വർഗീയ വിഷം ചീറ്റുന്ന കപട മതേതര മുഖങ്ങൾ
മുജീബ് ഒട്ടുമ്മൽ
2025 ജൂലൈ 26, 1447 മുഹറം 30

മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാകും. വി.എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാമണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്തെ നാല് സീറ്റ് കൂടി. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്ത് തിരു കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിസ്ഥാനമാണ്.’
കോട്ടയത്ത് നടന്ന എസ്എൻഡിപി നേതൃയോഗത്തിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിലെ വർഗീയ പരാമർശമാണ് മേലെ നാം വായിച്ചത്.
കേരളത്തിന്റെ പൊതുബോധം വലിയ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മതനിരപേക്ഷതയുടെ അമ്പാസിഡർമാരായി സമൂഹത്തിൽ വിരാജിച്ചുകൊണ്ടിരിക്കുന്ന പലരുടെയും നാവുകളിൽ നിന്ന് നിർഗളിക്കുന്ന വാക്കുകൾ സമൂഹത്തിൽ വർഗീയതയുടെ ദുർഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്ര വക്താക്കൾ വിശ്രമത്തിലാണ്. ചാനൽ ചർച്ചകളിലും പൊതുവേദികളിലും മുസ്‌ലിം സമുദായത്തിനെതിരെ ഭീകരമായ ആരോപണങ്ങളും നുണപ്രചാരണങ്ങളുമായി അരങ്ങുതകർക്കുന്നവരെ വിശ്രമത്തിനവസരമേകി ചിലർ ഓരിയിടുകയാണ്.
വർഗീയതയുടെ തീനാളങ്ങൾ സമൂഹത്തിൽ ആളിപ്പടർന്ന് തകർന്നടിയാൻ മാത്രം മാരകശേഷിയുള്ള വാക്കുകളുരുവിട്ട അബ്കാരി നേതാവിനെ തൊടാൻ ധൈര്യമില്ലാത്തവിധം നിയമപാലനം ദുർബലമായിരിക്കുന്നുവോ? മുസ്‌ലിം സമുദായാംഗമല്ലാത്തതിനാൽ അദ്ദേഹത്തിന് അധികാരിവർഗം വല്ല പ്രിവിലേ ജും കനിഞ്ഞരുളിയോ?
കേരളത്തിലെ ‘153 എ’ കേസുകളിലെ കുറ്റാരോപിതരുടെ വിവരം പുറത്ത് വിട്ടാൽ മലയാള ഭാഷയിലെ മൂർച്ചയില്ലാത്ത പദാവലികളെ തിട്ടപ്പെടുത്താനാകും. വെള്ളാപ്പളളിയുടെ നാവിൽനിന്ന് അടർന്ന് വീണ അക്ഷര ബോംബുകളുടെ തീവ്രശേഷിയിൽ ഒരംശം പോലും അതിലൊന്നും കാണാനാവില്ല. അബ്കാരി മുതലാളിമാരുടെ കയ്യിൽ അണിയിക്കാനുള്ള വിലങ്ങുകൾക്ക് വേണ്ടി ആഭ്യന്തരവകുപ്പിൽ പ്രതീക്ഷയർപ്പിക്കുന്നത് മലയാളികളുടെ വ്യാമോഹങ്ങളായി അവശേഷിക്കുന്നു. നിയമപാലനത്തിലെ 153 എ വകുപ്പ് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രം സംവരണം ചെയ്തതുപോലുണ്ട്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർത്തമാനങ്ങൾ ഇദ്ദേഹം ആവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നത് മലയാളി പൊതുബോധത്തിൽ ആശ്ചര്യമല്ലാതായിരിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും ഇദ്ദേഹം ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചത് പൊതുമണ്ഡല ത്തിൽനിന്ന് മാഞ്ഞുപോകുന്നതിന് മുമ്പാണ് ഇപ്പോഴും പരാമർശം നടത്തിയിരിക്കുന്നത്. സാമ്പത്തിക രംഗത്തും ഉദ്യോഗ പദവികളിലും മുസ്‌ലിം സമുദായത്തിന്റ പ്രാതിനിധ്യത്തെ പൊലിപ്പിച്ചു പറഞ്ഞ് ഇദ്ദേഹം ആശങ്കപ്പെടുന്നതും നാം കണ്ടു. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് സിറ്റിയിലെ മനിനജലമൊഴുകുന്ന ഓടയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ അപകടത്തിൽ പെട്ടുപോയ അന്യസംസ്ഥാന തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്താൻ ജീവൻ ബലിനൽകിയ നൗഷാദ് എന്ന മുസ്‌ലിം യുവാവിനെ കുറിച്ചുള്ള ഇയാളുടെ പരാമർശങ്ങളും സാമൂഹിക മനസ്സിലുണ്ടാക്കിയ മുറിവ് ചില്ലറയല്ല. ഇങ്ങനെ വിഷലിപ്തമായ നാവുകൊണ്ട് സമുദായത്തെ നിരന്തരമായി ആക്രമിച്ചു കൊണ്ടിരിക്കുന്ന അബ്കാരി മുതലാളിയുടെ സമീപനത്തോട് സമരസപ്പെട്ട് പോകുംവിധം മലയാളി പൊതുബോധം മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്.
പ്രതികരണങ്ങളിലെ വർഗീയത
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ വിദ്വേഷ പ്രസംഗത്തോടുള്ള ചില പ്രതികരണങ്ങളിൽ നിഗൂഢമായ ചില ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമാണ്. വർഗീയ ചേരിതിരിവിന് സാധ്യമാകുംവിധമുള്ള വിദ്വേഷ പ്രചാരകരെ നിലയ്ക്ക് നിറുത്തുവാനും നിയമനടപടി സ്വീകരിക്കുവാനും ആഭ്യന്തവകുപ്പ് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി, ഭരണകൂടം പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിച്ചത്.
‘വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി. അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുന്ന നേതാവ്’ തുടങ്ങിയ പ്രശംസാ വാക്കുകൾകൊണ്ട് വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് കേരള സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവനാണ്.
‘നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളു. സാക്ഷാൽ കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിന്റെയും അമരക്കാരനായും അദേഹം തുടരുകയാണ്. രണ്ട് സുപ്രധാനമായ പദവികളിൽ ഒരേസമയം എത്തി നിൽക്കുകയാണ്. കൂടുതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. വെള്ളാപ്പളി എല്ലാകാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിയ വ്യക്തി. വെള്ളാപ്പള്ളിയെ അറിയുന്ന ആളുകൾക്ക് അറിയാം, അദ്ദേഹം ഒരു മതത്തിനെതിരായി നിൽക്കുന്ന വ്യക്തിയല്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ അവധാനത അദ്ദേഹം കാണിക്കണം.’ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മലപ്പുറം ജില്ലയെയും മുസ്‌ലിം സമുദായത്തെയും അധിക്ഷേപിച്ചു കൊണ്ട് സംസാരിച്ചതിന് ശേഷം നടന്ന ഒരു ചടങ്ങിൽ വെള്ളിപ്പള്ളിയെ പുകഴ്ത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രശംസാ വാചകങ്ങളാണിത്.
ശക്തമായ പ്രതികരണവും പ്രതിഷേധവും മുഖ്യമന്ത്രിയിൽ നിന്ന് സമൂഹം പ്രതീക്ഷിച്ച സാഹചര്യത്തിലായിരുന്നു ഈ പ്രശംസയെന്നതിൽ ദുരൂഹതയുണ്ട്. ഇടതുഭരണപക്ഷത്തിലെ നേതാക്കളുടെയും സംഘടനകളുടെയും സമീപകാല പരാമർശങ്ങളും സമീപനങ്ങളും മുസ്‌ലിം ന്യൂനപക്ഷത്തിന് നിരാശയും വേദനയും സമ്മാനിച്ചുവെന്നതിൽ തർക്കമില്ല. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളിലെ വീഴ്ചകളെയും സാംസ്‌കാരികാധിനിവേശത്തെയും ചൂണ്ടിക്കാണിച്ച മതസംഘടനാ നേതൃത്വത്തെ സർക്കാരും ഇടത് സൈബറിടങ്ങളും കൈകാര്യം ചെയ്ത രീതി നാം അനുഭവിച്ചറിഞ്ഞതാണ്. അന്വേഷണ പഠനങ്ങൾ മുന്നിൽവെച്ച് വൈജ്ഞാനിക വിശദീകരണങ്ങളെ പ്രതീക്ഷിച്ചിരുന്ന സമൂഹത്തിൽ വിമർശകരെ താലിബാനികളും തീവ്രവാദികളുമായി അവരോധിക്കാനാണ് ശ്രമിച്ചത്. അവകാശ പോരാട്ടത്തെയും വിമർശനങ്ങളെയും; ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ മുന്നിൽ നിറുത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം പ്രതിരോധിക്കാനാണ് ഭരണകൂടം ശ്രമിച്ചത്.
എക്‌സ് മുസ്‌ലിം, നാസ്തികർ സംഘപരിവാരബുദ്ധിജീവികൾ പോലുള്ളവർ മുസ്‌ലിം സമുദായത്തിനെതിരെ വെല്ലുവിളിച്ച് ഉരുവിടുന്ന പദങ്ങൾ എത്രമാത്രം അപകടകരമായതാണെന്ന് സ്വബോധമുള്ളവർക്ക് തിരിച്ചറിവ് നൽകുന്നുണ്ട്. ചാനലുകളും വാർത്താമാധ്യമങ്ങളും അന്തിച്ചർച്ചകളും മുസ്‌ലിം അപരവൽകരണത്തിന് ആക്കം കൂട്ടുന്നു വെന്നതിൽ സന്ദേഹമില്ല. ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് ജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്റെ പ്രസ്താവനയും കപടമതേതരത്വത്തിന്റെ വികൃത മുഖത്തെ വെളിവാക്കുന്നതാണ്. മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം ഡൽഹിയിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറയുന്നു. മുസ്‌ലിം സമുദായത്തിനെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കാൻ യാതൊരു സങ്കോചവുമില്ലെന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ പോലെയുള്ള സംഘടനകളെയാണ് ലക്ഷ്യമാക്കിയതെങ്കിൽ മണ്ഡലങ്ങളിലുള്ള ഇവരുടെ പ്രാതിനിധ്യമെത്രയാണെന്ന് പരിശോധിച്ചാൽ കാര്യം വ്യക്തമാകും.
ഇത്തരം പ്രചാരണങ്ങളിലൂടെ സംഘപരിവാരങ്ങളുടെ അജണ്ടകൾക്ക് പോഷണം നൽകുകയാണെന്ന് ഇവർക്ക് മനസ്സിലാകാഞ്ഞിട്ടല്ല. കേവലം ഇടതുപക്ഷ പ്രശംസകൾക്കുമപ്പുറം കോൺഗ്രസിലെ ചില നേതാക്കളുടെ മനവും വെള്ളാപ്പള്ളിക്ക് വേണ്ടി തുടിക്കുന്നുണ്ട്. വെള്ളാപ്പള്ളി വർഗിയവിഷം ചീറ്റിയ ഉടനെ പിന്തുണയുടെ ശബ്ദമുയർത്തിയ നേതാക്കളിൽ കോൺഗ്രസിൽനിന്നുള്ള ഹൈബി ഈഡനും കെ. ബാബു എംഎൽഎയും ഉണ്ടെന്നറിഞ്ഞതിലും അജണ്ടകൾ വിശാലമാണെന്ന് വ്യക്തമാണ്. ആർജവമുള്ള നേതാവാണന്നാണ് ഹൈബി പ്രതികരിച്ചത്. എസ്എൻഡിപിക്ക് നിലയും വിലയും ഉണ്ടാക്കി ക്കൊടുത്ത നേതാവാണെന്ന് വെള്ളാപ്പള്ളിയെ കെ.ബാബുവും വാഴ്ത്തി.
അതുകൊണ്ട് മുസ്‌ലിം നാമധാരിയല്ലാത്ത ഏതു നേതാവിനും മതസ്പർദയുണ്ടാക്കുകയെന്ന കൊടുംകുറ്റം വലിയ പാതകമല്ല. അതിന് പ്രത്യേകമായ അവകാശവും അധികാരവും മുസ്‌ലിമേതര നാവുകൾക്ക് മാത്രമാണ്. കോട്ടയത്തെ പൂഞ്ഞാറിൽനിന്നും അത്തരം മാലിന്യങ്ങൾ അനർഘം നിർഗളിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.
വർഗീയ പരാമർശങ്ങൾ ലക്ഷ്യമാക്കുന്നത്
കേരളത്തിലെ ലോക‌്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ഏറ്റ തോൽവിയുടെ ആഘാതത്തിലാണ് ഇസ്‌ലാം വെറുപ്പിന്റെ വിഷലിപ്തമായ വാചകങ്ങൾക്ക് അരങ്ങുകളിൽനിന്നുള്ള ഒഴുക്കിന്റെ വേഗം കൂടിയത്. ബിജെപിയിലേക്കുള്ള വിവിധ വിഭാഗങ്ങളുടെ കുടിയേറ്റം സമൂഹത്തിൽ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാം ഭീതിയുടെ പ്രചാരണങ്ങളുടെ കൂടി ഭാഗമാണ്. സിപിഎമ്മിന്റെ പ്രധാന ശക്തിയായ ഈഴവ വിഭാഗങ്ങൾ ബിജെപിയിലേക്ക് ഒഴുകുകയാണെന്നാണ് വിലയിരുത്തിയത്. അതിനായി കടുത്ത മുസ്‌ലിം വിരുദ്ധ പ്രചാരണമാണ് സംഘ്പരിവാരും എസ്എൻഡിപിയും ബിഡിജെ എസുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ ഫലപ്രദമായി തടയാൻ ഇടതുപക്ഷത്തിനാകുന്നില്ലെന്ന് മാത്രമല്ല, അതിന് സഹായകമായ നിലപാടാണ് അവർ സ്വീകരിച്ചത്. വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അത് പ്രതിഫലിച്ചതാണ്. ക്രിസ്ത്യൻ വിഭാഗങ്ങളും ബിജെപിയിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനെ പ്രതിരോധിക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ പരാചയപ്പെടുന്നുവെന്ന അഭിപ്രായവും പൊതുവായുണ്ട്. തികച്ചും അപകടകരമായ സാമൂഹിക സാഹചര്യം രൂപപ്പെട്ടു വരുന്നതായും വിലയിരുത്തപ്പെടുന്നുണ്ട്. മലപ്പുറം ജില്ലയിലെ ജനസംഖ്യ വർധിച്ച് വരുന്നതിനാൽ അവിടെ നിയമസഭാ മണ്ഡലങ്ങൾ വർധിക്കാനിടയുണ്ടെന്ന ആശങ്കയാണ് വെള്ളാപ്പള്ളിക്ക്. അങ്ങനെ മുഖ്യമന്ത്രിസ്ഥാനംവരെ മുസ്‌ലിം ലീഗ് കയ്യടക്കിവെക്കുമോ എന്ന ഭീതിയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് നിരീക്ഷിച്ച ചില കോൺഗ്രസ് ബുദ്ധികളാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് പിന്നിലെന്ന ന്യായവും നിരാകരിക്കാൻ നിർവാഹമില്ല.
കേരളത്തിന് ഒരു മുസ്‌ലിം മുഖ്യമന്ത്രിയെന്നത് സങ്കൽപിക്കാൻ പോലുമാകാത്തവിധം കേരളത്തിലെ പൊതുബോധത്തിൽ ഇസ്‌ലാംഭീതി പടർന്നു പിടിച്ചിരിക്കുന്നുവെന്ന് ചർച്ചകൾ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകൾ ഇന്ത്യയുടെ ശത്രുക്കളാണെന്ന
ഭീതിയാണ് മുസ്‌ലിംകൾ അധികാരം കവരുന്നു എന്ന വ്യാജവാദത്തിന്റെ അടിസ്ഥാനം. ഇത് ‘വിചാരധാര’യിലൂടെ മാത്രം അവതരിപ്പിക്കപ്പെട്ടതുമല്ല. സംസ്‌കൃതത്തിലും മറ്റു ചില ഭാഷകളിലും രചിക്കപ്പെട്ട പല രചനകളിലും മുസ്‌ലിം ഭരണാധികാരികളെ ശത്രുക്കളായാണ് അവതരിപ്പിക്കുന്നത്. മുസ്‌ലിംകളും ടിപ്പു സുൽത്താനും പ്രവേശിച്ചതോടെ കേരള ഭൂമി അശുദ്ധമായതായി ചിത്രീകരിക്കുന്ന രചനകളുമുണ്ട്. മുസ്‌ലിം ഭരണാധികാരികളെയും ജനവിഭാഗത്തെയും രാവണനായും രാക്ഷസൻമാരായും അവതരിപ്പിക്കുന്ന സാഹിത്യങ്ങളുമുണ്ട്. ഇങ്ങനെ ഇസ്‌ലാം വെറുപ്പുകൊണ്ട് വികൃതമാക്കപ്പെട്ട മാനസികനിലയിൽ നിന്നാണ് മുസ്‌ലിംകൾ അധികാരം അനധികൃതമായി കൈക്കലാക്കുന്നുമെന്ന് വസ്തുതാ വിരുദ്ധമായ പ്രചാരണം ഉടലെടുക്കുന്നത്. അത്തരം വ്യാജ പ്രചാരണങ്ങൾക്ക് മതേതര സമൂഹത്തിലെ മാതൃകാ പ്രതീകങ്ങൾകൂടി പോഷണം നൽകുന്നുവെന്നതാണ് മലയാളി സമൂഹത്തിലെ വലിയ ദുരന്തം.
സാമുദായിക പ്രാതിനിധ്യം ചില സത്യങ്ങൾ
2024 ജൂൺ 13ന് കേരള കൗമുദിയിൽ ‘നമ്മൾ വേലികെട്ടാൻ മാത്രം വിധിക്കപ്പെട്ടവർ’ എന്ന ശീർഷകത്തിൽ വെള്ളാപ്പള്ളി നടേശന്റെതായ ഒരു ലേഖനം വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന സമയമായിരുന്നു അത്. കേരളത്തിൽനിന്നുള്ള മുസ്‌ലിം സമുദായക്കാരായ രാജ്യസഭാ അംഗങ്ങളുടെ എണ്ണം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ആ ലേഖനം എഴുതിയത്. സർക്കാർ സർവീസിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ എണ്ണം പെരുപ്പിച്ച് പറഞ്ഞുകൊണ്ടുള്ള ആരോപണങ്ങളും പല അവസരങ്ങളിലായി അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ വസ്തുതയെ കുറിച്ച് കൃത്യമായ ഒരവബോധം ഉണ്ടാവണം. ഇത്തരം ആരോപണങ്ങൾക്ക് സർക്കാറാണ് മറുപടി പറയേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ തങ്ങൾ നിരാലംബരും ദുർബലരുമാണെന്ന് തെളിയിക്കാനുള്ള ബാധ്യതകൂടി സമുദായത്തിനു മേൽ അടിച്ചേൽപിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സംവരണമുണ്ടായിട്ടും മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബേക്ക്‌വേർഡ് ക്ലാസസ് (കെ.എസ്.സി.ബി.സി) പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. മുസ്‌ലിംകൾക്ക് പുറമെ ലത്തീൻ ക്രിസ്ത്യൻ, പട്ടികജാതി, പട്ടികവർഗം അടക്കമുള്ളവരുടെ പിന്നാക്കാവസ്ഥയും കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.
2024 ജൂൺ 19 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 545423 സ്ഥിരം സർക്കാർ ജീവനക്കാരാണുള്ളത്. മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരുമിച്ച് പരിഗണിച്ചാൽ അത് സർക്കാർ ജീവനക്കാരുടെ ആകെ എണ്ണത്തിന്റ 34.52 ശതമാനം വരും. നാടാർ, പിന്നാക്ക ലത്തീൻ അടക്കമുള്ള വിവിധ ക്രിസ്ത്യൻ ജീവനക്കാരുടെ എണ്ണം 18.25 ശതമാനമാണ്. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികൾ 18.38 ശതമാനമാണ്. പിന്നാക്കരിൽനിന്ന് ഏറെക്കുറെ ജനസംഖ്യക്ക് അനുസൃതമായി സർക്കാർ സർവീസിൽ പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. 21.09 ശതമാനമാണ് അവരുടെ പ്രാതിനിധ്യം. പരിഷത്ത് കണക്കുകൾ പ്രകാരം 22.2 ശതമാനമാണ് ഈഴവരുടെ ജനസംഖ്യ. പട്ടികജാതി വിഭാഗത്തിൽ 9.49 ശതമാനമാണ് സർവീസിലെ പ്രാതിനിധ്യം. ജനസംഖ്യ 9.10 ശതമാനവുമാണ്. പട്ടികവർഗത്തിന്റെ സർവീസ് പ്രാതിനിധ്യം 1.92 ശതമാനമാണ്. അവരുടെ ജനസംഖ്യയാകട്ടെ 1.45 ശതമാനവുമാണ്. എന്നാൽ സർക്കാർ ജോലിയിൽ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിനാണ്. ആകെ 73774 പേർ മാത്രം. അഥവാ ആകെ ജീവനക്കാരുടെ 13.52 ശതമാനം മാത്രം. മുസ്‌ലിം ജനസംഖ്യയാകട്ടെ 26.9 മുതൽ 28.15 ശതമാനം വരെയാണെന്നാണ് കണക്ക്. ജനസംഖ്യാനുപാതികമായി നോക്കിയാൽ മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട തസ്തികകളിൽ ശരാശരി 102 ശതമാനത്തിന്റ കുറവുണ്ടെന്നും കണക്കുകൾ ബോധ്യപ്പെടുത്തുന്നു. അഥവാ ജനസംഖ്യാനുപാതികമായി സർക്കാർ സർവീസിൽ പ്രാതിനിധ്യം ലഭിക്കാത്ത ഒരേയൊരു വിഭാഗം മുസ്‌ലിംകളാണെന്നർഥം.
അധികാരത്തിലെ പ്രാതിനിധ്യവും വസ്തുതയും വിലയിരുത്തുന്നത് നന്നാകും. കേരള മുഖ്യമന്ത്രിമാരിൽ ബ്രാഹ്‌മണ-നായർ വിഭാഗം 35 വർഷവും 5 മാസവും ഭരിച്ചിട്ടുണ്ട്. ഈഴവരാകട്ടെ 15 വർഷവും ക്രിസ്ത്യൻ വിഭാഗം 12 വർഷവും 6 മാസവുമാണ്. പട്ടികജാതി-പട്ടികവർഗത്തിൽനിന്ന് ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിൽ നിന്ന് കേവലം 53 ദിവസം മാത്രമാണ് മുഖ്യമന്ത്രി ഉണ്ടായിരുന്നത്.
കേരള രൂപീകരണം മുതൽ 2021 വരെയുള്ള കണക്കുപ്രകാരം മന്ത്രിമാരുടെ എണ്ണവും പരിശോധിക്കാം. ബ്രാഹ്‌മണ/നായർ വിഭാഗത്തിൽനിന്ന് 123 പേർ, ഈഴവരിൽനിന്ന് 64 പേർ, ക്രൈസ്തവരിൽനിന്ന് 87 പേർ, മുസ്‌ലിംകളിൽനിന്ന് കേവലം 65 പേരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളി എടുത്തുപറയുന്ന മറ്റൊരു കാര്യം. എയ്ഡഡ് കോളേജുകൾ ഹിന്ദു വിഭാഗത്തിൽ 95ഉം ക്രിസ്ത്യൻ വിഭാഗത്തിൽ 63മാണ് ഉള്ളത്. എന്നാൽ മുസ്‌ലിം സമുദായത്തിന് കേവലം 38 കോളേജുകളാണുള്ളത്. എയ്ഡഡ് സ്‌കൂളുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഹൈന്ദവ വിഭാഗത്തിന്റെതായി 2957 സ്‌കൂളുകളുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന് 2956 സ്്കൂളുകളുണ്ട്. എന്നാൽ മുസ്‌ലിം സമുദായത്തിന് 1384 സ്‌കൂളുൾ മാത്രമാണുള്ളത്.
ഇനി അധ്യാപക-അനധ്യാപക ജീവനക്കാരുടെ കണക്കുകൾ പുറത്ത് വിടണം. അപ്പോൾ അറിയാം അവിടങ്ങളിലുള്ള സാമുദായിക പ്രാതിനിധ്യത്തിന്റെ ഏറ്റക്കുറച്ചിൽ. മുസ്‌ലിം ഉടമസ്ഥതയിലുള്ള മിക്ക സ്ഥാപനങ്ങളും സെക്യുലറാകാനാണ് ശ്രമിക്കാറുള്ളത്. ഇതര സ്ഥാപനങ്ങളിലെ നിയമനങ്ങൾ മുതൽ എല്ലാ വിവരങ്ങളും സത്യസന്ധമായി പുറത്തുവിടാൻ ധൈര്യം കാണിച്ചാൽ ആരോപണങ്ങളുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നടിയുന്നത് കാണാനാകും.
ഈഴവ-മുസ്‌ലിം ബന്ധം, ചില ഓർമകൾ
ഈഴവ സമുദായത്തിന്റെ അട്ടിപ്പേറവകാശം വെള്ളാപ്പള്ളിയിൽ ചാർത്താനാണ് ഇടതു വലതു നേതാക്കളുടെ ശ്രമം. വെള്ളാപ്പള്ളിയുടെ വർഗീയ വിദ്വേഷസമീപനങ്ങളോട് ശക്തമായ വിയോജിപ്പുള്ളവരും ആശയപരമായി പ്രതിരോധിക്കുന്നവരുമാണ് ഈഴവ സമുദായത്തിലെ ഭൂരിപക്ഷവും എന്നത് പലരും വിസ്മരിക്കുന്നുണ്ട്. രാജ്യത്തെ സംഘപരിവാര രാഷ്ട്രീയത്തിെൻറ കളിപ്പാട്ടമായി അദ്ദേഹം മാറുന്നതിനോട് പരിതപിക്കുന്നവരും സമുദായത്തിലുണ്ട്. വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ നേട്ടത്തിനും ബിസിനസിന്റെ വിജയത്തിനുമായി അദ്ദേഹം അടവ് നയം പയറ്റുകയാണ് എന്ന് വിലയിരുത്തുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. പ്രത്യേകിച്ച് വിമർശകരെയും വിയോജിക്കുന്നവരെയും നിലംപരിശാക്കാൻ ബിജെപി സർക്കാർ ഉപയോഗിക്കുന്ന ആയുധങ്ങളാണ് ഇ.ഡി, സിബിഐ, ഐ.ടി എന്നിവ. ബിസിനസ് സാമ്രാട്ടുകൾ ഈ സംവിധാനങ്ങളെ ഭയപ്പെടാൻ തുടങ്ങിയത് ബിജെപി അധികാരത്തിൽ വന്നത് മുതലാണ്. അതിനാൽ അവരെ പ്രീണിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ വാചകക്കസർത്തുകളെന്ന് വിലിയിരുത്തുന്നവരും അവരുടെ കൂട്ടത്തിലുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ പേരിൽ മതവിദ്വേഷം പറയുന്നവരെ വെച്ച് പൊറുപ്പിക്കാനാവില്ലെന്ന് ആണയിടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. മുസ്‌ലിം സമുദായത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റ ആവശ്യമെന്നും അവർ ഞങ്ങളുടെ സഹോദരങ്ങളാണെന്നും ആർജവത്തോടെ വിളിച്ച് പറയുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. ഡോ. മോഹൻ ഗോപാലിനെ പോലെയുള്ളവരുടെ രചനകളും ശബ്ദങ്ങളും ഒന്ന് ശ്രദ്ധിച്ചാൽ കുറച്ച് കൂടി കാര്യം വ്യക്തമാകും. ഈഴവരുടെയും മുസ്‌ലിംകളുടെയുടെ സൗഹൃദത്തിന് ചരിത്രത്തിന്റെ പശ്ചാത്തലമുണ്ട്.
സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം കേരളത്തിലാദ്യമായി നൽകിയ മഹൽവ്യക്തിയാണ് ശ്രീനാരായണ ഗുരു. വക്കം മൗലവിയെ പോലുള്ള മുസ്‌ലിം നവോത്ഥാന നായകരുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഗുരുവിന്റെ സൗഹൃദത്തിന് വലിയ മാനങ്ങളുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ സർവീസിൽ പിന്നാക്കക്കാരുടെ പ്രാതിനിധ്യം ഉണ്ടാവണമെന്ന് അവകാശപ്പെട്ടുകൊണ്ട് നടത്തിയ സമര പോരാട്ടമാണ് നിവർത്തന പ്രക്ഷോഭം. അതിൽ മുസ്‌ലിം -ഈഴവ-ക്രൈസ്തവ കൂട്ടുകെട്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.
കേരള മുസ്‌ലിം നവോത്ഥാന രംഗത്ത് സംഘടിതമായി മുന്നേറ്റം നടത്തിയ ഐക്യസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി കൊടുങ്ങല്ലൂരിലെ ഏറിയാട് വില്ലേജിൽ സ്ഥാപിച്ച കേരളവർമ ഹയർ സെക്കണ്ടറി സ്‌കൂളിലെ അന്നത്തെ പഠിതാക്കളിൽ ഏറെയും ഈഴവ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. 1925ൽ സ്വന്തം മാനേജ്‌മെന്റിന് കീഴിൽ സ്ഥാപിച്ചതായിരുന്നു ഈ വിദ്യാലയം. ആ കാലത്ത് മൂന്ന് വിഭാഗം ജനങ്ങളെയാണ് അദ്ദേഹം ലക്ഷ്യമാക്കിയത്. സ്‌കൂൾ വിദ്യാഭ്യാസത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച കുട്ടികളെ തടഞ്ഞുവെച്ച അന്നത്തെ യാഥാസ്ഥിതിക മുസ്‌ലിം സമൂഹമായിരുന്നു അതിലൊന്ന്. ജാതീയമായ ഉച്ചനീചത്വങ്ങളിൽ തളച്ചിട്ട് വിദ്യാലയങ്ങളിൽനിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ട ഈഴവരായിരുന്നു രണ്ടാമത്തെ വിഭാഗം. ജാതീയതയിൽ വെറിപൂണ്ടവർ അകറ്റിനിറുത്തിയ ഹരിജൻ വിഭാഗമായിരുന്നു മൂന്നാമത്തെ വിഭാഗം. മുസ്‌ലിം സമുദായത്തോടൊപ്പം ഈഴവരെയും കൈപിടിച്ച് അദ്ദേഹം തന്റെ വിദ്യാലയയത്തിലേക്കാനയിച്ചു.
മണപ്പാടന്റെ സ്‌കൂളിൽനിന്ന് ഒരാളെയും തടയാൻ അന്ന് ആരും ധൈര്യപ്പെട്ടിരുന്നില്ല. വിദ്യാലയത്തിലെ എല്ലാവർക്കും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൗജന്യമായി അദ്ദേഹം നൽകി. ഇങ്ങനെ സമൂഹത്തിന്റെ സർവ മേഖലകളിലും തോളുരുമ്മി സൗഹൃദത്തിന്റെ പറുദീസയിൽ വിഹരിച്ചവർ ചില അബ്കാരി മുതലാളിമാരുടെ വിഷവിസർജനത്തിൽ അലിഞ്ഞില്ലാതാകുമെന്നത് കേവലം മനഃപായസമാണ്.
ഈഴവരെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ച് മുതലെടുക്കാൻ വിഷജീവികൾക്ക് അവസരമില്ലെന്ന് മലയാളികൾ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കണം.

