ഗസ്സ നമ്മോട് പറയുന്നത് ...!
അബ്ദുൽ മാലിക് സലഫി മൊറയൂർ
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ അഞ്ചുദിവസങ്ങൾ പിന്നിട്ടപ്പോൾ 15 മാസത്തെ യുദ്ധത്തിൽ ഇസ്രായേൽ ബോംബാക്രമത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി ഫലസ്തീനികൾ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിലൂടെ പരക്കം പായുകയാണ്. കഴിഞ്ഞ ദിവസം 120ലധികം മൃതദേഹങ്ങൾ വീണ്ടെടുത്ത് ഗസ്സ മുനമ്പിലെ ആശുപത്രികളിലേക്ക് കൊണ്ടുവന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ മൊത്തം ഫലസ്തീനികളുടെ മരണസംഖ്യ 47000 കവിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.’
‘അതേ സമയം, ഗസ്സയിലെ വെടിനിർത്തലിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്.’
‘ഗസ്സയിലെ യുദ്ധം കുട്ടികളെ വിനാശകരമായി ബാധിച്ചതായി യുഎൻ മാനുഷിക മേധാവി ടോം ഫ്‌ളെച്ചർ പറഞ്ഞു. കുട്ടികൾ കൊലപ്പെടുകയും പട്ടിണി കിടക്കുകയും മരവിപ്പിക്കപ്പെടുകയും അവരെ കുടുംബങ്ങളിൽനിന്ന് വേർപ്പെടുത്തുകയും അനാഥരാക്കുകയും ചെയ്തു. ചിലർ പ്രസവാനന്തരം അമ്മമാരോപ്പം ജീവൻ വെടിഞ്ഞതായി പറഞ്ഞു. ഒരു തലമുറക്കേറ്റ ആഘാതമാണിതെന്നും യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഫെളച്ചർ പറഞ്ഞു.’
യുദ്ധാനന്തര ഫലസ്തീനിന്റെ നേർചിത്രമാണ് കഴിഞ്ഞ ആഴ്ച ‘മാധ്യമം’ പത്രത്തിൽ വന്ന ഈ വാർത്തകൾ!
ഗസ്സക്കാർ യുദ്ധം അവസാനിച്ചതിൽ സന്തോഷിക്കുമ്പോഴും ഇസ്രായേലീ ഭീകരതയുടെ സംഹാര താണ്ഡവത്തിന്റെ ദുഃഖം അവരുടെ വദനങ്ങളിൽ കാർമേഘം കണക്കെ ഉരുണ്ടുകൂടിയതായി കാണാം.
ആധുനിക യുദ്ധങ്ങൾ സമൂഹത്തിനേൽപിക്കുന്ന പ്രഹരങ്ങൾ എത്രമേൽ കടുത്തതായിരിക്കുമെന്നതിന് ഗസ്സ സാക്ഷിയാണ്. നബിﷺയുടെ കാലത്തും യുദ്ധങ്ങൾ നടന്നിട്ടുണ്ട്. തീർത്തും മതപരവും നൈതിക മൂല്യങ്ങളെ ഉൾക്കൊള്ളുന്നതുമായിരുന്നു അവയെല്ലാം. അതിനാൽ തന്നെ ജയവും തോൽവിയും അവയിൽ സംഭവിച്ചിരുന്നു. അതേ സമയത്ത് വിശ്വാസികളുടെ ജീവൻ വെച്ചുള്ള പോരാട്ടങ്ങൾക്ക് പോലും രാഷ്ട്രീയ നിറം പൂശുന്നവർക്ക് എല്ലാ പോരാട്ടങ്ങളിലും ജയമവകാശപ്പെടൽ ആവശ്യമാണ്. അവിവേകങ്ങളുടെ പര്യവസാനങ്ങളിൽനിന്ന് പാഠം പഠിക്കാതെ അവർ വീണ്ടും മറ്റൊരു അവിവേകത്തെ കുറിച്ചായിരിക്കും ആലോചിക്കുന്നുണ്ടാവുക! വിവേകമതികളുടെ പക്വമായ ഉപദേശങ്ങളെ അവർ ഭീരുക്കളുടെ ശബ്ദമായാണ് വിലയിരുത്തുക!
യുദ്ധം ഒരു പരിധിവരെ നിലച്ച ഈ ഘട്ടത്തിലെങ്കിലും ചില കാര്യങ്ങളിൽ നമുക്ക് ചില തിരിച്ചറിവുകൾ വേണ്ടതുണ്ട്.
ഫലസ്തീൻ ജനതക്ക് ഈ യുദ്ധത്തിലൂടെ എന്തു കിട്ടി എന്നത് ഇന്ന് ഫലസ്തീൻ മണ്ണിൽ നിന്നുയരുന്ന പ്രധാന ചോദ്യമാണ്.
ഫലസ്തീന്റെ ഒരു ഇഞ്ച് ഭൂമി പോലും ഈ യുദ്ധത്തിലൂടെ മോചിപ്പിക്കപ്പെട്ടിട്ടില്ല. മറിച്ച് ആ നാടിന് സംഭവിച്ച നാശമാവട്ടെ കണക്കാക്കാൻ കഴിയുന്നതിനുമപ്പുറമാണ്! 48,000 ത്തോളം മുസ്‌ലിംകൾ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കു പറ്റി. വീടുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെട്ടു! ആയിരക്കണക്കിന് സഹോദരിമാർ വിധവകളായി. നൂറുകണക്കിന് കുട്ടികൾ അനാഥരായി! മക്കൾ നഷ്ടപ്പെട്ട നിരവധി മാതാപിതാക്കൾ...
യുദ്ധം തകർത്ത ഭൂമിയിലേക്ക് അവർ തിരിച്ചെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് സമൂലം നശിപ്പിക്കപ്പെട്ട ഒരു മരുപ്പറമ്പാണ്! ഇനി എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങണം! സ്വന്തം നാട്ടിൽ അപരത്വം പേറേണ്ടി വന്ന ഒരു ജനത!
അപ്പുറത്ത് ഇസ്രായേലിനാവട്ടെ സംഭവിച്ച നഷ്ടങ്ങൾ ഫലസ്തീൻ ജനതയുടെ നഷ്ടത്തെ അപേക്ഷിച്ച് താരതമ്യേന ചെറുതാണ്. അന്താരാഷ്ട്ര തലത്തിൽ പല പരിക്കുകളും അവർക്കുണ്ടായി എന്നതും ശരിയാണ്. എന്നാൽ, തങ്ങളെ സംരക്ഷിക്കുമെന്ന് ഫലസ്തീനികൾ വിശ്വസിച്ച രാഷ്ടീയ ഇസ്‌ലാമിസ്റ്റുകൾ ആ പാവം ജനതക്ക് വിളിച്ച് വരുത്തിച്ചതാണ് ഈ ദുരന്തം!
വിജയചിഹ്നമുയർത്തി ക്യാമറക്ക് മുന്നിൽ വന്ന് അവർ ചിരിക്കുമ്പോഴും പാവം ജനത തകർന്നടിഞ്ഞ വീടുകൾക്കിടയിൽ തങ്ങളുടെ ഉറ്റവരെ തിരയുകയാണ്!

ഹമാസിന്റെ മതപരിസരത്തെ കൂടി അന്വേഷിക്കുമ്പോഴാണ് ഈ ദുരന്തത്തെ കുറിച്ചുള്ള പഠനം പൂർത്തിയാവുക.
പിഴച്ച ‘ഹുസ്വാഫിയ്യ’ സൂഫീ ത്വരീഖത്തിൽ ബൈഅത്ത് ചെയ്ത തനിച്ച സൂഫീ വിശ്വാസക്കാരനായ ഹസനുൽ ബന്നയാണ് ഇഖ്‌വാനുൽ മുസ്‌ലിമീന് രൂപം നൽകിയത്. സയ്യിദ് ഖുതുബിലേക്ക് ചേർത്ത് ഖുതുബിയ്യൂൻ എന്നും, ഹസനുൽ ബന്നയിലേക്ക് ചേർത്ത് ബന്നിയ്യൂൻ എന്നും, മുഹമ്മദ് സുറൂറിലേക്ക് ചേർത്ത് സുറൂരികൾ എന്നും ഇവർക്ക് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാമിക രാജ്യങ്ങളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നതിലും ഭരണകൂടങ്ങളെ നിശിതമായി വിമർശിക്കുന്നതിലുമാണ് ഇപ്പോൾ ഇവരുടെ ഊർജം പ്രധാനമായും ചെലവഴിക്കപ്പെടുന്നത്. അതിനാൽ തന്നെ അപകടകരമായ തീവ്രചിന്തകൾ ഇവരിൽനിന്ന് ഉത്ഭവിക്കുക സ്വാഭാവികം. സമുദായത്തിന് നിരവധി പരിക്കുകൾ ഇവരെക്കൊണ്ട് ഉണ്ടായിട്ടുണ്ട്.
ശീഇകളുമായി പൊക്കിൾകൊടി ബന്ധവും ഇവർക്കുണ്ട്. ഇവരിൽ നിന്നാണ് ഫലസ്തീനിലെ ഹമാസ് വിപ്ലവവീര്യം സ്വീകരിക്കുന്നത്. ഇഖ്‌വാന്റെ മസിൽപവറാണ് ഹമാസ്’ എന്ന് അവർ തന്നെ പ്രഖ്യാപിച്ചതാണ്. തങ്ങളുടെ പല ഗുരുതര വീഴ്ചകളേയും വിചിത്ര വാദങ്ങൾ നിരത്തി ന്യായീകരിക്കാനാണിവർ എപ്പോഴും ശ്രമിക്കാറുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് യുദ്ധാനന്തരം ഫലസ്തീനിൽ ഹമാസിന്റെ വിജയാഘോഷം നടക്കുന്നത്.
അതേസമയം ‘വിജയാഘോഷവേളയിൽ’ മുൻപത്തെക്കാൾ ഏതെങ്കിലും മെച്ചം യുദ്ധാനന്തരം ഗസ്സയിൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അക്കാര്യം പരിശോധിക്കേണ്ടത് അനിവാര്യവുമാണ്.
പാർപ്പിടം, റോഡ്, ആരോഗ്യം, സഞ്ചാരസ്വാതന്ത്ര്യം, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ, വിദ്യാഭ്യാസം, സുരക്ഷിതത്വം, ഭക്ഷണ ലഭ്യത തുടങ്ങിയ ഏതിലെങ്കിലും മുൻപത്തെക്കാൾ മെച്ചമാണ് ഇപ്പോൾ എന്ന് പറയാൻ കഴിയുന്ന വല്ലതുമുണ്ടോ? ഇല്ലെങ്കിൽ ഈ പാവം ജനങ്ങളെ ഈ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത് എന്തിനാണ് എന്ന ഫലസ്തീൻ ജനതയുടെ ചോദ്യത്തിന് വിജയാഘോഷക്കാർക്ക് മറുപടിയില്ല!
യുദ്ധം തുടങ്ങിയതു മുതൽ സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളുടെ നിസ്സീമമായ സഹായം ഗസ്സയിലേക്ക് പ്രവഹിച്ചിരുന്നു. എന്നാൽ തങ്ങളുടെ ശീഈ പ്രേമം കാരണം ഇറാന് സ്തുതികൾ പാടുന്ന തിരക്കിലായിരുന്നു ഇഖ്‌വാനികൾ!
ഫലസ്തീൻ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാട് സൗദിക്കും സലഫികൾക്കുമുണ്ട്. സ്വതന്ത്ര ഫലസ്തീൻ എന്നതിൽ കുറഞ്ഞ ഒന്നും പരിഹാരമല്ല എന്നതാണത്. ഫലസ്തീൻ വിഷയത്തിൽ ഏറ്റവും വലിയ സംഭാവനകൾ നൽകുകയും ഒരു കാലത്ത് യുദ്ധരംഗത്തേക്ക് സൈന്യത്തെ നേരിട്ട് അയക്കുകയും ചെയ്ത രാജ്യമാണ് സൗദി.
യുദ്ധകാലഘട്ടത്തിൽ കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മിമ്പറുകളും സാമൂഹിക മാധ്യമങ്ങളിലെ അവരുടെ പോരാളികളും പറഞ്ഞ് കൂട്ടിയ ശിയാ മൗലിദുകൾക്കും സലഫീ പണ്ഡിതരെയും ഭരണകർത്താക്കളെയും വിളിച്ച ചീത്തക്കും കണക്കില്ല! ഹമാസിന്റെ അവിവേകം അവർ കാണിക്കുന്നില്ല എന്നതും അവരുടെ ബുദ്ധിശൂന്യത സലഫികൾ അംഗീകരിച്ചില്ല എന്നതുമായിരുന്നു കാടടച്ച ഈ ഭത്സനത്തിന് കാരണം!
ഫലസ്തീനിന്റെ മോചനത്തിന് സ്വതന്ത്ര രാഷ്ട്രം എന്നതു തന്നെയാണ് ശാശ്വത പരിഹാരം എന്നതാണ് സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ ലോകത്തോട് നിരന്തരം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ഫലസ്തീനിയെ പോലും കുരുതി കൊടുക്കാതെതന്നെ നേടാൻ നോക്കേണ്ട ഇക്കാര്യം അരലക്ഷത്തോളം പേരെ കൊലക്ക് കൊടുത്ത് ആത്മഹത്യാപരമായ ഒരു നീക്കം എന്തിന് നടത്തി എന്നത് ഇപ്പോഴും ഇവർക്ക് വിശദീകരിക്കാനാവുന്നില്ല. അഹ്‌സാബ് യുദ്ധവേളയിൽ ശത്രുക്കളുടെ വിവരമന്വേഷിക്കാൻ പറഞ്ഞയച്ച സ്വഹാബിയോട് നബിﷺപറഞ്ഞത് ‘നീ അവരെ പ്രകോപിപ്പിക്കരുത്’ എന്നായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഈ അൻപതിനായിരം വിശ്വാസികളുടെ ജീവന് പകരം ഫലസ്തീനികൾക്ക് എന്തു കിട്ടി എന്ന ചോദ്യം ഫലസ്തീനിൽ നിന്ന് ഉറക്കെ ഉയർന്നുകൊണ്ടിരിക്കുന്നു. അതിനെ മറികടക്കാനും ഉത്തരങ്ങൾ കണ്ടെത്താനും പ്രയാസമാവും എന്നതിനാലാണ് വേഗം വിജയാഘോഷത്തിന്റെ മറപിടിച്ച് രക്ഷപ്പെടാൻ ഇത്തരക്കാർ പരിശ്രമിക്കുന്നത് എന്ന് ബുദ്ധിയുള്ളവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനൊക്കെ വേണ്ടി തീരുമാനങ്ങൾ എടുത്തിരുന്ന ഹമാസിന്റെ വലിയ നേതാവ് ഇസ്മായിൽ ഹനിയ്യ തന്നെ, ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ ഒത്താശയോടു കൂടി നടന്ന ഒരു ഓപ്പറേഷനിൽ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ച് വധിക്കപ്പെട്ടു. ശീഇകൾ തോളത്തിരുന്ന് ചെവി തിന്നുന്നവരാണ് എന്ന് ഇഖ്‌വാനികൾക്ക് ഈ സംഭവത്തോടെ വ്യക്തമാവേണ്ടതായിരുന്നു! ഹനിയ്യയുടെ കൊലയാളികളെ ഇറാൻ എന്ത് ചെയ്തു എന്ന് ഇവർ ചിന്തിക്കേണ്ടതാണ്! ഹനിയ്യയുടെ കൊലപാതകത്തെ ന്യായീകരിച്ചവർ മലയാളക്കരയിൽവരെ ഉണ്ടായി എന്നതും സത്യമാണ്! പ്രതിരോധത്തിന്റെ പേരു പറഞ്ഞാണ് ഒക്ടോബർ 7ലെ ആക്രമണത്തെ ഇഖ്‌വാനികൾ ന്യായീകരിക്കുന്നത്! എന്നാൽ ഇഖ്‌വാനീ നേതാവായിരുന്ന ഡോ.യൂസുഫുൽ ഖർദാവി തന്നെ പ്രതിരോധ ജിഹാദിന്റെ രീതിശാസ്ത്രം പറയുന്നിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്:
“എന്നാൽ ശത്രുവിന്റെതുമായി തട്ടിച്ചു നോക്കിയാൽ വേണ്ടത്ര ശക്തിയും സന്നാഹവും ഇല്ലെങ്കിൽ - ഒരു സമൂഹത്തെ മൊത്തത്തിൽ നാശത്തിലേക്ക് തള്ളിവിടാൻ കാരണമാകുന്ന തരത്തിൽ - ശത്രുവുമായി ഏറ്റുമുട്ടലിൽ പ്രവേശിക്കുന്നത് ശരിയല്ല, യുക്തിയുമല്ല’’ (ഫിക്വ‌്‌ഹുൽ ജിഹാദ് 2:857).
യൂസുഫുൽ ഖർദാവി പറഞ്ഞ ഈ കാര്യം സലഫി പണ്ഡിതന്മാർ പറയുകയും മുസ്‌ലിം ഉമ്മത്ത് ആത്മഹത്യാപരമായ നിലപാടുകളിലേക്ക് എടുത്ത് ചാടരുത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അവരെ ‘കൊട്ടാര പണ്ഡിതന്മാർ,’ ‘സയണിസ്റ്റ് ഏജന്റുമാർ’ എന്നൊക്കെ ചാപ്പയടിച്ച് പരിഹസിക്കാനാണ് ഖുതുബികളും സുറൂരികളും ഒന്നടങ്കം തുനിഞ്ഞത്! പോരെങ്കിൽ ‘മദ്ഖലീ ചാപ്പ’ വേറെയുമുണ്ട്.
2023 ഒക്ടോബറിൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ പതിവിനു വിപരീതമായി ഇസ്രായേലിലേക്ക് ഹമാസ് ഒരാക്രമണം നടത്തിയതിന് പിന്നിൽ, ഹമാസ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ തടയുകയെന്ന ലക്ഷ്യമുണ്ടായിരുന്നു എന്ന നിരീക്ഷണം ശക്തമാണ്. യുദ്ധത്തിന്റെ രണ്ട് മാസം മുമ്പ് ആയിരക്കണക്കിന് യുവാക്കൾ ഹമാസിനെതിരെ ഫലസ്തീനിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർത്തിയിരുന്നു. ഭരണപരാജയവും സമൂഹത്തിന് മേൽ ചുമത്തിയ അനാവശ്യ ടാക്‌സുകളും തന്നെയായിരുന്നു വിഷയം.

പക്ഷേ,അൽ ഖസ്സാമിന്റെ (പോലീസ്) സേന ക്രൂരമായി ഇത്തരം ശബ്ദങ്ങളെ അടിച്ചമർത്തുകയായിരുന്നു. ഇതിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തോട് പക്ഷേ, അതിക്രൂരമായ പ്രത്യാക്രമണത്തിലൂടെയാണ് ഇസ്രായേൽ എന്ന തെമ്മാടി രാജ്യം പ്രതികരിച്ചത്. ഗസ്സ എന്ന കൊച്ചു ദരിദ്രരാജ്യത്തിന്റെ 90 ശതമാനവും അവർ നശിപ്പിച്ചു. ഇസ്രായേലിന്റെ കൈ പിടിക്കേണ്ട സാമാജ്യത്വ ശക്തികളാവട്ടെ, അവർക്ക് സർവ പിന്തുണയും നൽകി. ഫലസ്തീനിലെ പാവങ്ങളുടെ ജീവൻകൊണ്ട് പന്താടിയ അമേരിക്കയുടെ ധിക്കാരം ഒന്നുകൊണ്ട് മാത്രമാണ് ഏകപക്ഷീയമായ ഈ നരഹത്യ ഇത്രയും കാലം നീണ്ടത്. ലോക സമൂഹത്തിനിടയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ക്രൂരമുഖം കൂടുതൽ വെളിപ്പെടുന്ന അവസ്ഥ ഈ യുദ്ധത്തോടെ ഉണ്ടായി.നീണ്ട വർഷങ്ങൾ വേണ്ടിവരും ഗസ്സയുടെ പുനർനിർമാണത്തിന്!
ബന്ദികളെ തിരിച്ചുകിട്ടിയാൽ ഇസ്രായേൽ വീണ്ടും തനിസ്വഭാവം കാണിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഗസ്സയുടെ മണ്ണിൽനിന്ന് ഇസ്രായേൽ സേന ഇപ്പോഴും പൂർണമായും പിൻമാറിയിട്ടില്ല. ‘ഗസ്സയിലെ ഇസ്രായേൽ സേനയെ ആക്രമിക്കരുത്’ എന്നതാണ് വെടിനിർത്തൽ കരാറിലെ ഒരു പ്രധാന ഭാഗം. അതിനാൽ തന്നെ ഫലസ്തീനികളുടെ ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ല.
യുദ്ധ ഘട്ടമായതിനാൽ പ്രതിഷേധമടക്കി നിന്ന ജനങ്ങളുടെ അതിശക്തമായ പ്രക്ഷോഭം ഗസ്സയിൽ രൂപപ്പെടുമോ എന്ന ആശങ്ക ഹമാസിനും ഉണ്ട്. ഇത് ഇസ്രായേൽ നന്നായി മുതലെടുത്തേക്കും എന്നും അവർ ആശങ്കപ്പെടുന്നുണ്ട്.
ഈ യുദ്ധത്തിൽ അറബ് രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരെ നേരിട്ട് യുദ്ധം ചെയ്യാത്തത് എന്തു കൊണ്ട് എന്ന് ചോദിച്ചവരുണ്ടായിരിന്നു. ശിയാക്കളാണ് ഫലസ്തീനിനെ സഹായിക്കുന്നതെന്നും അതിനാൽ ഞങ്ങൾക്കിഷ്ടം ശിയാക്കളോടാണ് എന്നും തുറന്നെഴുതിയ ഇഖ്‌വാനികളെ കേരളത്തിലും നാം കണ്ടിരുന്നു.
ഇറാൻ, ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ ശീഈ സംഘങ്ങളുടെ ‘ആക്രമണ നാടകങ്ങൾ’ എത്രത്തോളം നിരർഥകമാണ് എന്ന് ലോകം ഇതിനകം കണ്ടതാണ്. അവരുടെ ചതി ഹനിയ്യയുടെ കൊലയിലൂടെ ബുദ്ധിയുള്ള ഹമാസികൾക്കും തിരിയേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല!
ആയുധശക്തിയുടെ കാര്യത്തിലും ആണവശക്തിയിലും ലോകത്തിലെ ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ സർവ പിന്തുണയും അവർക്കുണ്ട് താനും.
എന്നാൽ ഇതൊന്നും ഒരു അറബ് രാജ്യത്തിനുമില്ല എന്നതും എല്ലാവർക്കുമറിയുന്നതാണ്. അതായത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സൈനിക ശക്തി എതിരാളികളുടെ ശക്തിയുമായി പൊരുത്തപ്പെടുന്നില്ല എന്ന വസ്തുത നാം അംഗീകരിച്ചേ തീരൂ. അവർക്ക് തങ്ങളുടെ രാജ്യത്തെ മനുഷ്യരുടെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത കൂടിയുണ്ട് എന്നതും നാം തിരിച്ചറിയണം.
ഇഖ്‌വാനികൾ പ്രത്യേകം ലക്ഷ്യംവയ്ക്കുന്ന സൗദി അറേബ്യയുടെ കാര്യം തന്നെ നോക്കാം. മുസ്‌ലിംകളുടെ രണ്ട് പുണ്യനഗരങ്ങളും അവിടെയാണ്. രണ്ട് ഹറമുകളെയും അവയുടെ സർവ വിശുദ്ധിയോടെയും പ്രതാപത്തോടെയും സംരക്ഷിച്ച് വരുന്ന രാജ്യമാണ് സൗദി അറേബ്യ. മക്കയുടെയും മദീനയുടെയും സംരക്ഷണത്തിന് സൗദി മുൻഗണന നൽകുന്നതിൽ അത്ഭുതമില്ല.
ഇറാനിൽനിന്നോ യമനിൽ നിന്നോ ഇസ്രായേലിൽനിന്നോ ഒരു ബാലിസ്റ്റിക് മിസൈലു പോലും ഈ രണ്ട് പുണ്യഭൂമികളിൽ പതിക്കാതിരിക്കാൻ സൗദി കാണിക്കുന്ന ജാഗ്രത എല്ലാവർക്കും മനസ്സിലാക്കാ വുന്നതാണ്. അതിനാൽതന്നെ വിവേകമില്ലാത്ത ഒരു നീക്കവും സൗദി ഭരണകൂടം അന്താരാഷ്ട്രാ വിഷയത്തിൽ നടത്തുകയില്ല എന്നത് തീർച്ചയാണ്.
ഫലസ്തീൻ ജനതയെ കഴിയുന്നതരത്തിലെല്ലാം സഹായിക്കുകയും എന്നാൽ സൈനികമായി നേരിട്ട് ഇടപെടാതിരിക്കുകയും അതേസമയം യുദ്ധം നിർത്തിക്കാൻ അന്താരാഷ്ടതലത്തിൽ ശക്തമായ സമ്മർദങ്ങൾ ചെലുത്തുകയും ചെയ്യുക എന്ന വിവേകമാണ് സൗദിയടക്കമുള്ളവർ ഈ യുദ്ധത്തിൽ കാണിച്ചത്. വിവേകം തിരിച്ചറിയാൻ കഴിയാത്ത വികാരജീവികൾക്ക് ഇത് ഭീരുത്വമായി തോന്നിയേക്കാം.
ജൂത രാഷ്ട്രത്തിനെതിരെ ഖുദ്‌സിന്റെ വിമോചനത്തിനായാണ് ഹമാസ് പോരടിക്കുന്നത്, അതിനാൽ ഹമാസികൾ ശിയാക്കളെ കൂട്ടുപിടിച്ചാൽ എന്താണ് കുഴപ്പം എന്നും ചിലർ ചോദിക്കുന്നത് കേട്ടു! ശരിക്കും ശീഇകൾ ആരാണ് എന്ന് അറിയാത്തതാണ് ഈ ചോദ്യത്തിന്റെ കാരണം.
‘യഹൂദികൾക്ക് ഇറാക്കിലോ മറ്റോ ഒരു രാഷ്ട്രം ഉണ്ടായിക്കഴിഞ്ഞാൽ, അവരുടെ ഏറ്റവും വലിയ സഹായികൾ റാഫിളികൾ ആയിരിക്കും. കാരണം, അവർ എപ്പോഴും ബഹുദൈവാരാധകരും ജൂതന്മാരും ക്രിസ്ത്യാനികളുമായിട്ടുള്ള അവിശ്വാസികളോട് സ്‌നേഹബന്ധം വെച്ചുപുലർത്തുന്നവരും മുസ്‌ലിംകളോട് ശത്രുത വെച്ചുപുലർത്തുന്നതിലും യുദ്ധം ചെയ്യുന്നതിലും അവിശ്വാസികളെ സഹായിക്കുന്നവരും ആകുന്നു’ എന്ന, ശൈഖുൽ ഇസ്‌ലാമിന്റെ വാചകം ഇവർ ആരാണ് എന്ന് വരച്ചുകാണിക്കുന്നുണ്ട്.
‘ഇസ്‌ലാമിനെ തകർക്കുന്നതിലും അതിന്റെ കെട്ടുറപ്പ് തകർക്കുന്നതിലും അടിത്തറകളെ നശിപ്പിക്കുന്നതിലും മാത്രമാണ് റാഫിളികളുടെ പരിശ്രമം’ എന്ന അദ്ദേഹത്തിന്റെ തന്നെ വീക്ഷണവും പ്രസക്തമാണ്. ചരിത്രം പഠിച്ചവർ ഇതിന് എതിരു പറയില്ല, തീർച്ച!
ശിയാക്കൾ മുസ്‌ലിംകളുടെ രക്ഷക്കെത്തും എന്ന് വ്യാമോഹിക്കുന്നവരോട് ഇബ്‌നുതൈമിയ(റഹി) പറഞ്ഞത് ഇതാണ്:
‘മുസ്‌ലിംകളുടെ അതിർത്തികളിലോ അവരുടെ കോട്ടകളിലോ സൈനിക അതിർത്തിയിലോ ഇത്തരക്കാരെ നിയമിക്കുന്നത് വലിയ പാപമാണ്. ആടുകളെ മേയ്ക്കാൻ ചെന്നായ്ക്കളെ ഉപയോഗിക്കുന്നതുപോലെയാണത്. മുസ്‌ലിംകളോടും അവരുടെ ഭരണാധികാരികളോടും ഏറ്റവും വലിയ വഞ്ചന കാണിക്കുന്നവരാണിവർ. രാജ്യത്തെയും ഭരണകൂടത്തെയും ദുഷിപ്പിക്കാൻ ഏറ്റവുമധികം ധൃതി കാണിക്കുന്നവരും ഇവർ തന്നെ.’
ഇതൊക്കെ പഴയതല്ലേ, പുതിയ കാലത്ത് ഇത് ഉദ്ധരിക്കുന്നതിന് പ്രസക്തിയുണ്ടോ എന്ന് ചോദിക്കുന്നവരോട് ‘ശീഇകൾക്ക് എക്കാലത്തും അജണ്ട ഒന്നായിരുന്നു എന്ന ചരിത്ര വസ്തുത പഠിക്കുക’ എന്നു മാത്രമെ പറയാനുള്ളൂ!
അല്ലാഹു തൃപ്തിപ്പെട്ട സ്വഹാബത്തിനെ കാഫിറാക്കലും ഭത്സിക്കലും വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന റാഫിളികളുടെ കൂടെ ഏത് ജിഹാദാണ് ഇഖ്‌വാനികൾ സ്വപ്നം കാണുന്നത്?
സ്വലാഹുദ്ദീൻ അയ്യൂബി (റഹി) ഖുദ്‌സിനെ മോചിപ്പിക്കാൻ തീരുമാനിച്ചവേളയിൽ ഈജിപ്തിലെ റാഫിളികളായ ഫാത്വിമിയ്യ ഭരണകൂടത്തെ തകർക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത് എന്ന ചരിത്രം എക്കാലത്തെയും മുസ്‌ലിംകൾക്ക് വലിയ പാഠമാണ് നൽകുന്നത്.
‘നിങ്ങളുടെ കൂടെ ക്വദ്‌രികൾ യുദ്ധം ചെയ്യാതിരിക്കട്ടെ. കാരണം, അവർ ഉണ്ടെങ്കിൽ നിങ്ങൾ സഹായിക്കപ്പെടുകയില്ല’ എന്ന ഉമർ ബിൻ അബ്ദുൽ അസീസ്(റഹി)യുടെ വാചകവും ചരിത്ര പ്രസിദ്ധമാണ്. ഇവരൊക്കെ കൊട്ടാര പണ്ഡിതരായിരുന്നു എന്ന് ഈ ഖുതുബികൾ പറഞ്ഞ് കൂടായ്കയില്ല. ഫലസ്തീൻ വിഷയത്തിൽ റാഫിളികൾ ഇടപെടുന്നത് അവരുടെ ആശയപ്രചാരത്തിന്റെ ഭാഗമായിട്ടാണ് എന്ന് ശൈഖ് അൽബാനി(റഹി) പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
അതിനാൽ, ഫലസ്തീനികളുടെ പ്രതിസന്ധി നാം തിരിച്ചറിയുന്നതോടൊപ്പം ഫലസ്തീനിൽ ഹമാസിന്റെയും ഇഖ്‌വാനികളുടെയും രാഷ്ടീയ ലക്ഷ്യങ്ങളും നാം കാണാതിരുന്നു കൂടാ. മുസ്‌ലിം സമൂഹത്തിന്റെ ജീവന് വില കൽപിക്കാതെ തങ്ങളുടെ രാഷ്ട്രീയം വിജയിപ്പിക്കാൻ ഹമാസികൾ നടത്തുന്ന അവിവേകങ്ങൾക്ക് വില നൽകേണ്ടിവരുന്നത് പാവം ഫലസ്തീനികൾക്കാണ്. ശീഇകളുമായി ആത്മബന്ധം പുലർത്തുന്നവരിൽനിന്ന് ഈ സമുദായത്തിന് ഒരിക്കലും നന്മ പ്രതീക്ഷിക്കേണ്ടതില്ല. ഈ അപ്രിയ സത്യങ്ങൾ തുറന്ന് പറയുന്നവരെയെല്ലാം മദ്ഖലീ ചാപ്പ കുത്തി പരിഹസിക്കാനല്ലാതെ മറ്റൊന്നിനും ഇത്തരക്കാർക്ക് കഴിയില്ല! ഫലസ്തീൻ ജനതയെ അല്ലാഹു സഹായിക്കട്ടെ! ഫലസ്തീനികളെ വഞ്ചിക്കുന്നവരുടെ കുതന്ത്രങ്ങളെ റബ്ബ് തകർക്കട്ടെ!

