഷായുടെ ത്വരീഖത്ത് പിഴച്ചതാണെന്ന് മുദ്ര കുത്തുന്നത് വല്ലാത്തൊരു മറിമായം തന്നെയാണ്.
അഹ്‌ലുസ്സുന്ന വൽജമാഅയുടെ യഥാർഥ വക്താക്കളായ സലഫി പണ്ഡിതരുടെ പ്രമാണങ്ങളിലൂന്നിയ പ്രയത്‌ന ഫലമായും മറ്റും ഇടക്കാലത്ത് നിർത്തലാക്കപ്പെട്ട ഈ ഉത്സവം സമസ്തയെ വിഴുങ്ങുന്ന ശിയാ പ്രേമികളുടെ പരിശ്രമത്താൽ പുനരാനയിക്കപ്പെട്ടത് നാം കണ്ടു. പുനരാനയിക്കപ്പെട്ടതിലെ ആശയതലം പരിശോധിച്ചാൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് സമസ്തയാണെന്നു കാണാൻ പ്രയാസമില്ല.
സമസ്ത മുന്നിൽനിന്ന് അതിന് പുതുജീവൻ നൽകാൻ ശ്രമിക്കാത്തതിലുള്ള അമർഷം വ്യസന സമേതം അറിയിക്കുന്നത് കാണുക:

“എന്നാൽ ശൈഖ് മുഹമ്മദ് ശാഹ് തങ്ങൾ നടത്തിത്തുടങ്ങിയ നേർച്ചയുടെ പരിശുദ്ധി കാത്ത് രക്ഷിക്കാനും അതിന്റെ പേരിൽ നടമാടുന്ന അനാചാരങ്ങൾ നിർമാജനം ചെയ്യാനും ഉലമാക്കളുടെയും ഉമറാക്കളുടെയും സാധാരണക്കാരുടെയും ഭാഗത്ത് നിന്ന് ആത്മാർത്ഥവും ക്രിയാത്മകവുമായ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ലാത്തത് പോലെ ഇപ്പോഴും നടക്കുന്നില്ലായെന്നതാണ് ഏറെ ഖേദകരം’’ (കൊണ്ടോട്ടി തങ്ങൾ/ഉമർ മധുവായ്/പേജ് 139).
പ്രശ്‌നം കൊണ്ടോട്ടി തങ്ങൾക്ക് മാത്രമോ?
കൊണ്ടോട്ടി കൈക്കാർ, പൊന്നാനി കൈക്കാർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ആദർശ സംഘട്ടനം മായ്ക്കപ്പെടാത്ത ചരിത്രമാണ്. ഇരുകൂട്ടരും അനാചാരങ്ങളുടെ വക്താക്കളായതുകൊണ്ട് ആരാണ് കേമൻമാർ എന്നതായിരുന്നു തർക്കത്തിന്റെ മർമം. പദവി ഉയർത്തിയും താഴ്ത്തിയും പരസ്പരം പഴിചാരി പാടിയിരുന്ന പാട്ടുകൾവരെയുണ്ട്.
എന്നാൽ ഈ തങ്ങൾ സമസ്ത സരണിയിലെ ഒഴിച്ചുകൂടാനാകാത്ത അഭിമാന വലിയ്യാണെന്ന് സാക്ഷ്യപ്പെടുത്തിയ പ്രധാന പുരോഹിതന്മാരുടെ പേരുകളും അഭിപ്രായങ്ങളും സമസ്തയുടെ ആശീർവാദത്തോടെ തന്നെ ‘കൊണ്ടോട്ടി തങ്ങൾ’ എന്ന പുസ്തകത്തിൽ പ്രത്യേക ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കെ.കെ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ, ആമയൂർ മുഹമ്മദ് മുസ്‌ലിയാർ, ടി.കെ.എം ബാവ മുസ്‌ലിയാർ, എം.എം ബഷീർ മുസ്‌ലിയാർ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഏലംകുളം ബാപ്പു മുസ്‌ലിയാർ, സയ്യിദ് നാസ്വിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ... ഇങ്ങനെ നീളുന്നു ആ നിര. കൊണ്ടോട്ടി തങ്ങളുടെ മഹത്ത്വം അംഗീകരിച്ച ഇവരെയെല്ലാം സമസ്ത അന്യരും വഴിതെറ്റിയവരുമായി കാണുമോ? ഇല്ലെങ്കിൽ ആ ത്വരീഖത്ത് മാത്രം വ്യാജമാകുന്നതെങ്ങനെ?
സമസ്തയുടെ അടയാളങ്ങളായി ശിയാക്കളിൽനിന്ന് സ്വീകരിച്ച ജാറം, ഖുബ്ബ, കൊടിമരം, കറാമത്ത് കഥകളടക്കം എല്ലാം ഈ ത്വരീഖത്തിലും ഉണ്ടായിരിക്കെ ഇത് മാത്രം കുഴപ്പം പിടിച്ച ത്വരീഖത്താകുമോ? എല്ലാ ത്വരീഖത്തുകളും ഒരുപോലെ ആദരിച്ച, ബാഗ്ദാദിലെ ജീലാനി മക്വ്്ബറ ലക്ഷ്യമാക്കിയുള്ള ഖാദിരിയ്യ ത്വരീഖത്തിൽ തന്നെയണല്ലോ ഇദ്ദേഹവും ബൈഅത്ത് എടുത്തിട്ടുള്ളത്.
“ഞാൻ കർദാൻ സ്വദേശിയായ മുഹമ്മദ് ശാഹ് ആകുന്നു. ഇസ്‌ലാം എന്റെ മതവും മുഹമ്മദ് നബി(സ) എന്റെ പ്രവാചകരും ക്വുർആൻ എന്റെ മാർഗദർശിയുമാണ്. എന്റെ ഗുരുവര്യൻ പണ്ഡിത നേതാവായ കറം അലി ശാഹ് വാലി ആകുന്നു. മഹാനായ മുഹിയുദ്ദീൻ ശൈഖിന്റെയും ശൈഖ് മുഈനുദ്ദീൻ അജ്മീരിയുടെയും മാർഗത്തിലാണ് (ത്വരീഖത്ത്) ഞാൻ പ്രവർത്തിക്കുന്നത്’’(കൊണ്ടോട്ടി തങ്ങൾ/പേജ് 28). തങ്ങളോടുള്ള വിരോധം ആശയപരമാണെങ്കിൽ മുഴുവൻ ത്വരീഖത്തുകളോടും ഇതേ സമീപനം സ്വീകരിക്കേണ്ടതില്ലേ?
ഒരു ശൈഖ് വലിയ്യാകണമെങ്കിൽ സമസ്ത നിയമത്തിൽ അയാൾ രിയാളയിൽ മുഴുകണമെന്ന നിബന്ധനയുണ്ട്. ആ കടമ്പയും തങ്ങൾ കടന്നിട്ടുണ്ടത്രെ!
“ദിവസങ്ങളും മാസങ്ങളും ദൈവസ്മരണയിലും മുറാഖബയിലും മുഴുകിയുള്ള ഈ അലച്ചിൽ ഔലിയാക്കളുടെ സ്വയം ശുദ്ധീകരിക്കാനുള്ളി രിയാളയുടെ ഭാഗമാണ്. ഇടക്കിടെ ഗുരുവിന്റെ സന്നിധിയിൽ വന്ന് കുറച്ച് കാലം കഴിച്ചുകൂട്ടി ഗുരുവിന്റെ നിർദ്ദേശ പ്രകാരം വീണ്ടും അപ്രത്യക്ഷനാകുമായിരുന്നു. ഇക്കാലയളവിൽ ഭക്ഷണമായി ഒന്നും കിട്ടാത്തപ്പോൾ പച്ചിലയും വെള്ളവും കഴിച്ച് ഇബാദത്ത് ചെയ്തു കൊണ്ടിരിക്കും. മാസങ്ങൾ നീണ്ടുനിൽക്കുന്ന യാത്ര കഴിഞ്ഞ് നീണ്ടു വളർന്നു ജഡകുത്തിയ മുടിയും താടിയും കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായാണ് ജ്ഞാന കേന്ദ്രത്തിലും ഗുരുസന്നിധിയിലും എത്തിയിരുന്നത്. ഇതു കാരണം സഹപാഠികൾ ഫക്കീർ മുഹമ്മദ് ശാഹ് എന്ന് അദ്ദേഹത്തെ വിളിച്ചു വന്നു’’ (പേജ് 15).
സൂഫിസത്തെ ഇത്രത്തോളം സത്യസന്ധമായി വാരിപ്പുണർന്ന ഇയാൾ പിഴച്ചവനാണെങ്കിൽ ലോക നിയന്ത്രകനെന്ന് സ്വയം പുലമ്പിയ സി.എം മടവൂരടക്കമുള്ളവരുടെ വിധി മറിച്ചാകുന്നതെങ്ങനെ?
പിഴച്ച ആദർശം പേറിയതുമൂലം ഞെരുക്കവും സംഘാടന രംഗത്തെ സംഘട്ടനങ്ങളും കാരണം വെന്തുരുകുന്ന സമസ്ത മുശാവറകൾ ഇനിയെങ്കിലും തിരിച്ചറിയട്ടെ, കൊണ്ടോട്ടി തങ്ങൾ ഒറ്റക്കല്ല സമസ്തകൾ മുഴുവനും ശിയാ-സൂഫി-ബറേൽവി ശ്രേണിയിലെ തങ്കപ്പെട്ട കണ്ണികൾ തന്നെയാണെന്ന്!
മനുഷ്യനിർമിത ത്വരീഖത്തുകളെല്ലാം വ്യാജവും വ്യർഥവുമാണെന്നും നേർമാർഗം ഒന്ന് മാത്രമേയു ള്ളൂ എന്നുമാണ് അഹ്‌ലുസ്സുന്നയുടെ നിലപാട്. അല്ലാഹു പറയുന്നു:

“ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:153).
ഉത്സവത്തിൽ കണ്ടതും കേട്ടതും!
നബിﷺക്കും സ്വഹാബത്തിനും ഇസ്‌ലാം നൽകിയ മഹത്ത്വത്തിനും ശ്രേഷ്ഠതക്കും നിരക്കാത്ത നിലപാടാണ് ശിയാക്കൾക്കുള്ളത്. പഞ്ച മഹത്തുക്കളായി അവർ എണ്ണുന്നത് മുഹമ്മദ്ﷺ, അലി(റ), ഹസൻ(റ), ഹുസൈൻ(റ), ഫാത്വിമ(റ) എന്നിവരെയാണ്. ‘അഹ്‌ലുൽ കസാഇ വൽ അബാഅ്’ എന്നാണ് ഈ അഞ്ചുപേർക്ക് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. കൊണ്ടോട്ടി ഉത്സവത്തിലെ ബാനറുകളിൽ പല വർണങ്ങളിൽ കാണാനായത് യാ മുഹമ്മദ്, യാ അലി, യാ ഹസൻ, യാ ഹുസൈൻ, യാ ഫാത്വിമ എന്നതാണ്. ഇത് നബിﷺയുടെയും സ്വഹാബത്തിന്റെയും ജീവിതസന്ദേശമായി ലഭിച്ചതല്ല. ശുദ്ധ ശിർക്കിന്റെ വിപണനത്തിനായി ശിയാക്കൾ നിർമിച്ചതും സൂഫികൾ താലോലിച്ചതുമാണ്. ഈ വിശ്വാസത്തെ സമസ്ത പുരോഹിതന്മാരും ഭവ്യതയോടെ കാണുന്നതിന്റെ കലർപ്പില്ലാത്ത തെളിവുകൾ എമ്പാടുമുണ്ട്.
സമസ്തയുടെ ഉന്നത സ്ഥാനീയനായിരുന്ന പി.പി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പാറന്നൂർ എല്ലാ ഖുറാഫത്ത് മാലകളെയും ക്രോഡീകരിച്ച് രചിച്ച കൻസുൽ ഇബാദിന്റെ 264ാം പേജിൽ പരീക്ഷണങ്ങളും പ്രശ്‌നങ്ങളും നീങ്ങിക്കിട്ടാൻ അഹ്‌ലുൽ വബാഇനെ കൊണ്ടുള്ള തവസ്സുൽ പഠിപ്പിക്കുന്നു.
ഇ.കെ അബൂബക്കർ മുസ്‌ലിയാർ എഴുതിയ അജ്മീർ മൗലിദിന്റെ 40ാം പേജിൽ ഈ അഞ്ച് പേരുടെയും പ്രമുഖ ശിയാ-സൂഫി ഇമാമുമാരുടെയും സമക്ഷത്തിലേക്ക് ഫാതിഹ ഓതി വിടുന്നത് കാണാം.
തൃപ്പനച്ചി ജാറത്തിലുള്ള സമസ്തയുടെ സൂഫിവര്യൻ, ഔലിയാഇൽ രാജകിളിയെന്ന് വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്‌ലിയാർ സ്ഥാപിച്ച കൊടിമരത്തിൽ തൂക്കിയതും ഈ ബൈത്തുള്ള കൊടിയാണ്.
അദ്ദേഹം പറഞ്ഞത് കാണുക: “അഹ്‌ലുൽ കസാഇന്റെ പേരിൽ നാട്ടിയ കൊടിമരമാണിത്. മുഹ്‌യിദ്ദീൻ ശൈഖ് തങ്ങൾ അവരുടെ കുടുംബക്കാരനാണ്. മഹാനും അവരിലേക്ക് ചേരും’’ (ഔലിയാഇൽ രാജകിളി/പേജ് 83).
എസ്.വൈ.എസ് 60ാം വാർഷികോപഹാരത്തിൽ എഴുതിയത് കാണുക: “ഈ പഞ്ച ചന്ദ്ര നക്ഷത്രങ്ങൾക്കും അവരിൽനിന്ന് ഉൽഭവിച്ച താരകങ്ങൾക്കും നബികുടുംബത്തിൽനിന്ന് പ്രത്യേക പദവിയുണ്ടെന്നതിൽ പണ്ഡിതലോകത്ത് പക്ഷാന്തരമില്ല. ഇവരാണ് അഹ്‌ലുൽ അബാഅ് എന്നറിയപ്പെടുന്നത്’’ (പേജ് 133).

ഈ അഞ്ചു മഹാൻമാർക്ക് അഹ്‌ലുൽ അബാഅ് എന്നു പ്രത്യേകമായ പേരു നൽകിയതും അവരെ വിളിച്ചു തേടൽ തുടങ്ങിയതും ശിയാക്കളാണ്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രചോദനം ശിയാസ്വാധീനമല്ലാതെ മറ്റെന്താണ്? പ്രമാണങ്ങളുടെ യാതൊരു പിന്തുണയുമില്ലാത്ത, ശിയാക്കളുടെ പിഴച്ച ചിന്താഗതികളെ തലയിലേറ്റുന്ന ഇവർക്കെങ്ങനെ ഞങ്ങൾക്ക് ശിയാക്കളുമായി ബന്ധവില്ലെന്ന് പറയാൻ കഴിയുന്നു? ഇതൊന്നും തിരുത്തപ്പെടാതെ ഈ ശിയാ ഉത്സവത്തെ ആശയപരമായി ചോദ്യം ചെയ്യാൻ ഇവർക്കർഹതയുണ്ടോ? എത്രതന്നെ പൂഴ്ത്തി വെച്ചാലും അന്ധവിശ്വാസങ്ങൾ സമൂഹം കാണെ മറനീക്കി പുറത്ത് വരുമെന്നതിന്റെ തെളിവ് കൂടിയാണിത്.
ആരാണ് സി. ഹംസ?
ശിയാക്കൾ അവരുടെ ആരാധനയായിക്കാണുന്ന ആചാരമാണ് ‘തക്വിയ്യ’ അഥവാ വിശ്വാസം ഉള്ളിലൊളിപ്പിച്ച് സമൂഹത്തിൽ ഇടപെടുക എന്നത്. ദ്വിമുഖ പ്രവണത ഒരിക്കലും മതമാവുകയില്ലല്ലോ! ശിയാ ആചാരങ്ങളെ അരക്കിട്ടുറപ്പിക്കാൻ കൊണ്ടോട്ടി തങ്ങൾ പതിവാക്കിയ രീതി ഇതായിരുന്നു. നാഴികയ്ക്ക് നാൽപതുവട്ടം ഞങ്ങൾ ശിയാക്കളല്ലെന്ന് പറയുന്ന മുസ്‌ലിയാക്കന്മാർ അവരുടെ ഏർപ്പാടുകളിൽ ആനന്ദം കൊള്ളുന്നതും ഇതേ ശൈലിയുടെ തണലിലാണ്. സമസ്തക്കാരുടെ ‘കണ്ണിലുണ്ണി’യായ സി. ഹംസ സാഹിബ് തക്വിയ്യയെ ആദർശമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്.
‘ഞാൻ ശിയയല്ല’ എന്ന് ഉരുവിട്ട് ശിയാഇസത്തിനും സൂഫിസത്തിനും ജീവൻ പകരാൻ പരിശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ശിയാ സംവിധാനമായ തഖ്‌ലൈൻ ഫൗണ്ടേഷൻ ഇതിനായി ഇയാളെ നന്നായി ഉപയോഗിക്കുന്നുണ്ട്. സൂഫി ആശയങ്ങൾ മാത്രമുള്ള ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് മാറ്റി ഇതിന്റെ പ്രചാരണം ഇയാൾ എളുപ്പമാക്കുന്നു എന്നതും വലിയൊരു വിപത്താണ്!
കൊണ്ടോട്ടി ഉത്സവത്തിൽ ആത്മീയ പ്രഭാഷകനായി രംഗത്തെത്തിയതും ഈ സി. ഹംസ തന്നെ! ശിയാ വിശ്വാസങ്ങളോട് അനുരജ്ഞനമില്ലെങ്കിൽ സി. ഹംസയുടെ കാര്യത്തിൽ സമസ്തയുടെ മൗനം മുറുകുന്നതെന്തുകൊണ്ട്?
സമസ്തക്ക് തടിയൂരാനാകുമോ?
കൊണ്ടോട്ടി തങ്ങൾ ശിയയാണെന്നും അവിടുത്തെ ഉത്സവം അനാചാരങ്ങൾ നിറഞ്ഞതാണെന്നും പറഞ്ഞ് നല്ലപിള്ള ചമയാൻ വെമ്പൽ കൊള്ളുന്ന ചില പുരോഹിതന്മാർ രംഗത്തുണ്ട്. പല മുസ്‌ലിയാക്കന്മാർ സഹകരിച്ചും ‘അൽ ഉസ്താദ് ഓടക്കൽ അലി ഹസ്സൻ മുസ്‌ലിയാർ ബാഖവി’യുടെ ആശംസയോടെയും ഹാജി ടി.പോക്കർ മുസ്‌ലിയാർ എഴുതിയ ‘മുട്ടുംവിളി നേർച്ചയെ എതിർക്കുന്നവർക്കൊരു മറുപടി’ എന്ന ഒരു പുസ്തകമുണ്ട്. സകല അനാചാരങ്ങളെയും ഇസ്‌ലാമികമാക്കാനാണ് അതിലൂടെ ശ്രമിച്ചിട്ടുള്ളത്. അതിലെ പ്രസക്തമായൊരു ഭാഗം വായിക്കാം.

“കൊണ്ടോട്ടി നേർച്ചയുടെ പ്രത്യേകതയിൽ പെട്ടതാണ് മിക്ക പെട്ടിവരവുകളിലും ശൈഖന്മാരെ വിളിച്ചുകൊണ്ടുള്ള അറവന മുട്ടുകാരുടെ അത്ഭുത പ്രകടനങ്ങൾ നടക്കുന്നത്. അവിടെയും മുമ്പ് പറഞ്ഞതു പോലെ മുട്ടും വിളിയും മൗലീദ് അന്നദാനവും നടത്തപ്പെടുന്നു. ആ നേർച്ചയിലെ പെട്ടിവരവുകളുടെ എണ്ണവും സുന്നി ലേബൽ ഒട്ടിച്ച് നടക്കുന്ന ചിലരുടെ രംഗപ്രവേശനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കു കയാണ്. ഇങ്ങിനെ പുല്ലാര, പെരിന്തൽമണ്ണ, പുത്തനങ്ങാടി ശുഹദാക്കളുടെ നേർച്ച; മലപ്പുറം, കൂട്ടായി, അയ്യായി തുടങ്ങിയ നുറുകണക്കിന് ശുഹാദക്കന്മാരുടെയും സയ്യിദന്മാരുടെയും ഔലിയാക്കളുടെയും നേർച്ചകൾ ഡ്യൂപ്ലിക്കറ്റ് സുന്നികളുടെ കരങ്ങളാൽ പല തന്ത്രങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുകയാണ്. പഴയ തനിമ നിലനിർത്തി ഇനി ചുരുക്കം ചില നേർച്ചകൾ ബാക്കിയുണ്ട്. അതിൽ ചിലതാണ് പുതിയങ്ങാടി, കല്ലുങ്ങൽ, വലിയോറ, മടപ്പള്ളി, മഞ്ചേരി, പയ്യനാട്, പട്ടാമ്പി; ജില്ലക്ക് പുറത്തെ ചാവക്കാട്, മണത്തല, അണ്ടത്തോട് എന്നീ നേർച്ചകൾ. അതും കൂടി നിർത്തിവെപ്പിക്കാൻ ഈ ഡ്യൂപ്ലിക്കേറ്റ് സുന്നികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാലം അവസാനിക്കാറായി എന്നതിന്റെ അടയാളമാണ് സ്വന്തം സമുദായത്തിൽ പെട്ടവർ തന്നെ മുൻകാലത്ത് നിലനിർത്തിപ്പോന്നിരുന്ന സുന്നത്ത് ജമാഅത്തിന്റെ അടയാളങ്ങളായ ഈ നേർച്ചകളെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. സുന്നികൊണ്ട് മുഖം മൂടി നടക്കുന്ന ഈ കാപട്യത്തെ നാം തിരിച്ചറിയുക. കഴിവിന്റെ പരമാവധി എതിർത്തു കൊണ്ടു തന്നെ നിലനിന്നു പോരുന്ന ഈ നേർച്ചകൾ അനുവദനീയമായ എല്ലാവിധ ആഘോഷങ്ങളോടുകൂടി തന്നെ നിലനിർത്തി നാട്ടിൽ ഐക്യവും സന്തോഷവും ധർമ്മവും കൈവരിക്കാൻ ശ്രമിക്കണം. മാത്രമല്ല നിർത്തിവെച്ച എല്ലാ നേർച്ചകളും പെട്ടിവരവുകളും ആഘോഷപൂർവ്വം പുനരാരംഭിച്ചും അനാചാരങ്ങളെ അകറ്റി നിർത്തിയും നിലനിറുത്താൻ നാം ശ്രമിക്കണം’’(പേജ് 17,18).
എല്ലാം ശുഭം! കുറേ മുസ്‌ലിയാക്കന്മാരുടെ അതിയായ ആഗ്രഹം പൂവണിഞ്ഞ ഈ സന്ദർഭത്തിൽ വലിയ തിളക്കമുണ്ട് ഈ വാക്കുകൾക്ക്. കൊണ്ടോട്ടിയടക്കമുള്ള മുഴുവൻ ഉത്സവങ്ങളെയും സമസ്തയുടെ അടയാളമായി അംഗീകരിക്കുന്ന ചടങ്ങ് മാത്രമെ ഇനി അവശേഷിക്കുന്നുള്ളൂ. മുശാവറകൾക്ക് അതിന് ധൈര്യമില്ലെങ്കിൽ തങ്ങളുടെ മേൽ എടുത്ത തീരുമാനം ഇവരുടെ കാര്യത്തിലും എടുക്കണം.
കൊടുത്ത കഴിവിൽനിന്ന് ഔലിയാക്കളോട് തേടാം, മറഞ്ഞ കാര്യങ്ങൾ അവർ അറിയും, ക്വബ്ർ കെട്ടിപ്പൊക്കൽ, നഹ്‌സ്, മീലാദാഘോഷം, മാലകൾ, ആണ്ടറുതികൾ തുടങ്ങി ധാരാളം വിഷയങ്ങളിൽ ശിയാ ധാരയിലാണ് സമസ്ത ഉള്ളതെന്നും ഓർക്കാതെ പോകരുത്. തങ്ങൾ ശരിയെന്നവകാശപ്പെടുന്നതടക്കം എല്ലാ ത്വരീക്വത്തുകളും ശിയാബന്ധിതമാണെന്നും പൊള്ളത്തരങ്ങളുടെ കലവറയാണെന്നും അതിൽനിന്നെല്ലാം വിട്ടൊഴിയണമെന്നുമുള്ള സന്ദേശം സമസ്ത തന്നെ ഫത്‌വയിറക്കി സമുദായത്തെ അറിയിക്കാൻ തയ്യാറാകണം. അതിനുള്ള ആർജവം കാണിച്ചില്ലെങ്കിൽ അണികൾ മൊത്തം ശിയാക്കളായി മാറുന്ന കാലം അതിവിദൂരമല്ല.

