നബിദിനാഘോഷവും 1500ന്റെ പൊലിവും!
മൂസ സ്വലാഹി കാര
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

വിശുദ്ധ ഇസ്‌ലാം എന്തെന്ന് ജനങ്ങളെ പഠിപ്പിക്കാനും സമ്പൂർണ മാതൃകാജീവിതത്തിലൂടെ അവരെ നയിക്കാനും ലോകർക്ക് അനുഗ്രഹമായി അയക്കപ്പെട്ട മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബിﷺ. അദ്ദേഹം പഠിപ്പിച്ച മതകാര്യങ്ങളിൽ ഇല്ലാത്തതാണ് മീലാദുന്നബി ആഘോഷം. എന്നാൽ അവിടുന്ന് ജനിച്ച റബീഉൽ അവ്വൽ മാസത്തെ അനാചാരങ്ങളാൽ അണിയിച്ചൊരുക്കി പ്രവാചക ജന്മദിനാഘോഷമെന്ന പേരിൽ ആടിത്തിമർക്കുന്നവരാണ് സമസ്തക്കാർ. പ്രമാണങ്ങളുടെ പിൻബലമുണ്ടോ ഇല്ലേ എന്നതൊന്നും പരിഗണിക്കാതെ, അതിനെ അംഗീകരിക്കുന്നവരുടെ ബാഹുല്യം എടുത്തു പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാടാണ് സമസ്തയുടെ നേതാക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു മുസ്‌ലിയാർ എഴുതുന്നു:
“നബിദിനം ആഘോഷിക്കുന്നവർ ഭൂമിയിൽ കൂടുതലും എതിർക്കുന്നവർ തുച്ഛവുമാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തെ കുഫ്‌റും ബിദ്അത്തും പറഞ്ഞ് ബഹളം കൂട്ടുന്നത് ഒഴിവാക്കണം’’ (സൂഫിസം/ബശീർ ഫൈസി വെണ്ണക്കോട്/പേജ് 103).
നബിﷺ തന്റെ അനുചരന്മാർക്ക് പകർന്നുനൽകിയ സന്ദേശങ്ങളിലെവിടെയും ഒരു സൂചനകൊണ്ട് പോലും തന്റെ ജന്മദിനാഘോഷം നടത്താൻ നിർദേശം നൽകിയതായി കാണുക സാധ്യമല്ല. ഉത്തമ തലമുറയെന്ന് നബിﷺ വിശേഷിപ്പിച്ചവരിൽ ഒരാൾ പോലും അദ്ദേഹത്തിന്റെ ജനന തീയതി കണക്കാക്കി സ്‌നേഹാഘോഷം സംഘടിപ്പിച്ചിട്ടില്ല. അവർ എണ്ണത്തിൽ കുറവായിട്ടും അന്ധവിശ്വാസങ്ങൾക്കും പുത്തനാചാരങ്ങൾക്കും നേരെയുള്ള പ്രതികരണം ഒട്ടും കുറച്ചിട്ടുമില്ല! അവരുടെ മാർഗത്തെ അനുഗമിക്കുന്നവർക്ക് മാത്രമെ യഥാർഥ അഹ്‌ലുസ്സുന്നയുടെ തണലിൽ നിൽക്കാനാകൂ.
വിശ്വാസികൾ പ്രവാചകനോട് ഏത് വിധത്തിലാണ് അനുവർത്തിക്കേണ്ടതെന്ന് ക്വുർആൻ പറഞ്ഞുതരുന്നുണ്ട്. അല്ലാഹു പറയുന്നു: “അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ’’ (7:157).
റബീഉൽ അവ്വലും സമസ്തയുടെ സമീപനവും
നബിﷺ പഠിപ്പിക്കാത്തതും സ്വഹാബിമാർക്ക് പരിചയമില്ലാത്തതുമായ പ്രത്യേകളാണ് സമസ്തക്കാർ റബീഉൽ അവ്വൽ മാസത്തിന് നൽകുന്നത്! ചില തെളിവുകൾ കാണുക:
“റബീഉൽ അവ്വൽ പടിവാതിലിൽ നിൽക്കെ വിശ്വാസിയുടെ ഹൃദയത്തിലേക്ക് നബിസ്‌നേഹത്തിന്റെ ആർദ്രമാരുതൻ മെല്ലെ വിരുന്നെത്തുന്നത് ആ മാസം അതിനുവേണ്ടി അല്ലാഹു കരുതിവച്ചതിന്റെ നേർസാക്ഷ്യമാണ്. റബീഉൽ അവ്വൽ റമദാൻ കഴിഞ്ഞ് ആറാമത്തെ മാസമാണ്. റമദാൻ വ്രതശുദ്ധിയിൽ, ഖുർആൻ പാരായണത്താൽ അല്ലാഹുവിന്റെ സമീപസ്ഥരാവാനുള്ള മാസമാണ്. എല്ലാ മാസവും ദിനവും ഖുർആൻ പാരായണം ചെയ്യേണ്ടതുണ്ടെങ്കിലും ദൈനംദിന വ്യവഹാരങ്ങൾക്കിടയിൽ അതിനാവാത്തതിന്റെ പരിഹാരമാണ് റമദാൻ...റമദാൻ അല്ലാഹുവിലേക്കടുക്കാനെന്നപോലെ തിരുനബിയിലേക്ക് അടുക്കുവാനുള്ളതാണ് പുണ്യ റബീഅ്. നബിസ്‌നേഹവും സ്മരണയും എന്നും ഉണ്ടാവേണ്ടതാണെങ്കിലും ദൈനംദിന വ്യവഹാരത്തിൽ സാധിക്കാതെ വരുന്നതിനുള്ള പരിഹാരമാണ് റബീഉൽ അവ്വൽ’’ (സുപ്രഭാതം/2025 ഓഗസ്റ്റ് 22 വെള്ളി/പേജ് 6).

“റബീഉൽ അവ്വൽ ചന്ദ്രക്കല തെളിയും മുമ്പ് തന്നെ ലോകത്താകമാനമുള്ള വിശ്വാസി സമൂഹം വസന്തനാളുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ മീലാദുന്നബി ആഘോഷങ്ങളുടെ രൂപഭാവങ്ങൾ വ്യത്യസ്തമാണെങ്കിലും അതിരുകളില്ലാത്ത ഇശ്ഖിൽ അലിയുന്നതോടെ എല്ലാറ്റിനും ഒരേ ഭാവവും താളവും കൈവരും. ഔദ്യോഗിക പരിപാടികളായി തന്നെ മീലാദുന്നബി ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് വിവിധ രാജ്യങ്ങളിൽ പുരോഗമിക്കുന്നത്. ഘോഷയാത്രകൾ, പ്രവാചക പ്രകീർത്തനങ്ങൾ, മധുര വിതരണം, കുടുംബങ്ങളുടെ കൂടിച്ചേരൽ തുടങ്ങിയ വിവിധ പരിപാടികളാണ് വ്യത്യസ്ത നാടുകളിൽ നടക്കാറുള്ളത്’’ (സുപ്രഭാതം/2025 ഓഗസ്റ്റ് 20 ബുധൻ/പേജ് 2).
തനിച്ച ശിയാ ചിന്തയിൽ നിന്ന് രൂപംകൊണ്ട വികാരപ്രകടനമാണിത്. മാസങ്ങളെ കുറിച്ചുള്ള നിർദേശങ്ങളിൽ നബിﷺ എന്തുകൊണ്ട് ഇതൊന്നും ഉൾപ്പെടുത്തിയില്ല? ലക്ഷക്കണക്കിന് സ്വഹാബികളിൽ ഒരാൾ പോലും റബീഉൽ അവ്വലിന് വേണ്ടി ഇപ്രകാരം ഒരുങ്ങുകയോ ഒരു കാരക്കയുടെ ചീളെങ്കിലും പ്രത്യേകമായി വിതരണം നടത്തുകയോ ഒരു ദിർഹമെങ്കിലും പ്രത്യേകമായി ധർമം ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ചരിത്രസത്യമാണ്.
ശിയാക്കളും സൂഫികളും ബറേൽവികളും ഉള്ളിടത്തെല്ലാം ഇതുപോലുള്ള അനാചാരങ്ങൾ ഉണ്ടാകുമെന്നതിൽ അത്ഭുതമില്ല. അത്തരക്കാർ തിങ്ങിനിറഞ്ഞ രാജ്യങ്ങളുടെ പേരിൽ ആനന്ദിക്കുന്നതിൽ അർഥവുമില്ല. ഇമാം മാലിക്(റ)പറഞ്ഞതാണ് ശരി: “അന്ന് മതമാകാത്ത ഒന്നും ഇന്നും മതമാവുകയില്ല.’’
തെളിവില്ലെന്നും സമസ്ത!
ആണ്ടറുതി ആഘോഷങ്ങളുടെ പിതാക്കളായ ശിയാക്കൾ നബിﷺയുടെ പേരിൽ തുടങ്ങിയ ഈ പുത്തനാചാരത്തെ മിനുക്കിത്തേച്ചുകൊണ്ട് നടക്കുന്ന മുസ്‌ലിയാക്കന്മാർ തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണ് ഇസ്‌ലാമിന്റെ തനതായ പാരമ്പര്യത്തിൽ എത്രതന്നെ പരതിയാലും ഈ അനാചാരത്തിന് തെളിവ് കിട്ടുകയില്ലെന്നത്. ചില ഉദ്ധരണികൾ വായിക്കാം:
“റബീഉൽ അവ്വലിൽ നബിﷺയുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്’’ (തെളിച്ചം മാസിക/2011 ഫെബ്രുവരി/പേജ് 44).
“ചുരുക്കത്തിൽ, നബിയോ സ്വഹാബത്തോ താബിഉകളോ പ്രവർത്തിച്ചിട്ടില്ലെങ്കിലും ഇന്നത്തെ മൗലിദ് കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്താണ്’’ (മൗലിദ് കർമ്മം: ചരിത്രവും വിധിയും/ജലീൽ സഖാഫി പുല്ലാര/പേജ് 12).
“നബിദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് നാം ചെയ്തുവരുന്ന കർമ്മങ്ങൾ മുഴുവനും ഖുർആനും ഹദീസും നിർദ്ദേശിച്ചവയാണെന്ന കാര്യത്തിൽ രണ്ട് പക്ഷമുണ്ടാകാനിടയില്ല. പക്ഷേ, ഇന്ന് നാം നടത്തി വരുന്ന അതേ രീതിയിൽ നബിദിന പരിപാടികൾ പ്രവാചകർ നടത്തിയിട്ടില്ലെന്നത് ശരിയാണ്’’ (അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്/ചന്ദ്രിക 2004 മെയ് 12/പേജ് 6).
വാസ്തവം തുറന്നു സമ്മതിക്കുകയും അതോടൊപ്പം കള്ളം പറയുകയും ചെയ്യുന്നതാണ് മുകളിൽ കൊടുത്ത ഉദ്ധരണികൾ! നബിയോ സ്വഹാബത്തോ താബിഉകളോ പ്രവർത്തിച്ചിട്ടില്ലെങ്കിലും സുന്നത്താകുമത്രെ! നബിദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഇവർ ചെയ്തുവരുന്ന കർമങ്ങൾ മുഴുവനും ക്വുർആനും ഹദീസും നിർദേശിച്ചവയാണത്രെ! അൽപമെങ്കിലും പരലോക ഭീതിയുണ്ടെങ്കിൽ ഇങ്ങനെ കള്ളം പറയാൻ ധൈര്യം വരുമോ? നന്മകളുടെ നിറകുടങ്ങളായി ജീവിച്ച സ്വഹാബികൾ സ്വീകരിക്കാത്തതായി വല്ല സുന്നത്തും സദാചാരവും ഉണ്ടാകുമോ? ക്വുർആനും ഹദീസും വ്യക്തമാക്കിത്തന്ന വിഷയമാണെങ്കിൽ അവർക്കത് ലഭിക്കാതിരിക്കുമോ? നബിﷺയോട് അടുത്തിടപഴകിയ അവർ പ്രവാചക സ്‌നേഹത്തിൽ മറ്റാർക്കും ഓടിയെത്താൻ പറ്റാത്ത വിധം മുൻകടന്നവരാണ്. ഇങ്ങനെയുള്ള ചോദ്യങ്ങളുടെ പഴുതടക്കാനുള്ള മറുപടിയും ഇവർ തയ്യാറാക്കിയിട്ടുണ്ട്:
“ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ച സച്ചരിതർ റബീഉൽ അവ്വലിൽ മാത്രമല്ല, മറ്റു പതിനൊന്ന് മാസങ്ങളിലും സ്വലാത്തും സ്വലാമും ഇസ്‌ലാമിക പ്രചരണവും പ്രവാചക സ്‌നേഹവും നിർവ്വിഘ്‌നം നിർവഹിച്ചു വന്നു. അതുകൊണ്ടുതന്നെ ഒരു ദിവസമോ മാസമോ നിശ്ചയിച്ച് അത്തരം കർമ്മങ്ങൾക്ക് പ്രാമുഖ്യം നൽകി നടപ്പാക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല’’ (ചന്ദ്രിക 2024 മെയ് 12/പേജ് 6).
ജനങ്ങളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ വേറെ മാർഗമൊന്നുമില്ലാത്തതിനാൽ ഇങ്ങനെയൊക്കെ ന്യായീകരിക്കേണ്ടിവരും. ഇതിലെ അപകടം എത്ര വലുതാണ്! ഇസ്‌ലാമിൽ സ്വന്തമായി ഇബാദത്ത് കൂട്ടിച്ചേർക്കാൻ അവകാശമുണ്ട് എന്നല്ലേ ഇപ്പറഞ്ഞതിന്റെ ചുരുക്കം? ‘മറ്റു പതിനൊന്ന് മാസങ്ങളിലും സ്വലാത്തും സ്വലാമും ഇസ്‌ലാമിക പ്രചരണവും പ്രവാചക സ്‌നേഹവും നിർവിഘ്‌നം നിർവഹിച്ചു വരാൻ’ ഇന്നും തടസ്സമില്ലല്ലോ. അപ്പോഴല്ലേ ഇവരുടെ വാദപ്രകാരം ‘സ്വലാത്ത് ചൊല്ലാനും നബി സ്‌നേഹം പ്രകടിപ്പിക്കാനും ഒരു മാസത്തെ സവിശേഷപ്പെടുത്തേണ്ട ആവശ്യ’മുള്ളൂ? ഇബ്‌നു മസ്ഊദ്(റ) പറഞ്ഞതാണ് ഇത്തരക്കാരുടെ ശ്രദ്ധയിൽ പെടുത്താനുള്ളത്: “സുന്നത്തിന് വേണ്ടി പരിശ്രമിക്കലാണ് ബിദ്അത്തിന് വേണ്ടി അധ്വാനിക്കുന്നതിനെക്കാൾ ഏറ്റവും നല്ലത്’’ (ബൈഹക്വി).
നബി ജയന്തി; ‘ഉദ്ഘാടനം’ അബൂലഹബും ശിയാക്കളും!
പരസ്യപ്രബോധനത്തിന്റെ തുടക്കത്തെ തന്നെ എതിർക്കുകയും ശപിക്കുകയും ചെയ്ത അബൂലഹബിന്റെ സർവതും നശിച്ചിരിക്കുന്നു എന്നും ജീവിതത്തിലെ യാതൊരു സമ്പാദ്യവും അവന് ഉപകരിച്ചില്ല എന്നും അവൻ കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയിൽ പ്രവേശിക്കുമെന്നും പറഞ്ഞത് അല്ലാഹുവാണ്. അങ്ങനെയുള്ള ഒരാൾ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചെയ്തുവെന്ന് പറയപ്പെടുന്നത് മതവിധിക്ക് തെളിവാകുമോ?

മതത്തെ മാറ്റിയെഴുതാനും നബിചര്യയെ നിർജീവമാക്കാനും ഋജുവായ മാർഗത്തെ വളച്ചൊടിക്കാനും കിണഞ്ഞ് ശ്രമിച്ചവരാണ് ശിയാക്കൾ. അവരിലെ തീവ്രചിന്താഗതിക്കാരായ ഫാത്വിമിയ്യ വിഭാഗം ഇറാഖിലാണ് ഈ പുത്തനാചാരത്തിന് തുടക്കമിട്ടതെന്നത് ചരിത്ര സത്യമാണ്. മതത്തോട് കൂറുള്ളവർക്ക് ഇവരെ ഉൾക്കൊള്ളാനാകുമോ? ഇവരുടെ പുത്തനാചാരത്തെ തെളിവായി സ്വീകരിക്കാമോ? സമസ്തക്കാരെ സംബന്ധിച്ചിടത്തോളം അതും തെളിവാണ്!
“ഇനി പരിശോധിക്കാനുള്ളത് നബിദിനാഘോഷം പ്രവാചക കാലത്തും തുടർനൂറ്റാണ്ടുകളിലും നടപ്പിലുണ്ടായിരുന്നോ എന്നാണ്. ഖുർആൻ പേരെടുത്ത് പറഞ്ഞു ഇകഴ്ത്തിയ വ്യക്തിയാണ് അബൂലഹബ്. നബിയുടെ ജന്മവാർത്തയിൽ സന്തോഷിക്കുകയും തന്നോട് ആ കാര്യമറിയിച്ച തന്റെ അടിമസ്ത്രീ സുവൈബത്തിനെ മോചിപ്പിക്കുകയും ചെയ്തതിനാൽ നബിദിനമായ എല്ലാ തിങ്കളാഴ്ചയും ആ കൊടിയ കാഫിറിനു ശിക്ഷയിൽ ഇളവ് നൽകപ്പെടുമെന്നു നബിﷺ പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. ജനിച്ച കുട്ടി നബിയാണെന്നൊന്നും അറിയാതെയായിട്ടും ആ ജന്മത്തിൽ സന്തോഷം രേഖപ്പെടുത്തിയ ഒരവിശ്വാസിക്ക് ഇത്തരമൊരാനുകൂല്യം ലഭിച്ചെങ്കിൽ നബിയെ നബിയാണെന്നറിഞ്ഞ്, വിശ്വസിച്ച്, സ്‌നേഹിച്ച് കഴിയുന്ന മുസ്‌ലിംകൾക്ക് എത്ര പ്രതീക്ഷിക്കാം’’ (അഹലുസ്സുന്ന, ഒരു ദാർശനിക പഠനം/കാന്തപുരം/പേജ് 218,219).
ഇത് പ്രമാണമല്ല, വെറുമൊരു സ്വപ്ന കഥ മാത്രം! ആരെങ്കിലും കണ്ട സ്വപ്നം മതത്തിൽ തെളിവാണോ? മീലാദ്, മൗലിദ്, ഈദ് എന്നിവയുടെ ചർച്ചയിലല്ല ഈ സംഭവം വന്നിട്ടുള്ളത്. നിക്കാഹുമായി ബന്ധപ്പെട്ട അധ്യായത്തിലാണ് ഇമാം ബുഖാരി ഇത് കൊടുത്തത്. നബിസ്‌നേഹം ആഘോഷിച്ച് കാണിക്കണമെന്നതിന് ഇത് രേഖയാണെങ്കിൽ ഇമാം ബുഖാരി ആദ്യം അത് നിർവഹിച്ച് കാണിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഇമാം മുസ്‌ലിം അത് പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു.
ശിയാക്കളെ സംബന്ധിച്ച് എഴുതിയത് കാണുക: “അതിവിപുലവും ആഘോഷ പ്രതീതി നിലനിർത്തിയും നബിജൻമദിനം കൊണ്ടാടാൻ തുടങ്ങിയത് ഫാത്വിമി യുഗത്തിലെ(969-1442) ഈജിപ്തിലായിരുന്നു’’ (അഖ്ബിർനീ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സംഗമം 2018/പേജ് 192).
“ഹിജ്‌റ 300കൾക്കു ശേഷം ജീവിച്ചിരുന്ന ‘മുളഫർ’ രാജാവ് കൊണ്ടുവന്നതാണ് നബിദിനാഘോഷമെന്നാണ് വഹാബികളുടെ ഇമ്മിണിബല്യ വർത്തമാനങ്ങൾ. ഹിജ്‌റ 300കൾക്കു ശേഷം മുളഫർ രാജാവെന്ന പണ്ഡിതനും പ്രപഞ്ചപരിത്യാഗിയും സൂഫിവരേണ്യരുമായിരുന്ന ഭരണാധികാരി നബിദിനാഘോഷം വളരെയധികം ഗംഭീരതയോടെയും വ്യവസ്ഥാപിത രീതിയിലും കൊണ്ടാടി എന്നത് ചരിത്ര വസ്തുതയാണ്. എന്നാൽ അദ്ദേഹമാണ് മൗലിദോത്തിന്റെയും മീലാദാഘോഷത്തിന്റെയും ഉപജ്ഞാതാവെന്ന് മുദ്രകുത്തുന്നത് പച്ചയായ ചരിത്ര വക്രീകരണമാണ്. മുളഫർ രാജാവിന്റെ മീലാദാഘോഷങ്ങൾ വെറുമൊരു നാട്ടാചാരമായി കണക്കാക്കാൻ സാധിക്കില്ലതാനും. കാരണം മുളഫർ രാജാവിനെ ഇതിനു പ്രേരിപ്പിച്ചത് മൗസിൽ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ശൈഖുമാർ മുല്ല നടത്തിയിരുന്ന മൗലിദാഘോഷമാണെന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്’’ (സുന്നിഅഫ്കാർ/2024 സെപ്തംബർ 16- 30/പേജ് 47).
ശിയാക്കൾ കെട്ടിച്ചമച്ച കടുത്ത അനാചാരം മുസ്‌ലിയാക്കന്മാരുടെ വാക്കുകൾ കേട്ട് ഇബാദത്തായി ആചരിക്കുന്നവർ മനസ്സിലാക്കുക; അവർ നമ്മിൽനിന്ന് നമ്മുടെ ദീനിനെ പൂർണമായും ഊരിയെടുക്കും. അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേർക്കുനേരെയുള്ള മാർഗമാകുന്നു ഇത്’’ (15:41).
ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “നിശ്ചയം, ബിദ്അത്ത് ചെറുതിൽനിന്ന് വലുതിലേക്ക് പടിപടിയായി ഉയരും. പൊടിയിൽനിന്ന് മുടി വലിച്ചെടുക്കും പോലെ മതത്തിൽനിന്ന് അതുള്ളവൻ പുറത്ത് പോകും’’ (മദാരിജുസ്സാലികിൻ).
ജന്മദിനാഘോഷവും 1500ന്റെ പൊലിവും!
ജന്മദിനാഘോഷമെന്ന ഏർപ്പാട് മതത്തിലില്ലെന്ന് ഉറപ്പായിട്ടും പൊള്ളയായ തെളിവുകളുണ്ടാക്കി വർഷങ്ങങ്ങളായി മുസ്‌ലിയാക്കന്മാർ അത് കൊണ്ടാടിവരുന്നു. ഇക്കൊല്ലത്തെ മീലാദ് സകല സമസ്തക്കാരും ആചരിക്കുന്നത് അതിനൊരു പുതുവസ്ത്രം ഇട്ട്‌കൊടുത്തുകൊണ്ടാണ്. ‘1500 വർഷം തികയുന്ന ജന്മദിനം’ എന്നാണത്!
‘പതിനഞ്ച് നൂറ്റാണ്ട്,’ ‘സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്നെല്ലാം ചന്തപ്പെടുത്തി ഇപ്രാവശ്യം ഗംഭീരമായി ആഘോഷിക്കണമെന്ന നിലയ്ക്ക് പ്രഖ്യാപിക്കപ്പെട്ടതിൽ ചിലത് വായിക്കാം:
“ഒരാളുടെ പിറവി ദിനാഘോഷം കൃത്യമായ കണക്കുകളുടെ പിൻബലത്തിലാകുന്നതും അത് തന്നെ സഹസ്രാബ്ദങ്ങൾ കഴിഞ്ഞ് കടന്നിട്ടും ബലിഷ്ഠമായ ഗണിതത്തോടെ സമർഥിക്കാനാകുന്നതും ചെറിയ കാര്യമല്ല. നിലവിൽ 63 വയസ്സ് പിന്നിട്ടവരിൽ പോലും ഊഹങ്ങൾക്കും അനുമാനങ്ങൾക്കുമപ്പുറം ജനന തീയതി പറയാനാകുന്നവർ വായനക്കാരിലോ മറ്റോ എത്ര വരുമെന്ന അന്വേഷണത്തിൽ തന്നെ ഇതിലെ വ്യതിരിക്തത ബോധ്യപ്പെടും. ഇവിടെയാണ് മുഹമ്മദ് നബിﷺയുടെ 1500-ാം ജന്മദിനാഘോഷമെന്നതിന്റെ ചരിത്രപരമായ പ്രസക്തി തിരിച്ചറിയേണ്ടത്’’ (സുപ്രഭാതം/2025 ഓഗസ്റ്റ് 24 ഞായർ/പേജ് 6).
“തിരുനബിﷺയുടെ വിശുദ്ധ പിറവിയുടെ 1500-ാമത് വർഷത്തെ സമുചിതമായി വരവേൽക്കാനൊരുങ്ങുകയാണ് ലോകം. റബീഉൽ അവ്വലിന്റെ പൊൻപ്രഭ തെളിയുന്നതോടെ ആഗോള വിശ്വാസികൾക്ക് വർണാഭമായ ആഘോഷങ്ങളുടെയും അതിരുകളില്ലാത സ്‌നേഹ പ്രകടനത്തിന്റെയും ദിനങ്ങളാണ് വന്നുചേരാനിരിക്കുന്നത്’’ (സുപ്രഭാദം/2025 ഓഗസ്റ്റ് 20 ബുധൻ /പേജ് 2).
“പ്രവാചക വിചാരങ്ങളുടെ കുന്തിരിക്കം പുകയുന്ന റബീഉൽ അവ്വലിന്റെ നാളുകൾ വീണ്ടു വരവായി. നബി തിരുമേനിﷺയുടെ ഇപ്രാവശ്യത്തെ ജന്മദിനത്തിന് ചില സവിശേഷതകളുണ്ട്. ഇത് 1500-ാം ജന്മദിനമാണ് എന്നതാണ് അത്’’ (ചന്ദ്രിക/2025 ആഗസ്റ്റ് 22 വെള്ളി/പേജ് 4).
പ്രവാചകൻ ജനിച്ചിട്ട് 1500 വർഷമായി എന്നത് ശരിയാണ്. എന്നാൽ ആയിരത്തി അഞ്ഞൂറാമത്തെ ജന്മദിനാഘോഷമാണ് എന്ന തരത്തിൽ, അത് അഹ്‌ലുസ്സുന്നയുടെ പാരമ്പര്യത്തിൽ പെട്ടതാണെന്നു വരുത്തി ആഹ്ലാദിക്കാനാണ് ഈ കണക്ക് നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ളത്. ശിയാക്കൾ തുടക്കമിട്ടതും സൂഫികൾ പരിപാലിച്ചതുമായ ഒന്നിന് ഇത്രത്തോളം പഴക്കമുണ്ടാകുന്നത് എങ്ങനെയാണ്? നിർമിത ആഘോഷത്തിന്റെ യഥാർഥ ആയുസ്സ് കൃത്യമായ കണക്കോടെ തന്നെ നമുക്കൊന്ന് പരിശോധിക്കാം.
നാൽപതാമത്തെ വയസ്സുവരെ അഥവാ നുബുവ്വത്ത് കിട്ടുന്നതുവരെ നബിﷺ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ജാഹിലിയ്യത്തിലെ കുടുംബക്കാരോ നാട്ടുകാരോ തങ്ങൾക്കിടയിൽ ‘അൽഅമീൻ’ ആയി അറിയപ്പെടുന്ന മുഹമ്മദിﷺന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. പ്രവാചകത്വത്തിന് ശേഷം 13 വർഷത്തോളം മക്കയിൽ കഴിയുമ്പോഴും 53ാം വയസ്സിൽ ഹിജ്‌റ പോയ ശേഷം 10 വർഷത്തോളം മദീനയിൽ താമസിച്ചപ്പോഴും ജന്മദിനം ആഘോഷിച്ചിട്ടില്ല. അപ്പോൾ നബിﷺ ജീവിച്ച 63 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഇങ്ങനയൊരു ഏർപ്പാട് നടന്നിട്ടില്ല. പിന്നെന്തിനാണിവർ നബിﷺമേൽ ഇത് കെട്ടിവയ്ക്കുന്നത്?
ആദ്യത്തെ മുന്നൂറ് ആണ്ടുകളിൽ ജീവിച്ചിരുന്നവരാണല്ലോ ഉത്തമർ. അവരും ഇതാഘോഷിച്ചിട്ടില്ലെന്നത് ഉറപ്പാണ്. നാലാം നൂറ്റാണ്ടിൽ ശിയാക്കൾ ആരംഭിച്ചുവെന്ന ചരിത്ര സത്യം മുൻനിർത്തി നോക്കിയാൽ ഇതിന്റെ ആയുസ്സ് ‘1447-300=1147’ വർഷങ്ങൾ എന്നാണ് കിട്ടുക. ശിയാക്കൾ ചെയ്തത് അത്ര പോരാ, ഒന്നുകൂടി ആർഭാടമാക്കണമെന്ന നിലയ്ക്ക് സൂഫികൾക്ക് വിരുന്നൊരുക്കി ഇതിനെ വികസിപ്പിച്ച മുളഫർ രാജാവ് ഇതാഘോഷിച്ചത് ഹിജ്‌റ ഏഴാം നൂറ്റാണ്ടിലാണ്. അതനുസരിച്ച് ഇത് വളർന്നിട്ട് ‘1447-600=847’ കൊല്ലമായിട്ടേയുള്ളൂ. ഇരു വിഭാഗങ്ങളെയും മാറോടുചേർത്ത് ഹിജ്‌റ 1300കളിൽ രൂപീകൃതമായ ബറേൽവികൾ ഇതിന്റെ പിന്നാലെ കൂടിയതു പ്രകാരം ഇതിന്റെ ആയുസ്സ് ‘1447-1300=147’ മാത്രമാണ്. പിഴച്ച ഈ മൂന്ന് കക്ഷികളുടെയും ആദർശത്തിൽ പൊന്തിവന്ന സമസ്ത ഇതിന് മുന്നിൽ നിന്നത് മാനിച്ചാണെങ്കിൽ ‘1447-1344=103ാം വയസ്സിലാണ് എത്തിനിൽക്കുന്നത്. ശിയാക്കൾ തുടങ്ങിയതാണെന്ന് മുസ്‌ലിയാക്കന്മാർ തന്നെയും അംഗീകരിച്ചതാണല്ലോ. അതുൾക്കൊണ്ട് മിനിമം ഇവർ സമൂഹത്തിന്റെ മുമ്പിൽ 1500-ാം ആഘോഷമെന്ന അവരുടെ ഈ വ്യാജ അവകാശവാദം തിരുത്തുകയെങ്കിലും ചെയ്യണം.
“മുഹമ്മദ് നബിﷺയുടെ ജന്മദിനം വർഷാന്തം മാത്രമല്ല വാരാന്തം തന്നെ പരിഗണിക്കപ്പെടുന്നുവെന്ന സവിശേഷതയും ഇതിലേക്ക് ചേർത്തുവയ്ക്കാവുന്നതാണ്. തിങ്കളാഴ്ചകളിൽ നോമ്പനുഷ്ഠിക്കാൻ തിരുനബിﷺ അനുയായികളോട് നിർദേശിച്ചപ്പോൾ, അതിന് കാരണം പറഞ്ഞത് അതിൽ എന്നെ പ്രസവിക്കപ്പെട്ടുവെന്നായിരുന്നല്ലോ? ചുരുക്കിപ്പറഞ്ഞാൽ പ്രിയപ്പെട്ട പ്രവാചക വ്യക്തിത്വത്തിന്റെ അദ്വിതീയത ജന്മദിനത്തിന്റെ 1500-ാം ആണ്ട് എന്ന നിലയിലും പ്രകടമാകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്’’ (സുപ്രഭാതം/2025 ഓഗസ്റ്റ് 24 ഞായർ/പേജ് 6).
മുസ്‌ലിയാക്കന്മാരുടെ ജീവി തം ഓരോ മാസങ്ങളിലും പലതരം ആണ്ട്-ഉറൂസുകളാൽ വലയം ചെയ്യപ്പെട്ടതായതിനാൽ അത് ദിവസം തോറുമായി കിട്ടാനുള്ള പൂതി അകലെയല്ലെന്നതിലേക്കുള്ള സൂചനകളും ഇതിലടങ്ങിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ഏത് കാര്യത്തെ മതത്തിലേക്ക് ചേർക്കാൻ നോക്കിയാലും അത് പരാജയപ്പെടുകതന്നെ ചെയ്യും.
അല്ലാഹു പറയുന്നു: “...നിങ്ങളിൽ ആരാണ് കർമം കൊണ്ട് ഏറ്റവും നല്ലവൻ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്...’’ (11:7).
ഇബ്‌നു കസീർ(റഹി) പറയുന്നു: “ആത്മാർഥതയും പ്രവാചക നിയമവും ഇല്ലാതെ ഒരു പ്രവർത്തി നല്ലതാവുകയില്ല. ഈ രണ്ട് നിബന്ധനകളിൽനിന്ന് ഒന്ന് നഷ്ടപ്പെട്ടാൽ കർമം നിരർഥകവും പൊളിയുന്നതുമായിരിക്കും.’’
നബിദിനാഘോഷത്തിന് തെളിവുണ്ടാക്കാൻ സൂറതു യൂനുസിലെ 57,58 വചനങ്ങളുടെ സന്ദർഭം അടർത്തിമാറ്റി ഇവർ എഴുതിയത് കാണുക: “അനുഗ്രഹത്തിൽ സന്തോഷിക്കുകയും പുകഴ്ത്തി പറയുകയും ഓർത്തിരിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമത്രെ. നൈസർഗികതക്കപ്പുറം ഖുർആൻ തന്നെ കൽപ്പിച്ചതുമാണിക്കാര്യം’’ (സുന്നിവോയ്‌സ്/2011 ഫെബ്രുവരി 1-28/പേജ് 19).
നബിയായതിന് ശേഷമാണല്ലോ ഈ കൽപന. അപ്പോൾ അതുവരെ ആഘോഷം ഉണ്ടായിരുന്നില്ല എന്നു വ്യക്തം. ഏകദേശം 51ാം വയസ്സിലാണ് ഈ അധ്യായം അവതരിക്കപ്പെട്ടത്. അങ്ങനെയെങ്കിൽ 40 മുതൽ 50 വരെ കാലയളവിലും ഇതുണ്ടായിട്ടില്ല. പിന്നെ ഏതടിസ്ഥാനത്തിലാണ് 1500 തികയുക? ഈ സൂറത്തിലെ ‘അതുകൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ’ എന്നതിന്റെ താൽപര്യം ജന്മദിനം കൊണ്ടാടട്ടെ എന്നാണെങ്കിൽ നബിﷺ എന്തേ അത് ചെയ്യാതിരുന്നത്? ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ) എന്നീ സ്വഹാബികൾ-പ്രമുഖരായ മുഫസ്സിറുകൾ-ക്കൊന്നും ഇത് മനസ്സിലായില്ലേ?
ശിർക്ക് നിറഞ്ഞ പ്രകീർത്തനപ്പാട്ടുകൾ
മീലാദിനും മറ്റും എണ്ണം വെച്ചും അല്ലാതെയും പാടിക്കൊണ്ടിരിക്കുന്ന മാലകളിൽ കുമിഞ്ഞ് കൂടിയ അഴുക്കുകൾ എത്രയാണ്! അതിൽ മങ്കൂസ് മൗലിദും ശർറഫൽ അനാമും മുന്നിൽ നിൽക്കുന്നു. മങ്കൂസിന്റെ മേന്മകൾ അവർ എഴുതിവിട്ടിത് വായിക്കാം:
“കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ച മൗലിദ് മൻകൂസ് മൗലിദാണ്. മുഹമ്മദ് നബിﷺയുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന മൗലിദ് മാപ്പിള വീടുകളിൽ ഇന്നും ഭക്ത്യാദരപൂർവ്വം പാരായണം ചെയ്തു പോരുന്നു. മുഹമ്മദ് നബിﷺയുടെ ജൻമദിനമായ റബീഉൽ അവ്വൽ മാസത്തിൽ മാത്രമല്ല മാപ്പിള ജീവിതത്തിലെ മറ്റു സവിശേഷ നേരങ്ങളിലും മൻകൂസ് മൗലിദിനു തന്നെയാണ് പ്രാധാന്യമുള്ളത്’’ (അഖ്ബിർനീ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സംഗമം 2018/പേജ് 189).
“നൂറ്റാണ്ടുകളായി കേരളത്തിനകത്തും പുറത്തും മൗലിദുകൾ സജീവമായി ചൊല്ലിവരുന്നു. നമ്മുടെ പൂർവികരുടെയെല്ലാം എല്ലാ പ്രതിസന്ധികളെയും ദൂരീകരിക്കാനുള്ള മാർഗം മാലമൗലിദുകളായിരുന്നു. മാറാവ്യാധികളായ രോഗങ്ങളെ തൊട്ടും ദാരിദ്ര്യത്തെ തൊട്ടുമെല്ലാമുള്ള കാവൽ തേടുന്നതിന് മൻഖൂസ് മൗലിദായിരുന്നു ചൊല്ലിയിരുന്നത്’’ (സുന്നി അഫ്കാർ/2022 ഒക്ടോബർ 26/പേജ് 16).
പരിധിവിട്ട പുകഴ്ത്തു പാട്ടുകൾ വിലക്കിയ നബിﷺയുടെ പേരിലാണിതെല്ലാം. പാപമോചനവും ശഫാഅത്തും നബിﷺയോടാണ് മങ്കൂസിലൂടെ ചോദിക്കുന്നത്. ക്വുർആന്റെ കൽപനക്ക് എതിരാണത്. അല്ലാഹു പറയുന്നു: “അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്യുക’’ (40:55).
നാളത്തെ കാര്യമറിയുന്ന നബി ഞങ്ങളിലുണ്ടെന്ന് പാടിയ ചെറിയ കുട്ടികളെ പോലും അദ്ദേഹം തിരുത്തിയ ഹദീസ് വിശദീകരിക്കവെ ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: “ഒരാൾ നബി, വലിയ്യ്, ഇമാം, ശഹീദ് എന്നിവർ അദൃശ്യമറിയുമെന്ന് വിശ്വസിക്കുന്നത് ശരിയല്ല. നബിസന്നിധിയിൽ വെച്ചും അപ്രകാരം പാടുന്നതും പറയുന്നതും പ്രസംഗിക്കുന്നതുമായ വിശ്വാസവും ശരിയല്ല. എന്നാൽ നബിﷺ, (മറ്റു) പ്രവാചകന്മാർ, ഔലിയാക്കൾ, പണ്ഡിതന്മാർ, ശൈഖുമാർ, ഉസ്താദുമാർ എന്നിവരെ പരിധിവിട്ട് പ്രശംസിക്കുന്നവർ മതനിയമങ്ങൾ തെറ്റിച്ചവരാണ്’’ (മജ്മൂഉൽ ഫതാവാ).
ആഘോഷം എന്ന വിചാരം മാറ്റി അനുസരണത്തിലേക്കും പ്രേമമെന്ന വികാരം വെടിഞ്ഞ് സ്‌നേഹിക്കുക എന്നതിലേക്കും പ്രവേശിച്ചാൽ വിശ്വാസ മാധുര്യം നുകരാനും അതിനെ ഉറപ്പിക്കാനും ഏതൊരാൾക്കും കഴിയും. ഉത്‌ബോധത്തെ തൊട്ടുള്ള പിന്തിരിയൽ അപമാനത്തിലേക്കാണ് കൊണ്ടെത്തിക്കുക. അല്ലാഹു പറയുന്നു:
“എന്നാൽ സത്യനിഷേധികൾ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു’’ (38:2).
കളവുകളിൽ ‘ശരണം’ കാണുന്ന മുസ്‌ലിയാക്കന്മാർ!
തെളിവുകൾ തീരെയില്ലെന്ന് ഉറപ്പായ ഈ പുത്തനാഘോഷത്തെ ഉത്തമ തലമുറയുടെ മേൽ വെച്ചു കെട്ടാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ!
“തിരുനബിﷺയുടെ കാലഘട്ടം മുതൽ കണ്ണിമുറിയാതെ നടന്നുവരുന്ന ആ സുന്നത്തിനെതിരായി കേൾക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളൊന്നും മുസ്‌ലിം മനസ്സുകളെ സ്വാധീനിച്ചിട്ടില്ല’’ (റബീഅ്/കാന്തപുരം/പേജ് 7).
“വിപുലവും വ്യവസ്ഥാപിതവുമായ മൗലിദാഘോഷം സുന്നത്തായ നവചര്യയാണ്. അതിന്റെ അടിസ്ഥാന രേഖകൾ നബിﷺയിലും സ്വഹാബാക്കളിലുമെത്തുന്നതും സുദൃഢവുമാകുന്നു’’ (സുന്നിവോയ്‌സ്/2011 ഫെബ്രുവരി 1-28/പേജ് 21).
സ്വഹാബത്ത് ഇത് ചെയ്തതായി കാണുന്നില്ലെന്ന് പറയുന്നവർ പിന്നെന്തിനാണ് ഇത്തരം നുണകളിൽ അഭയം തേടുന്നത്? പ്രമാണങ്ങൾകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നവർക്കേ നിലപാട് നന്നാക്കാൻ കഴിയൂ. സുഊദി അറേബ്യയെയും ഈ അനാചാരത്തിന് കൊടികെട്ടിയവരിൽ ഇവർ ഉൾപ്പെടുത്താൻ മടി കാണിക്കുന്നില്ല: “അറബ് നാടുകളും ഇതിനായി അണിഞ്ഞൊരുങ്ങിത്തുടങ്ങി. അതിവിപുലമായ ആഘോഷങ്ങളാണ് സഊദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നടക്കാറുള്ളത്’’ (സുപ്രഭാതം/2025 ഓഗസ്റ്റ് 20 ബുധൻ/പേജ് 2).
സലഫികൾ പോലും നബിദിനാഘോഷം കൊണ്ടാടുന്നു എന്ന് വരുത്തിത്തീർക്കാനാണ് സുഊദി അറേബ്യയുടെ പേരിലും കള്ളം പ്രചരിപ്പിക്കുന്നത്. അവിടെ ജോലി ചെയ്യുന്ന മലയാളികൾക്കറിയാം ഇതൊന്നും അവിടെ നടക്കുന്നില്ലെന്ന്. അതുകൊണ്ടുതന്നെയാണ് അവിടെയെത്തുന്ന സമസ്തക്കാരായ സാധാരണക്കാർ പലരും ഇസ്‌ലാമിന്റെ തനിമയിലേക്ക് മടങ്ങുന്നത്.
വ്യാജ തെളിവുകളുടെയും ദുർവ്യാഖ്യാനത്തിന്റെയും നുണക്കഥകളുടെയും മാത്രം പിൻബലത്തിൽ വൻ തുക ചെലവഴിച്ച് നബിദിനാഘോഷം കൊണ്ടാടുന്നവർ അറിയുക, അല്ലാഹുവിന്റെ കോടതിയിൽ ഹാജറാകേണ്ടിവരുമെന്നത് യാഥാർഥ്യമാണ്.

