ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം
ഉസ്മാൻ പാലക്കാഴി
2025 മെയ് 24, 1446 ദുൽഖഅദ് 22

മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ...’ (ക്വുർആൻ 4:1).
ഭൂമിയിൽ കരയിലും വെള്ളത്തിലുമായി വ്യത്യസ്ത രൂപത്തിലും പ്രകൃതത്തിലുമുള്ള കോടിക്കണക്കിനു സൂക്ഷ്മ, സ്ഥൂല ജീവിവർഗങ്ങളുണ്ട്. അവയിൽ ഏറെ സവിശേഷതകളുള്ള ഒന്നാണ് മനുഷ്യവർഗം. ക്വുർആൻ പഠിപ്പിക്കുന്നത് ആദം(അ) എന്ന മനുഷ്യനാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്നും പിന്നീട് അദ്ദേഹത്തിന് ഇണയെ സൃഷ്ടിച്ചു, അങ്ങനെ ലോകത്ത് മനുഷ്യവർഗം പെരുകി എന്നുമാണ്.
മനുഷ്യനെ പോലെ വിശേഷബുദ്ധിയും ചിന്താശേഷിയുമുള്ള, പഠിക്കുവാനും മനസ്സിലാക്കുവാനും കണ്ടെത്തലുകൾ നടത്തുവാനും അതുവഴി പുരോഗതി പ്രാപിക്കുവാനും കഴിയുന്ന മറ്റൊരു സൃഷ്ടിയും ലോകത്തിലില്ല. എന്നാൽ അവൻ ജനിക്കുന്ന സമയത്ത് ഏറെ ദുർബലനും ഒന്നും അറിയാത്തവനുമാണ്. പിന്നീട് ക്രമപ്രവൃദ്ധമായാണ് അവനിൽ കഴിവുകൾ വളർന്നുവരുന്നത്:
“നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽനിന്നും നിങ്ങൾക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചയും ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി’’ (ക്വുർആൻ 16:78).
അല്ലാഹു ശ്രേഷ്ഠത നൽകുകയും ആദരിക്കുകയും ജീവിയാണ് മനുഷ്യൻ: “തീർച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 17:70).
മരണത്തോടെ ജീവിതം അവസാനിക്കുന്നുവോ?
ഒരു മനുഷ്യൻ ജനിച്ചുവളർന്ന് ജീവിച്ച് മരിക്കുന്നതുവരെയുള്ള ഘട്ടത്തെയാണ് സാധാരണയായി ജീവിതം എന്ന് പറയുന്നത്. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നത് ഒരു സാമാന്യ സങ്കൽപമാണ്. മരണം നശ്വര ജീവിതത്തിൽനിന്ന് അനശ്വര ജീവിതത്തിലേക്കുള്ള പ്രവേശനമാണ് എന്നും മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല, പരലോകം എന്ന കർമഫലം അനുഭവിക്കാനുള്ള വേദി വരാനിരിക്കുന്നു എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ചില മതങ്ങൾ ഈ വിഷയത്തിൽ അവ്യക്തങ്ങളായ ചിന്താഗതികളുടെ നൂലാമാലകളിൽ മനുഷ്യനെ ബന്ധിച്ചിടുന്നു. ഭൗതികവാദമാകട്ടെ ഇതിനെ പാടെ നിരാകരിക്കുന്നു.
ജീവിതം ഇഹലോകത്തായാലും പരലോകത്തായാലും സുഖകരമാക്കുവാനാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. ഏതെങ്കിലും മനുഷ്യർ ജീവിതത്തെ ദുഃഖമയമാക്കാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യൻ അനുഭവിക്കുന്ന ഈ ജീവിതം മാത്രമാണ് യാഥാർഥ്യം, വരാനുള്ള ജീവിതം സങ്കൽപം മാത്രമാണ് എന്ന് ചിന്തിക്കുന്ന മനുഷ്യർ ഇവിടുത്തെ ജീവിതം പരമാവധി സുഖപ്രദമാക്കുവാൻ പരിശ്രമിക്കുകയും സുഖത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങളും നിയമങ്ങളും വകവെക്കാതെ നീങ്ങുകയും ചെയ്യുന്നു. അവർക്ക് മുന്നിലെ യാഥാർഥ്യം ഈ ജീവിതം മാത്രമാണ്. വരാൻപോകുന്ന വലിയൊരു ജീവിതത്തിന്റെ യാഥാർഥ്യം ഉൾക്കൊള്ളുവാൻ അവരുടെ ബുദ്ധിയും വിവേകവും വികാസം പ്രാപിക്കുന്നില്ല എന്നതാണ് പ്രശ്‌നം.
ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു മാർഗദശനം മനുഷ്യരാശിക്ക് ആവശ്യമാണ്. മനുഷ്യന്റെ അവിർഭാവം, വളർച്ച, പരിണാമം, മടക്കയാത്ര, ശേഷം എന്ത് എന്നിങ്ങനെയുള്ള, മനുഷ്യൻ ആദിമകാലം മുതൽക്ക് പിന്തുടർന്നുവന്നിട്ടള്ള സന്ദേഹങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതായിരിക്കണം ആ മാർഗദർശനം. അത്തരമൊരു മാർഗദർശനം എവിടെനിന്ന്, എങ്ങനെ മനുഷ്യന് ലഭിക്കും എന്നത് ഒരു വലിയ ചോദ്യമാണ്. ചിലർ ഈ ചോദ്യത്തിന് സ്വന്തമായി ഉത്തരം കണ്ടെത്തി. അങ്ങനെ അവർ ജീവിതത്തിന് സ്വന്തമായ അർഥങ്ങൾ കണ്ടെത്തുകയും സ്വന്തം ജീവിതപാത സ്വയം നിർണയിച്ചുകൊണ്ട് മുന്നോട്ടുപോയി. എന്നാൽ മനുഷ്യബുദ്ധിയിൽ ഉദിച്ച ഉത്തരങ്ങൾക്കെല്ലാം അവയുടെതായ പരിമിതികൾ ഉണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് മനുഷ്യൻ സ്വയം കെണ്ടത്തുന്ന എല്ലാ ഉത്തരങ്ങളും അർഥങ്ങളും ഇടയ്ക്കുവെച്ച് ശിഥിലായിപ്പോവുകയും മറ്റുചിലപ്പോൾ ഉദ്ദേശിക്കാത്ത തകർച്ചകളിൽ മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്തു. മനുഷ്യനിർമിതങ്ങളായ ജീവിത മാർഗദർശന പദ്ധതികളിലൂടെ മുന്നോട്ട് നീങ്ങിയവയെല്ലാം ചെന്നെത്തിയത് അനിശ്ചിതത്വങ്ങളുടെ വലിയ ശൂന്യതകളിലാണ് എന്നത് ചരിത്രം മാനവതയ പഠിപ്പിച്ച വലിയൊരു പാഠമാണ്. മനുഷ്യന്റെ മാർഗം അവൻ തന്നെ തെരഞ്ഞെടുക്കുക അഥവാ ആവിഷ്‌ക്കരിക്കുക എന്നതിന്റെ പ്രായോഗികതയെ നിഷേധിക്കുന്ന യുക്തികൾ നിരവധിയാണ്. ആ യുക്തികൾക്കുമുന്നിൽ മനുഷ്യനിർമിത ജീവിതനിർവചനങ്ങൾ തകർന്നുപോകുന്നു!
മനുഷ്യൻ എന്നും എവിടെയും എക്കാലവും തന്നെക്കുറിച്ചുതന്നെയുള്ള ഒട്ടേറെ സംശയങ്ങളുടെ തടവറയിലായിരിക്കും. സ്ഥലം, കാലം, സമയം, സംഭവങ്ങൾ എന്നിവയുടെ ബന്ധനത്തിൽനിന്ന് മനുഷ്യജീവിക്ക് മുക്തിയില്ല. മനുഷ്യന്റെ മനസ്സ് അവനെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയാണ്. സാഹചര്യം, കാലം, സമയം, സന്ദർഭം, സ്ഥലങ്ങൾ എന്നിവയുടെ പരിമിതിയിൽ നിൽക്കുകയും മനസ്സിന്റെ ഉപകരണമായിത്തീരുകയും ചെയ്യുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ സംബന്ധിച്ചുതന്നെ പൂർണമായ ഒരു നിർണയം സാധ്യമല്ല.
നാളെ എന്ത്?
അടുത്തനിമിഷം എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത മനുഷ്യൻ തന്റെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ തന്നെക്കുറിച്ചുള്ള ഒരു മാർഗദർശനം ആവിഷ്‌കരിക്കുമ്പോൾ അത് എത്രയുംവേഗം ശിഥിലീകരിക്കപ്പെട്ടുപോയെന്ന് വരാം. സ്ഥലകാലങ്ങളിൽ വർത്തിക്കുക എന്നതിൽകവിഞ്ഞ് സ്ഥലകാലങ്ങളുടെ നിയന്ത്രണം കൈവശമില്ലാത്ത മനുഷ്യൻ ആവിഷ്‌കരിക്കുന്ന ആശയങ്ങൾ; അതേതുമാവട്ടെ അവ വിജയിക്കുവാൻ സാധ്യതയില്ല. എന്നാൽ മനുഷ്യൻ നേടിയ വിജയങ്ങളെല്ലാം കാര്യകാരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപരിപ്ലവ വിജയങ്ങളും ആപേക്ഷികങ്ങളുമാണ്. ഇന്നും ഏത് ശാസ്ത്രമേഖലയിലെയും അവസ്ഥ അതുതന്നെയാണ്. ശാസ്തമേഖലയിൽ മാത്രമല്ല, ജീവിതത്തിലെ ഓരോ അംശത്തിലും. വിഭവസമൃദ്ധമായ ഒരു വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യന് അത് തൃപ്തികരമായി പൂർത്തിയാക്കാൻ, അതിൽനിന്ന് സന്തോഷത്തോടെ പിരിയാൻ സാധിക്കുമെന്ന് യാതൊരുറപ്പുമില്ല. ചുണ്ടോടടുപ്പിച്ച ചഷകം വീണു തകർന്നുപോകുന്ന കാൽപനിക ഭാവനയ്ക്ക് വ്യക്തമായ അനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ദാർശനിക സമ്പന്നതയുണ്ട്. ജീവിതമാകുന്ന ചഷകം ഏതുനിമിഷവും വീണ് തകർന്നുപോയേക്കാം. കാരണം അത് മനുഷ്യന്റെ നിയന്ത്രണത്തിലുള്ളതല്ല.
മനുഷ്യമാർഗദർശനത്തിന്റെ അടിത്തറ മനുഷ്യചിന്തയോ ബുദ്ധിയോ അനുഭവങ്ങളോ ആകാവുന്നതല്ല. മനുഷ്യാതീതമായ ഒരു കേന്ദ്രത്തിൽനിന്ന് മനുഷ്യൻ അവന്റെ മാർഗദർശനം കണ്ടെത്തുക എന്നതാണ് സ്വാഭാവികമായും ആവശ്യമായിവരുന്നത്. തന്നെ അടുത്തനിമിഷത്തിലേക്ക് നയിക്കാനുള്ള യഥാർഥ ശേഷി ഉടമയാക്കിയ ഒരു ശക്തിയിലായിരിക്കം മനുഷ്യൻ ആശ്രയം കണ്ടെത്തേണ്ടത്. ആ ശക്തി പ്രപഞ്ചസ്രഷ്ടാവല്ലാതെ മറ്റാരുമല്ല.
മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങളുടെ ന്യൂനതകൾ

‘സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’-ഈ ആശയമുള്ള വരികൾ പല കവികളും പല കാലങ്ങളിലായി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ ദുരന്തമുഖങ്ങളിൽ ആശ്രയവും അഭയവുമായി വർത്തിക്കുന്ന പ്രത്യയശാസ്ത്രമാണ് മനുഷ്യന്നാവശ്യം എന്ന ആശയം ധ്വനിപ്പിക്കുന്ന വരികളാണിവ. എന്നാൽ ഏതൊരു പ്രത്യയശാസ്ത്രത്തിനാണ് മനുഷ്യനെ യഥാർഥ രീതിയിൽ സ്‌നേഹിക്കാനും സമാശ്വസിപ്പിക്കാനും കഴിയുക? മനുഷ്യധിഷണയുടെ സംഭാവനകളും മനുഷ്യകർമത്തിന്റെ അംശങ്ങളും കലർന്നിട്ടുള്ള പ്രത്യയശാസ്ത്രങ്ങളും ചിന്തകളും അവയുടെ പുതുമോടിക്കുശേഷം നിറംമങ്ങിയും കെട്ടടങ്ങിയും കാലത്തിന്റെ വിസ്മൃതിയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്നു. മനുഷ്യസ്‌നേഹത്തിന്റെയും മനുഷ്യസാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും തത്ത്വശാസ്ത്ര വാക്യങ്ങൾ ഉരുവിട്ട് കഴിഞ്ഞുപോയ നിരവധി പ്രത്യയശാസ്ത്രങ്ങൾ ചരിത്രത്തിൽ കാണാം. അവയുടെ ഘടനകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുക അവ മനുഷ്യന്റെ ഏതെങ്കിലും ചില പ്രത്യേക വിഷയങ്ങളെയോ മേഖലകളെയോ സ്പർശിക്കുന്നവ മാത്രമായിരിക്കും എന്നാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ബൗദ്ധികപ്രശ്‌നങ്ങൾ, വൈജ്ഞാനിക പ്രശ്‌നങ്ങൾ, ആവാസ പരിസരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിങ്ങനെ അവയുടെ പരിധികൾ ഹൃസ്വങ്ങളായിരിക്കും. എന്നാൽ മനുഷ്യജീവിതത്തിൽ ആവിർഭവിക്കുന്ന പ്രശ്‌നങ്ങൾ എല്ലായ്‌പ്പോഴും ഒരേ സ്വഭാവമുള്ളവയായിരിക്കില്ല. ബഹുവിധ പ്രശ്‌നങ്ങളായിരിക്കും മനുഷ്യരാശിക്ക് നേരിടേണ്ടിവരുന്നത്. അവ സമഗ്രസ്വഭാവമുള്ളവയായിരിക്കില്ല.
മനുഷ്യനിലെ ദുഃഖങ്ങൾ പലപ്പോഴും പലവിധത്തിലായിരിക്കും. സമ്പത്ത് മാത്രമാണ് ദുഃഖത്തിന്റെ പ്രതിവിധി എന്ന് ചിന്തിക്കുന്ന വ്യവസ്ഥിതിക്ക് മനുഷ്യന്റെ ആത്മീയപ്രതിസന്ധി പരിഹരിക്കാനാവില്ല. സ്ഥിതിസമത്വമാണ് പരിഹാരമെന്ന് ചിന്തിക്കുമ്പോൾ വൈയക്തിക പ്രശ്‌നങ്ങൾ ബാക്കിയാവുന്നു. ഇങ്ങനെ മനുഷ്യൻ അവന്റെ പ്രശ്‌നങ്ങളെ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം ആരായുകയും ചെയ്യുന്ന എല്ലാ വ്യവസ്ഥിതികളും സംവിധാനങ്ങളും അപൂർണങ്ങളായി തുടരുന്നു.
ഒരു പ്രത്യേക സ്ഥലം, കാലം, സമയം, സന്ദർഭം എന്നിവയുമായും ഒരു പ്രത്യേക അവസ്ഥയുമായും ബന്ധപ്പെട്ട പ്രശ്‌നപരിഹാര വൃത്തങ്ങൾക്ക് മനുഷ്യലെ എല്ലാ പ്രശ്‌നങ്ങളുടെയും സമഗ്രമായ പരിഹാരകേന്ദ്രമായി ഒരു തത്ത്വത്തെ, ഒരാശയത്തെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഈ ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകത്ത് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും തകർച്ചയുടെ അടിസ്ഥാന കാരണം. മനുഷ്യന്റെ സ്ഥിതിഗതികളിൽ വരുന്ന മാറ്റം, അവന്റെ ആന്തരികവും ബാഹ്യവുമായ മേഖലകളിലെ ഏറ്റവ്യത്യാസങ്ങൾ എന്നിവയൊക്കെയും ഒരു പ്രത്യയശാസ്ത്രത്തിന്റെ കാര്യക്ഷമത നിർണയിക്കുന്നതിൽ പരിഗണിക്കേണ്ടിവരുന്ന ഘട്ടങ്ങളാണ്. അത്തരം ഘട്ടങ്ങളിലെല്ലാം ശിഥിലീകരിക്കപ്പെടാതെയും ഊർജനഷ്ടം സംഭവിക്കാതെയും നിലനിൽക്കുവാൻ കഴിയേണ്ടതുണ്ട്.
മാനവചരിത്രം മണ്ണടിഞ്ഞുപോയ പ്രത്യയശാസ്ത്രങ്ങളുടെ ഒരു ശവപ്പറമ്പ് കൂടിയാണ്. ചിലവയുടെ അസ്ഥികളും മറ്റും ഇന്നും കാണാം. ചിലവ വിസ്മൃതിയുടെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങിപ്പോയിരിക്കുന്നു. ആവിർഭാവകാലത്ത് ‘വസന്തത്തിന്റെ വരവറിയിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ’ എന്ന് വാഴ്ത്തപ്പെട്ടവ പിന്നീട് മനുഷ്യചരിത്രത്തിലെ കൊടുംവേനലുകൾ സമ്മാനിച്ചുപോയിട്ടുണ്ട്. പുതിയ പ്രതീക്ഷകൾ നൽകി ആവിർഭവിച്ച ചിന്താധാരകൾ കാലത്തിന്റെ അനിർവചനീയങ്ങളായ ഗതിമാറ്റങ്ങളിൽ അടിപതറിവീണ് ചിതറിത്തെറിച്ചു പോയിട്ടുണ്ട്. വിപ്ലവത്തിന്റെ പടഹധ്വനി ഉയർത്തി കടന്നുവന്നവ വിലാപത്തിന്റെ നേർത്ത ശബ്ദങ്ങളായി കെട്ടടങ്ങിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ വേഗതയോടെ കടന്നുവന്നവ നേർത്ത ചലനംപോലും ശേഷിപ്പിക്കാതെ വിദൂരതയിൽ ലയിച്ചുപോയിട്ടുണ്ട്. വെള്ളിവെളിച്ചം പകർന്ന് കടന്നുവന്നവ തമസ്സിന്റെ മഹാഗർത്തങ്ങളിലേക്ക് വീണുപോയിട്ടുണ്ട്. അങ്ങനെ എതയെത്ര തകർച്ചകൾ!
എന്താണ് മനുഷ്യൻ?
മനുഷ്യനെ നിർവചിക്കുവാൻ പല പ്രത്യയശാസ്ത്രങ്ങളും ചിന്തകരും പരിശ്രമിച്ചിട്ടുണ്ട്. ബുദ്ധി, ചിന്ത, വിവേകം, കർമം, യക്തി, സൃഷ്ടിപരത, ഭാവന, സൗന്ദര്യബോധം, ആത്മീയത, മാനുഷികത എന്നി ്യാദി വിവിധ വശങ്ങളെ അടിസ്ഥാനമാക്കിയാണ് മനുഷ്യനിർവചനങ്ങൾ ഉണ്ടാട്ടുള്ളത്. ചിന്തിക്കുന്ന മൃഗം, ചിരിക്കുന്ന ജീവി എന്നിങ്ങനെയുള്ളവയൊക്കെ അത്തരം നിർവചനങ്ങളിൽ ചിലത് മാത്രമാണ്. മനുഷ്യനെ അവന്റെ ബാഹ്യവും ആന്തരികവുമായ ഘടകങ്ങളും സ്വഭാവങ്ങളും പരിഗണിച്ച് നിർവചിക്കുകയും ആ നിർവചനം എക്കാലത്തേക്കും ബാധകമായിരിക്കുകയും ചെയ്യുന്ന അനുഭവം ഇത്തരം നിർവചന ശ്രമങ്ങളിൽനിന്ന് ഇതുവരെയും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. എന്നാൽ മനുഷ്യനിൽ സ്വാഭാവികമായ ഒരു നിർവചനം അന്തർലീനമായികിടക്കുന്നുണ്ട്. സ്രഷ്ടാവിന്റെ സൃഷ്ടി, ഒരു മഹാശക്തിയുടെ ദാസൻ എന്നതാണാ നിർവചനത്തിന്റെ അടിസ്ഥാനതലം. ഇത് തിരിച്ചറിയുവാൻ കഴിയുക എന്നതാണ് മനുഷ്യന് അവനെ കണ്ടെത്തുവാനുള്ള ഏകമാർഗം. മനുഷ്യനിൽ അവനു തന്നെയും ദുർഗ്രഹങ്ങളായ നിരവധി ഘടകങ്ങളും അവസ്ഥകളും ഉൾച്ചേർന്നുകിടക്കുന്നതിനാൽ ഏ റ്റവും യുക്തിഭദ്രമായ നിർവചനം മേൽപറഞ്ഞതുതന്നെയാണ്. ഒരുകാലത്തും മാറ്റംവരാത്തതും ശാശ്വതമായ സത്യമായിരിക്കുന്നതും മനുഷ്യന്റെ ഏതവസ്ഥകളിലും പാകമായിട്ടുള്ളതുമായ വേറെ ഏതൊരു നിർവചനമാണുള്ളത്?
ചിന്തിക്കുന്ന മൃഗം ചിലപ്പോൾ ചിന്താശൂന്യനാകുന്നു. ചിരിക്കുന്ന മൃഗം ചിലപ്പോൾ നിലവിളിച്ച് കരയുന്നു. എന്നാൽ ഈ സ്ഥിതിയിലൊന്നും അവൻ സ്രഷ്ടാവിന്റെ സൃഷ്ടിയല്ലാതാകുന്നില്ല; അവന്റെ ദാസനല്ലാതാകുന്നില്ല. ഏതവസ്ഥയിലും ഉപകാരപ്പെടുന്ന ഒരു തത്ത്വശാസ്ത്രം ആ നിർവചനത്തിലുണ്ട്. ചിരിക്കാൻ കഴിയുമ്പോഴും കഴിയാത്തപ്പോഴും ചിന്തിക്കാൻ കഴിയുമ്പോഴും കഴിയാത്തപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരു അധീശശക്തി തനിക്ക് ആശ്രയമായുണ്ട് എന്ന പ്രത്യാശയാണ് ആ തത്ത്വശാസ്ത്രം.
ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം

എന്താണ് ജീവിതം, എന്താണ് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും, എവിടേക്കാണ് ജീവിതത്തിന്റെ ഗതിയും പ്രവാഹവും എന്നിത്യാദി കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ മനുഷ്യരാശിയുടെ ഇടയിൽ എക്കാലത്തും നടന്നിട്ടുണ്ട്. ഏതെങ്കിലുമൊരു ജീവിതദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആരായലുകളും അന്വേഷണങ്ങളും എന്ന നിലയിൽ മാത്രമല്ല, പ്രത്യേകിച്ച് ഒരു ചട്ടക്കൂടിന്റെയും സഹായമില്ലാതെയും ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ ചിന്തകളും അന്വേഷണങ്ങളും നടന്നുകൊണ്ടിരുന്നതായി കാണാം. മനുഷ്യൻ ഭൗതികജീവിതത്തിന്റെ വ്യാപൃതിയിലും വിധേയത്വത്തിലും ആഴ്ന്നിരിക്കവേതന്നെ അവന്റെയുള്ളിൽ ജീവിതത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് അനുഭവം. തന്റെ ജീവിതം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്ന പരിശോധനയോടൊപ്പമാണ് ഇത്തരം സംശയങ്ങളും പുനരാലോചനകളും സംഭവിക്കുന്നതെങ്കിൽ അതുകൊണ്ട് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. മറിച്ച് ഭൗതിക വിധേയത്വത്തിന്റെയും സുഖലോലുപതക്ക് മുൻതൂക്കം നൽകുന്ന ജീവിത ദർശനത്തിന്റെയും അടിമയായി നിന്നുകൊണ്ടുള്ള ഉപരിതലസ്പർശിയായ ആലോചനകളാണ് അവയെങ്കിൽ അവ നിഷ്ഫലമായിത്തീരുകയും ചെയ്യും.
നഗരവൽകൃതവും ആന്തരികവുമായ ജീവിതം അതിന്റെ ഉപരിതല സൗന്ദര്യത്തിനകത്ത് കനത്ത അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണിന്ന്. രാപകലുകൾ വ്യത്യാസമില്ലാതെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന നഗരജീവിതത്തിന്റെയും ആധുനിക ഉപഭോഗങ്ങളുടെയും തൃഷ്ണകൾ കെട്ടടങ്ങുന്നില്ല. എന്നാൽ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ചില പ്രേരണകളെങ്കിലും ആധുനിക മനുഷ്യന് അവന്റെ യാന്ത്രിക ജീവിതത്തിനിടയിൽ ഉണ്ടാകുന്നുണ്ട്. അവയാകട്ടെ വ്യർഥങ്ങളായ ആലോചനകളിൽ ഒടുങ്ങുകയും വ്യക്തമായ ആദർശങ്ങളുടെയോ ലക്ഷ്യങ്ങളുടെയോ ഫലം നൽകാനാവാതെ അവസാനിക്കുകയും ചെയ്യുന്നതായാണ് അനുഭവം. ഇത്തരം അന്വേഷണങ്ങളെ തോന്നലുകൾ എന്നുമാത്രമെ വിളിക്കാനാവൂ. അവ കൃത്യമായ ഫലങ്ങൾ ഉൽപാദിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം.
വിശുദ്ധ ക്വുർആൻ
ലോകത്ത് വിവിധ മതങ്ങളുണ്ട്. അവ അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങളുമുണ്ട്. എന്നാൽമനുഷ്യജീവിതത്തിന് വ്യക്തമായ ഒരു ഘടനയും പദ്ധതിയും ലക്ഷ്യാധിഷ്ഠിതമായ മാർഗവും നൽകുന്ന കാര്യത്തിൽ എത്രവേദങ്ങൾ എന്തൊക്കെ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് എന്ന് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മനുഷ്യന് ഗുണങ്ങളായവ വളരെ പരിമിതമാണ് എന്നാണ്. മനുഷ്യകരങ്ങളുടെ ഇടപെടലുകൾ മൂലം ജീവിതത്തിന്റെ വൈവിധ്യാധിഷ്ഠിത മുഖങ്ങൾ ആവിഷ്‌കരിക്കുന്ന നിരവധി സാഹിത്യങ്ങൾപോലെത്തന്നെ ചില വേദങ്ങളും അവയുടെ അവ്യക്തങ്ങളായ ആശയാവിഷ്‌കാരങ്ങൾ കൊണ്ട് മാനവരാശിയെ ലക്ഷ്യബോധമില്ലായ്മയിൽ അകപ്പെടുത്തിയതായി കാണാം. എന്നാൽ ക്വുർആൻ ജീവിതത്തെ വളരെ ഗൗരവപൂർവം പരിഗണിക്കുകയും ജീവിതത്തിന് വ്യക്തമായ ലക്ഷ്യം ചൂണ്ടിക്കാണിക്കുകയും ആ ലക്ഷ്യത്തിലേക്കുള്ള ഋജുവായ മാർഗം ഏതെന്ന് സംശയാതീതമായി വെളിപ്പെടുത്തുകയും ചെയ്യുന്നു.
“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തിൽ വിശ്വസിക്കാത്തവർക്ക് വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാർത്ത അറിയിക്കുന്നു)’’(ക്വുർആൻ 17:9,10).
ഇസ്‌ലാമിന്റെ മാർഗദർശനം
ഇസ്‌ലാം എല്ലാ അർഥത്തിലും ജീവിതലക്ഷ്യം പകർന്നുനൽകുന്നു. ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസമാണ് അതിന്റെ ആദ്യപടി. ഇസ്‌ലാം വിശ്വാസത്തെ സവിശേഷമായ ഒരു അറിവും അനുഭവവുമാക്കുന്നു. സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ മാർഗദർശനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. അതിലൂടെയാണ് ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം സഫലീകരുക്കുവാൻ സാധിക്കുക. സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ.
“...എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (ക്വുർആൻ 2:28).
“നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (ക്വുർആൻ 7:3).
ജീവിതം അതിന്റെ ദിശയിലും വിശ്വാസം അതിന്റെ ദിശയിലും നീങ്ങുകയും ജീവിതത്തെ സ്വാധീനിക്കുന്ന രൂപത്തിൽ വിശ്വാസം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാൻ പാടില്ല. വ്യക്തിയുടെ ജീവിതത്തിൽ സമൂലമായി സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്. കർമങ്ങളിലേക്കുള്ള പ്രേരണകൾ വിശ്വാസത്തിൽനിന്നും ലഭിച്ചില്ലെങ്കിൽ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും. അതുകൊണ്ടാണ് ‘വിശ്വസിച്ചവരും സൽകർമങ്ങൾ പ്രവർത്തിച്ചവരും’ എന്ന് വിശുദ്ധ ക്വുർആൻ പലയിടങ്ങളിൽ പറഞ്ഞത്.
“നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയത് പോലെത്തന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനിധ്യം നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്ക് അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന് ശേഷം അവർക്ക് നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ’’ (ക്വുർആൻ 24:55).
സ്രഷ്ടാവിന്റെ വിധിവിലക്കുകളും കൽപനകളും നിഷേധങ്ങളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും സംസ്‌കരിക്കുകയും പരിപാലിക്കുകയും അർഥവത്തായ ജീവിത വിനിയോഗത്തിന് പ്രാപ്തമാക്കുകയും പാഴായിപ്പോകുന്നതിൽനിന്ന് ജീവിതത്തെയും അതിലെ ഓരോ നിമിഷത്തെയും പ്രതിരോധിക്കുകയും ചെയ്യുന്നു. പരലോകവിശ്വാസം ഒരനിവാര്യഘടകമായി പഠിപ്പിക്കുന്ന ഇസ്‌ലാം മനുഷ്യജീവിതം അതിന്റെ ഭൗതികമായ ഹ്രസ്വതയ്ക്കപ്പുറം പാരത്രിക ലോകത്ത് അനന്തമായി നീണ്ടുകിടക്കുന്നു എന്ന് വ്യക്തമാക്കുന്നു. സ്രഷ്ടാവിനു വഴിപ്പെട്ടു ജീവിച്ചവർക്ക് സ്വർഗവും അല്ലാത്തവർക്ക് നരകവും ലഭിക്കുന്ന ലോകം.

