ദൈവവിശ്വാസം; എന്താണ് യുക്തിപരം?

യാസീൻ അൽഹികമി

2025 ആഗസ്റ്റ് 02, 1447 സഫർ 08

ഭൂമിയിലേക്കുള്ള മനുഷ്യനിയോഗത്തെകുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും വിശദീകരിക്കുമ്പോൾ അശാസ്ത്രീയമെന്നാക്ഷേപിക്കുന്നവരാണ് യുക്തിവാദികൾ. എന്നാൽ, സ്ഥൂല പ്രപഞ്ചത്തിലെയും സൂക്ഷ്മ പ്രപഞ്ചത്തിലെയും അതിസങ്കീർണമായ സൃഷ്ടിരഹസ്യങ്ങൾക്ക് പിന്നിൽ ഒരു സ്രഷ്ടാവിനെ കണ്ടെത്തുന്നതിൽ ശാസ്ത്ര മാനദണ്ഡങ്ങൾക്ക് യാതൊരു പ്രാമുഖ്യവും ഇവർ നൽകുന്നില്ല താനും.

ശുദ്ധശൂന്യതയിൽനിന്ന് സങ്കീർണതകൾ നിറഞ്ഞ അത്യത്ഭുതകരമായ ഈ പ്രപഞ്ചം ഉണ്ടായതിന് പിന്നിൽ ഒരു സൃഷ്ടികർത്താവില്ല എന്ന് പറയുന്നത് യുക്തിപരമാണോ? ഒരിക്കലുമല്ല! അതിനിസ്സാരമായി നാം കാണുന്ന വസ്തുക്കൾ പോലും തന്നെ തനിയെ ഉണ്ടായതാണെന്ന് പറഞ്ഞാൽ ആരും അംഗീകരിക്കില്ല. കൃത്യമായ കാര്യകാരണങ്ങളിലൂടെയും ഒരുപാട് ഘടകങ്ങൾ പ്രവർത്തിച്ചതുകൊണ്ടല്ലാതെ ഒന്നും ഈ ലോകത്ത് ഉണ്ടാകുന്നതോ നിലനിൽക്കുന്നതോ നമ്മൾ കാണുന്നില്ല. എങ്കിൽ പിന്നെ, ഈ കാരണങ്ങൾക്ക് പിന്നിലൊന്നും ഒരു കാരണക്കാരനില്ല, അങ്ങേയറ്റത്തെ കൃത്യതയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അത്ഭുത ലോകത്തിന് ഒരു നിയന്താവും സംവിധായകനുമില്ല എന്ന വിശ്വാസം തികഞ്ഞ യുക്തിരാഹിത്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഒന്നും ഒന്നും ഒന്നും കൂട്ടിയാൽ ഒന്നാണെന്ന് പറയുന്നതാണ് ചിലരുടെ വിശ്വാസം. മൂന്നു ദൈവങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും സത്തയിൽ അവർ ഒന്നായതിനാൽ അത് ഏകദൈവ വിശ്വാസമാണെന്ന് വാദിക്കുന്നതിനെ നമ്മുടെ യുക്തിക്ക് ഉൾക്കൊള്ളാനാകുന്നുണ്ടോ?

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും നിയന്ത്രണവും കൈകാര്യം ചെയ്യുന്ന ദൈവം സൃഷ്ടികൾക്കുള്ളിൽ അന്തർലീനമാണെന്ന് പറയുന്നത്, അല്ലെങ്കിൽ സൃഷ്ടികൾ തന്നെയാണ് ആ ദൈവം എന്നു പറയുന്നത് എങ്ങനെ ബുദ്ധിപരമാകും? എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവം കേവല സൃഷ്ടികളായ തൂണിലും തുരുമ്പിലും പോലും ഉണ്ടാവുക എന്നത് എങ്ങനെ യുക്തിപരമാകും?

അതിസങ്കീർണമായി, പരസ്പര പൂരകങ്ങളായി വർത്തിക്കുന്ന ഈ പ്രപഞ്ചത്തിന്റെ പിന്നിലെ ശക്തികളായി മറ്റു ചിലർ കാണുന്നതാകട്ടെ പരസ്പരം തർക്കങ്ങളിലും വഴക്കുകളിലും യുദ്ധങ്ങളിലും പോലും ഏർപ്പെട്ടുകൊണ്ടിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കുറെ സാങ്കൽപിക കഥാപാത്രങ്ങളെയാ കുന്നു. അങ്ങേയറ്റം സൂക്ഷ്മമായ ഘടനയിലും വളരെയധികം കൃത്യതയാർന്ന നിയമങ്ങളാലും കോർത്തിണക്കപ്പെട്ട ഈ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളുടെ രക്ഷാകർതൃത്വം എണ്ണമറ്റ ദൈവങ്ങളിൽ ആയിത്തീരുകയില്ലെന്ന് തീർച്ച.

പ്രപഞ്ചം മുഴുവൻ ഒരേ താളത്തിൽ, ഒറ്റ ഘടനയുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നും മറ്റൊന്നിൽനിന്ന് വേർപ്പെട്ടതോ പരസ്പരം ബന്ധമില്ലാത്തതോ അല്ല എന്ന് നമുക്ക് തീർത്തു പറയാം. എല്ലാറ്റിന്റെയും നിലനിൽപ്പ് മറ്റുള്ളവയുടെ നിലനിൽപ്പിനെയും പ്രവർത്തനത്തെയും ആശ്രയിച്ചാകുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്രപഞ്ചം എങ്ങനെയാണ് പല ദൈവങ്ങൾക്ക് കീഴിലാകുന്നത്? അവിടെയാണ് മറ്റെല്ലാ വിശ്വാസങ്ങളിൽനിന്നും വിഭിന്നമായി സർവശക്തനും സർവജ്ഞാനിയും അതിയുക്തിമാനുമായ ഏകദൈവത്തിലുള്ള വിശ്വാസം യുക്തിഭദ്രമാകുന്നത്. കേവല സൃഷ്ടികളായ കല്ലോ മരമോ മണ്ണോ കൊണ്ടൊന്നും രൂപപ്പെടുത്തിയെടുക്കാവുന്ന അത്രയും നിസ്സാരമല്ല ആ ദൈവം. നമ്മുടെ അറിവിനും ചിന്തകൾക്കും പ്രാപ്യമാകുന്നതിൽനിന്നെല്ലാം എത്രയോ ഉന്നതനാണ് അവൻ. അതുകൊണ്ടുതന്നെ കേവല ചിന്തകൊണ്ടോ പഞ്ചേന്ദ്രിയജ്ഞാനം കൊണ്ടോ അവന്റെ സത്തയുടെ രൂപമോ, വിശദവിവരങ്ങളോ നമുക്ക് ഗ്രാഹ്യമല്ല. ഒരു പോരായ്മയുമില്ലാത്ത, എല്ലാ അർഥത്തിലും പരിപൂർണനായിരിക്കണം അവൻ എന്ന് യുക്തി തേടുന്നുണ്ട്. അങ്ങനെയുള്ള സാക്ഷാൽ ദൈവത്തിനാണ് അറബിയിൽ ‘അല്ലാഹു’ എന്ന് പറയുന്നത്. അവനെക്കുറിച്ച് അവന്റെ ദൂതന്മാരിലൂടെ നമുക്ക് പറഞ്ഞുതന്നത് എന്തോ അതു മാത്രമെ നമുക്ക് അറിയൂ. അങ്ങനെ പറഞ്ഞുതന്ന അത്യുന്നതമായ നാമഗുണ വിശേഷണങ്ങളുടെ അർഥവും ആശയവും നമുക്കറിയാം. എന്നാൽ അവന്റെ വിശേഷണങ്ങ ളുടെ കൃത്യമായ സാക്ഷാൽരൂപം നമുക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ സാധിക്കുന്നതല്ല.

എങ്കിൽ ഈ സൃഷ്ടിപ്രപഞ്ചത്തിലെ സർവവും കൃത്യമായ നിയമഘടനയിൽ സംവിധാനിച്ച, സർവ ചരാചരങ്ങളും ആരുടെ തീരുമാനമനുസരിച്ച് നിലനിൽക്കുന്നുവോ ഏകനായ ആ ദൈവമാണ് യഥാർഥത്തിൽ ആരാധനകൾക്ക് അർഹൻ. പ്രപഞ്ചത്തിലെ സകല വസ്തുക്കളും ലോകരക്ഷിതാവ് സംവിധാനിച്ച പ്രാപഞ്ചിക നിയമത്തെ അനുസരിച്ചുകൊണ്ട് മാത്രം പ്രവർത്തിക്കുന്നു.

“...എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്. അവൻ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു’’ (ക്വുർആൻ 6:101-103).

പ്രപഞ്ചത്തിന്റെ ഘടനയിലും നിലനിൽപിലും ഒരു പോരായ്മയും കുറവും നമുക്ക് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, അതിനെക്കുറിച്ച് പഠിച്ചവരെല്ലാം അതിന്റെ സങ്കീർണതയിൽ അത്ഭുതപ്പെട്ടു പോകുന്നുണ്ടെങ്കിൽ അതിന്റെയെല്ലാം സ്രഷ്ടാവിനെ നമുക്കെങ്ങനെ നിഷേധിക്കാനാകും?

“ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ച് കൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? പിന്നീട് രണ്ടുതവണ നീ കണ്ണിനെ തിരിച്ച് കൊണ്ടുവരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടും മടങ്ങി വരും’’ (67:3,4).

അവൻ മാനവരാശിക്കായി നൽകിയ മതത്തെ ജീവിത വഴികാട്ടിയായി സ്വീകരിച്ചാൽ നമ്മുടെ ജീവിതവും അതിസുന്ദരവും അത്യധികം കൃത്യതയാർന്നതുമായി മാറും.

ജീവിതത്തിലെ കാതലായ മേഖലകളിലെ പ്രശ്‌നങ്ങളിൽ പരിഹാരം പറഞ്ഞു തരാനില്ലാത്ത, കൃത്യമായ മാർഗദർശനങ്ങളും നിയമസംഹിതയും മുന്നോട്ടുവെക്കാൻ കഴിയാത്ത മതങ്ങൾക്കും ദർശനങ്ങൾക്കും മനുഷ്യരുടെ ജീവിതത്തിൽ ക്രിയാത്മകമായി എങ്ങനെ ഇടപെടാൻ സാധിക്കും?

ഇസ്‌ലാം വിശ്വാസകാര്യങ്ങളും കർമപരമായ കാര്യങ്ങളും സ്വഭാവ-പെരുമാറ്റ മര്യാദകളുമെല്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക ശരീഅത്ത് സർവതല സ്പർശിയാണ്. ഏതു കാലത്തും ഏതു ദേശത്തും പ്രായോഗികമാണത്. നിറത്തിന്റെയോ വർഗത്തിന്റെയോ ഭാഷയുടെയോ മറ്റോ പേരിൽ ഉച്ചനീചത്വങ്ങൾ ഇല്ലാതെ മനുഷ്യരെയെല്ലാം മനുഷ്യരായി കാണുന്ന നിയമസംഹിതയാണ് ഇസ്‌ലാമിനുള്ളത്. അത് ഇസ്‌ലാമിക ആദർശത്തെ മറ്റുള്ളവയിൽനിന്നെല്ലാം വ്യതിരിക്തമാക്കുന്നു.

ഇതര സൃഷ്ടികളിൽനിന്ന് വിഭിന്നമായി മനുഷ്യർക്ക് സ്രഷ്ടാവ് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. ശരിയും തെറ്റും, സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുവാനുള്ള വിശേഷ ബുദ്ധിയും തന്നിരിക്കുന്നു.

“തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (ക്വുർആൻ 76:3).

എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹങ്ങളിലേക്കും അവന്റെ നിയമങ്ങൾ പഠിപ്പിച്ചുകൊടുക്കുവാൻ മാതൃകാപുരുഷന്മാരായ പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.

“...ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’’ (35:24).

അവർ പച്ചയായ മനുഷ്യരായിരുന്നു. അതത് സമൂഹത്തിൽ പെട്ടവരുമായിരുന്നു. എന്നാൽ ആവർ തെറ്റുകുറ്റങ്ങളിൽനിന്ന് മുക്തമായ ജീവിതം നയിച്ചവരായിരുന്നു. സ്രഷ്ടാവിനുള്ള സമ്പൂർണ സമർപ്പണത്തിലൂടെ, അവന്റെ നിയമനിർദേങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ മാതൃകാജീവിതം കാഴ്ചവെച്ച മഹാന്മാരായിരുന്നു ആ പ്രവാചകൻമാർ.

പ്രപഞ്ചാതീതനായ, അത്യുന്നതനായ ദൈവം, ഉപരിലോകത്തുനിന്ന് അവന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് കൈമാറി. വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു. ഉന്നതനായ ദൈവത്തിന്റെ നാമ വിശേഷണങ്ങളെ കുറിച്ചും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും, ഐഹിക ലോകത്തിന്റെ നൈമിഷികതയെ കുറിച്ചും, മരണാനന്തര ജീവിതത്തിന്റെ യാഥാർഥ്യത്തെ കുറിച്ചുമെല്ലാം ദൈവദൂതന്മാർ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. അതാത് കാലഘട്ടത്തിലും സമൂഹത്തിനും അനുയോജ്യമായ ദൈവിക നിയമങ്ങൾ സമൂഹത്തിന് കൈമാറി.

ആ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബിﷺ. 14 നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മക്കയിൽ ജനിച്ച അദ്ദേഹത്തിന് നാൽപതാമത്തെ വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. അന്ത്യനാൾവരെയുള്ള മുഴുവൻ മനുഷ്യരിലേക്കും നിയുക്തനായ അന്തിമ ദൂതനാണ് മുഹമ്മദ് നബിﷺ.

“നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ടു തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല’’ (34:28).

അദ്ദേഹത്തിന് അവസാനത്തെ വേദഗ്രന്ഥമായ വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ടു. ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും വഴികാട്ടിയായ വേദഗ്രന്ഥവും പ്രവാചകചര്യയും അത്യത്ഭുതകരമായ രൂപത്തിൽ സംരക്ഷിക്കപ്പെട്ടു. അവതരിച്ചതിൽനിന്ന് വള്ളി പുള്ളി മാറ്റമില്ലാതെ വിശുദ്ധ ക്വുർആൻ നിലനിൽക്കുന്നു. അങ്ങനെത്തന്നെ തലമുറകളിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുന്നു.

അതിലെ ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ അറബി സാഹിത്യത്തിന്റെ ഉത്തുംഗതയിൽ നിന്നിരുന്ന അന്നത്തെ സാഹിത്യകുലപതികളെ ക്വുർആൻ വെല്ലുവിളിച്ചു. അന്നുമുതൽ ഇന്നുവരെയും പ്രസ്തുത വെല്ലുവിളി ഉത്തരം ചെയ്യപ്പെടാതെ അവശേഷിക്കുന്നു. അതിന്റെ വിശദീകരണവും പ്രായോഗിക മാതൃകയുമായ പ്രവാചകചര്യയും സമാനതകളില്ലാത്ത രൂപത്തിൽ സംരക്ഷിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ലോകത്തുള്ള ഒരു മതവിഭാഗത്തിനും അവകാശപ്പെടാൻ സാധിക്കാത്ത തരത്തിൽ കൃത്യവും വ്യക്തവുമായും മാറ്റമില്ലാതെയും ഈ പ്രമാണങ്ങൾ നിലനിൽക്കുന്നു. അതിന്റെ സത്യതയും അവലംബനീയതയും ചോദ്യം ചെയ്യപ്പെടാനാകാത്ത യാഥാർഥ്യമാണ്.

വിശുദ്ധ ക്വുർആൻ സൃഷ്ടിച്ചതുപോലുള്ള പരിവർത്തനം ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും സാധ്യമായിട്ടില്ല എന്നത് അനിഷേധ്യ വസ്തുതയാണ്. സാഹിത്യഭംഗിയിലോ, ആശയവ്യാപ്തിയിലോ, നിയമനിർദേശങ്ങളിലോ, ചരിത്രവിവരണങ്ങളിലോ, പ്രവചനങ്ങളുടെ കൃത്യതയിലോ അതിനെ വെല്ലാൻ ഒന്നിനുമായിട്ടില്ല.

മുൻ പ്രവാചകന്മാർ ഒരു പ്രത്യേക നാട്ടുകാരിലേക്കോ ജനവിഭാഗത്തിലേക്കോ നിശ്ചിത കാലഘട്ടത്തി ലേക്കോ ഒക്കെയാണ് നിയോഗിതരായത്. അവർക്ക് ലഭിച്ച വേദങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. എന്നാൽ ലോകാവസാനം വരെയുള്ള മനുഷ്യരിലേക്കാണ് മുഹമ്മദ് നബിﷺ അയക്കപ്പെട്ടത്. അതുപോലെ തന്നെ വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും എല്ലാവരിലേക്കും എല്ലാ കാലത്തേക്കുമുള്ളതാണ്.

മുൻവേദങ്ങളായ തൗറാത്തും ഇൻജീലും പ്രവാചകന്മാരുടെ കാലശേഷം അനുയായികളാൽ മാറ്റത്തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. പുതിയ നിയമമെന്നും പഴയ നിയമമെന്നും ഇന്ന് അറിയപ്പെടുന്ന ഇവയുടെ വിവിധ ഭാഷയിലുള്ള പതിപ്പുകളിൽ എത്രയോ വൈരുദ്ധ്യങ്ങൾ പ്രകടമാണ്. അവ കൈകടത്തലിന് വിധേയമായിട്ടുണ്ടെന്ന് പ്രമുഖരായ പല ക്രിസ്ത്യൻ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നമ്മുടെ ഇഹപര ജീവിത രക്ഷക്കുള്ള വഴികാട്ടിയായി നമ്മൾ അവലംബിക്കുന്ന വേദഗ്രന്ഥം ദൈവികവും മനുഷ്യരുടെ കൈകടത്തലുകളിൽനിന്ന് മുക്തവുമാണ് എന്ന് വ്യക്തമാകുമ്പോഴാണ് വിശ്വാസ-കർമ മേഖലകളിൽ ആത്മാർഥതയോടെ മുന്നോട്ടു പോകുവാനാവുക.

ഇവിടെയാണ് ഇസ്‌ലാമിക പ്രമാണങ്ങൾ ഏറെ പ്രസക്തമാകുന്നത്. അവയുടെ പ്രഥമ അഭിസംബോ ധിതർ അവയെ എങ്ങനെ മനസ്സിലാക്കി എന്ന കൃത്യമായ വിവരം നമുക്ക് ലഭ്യമാണ്. ഏതൊരു ഗ്രന്ഥവും ഗ്രന്ഥകാരനിൽനിന്ന് നേരിട്ട് പഠിച്ചെടുത്ത ശിഷ്യന്മാർക്കാണ് ഗ്രന്ഥകാരന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്, അതിന്റെ ശരിയായ വിശദീകരണങ്ങളെക്കുറിച്ച്, അതിന്റെ പ്രായോഗിക രീതികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുക എന്നതിൽ സംശയമില്ല.

വിശുദ്ധ ക്വുർആൻ മുഹമ്മദ് നബിﷺക്കാണ് അവതീർണമായത്. അല്ലാഹു അറിയിച്ചതു പ്രകാരം അതിന്റെ ആശയവും വിശദീകരണവും അവിടുന്ന് അനുചരന്മാർക്ക് നേരിട്ട് പഠിപ്പിച്ചുകൊടുത്തു. അതുകൊണ്ടുതന്നെ,

ഇസ്‌ലാമിക പ്രമാണങ്ങൾ അതിന്റെ പ്രഥമ അനുയായികൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കൽ നിർബന്ധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അവരുടെ ഗ്രാഹ്യതയിൽ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ദിവ്യബോധന പ്രകാരം പ്രവാചകൻﷺ അതിൽ ഇടപെട്ട് തിരുത്തിയതായി നമ്മൾ പ്രമാണങ്ങളിൽ കാണുന്നു. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും പുണ്യവാന്മാരും മഹത്തുക്കളുമായ ജനവിഭാഗമെന്നും പ്രമാണങ്ങൾ പഠിപ്പിക്കുന്നു.

“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു...’’ (ക്വുർആൻ 3:110)

അവരും അവരോട് തൊട്ടടുത്ത രണ്ടു തലമുറകളുമാണ് പ്രമാണങ്ങളെ മനസ്സിലാക്കുന്നതിൽ നാം അവലംബിക്കേണ്ടവർ. അവരാണ് ഉത്തമ തലമുറ എന്ന് നബിﷺ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സ്ഥലകാലങ്ങളുടെ മാറ്റത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന മനുഷ്യബുദ്ധിയുടെ പരിമിതിയെ തിരിച്ചറിയാതെ, നന്മതിന്മകൾ മനുഷ്യർക്കുതന്നെ തീരുമാനിക്കാം എന്ന വാദം യുക്തിരഹിതമാണ്. വലിയ ബുദ്ധിശാലികളായ ഗവേഷകരും ശാസ്ത്രജ്ഞരും ചിന്തകരുമൊക്കെ ഓരോ സമയത്തായി കണ്ടെത്തുകയോ ആവിഷ്‌കരിക്കുകയോ ചെയ്യുന്ന പലതും ദോഷകരമെന്നു തിരിച്ചറിയുകയും മാറ്റിത്തിരുത്തുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. പരിമിതമായ പഞ്ചേന്ദ്രിയ ജ്ഞാനത്തിൽ ഊന്നിനിന്നുകൊണ്ട് മാത്രം ചിന്തിക്കുവാൻ കഴിവുള്ള മനുഷ്യബുദ്ധിക്ക് പരമമായ ശരികളിലേക്ക് സ്വതന്ത്രമായി എത്തുവാൻ സാധ്യമല്ല എന്നർഥം.

ശാസ്ത്ര രംഗത്ത് ഏറെ മുന്നിട്ടു നിൽക്കുന്ന രാഷ്ട്രങ്ങളുണ്ട്. എന്നാൽ ഭരണ രംഗത്തുള്ള അവരുടെ പല നയനിലപാടുകളും നീതിനിഷേധവും അക്രമവും നിറഞ്ഞതാണ്, മനുഷ്യത്വത്തിനെതിരാണ് എന്നു നാം കാണുന്നു. ശാസ്ത്രം എന്നത് മനുഷ്യരുടെ ധാർമിക സദാചാരമൂല്യത്തിന് ഒരു സംഭാവനയും നൽകുന്നില്ല എന്ന പാഠം ഇതിലൂടെ നമ്മൾ പഠിക്കുകയാണ്.

ദൈവിക ദർശനത്തിൽ ഊന്നിയ സദാചാര മൂല്യങ്ങൾ ശാസ്ത്രീയ നേട്ടങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് പ്രയോഗവൽക്കരിച്ചില്ലെങ്കിൽ അതിന്റെ പേരിൽ കഠിനമായ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരും എന്നതിന് ചരിത്രം സാക്ഷിയാണ്. ഇവിടെയാണ് മനുഷ്യരെക്കാൾ അവരെക്കുറിച്ച് അറിയുന്ന അവരുടെ സ്രഷ്ടാവിൽനിന്നുള്ള മാർഗദർശനത്തിന്റെ പ്രസക്തിയും യുക്തിഭദ്രതയും പ്രകടമാകുന്നത്!

ഏത് സമയവും വിടപറഞ്ഞു പോകാവുന്ന ഐഹിക ജീവിതം ഒരു പരീക്ഷണ കാലഘട്ടം മാത്രമാണ്. ഇവിടെ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കും യാതനകൾക്കും നീതിനിഷേധത്തിനും നന്മതിന്മകൾക്കും അർഹമായ പ്രതിഫലം ലഭിക്കുന്ന പരലോകമാണ് അനശ്വരമായത്. അത് പരിപൂർണ നീതിയുടെ ലോകമാണ്. ശരിയായ വിശ്വാസം ഉൾക്കൊണ്ട് സ്രഷ്ടാവിന്റെ നിയമ നിർദേശങ്ങൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയാൽ പരലോകത്ത് വിജയം ലഭിക്കും. അതായിരിക്കണം മനുഷ്യന്റെ ജീവിതലക്ഷ്യം. ഇതെല്ലാമാണ് പ്രവാചകന്മാരുടെ അധ്യാപനം. ഇവിടെ ഓരോരുത്തരും ചെയ്യുന്ന സകല നന്മതിന്മകൾക്കും അവിടെ കണക്ക് നോക്കി പ്രതിഫലം നൽകപ്പെടും. ഇങ്ങനെയൊരു ലോകം അനിവാര്യമാണ് എന്നല്ലേ നമ്മുടെയൊക്കെ മനസ്സും യുക്തിയും ആവശ്യപ്പെടുന്നത്?

“അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നൻമചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുവിന്റെ തൂക്കം തിൻമ ചെയ്തിരുന്നുവോ അവൻ അതും കാണും’’ (ക്വുർആൻ 99:7,8).

ശുദ്ധ ശൂന്യതയിൽനിന്ന് ഈ അത്ഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന് മനുഷ്യരെ പുനർജീവിപ്പിക്കുവാനോ ഒരു പരലോകം സംവിധാനിക്കുവാനോ പ്രയാസമില്ലെന്നുതന്നെയാണ് സ്വാഭാവികബുദ്ധി പറയുന്നത്.

തിന്മ ചെയ്തവന് ശിക്ഷ ലഭിക്കുമ്പോൾ അത് അവനറിയുന്നില്ലെങ്കിൽ ആ ശിക്ഷ നിരർഥകമല്ലേ? ഒരു ദുഷ്‌കർമി തന്റെ തെറ്റുകൾക്കു ശിക്ഷയായി പട്ടിയോ പൂച്ചയോ ആയി പുനർജനിക്കുന്നുവെങ്കിൽ ആ പട്ടിയോ പൂച്ചയോ അറിയുമോ താൻ ഇങ്ങനെ ജനിച്ചത് ഒരു ശിക്ഷയായിട്ടാണ് എന്ന്?

ഛന്ദോഗ്യോപനിഷത്ത് (5:10:7) പറയുന്നു: ‘കർമങ്ങൾ യഥോചിതം അനുഷ്ഠിക്കുന്നതുകൊണ്ട് ആഹ്ലാദകരമായ ജന്മം ലഭിക്കാം. അവർ ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യാദികളുടെ ഗർഭപാത്രത്തിൽ പിറക്കാനിടയുണ്ട്. എന്നാൽ ധിക്കാര കർമി പട്ടിയുടെയോ, പന്നിയുടെയോ ചണ്ടാളന്റെയോ ഗർഭത്തിലാകും പിറക്കുക.’ എങ്ങനെയാണ് ഇത് നീതിയാവുക?

പരിപൂർണമായ നീതി നടപ്പിലാക്കപ്പെടുന്ന ഒരു ലോകം വരാനില്ലെങ്കിൽ പിന്നെ എത്രത്തോളം അർഥശൂന്യമാണ് ഈ ജീവിതം! മർദിതനും പീഡിതനും നീതി നീഷേധിക്കപ്പെട്ടവനുമായി ജീവിച്ചു മരിച്ചയാളുടെയും മർദകന്റെയും അക്രമിയുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണെങ്കിൽ പിന്നെ എന്തിനിവിടെ കഷ്ടപ്പെട്ട് നന്മകൾ ചെയ്യണം?

അങ്ങേയറ്റം യുക്തിമാനായ പരമകാരുണികൻ ഒരു ലക്ഷ്യവുമില്ലാതെ വെറുതെ, ഈ പ്രപഞ്ചത്തെ യും മാനവരാശിയെയുമൊക്കെ സൃഷ്ടിച്ചിരിക്കുകയാണോ?

“ആകാശത്തെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല’’ (21:16).

“ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂർവകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും...’’ (15:85).

നന്മയുടെ മാർഗത്തിൽ ത്യാഗമനുഭവിക്കുന്ന, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആളുകൾക്ക് മരണശേഷം ശുദ്ധശൂന്യതയല്ലാതെ ഒന്നുമില്ല എന്നത് എങ്ങനെ യുക്തിപരമാകും? പൈശാചിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന, കടുത്ത അനീതി നടപ്പിലാക്കുന്ന, സമൂഹത്തിൽ സർവ കുഴപ്പങ്ങളും അഴിച്ചുവിടുന്ന വിഭാഗം ഏറെ സുഖിച്ച് മരിച്ചു പോകുന്നു, അവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന ഒരു ലോകമില്ല, അവർ ശൂന്യതയിൽ ലയിച്ചു ചേരുന്നു എന്നത് എങ്ങനെ യുക്തിപരമാകും?

ദൈവം നീതിമാനാണ്. അതുകൊണ്ടുതന്നെ സമ്പൂർണ നീതി നടപ്പിലാക്കപ്പെടുന്ന ഒരു ലോകം അവൻ ഒരുക്കിവെച്ചിട്ടുണ്ട്.

സൃഷ്ടിച്ച് പരിപാലിക്കുന്ന, എല്ലാ അനുഗ്രഹങ്ങളും തന്നുകൊണ്ടിരിക്കുന്ന സ്രഷ്ടാവിൽ വിശ്വസിക്കുന്നവർക്ക് അവനോടായിരിക്കണം ഏറ്റവും കടപ്പാടുള്ളത്. ആ കടപ്പാട് തിരിച്ചറിഞ്ഞ്, അവന്റെ മാത്രം അവകാശമായ ആരാധനകൾ അവനു മാത്രം നൽകി, അവനോട് നന്ദി കാണിച്ച്, അവന്റെ പ്രവാചകന്റെ ജീവിത മാർഗം പിൻപറ്റി ജീവിക്കണം. എല്ലാവരോടുമുള്ള കടമകളും കടപ്പാടുകളും നിറവേറ്റണം. അവകാശങ്ങൾ വകവെച്ചു കൊടുക്കണം. അങ്ങനെ നന്മകകളാൽ സമ്പന്നമായ ഒരു ജീവിതം നയിക്കണം. ഇതൊക്കെയാണ് ഇസ്‌ലാം മനുഷ്യരോട് കൽപിക്കുന്നത്. അതിൽ ആർക്കും ദ്രോഹം ചെയ്യുന്ന ഒന്നുമില്ല. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകളിൽ ഉപേക്ഷ വരുത്തുന്നവർക്ക് പരലോകത്ത് രക്ഷപ്പെടാൻ സാധ്യമല്ല.

ബാധ്യതകൾ തിരിച്ചറിഞ്ഞ്, വിശ്വാസം ശരിയാക്കി നന്മയുടെ മാർഗത്തിൽ ജീവിക്കുവാൻ തയ്യാറാണെങ്കിൽ, അനുഭവിക്കുന്ന ഓരോ കഷ്ടതയിലും നമുക്ക് പ്രതിഫലമുണ്ട്. സംഭവിച്ചുപോകുന്ന തിന്മകളിൽനിന്ന് പശ്ചാത്തപിച്ചു മടങ്ങി ജീവിതം നന്നാക്കുവാൻ തയ്യാറാണെങ്കിൽ കൃപാലുവായ അല്ലാഹു പൊറുത്തു തരും. പാപമോചന തേട്ടത്തിന് പൗരോഹിത്യത്തിന്റെയോ പണത്തിന്റെയോ അകമ്പടി ആവശ്യമില്ല. സംഭവിച്ചുപോയ തിന്മയിൽ ഖേദിച്ചുകൊണ്ട് ആത്മാർഥമായ പശ്ചാത്താപവും നിഷ്‌കളങ്കമായ മടക്കവും ശേഷിക്കുന്ന ജീവിതം ശരിപ്പെടുത്തുവാനുള്ള തീരുമാനവും മാത്രമാണ് പാപമോചനത്തിന് സ്രഷ്ടാവ് നമ്മോട് ആവശ്യപ്പെടുന്നത്. എത്രതന്നെ സുകൃതങ്ങളെക്കൊണ്ട് സമ്പന്നമായ ജീവിതം കാഴ്ച വെച്ചാലും അത്യുദാരനായ അല്ലാഹുവിനോടുള്ള ബാധ്യതകൾ പൂർണമായി നമുക്ക് നിർവഹിക്കാൻ സാധിക്കില്ല. അവന്റെ അതിമഹത്തായ കാരുണ്യം കൊണ്ട് അവൻ വലയം ചെയ്തവർക്ക് മാത്രമെ പരലോകത്ത് രക്ഷയുള്ളൂ. ആ കാരുണ്യം നേടിയെടുക്കാൻ ഉതകുന്ന, അവന്റെ ഇഷ്ടപ്പെട്ട അടിമകളായിത്തീരുക എന്നതാണ് നമ്മുടെ രക്ഷയുടെ മാർഗം.

തനിക്ക് ഒട്ടേറെ അനുഗ്രഹങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഉന്നതനായ ദൈവത്തോടുള്ള കടപ്പാടിനെ അവഗണിച്ച് കഴിയുന്ന അവിശ്വാസി പോലും ആ ദൈവത്തിങ്കൽ അനീതി കാണിക്കപ്പെടുന്നില്ല എന്ന് ഇസ്‌ലാം പറയുന്നു. അവൻ ആത്മാർഥമായി ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹിക നന്മകൾക്ക് ഐഹിക ലോകത്ത് തന്നെ ഐഹിക അനുഗ്രഹങ്ങളിലൂടെ പ്രതിഫലം നൽകപ്പെടുന്നു.

“അവിശ്വസിച്ചവരാകട്ടെ അവരുടെ കർമങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക് ചെന്നാൽ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തന്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീർത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ’’ (24:39).

പരലോകത്ത് അല്ലാഹു പ്രതിഫലം നൽകുമെന്ന വിശ്വാസത്തോടെ ചെയ്യുന്ന സൽപ്രവർത്തനങ്ങൾക്കു മാത്രമെ അവിടെ പ്രതിഫലം ലഭിക്കുകയുള്ളൂ. അവിശ്വാസികൾക്ക് അങ്ങനെയൊരു വിശ്വാസം ഇല്ലാത്തതുകൊണ്ടുതന്നെ സ്വാഭാവികമായും അവർ അതിന് അർഹരല്ലാതായിത്തീരുന്നു. എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്താൽ, ഇഹലോകത്തുവെച്ച് തന്നെ അവന്റെ കർമങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെടുന്നുണ്ട്. ഐഹിക ലോകത്ത് അവൻ അനുഭവിക്കേണ്ടിയിരുന്ന ദുരിതങ്ങളിൽനിന്നുള്ള രക്ഷയോ, ഏതെങ്കിലും തരത്തിലുള്ള സുഖാനുഗ്രഹങ്ങളോ ആയിക്കൊണ്ട് അവന്റെ നന്മകൾക്കുള്ള പ്രതിഫലം അവൻ അനുഭവിക്കുന്നുണ്ട്. അവരുടെ തിന്മകളുടെയും അക്രമങ്ങളുടെയും തോതും അളവും അനുസരിച്ചായിരിക്കും നരകത്തിലെ ശാശ്വതമായ ശിക്ഷയുടെ കാഠിന്യം തീരുമാനിക്കപ്പെടുക.

ഇതെല്ലാം പരിഗണിച്ച് നമുക്ക് ഉറപ്പായും പറയാം; അതുകൊണ്ടുതന്നെ ഇതാകുന്നു യുക്തിയുടെ മതം.