പുണ്യാളന്മാരും ആദരവിന്റെ പരിധിയും; വത്തിക്കാൻ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

ക്രൈസ്തവർ യേശുവിന്റെ മാതാവായി അംഗീകരിക്കുന്ന ‘വിശുദ്ധ മർയമി’നെ അഭിസംബോധന ചെയ്യുന്ന ചില വിളിപ്പേരുകളും പ്രാർഥനാ രീതികളും വത്തിക്കാൻ ‘തിരുസംഘം ‘ നിഷിദ്ധവും മതവിരുദ്ധവുമായി പ്രഖ്യാപിച്ച വാർത്ത, ശ്ലാഘനീയവും കറകളഞ്ഞ ദൈവ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്‌. എന്നാൽ ബൈബിളിൻ്റെ പോലും പിൻബലമില്ലാതെയാണ് അവർ യേശുവിനെ ദൈവസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാന്മാരെ ദൈവത്തിലേക്കുള്ള മധ്യസ്ഥരായി കാണുന്ന മുസ്‌ലിം സമുദായത്തിലുള്ളവരെ തിരുത്താൻ പണ്ഡിത സഭകൾ തയ്യാറാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

വിശ്വാസകാര്യങ്ങൾക്കായുള്ള ‘വത്തിക്കാൻ തിരുസംഘം’ (Dicastery for the Doctrine of the Faith) 2025 നവംബർ 4 ചൊവ്വാഴ്ച പുറത്തിറക്കിയ ‘മാതേർ പോപുലി ഫിദേലിസ്’ (Mater populi fidelis)‘വിശ്വാസികളായ ജനതയുടെ മാതാവ്’ എന്ന പ്രബോധനക്കുറിപ്പ് (Doctrinal Note) ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.

കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും ‘തിരുസംഘ’ത്തിന്റെ പ്രബോധന വിഭാഗം സെക്രട്ടറി മോൺസിഞ്ഞോർ അർമാൻഡോ മാറ്റിയോയും ഒപ്പുവച്ച ഈ കുറിപ്പ്, ഒക്ടോബർ 7ന് പോപ്പ് ലിയോ പതിനാലാമൻ അംഗീകരിച്ചതോടെ, ലോകമെമ്പാടുമുള്ള പ്രബല ക്രൈസ്ത വിഭാഗമായ കത്തോലിക്കരുടെ ഓദ്യോഗിക നിലപാടായിത്തീരുകയാണ്. ഇതനുസരിച്ച്

‌‘ഈശോ’യുടെ മാതാവായി അംഗീകരിക്കപ്പെടുന്ന ‘വിശുദ്ധ മർയമി’നെ പരാമർശിക്കുന്ന ചില വിളിപ്പേരുകൾ നിഷിദ്ധവും അവരെ കുറിച്ചുള്ള ചില സങ്കൽപങ്ങൾ മതവിരുദ്ധവുമായി മാറുകയാണ്.

ക്രൈസ്തവ മതസമൂഹത്തിൽ നിലനിൽക്കുന്ന ചില പ്രത്യേക പ്രാർഥനാ രീതികളിലും സഹായ അഭ്യർഥനകളിലും പ്രാമാണികമായ ഒരു വ്യക്തത വരുത്താൻ വത്തിക്കാൻ നടത്തിയ ഈ ഇടപെടൽ, ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് മുസ്‌ലിം സമൂഹത്തിനും ഉണർവേകേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാണെന്നതിൽ സംശയമില്ല.

കത്തോലിക്കാ സഭയിൽ കന്യാമറിയമിനെപ്പറ്റി ‘സഹരക്ഷക,’ ‘മധ്യസ്ഥ’ തുടങ്ങിയ പ്രയോഗങ്ങളിൽ വന്നേക്കാവുന്ന വ്യതിയാനങ്ങളെ തിരുത്താനാണ് ഈ സന്ദർഭത്തിൽ വത്തിക്കാൻ ശ്രമിക്കുന്നത്. ‘വിശ്വാസികളുടെ അമ്മ’ അഥവാ ‘ഉമ്മുൽ മുഅ്മിനീൻ’ എന്ന സ്ഥാനത്തേക്ക് മാത്രമാക്കി കന്യാമറിയത്തെ ചുരുക്കിയത്, തങ്ങളുടെ വിശ്വാസത്തെ കത്തോലിക്കൻ അടിത്തറയിൽനിന്ന് അകന്നുപോകാതെ കാക്കാനുള്ള ശ്രമമാണെന്നു മനസ്സിലാക്കാം. യേശുവിനെ ദൈവമായി കാണുകയും അദ്ദേഹത്തോട് പ്രാർഥിക്കുകയുമൊക്കെ ചെയ്യുന്നതിന് ബൈബിളിൽ പോലും തെളിവില്ല എന്ന വസ്തുത കൂടി സഭ അംഗീകരിക്കുവാൻ തയ്യാറുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്.

ഇതുപോലെ, ഇസ്‌ലാമിന്റെ മൗലികമായ ഏകദൈവ വിശ്വാസത്തെ (തൗഹീദ്) വെല്ലുവിളിക്കുന്ന പുണ്യാള സങ്കൽപങ്ങളെയും മറ്റു അന്ധവിശ്വാസങ്ങളെയും നിരാകരിക്കുവാൻ മുസ്‌ലിം പണ്ഡിതന്മാർ രംഗത്തു വന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. ഈ വിഷയങ്ങളിൽ ഏറെ കൃത്യതയും വ്യക്തതയും നൽകൽ അനിവാര്യമാണ്.

ഇസ്‌ലാമിക വിശ്വാസത്തിന്റെ നെടുംതൂണാണ് തൗഹീദ് അഥവാ അല്ലാഹുവിന്റെ പരമമായ ഏകത്വം. ആരാധനയിലും അധികാരാവകാശങ്ങളിലും നാമങ്ങളിലും വിശേഷണങ്ങളിലും അല്ലാഹുവിന് പങ്കാളികളില്ലെന്നും അവനല്ലാതെ മറ്റൊന്നിനും ആരാധനയർപ്പിക്കാൻ പാടില്ലെന്നുമുള്ള അചഞ്ചലമായ പ്രഖ്യാപനമാണ് തൗഹീദ്. വിശുദ്ധ ക്വുർആൻ ആവർത്തിച്ചുറപ്പിക്കുന്ന ഒരു കാര്യമുണ്ട്:

“നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമത്രെ’’ (2:163).

ഈ അടിസ്ഥാനത്തിൽ; സൃഷ്ടികൾക്കോ പ്രവാചകന്മാർക്കോ മലക്കുകൾക്കോ പുണ്യാളന്മാർക്കോ മരിച്ചുപോയവർക്കോ ദിവ്യത്വത്തിന്റെയോ ആരാധനയുടെയോ മധ്യസ്ഥതയുടെയോ ഒരു അംശം പോലും കൽപിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അല്ലാഹുവിന് മാത്രമായി നിശ്ചയിക്കപ്പെട്ട കാര്യങ്ങളിൽ മറ്റൊരാളെ പങ്കുചേർക്കുന്നത് ഇസ്‌ലാമിക വീക്ഷണത്തിൽ ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) എന്ന ഏറ്റവും വലിയ പാപമാണ്, അതിക്രമവുമാണ്.

ഇസ്‌ലാം ശക്തമായി നിരാകരിക്കുന്ന ഇത്തരം ‘പുണ്യാള’ സങ്കൽപങ്ങൾ മുസ്‌ലിം സമൂഹത്തിന്റെ ചില കോണുകളിൽ ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. മക്വ‌്‌ബറകളിലെ (ശവകുടീരങ്ങളിലെ) ആരാധന, മരിച്ചുപോയ പുണ്യാളൻമാരോട് നേരിട്ടും അല്ലാതെയും ദുആ ചെയ്ത് ആവശ്യങ്ങൾ തേടൽ, അവരുടെ പേരിൽ നേർച്ചകളും വഴിപാടുകളും നടത്തൽ, കറാമത്തുകളുടെ പേരിൽ വികലമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയെല്ലാം ഈ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്.

ഈ ആചാരങ്ങൾ യഥാർഥത്തിൽ ഇസ്‌ലാം പഠിപ്പിച്ച നേർക്കുനേരെയുള്ള പ്രാർഥനാരീതിക്ക് വിരുദ്ധമാണ്. “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം’’ (ക്വുർആൻ 40:60). പ്രാർഥനക്ക് മധ്യസ്ഥനായി ഒരാളുടെയും ആവശ്യമില്ലെന്ന് അല്ലാഹു ഇതിലൂടെ വ്യക്തമാക്കുകയാണ്.

എന്നാൽ നബിﷺയുടെ കാലത്തും, ചില സമൂഹങ്ങളിൽ ഇന്നും തങ്ങൾക്കു വേണ്ടി ദൈവത്തോട് ശുപാർശ പറയാൻ പുണ്യവാന്മാർക്ക് കഴിയുമെന്നും അവർ ദൈവത്തോട് അടുക്കാൻ ഒരു പാലമായി വർത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഈ വിശ്വാസത്തെയും ക്വുർആൻ ശക്തമായി തിരുത്തുന്നുണ്ട്: “അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശകരാണെന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ അല്ലാഹു അറിയാത്ത വല്ല കാര്യവും നിങ്ങൾ അവന് അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു’’ (10:18).

ഈ ആയത്ത് വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ മധ്യസ്ഥത കൽപിക്കുന്നത് ശിർക്കിന്റെ ഗണത്തിൽ പെടുന്ന ഒന്നാണ് എന്നാണ്. ശുപാർശ (ശഫാഅത്ത്) എന്ന ആശയം തന്നെ അല്ലാഹുവിന്റെ അനുവാദത്തോടെ, അവൻ തൃപ്തിപ്പെട്ടവർക്ക് മാത്രമെ ലഭിക്കൂ എന്ന് ക്വുർആൻ (2:255) ഊന്നിപ്പറയുന്നുണ്ട്. മരണാനന്തരം ഒരു വ്യക്തിക്ക് ഈ ലോകത്തുള്ള ഒരാൾക്കും വേണ്ടി ശുപാർശ ചെയ്യാൻ കഴിയുകയില്ല.

വസ്തുത ഇതായിരിക്കെ, മുസ്‌ലിം പണ്ഡിതന്മാർ ഇത് സമുദായത്തെ പഠിപ്പിക്കുവാൻ അമാന്തം കാണിക്കരുത്. ജനങ്ങളെ കലർപ്പില്ലാത്ത ഏകദൈവ വിശ്വാസം പഠിപ്പിക്കൽ അവരുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നത് വിസ്മരിച്ചുകൂടാ. പണ്ഡിതന്മാർ ക്വുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ തൗഹീദിന്റെ പ്രാധാന്യവും നിരന്തരം ജനങ്ങളെ ബോധ്യപ്പെടുത്തണം. ശിർക്കിന്റെ വിവിധ രൂപങ്ങളെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും അവർ സമൂഹത്തിന് മുന്നറിയിപ്പ് നൽകണം.

ലക്ഷണം നോക്കൽ, ജ്യോത്സ്യം, ഗൗളിശാസ്ത്രം, കൈനോക്കി ഭാവി പ്രവചിക്കൽ തുടങ്ങിയ യുക്തിരഹിതവും മതപരമായി അടിസ്ഥാനമില്ലാത്തതുമായ അന്ധവിശ്വാസങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. വിശപ്പടക്കാൻ മനുഷ്യന്റെ ഉദരങ്ങളിലേക്ക് കടത്തിവിടേണ്ട വാഴപ്പഴം മന്ത്രിച്ചൂതി കടലിലേക്ക് വലിച്ചെറിഞ്ഞാൽ കടപ്പുറത്തെ വറുതി മാറി മത്സ്യം സുലഭമാകുമെന്ന ബാലിശമായ സങ്കൽപം പോലും സമൂഹത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്തരം വിശ്വാസങ്ങളെല്ലാം കാര്യകാരണ ബന്ധങ്ങളെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ് എന്ന ഇസ്‌ലാമിക അധ്യാപനത്തിന് തികച്ചും വിരുദ്ധമാണ്. പണ്ഡിതന്മാർ ഇവയെ തുറന്നുകാട്ടുകയും രോഗങ്ങൾക്കും ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനും പ്രമാണബദ്ധമായ പരിഹാരങ്ങളായ പ്രാർഥന, ചികിത്സ, അധ്വാനം എന്നിവ നിർദേശിക്കുകയും വേണം.

സമുദായ നേതാക്കളും പണ്ഡിതന്മാരും ഇത്തരം ആചാരങ്ങളിൽനിന്നും അകലം പാലിക്കുകയും മതപരമായ ചടങ്ങുകളിൽ ഈ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും വേണം.

ഏകദൈവ വിശ്വാസം എന്നത് കേവലം ‘ഒരൊറ്റ ദൈവത്തിൽ വിശ്വസിക്കുക’ എന്നതിലുപരി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ ദൈവത്തിന് മാത്രം അധികാരാവകാശങ്ങൾ കൽപിക്കുക എന്നതുകൂടിയാണ്. ഒരു ആപത്ത് വരുമ്പോൾ പടച്ചവനെ വിളിക്കുന്നതുപോലെ തന്നെ, സമ്പത്തും ആരോഗ്യവും ലഭിക്കുമ്പോൾ അത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അതിന്റെ ഉടമസ്ഥാവകാശം അവന് മാത്രമാണെന്നും അംഗീകരിക്കണം. ഏതെങ്കിലും ഒരു പുണ്യാളന്റെ ദയവുകൊണ്ടാണ് തനിക്ക് അനുഗ്രഹം ലഭിച്ചതെന്ന് വിശ്വസിക്കുമ്പോൾ, അവിടെ തൗഹീദിന്റെ അടിത്തറക്ക് ഇളക്കം സംഭവിക്കുന്നു.

വത്തിക്കാൻ നടത്തിയ തുറന്നു പറച്ചിൽ മുസ്‌ലിം സമൂഹത്തിലെ പണ്ഡിതന്മാർക്ക് ഒരു വെളിച്ചമാകേണ്ടതാണ്. (അവർ യേശുവിനെ ദൈവമായി വിശ്വസിക്കുന്നു എന്ന കാര്യം മറന്നല്ല ഇതു പറയുന്നത്). അല്ലാഹുവിലേക്ക് അടുക്കാൻ അവന്റെ പ്രവാചകന്മാർ പഠിപ്പിച്ച നേർവഴി മാത്രമെ ഇസ്‌ലാമിലുള്ളൂ. മധ്യസ്ഥന്മാരോ സഹരക്ഷകരോ ഇസ്‌ലാമിന്റെ പാരമ്പര്യത്തിൽ അന്യമാണ്. ഈ യാഥാർഥ്യം സംശയരഹിതവും സുന്ദരവുമായ രീതിയിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും ഏകദൈവ വിശ്വാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്. എങ്കിൽ മാത്രമെ, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ കാർന്നുതിന്നുന്ന അന്ധവിശ്വാസങ്ങളിൽനിന്ന് ആ സമൂഹത്തിന് മുക്തി നേടാനും ഇസ്‌ലാമിന്റെ പ്രകാശത്തെ തനിമയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സാധിക്കുകയുള്ളൂ.

കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായിട്ടും പുണ്യാള സങ്കൽപങ്ങളുമായി ബന്ധപ്പെട്ടും നിലനിൽക്കുന്ന ചില വ്യക്തികളെയും ആചാരങ്ങളെയും ഈ സമയത്ത് പ്രത്യേകം എടുത്തുപറയണ്ടേത് ഏറെ അനിവാര്യമാണ്. മുനമ്പത്ത് ബീവി, ബീമാ ഉമ്മിച്ച, കല്ലടി മസ്താൻ, ഓച്ചിറ കാർന്നോര്, സി.എം. മടവൂർ തുടങ്ങിയ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ചില അതിരുവിട്ട ആദരവുകളും അനുഷ്ഠാനങ്ങളും നേർച്ചകളും ഇസ്‌ലാമിന്റെ മൗലികമായ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന ചോദ്യം എക്കാലത്തും ഏറ്റവും പ്രസക്തമാണ്. കത്തോലിക്കാസഭയിൽ വത്തിക്കാൻ വ്യക്തത വരുത്തിയതുപോലെ, കേരളത്തിലെ മുസ്‌ലിം പണ്ഡിതസഭകളും ഈ വിഷയങ്ങളിൽ ശക്തമായ പ്രഖ്യാപനങ്ങളും തിരുത്തലുകളും വരുത്തേണ്ട തിന്റെ അടിയന്തിരാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്.

ഇസ്‌ലാമിൽ തൗഹീദ് അഥവാ അല്ലാഹുവിന്റെ ഏകത്വം എന്നത് അലംഘനീയമായ ഒരു പ്രമാണമാണ്. പ്രാർഥനകളിലും ഇതര ആരാധനകളിലും കാര്യങ്ങൾ സാധിക്കുന്നതിലും അല്ലാഹുവിന് പങ്കാളികളില്ല. മുകളിൽ പരാമർശിച്ച വ്യക്തികൾ ഉൾപ്പെടെ, ഒരു വ്യക്തി എത്ര ഉന്നതനാണെങ്കിലും, എത്ര വലിയ ഭക്തനാണെങ്കിലും, മരണശേഷം അയാൾക്ക് ദൈവികമായ യാതൊരു ശക്തിയുമില്ല. ജീവിച്ചിരിക്കുമ്പോൾ അവർ ചെയ്ത പുണ്യകർമങ്ങൾക്ക് അവരുടെ പദവി ഉയർത്താൻ കഴിഞ്ഞിരിക്കാം. എന്നാൽ, മരണശേഷം അവർക്ക് ഇഹലോകത്ത് ഇടപെടാനോ ജനങ്ങളുടെ പ്രാർഥന കേട്ട് അല്ലാഹുവിന്റെയടുക്കൽ ശുപാർശ ചെയ്യാനോ രോഗശാന്തി നൽകാനോ സമ്പത്ത് നൽകാനോ യാതൊരു കഴിവുമില്ല.

ക്വുർആൻ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നു: “അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിലുള്ള ദാസന്മാർ മാത്രമാണ്. അതിനാൽ, നിങ്ങൾ അവരോട് പ്രാർഥിച്ച് നോക്കൂ; എന്നിട്ട് അവർ നിങ്ങൾക്ക് ഉത്തരം നൽകട്ടെ, നിങ്ങൾ സത്യവാന്മാരാണെങ്കിൽ’ (7:194).

ഒരു വ്യക്തി എത്ര വലിയ മഹാനാണെങ്കിലും അല്ലാഹുവിന്റെ സൃഷ്ടിയാണ്. സൃഷ്ടികളോട് പ്രാർഥിച്ച് കാര്യസാധ്യത്തിന് ശ്രമിക്കുന്നത് ഇസ്‌ലാമിക വീക്ഷണത്തിൽ ശിർക്കാണ് (ബഹുദൈവാരാധന). ഇത് മഹാപാപവും നരകം ലഭിക്കുന്നതുമായ കാര്യമാണെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു.

ചിലരുടെ ക്വബറിടങ്ങളെ ആരാധനാകേന്ദ്രങ്ങളാക്കിയതും അവിടേക്ക് നേർച്ചകൾ നേരുന്നതും ക്വബ്‌റിന്നരികിൽ നിലവിളക്കു കത്തിക്കുന്നതും ജാറം മൂടുന്ന ചടങ്ങ് നടത്തുന്നതും മറ്റും നമ്മുടെ നാട്ടിൽ കണ്ടുവരുന്നു. ഇതൊക്കെ മതത്തിന്റെ പേരിൽ വളരെ ഭക്ത്യാദരവോടെയാണ് നടത്തിവരുന്നത്. തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ദുരാചാരങ്ങളാണിതെല്ലാം. മരണപ്പെട്ടവരോടുള്ള ആദരവ് ആരാധനയായി മാറാൻ ഒരിക്കലും പാടില്ല; അത് പ്രവാചകന്മാരാണെങ്കിൽ പോലും.

കേരളത്തിലെ വ്യത്യസ്ത ‘സുന്നി’ സംഘടനകളുടെ അനുയായികളാണ് ഇത്തരം ദുരാചാരങ്ങളിൽ ഏർപെടുന്നത്. നേതൃത്വം നൽകുന്നതാകട്ടെ പണ്ഡിതന്മാരും. പിന്നെ എങ്ങനെ സമുദായം നന്നാകും?

സലഫി സംഘടനകൾ മരണപ്പെട്ട സൃഷ്ടികളോടുള്ള തേട്ടത്തെ പ്രാമാണികമായി ശിർക്കെന്നു പറഞ്ഞ് ശക്തമായി എതിർക്കുമ്പോൾ, ‘തവസ്സുൽ’ (ഇടതേടൽ), ‘ഇസ്തിഗാസ’ (സഹായം തേടൽ) പോലുള്ള വാക്കുകളിലൂടെ അതിനെ ന്യായീകരിക്കുകയും വ്യാഖ്യാനിക്കുകയും ‘ബറകത്ത്’ (അനുഗ്രഹം) തേടാനുള്ള മാർഗമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

ഈ വ്യാഖ്യാന വ്യത്യാസങ്ങൾ സാധാരണ വിശ്വാസികളെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ശുദ്ധമായ ഏകദൈവ വിശ്വാസം എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നതിനെക്കുറിച്ച് സുവ്യക്തമായ പ്രബോധനം അനിവാര്യമാണ്.

വത്തിക്കാന്റെ നടപടി പോലെ, കേരളത്തിലെ പണ്ഡിതസഭകൾ ഒന്നിച്ചോ അല്ലാതെയോ, ക്വുർആനിന്റെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ, ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ട വിശ്വാസവും ആചാരപരവുമായ അതിരുകടത്തലുകൾ ഇസ്‌ലാമികമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മുന്നോട്ടു വരണം.

മരിച്ചുപോയ വ്യക്തികളോട് നേരിട്ടോ അല്ലാതെയോ പ്രാർഥിക്കുന്നത് അനുവദനീയമല്ലെന്നും പ്രാർഥന അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നും തുറന്നു പറയാൻ അവർ തയ്യാറാകണം. ക്വബറിടങ്ങളെ കേന്ദ്രീകരിച്ച് നടന്നുവരുന്ന നേർച്ച, വഴിപാട്, പ്രദക്ഷിണം, നിലവിളക്ക് കത്തിക്കൽ തുടങ്ങിയ എല്ലാ അനാചാരങ്ങളും കർശനമായി നിരോധിക്കാനും നടപടികൾ സ്വീകരിക്കണം.

ചില വ്യക്തികളെ ‘പുണ്യാളർ’ എന്ന നിലയിൽ അതിമാനുഷിക ശക്തിയുള്ളവരായി ചിത്രീകരിക്കുന്ന, വിവിധ ഭാഷയിലും ഭാഷ്യത്തിലുമുള്ള എല്ലാത്തരം എടുകളെയും പുസ്തകങ്ങളെയും പാട്ടുകളെയും പ്രസംഗങ്ങളെയും പ്രമാണ വിരുദ്ധമായി പ്രഖ്യാപിക്കുക എന്നത് ഏറെ അനിവാര്യമാണ്.

ഇത്തരം ഒരു കൂട്ടായ പ്രഖ്യാപനം ഉണ്ടായാൽ മാത്രമെ, പാരമ്പര്യത്തിന്റെ മറവിൽ, തൗഹീദിന് വിരുദ്ധമായ കാര്യങ്ങളിൽനിന്ന് മുസ്‌ലിം സമൂഹത്തിന് മുക്തി നേടാൻ സാധിക്കുകയുള്ളൂ. വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തതും എന്നാൽ സ്‌നേഹത്തോടെയുള്ളതുമായ സമീപനം പണ്ഡിതന്മാർ സ്വീകരിക്കുകയും ജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് അവരുടെ ധാർമികമായ ബാധ്യതയാണ്. ഏകദൈവ വിശ്വാസത്തിന്റെ പ്രകാശം യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും മറയില്ലാതെ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്.

വിശുദ്ധ ക്വുർആനിലെ അഞ്ചാം അധ്യായമായ മാഇദയിലെ 116ാം വചനം ഇതോടൊപ്പം ചേർത്ത് വിശദീകരിക്കേണ്ടത് അനിവാര്യമെന്ന് കരുതുന്നു. ഏക ദൈവവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഊട്ടിയുറപ്പിക്കുന്നതും പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും എങ്ങനെ ആദരിക്കണം എന്നതിന്റെ അതിർവരമ്പുകൾ നിർണയിക്കുന്നതുമായ ഒരു അതിമഹത്തായ ദിവ്യ പ്രഖ്യാപനമാണ് ഈ സൂക്തത്തിൽ അടങ്ങിയിട്ടുള്ളത്.

സർവശക്തനായ അല്ലാഹുവും മഹാനായ പ്രവാചകൻ ഈസബ്‌നു മർയമും(അ) തമ്മിൽ അന്ത്യനാളിൽ നടക്കുന്ന ഒരു സംഭാഷണമാണ് ഈ സൂക്തത്തിന്റെ മുഖ്യപ്രമേയം. ഈ സംഭാഷണത്തിന് ഈ ഭൗതികലോകത്തെ ഒരു സാധാരണ കോടതിയിലെ വിചാരണയുടെ രൂപമുണ്ടെങ്കിലും ഇത് മഹാനായ ഒരു പ്രവാചകന്റെ നിരപരാധിത്വത്തെ ലോകത്തിന് മുമ്പിൽ തുറന്ന് പ്രഖ്യാപിക്കാനും അതിലുപരിയായി ഏകദൈവവിശ്വാസത്തിൽനിന്ന് വ്യതിചലിച്ചവരുടെ തെറ്റിദ്ധാരണകളെ തിരുത്താനുമുള്ള ഒരു ദിവ്യമായ ദൃഷ്ടാന്തം കൂടിയാണ്.

സംഭാഷണം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “അല്ലാഹു പറയുന്ന സന്ദർഭം: ‘ഓ, മർയമിന്റെ മകനായ ഈസാ! എന്നെയും എന്റെ മാതാവിനെയും ദൈവത്തിന് പുറമെ രണ്ട് ആരാധ്യന്മാരായി സ്വീകരിക്കണമെന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?’

ഈ ചോദ്യം വളരെ ഗൗരവമേറിയതാണ്. കാരണം, ലോകചരിത്രത്തിൽ ഒരു വിഭാഗം ജനത പ്രവാചകനായ യേശു(അ)വിനെ ദൈവപുത്രനായോ ദൈവമായോ ദൈവത്തിന്റെ മൂന്നിലൊന്നായോ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ മാതാവായ മറിയമിന്-പരിധികളില്ലാതെ അങ്ങേയറ്റം ആദരിച്ച്- ദൈവിക പരിവേഷം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദൈവത്തിലുള്ള വിശ്വാസം ലംഘിക്കപ്പെടുകയും പങ്കുചേർക്കൽ എന്ന വലിയ തെറ്റിലേക്ക് മനുഷ്യസമൂഹം നീങ്ങുകയും ചെയ്തു. ഈ ചോദ്യത്തിലൂടെ, ഈ പ്രവാചകൻ ഒരിക്കലും അത്തരമൊരു കൽപന തന്റെ സമൂഹത്തിന് നൽകിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ആ വിശ്വാസം തന്റെ അനുയായികൾക്കിടയിൽ ഉണ്ടായ ഒരു കൂട്ടിച്ചേർക്കൽ മാത്രമാണെന്ന് സ്ഥാപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്.

ഈ ചോദ്യത്തിന് ഈസാ നബി(അ) നൽകുന്ന മറുപടി, എല്ലാ പ്രവാചകന്മാരുടെയും മുഖ്യ ദൗത്യത്തിന്റെ കാതൽ വെളിപ്പെടുത്തുന്നതാണ്. അദ്ദേഹം പറഞ്ഞു: “നീ എത്ര പരിശുദ്ധൻ! എനിക്ക് ഒരവകാശവുമില്ലാത്ത ഒരു കാര്യം ഞാൻ പറയുക എന്നത് എനിക്ക് ഒട്ടും ചേർന്നതല്ല.’’

ആദ്യമായി ഈസാ നബി(അ) തന്റെ നാഥനെ എല്ലാ അപാകതകളിൽനിന്നും പങ്കുചേർക്കലുകളിൽ നിന്നും പരിശുദ്ധനാക്കി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് പങ്കാളികളുണ്ടാവുക എന്നത് ദൈവത്വത്തിന് ചേർന്നതല്ല എന്ന ശക്തമായ പ്രഖ്യാപനമാണിത്. തന്നെയും തന്റെ മാതാവിനെയും ആരാധിക്കാൻ കൽപിക്കുക എന്നത് ഒരു പ്രവാചകന്റെ ദൗത്യത്തിന് തികച്ചും വിരുദ്ധമാണ്. ദൈവത്തെ ആരാധിക്കുക എന്നതിലാണ് പ്രവാചകത്വ ദൗത്യം അടങ്ങിയിരിക്കുന്നത്. അതിനാൽ, ‘ഒരവകാശവുമില്ലാത്ത’ കാര്യം-അതായത് ദൈവത്വം-തനിക്ക് അവകാശപ്പെട്ടതല്ല എന്ന് അദ്ദേഹം വിനയത്തോടെ സമ്മതിക്കുകയാണിതിലൂടെ. പ്രവാചകന്മാർ ദൈവദാസന്മാരും ദൂതന്മാരുമാണ്. അവർ ആദരിക്കപ്പെടേണ്ടവരാണ്. എന്നാൽ ഒരിക്കലും അവർ ആരാധിക്കപ്പെടേണ്ടവരല്ല. പ്രവാചകൻ എന്ന നിലയിൽ താൻ ദൈവത്തിനു വേണ്ടി സംസാരിക്കുകയേ ഉള്ളൂ; തനിക്ക് വേണ്ടി സംസാരിക്കുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

തുടർന്ന്, ഈസാ(അ) തന്റെ മറുപടി പൂർത്തിയാക്കുന്നത് ദൈവത്തിന്റെ പരിപൂർണമായ അറിവിനെക്കുറിച്ചുള്ള അതിമനോഹരമായ വാക്കുകളിലൂടെയാണ്:

“ഞാൻ അത് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും നീ അത് അറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും; എന്നാൽ നിന്റെ മനസ്സിലുള്ളത് ഞാൻ അറിയുകയുമില്ല. തീർച്ചയായും നീ തന്നെയാണ് അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ.’’

ഈ വാക്കുകളിലൂടെ ഈസാ നബി(അ) താൻ ഒരു സാധാരണ സൃഷ്ടി മാത്രമാണെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു.

താൻ അപ്രകാരം കൽപിക്കുകയോ അത്തരമൊരു ആശയം മനസ്സിൽ വെക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അറിയുന്ന ഏക ശക്തി അല്ലാഹു മാത്രമാണ്. കാരണം താൻ അത് പുറത്തുപറയാതിരുന്നാൽ പോലും തന്റെ മനസ്സിലുള്ളത് അറിയാൻ അല്ലാഹുവിന് കഴിയും. ഈ പ്രസ്താവനയിലൂടെ പ്രവാചകൻ തന്റെ നിരപരാധിത്വം ഉറപ്പിക്കുക മാത്രമല്ല തന്റെ അറിവും കഴിവും ദൈവത്തിന്റെ മുമ്പിൽ ഏറെ പരിമിതമാണെന്നും തുറന്നു പ്രഖ്യാപിക്കുന്നു.

‘എന്റെ മനസ്സിലുള്ളത് നീ അറിയും; എന്നാൽ നിന്റെ മനസ്സിലുള്ളത് ഞാൻ അറിയുകയുമില്ല’ എന്ന പ്രയോഗം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അതിർവരമ്പ് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ സത്തയും അതിന്റെ രഹസ്യങ്ങളും അദൃശ്യ കാര്യങ്ങളും അറിയാൻ ഒരു സൃഷ്ടിക്കും കഴിയില്ല. ഈസാ പ്രവാചകൻ പോലും അക്കാര്യത്തിൽ സാധാരണ മനുഷ്യരെപ്പോലെയാണ്. ഇത് ദൈവത്തിന്റെ ‘അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ’ (ആലിമുൽ ഗൈബ്) എന്ന വിശേഷണത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതുപോലെ ഈ പ്രത്യേകത ദൈവത്തിന് മാത്രം അവകാശപ്പെട്ടതുമാണ്.

ഈ വചനത്തിന്റെ സന്ദേശം ഏറെ പ്രസക്തവും വളരെയധികം വ്യക്തവുമാണ്. പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും ആദരിക്കുന്നത് ലോകത്തിലെ എല്ലാ വിശ്വാസി സമൂഹങ്ങളിലും വളരെ പ്രധാനമാണ്. എന്നാൽ ആ ആദരവ് ഏതുവരെയാകാം എന്നതിലാണ് പലപ്പോഴും തർക്കങ്ങൾ ഉടലെടുക്കുന്നത്. ക്വുർആൻ പഠിപ്പിക്കുന്നത്; ആരാധനാകർമങ്ങൾ, പ്രാർഥന, അഭൗതികമായ സഹായം തേടൽ തുടങ്ങിയ കാര്യങ്ങൾ ഏകനായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. ഇതിൽ പ്രവാചകന്മാരെയോ മറ്റു മഹാന്മാരെയോ പങ്കുചേർക്കുന്നത് ഏകദൈവവിശ്വാസത്തിന് തികച്ചും വിരുദ്ധമാണ്.

ആദരവും ബഹുമാനവും ആവശ്യമാണ്. എന്നാൽ ദൈവത്വം (ഉലൂഹിയ്യത്ത്) കൽപിക്കരുത്. മഹാന്മാരോടുള്ള ബഹുമാനം ഒരിക്കലും ദെവത്തിന്റെ തലത്തിലേക്ക് അവരെ ഉയർത്തുകയോ അവർക്ക് അദൃശ്യജ്ഞാനം കൽപിക്കുകയോ അവരെ ആരാധിക്കുകയോ ചെയ്യുന്ന രീതിയിലേക്ക് മാറരുത്. ആദരവും ആരാധനയും തമ്മിലുള്ള അതിർവരമ്പ് മുകളിലെ ക്വുർആനിക വചനത്തിൽ ശക്തമായി സ്ഥാപിക്കുന്നുണ്ട്.

പ്രവാചകൻ ഈസാ(അ) പോലും താൻ ആരാധിക്കപ്പെടാൻ അർഹനല്ലെന്ന് വ്യക്തമാക്കി പറയുമ്പോൾ, മറ്റേത് പുണ്യപുരുഷനും ദൈവത്തിന് മുമ്പിൽ അവന്റെ ദാസൻ മാത്രമാണ്. അവരുടെ മധ്യസ്ഥതയിൽ വിശ്വസിക്കുന്ന പല വിശ്വാസി സമൂഹങ്ങൾക്കുമുള്ള ശക്തമായ ഒരു തിരുത്തലാണിത്. യഥാർഥത്തിൽ, ഈ പുണ്യപുരുഷന്മാരെല്ലാം അവരുടെ ജീവിതം കൊണ്ട് നമുക്ക് നൽകിയത് ദൈവത്തെ മാത്രം ആരാധിക്കാനുള്ള മാതൃകയാണ്.

ദൈവത്തെയും പ്രവാചകന്മാരെയും മഹത്തുക്കളെയും സ്‌നേഹിക്കുക. എന്നാൽ, ആരാധന ഏകനായ ദൈവത്തിന് മാത്രമായി നിജപ്പെടുത്തുക. പ്രവാചകന്മാർ അവരുടെ മഹത്ത്വത്തിലും, ദൈവത്തിന്റെ മുമ്പിലും വിനയാന്വിതരായ ദാസന്മാർ മാത്രമാണ്. ഈ തിരിച്ചറിവാണ് യഥാർഥ ആദരവ്.