ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന മുന്നറിയിപ്പ്

മുഫീദ് പാലക്കാഴി

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

ഒരു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൂടി ‘നടപ്പുദീന’ങ്ങളിൽ നിന്ന് മുക്തമല്ലാതെ പുറത്തു വന്നിരിക്കുകയാണ്‌. പ്രതിപക്ഷവും രാഷ്ട്രത ന്തജ്ഞരും ഉന്നയിച്ച ഒരു വിമർശനവും പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെ കൂടി കൂട്ടുപിടിച്ചാണ്‌ പുതിയ അട്ടിമറി നടന്നിരിക്കുന്നത്. രാജ്യം ഉണർന്നേ തീരൂ, ഇല്ലെങ്കിൽ നമ്മുടെ ജനാധിപത്യം മോഷ്ടിക്കപ്പെടും, തീർച്ച!

2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യസംവിധാനം രാജ്യത്ത് തനതായ രൂപത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ആശങ്കകളെ ശരിവയ്ക്കുന്നതാണ്. രാഹുൽ ഗാന്ധി വസ്തുതാപരമായി ഉയർത്തിക്കാട്ടിയ, വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടി പങ്കാളിയായ തിരഞ്ഞെടുപ്പ് അട്ടിമറി ബീഹാറിലും സംഭവിച്ചിരിക്കുന്നു.

ബീഹാറിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് ശേഷം ദേശീയ ജനാധിപത്യ സഖ്യത്തിന് (NDA) നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായിരിക്കുന്നു. NDA 202 സീറ്റുകൾ നേടി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. എന്നാൽ പ്രതിപക്ഷമായ മഹാസഖ്യം (Mahagathbandhan) ഫലം നിരാകരിച്ച് ‘വോട്ട് ചോരി’ എന്ന ശക്തമായ ആരോപണം ഉയർത്തി രംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ 67.13 എന്ന, ബീഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടി ജനാധിപത്യ പ്രക്രിയയുടെ വിജയമായി ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നു. എന്നാൽ, ഈ വിജയം കൃത്യവും ആസൂത്രിതവുമായ അട്ടിമറികളിലൂടെയാണ് നേടിയെടുത്തതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

SIRന്റെ പങ്ക്

ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ ആരോപണം വോട്ടർ പട്ടികയിൽനിന്നും 65 ലക്ഷത്തോളം വോട്ടർമാരെ നീക്കം ചെയ്ത നടപടിയാണ്. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ECI) വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിയമപരമായ സംവിധാനമാണ്. എന്നാൽ ഇതിന്റെ മറവിൽ നടന്നിരിക്കുന്നത് ആസൂത്രിതമായ അട്ടിമറിയാണ്.

ECI പുറത്തുവിട്ട കണക്കുകൾ പ്രകാരം,

ഡ്രാഫ്റ്റ് ലിസ്റ്റിലുണ്ടായിരുന്ന 7.89 കോടി വോട്ടർമാരിൽ നിന്ന് ഏകദേശം 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്യുകയുണ്ടായി. ഇത് മൊത്തം വോട്ടർമാരുടെ ഏകദേശം 8.2% വരും. ECI ഇതിനെ ശുദ്ധീകരണത്തിന്റെ ഭാഗമായി ന്യായീകരിക്കുമ്പോൾ, ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചു. 21.53 ലക്ഷം പേരെ പുതിയതായി പട്ടികയിൽ ചേർത്തുവെങ്കിലും, അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി വോട്ടർമാരാണുള്ളത്. ഇത്രയധികം വോട്ടർമാരെ ഒഴിവാക്കിയതിലെ സുതാര്യതയില്ലായ്മ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ (SIR) പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത് ‘അനധികൃത വിദേശികളെ’ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ, ഈ പ്രക്രിയയുടെ അവസാനം എത്ര ‘അനധികൃത വിദേശികളെ’ കണ്ടെത്തി, എത്ര പേരെ ഒഴിവാക്കി എന്ന ചോദ്യത്തിന് മറുപടി നൽകാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കഴിഞ്ഞിട്ടില്ല. ആ ഡാറ്റ ഫീൽഡ് ട്രാക്ക് ചെയ്യുന്നില്ല എന്ന ബാലിശമായ മറുപടിയാണ് ECIക്ക് നൽകാനുള്ളത്. ഇത്, SIRന്റെ യഥാർഥ ലക്ഷ്യം വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്നതല്ല, മറിച്ച് ഒരു പ്രത്യേക വിഭാഗം വോട്ടർമാരെ മനഃപൂർവം ഒഴിവാക്കുക എന്നതാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലം നൽകുന്നു.

നീതിന്യായ പരിശോധനയുടെ പ്രാധാന്യം

ഈ വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് നിയമപരമായ സാധുത നൽകുന്നതാണ്. നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങളും അവരെ ഒഴിവാക്കിയതിന്റെ കൃത്യമായ കാരണങ്ങളും പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ECIക്ക് നിർദേശം നൽകി. കൂടാതെ, വോട്ടർമാരുടെ സ്ഥിരീകരണത്തിനായി ആധാർ ഒരു സാധുവായ രേഖയായി സ്വീകരിക്കാനും പ്രാദേശിക പത്രങ്ങളിൽ ഈ വിവരങ്ങൾ പരസ്യം

ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പുനരവലോകന പ്രക്രിയയിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ മൗലികമായ വാദത്തെയാണ് ഈ കോടതി വിധി സാധൂകരിക്കുന്നത്. ECI എല്ലാ രാഷ്ട്രീയ കക്ഷികളും ഈ നീക്കത്തിൽ സംതൃപ്തരാണെന്ന് സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ വന്ന ഈ വിധി, കമ്മീഷന്റെ വിശ്വാസ്യതയുടെ തകർച്ചയെയാണ് എടുത്തുകാണിക്കുന്നത്. ഇത്രയും വലിയ തോതിലുള്ള വോട്ടവകാശ നിഷേധം നിയമപരമായി ചോദ്യം ചെയ്യപ്പെടുമ്പോൾ, അത് ECIയുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിക്കുകയും ഭരണകക്ഷിയുമായുള്ള ഒത്തുകളി ആരോപണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഇ.വി.എം സുരക്ഷയും സ്‌ട്രോങ് റൂം പ്രോട്ടോകോളുകളും

ജനവിധിക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന പ്രധാന ആശങ്കകളിലൊന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമുകളിലെ സുരക്ഷാ വീഴ്ചകളാണ്. ജനങ്ങൾ സ്വയം സ്‌ട്രോങ് റൂമുകൾക്ക് കാവൽ നിന്ന സാഹചര്യം തന്നെ ECIയിലുള്ള വിശ്വാസക്കുറവിന്റെ സൂചനയാണ്.

ECI മാർഗനിർദേശങ്ങൾ അനുസരിച്ച്, സ്‌ട്രോങ് റൂമുകൾക്ക് 24/7 സിസിടിവി നിരീക്ഷണവും കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) അകത്തെ വലയവും സംസ്ഥാന പോലീസിന്റെ പുറം വലയവുമടങ്ങുന്ന ത്രിതല സുരക്ഷയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികൾക്കും അവരുടെ ഏജന്റുമാർക്കും അകത്തെ വലയത്തിന് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ അനുമതിയുണ്ട്. എന്നാൽ, ഈ ശക്തമായ പ്രോട്ടോക്കോളുകൾക്കിടയിലും ചില കേന്ദ്രങ്ങളിൽ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായത് അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണെന്നതിന് തെളിവാണ്.

റോഹ്താസ് ജില്ലയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പുലർച്ചെ 3 മണിയോടെ ഇ.വി.എമ്മുകൾ കയറ്റിയ ഒരു ട്രക്ക് വന്നതും സ്‌ട്രോങ് റൂമുകളിലെ സിസിടിവി ക്യാമറകൾ മുഴുവൻ പ്രവർത്തനരഹിതമായതും നിസ്സാര കാര്യമല്ലല്ലോ. പ്രതിപക്ഷ പാർട്ടികൾ അനുയായികളോട് ‘വോട്ട് മോഷണം തടയാൻ’ സ്‌ട്രോങ് റൂമുകൾക്ക് പുറത്ത് തടിച്ചുകൂടാൻ ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യതയുടെ തകർച്ചയെയാണ് അടയാളപ്പെടുത്തുന്നത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ജനങ്ങൾ ഇങ്ങനെ അവിശ്വസിക്കുന്ന ചരിത്രം ഇക്കാലംവരെയും ഉണ്ടായിട്ടില്ല.

മതേതര-ന്യൂനപക്ഷ വോട്ടുകൾ ചിതറി

എൻഡിഎയുടെ വിജയത്തിന് പിന്നിലെ പ്രധാന രാഷ്ട്രീയ തന്ത്രങ്ങളിലൊന്ന് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാൻ സാധിച്ചു എന്നതാണ്. പ്രശാന്ത് കിഷോറിന്റെ JSPയും ഉവൈസിയുടെ AIMIMഉം മതേതര വോട്ടുകൾ വിഭജിച്ച് മോദി-നിതീഷ് സഖ്യത്തിന് രഹസ്യ സഹായം നൽകി എന്നത് കേവലം ആരോപണമല്ല.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ JSP 238 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചില്ല. എങ്കിലും, അവർക്ക് 3.44% വോട്ട് വിഹിതം നേടാൻ കഴിഞ്ഞു. 3.44% എന്ന വോട്ട് വിഹിതം, സീറ്റുകളൊന്നും നേടിയില്ലെങ്കിൽ പോലും ബീഹാർ പോലുള്ള ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ അത്യന്തം നിർണായകമാണ്. മഹാസഖ്യത്തിനെതിരെ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം യുവജനങ്ങളിലും പൊതുസമൂഹത്തിലും വ്യാപകമായിരുന്നിട്ടും, ആ വോട്ടുകൾ നേടുന്നതിൽ കോൺഗ്രസ്സും RJDയും പരാജയപ്പെട്ടു. JSP-യുടെ സാന്നിധ്യം ഈ ഭരണവിരുദ്ധ വോട്ടുകളെ മഹാസഖ്യത്തിലേക്ക് എത്താതെ തടയുകയും, പല മണ്ഡലങ്ങളിലും NDAക്ക് വിജയം നേടാനായി വേണ്ടത്ര വോട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു. 3.44% ത്തെക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ NDA വിജയിച്ച മണ്ഡലങ്ങളിൽ, JSP ഒരു ‘സ്‌പോയിലർ’ ആയി പ്രവർത്തിച്ച്, ഭരണവിരുദ്ധ ജനഹിതത്തെ വിഭജിച്ച്, NDAയെ പരോക്ഷമായി സഹായിച്ചു എന്ന നിഗമനം വസ്തുതകളുടെ അടിസ്ഥാനത്തിൽ ശക്തമാണ്.

നവംബർ 17ന് പുറത്തുവന്ന വാർത്ത പ്രകാരം ബീഹാറിലെ ഓരോ മണ്ഡലത്തിലും 15,000നും 20,000നും ഇടയിൽ വോട്ടർമാർ അന്യായമായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം 100 വോട്ടിന്റെയും 200 വോട്ടിന്റെയും 1000 വോട്ടിന്റെയും ഭൂരിപക്ഷത്തിന് വിജയിച്ച എൻഡിഎയുടെ സ്ഥാനാർഥികളുണ്ട് എന്നത് ഇതിനോട് ചേർത്തു വായിക്കുക.

അസദുദ്ദീൻ ഉവൈസിയുടെ AIMIM, മുസ്‌ലിം ഭൂരിപക്ഷ സീമാഞ്ചൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവർ 25 സീറ്റുകളിൽ മത്സരിക്കുകയും 5 സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. 1.9 ശതമാനം വോട്ട് മൊത്തത്തിൽ നേടുകയും ചെയ്തു.

മുസ്‌ലിം വോട്ടുകൾ പരമ്പരാഗതമായി ബീഹാറിൽ ആർജെഡി/കോൺഗ്രസ് സഖ്യത്തിനാണ് ലഭിച്ചിരുന്നത്. എന്നാൽ, AIMIMന്റെ കടന്നുവരവ് ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി. സീമാഞ്ചലിലെ ഏതാനും സീറ്റുകളിൽ AIMIM നേടിയ വിജയം, അല്ലെങ്കിൽ അവിടെ അവർ പിടിച്ച വോട്ടുകൾ മതേതര വോട്ടുകൾ ചിതറാൻ കാരണമായി. ന്യൂനപക്ഷ വോട്ടുകൾ ചിതറിയത്, ഉയർന്ന ജാതിക്കാരുടെയും ചില OBC വിഭാഗങ്ങളുടെയും പിന്തുണയോടെ NDAക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ അവസരം നൽകി.

ക്ഷേമ പദ്ധതികളുടെ കെണി

NDA സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയ സാമ്പത്തിക ക്ഷേമപദ്ധതികൾ സ്ത്രീ വോട്ടർമാരുടെ വോട്ടുകൾ ഏകീകരിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 1.5 കോടി മുതൽ 2.5 കോടി വരെ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറ്റം ചെയ്യാനുള്ള പദ്ധതി NDAസർക്കാർ പ്രഖ്യാപിക്കുകയും നടപ്പിലാക്കിത്തുടങ്ങുകയും ചെയ്തു. ‘മുഖ്യമന്ത്രി മഹിള റോസ്ഗാർ യോജന’ എന്ന പേരിൽ വന്ന ഈ പദ്ധതി പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് വെർച്വലായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 25 ലക്ഷം പേർക്ക് 2,500 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടു.

ഈ സാമ്പത്തിക സഹായ പദ്ധതിയുടെ പ്രഖ്യാപനം സ്ത്രീ വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം 71.78% എന്ന റെക്കോർഡ് നിലയിലെത്തി. പുരുഷന്മാരുടെ പോളിംഗ് 62.98% മാത്രമായിരുന്നു. ഏഴ് ജില്ലകളിൽ സ്ത്രീകളുടെ പോളിംഗ് പുരുഷന്മാരെക്കാൾ 14 ശതമാനം പോയിന്റിലധികം കൂടുതലായിരുന്നു.

സൈക്കിൾ വിതരണം, മദ്യനിരോധനം തുടങ്ങിയ മുൻകാല ക്ഷേമപദ്ധതികളിലൂടെ നിതീഷ് കുമാർ സ്ത്രീ വോട്ടർമാരുടെ വിശ്വസ്തമായ അടിത്തറ കെട്ടിപ്പടുത്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 10,000 രൂപയുടെ നേരിട്ടുള്ള സഹായം, പൊതുവായി നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരങ്ങളെയും, തേജസ്വി യാദവിന്റെ യുവജന കേന്ദ്രീകൃത പ്രചാരണങ്ങളെയും നിഷ്പ്രഭമാക്കി. ഈ സാമ്പത്തിക ആനുകൂല്യം, കഴിഞ്ഞ RJD ഭരണകാലത്തെ ‘ജംഗിൾ രാജ്’ എന്ന ആശങ്കയുമായി ചേർന്ന് സ്ത്രീ വോട്ടർമാരെ NDAക്ക് അനുകൂലമായി ഏകീകരിച്ചു. ഇത് തിരഞ്ഞെടുപ്പിന്റെ ഫലത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ചു. രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിക്കാൻ ഇതൊക്കെ ധാരാളമാണല്ലോ.

ദേശീയ തലത്തിലെ തന്ത്രപരമായ വിജയം

ബീഹാറിലെ ഈ വിജയം, കഴിഞ്ഞ നാല് വർഷത്തിനിടെ പത്തോളം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾ ആവർത്തിച്ച് പ്രയോഗിച്ച് വിജയിച്ച തന്ത്രത്തിന്റെ ഭാഗമാണ്. മധ്യപ്രദേശ് (സ്ത്രീകൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം), പശ്ചിമ ബംഗാൾ (മമത ബാനർജിയുടെ വിവിധ പദ്ധതികൾ), ഉത്തർപ്രദേശ് (ഉജ്ജ്വല പദ്ധതി) എന്നിവിടങ്ങളിലും സമാനമായ തന്ത്രങ്ങൾ വിജയം കണ്ടിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം NDA ഈ തന്ത്രം ബീഹാറിൽ ശക്തമായി നടപ്പിലാക്കി വിജയിച്ചത്, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇപ്പോൾ ‘ക്ഷേമരാഷ്ട്രീയ ഭൂരിപക്ഷവാദ’ത്തിലേക്ക് (Welfare State Majoritarianism) മാറിയതിന്റെ തെളിവാണ്. പരമ്പരാഗതമായ പ്രചാരണങ്ങൾ ഈ സാമ്പത്തിക രാഷ്ട്രീയത്തെ മറികടക്കാൻ പര്യാപ്തമല്ലെന്ന് ഈ ഫലം തെളിയിക്കുന്നു.

വോട്ടു കൊള്ളക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ട്

തിരഞ്ഞെടുപ്പ് കമ്മീഷൻ എൻഡിഎയുടെ ‘സഖ്യകക്ഷി’യായി പ്രവർത്തിച്ചു എന്ന പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണം കേവലം രാഷ്ട്രീയ പ്രസ്താവന എന്നതിലുപരി, സ്ഥാപനപരമായ സുതാര്യതയില്ലായ്മയുടെ ചരിത്രപരമായ പാറ്റേണുമായി ബന്ധപ്പെട്ടിരിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ശക്തമായ ഭരണഘടനാ സ്ഥാപനമായിരുന്നിട്ടും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്മീഷൻ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ അവഗണിക്കുന്നതും തിരഞ്ഞെടുപ്പ് പട്ടികയിലെ കൃത്രിമം പോലുള്ള ആരോപണങ്ങളെ ഗൗരവത്തിലെടുക്കാതിരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ബീഹാറിലെ 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാതിരിക്കാനുള്ള കമ്മീഷന്റെ തീരുമാനം ഭരണകൂടത്തിന് അനുകൂലമായ നയം സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ്.

അപ്രതീക്ഷിത വിജയങ്ങളുടെ പിന്നിൽ?

ബീഹാറിലെ ഫലം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് സമീപ വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലും കണ്ട ഒരു മാതൃകയുടെ തുടർച്ചയാണ് എന്ന് സൂചിപ്പിച്ചുവല്ലോ. ഭരണകക്ഷികൾക്ക് എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ കവച്ചുവെച്ച് അപ്രതീക്ഷിതമായി വലിയ ഭൂരിപക്ഷം ലഭിക്കുന്ന പ്രവണത ഇവിടെ കാണാം.

മഹാരാഷ്ട്രയിൽ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ BJPയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 150-170 സീറ്റുകൾ മാത്രമാണ് പ്രവചിച്ചത്. എന്നാൽ ഫലം വന്നപ്പോൾ 288ൽ 235 സീറ്റുകൾ നേടി. പ്രവചനങ്ങളെ മറികടക്കുന്ന ഈ വലിയ വിജയം ‘മോദി തരംഗ’ത്തിനപ്പുറം, ചില വ്യവസ്ഥാപിത ഘടകങ്ങൾ ഫലം നിർണയിക്കുന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ വോട്ടർ പട്ടികയിലെ കൃത്രിമങ്ങൾ, പോളിംഗ് പ്രക്രിയയിലെ സംശയങ്ങൾ, വോട്ടെണ്ണലിലെ കൃത്രിമം തുടങ്ങിയ പിഴവുകൾ ആരോപിക്കപ്പെട്ടിരുന്നു.

തുടർച്ചയായ ഈ അപ്രതീക്ഷിത ഫലങ്ങൾ, തിരഞ്ഞെടുപ്പിലെ കൃത്രിമം, EVM സുരക്ഷാ വീഴ്ചകൾ എന്നൊക്കെയുള്ള, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകുന്നു. ഇങ്ങനെയൊക്കെയാണ് BJP വിജയം നേടുന്നത് എന്ന് ആരോപിച്ചുകൊണ്ട് രാഹുൽ ഗാന്ധിയെയും തേജസ്വി യാദവിനെയും പോലുള്ള നേതാക്കൾ ഈ ‘വോട്ട് ചോരി വിരുദ്ധ പ്രക്ഷോഭങ്ങളു’മായി മുന്നോട്ട് പോകുന്നത് തിരഞ്ഞടുപ്പ് കമ്മീഷനിൽ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ അനിവാര്യമായി മാറുന്നു.

മതനിരപേക്ഷയുടെ വിജയത്തിന്

65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതിലെ സുതാര്യതയില്ലായ്മ, EVM സ്‌ട്രോങ് റൂം പ്രോട്ടോക്കോളുകളിലെ ഗുരുതരമായ ലംഘനങ്ങൾ, CCTV തകരാറുകൾ, അർധരാത്രിയിൽ EVM മെഷീനുകൾ നിറച്ച ട്രക്കിന്റെ വരവ് എന്നിവയെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതിയുടെ ഇടപെടലുകൾ പോലും നടപടിക്രമങ്ങളിലെ പിഴവുകൾക്ക് അടിവരയിട്ടു. ‘ബീഹാറിൽ പരാജയപ്പെട്ടത് ജനങ്ങളാണ്, ഇന്ത്യൻ ജനാധിപത്യമാണ്’ എന്ന ഇന്ത്യ മുന്നണി നേതാക്കളുടെ ആരോപണം കഴമ്പില്ലാത്തതല്ല എന്നു വ്യക്തം.

NDAയുടെ നേരിട്ടുള്ള പണ കൈമാറ്റം പോലുള്ള സ്ത്രീ കേന്ദ്രീകൃത ക്ഷേമപദ്ധതികളെ നേരിടാൻ മഹാസഖ്യം കൂടുതൽ ആകർഷകമായ ബദൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന പദ്ധതികളും ഗാർഹിക സ്ത്രീ വോട്ടർമാരെ നേരിട്ട് സ്വാധീനിക്കുന്ന പദ്ധതികളും പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യാതിരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാണിച്ച് ജയം ഉറപ്പിക്കുന്നവരെ ഇതുകൊണ്ടൊന്നും തോൽപിക്കാനാകില്ല എന്നത് ക്രൂരമായ യാഥാർഥ്യമാണ്! അതിനെ മറികടക്കാൻ നിയമ പോരാട്ടം തുടർന്നേ തീരൂ. വോട്ടർ പട്ടിക ശുദ്ധീകരണത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിർദേശത്തെ ഒരു ആയുധമായി ഉപയോഗിച്ച് തിരഞ്ഞടുപ്പ് കമ്മീഷനെ നേരിടണം. കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ നിർബന്ധിക്കണം. ഇവിഎം സുരക്ഷ, വോട്ടർ പട്ടികയിൽ നടത്തുന്ന തിരിമറി എന്നിവ സംബന്ധിച്ച് നിയമപരമായ വെല്ലുവിളികൾ ഉയർത്തണം.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നടപടിക്രമങ്ങളിലെ വീഴ്ചകൾ കണ്ടെത്താനായി, വോട്ടർ പട്ടികകളുടെ സ്വതന്ത്ര ഓഡിറ്റിംഗിനും, സ്‌ട്രോങ് റൂം സിസിടിവി ദൃശ്യങ്ങൾ, EVM നീക്കം എന്നിവയുടെ ഡിജിറ്റൽ നിരീക്ഷണത്തിനുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം.

സത്യസന്ധമായ ജനാധിപത്യ പ്രക്രിയയാണ് രാജ്യത്തിനാവശ്യം. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത വീണ്ടെടുക്കാൻ നിരന്തരമായ പോരാട്ടം ആവശ്യമാണ്. ജനാധിപത്യത്തിന്റെ അന്ത്യം എന്നത് സ്വേഛാധിപത്യത്തിന്റെ ആരംഭമാണെന്നും സ്വേഛാധിപത്യത്തിനു കീഴിൽ ജനങ്ങൾ വെറും അടിമകളായിരിക്കുമെന്നും തിരിച്ചറിയുക.