CASA: മുനമ്പിലെ വക്വ‌്‌ഫ് പരാതി
മുജീബ് ഒട്ടുമ്മൽ
2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു,
ഞാൻ ഒന്നും മിണ്ടിയില്ല;
കാരണം, ഞാനൊരു കമ്യുണിസ്റ്റ് അല്ലായിരുന്നു!
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു,
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല;
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല!
പിന്നീട് അവർ ജൂതരെ തേടി വന്നു,
ഞാനൊന്നും മിണ്ടിയില്ല;
കാരണം, ഞാനൊരു ജൂതനായിരുന്നില്ല!
ഒടുവിൽ അവർ എന്നെ തേടി വന്നു,
അപ്പോൾ എനിക്കു വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...’
പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടീൻ നീമൊളറുടെ വരികളാണ് മേലെ നാം വായിച്ചത്.
നാസിസത്തിനെതിരെയും ഹിറ്റ്‌ലറുടെ ആര്യൻ മേധാവിത്വ സിദ്ധാന്തത്തിനെതിരെയും നിശ്ശബ്ദത പാലിച്ച ജർമനിയിലെ ബുദ്ധിജീവികൾക്കെതിരായ വിമർശനമായും നാസികളാൽ വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യദാർഢ്യമായിട്ടുമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നാസികളെ മാതൃകയാക്കി ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര വക്താക്കളാണ് ഹിന്ദുത്വ പ്രചാരകർ. അവരുടെ ആദർശത്തിന് അടിത്തറയേകിയ ആർഎസ്എസ്സിന്റെ രണ്ടാമത്തെ സർസംഘ് ചാലകായിരുന്ന എംഎസ് ഗോൾവാൾക്കർ അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ രണ്ട് പുസ്തകങ്ങളിലൂടെ അവരുടെ ലക്ഷ്യങ്ങളും ആദർശവും വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
“ജർമൻകാരുടെ ദേശാഭിമാനം ഇന്ന് ലോകമെങ്ങും ചർച്ചാവിഷയമായിരിക്കുന്നു. രാഷ്ട്ര ത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി സൂക്ഷിക്കുന്നതിന് വേണ്ടി സെമിറ്റിക് വംശജരെ (ജൂതരെ) ഒന്നടങ്കം നിഷ്‌കാസനം ചെയ്തുകൊണ്ട് അവർ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. അടിസ്ഥാന കാര്യങ്ങളിൽ തന്നെ വിയോജിപ്പുള്ള വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരിക്കലും ഐക്യത്തോടെ വർത്തിക്കാനാവില്ല എന്ന പരമമായ സത്യമാണ് ജർമനി വിളിച്ചോതുന്നത്. നമുക്ക്-ഹിന്ദുസ്ഥാന്-ഇതിൽനിന്ന് പഠിക്കാനും ഉൾക്കൊള്ളാനും പലതുമുണ്ട്.’
വംശത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നതിനെയും മറുചേരിയെ (ഹിന്ദുക്കളല്ലാത്ത എല്ലാ വിഭാഗങ്ങളെയും) കൈകാര്യം ചെയ്യുന്ന ക്രൂരമായ രീതിയെയും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം ന്യായീകരിക്കുന്നുണ്ട്. ഹൈന്ദവസംസ്‌കാരത്തെ രാഷ്ട്രത്തിന്റ സംസ്‌കാരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഇതരമതക്കാരെ രണ്ടാംതരക്കാരായി മാത്രമെ പരിഗണിക്കാവൂ എന്നും അവർക്കുള്ള അവകാശങ്ങൾ പരിമിതപ്പെടുത്തണമെന്നും ഗോൾവാൾക്കർ നിർദേശിക്കുന്നുണ്ട്.
ഇങ്ങനെയുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റ വക്താക്കളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മുസ്‌ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമാണ് അവരുടെ ആന്തരിക ശത്രുക്കൾ എന്നിരിക്കെ അധികാര ദണ്ഡുപയോഗിച്ച് ഉൻമൂലനം ചെയ്യാൻ മാർഗങ്ങൾ തേടുക സ്വാഭാവികമാണ്. ലിഞ്ചിങ് പോലെയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസറുകൾകൊണ്ടു ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും തുടച്ച് നീക്കുന്ന നടപടികളും നിർബാധം തുർന്നുകൊണ്ടിരിക്കുന്നു. ആക്രമണങ്ങളിലുടെ ഭയവും വെറുപ്പും വിതറുന്നു.
നിയമനിർമാണ സഭകളിൽ പുതിയ ന്യൂനപക്ഷവിരുദ്ധ ബില്ലുകൾ പാസാക്കി അവകാശങ്ങൾ കവർന്നെടുക്കുന്നു. ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമനിർമാണം നടത്താനുള്ള ഇവരുടെ ധൃതിയിൽ സമൂഹം വീർപ്പുമുട്ടുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളും മതനിരപേക്ഷ ചേരിയും ഐക്യത്തോടെ അവകാശ സംരക്ഷണത്തിനായി പോരാടുന്നതിന് പകരം പരസ്പരം ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരുമായി മാറുന്നത് എത്ര വലിയ അപകടമാണ്! ഒരു വിഭാഗത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോൾ മറ്റുള്ളവരുടെ മൗനം പോലും ഭീകരമാന്നെന്ന് മനോഹരമായ വാചകങ്ങളിലൂടെ സമൂഹത്തെ പഠിപ്പിക്കുകയാണ് മാർട്ടിൻ നീമൊളർ.
കാസയുടെ വക്വ‌്‌ഫ് വിരോധം
കേരളത്തിലെ ക്രിസ്ത്യൻ ഭീകര പ്രസ്ഥാനമാണ് കാസ. മഹാഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹവും കാസയെ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും ക്രിസ്ത്യൻ സമൂഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടുകൊണ്ടാണ് മുസ്‌ലിം സമുദായത്തെ നുണപ്രചാരണങ്ങൾകൊണ്ട് വേട്ടയാടാൻ ശ്രമിക്കുന്നത്. ‘കാസ’ എന്ന തീവ്രവാദ സംഘത്തിന് കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന് കെ.സി ബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ മുമ്പ് പ്രസ്താവിച്ചിരുന്നു. കുരിശു വരയ്ക്കുന്ന കാവി നിക്കറുകാരാണ് ഇവരെന്നും സിറോ-മലബാർ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തിൽ സൃഷ്ടിക്കാൻ ഇടയാക്കിയത് ഇവരാണെന്നും അദ്ദേഹം തന്റ ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നു. വെറുപ്പിൽ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോർക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനമാണ് കാസയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാസയുടെ സ്ഥാപക നേതാവും കേരള മേധാവിയുമായ കെവിൻ പീറ്റർ 2007ൽ രൂപീകൃതമായ ക്രിസ്ത്യൻ സ്വതന്ത്ര സംഘടനയായാണ് ഇതിനെ പരിചയപ്പെടുത്തുന്നത്. മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള കടുത്ത രണ്ട് നുണകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇത് രൂപീകരിച്ചത് എന്ന് വ്യക്തമാണ്. അതിലൊന്ന് സദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ട ദിവസം കേരളത്തിൽ രാഷ്ട്രീയ ഭേദമന്യേ സർവരും പങ്കാളികളായി ഒരു ഹർത്താൽ നടത്തുകയുണ്ടായി. ആ ഹർത്താലിനെ അനുകൂലിച്ച ഒരു വിഭാഗത്തെ മതമൗലികവാദികളായി ചിത്രീകരിച്ച് കാർണിവൽ സംരക്ഷണ സമിതിക്ക് രൂപം നൽകിയാണിത് തുടങ്ങിയതെന്ന് അവർ അവകാശപ്പെടുന്നു.
രണ്ടാമത്തെത് ‘ലവ് ജിഹാദ്’ ആരോപണമാണ്. രാജ്യം ഭരിക്കുന്ന, ഹിന്ദുതീവ്രവാദികളായ സംഘപരിവാറിനാൽ നിയന്ത്രിക്കപ്പെടുന്ന ആഭ്യന്തര മന്ത്രി പോലും, ഇല്ലെന്ന് സമ്മതിക്കുന്ന ഒരു നരേറ്റീവ് ആയ ‘ലവ് ജിഹാദി’നെതിരെ പോരാടുന്നതാണ് കാസയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ രണ്ടാമത്തേത്.
ഇത് രണ്ടും ഒരു സമുദായത്തോടുള്ള വിദ്വേഷം കൊണ്ട് പടച്ചുവിട്ട നുണകളാണ്. കാസ ദേശീയതയിൽ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വലതുപക്ഷ പാർട്ടിക്ക് രൂപം നൽകാനാണ് ശ്രമിച്ചിരുന്നത്. തീവ്ര ദേശീയത, തീവ്ര മതബോധം എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് എന്തുകൊണ്ടും ചേരുന്നതാണ് ബിജെപിയുമായുള്ള ബാന്ധവമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ സംഘപരിവാര അക്രമരാഷട്രീയത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന കാസ വക്വ‌്‌ഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് സുപ്രീം കോടതിയെ സമീപിച്ചു വെന്നതാണ് പുതിയ വാർത്ത. മുനമ്പം വക്വ‌്‌ഫ് ഭൂമിയിൽ താമസിക്കുന്നവർക്ക് നീതി ലഭിക്കാനാണ് സുപ്രീം കോടതിയിൽ മുസ്‌ലിം ലീഗ് നൽകിയ കേസിൽ കക്ഷിചേർന്നതെന്ന് മലയാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് വക്വ‌്‌ഫിനെതിരെ അവർ കരുനീക്കം നടത്തുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയ വക്വ‌്‌ഫ് നിയമം നിലവിലെ മുനമ്പം പ്രശ്‌നത്തിന് ബാധകമല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്ജു കൊച്ചിയിൽ പത്രസമ്മേളനത്തിൽ പ്രസ്താവിക്കുകയുണ്ടായി. മലയാളി പ്രബുദ്ധതയെ പരിഹസിച്ച് സംഘ്പരിവാര സഹായത്തോടെ കാസ നടത്തിയ നുണപ്രചാരണത്തിൽ മുനമ്പം സമരനായകരിൽ ചിലരെങ്കിലും വീണുപോയത് സത്യമാണെങ്കിലും പലർക്കും ഇന്ന് തിരിച്ചറിവുണ്ടായിരിക്കുകയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തുറന്ന് പറയാൻ നേതാക്കൾ സന്നദ്ധരായി. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ലോകമറിയാത്ത നിരക്ഷരരായ ജനതയാണ് കേരളത്തിലുമുള്ളതെന്ന് കണക്കുകൂട്ടിയ സംഘപരിവാരങ്ങൾ അപമാനിതരാവുകയാണ് ഉണ്ടായത്. പൗരോഹിത്യത്തിന്റെ ജൽപനങ്ങളിൽ നമ്രശിരസ്‌കരാകുന്ന കുഞ്ഞാടുകളെ ഇസ്‌ലാമോഫോബിയയുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാമെന്ന് കരുതിയ കാസക്കൂട്ടങ്ങൾക്കും കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായിരിക്കുകയാണ്.
മുനമ്പത്തെ വർത്തമാനങ്ങൾ
എറണാംകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ചെറായ് ബീച്ച്, മുനമ്പം പ്രദേശത്തെ ഫാറൂഖ് കോളേജിന്റ പേരിലുള്ള വക്വ‌്‌ഫ് ഭൂമിയിൽ 1960കൾ മുതൽ കൈയേറ്റം ആരംഭിച്ചിട്ടുണ്ട്. ഒരുവേള മുതവല്ലിയായ ഫാറൂഖ് കോളേജ് അധികൃതർ ആ ഭൂമിയിൽ പ്രവേശിച്ചാൽ കയ്യേറ്റക്കാർ ആക്രമിക്കുമെന്ന അവസ്ഥയിൽ ആ ഭൂമിയിലേക്കുള്ള യാത്രകൾ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അവസാനിപ്പിക്കുകയാണുണ്ടായത്. പിൽക്കാലത്ത് കോളേജ് കമ്മിറ്റി അംഗങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് ഏതാനും ഭാഗങ്ങൾ വിൽക്കുകയുണ്ടായി. അവശേഷിച്ച ഭൂമി യാതൊരു രേഖയുടെയും പിൻബലമില്ലാതെ ചിലർ നിയമവിരുദ്ധമായി സ്വന്തമാക്കുകയും ചെയ്തു. ഭൂമി അധികവും കടലിലും കായലിലുമായാണ് നിലകൊള്ളുന്നതെന്ന വർത്തമാനങ്ങളും പ്രചരിപ്പിച്ചു. വിഎസ് അച്യുതാനന്ദൻ സർക്കാർ നിയമിച്ച എം എ നിസാർ കമ്മീഷൻ (വക്വ‌്‌ഫ് എൻക്വയറി കമ്മീഷൻ) റിപ്പോർട്ടിൽ ചെറായിലെ ഫറൂഖ് കോളേജ് വക്വ‌്‌ഫ് കയ്യേറ്റം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കേരള വക്വ‌്‌ഫ് സംരക്ഷണവേദി നടത്തിയ നിയമ പോരാട്ടങ്ങളാണ് മുനമ്പത്തെ വക്വ‌്‌ഫ് ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് പുതുജീവൻ നൽകിയത്.
നിസാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വക്വ‌്‌ഫ് സംരക്ഷണവേദി ഭൂമി വാങ്ങിയവരുടെ റവന്യൂ അവകാശങ്ങൾ റദ്ദ് ചെയ്യാൻ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തി. എന്നാൽ അവിടെയുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ നിവാസികൾക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ ശക്തമായ കരുതൽ വേണമെന്ന് കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം ഒരുമിച്ച് ആവശ്യപ്പെടുകയുണ്ടായി. വക്വ‌്‌ഫ് ഭൂമി പ്രശ്‌നത്തിൽ ഒരാളും ഭവനരഹിതരാകരുത് എന്ന നിർബന്ധം മുസ്‌ലിം സമുദായത്തിന് ഉണ്ടായിരുന്നു. എന്നാൽ റിസോർട്ട് മാഫിയകൾ മത്സ്യത്തൊഴിലാളികളായ പാവങ്ങളെ മുന്നിൽ നിറുത്തിയുള്ള സമരങ്ങളാണ് നടത്താൻ ശ്രമിച്ചത്. ഈ സാഹചര്യം ക്രിസ്ത്യൻ തീവ്രവാദി സംഘടനയായ കാസ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിന് സംഘപരിവാ രങ്ങളുടെ അധികാരത്തെ ദുരുപയോഗം ചെയ്യാനാണ് അവർ ശ്രമിച്ചത്.
സംഘപരിവാരങ്ങളുടെ ക്രിസ്ത്യൻ പ്രിയം
കേരളത്തിലെ കാസ എന്ന തീവ്രവാദ സംഘടന ക്രിസ്ത്യൻ സമൂഹത്തിന്റ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും അവരോട് എന്തെന്നില്ലാത്ത കടപ്പാടും സ്‌നേഹവും ഉണ്ടെന്ന് വാദിക്കുന്നതും കാപട്യമാണെന്ന് സംഘപരിവാറുമായുളള ബാന്ധവം തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. ക്രിസ്ത്യാനികൾക്ക് നേരെ നടന്ന സംഘപരിവാര ആക്രമണങ്ങളും സമീപനങ്ങളും വിചാരധാരയിലെ ലക്ഷ്യം സാക്ഷാൽകരിക്കുകയാണെന്ന തിരിച്ചറിവുമുണ്ടാകും.
1998 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് ആദ്യമായി 182 സീറ്റ് നേടി സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപി നയിക്കുന്ന മുന്നണി, വാജ്പേയി പ്രധാനമന്ത്രിയായി മാർച്ചിൽ അധികാരത്തിൽ വന്നു. അതോടെ രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഗണ്യമായി വർധിച്ചു. അതേ വർഷം കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ബിജെപി ഭരണത്തിലെത്തിയ ഗുജറാത്തിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1998 മുതൽ 1999 ഫെബ്രുവരി വരെയുള്ള കാലയളവിൽ, രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ 116 ആക്രമണ സംഭവങ്ങൾ നടന്നതായി ഇന്ത്യൻ പാർലമെന്റ് റിപ്പോർട്ട് ചെയ്തു. ഇത്തരം 94 സംഭവങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്ത് ഒന്നാമതെത്തി. 1984 സിഖുകാർക്കെതിരെയും 1992ലും 1993ലും രാജ്യവ്യാപകമായി ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനെതിരെയും നീണ്ട ഹിന്ദുതീവ്രവാദികളുടെ അക്രമം രാജ്യത്ത് അധികാരത്തിലെത്തിയതോടെ ക്രിസ്ത്യാനികൾക്കെതിരെയും വ്യാപകമായി.

1999 ജനുവരിയിൽ ഒഡീഷയിൽവച്ച് വാനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ബജ്‌റംഗ്ദൾ പ്രവർത്തകനായ ധാരാസിങ്ങിന്റെ നേതൃത്വത്തിലെ ഹിന്ദു തീവ്രവാദികൾ വാനിന് തീ കൊളുത്തിക്കൊന്നു. ഇവാഞ്ചലിക്കൽ സൊസൈറ്റിയുടെ ഭാഗമായ Mayurbhanj Leprosy Homeലൂടെ 1965 മുതൽ ഒഡീഷയിൽ കുഷ്ഠരോഗബാധിതരെ പരിചരിക്കുകയും ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും നിർബന്ധിത മതപരിവർത്തനം നടത്തി എന്നതായിരുന്നു ഹിന്ദു തീവ്രവാദികളുടെ ആരോപണം. ഈ ആസൂത്രിത കൊലപാതകത്തിൽ ബജ്‌റംഗ്ദളിന്റെ അന്നത്തെ ഒറീസ മേധാവിയായിരുന്ന, ഇന്നത്തെ ശുഭ്രവസ്ത്രധാരിയായ, കുടിലിൽ താമസിക്കുന്ന, സൈക്കിളിൽ സഞ്ചരിക്കുന്ന ലളിത ജീവിതത്തിനുടമയായ, 2019ൽ കേന്ദ്ര മന്ത്രിയായ ഒഡീഷാ മോഡി എന്നറിയപ്പെട്ടിരുന്ന പ്രതാപ് ചന്ദ്ര സാരംഗിയും പ്രതിയായിരുന്നു.
പിന്നീട് 2008 ഓഗസ്റ്റ് 23ന് ഒഡീഷയിലെ കാന്ധമാൽ ജില്ലയിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംഘപരിവാറിന് അതൊരു ‘സുവർണാവസര’മായിരുന്നു. ലക്ഷ്മണാനന്ദയുടെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള യാത്ര പോയ വഴിയിലും ഒഡീഷയിലാകെയും പള്ളികൾ തകർക്കപ്പെട്ടു. ക്രിസ്ത്യാനികൾക്ക് സ്ഥാനമില്ല, ക്രിസ്ത്യാനികൾ ഹിന്ദുക്കളാകുന്നില്ലെങ്കിൽ അവർ പോകണം, അവർ എവിടേക്ക് പോയാലും ഞങ്ങൾക്ക് പ്രശ്‌നമില്ല, അവർ ഒറീസ വിടണം എന്നൊക്കെ വിഎച്ച്പി നേതാവ് തൊഗാഡിയ പറഞ്ഞു. കലാപത്തിൽ 600 ഗ്രാമങ്ങളും 5,600 വീടുകളും കൊള്ളയടിക്കപ്പെട്ടു. 54,000 പേർ ഭവനരഹിതരായി. 295 പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. 13 സ്‌കൂളുകളും കോളേജുകളും അനാഥാലയങ്ങളും തകർന്നു. ഔദ്യോഗിക മരണസംഖ്യ 39 ആയിരുന്നു, അനൗദ്യോഗികമായി ഈ കണക്ക് 100ന് മുകളിലാണെന്നു പറയുന്നു. ഒട്ടേറെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. അക്രമ ഭീഷണിയെ തുടർന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായി.
ഗുജറാത്തിലെ ബിൽകീസ് ബാനുവിനെപ്പോലെ, കാന്ധമാലിൽ പരിവാർ തെമ്മാടിക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കിയ കന്യാസ്ത്രീയാണ് സിസ്റ്റർ മീന ലളിത ബറുവ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിലെ സാമൂഹിക പ്രവർത്തകയായിരുന്നു ബറുവ. 2008 ഓഗസ്റ്റ് 24, അവർ താമസിച്ചിരുന്ന ദിവ്യജ്യോതി കേന്ദ്രത്തിന് മുന്നിൽ അക്രമികൾ എത്തി, അവർ പിൻവാതിലിലൂടെ മറ്റു ചിലരോടൊപ്പം കാട്ടിലേക്ക് ഓടിക്കയറി ഒരു ഹിന്ദുവിന്റെ വീട്ടിൽ രാത്രി അഭയം പ്രാപിച്ചു. പിന്നീട് ജനക്കൂട്ടം ദിവ്യജ്യോതി കേന്ദ്രത്തിന് തീയിട്ടു. ആഗസ്റ്റ് 25ന് ഉച്ചയോടുകൂടി വീടിനടുത്ത് തടിച്ചുകൂടിയ 2000 പേരടങ്ങുന്ന ജനക്കൂട്ടം ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചു പറഞ്ഞു മഴുവടക്കമുള്ള മാരകായുധങ്ങളുമായി വീടാക്രമിച്ചു, അവിടെ അഭയം പ്രാപിച്ച തോമസ് എന്ന പുരോഹിതനെ പുറത്തിറക്കി മർദിച്ചു. സിസ്റ്ററെ മേൽവസ്ത്രമില്ലാതെ നടത്തുകയും മർദിക്കുകയും ചെയ്തു. 2014 മാർച്ചിൽ പ്രധാന പ്രതിയായ സന്തോഷ് പട്‌നായിക് എന്ന മിതു ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിക്കുകയും ആറു പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയും ചെയ്തു. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ മൊത്തം അക്രമസംഭവങ്ങളുടെ എണ്ണം ക്രമേണ വർധിച്ചുവരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറയുന്നു. 2014ൽ ക്രിസ്ത്യാനികൾക്കെതിരായ 147 അക്രമ സംഭവങ്ങളുണ്ടായി. 2015ൽ 177, 2016ൽ 208, 2017ൽ 240, 2018ൽ 292, 2019ൽ 328, 2020ൽ 279, 2021ൽ 505, 2022ൽ 599, 2023 നവംബറിൽ 687 വീതം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024ൽ ഇത് 740ലധികമായി ഉയർന്നു. അങ്ങനെ മോഡി സർക്കാർ അധികാരമേറ്റതിനുശേഷം ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങൾ ഗണ്യമായി വർധിച്ചു. ഈ കണക്കുകളനുസരിച്ച് ഇന്ത്യയിൽ ഒരു ദിവസം ശരാശരി രണ്ട് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു എന്ന് യുസിഎഫ് പറയുന്നു.
അവസാനം ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ ജയിലിൽനിന്ന് വിട്ടയച്ചിരിക്കയാണ് ഒഡിഷ സർക്കാർ. പ്രതികളിൽ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. പ്രതിയെ പൂമാലയണിയിച്ചാണ് സംഘപരിവാരങ്ങൾ സ്വീകരിച്ചത്. മധ്യപ്രദേശിലെ ജബൽ പൂരി മലയാളി വൈദികർക്ക് നേരെയുള്ള സംഘപരിവാർ ആക്രമണം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മതപരിവർത്തനം ആരോപിച്ചുകൊണ്ടാണ് മിഷനറി പ്രവർത്തകരെ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാക്കിയത്. സംഘപരിവാരത്തിന്റെ ക്രിസ്ത്യൻ പ്രണയത്തെ കൂടുതൽ പ്രകാശിപ്പിക്കുന്ന ഒരു സംഭവമാണ് ഇത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടയിൽ വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകർ ആയുധങ്ങളുമായി വന്ന് ക്രിസ്ത്യൻ പള്ളിയെ ആക്രമിച്ചത് ഈ ആഴ്ചയിലെ അവസാനത്തെ വാർത്തയാണ്.
സംഘപരിവാരങ്ങൾ ഇരയെ തേടുമ്പോൾ
എംഎസ് ഗോൾവാൾക്കറിന്റെ വിചാരധാരയിലെ ആന്തരികശത്രുക്കളിൽ രണ്ടാമത് ക്രിസ്ത്യാനികളാണ്. ശത്രുനിരയിൽ മുസ്‌ലിംകൾക്ക് ഒന്നാം സ്ഥാനം നൽകിയപ്പോൾ വംശീയ ഉൻമൂലനത്തിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതിന്റെ അവസാനത്തെ ആയുധമാണ് വക്വ‌്‌ഫ് നിയമ ഭേദഗതി. മുസ്‌ലിം സമുദായത്തിന്റെ സമ്പത്ത് പിടിച്ചെടുക്കാനും അവരെ അപരവൽകരിക്കാനുമുള്ള നിയമമായിരുന്നു പാർലമെന്റിൽ പാസാക്കിയെടുത്തത്. ഇനി രണ്ടാം ശത്രുവിലേക്കാണ് അവരുടെ ദംഷ്ട്രങ്ങൾ നീളുന്നതെന്നതിന്റെ സൂചനയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ഏപ്രിൽ 3ന് വന്ന ലേഖനം. കേവല രാഷ്ട്രീയത്തിന്റെ താൽകാലിക ലാഭത്തിനായി അവരത് പിൻവലിച്ചുവെങ്കിലും വംശീയ ഉൻമൂലനത്തിനായി അവർ തയ്യാറാക്കിയ പദ്ധതികളിലെ ക്രൈസ്തവ സംഹാരമായി ഇതിനെ കാണാനാകുമെന്നു വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
വക്വ‌്‌ഫ് സ്വത്തിന്റെ വിവരങ്ങൾ ശേഖരിച്ച് അതിനെ അപഹരിക്കാൻ ഉപയോഗിച്ച മാർഗങ്ങൾ തന്നെയാണ് ക്രൈസ്തവ സമ്പത്തിലും നടപ്പിലാക്കാൻ സംഘപരിവാരങ്ങളുടെ പദ്ധതിയെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവരുടെ മൊത്തക്കുത്തകയവകാശപ്പെട്ട് മുന്നോട്ടു വന്ന കാസ തീവ്രവാദ സംഘടന സംഘപരിവാരങ്ങൾക്ക് സ്തുതികീർത്തനങ്ങൾ നടത്തുന്നത്. ഓർഗനൈസറിലെ ലേഖനങ്ങളിൽ വന്ന പരാമർശങ്ങൾ ശ്രദ്ധേയമാണ്: ‘സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വക്വ‌്‌ഫ് ബോർഡാണെന്ന് വർഷങ്ങളായി ഒരു പൊതുവിശ്വാസം നിലവിലുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദം രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള യഥാർഥ ഡാറ്റയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്ത് ഉടനീളം വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂമി കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ എന്ന ബഹുമതി കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയ്ക്കുണ്ട്.’
രാജ്യത്തുടനീളം കത്തോലിക്കാസഭയ്ക്ക് ഏകദേശം 17.29 കോടി ഏക്കർ (7 കോടി ഹെക്ടർ) ഭൂമിയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

‘ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്. ഇത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സഭയെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നു. 2012ലെ കണക്കനുസരിച്ച്, കത്തോലിക്കാസഭയ്ക്ക് 2,457 ആശുപത്രി-ഡിസ്‌പെൻസറികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, 5 എഞ്ചിനീയറിംഗ് കോളേജുകൾ, 3,765 സെക്കൻഡറി സ്‌കൂളുകൾ, 7,319 പ്രൈമറി സ്‌കൂളുകൾ, 3,187 നഴ്‌സറി സ്‌കൂളുകൾ എന്നിവ രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലായി ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്താണ് അതിന്റെ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തത്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി. ഇത് സഭയ്ക്ക് വലിയതോതിലുള്ള ഭൂമി ഗ്രാന്റുകൾക്ക് സൗകര്യമൊരുക്കി’ എന്നും ലേഖനത്തിൽ വിശദമാക്കുന്നുണ്ട്. സംശയാസ്പദമായ മാർഗങ്ങളിലൂടെയാണ് ഭൂമിയുടെ ഒരു ഭാഗം ലഭിച്ചതെന്ന ഒരു പ്രധാന തർക്കത്തിലേക്കും ഓർഗനൈസർ ലേഖനം വിരൽ ചൂണ്ടുന്നുണ്ട്. ‘പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്, സഭ നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളെ സൗജന്യമോ കുറഞ്ഞ ചെലവിലുള്ളതോ ആയ സേവനങ്ങൾ നൽകി ആകർഷിക്കുകയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവരെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു’ എന്ന് ലേഖനത്തിൽ ആരോപിക്കുന്നു.
‘ആദിവാസി, ഗ്രാമീണ സമൂഹങ്ങളിൽനിന്നുള്ള ഭൂവുടമകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോ-ചില സന്ദർഭങ്ങളിൽ നിർബന്ധിച്ചതോ ആയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്, തുടർന്ന് അവരുടെ ഭൂമി സഭയുമായി ബന്ധപ്പെട്ട സംഘടനകൾ ഏറ്റെടുത്തു. ഈ ആരോപണങ്ങൾ സഭ നിഷേധിക്കുന്നുണ്ടെങ്കിലും, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ സാമൂഹിക-മത ഭൂപ്രകൃതിയിൽ മിഷനറി സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. ഒരുകാലത്ത് തദ്ദേശീയ സമൂഹങ്ങളുടെ വകയായിരുന്ന ഗോത്രവർഗ ഭൂമികൾ ക്രമേണ വിവിധ കാരണങ്ങളാൽ സഭാ അധികാരികൾക്ക് കൈമാറിയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്’ എന്നും ലേഖനം തുർന്ന് പറയുന്നുണ്ട്. ഈ ലേഖനം പുറത്ത് വന്ന് വിവാദം കത്തിനിന്നപ്പോഴാണ് ഓർഗനൈസർ പിൻവലിച്ചത്. എന്നാൽ അതിന് ശേഷവും ക്രൈസ്തവ വിരുദ്ധ ലേഖനം അതിൽ പ്രത്യക്ഷപ്പെടുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്നത് സമൂഹം അറിയാതെ പോയതിൽ അതിശയമുണ്ട്. അല്ലെങ്കിൽ സമൂഹത്തിൽ വിവാദമാകാതെ സമർഥമായി അതിനെ മറച്ചുവെച്ചതിൽ സംഘപരിവാരങ്ങൾ വിജയിച്ചുവെന്നതാണ് സത്യം. ‘പതിനേഴാം നൂറ്റാണ്ടിൽ ജെസ്യൂട്ട് റോബർട്ട് ഡി നോബിലി എങ്ങനെയാണ് ഹിന്ദുക്കളെ കബളിപ്പിച്ച് ക്രിസ്തുമതത്തിലേ മതപരിവർത്തനം ചെയ്യിപ്പിച്ചത്’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്.
ഇന്ത്യയിലെ ക്രിസ്ത്യൻ മിഷണറിമാരെ കുറിച്ചാണ് അതിലെ ഉള്ളടക്കം. പാവങ്ങളായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മതപരിവർത്തനം നടത്തുന്നതെന്നാണ് അതിലെ ആരോപണം. ക്രിസ്ത്യൻ സഭക്ക് 17 കോടി ഏക്കറയിലധികം സ്വത്തുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് ഓർഗനൈസറിൽ ലേഖനം എഴുതി പിന്നീട് പിൻവലിച്ച ആർഎസ്എസ് സർസംഘ പ്രചാരക് ശശാങ്ക് കുമാർ ദ്വിവേദിയാണ് ഈ ലേഖനത്തിന്റെയും കർത്താവ്. വിദേശ ക്രൈസ്തവ മിഷണറിമാർ വന്നപ്പോൾ അവരുടെ ആഹാരശീലങ്ങളിൽ വൃത്തിയില്ലായ്മ കാരണം ഹിന്ദുക്കൾ ആകർഷിക്കപ്പെട്ടിരുന്നില്ല എന്ന പരിഹാസവും അതിലുണ്ട്. ചാണകം മെഴുകിയ തറയിൽ ഇരുന്ന് പുളിങ്കുരു പെറുക്കി തിന്നുന്ന കാലത്തെ ആളുകൾ വിദേശികൾ വൃത്തിയില്ലാത്തവരെന്ന് കരുതിയതിലും അതിശയോക്തിയുണ്ട്. ബ്രാഹ്‌മണ ക്രിസ്ത്യാനിയാക്കാൻ പാതിരി കാവി വസ്ത്രമണിഞ്ഞു. കുറി തൊട്ടും പൂണൂൽ ധരിച്ചും വെജിറ്റേറിയൻ മാത്രം കഴിച്ചും മധുരയിലെ ബ്രാഹ്‌മണ തെരുവുകളിൽ ജസ്യൂട്ട് പാതിരി ജീവിച്ചുവത്രെ! രാത്രി ഭക്ഷണം കഴിക്കാനിറങ്ങുന്ന ബ്രാഹ്‌മണരെ ചാടിപ്പിടിച്ച് ക്രിസ്ത്യാനിയുമാക്കി. സംസ്‌കൃത പണ്ഡിതനെ വാടകയ്‌ക്കെടുത്ത് സംസ്‌കൃതവും പഠിച്ചു. സംസ്‌കൃത ശ്ലോകങ്ങളിലൂടെ ഹിന്ദുക്കളെ പരാജയപ്പെടുത്തി. അവസാനം ഊബർ പിടിച്ച് നിരയായി വന്ന് ബ്രാഹ്‌മണർ ക്രിസ്തുമതം സ്വീകരിച്ചുവത്രെ! ബൈബിൾ അഞ്ചാം വേദമാണെന്നും യെജുർവേദമാണെന്നും പാതിരി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ഏതൊരു ക്രിസ്ത്യാനിയെ കണ്ടാലും ഹിന്ദുക്കൾ മതം മാറുന്ന അവസ്ഥയുണ്ടായി. ഇങ്ങനെയാണത്രെ തമിഴ്‌നാട്ടിൽ ഹിന്ദുമതം ഇല്ലാതായത്!
ഇങ്ങനെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെയും പ്രവർത്തകരെയും അപകടപ്പെടുത്താവുന്ന വിധമുള്ള നുണകൾ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഓർഗനൈസർ നടത്തിയത്. പക്ഷേ, കാസ പോലെയുള്ള ഒറ്റുകാരുടെ പ്രലോഭനങ്ങളിൽ താൽകാലികമായി പ്രസ്തുത ലേഖനം പിൻവലിക്കുകയാണുണ്ടായത്.
ഏതായാലും ഗോൾവാൾക്കറുടെ സ്വപ്നവും ദാർശനിക ചിന്തയും യാഥാർഥ്യമാക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ച് അവസരത്തിനായി കാത്തിരിക്കുകയാണെന്നതാണ് സത്യം. ക്രിസംഘികളായ കാസ കൂട്ടങ്ങളുടെ വഞ്ചനയിൽ ക്രൈസ്തവ സമൂഹം പെട്ടുപോകുന്നതിനെ കരുതിയിരിക്കുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും സംഘ് രാഷ്ട്രീയം വേരുപിടിക്കാൻ ക്രിസ്ത്യൻ- മുസ്‌ലിം ഭിന്നിപ്പ് അനിവാര്യമെന്ന് അവർ കണക്ക് കൂട്ടുന്നു. ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ ക്രൈസ്തവ സമൂഹം ഒന്നാകെ ചാണകക്കുണ്ടിലേക്ക് വഴുതിവീഴാൻ സാധ്യതയില്ലെന്ന് നമുക്ക് ആശ്വസിക്കാം.

