മത മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ ഭീകരത
സുഫ്‌യാൻ അബ്‌ദുസ്സലാം
2025 മെയ് 03, 1446 ദുൽഖഅദ് 05

പഹൽഗാമിൽ 28 വിനോദസഞ്ചാരികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവം ഇന്ത്യൻ ജനതയെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും മതസ്പർദ വളർത്തുവാനും ലക്ഷ്യം വച്ചുകൊണ്ടുള്ള ഭീകരാക്രമണമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാ മെന്നും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താമെന്നുമെല്ലാമാണ് ആക്രമണം ആസൂത്രണം ചെയ്തിട്ടുള്ള ഭീകര ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. എന്നാൽ ആക്രമണത്തിന് ശേഷം കേന്ദ്രസർക്കാറും പ്രതിപ ക്ഷവും രാജ്യത്തെ വിവിധ രാഷ്ട്രീയ സംഘടനകളും മതവിഭാഗങ്ങളും ഒറ്റക്കെട്ടായി ഭീകരതക്കെതിരെ അണിനിരന്നിരിക്കുകയാണ്. അസ്വസ്ഥതകൾ ജനിപ്പിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് മനക്കോട്ട കെട്ടുന്നവർക്കുള്ള അതിശക്തമായ തിരിച്ചടിയാണ് രാജ്യം ഒറ്റക്കെട്ടായി നൽകിയിട്ടുള്ളത്.
സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഇന്ത്യ ഒട്ടനവധി ഭീഷണികൾ നേരിട്ടിട്ടുണ്ട്. ഭീകരാക്രമണങ്ങൾക്കും രാജ്യാതിർത്തി ഭേദിച്ചുകൊണ്ടുള്ള കടന്നുകയറ്റങ്ങൾക്കും നുഴഞ്ഞുകയറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും രാജ്യത്തെ തകർക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ശത്രുക്കൾ ഭിന്നിപ്പിക്കാനുള്ള പുതിയ രസതന്ത്രവും പരീക്ഷണശാലയും തയ്യാറാക്കു ന്നതിന്റെ ലക്ഷണമാണ് പഹൽഗാമിൽ കണ്ടത്.
മതം ചോദിച്ചുള്ള ഭീകരത
മതത്തിന്റെ മുഖംമൂടിയണിഞ്ഞു വന്ന കാപാലികരുടെ താണ്ഡവമായിരുന്നു പഹൽഗാമിൽ നടന്നത് എന്നാണ് അവിടെനിന്നുള്ള മാധ്യമവാർത്തകളും ദൃക്‌സാക്ഷി വിവരണങ്ങളും നൽകുന്ന പ്രത്യക്ഷ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ‘കലിമ’ ചൊല്ലാൻ ആവശ്യപ്പെടുകയും അതിന് സാധിക്കാത്തവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുക എന്ന രീതിയാണ് പഹൽഗാമിൽ ഭീകരർ അവലംബിച്ചത്. ഇത് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഇന്ത്യയിലെ ഭൂരിപക്ഷ ഹൈന്ദവർക്കിടയിൽ ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും അറപ്പും വെറുപ്പും സൃഷ്ടിക്കുകയും അവർക്കിടയിൽ ശത്രുതയുടെ വ്യാസം വർധിപ്പിക്കുകയും അങ്ങനെ ഇന്ത്യയിലെമ്പാടും അതിശക്തമായ കലാപങ്ങളും സംഘർഷങ്ങ ളും ഉണ്ടാക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.
ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഭീകരർ
മനുഷ്യരെ കൊലപ്പെടുത്തുന്നത് മഹാപാപങ്ങളിൽ പെട്ടതാണെന്ന് പഠിപ്പിച്ച ദർശനമാണ് ഇസ്‌ലാം. ഒരു മനുഷ്യനെ കൊല്ലുന്നത് ലോകത്തുള്ള സകല മനുഷ്യരെയും കൊന്നൊടുക്കുന്നതിന് തുല്യമാണെന്നും ഒരാൾക്ക് ജീവിക്കാൻ അവസരം നൽകുന്നത് ലോകജനതക്ക് മുഴുവൻ ജീവിക്കാൻ അവസരം നൽകുന്നതിന് തുല്യമാണെന്നും പഠിപ്പിച്ച വിശുദ്ധ ക്വുർആനിന്റെ (5:32) വക്താക്കൾക്ക് കൊലപാതകികളാവാൻ സാധിക്കില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പേരിൽ കൊലപാതകങ്ങൾ നടത്തുന്നവർ ഇസ്‌ലാമിന്റെ പാതയിൽനിന്നും തിരിച്ചുപോയവരാണെന്ന കാര്യത്തിൽ സംശയമില്ല. ഏത് മതമായിരുന്നാലും അത് സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നാണ് ക്വുർആൻ പറഞ്ഞിട്ടുള്ളത്. ‘വിശ്വസിക്കാൻ ഉദ്ദേശിക്കുന്നവൻ വിശ്വസിക്കട്ടെ, അവിശ്വസിക്കുവാൻ ഉദ്ദേശിക്കുന്നവർ അവിശ്വസിക്കട്ടെ’ (18:29), ‘മതത്തിൽ ബലാത്കാരമില്ല, അവിവേകത്തിൽനിന്നും വിവേകം വ്യക്തമാണ്’ (2:256) തുടങ്ങിയ വചനങ്ങൾ അക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിയും പ്രലോഭനങ്ങളും പ്രകോപനങ്ങളും ഇസ്‌ലാം എന്ന, സമാധാനത്തിന്റെയും സമർപ്പണത്തിന്റെയും മതത്തിന് ഒട്ടും സ്വീകാര്യമല്ല.
യുദ്ധരംഗത്ത് പോലും സമാധാനം
പട്ടാളക്കാർ പരസ്പരം നടത്തുന്ന വ്യവസ്ഥാപിത സംഘട്ടനമാണ് യുദ്ധം. അത്തരം ഘട്ടങ്ങളിൽ പോലും പാലിക്കേണ്ട മര്യാദകൾ പ്രവാചകനും അനുചരന്മാരും ലോകത്തോട് പറഞ്ഞിട്ടുണ്ട്. കരാർ ലംഘനം പാടില്ല, കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, രോഗികൾ എന്നിവരെ കൊല്ലരുത്, വൃക്ഷങ്ങൾ നശിപ്പിക്കരുത്, ധാന്യപ്പുരകളും വീടുകളും അഗ്‌നിക്കിരയാക്കരുത്, അന്യമത പുരോഹിതന്മാരെ അക്രമിക്കുകയോ മഠങ്ങളിലേക്ക് അതിക്രമിച്ചുകയറുകയോ ചെയ്യരുത് തുടങ്ങി യുദ്ധവേളകളിൽ പോലും പാലിക്കേണ്ട നിയമങ്ങൾ നൽകിയ മതമാണ് ഇസ്‌ലാം. അപ്പോൾ യുദ്ധമല്ലാത്ത സന്ദർഭങ്ങളിൽ എത്രമാത്രം സൂക്ഷ്മത വേണം എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
മതം രാഷ്ട്രീയ ചട്ടുകമാവരുത്
ഭരണം പിടിച്ചെടുക്കാനുള്ള ഉപകരണമായി മതത്തെ ദുരുപയോഗിക്കുന്നത് മൂലമാണ് ലോകത്ത് മതത്തിന്റെ പേരിൽ ഭീകരപ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്. രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അവിടെ ഇസ്‌ലാം സ്ഥാപിക്കണമെന്ന് ക്വുർആനോ പ്രവാചകനോ കൽപിച്ചിട്ടില്ല. ഒരു രാജ്യത്ത് ഇസ്‌ലാമികസമൂഹം വളർന്ന് പന്തലിക്കുമ്പോൾ അവിടങ്ങളിൽ സ്വാഭാവികമായും സംജാതമാവുന്ന ഭരണക്രമമാണ് ഇസ്‌ലാമികഭരണം. അമുസ്‌ലിംകളിൽ ഇസ്‌ലാമികനിയമങ്ങൾ അടിച്ചേൽപിക്കാൻ അനുവാദമില്ലെന്ന് മാത്രമല്ല, അത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിമല്ലാത്ത ഒരാളെക്കൊണ്ട് കലിമ ചൊല്ലിക്കുക, നമസ്‌കാരം ചെയ്യിക്കുക, സകാത്ത് നിർബന്ധമാക്കുക തുടങ്ങിയ കാര്യങ്ങൾ മുസ്‌ലിം ഭരണാധികാരിക്ക് പോലും പാടില്ലാത്ത കാര്യങ്ങളാണ്.
ഭരണാധികാരികൾക്കെതിരെ
വ്യക്തിപരമായ ദൂഷ്യങ്ങൾ പറഞ്ഞ് വിപ്ലവം നടത്തി ഭരണം അട്ടിമറിക്കുന്നതും അതിനായി ഇസ്‌ലാമിക വികാരത്തെ ചൂഷണം ചെയ്യുന്നതും ഇസ്‌ലാം വിലക്കിയ കാര്യങ്ങളാണ്. ഇസ്‌ലാമിനെ ഒരു ‘ഇസമാക്കി’ ഒരു ഇസ്‌ലാമിസ്റ്റ് ശൈലിയിലൂടെ നടത്തപ്പെടുന്ന തീവ്ര ശൈലികളോടും ഇസ്‌ലാം സമരസപ്പെടുന്നില്ല.
മത ഭീകരതയും ഇന്ത്യയും
മതഭീകരതയുടെ പേരിൽ ആക്രമിക്കപ്പെട്ട ഇന്ത്യയും മതഭീകരതയിൽനിന്ന് മുക്തമല്ല. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ആർ.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും ഭരണമാണ് ഇന്ത്യയിൽ നടക്കുന്നത്. ഈ കാലഘട്ടത്തിൽ മതത്തിന്റെ പേരിൽ എണ്ണിയാലൊടുങ്ങാത്ത കൊലപാതകങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ഹൈന്ദവതയെ മതവും സംസ്‌കാരവുമായി സ്വീകരിച്ചിട്ടുള്ള ഹിന്ദുക്കളിലെ മഹാഭൂരിപക്ഷവും മതഭീകരതയെ അംഗീകരിക്കുന്നവരല്ല. എന്നാൽ ഹിന്ദുവികാരത്തെ ആളിക്കത്തിച്ച് രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികൾ യഥാർഥ ഹൈന്ദവ മാർഗത്തിൽ നിന്നും എത്രയോ അകലെയാണ്.
ജയ് ശ്രീറാം വിളിപ്പിക്കൽ
ഹിന്ദുത്വ ഫാസിസ്റ്റ് സംഘങ്ങൾ മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ട് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന ‘കലിമ’യാണ് ജയ് ശ്രീറാം. ജയ് ശ്രീറാം വിളിപ്പിക്കുകയും അതിന്റെ പേരിൽ കൊല്ലുകയും ചെയ്യുന്ന പ്രവണത നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വർധിച്ചിട്ടുണ്ട്. 1992ൽ ബാബരി മസ്ജിദ് തകർക്കാൻ ഹിന്ദുത്വ ഭീകരർ ഉപയോഗിച്ച മുദ്രാവാക്യമാണ് ജയ് ശ്രീറാം. പിന്നീടത് മുഴങ്ങിക്കേട്ടത് 1999ൽ ഒഡീഷയിലായിരുന്നു. ആസ്‌ത്രേലിയൻ മിഷനറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിന്‌സിനെയും രണ്ട് മക്കളെയും ജീവനോടെ കത്തിച്ചപ്പോഴായിരുന്നു അത്. 2002ൽ ഗോധ്ര ട്രെയിൻ തീവയ്പ്പ് സമയത്തും അത് അന്തരീക്ഷത്തിൽ മുഴങ്ങിയിരുന്നു. ഇഹ്സാൻ ജാഫ്രി ക്രൂരമായി വധിക്കപ്പെടുന്നതിന് മുമ്പും അദ്ദേഹത്തെക്കൊണ്ട് ഭീകരർ അത് പറയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഗുൽബർഗ് സൊസൈറ്റി, നരോദപാട്യ എന്നിവിടങ്ങളിലെ കൂട്ടക്കൊലകൾക്ക് മുന്നോടിയായി ജയ് ശ്രീറാം വിളിപ്പിച്ചുകൊണ്ടായിരുന്നു ഹിന്ദുത്വ ഭീകരർ അഴിഞ്ഞാടിയത്. 2019ൽ ജാർഖണ്ഡിൽ തബ്‌റീസ് അൻസാരി, 2022 ലെ യു.പി തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കൊല്ലപ്പെട്ട ബാബർ അലി ഖാൻ എന്നിവരെല്ലാം ജയ് ശ്രീറാമിന്റെ രക്തസാക്ഷികളാണ്. 2023 ൽ കാശ്മീരിലെ പുൽവാമയിലും 2024 ൽ ഹിമാചൽ പ്രദേശിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. 2024 ഒക്ടോബറിലാണ് ഉത്തർപ്രദേശിൽ 16 വയസ്സുകാരനായ ഒരു ദളിത് ബാലൻ ജയ് ശ്രീറാം ചൊല്ലാൻ വിസമ്മതിച്ചതിെൻറ പേരിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡൽഹിയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മതങ്ങൾ പരസ്പരം കൈകോർക്കട്ടെ
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എല്ലാ മതങ്ങളിലെയും പണ്ഡിതന്മാർ രംഗത്തിറങ്ങേണ്ടതുണ്ട്. തീവ്രവാദികളെയും ഭീകരവാദികളെയും ഭയന്നുകൊണ്ടും അവർക്ക് അടിയറവ് പറഞ്ഞുകൊണ്ടും മിണ്ടാതിരുന്നാൽ സകല മതങ്ങളും ക്രൂരതയുടെയും ഭീകരതയുടെയും പര്യായങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും ആരാധനാലയങ്ങൾ ഭീകരകേന്ദ്രങ്ങളായി മാറുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. പുതുതലമുറയിൽ കാണുന്ന അസ്വസ്ഥതകൾക്ക് ഉത്തരം തേടാൻ സാധിക്കാത്ത വിധത്തിൽ വിവിധ മതങ്ങൾ അന്ധാളിച്ച് നിൽക്കുകയാണ്. കാരണം മതങ്ങളുടെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള ഭീകരപ്രവർത്തനങ്ങൾ മാത്രമാണ് അവർ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
യുദ്ധം പരിഹാരമല്ല

പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും യുദ്ധത്തിന്റെ മാർഗത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ധൃതിപിടിച്ച രാഷ്ട്രീയ തീരുമാനങ്ങൾ കൊണ്ടോ പ്രത്യാക്രമണങ്ങൾകൊണ്ടോ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുകയില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ അടക്കമുള്ള രാജ്യങ്ങൾ ഇടപെട്ട് ഇന്ത്യക്കുള്ളിൽ അസ്വസ്ഥത പടർത്താൻ ശ്രമിക്കുന്നത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള പ്രവണതകൾക്ക് ശക്തമായ തിരിച്ചടികൾ നൽകേണ്ടതുണ്ട്. എന്നാൽ ഇരു രാജ്യങ്ങളിലുമുള്ള സാധാരണക്കാരായ സിവിലിയന്മാരുടെ ജീവിതം വഴിമുട്ടുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ ആയിരിക്കരുത് തിരിച്ചടിയുടെ മാർഗം.
വിവേകം മുന്നോട്ട് നയിക്കട്ടെ
പെട്ടെന്നെടുക്കുന്ന വൈകാരിക തീരുമാനങ്ങളെ പൊതുവിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമായി മാത്രമെ കാണാൻ സാധിക്കൂ. അതേസമയം പഹൽഗാം സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പോലും സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഈ വീഴ്ചകൾ മനഃപൂർവമായി സൃഷ്ടിക്കപ്പെടുന്നതാണോ എന്ന സാധാരണക്കാരുടെ ആശങ്കകൾക്കാണ് പരിഹാരം ഉണ്ടാവേണ്ടത്. 2019ൽ പുൽവാമയിലുണ്ടായ സംഭവത്തെ സംബന്ധിച്ച് പിന്നീട് കേന്ദ്രസർക്കാർ തന്നെ പ്രതിക്കൂട്ടിലാവുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായത് മറക്കാൻ സാധിക്കില്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ അതിർത്തിയിൽ സംഘർഷമുണ്ടാവുന്നു എന്ന വിമർശനങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്.
സമാധാനം പുലരട്ടെ
ഭീരുക്കളായ ഏതാനും ഭീകരവാദികൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ പേരിൽ സാധാരണക്കാരുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥകൾ ഉണ്ടാവാൻ പാടില്ല. 1960ലെ സിന്ധുനദീജല ഉടമ്പടിയും 1972 സിംല ഉടമ്പടിയും റദ്ദ് ചെയ്യുന്നതുകൊണ്ട് ഇരുരാജ്യങ്ങൾക്കും ഗുണത്തെക്കാളേറെ ദോഷമാണുണ്ടാവുക. സാധാരണക്കാരുടെ യാത്രകൾ മുടക്കിയതുകൊണ്ടും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചതുകൊണ്ടും സമാധാനം പുലരില്ല. മറിച്ച്, അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് അനിവാര്യമായിട്ടുള്ളത്. വിവിധ രാജ്യങ്ങൾ തക്കം നോക്കി ഈ തർക്കത്തിൽ ഇടപെടുകയും അവരുടെതായ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതിനെ തിരിച്ചറിയാൻ ഉപഭൂഖണ്ഡത്തിലെ നേതാക്കൾക്ക് സാധിക്കേണ്ടതുണ്ട്. സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്കായിരിക്കണം മുൻതൂക്കം നൽകേണ്ടത്. അതിനായിരിക്കട്ടെ ഇനിയുള്ള ശ്രമങ്ങൾ.

