മദ്റസ പ്രസ്ഥാനം; തുടക്കം കുറിച്ചത് സമസ്തയോ?

മൂസ സ്വലാഹി കാര

2025 ജൂൺ 28, 1447 മുഹറം 02

കേരള മുസ്‌ലിം നവോത്ഥാനരംഗത്ത് ശ്രദ്ധേയ കാൽവയ്പാണ്‌ മദ്‌റസ സംവിധാനം. ഓത്തുപള്ളിയുടെ ‘ഇടിമുറി’ സംസ്കാരത്തിൽനിന്ന് ശാസ്ത്രീയ മതപഠനത്തിലേക്കുള്ള പ്രയാണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർ ഇപ്പോൾ അതിന്റെ പിതൃത്വമേറ്റെടുക്കാൻ ആവേശം കാണിക്കുന്നത് കാണുമ്പോൾ സഹതാപമാണ്‌ തോന്നിപ്പോകുന്നത്.

കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ നടന്ന നവോത്ഥാന മുന്നേറ്റത്തിന്റെയെല്ലാം കാരണക്കാർ തങ്ങളാണെന്നു പറഞ്ഞ് പുതുതലമുറയുടെ മുമ്പിൽ ചരിത്രസത്യങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതിൽ മത്സരിക്കുകയാണ് സമസ്തക്കാർ. മത, വിദ്യാഭ്യാസ, സാമൂഹിക മണ്ഡലങ്ങളിൽ ഇന്ന് കാണപ്പെടുന്ന ഉന്നമനത്തിന് നെടുനായകത്വം വഹിച്ച മുജാഹിദ് നേതാക്കളെയും അവരുടെ പ്രയത്‌നങ്ങളെയും ശക്തമായി എതിർക്കാനും തകർക്കാനും ശ്രമിച്ചവരുടെ പിൻഗാമികൾ ഇപ്പോൾ സമുദായത്തിൽ ഇന്നു കാണുന്ന എല്ലാ മാറ്റങ്ങളുടെയും പിന്നിൽ തങ്ങളാണെന്നു വരുത്തിത്തീർക്കാൻ വല്ലാതെ പാടുപെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മദ്‌റസ എന്ന മതപഠന സംവിധാനത്തിന് തുടക്കം കുറിച്ചത് ഞങ്ങളാണ് എന്ന സത്യവിരുദ്ധമായ അവകാശവാദവുമായി ഇരു സമസ്തകളും ഇന്ന് സമൂഹത്തിനു മുന്നിൽ മേന്മ നടിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. ഇസ്‌ലാമികമായ അറിവും ധാർമിക ബോധവുമുള്ള സമൂഹത്തെ വളർത്തിയെടുക്കുന്നതിന് മതപഠനം അത്യന്താപേക്ഷിതമാണെന്നും നിലവിലെ മതപഠന സംവിധാനം പര്യാപ്തമല്ലെന്നുമുള്ള, ശിർക്ക്-ബിദ്അത്തുകൾക്കെതിരിൽ നിലകൊണ്ട പണ്ഡിതന്മാരുടെ തിരിച്ചറിവിന്റെ ഫലമായാണ് മദ്‌റസ സംവിധാനം നിലവിൽ വന്നത്. വെല്ലൂർ ബാക്വിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടെ ദർസ് രീതിക്ക് മാറ്റം വരുത്തി 1909ൽ തുടക്കമിട്ട ഈ സംരംഭത്തെ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണ് സമസ്തയുടെ മുൻഗാമികൾ എന്ന സത്യം പുതുതലമുറ അറിഞ്ഞാലുള്ള നാണക്കേട് മറച്ചുവയ്ക്കാനാണ് തങ്ങളാണ് അത് തുടങ്ങിവച്ചത് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എതിർപ്പുകളെയെല്ലാം ധീരതയോടെ നേരിട്ട് അദ്ദേഹത്തിന്റെ ശിഷ്യന്മാരാൽ മദ്‌റസ സംവിധാനം കൂടുതൽ മെച്ചപ്പെടുകയും വിപ്ലവകരമായിത്തീരുകയും ചെയ്തു എന്നതാണ് യഥാർഥ ചരിത്രം.

ഓത്തുപള്ളികൾ മദ്‌റസകളോ?

ചാലിലകത്തിനെ പിൻപറ്റി പഴയ ഓത്തുപള്ളികളെ മദ്‌റസകളാക്കാൻ നിഷ്പക്ഷരായ ചില മുസ്‌ലിയാക്കന്മാർ പോലും അന്ന് ശ്രമിച്ചതാണ്. എന്നാൽ അതെല്ലാം വിഫലമാവുകയായിരുന്നു. പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ചരിത്രം പറയവെ അവർ എഴുതുന്നു:

“1924 ഒക്ടോബർ 17 ന് താനൂർ ജുമുഅത്ത് പള്ളിയിൽ വെച്ച് നിശ്ചയിച്ച പ്രകാരം പാങ്ങിൽ ഉസ്താദിന്റെ അധ്യക്ഷതയിൽ വലിയ കുളങ്ങര പള്ളിയിൽ വെച്ച് ഒരു പൊതുയോഗം ചേർന്നു. ചരിത്രത്തിൽ ഒരു പുതുയുഗപ്പിറവിയായിരുന്നു അന്ന്. താനൂർ വലിയ കുളങ്ങര ദർസിന് ഇസ്‌ലാഹുൽ ഉലൂം ദർസ് എന്ന് പുനർനാമകരണം ചെയ്തു. തുടർന്ന് മദ്‌റസ പുനരുജ്ജീവനത്തിനും ഫണ്ട് ശേഖരണത്തിനും നടത്തിപ്പിനുമായി അസാസുൽ ഇസ്‌ലാം സഭ എന്ന കമ്മിറ്റി രൂപീകരിക്കാൻ ഈ യോഗത്തിൽ വെച്ച് ധാരണയാവുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു’’ (പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ/പേജ് 75).

പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ ചരിത്രം രേഖപ്പെടുത്തിയതിലും ഇത് കാണാം: “1951ൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുന്നതിന് മുമ്പേ ഈ രംഗത്ത് പ്രസ്ഥാനം വലിയ മുന്നേറ്റം നടത്തിയിരുന്നു എന്നത് യാഥാർത്ഥ്യമാണ്. സമസ്തയുടെ സ്ഥാപക നേതാവായിരുന്ന പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ 1924ൽ തന്നെ താനൂരിൽ ഇസ്‌ലാഹുൽ ഉലൂം മദ്‌റസക്ക് തുടക്കം കുറിച്ചിട്ടുണ്ട്’’ (പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാർ/പേജ് 121,122).

‘ദർസു’കളെയെല്ലാം ‘മദ്‌റസ’ എന്നു വിശേഷിപ്പിച്ചാണ് തങ്ങൾ മതവിദ്യാഭ്യാസ വിപ്ലവത്തിന്റെ വക്താക്കളാണെന്നു വരുത്താൻ സമസ്തക്കാർ വൃഥാ ശ്രമം നടത്തുന്നത്. ചാലിലകത്തിന്റെ വഴിയെ നടക്കാൻ സമസ്തക്ക് വർഷങ്ങൾ പിന്നിടേണ്ടി വന്നു എന്നതാണ് ശരി. അന്നുണ്ടായിരുന്ന ഓത്തുപള്ളികളുടെ ശോചനീയാവസ്ഥ എത്രത്തോളമായിരുന്നു എന്നത് ഇവർ മറച്ചുവയ്ക്കുകയും ചെയ്യുന്നു. ഈ.മൊയ്തു മൗലവി തന്റെ ആത്മകഥയിൽ പറയുന്നു:

“പള്ളിപ്പഠനത്തിനു യാതൊരു സിലബസും പരിപാടിയുമുണ്ടായിരുന്നില്ല. പത്തുകിതാബ് എന്ന പുസ്തകം വെച്ചാണ് പഠനം ആരംഭിക്കുന്നത്. ആ പുസ്തകം കുട്ടികളിൽ എന്തു മാറ്റമാണ് ഉണ്ടാക്കുകയെന്നൊന്നും നോക്കാറില്ല. അതുമായി കുറേകാലം മൽപ്പിടുത്തം നടത്തിയ ശേഷം ഗ്രാമറിലേക്ക് പ്രവേശിക്കുന്നു. വളരെ കാലം വ്യാകരണം പഠിക്കാനായി വിനിയോഗിച്ച ശേഷം വീണ്ടും മതനിയമങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളെ ശരണം പ്രാപിക്കുന്നു. ഇങ്ങനെ ജീവിതത്തിലെ നല്ലൊരു ഭാഗം യാതൊരു ചിട്ടയും ശാസ്ത്രീയതയുമില്ലാത്ത പഠനത്തിൽ ഏർപ്പെടുകമൂലം പാഴായിപ്പോകുന്നു. പള്ളിയിലെ ഇത്തരം പഠനംകൊണ്ടു പറയത്തക്ക പ്രയോജനം ആർക്കും ഉണ്ടാകുന്നില്ല. ഈ ദുഷിച്ച നിലയ്ക്കു മാറ്റം വരുത്താൻ ശ്രമിച്ചവർക്കു യാഥാസ്ഥിതികൻമാരിൽനിന്നും വിവിധ തരത്തിലുള്ള മർദ്ദനങ്ങൾക്കിരയാകേണ്ടിവന്നു’’ (പേജ് 11,12).

യാഥാർഥ്യം അംഗീകരിക്കാത്തവർ

ഒരു മുസ്‌ലിയാർ എഴുതുന്നു: “എല്ലാ നന്മകളുടെയും പിതൃത്വം കൈവശപ്പെടുത്താൻ എന്തു നുണയും പടച്ചുവിടുന്നവരാണ് ബിദഇകൾ’’ (സുന്നിവോയ്‌സ്/2025 ഏപ്രിൽ1-15/പേജ് 15).

ബിദ്അത്തിൽ മുങ്ങിക്കുളിച്ചവർ സലഫികളെ ആക്ഷേപിക്കാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന വാക്കാണ് ബിദഇകൾ എന്നത്. നാളിതുവരെ ചെയ്യാത്ത നന്മകളുടെ അവകാശവാദം മുജാഹിദുകൾ നടത്തിയിട്ടില്ല. സമുദായത്തിനു വേണ്ടി ചെയ്തതു തന്നെ എണ്ണിപ്പറയാൻ ധാരാളമുണ്ടായിരിക്കെ ചെയ്യാത്തതിന്റെ പേരിൽ മേനി നടിക്കേണ്ട ആവശ്യം മുജാഹിദുകൾക്കില്ല. ഇസ്‌ലാഹി പ്രസ്ഥാനം നടത്തിയ നിസ്തുലമായ സേവനങ്ങളിൽ വെറുപ്പ് പൂണ്ട, ബിദ്അത്തുകളുടെ ആചാര്യന്മാർ നവോത്ഥാന പ്രവർത്തനങ്ങളെ പിഴച്ച മാർഗമായും പുത്തനാശയമായും ചാപ്പകുത്തിയിരുന്നു എന്നത് ചരിത്രസത്യമാണ്.

മക്തി തങ്ങൾ, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ നവോത്ഥാന പരിശ്രമങ്ങളിൽ ആകൃഷ്ടരായ കെ.എം മൗലവി, ഇ.കെ മൗലവി, പി.കെ മൂസ മൗലവി, ഈ മൊയ്തു മൗലവി... തുടങ്ങിയവർ അന്നൊഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഇന്ന് കേരളത്തിലെ എല്ലാ മുസ്‌ലിംകളും ആസ്വദിക്കുന്നത്. കണ്ണടച്ചാൽ ഇരുട്ടാവുകയില്ലെന്ന് സമസ്തക്കാർ തിരിച്ചറിയണം.

പരിഷ്‌ക്കർത്താവായ ചാലിലകത്തിനെ സമസ്തക്കാരനാക്കി അവതരിപ്പിക്കാൻ ശ്രമിച്ചും പള്ളിദർസുകളുടെ മറ്റൊരു മുഖമാണ് മദ്‌റസകളെന്ന് ജൽപിച്ചുമാണ് ഇവർ മദ്‌റസ പ്രസ്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത്.

“ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സമസ്തയുടെ കീഴിൽ വ്യവസ്ഥാപിതമായ മദ്‌റസാ ശൃംഖലയ്ക്ക് തുടക്കം കുറിച്ചത് തന്റെ എല്ലാ ഗുണങ്ങളും സമ്മേളിച്ച ശിഷ്യൻ പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരിലൂടെയായിരുന്നു’’(പറവണ്ണ/പേജ് 121).

“മദ്‌റസാ സംവിധാനത്തിൽ വഹാബികളെ അനുകരിക്കുകയായിരുന്നു സുന്നികളെന്ന അവകാശ വാദം മറ്റൊരു നുണയാണ്. ഇത് സ്ഥാപിക്കാനായി ചാലിലകത്തിനെ വഹാബിയാക്കുകയാണ് ബിദഇകൾ ചെയ്യാറുള്ളത്. പക്ഷേ, കുഞ്ഞഹമ്മദ് ഹാജി ഒരിക്കലും വഹാബിയായിരുന്നില്ല. ഈ വ്യാജം വസ്തുതാപരമായി തെളിയിക്കാൻ മുജാഹിദുകൾക്ക് സാധിക്കുകയുമില്ല. 1909ലാണ് അദ്ദേഹം വാഴക്കാട്ട് മദ്‌റസ ആരംഭിക്കുന്നത്. വഹാബി പ്രസ്ഥാനം രൂപംകൊണ്ടത് 1921ലും. അപ്പോഴേക്കും മഹാൻ വഫാത്തായിരുന്നു. 1921ൽ ജനിച്ച മുജാഹിദുകൾ 1909ൽ ഉൽഭവിച്ച മദ്‌റസയുടെ പിതാക്കളാകുന്നതെ ങ്ങനെയാണ്’’ (സുന്നിവോയ്‌സ്/2025 ഏപ്രിൽ1-15/പേജ് 16).

മുജാഹിദ് പ്രസ്ഥാനം എന്നുണ്ടായി എന്നല്ല, ചാലിലകത്തിന്റെ ആദർശം എന്തായിരുന്നു എന്നും അദ്ദേഹം സ്ഥാപിച്ച മദ്‌റസ പ്രസ്ഥാനത്തോട് ഇവരുടെ മുൻഗാമികൾ എന്തു നിലപാടാണ് സ്വീകരിച്ചത് എന്നുമാണ് നോക്കേണ്ടത്. ചാലിലകത്തിനെ തലയിലേറ്റുമ്പോൾ ഉറ്റ മിത്രങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? വാഴക്കാട്ടെ മദ്‌റസക്കെതിരെ പുരോഹിതവർഗം പ്രകടിപ്പിച്ച കലിപ്പ് എത്ര കടുത്തതായിരുന്നു എന്നത് അനുഭവസ്ഥനായ ഇ.മൊയ്തു മൗലവി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്:

“വാഴക്കാട് മദ്റസക്ക് ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. പക്ഷേ, അതിന്റെ നടത്തിപ്പ് ഒട്ടും തൃപ്തികരമായിരുന്നില്ല. പുതിയ നിലയിലുള്ള പഠനസമ്പ്രദായം നടപ്പാക്കണമെന്നു ചിലർക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അക്കാലത്തെ മുതവല്ലിയായിരുന്ന കൊയപ്പത്തൊടി അഹ്‌മദ്കുട്ടി ഹാജി മുന്നോട്ടുവന്നു. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് വ്യവസ്ഥപ്പെടുത്തി. നവീന രീതിയിലുള്ള ഒരു മദ്റസയും ആരംഭിച്ചു. പെൻസിൽ, ഫൗണ്ടൻ പെൻ, ബ്ലാക്ക് ബോർഡ്, കടലാസ് എന്നീ പഠനോപകരണങ്ങൾ മദ്‌റസാ ഹാളിൽ സ്ഥലം പിടിച്ചു. മുസ്‌ലിയാക്കന്മാർ വിറളി പൂണ്ടു. ഫത്‌വകൾ പുറപ്പെടുവിച്ചു. മദ്‌റസാ നടത്തിപ്പുകാരനായിരുന്ന മാന്യൻ യാഥാസ്ഥിതിക പണ്ഡിതൻമാരുടെ വലയിൽ അകപ്പെട്ടുപോയി. ഒടുവിൽ ദാറുൽഉലൂം അറബി വിദ്യാലയം; മൗലവി കുഞ്ഞഹ്‌മദ് ഹാജിക്കും ശിഷ്യഗണത്തിനും മറ്റ് അധ്യാപകർക്കും ഉപേക്ഷിക്കേണ്ടതായി വന്നു. ഈ ദുഃസ്ഥിതി സംജാതമായത് കള്ളഫത്‌വയുടെ ഫലമായിട്ടത്രെ’’(പേജ് 13).

മദ്‌റസ പ്രസ്ഥാനത്തിന്റെ അവകാശികളും തുടർച്ചക്കാരും സലഫി നേതാക്കന്മാരായിരുന്നു എന്നതിനുള്ള വലിയ തെളിവ് തന്നെയാണിത്. ചാലിലകത്ത് ഇവരുടെ പുരോഹിതന്മാരുടെ കൂടെയായിരുന്നുവെങ്കിൽ അദ്ദേഹത്തിനെതിരെ ‘കള്ള ഫത്‌വ’ പുറപ്പെടുവിച്ചതും മർദിച്ചതും എന്തിനു വേണ്ടിയായിരുന്നു? ചാലിലകത്തിന്റെ ശിഷ്യന്മാർ മദ്‌റസയുടെ പ്രചാരണത്തിനായി നാനാഭാഗങ്ങളിലേക്കും പോയപ്പോൾ അതിനും ഇടംകോലിടാൻ ശ്രമിച്ച മുസ്‌ലിയാക്കന്മാരുണ്ട്. സമസ്തക്കാർ മറച്ചുവച്ചതുകൊണ്ട് ഇത്തരം സത്യങ്ങളൊന്നും അസത്യങ്ങളായി മാറുകയില്ല.

മദ്‌റസ വിരോധത്തിന്റെ അനിഷേധ്യ തെളിവുകൾ

“മദ്‌റസാ സംവിധാനത്തിനെതിരെയായിരുന്നില്ല പണ്ഡിതർ സംശയമുന്നയിച്ചത്. കാരണം അത് നേരത്തെ തന്നെ കേരളത്തിൽ നടന്നു വരുന്നതാണല്ലോ. പുതിയ സംവിധാനത്തിലെ ചില സൂക്ഷ്മതക്കുറവുകളെയായിരുന്നു ഏതാനും പണ്ഡിതർ എതിർത്തത്, അല്ലാതെ ആ സംവിധാനത്തെ മൊത്തത്തിലല്ല’’ (സുന്നിവോയ്‌സ്/2025 ഏപ്രിൽ 1-15/പേജ് 16).

“കേരളീയ മുസ്‌ലികളുടെ സർവോന്മുഖ പുരോഗതിയുടെ നട്ടെല്ലാണ് മദ്‌റസ പ്രസ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചപ്പോൾ അത് പൊതുസമൂഹത്തിൽ ആദ്യവിളംബരം നടത്തിയതും മാർഗരേഖ തയ്യാറാക്കിയതും വിജയകരമായി നടപ്പിലാക്കിയതും മൗലാനാ പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരായിരുന്നു. ഈ അർത്ഥത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ നവോത്ഥാന നായകൻ എന്ന് അദ്ദേഹത്തെ വിളിക്കാവുന്നതാണ്. തന്റെ ഗുരുവര്യനായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്കു പോലും വിജയകരമായി നടപ്പിൽ വരുത്താൻ കഴിയാതെ പോയ സംരംഭങ്ങളാണ് ലക്ഷക്കണക്കിനു വരുന്ന മുസ്‌ലിം ജനസാമാന്യം മൗലാനയുടെ പ്രയത്‌നങ്ങളാൽ നെഞ്ചിലേറ്റിയത്. അർഹിക്കുന്ന ആദരവുകളോ സ്മരണകളോ അദ്ദേഹത്തിന്റെ മരണശേഷം നിലനിർത്താൻ ആർക്കും കഴിയാതെ പോയി എന്നത് ഖേദകരമാണ്’’ (പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാർ/പേജ് 70).

‘കേരളീയ മുസ്‌ലിംകളുടെ സർവോന്മുഖ പുരോഗതിയുടെ നട്ടെല്ലാണ് മദ്‌റസ പ്രസ്ഥാനം’ എന്ന് ഇവർ സമ്മതിച്ചത് നല്ല കാര്യം. എന്നാൽ അതിനുവേണ്ടി ത്യാഗം സഹിച്ച ചാലിലകത്തിനെക്കാൾ വലിയ നവോത്ഥാന നായകനാണത്രെ പറവണ്ണ മുസ്‌ലിയാർ!

ഓത്തുപള്ളികളെ മദ്‌റസകളാക്കിയതിലും സിലബസിൽ വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയതും ദഹിക്കാത്തവർ അന്നുണ്ടായിരുന്നു എന്ന് സമസ്തക്കാർ തന്നെ തുറന്നെഴുതുന്നു:

“കേരളത്തിൽനിന്നും ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോയ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(1866-1919) ആ ആശയവുമായി കേരളത്തിലെത്തി. 1909ൽ ഹൈഅത്ത് (ഗോളശാസ്ത്രം), മൻത്വിഖ് (തർക്കശാസ്ത്രം), ഫൽസഫ (തത്വശാസ്ത്രം), ഹന്തസ

(ജ്യോമട്രി) തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പുതിയ ഒരു സിലബസുണ്ടാക്കി വാഴക്കാട് ദാറുൽ ഉലൂമിൽ ആധുനിക സംവിധാനത്തിലുള്ള മതവിദ്യാഭ്യാസ സംവിധാനത്തിനു തുടക്കം കുറിച്ചു. ദാറുൽ ഉലൂമിന്റെ സിലബസും പഠന സംവിധാനങ്ങളും ഏറെ പുതുമ നിറഞ്ഞതായിരുന്നത് കൊണ്ടു തന്നെ അതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങളുണ്ടായി’’ (പാങ്ങിൽ അഹമദ് കുട്ടി മുസ്‌ലിയാർ/പേജ് 91).

“പള്ളികൾ കേന്ദ്രീകരിച്ചുള്ള ദർസ് പഠനം സജീവമായി നിലനിന്നിരുന്നു. മദ്‌റസ പ്രസ്ഥാനം വളർന്നാൽ ദർസുകൾ നിർജ്ജീവമാകുമെന്നൊരു പ്രചരണം ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു. മദ്‌റസ എന്നതിന് ‘മാ ദർസ്’ (ദർസ് ഇല്ല) എന്ന നിർവചനം പോലും പലരും ഉയർത്തിക്കാട്ടി’’ (പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാർ/പേജ് 70).

ശിർക്ക്-ബിദ്അത്തുകൾക്കെതിരായി നിലകൊള്ളുന്ന അധ്യാപകരെ പുറത്താക്കാൻ ഇവർ പ്രത്യേക പ്രമേയം തന്നെ ഇറക്കിയിരുന്നു:

“സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തുടക്ക കാലത്ത് കേരളത്തിലെ പ്രാഥമിക മത വിദ്യാഭ്യാസ രീതി ഇങ്ങനെയായിരുന്നു. സംഘടനയുടെ സമയബന്ധിതമായ ഇടപെടലുകൾ ഈ രംഗത്തുണ്ടായിരുന്നു. നവീന ചിന്താഗതിക്കാർ വിദ്യാലയങ്ങളിൽ അദ്ധ്യാപകരായി എത്തുന്നത് പാരമ്പര്യ വിശ്വാസത്തിന് ഭീഷണി സൃഷ്ടിച്ചു. ഇതിനെതിരെ കൃത്യമായ ബോധവൽക്കരണവുമായി സമസ്ത രംഗത്തുവന്നു. 1933 ൽ ഫറോക്കിൽ ചേർന്ന സമസ്ത ആറാം സമ്മേളനത്തിലെ അഞ്ചാം പ്രമേയം കാണുക: ‘ഇപ്പോൾ പരിഷ്‌കരിച്ച രീതിയിൽ നടത്തിവരുന്ന മദ്‌റസകളിലെ വിദ്യാർത്ഥികൾക്കു ഖാദിയാനിയ്യ, വഹാബിയ്യ മുതലായ വിശ്വാസങ്ങൾ പഠിപ്പിക്കുക മൂലമാണ് സമുദായത്തിൽ ഭിന്നിപ്പും അനിസ്‌ലാമികമായ വിശ്വാസങ്ങളും ഉണ്ടായിത്തീരുവാനുള്ള പ്രധാന കാരണമെന്നു ഈ യോഗം അഭിപ്രായപ്പെടുകയും അതുകൊണ്ടു തന്നെ ഗുരുനാഥൻമാരെ നിശ്ചയിക്കുമ്പോൾ അവർ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൽ പെട്ടവരോ അല്ലയോ എന്ന് നല്ലവണ്ണം ആലോചിക്കണമെന്നും ഈ യോഗം കേരളത്തിലെ മദ്‌റസ ഭാരവാഹികളോടു അപേക്ഷിക്കുകയും കോഴിക്കോട്ടെ മദ്‌റസത്തുൽ മുഹമ്മദിയ്യയിൽ കുട്ടികളുടെ മതവിശ്വാസങ്ങൾക്കു ഹാനി തട്ടിക്കുന്നുണ്ടെന്നു കണ്ട ഉടനെ അത്തരം ഗുരുനാഥന്മാരെ മദ്‌റസയിൽ നിന്നും പിരിച്ചയച്ച ബഹദൂർ ജി.വി അലി ബറാമി സാഹിബ് ബഹാദൂറിന്റെ മാതൃകായോഗ്യമായ പ്രവർത്തിയെ ഈ യോഗം അഭിനന്ദിക്കുകയും ചെയ്യുന്നു’’ (പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാർ/ പേജ് 123,124)

ചാലിലകത്ത് കൊണ്ടുവന്നതു പോലുള്ള സിലബസ് ക്രമീകരണത്തെപ്പറ്റി സമസ്ത ആലോചിക്കാൻ തുടങ്ങിയത് പോലും 1947ലെ മീഞ്ചന്ത സമ്മേളനത്തോടെയാണ്.

“കേരളത്തിലെ പ്രാഥമിക മദ്‌റസകൾക്ക് ശരിയായ ഒരു പാഠ്യപദ്ധതി ഇല്ലാത്തതിനാൽ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ യഥാർത്ഥ വിശ്വാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിലബസ് തയാറാക്കി അതനുസരിച്ചുള്ള പാഠപുസ്തകങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖേന വിതരണം ചെയ്യാനും തീരുമാനിച്ചു’’ (പറവണ്ണ/പേജ് 125).

അഹ്‌ലുസ്സുന്നയുടെ യഥാർഥ ആശയാദർശം പഠിപ്പിക്കുന്നതിനെ ഇവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. അതുകൊണ്ട് പിഴച്ച വിശ്വാസങ്ങൾ കുത്തിനിറച്ച സിലബസ് തയ്യാറാക്കാൻ അവർ നിർബന്ധിതരായി.

സമസ്തയുടെ മദ്‌റസ സംവിധാനത്തിന്റെ ‘കാര്യപ്പെട്ട’ ആളായി കണക്കാക്കപ്പെടുന്ന എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാരെക്കുറിച്ച് എളുതുന്നു:

“മതപഠനത്തിന് മദ്‌റസ എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ട് വിദ്യാഭ്യാസ ബോർഡിന്റെ പിറവിക്കു അടിത്തറയായ ലേഖനം 1951ൽ അൽബയാനിൽ എം.എ ഉസ്താദ് എഴുതി’’ (സുന്നിവോയ്‌സ്/2015 മാർച്ച് 1-15/പേജ് 12).

മദ്‌റസ എന്ന ആശയം എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെതാണത്രെ! ചാലിലകത്താണ് എന്ന് ഇവർതന്നെ എഴുതിയതും നാം കണ്ടു. ഏതായാലും 1951ലാണ് മദ്‌റസ സംവിധാനത്തിലേക്ക് ഇവർ കുടിയേറുന്നത്.

1990 സെപ്തംബർ 11 ലക്കം രിസാലയിൽ വന്നത് വായിക്കാം: “പണ്ട് വീറോടെ വാദിച്ച് എതിർത്ത പല കാര്യങ്ങളും പിൽക്കാലത്ത് അംഗീകരിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ മദ്‌റസ പ്രസ്ഥാനത്തെ എതിർത്ത നമുക്കാണ് ഇന്ന് കേരളത്തിൽ ഏറ്റവുമധികം മദറസ്സകളുള്ളത്.’’

2005 മാർച്ച് 11 ലക്കം രിസാലയിൽ എഴുതിയത് കാണുക: “ഓത്തു പള്ളിക്കു പകരം മദ്രസയും മുസ്‌ലിയാർക്കു പകരം മൗലവിയുമൊക്കെ ഇറക്കുമതി ചെയ്തത് അവരാണ്’’ (പേജ് 54).

“അവർ പുതിയ വാദങ്ങളുമായി സംഘടനക്ക് രൂപം നൽകിയപ്പോൾ അവിടെയും സംഘടനകൊണ്ട് നേരിടേണ്ടി വന്നു. പരമ്പരാഗത പള്ളി ദർസുകളെയും ഓത്തുപള്ളികളെയും തകർക്കാനായി മദ്‌റസകളും കോളേജുകളും ഉണ്ടാക്കി’’ (സുന്നിവോയ്‌സ്/2003 ജൂലൈ 16-31).

മദ്‌റസ എന്ന പേരിനോടുതന്നെ സുന്നി പൗരോഹിത്യത്തിന് അലർജിയായിരുന്നു എന്നതിന് ചില തെളിവുകൾ കാണുക:

1. രിസാലയിൽ എഴുതുന്നു: “മാതൃഭാഷയിൽ ഖുതുബ വേണമെന്ന മുറവിളി ഉയർത്തുമ്പോൾ തന്നെ മലയാളത്തനിമയിൽ നിന്നു മാറി സ്ഥാനത്തും അസ്ഥാനത്തും അറബിവൽക്കരിക്കാനുള്ള ത്വര വഹാബികൾ കാട്ടി. ഓത്തു പള്ളിക്ക് പകരം മദ്‌റസയും മുസ്‌ല്യാർക്ക് പകരം മൗലവിയുമൊക്കെ ഇറക്കുമതി ചെയ്തത് അവരാണ്’’ (രിസാല വാരിക, 2005 മാർച്ച് 11).

2. അൽഇർഫാദ് മാസികയിൽ എഴുതുന്നു: “ഖുനൂത്ത് ഓതിയിരുന്ന മുസ്‌ലിമിനോട് വഹാബി ചോദിച്ചത് ഇസ്‌ലാമിന്റെ ഈറ്റില്ലമായ അറേബ്യയിലില്ലാത്ത ആചാരമെന്തിനാണ് നിങ്ങൾ പിന്തുടരുന്നത് എന്നാ യിരുന്നു. ചിലർ അത് പ്രമാണമാക്കുകയും അറേബ്യയിലില്ലാത്തതെല്ലാം ഉപേക്ഷിക്കുകയും ചെയ്തു. ഓത്തു പള്ളിയും മുസ്‌ല്യാരും പോയി മദ്‌റസയും മൗലവിയും വന്നു’’ (2002 ഒക്ടോബർ).

കാര്യം വളരെ വ്യക്തം. എന്നിട്ടും ഞങ്ങളാണ് മദ്‌റസ പ്രസ്ഥാനത്തിന്റെ ശിൽപികൾ എന്ന് അവകാശപ്പെടാൻ ചർമകാഠിന്യം കുറച്ചൊന്നും പോരാ!

അവകാശപ്പെടാൻ അർഹതയില്ലാത്ത കാര്യത്തെ ‘കള്ളപ്രചാരണം’ എന്നു പറഞ്ഞ് സ്വന്തമാക്കാനുള്ള മുസ്‌ലിയാരുടെ ശ്രമം കൂടി കാണുക:

“മദ്‌റസ സംവിധാന രംഗത്ത് കേരളത്തിലെ സുന്നികൾ വഹാബികളെ ചാണിനു ചാണ് പിന്തുടർന്നുവെന്നത് മുജാഹിദുകളുടെ കള്ളപ്രചാരണമാണ്. മദ്‌റസാ സംവിധാനത്തിലുണ്ടായ പരിഷ്‌കരണങ്ങൾക്കത്രയും സുന്നീ പണ്ഡിതന്മാർ തന്നെയാണ് നേതൃത്വം നൽകിയത്. വഹാബികൾ അത് പിന്തുടരുക മാത്രമായിരുന്നു’’ (പേജ് 17).

മദ്‌റസ സംവിധാനത്തെ എതിർത്തും പരിഹസിച്ചും പാട്ടുകളെഴുതി പാടിനടന്ന മുസ്‌ലിയാക്കന്മാർ സമസ്തയിൽ ഉണ്ടായിട്ടുണ്ട്. മദ്‌റസയുടെ പ്രചരണത്തിന് മുൻമ്പിൽ നിന്ന പി.കെ മൂസ മൗലവിയെ പരിഹസിച്ചുകൊണ്ട് മുയിപ്പോത്ത് അരീക്കൽ അമ്മദ് മുസ്‌ലിയാർ എഴുതിയ വരികൾ ഇങ്ങനെയാണ്:

“ഇബ്‌ലീസ് മദ്‌റസയിട്ടു ഫീ അർദില്ലാ
നാടാകെ ദീന് നടത്തി ലഅ്‌നതുല്ലാ
മീമുൻ ലി മദ്‌റസതിൻ വ മീമു ജഹന്നമീ
ഒന്നാണ് ചങ്ങാതീ ബിലാ തവഹ്ഹുമീ
മൂസാ നബിക്കെതിരായി പണ്ടൊരു മൂസാ
ഇസ്‌ലാമിന്നെതിരാണിന്ന് കുഞ്ഞിമ്മൂസാ
ഒരു കാലത്തും ലാ തജ്അലുൽ ബനീന
മദ്‌റസ വഴിയിൽ യതഅല്ലമൂനാ
മൗലൂദിനും തടസ്സമല്ലേ ഖാലൂ
ഉണ്ടോ ഇവർക്ക് നാല് കാലും വാലും?!’’

ഉള്ളടക്കം മദ്‌റസ വിരോധമാക്കിയിട്ടുള്ള ഈ വരികൾ സമസ്തയുടെ പണ്ഡിതന്മാരെ ഇന്നും വേട്ടയാടുന്നുണ്ട്. അത് മറച്ചുവയ്ക്കാൻ ഇത്തരം പാട്ടുകളൊക്കെ മുജാഹിദുകളുടെ കള്ള പ്രചാരണമാണെന്ന് പറഞ്ഞുനടക്കുകയാണിപ്പോൾ.

“ചാലിലകത്തിന്റെ മദ്‌റസാ പരിഷ്‌കരണത്തെ ആക്ഷേപിച്ച് സുന്നികൾ പാട്ടു പാടി നടന്നിരുന്നുവെന്ന് സ്റ്റേജിലും പേജിലും മൗലവിമാർ തള്ളിമറിക്കാറുണ്ട്. കാലങ്ങളായി കേൾക്കുന്ന ഈ പഴിയുടെ നിജ സ്ഥിതി പരിശോധിച്ചാൽ മുജാഹിദുകളുടെ കള്ള പ്രചാരണത്തിന്റെ കള്ളി പിന്നെയും പുറത്തു ചാടും’’ (സുന്നിവോയ്‌സ്/പേജ് 18).

എന്നാൽ അതേ ലേഖനത്തിൽതന്നെ മുസ്‌ലിയാർ അറിയാതെ സത്യം തുറന്നു പറയുന്നത് കാണുക: ‘1923ൽ ഐക്യസംഘം രൂപീകരിച്ചതിനെ തുടർന്ന് വഹാബിസം പ്രചരിപ്പിക്കാൻ കുഞ്ഞി മൂസ മൗലവി മേപ്പയൂരിൽ സ്ഥാപിച്ച വഹാബി മദ്‌റസക്കെതിരെയാണ് അവിടുത്തെ ഖാളിയായ അഹ്‌മദ് മുസ്‌ലിയാർ പാട്ടുണ്ടാക്കിയത്’’ (സുന്നിവോയ്‌സ്/പേജ് 19).

നന്മക്ക് നേരെയുള്ള ആ മുസ്‌ലിയാരുടെ കൊഞ്ഞനം കുത്തലിനെ സുന്നി വോയ്‌സ് ലേഖകൻ അനുമോദിക്കുന്നത് കാണുക: “വിശ്വാസവും കർമവും നശിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മദ്‌റസകളെ തൊട്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കുന്ന ഈ പാട്ട് ഇന്നും പ്രസക്തമാണ്’’ (സുന്നി വോയ്‌സ്/പേജ് 20).

ചരിത്ര വസ്തുതകൾ മായ്ക്കപ്പെടാതെ നിലനിൽക്കെ ഇവർക്ക് ചിലപ്പോൾ സത്യം വിളിച്ചുപറയേണ്ടിവരുന്നു. മറ്റു ചിലപ്പോൾ സത്യത്തെ നിഷേധിക്കേണ്ടിവരികയും ചെയ്യുന്നു.

ക്വുർആൻ നൽകിയ താക്കീതാണ് ഇവരെ ഓർമിപ്പിക്കാനുള്ളത്: “വേദഗ്രന്ഥത്തിൽനിന്ന് ഒരു വിഹിതം നൽകപ്പെട്ടവരെ നീ കണ്ടില്ലേ? അവർ ദുർമാർഗം വിലയ്ക്ക് വാങ്ങുകയും നിങ്ങൾ വഴിതെറ്റിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങൾക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി’’ (4:44,45).