ആത്മസംസ്‌കരണത്തിെൻറ റമദാൻ
ഹംസ ജമാലി
2025 മാർച്ച് 01, 1446 റമദാൻ 01

ഹൃദയത്തിൽനിന്നും ശിർക്ക് അടക്കമുള്ള എല്ലാവിധ തിന്മകളും കഴുകിക്കളഞ്ഞ് അതിനെ തെളിഞ്ഞതും പരിശുദ്ധവുമാക്കാനുള്ള അവസരമാണ് റമദാൻ. ഈ പവിത്ര മാസത്തിൽ ഹൃദയത്തിൽ സ്‌നേഹവും സാഹോദര്യവും നിറച്ച് അതിനെ കറകളഞ്ഞതാക്കാൻ ശ്രമിക്കുക. ബന്ധങ്ങൾ ഊഷ്മളമാക്കുക. മാതാപിതാക്കളെ ഉപദ്രവിച്ചും കുടുംബബന്ധം മുറിച്ചും ഭാര്യയോടും കുട്ടികളോടും മോശമായി പെരുമാറിയും ജീവിക്കുന്നവർക്ക് റമദാൻ മാസം എങ്ങനെ ഉപകാരപ്പെടാനാണ്?
സ്വന്തം ജീവിതം ഇസ്‌ലാമികമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനും വീട്ടുകാരെയും കുട്ടികളെയും അതിന് പ്രേരിപ്പിക്കുവാനുമുള്ള മികച്ച സന്ദർഭമാണ് റമദാൻ. കുട്ടികളെ നമസ്‌കാരം അതിെൻറ സമയത്തുതന്നെ ചെയ്യാൻ പ്രേരിപ്പിക്കുക, ദാനധർമം ചെയ്യൽ ശീലിപ്പിക്കുക, നോമ്പെടുക്കാൻ പ്രേരിപ്പിക്കുകയും പ്രോൽസാഹനം നൽകുകയും ചെയ്യുക, നിത്യജീവിതത്തിലെ ദിക്‌റുകളും പ്രാർഥനകളും പതിവാക്കാനും ക്വുർആൻ പാരായണം ചെയ്യാനും ശീലിപ്പിക്കുക തുടങ്ങിയവ ചെയ്യുവാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു:
‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിെൻറ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തൻമാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കൽപിച്ച കാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കൽപിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും’ (ക്വർആൻ 66:6).
ഭക്തിയുണ്ടാകുവാൻ
അല്ലാഹു പറയുന്നു:
‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരായിരിക്കാൻ വേണ്ടിയത്രെ അത്’(ക്വർആൻ 2:183).
നോമ്പുകാരൻ നോമ്പെടുത്തുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നു. തെൻറ വീട്ടിലായിരിക്കുമ്പോൾ സമീപത്ത് ഇണയുണ്ടാകും. അടുത്തുതന്നെ ഭക്ഷണവും വെള്ളവുമുണ്ടാകും. അല്ലാഹുവല്ലാത്ത ആരും കാണില്ലെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട് ഭക്തിപൂർവം അതെല്ലാം ഉപേക്ഷിക്കുന്നു. വേണമെങ്കിൽ അവന് അതെല്ലാം ആസ്വദിക്കാം. എന്നിട്ട് നോമ്പുകാരനായി നടിച്ച് മുസ്‌ലിംകൾക്കിടയിൽ നടക്കാം. എന്നാൽ അല്ലാഹു തന്നെ കാണുന്നുണ്ടെന്ന ഓർമയിൽ ഹൃദയത്തിൽനിന്നുള്ള ഭയപ്പാടിനാൽ അവൻ അനുസരണയുള്ളവനായി മാറുന്നു. അല്ലാഹുവിെൻറ തൃപ്തിക്കായി തെൻറ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കാൻ അവൻ തയ്യാറാകുന്നു.
അല്ലാഹുവിെൻറ പ്രീതിക്കായി ആത്മാർഥമായി നോമ്പനുഷ്ഠിക്കുക. ഭക്തന്മാരുടെ കൂട്ടത്തിൽ നമ്മുടെ നാമം രേഖപ്പെടുത്തപ്പെട്ടേക്കാം. വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവെൻറ കൂടെയുണ്ടായിരിക്കും. ആരുടെയെങ്കിലും കൂടെ അല്ലാഹുവുണ്ടെങ്കിൽ പിന്നെ ആരെയാണ് ഭയപ്പെടേണ്ടത്? അവനില്ലെങ്കിൽ മറ്റാരെയാണ് പ്രതീക്ഷിക്കാനുള്ളത്?
സാമുദായിക ഐക്യം
മുസ്‌ലിം സമുദായത്തിലുള്ളവർ ഒന്നിച്ച് ഒരേസമയം ഭക്ഷണം കഴിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നു. നിശ്ചിതസമയത്ത് ഭക്ഷണം കഴിക്കുന്നു. നമസ്‌കരിക്കുന്നവർ വ്യത്യസ്ത സമയങ്ങളിലായി പരസ്പരം കണ്ടുമുട്ടി സൗഹൃദം പുതുക്കുന്നു. പാവങ്ങളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ ശ്രമിക്കുന്നു. ഫിത്വ‌്‌ർ സകാത്ത് നൽകിയും ദാനധർമങ്ങൾ വർധിപ്പിച്ചും അല്ലാഹുവിെൻറ പൊരുത്തം കരസ്ഥമാക്കുന്നു. അങ്ങനെ ഒരേസമയം അല്ലാഹുവിലേക്ക് അടുക്കുകയും സാമുദായിക ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
റമദാനും സ്വഭാവ സംസ്‌കരണവും
തീർച്ചയായും ഉന്നതസ്ഥാനവും പദവിയുമുള്ളതാണ് സൽസ്വഭാവം. അതുമുഖേന ഒരു മുസ്‌ലിമിന് നബിﷺയുടെ അടുക്കൽ അടുത്ത ഒരു സ്ഥാനത്ത് എത്താൻ കഴിയുന്നു. എന്നാൽ റമദാനിൽ ഭക്ഷണ പാനീയങ്ങൾ വെടിയുന്നുവെന്ന കാരണത്താൽ ചിലരുടെ സ്വഭാവം ദുഷിക്കുന്നുവെന്നത് ഖേദകരമാണ്. ഒരാളും അവരോട് സംസാരിക്കുന്നത് അവർക്ക് ഇഷ്ടമാകില്ല. അവർക്ക് മറ്റുള്ളവരോട് സംസാരിക്കുവാനും ഇഷ്ടമുണ്ടാകില്ല. വഴിയിലോ ജോലിസ്ഥലത്തോ വീട്ടിലോ വെച്ച് നേരിടുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും അവരെ ശുണ്ഠി പിടിപ്പിക്കും. ഇത് നബിﷺ നോമ്പുകാരനുണ്ടായിരിക്കാൻ നിർദേശിച്ച സ്വഭാവ ഗുണങ്ങൾക്ക് വിരുദ്ധമാണ്.
നബിﷺ പറഞ്ഞു: ‘നോമ്പ് ഒരു പരിചയാണ്. ആയതിനാൽ നോമ്പുകാരൻ ചീത്ത പറയുകയോ തർക്കിക്കുകയോ ചെയ്യരുത്. ഇനി വല്ലവനും അവനെ ചീത്ത പറയുകയോ തർക്കിക്കുകയോ ചെയ്യുന്നെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറയട്ടെ’ (ബുഖാരി 1805, മുസ്‌ലിം 1151).
വിലപ്പെട്ട സമയങ്ങൾ
അധികപേരും പാഴാക്കിക്കളയുന്ന വിലപിടിച്ച മൂന്ന് സമയങ്ങളുണ്ട്.
ഒന്ന്: സ്വുബ്ഹി നമസ്‌കാരശേഷം അതിരാവിലെ. ഉറക്കത്തിത്തിലൂടെയാണ് അതിലധികവും നഷ്ടപ്പെടാറുള്ളത്.
രണ്ട്: മഗ്‌രിബിന് മുമ്പായി പകലിെൻറ അവസാനസമയം. നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിലാണത് അധികവും നഷ്ടപ്പെടാറുള്ളത്.
മൂന്ന്: അത്താഴ സമയം. അത്താഴം തയ്യാറാക്കുന്നതിലും ഉറക്കത്തിലുമായിക്കൊണ്ടാണ് അത് നഷ്ടപ്പെടാറുള്ളത്.
അല്ലാഹു പറയുന്നു: ‘സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു മുമ്പും നിെൻറ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവെൻറ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക. രാത്രിയിൽ ചില നാഴികകളിലും പകലിെൻറ ചില ഭാഗങ്ങളിലും നീ അവെൻറ പരിശുദ്ധിയെ പ്രകീർത്തിക്കുക, നിനക്ക് സംതൃപ്തി കൈവന്നേക്കാം’ (ക്വുർആൻ 20:130).
പ്രാർഥനയുടെ പ്രസക്തി
മനുഷ്യൻ ബുദ്ധിമാനും എത്രതന്നെ ശക്തനായിരുന്നാലും അവൻ പല നിലയ്ക്കും അശക്തനാണെന്നതിൽ സംശയമില്ല. ഭാവിയെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്ന ശക്തമായൊരു ആയുധമാണ് പ്രാർഥന. അല്ലാഹു പറയുന്നത് നോക്കൂ:
‘മനുഷ്യരേ, നിങ്ങൾ അല്ലാഹുവിെൻറ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യപ്തനും സ്തുത്യർഹനുമാകുന്നു’ (35:15).
‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’ (40:60).
നബിﷺ പറയുകയുണ്ടായി: ‘പ്രാർഥന, അതുതന്നെയാണ് ആരാധന.’ പ്രാർഥന അല്ലാഹുവിനോട് മാത്രമെ ആകാവൂ, അത് സൃഷ്ടികളോടായാൽ എല്ലാ കർമങ്ങളും നിഷ്ഫലമായിപ്പോകും. അല്ലാഹു പറയുന്നു:
‘പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാർഥിക്കരുത്’ (72:18).
പ്രാർഥനയില്ലെങ്കിൽ നമ്മുടെ രക്ഷിതാവ് നമ്മെ പരിഗണിക്കുകയില്ല:
‘(നബിയേ) പറയുക: നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ എെൻറ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്? എന്നാൽ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും’ (25:77).
നമ്മുടെ ഏത് പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും നാം അല്ലാഹുവിനോട് പ്രാർഥിക്കണം. നമ്മെ സൃഷ്ടിക്കുകയും നമുക്ക് ആവശ്യമായ അനുഗ്രഹങ്ങളെല്ലാം നൽകുകയും ചെയ്ത പരമകാരുണ്യവാനായ അല്ലാഹുവിനോട് പ്രാർഥിക്കാതിരിക്കൽ വലിയ നന്ദികേടാണ്.
പ്രാർഥന ആരാധനയുടെ അകക്കാമ്പാണ്. നോമ്പാകുന്ന ആരാധന പ്രാർഥനയാൽ സമൃദ്ധമാക്കുക. നോമ്പുകാരെൻറ പ്രാർഥനക്ക് അല്ലാഹുവിങ്കൽ പ്രത്യേകമായ പരിഗണനയുണ്ട്. ഉത്തരം നൽകാമെന്ന, രക്ഷിതാവായ അല്ലാഹുവിെൻറ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചും അങ്ങേയറ്റത്തെ ആഗ്രഹത്തോടെയും അവനോട് നോമ്പുകാരൻ ധാരാളമായി പ്രാർഥിക്കേണ്ടതാണ്. നോമ്പിെൻറ വിധിവിലക്കുകൾ പറയുന്നതിനിടയിൽ അല്ലാഹു പറയുന്നു:
‘നിന്നോട് എെൻറ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എെൻറ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്’ (ക്വുർആൻ 2:186).

എന്നാൽ സമയബന്ധിതമായി ഉത്തരം കിട്ടണമെന്ന് ധൃതികാണിക്കരുതെന്ന നിബന്ധന മാനിക്കേണ്ടതുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബിﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ‘ഒരു അടിമക്ക് അയാളുടെ കുറ്റകരമായ കാര്യങ്ങൾക്കോ കുടുംബബന്ധം വിഛേദിക്കാനോ അല്ലാത്ത പ്രാർഥനക്ക് ഉത്തരം ലഭിക്കുന്നതാണ്; അയാൾ ധൃതികൂട്ടിയിട്ടില്ലെങ്കിൽ.’ ‘അല്ലാഹുവിെൻറ റസൂലേ, എന്താണ് ധൃതികൂട്ടുകയെന്നതിെൻറ ഉദ്ദേശം’ എന്ന് ചോദിക്കപ്പെട്ടു. തിരുമേനിﷺ പറഞ്ഞു: ‘അവൻ പറയും; ഞാൻ പലപ്രാവശ്യം പ്രാർഥിച്ചുനോക്കി, പക്ഷേ, ഉത്തരം ലഭിച്ചില്ല.’ അങ്ങനെ അവൻ നിരാശനായി പ്രാർഥനയിൽനിന്നും പിൻമാറുകയും ചെയ്യും.’’
ഒരു വിശ്വാസി ഒരിക്കലും അല്ലാഹുവിെൻറ കാരുണ്യത്തിൽ നിരാശനാവാൻ പാടില്ല. അവെൻറ മനസ്സിൽ എപ്പോഴും അല്ലാഹു നന്മയേ വരുത്തുകയുള്ളൂവെന്ന ബോധമാണുണ്ടാവേണ്ടത്. അത് എപ്പോൾ എവിടെയെന്നെല്ലാം അല്ലാഹുവാണ് തീരുമാനിക്കുന്നത്. അല്ലാഹുവിലേക്ക് വിനയാന്വിതനായിക്കൊണ്ടും ആത്മാർഥയോടും ഭക്തിപൂർവവും പ്രാർഥിക്കുകയും പാപങ്ങളിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യുക.
നോമ്പുകാരെൻറ പ്രാർഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കപ്പെടുന്നതാണ്. അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: ‘മൂന്നാളുകളുടെ പ്രാർഥനകൾ തിരസ്‌കരിക്കപ്പെടാത്തതാണ്. പിതാവിെൻറ പ്രാർഥന, നോമ്പുകാരെൻറ പ്രാർഥന, യാത്രക്കാരെൻറ പ്രാർഥന.’
ദാനധർമങ്ങളുടെ മാസം
അല്ലാഹുവിലേക്ക് സാമിപ്യമുണ്ടാക്കുന്നതും സ്വർഗപ്രവേശനത്തിന് കാരണമാകുന്നതുമായ ഒരു സൽകർമമാണ് ധർമം ചെയ്യൽ. ധർമം ചെയ്ത കാരണത്താൽ ഒരിക്കലും സമ്പത്ത് കുറയുകയില്ല; മറിച്ച് വർധനവാണുണ്ടാകുക. ഒരിക്കലും വാഗ്ദാനം ലംഘിക്കാത്ത അത്യുദാരനായ അല്ലാഹു പറയുന്നു:

‘നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ (അല്ലാഹു) അതിന് പകരം നൽകുന്നതാണ്’ (34:39).
‘ധർമം ചെയ്യുന്നത് സമ്പത്തിൽ കുറവുവരുത്തുകയില്ല’ എന്ന നബിവചനവും ഇവിടെ ശ്രദ്ധേയമാണ്. ദാനധർമത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം ക്വുർആൻ വചനങ്ങൾ കാണാം. അല്ലാഹുവിെൻറ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നത് ജിഹാദിൽപെട്ടതാണ്. അതുമാത്രമല്ല ക്വുർആനിൽ ജിഹാദിനെ കുറിച്ച് പറയുന്ന ആയത്തുകളിൽ ഒന്നൊഴിച്ചാൽ ബാക്കിയുള്ള മുഴുവൻ ആയത്തുകളിലും ശരീരം കൊണ്ട് ജിഹാദ് ചെയ്യുന്നതിനെക്കാൾ സമ്പത്തുകൊണ്ടുള്ള ജിഹാദിനാണ് മുൻഗണന നൽകിയിരിക്കുന്നത്.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നബിﷺ മറ്റെല്ലാവരെക്കാളും ഉദാരമതിയായിരുന്നു. എന്നാൽ റമദാനിൽ നബിﷺയും ജിബ്‌രീലും തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് തിരുമേനി ഏറ്റവും കൂടൽ ദാനധർമങ്ങൾ ചെയ്തിരുന്നത്’ (ബുഖാരി, മുസ്‌ലിം).
‘ഒരുചീള് കാരക്കയെങ്കിലും ധർമംചെയ്ത് നീ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി) എന്ന നബിവചനം കഴിവിനനുസരിച്ച് ധർമം ചെയ്യുവാനുള്ള പ്രോൽസാഹനമാണ് നൽകുന്നത്.
ധർമത്തിെൻറയും ഔദാര്യത്തിെൻറയും മാസത്തിലാണ് നാമുള്ളത്. റമദാനിൽ ചെയ്യുന്ന ധർമമാണ് ഏറ്റവും ഉത്തമമായത്. അതിനാൽ നന്മയുടെ കൂട്ടായ്മകളിൽ പങ്കാളികളാകാൻ ശ്രമിക്കുക.
പശ്ചാത്താപം റമദാനിൽ
ജീവിച്ചിരിക്കുന്ന കാലമത്രയും ഭൗതിക വിഭവങ്ങളിലുള്ള ആശമുറിയുന്നവനല്ല മനുഷ്യൻ. ദേഹേഛകളിൽനിന്നും അതിരില്ലാത്ത ആഗ്രഹങ്ങളിൽനിന്നും മാറിനിൽക്കാൻ അവെൻറ മനസ്സ് അവനെ അനുവദിക്കുകയുമില്ല. ജീവിതത്തിെൻറ അവസാന കാലത്തിൽ പശ്ചാത്തപിക്കാമെന്ന് പിശാച് പ്രേരണ നൽകും. എന്നാൽ വയസ്സ് കൂടുംതോറും അവെൻറ ആഗ്രഹങ്ങൾ കുറയുകയല്ല; കൂടുകയാണ് ചെയ്യുക. നബിﷺ പറഞ്ഞു: ‘മനുഷ്യൻ വളർന്നു വലുതാകുംതോറും രണ്ട് കാര്യങ്ങളും അവെൻറ കൂടെ വലുതാകുന്നു. സമ്പത്തിനോടുള്ള പ്രിയവും കൂടുതൽ ജീവിക്കണമെന്ന മോഹവും’ (ബുഖാരി).
അല്ലാഹു പറയുന്നു:
‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’ (24:31).
‘വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ’ (49:11).
അല്ലാഹുവിന് വഴിപ്പെടുന്നതിൽ മറ്റു മാസങ്ങളിലൊന്നുമില്ലാത്ത അവസരമാണ് ഈ മാസത്തിൽ ലഭിക്കുന്നത്. വല്ല തെറ്റുകുറ്റങ്ങളിലും അകപ്പെട്ടിരിക്കുന്നുവെങ്കിൽ ഈ മാസം മുതൽ അതിൽ പശ്ചാത്തപിക്കുക. തെൻറ പശ്ത്താപം സ്വീകരിക്കപ്പെടുകയില്ലെന്ന് നിരാശപ്പെടരുത്. അല്ലാഹു അവനോട് ചോദിക്കുന്നവനെ മടക്കുകയില്ല. അവെൻറ കാരുണ്യം സർവവസ്തുക്കളെയും ഉൾകൊള്ളുന്നതാണ്.
വിനയത്തോടെ, ആത്മാർഥമായി അല്ലാഹുവിെൻറ ശിക്ഷയെ ഭയന്നുകൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം അവൻ സ്വീകരിക്കുകയും അവർക്ക് കരുണചെയ്യുന്നതുമാണ്. അടിമയെ അപമാനത്തിൽനിന്നും നിന്ദ്യതയിൽനിന്നും നിർഭയനാക്കുന്ന നിഷ്‌കളങ്കമായ പശ്ചാത്താപവുമായി ഈ മാസത്തെ നാം ഉപയോഗിക്കുക.
റമദാനിൽ പശ്ചാത്തപിക്കാത്തവർ പിന്നെ എപ്പോഴാണ് അതിന് തയ്യാറാവുക? അതിൽ ആത്മപരിശോധന ചെയ്യാത്തവർ പിന്നെ എപ്പോഴാണ് അതിന് തയ്യാറാവുക? വിനോദത്തിൽനിന്നും അശ്രദ്ധയിൽനിന്നും മോചിതരാകാത്തവർ, ദുശ്ശീലങ്ങളും വിനോദാഭാസങ്ങളും വെടിയാത്തവർ എപ്പോഴാണ് അതിൽനിന്ന് പിൻമാറുക?
സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടക്കപ്പെടുകയും ചെയ്യുന്ന മാസമാണ് റമദാൻ. ‘നന്മയാഗ്രഹിക്കുന്നവരേ, മുന്നോട്ടുവരിക; തിന്മ ചെയ്യുന്നവരേ അതവസാനിപ്പിക്കുക’ എന്ന് വിളിച്ച് പറയപ്പെടുന്ന മാസം. ഇത്തരം ഒരു സുവർണാവസരം ലഭിച്ചിട്ടും തൗബ ചെയ്യുന്നില്ലെങ്കിൽ അത് മഹാനഷ്ടമായിരിക്കും. ‘റമദാൻ ആഗതമായിട്ടും പാപം പൊറുക്കപ്പെടാത്തവന് നാശം’ എന്ന് നബിﷺ പറഞ്ഞതായി കാണാം. ഒരുപക്ഷേ, പിന്നീട് ഒരിക്കലും ലഭിക്കാത്ത ഒരു അവസരമായിരിക്കുമിത്.
മറ്റു ചില പുണ്യകർമങ്ങൾ
1. നോമ്പു തുറപ്പിക്കുന്നതിൽ പങ്കാളിയാവുക; അവന് രണ്ടു പ്രതിഫലം ലഭിക്കും.
2. ജമാഅത്ത് നമസ്‌കാരത്തിന് ഒന്നാമത്തെ അണിയിൽ തന്നെ ഇടം നേടുക.
3. സുബ്ഹി നമസ്‌കാരശേഷം ദിക്‌റുകളും പ്രാർഥനകളുമായി സൂര്യോദയം വരെ പള്ളിയിൽ ഇരിക്കുകയും സൂര്യനുദിച്ചുയർന്ന ശേഷം രണ്ട് റകഅത്ത് നമസ്‌കരിക്കുകയും ചെയ്യുക.
4. അത്താഴ സമയം, നോമ്പുതുറക്കുന്നതിനു മുമ്പ്, തുടങ്ങി പ്രാർഥനക്ക് പ്രത്യേകം ഉത്തരം കിട്ടുന്ന സമയങ്ങൾ ഉപയോഗപ്പെടുത്തുക.
5. റമദാനിൽ ഉംറ നിർവഹിക്കുക; അത് നബിﷺയുടെ കൂടെ ഹജ്ജ് ചെയ്തതിന് സമമാണ്.
6. ദിവസവും മൂന്ന് ജുസ്അ് ക്വുർആൻ പാരായണം ചെയ്യുക; അല്ലെങ്കിൽ ഒരു ജുസ്അ് എങ്കിലും ഓതുക.
7. പ്രദേശത്തെ പള്ളിയിൽ ഒരു ദിവസമെങ്കിലും ഇഅ്തികാഫ് ഇരിക്കുക.
8. പ്രഭാതത്തിലും സന്ധ്യാസമയത്തും ചൊല്ലേണ്ട ദിക്‌റുകൾ ചൊല്ലുക. എല്ലാസമയത്തും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ നിലനിർത്തുക.
9. നോമ്പുതുറ സംഘടിപ്പിച്ച് അതിെൻറ പുണ്യം നേടുക. മാതാപിതാക്കളെയും രക്തബന്ധത്തിൽ പെട്ട മറ്റുള്ളവരെയും നോമ്പുതുറപ്പിക്കുമ്പോൾ കുടുംബ ബന്ധം ചേർക്കുന്നതിെൻറ പ്രതിഫലം കൂടി ലഭിക്കുമെന്നറിയുക.
10. തറാവീഹ്-വിത്‌റ് നമസ്‌കാരത്തിൽ പങ്കെടുക്കുക.
11. റമദാനിെൻറ എല്ലാ പകലിലും ഓരോ ധർമമെങ്കിലും ചെയ്യുക.
12. മറ്റുകർമങ്ങളെപ്പോലെത്തന്നെ പ്രതിഫലമർഹിക്കുന്നതാണ് റമദാനിൽ വായ വൃത്തിയാക്കലും. നോമ്പുകാരനാണെങ്കിലും അത് മറന്നുപോകരത്.
13. വെള്ളിയാഴ്ച നേരത്തെതന്നെ കുളിച്ചു പള്ളിയിൽ പോകുകയും അന്നത്തെ പകലിലെ അവസാനത്തെ സമയം പ്രാർഥനക്കും പാപമോചനത്തിനുമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.
14. വുദൂഅ് ചെയ്ത ശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കുക.
15. ആയിരം മാസം ഇബാദത്ത് ചെയ്ത പ്രതിഫലം ലഭിക്കുന്ന ലൈലത്തുൽ ക്വദ്‌റിെൻറ രാവിനെ പ്രതീക്ഷിച്ച് ഇബാദത്തിൽ മുഴുകുക.
ഇങ്ങനെ പ്രതിഫലം വാരിക്കൂട്ടാനുള്ള ഒട്ടേറെ കാര്യങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതെല്ലാം കഴിയുന്നതും പ്രാവർത്തികമാക്കുക.
സ്ത്രീകളോട്
റമദാൻ വന്നാൽ പിന്നെ സ്ത്രീകൾക്ക് തീരാത്ത അടുക്കളപ്പണിയാണിന്ന്. പുരുഷന്മാർ ആരാധനകളിൽ മുഴുകിയും വിശ്രമിച്ചുമൊക്കെ സമയം ചെലവഴിക്കുമ്പോൾ സ്ത്രീകൾ രാപകൽ ഭേദമില്ലാതെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഈ അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. സ്ത്രീകളുടെ അറിവിലേക്കായി ചില കാര്യങ്ങൾ കുറിക്കട്ടെ:
ഈ അനുഗൃഹീത പുണ്യമാസം കടന്നുവരുമ്പോൾ അതിനെ സ്വീകരിക്കാൻ സ്ത്രീകൾ മാനസികമായി തയ്യാറാവുകയും നോമ്പുകാർക്ക് അല്ലാഹു ഒരുക്കിവെച്ച മഹത്തായ പുണ്യങ്ങളിൽ ബോധമുള്ളവരാകു കയും ചെയ്യേണ്ടതുണ്ട്.
റമദാനിൽ കൂടുതൽ സമയം ഇബാദത്തിനായി ഉപയോഗപ്പെടുത്താൻ സ്ത്രീകളും സമയം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം വീട്ടിലെ പുരുഷന്മാരെ ബോധ്യപ്പെടുത്തുകയും അവരുടെ സഹകരണം തേടുകയും ചെയ്യുക.
പെരുന്നാൾ ദിനം ധരിക്കാനുള്ള പുതുവസ്ത്രം നേരത്തെ തന്നെ വാങ്ങിവെക്കുക. സ്ത്രീകളും രക്ഷിതാക്കളുമെല്ലാം റമദാനിെൻറ അവസാനത്തെ പത്തിലെ വിലപ്പെട്ട സമയം തുണിക്കടകളിലും അങ്ങാടിയിലുമായി നഷ്ടപ്പെടുത്തുന്ന കാഴ്ച സാധാരണമാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. റമദാനിനെക്കാൾ തിരക്കു കുറവായിരിക്കും റമദളാനിെൻറ മുമ്പ്. വിലയിലും ഗണ്യമായ മാറ്റമുണ്ടാവാറുണ്ട്. എന്നിട്ടും പിന്നെന്തിനാണ് വിലകൂടുകയും തിരക്കു വർധിക്കുകയും ചെയ്യുന്ന റമദാനിൽ തന്നെ വസ്ത്രം വാങ്ങുവാൻ തീരുമാനിക്കുന്നത്?

