RSS ദർശനവും ബഹുസ്വരതയും
മുജീബ് ഒട്ടുമ്മൽ
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

നമസ്‌തേ സദാ വത്സലേ മാതൃഭൂമേ’ എന്ന് തുടങ്ങുന്ന ആർഎസ്എസിന്റെ പ്രാർഥനാ മന്ത്രത്തിൽ ബഹുസ്വരതയെ നിരാകരിച്ചുകൊണ്ടുള്ള ദർശനമാണ് അവരുടെതെന്ന് വ്യക്തമാക്കുന്നുണ്ട്. ‘എപ്പോഴും വാത്സല്യം ചൊരിയുന്ന മാതൃഭൂമിക്ക് എന്റെ നമസ്‌കാരം. ഹിന്ദുഭൂമിയായ നിന്നാൽ ഞാൻ സന്തോഷത്തോടെ വളർത്തപ്പെട്ടു. ഈ മംഗളകരവും പുണ്യകരവുമായ ഭൂമിക്കുവേണ്ടി എന്റെ ശരീരം സമർപ്പിക്കുന്നു. നമസ്‌കാരം നമസ്‌കാരം.’
‘ശക്തിയുള്ള പ്രഭോ, ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമായ ഞങ്ങൾ നിന്നെ ആദരവോടെ വന്ദിക്കുന്നു. നിന്റെ കാര്യത്തിനായി (ലക്ഷ്യത്തിനായി) ഞങ്ങൾ അരക്കെട്ടുറപ്പിച്ചിരിക്കുന്നു. ആ ലക്ഷ്യം പൂർത്തിയാക്കാൻ ഞങ്ങൾക്ക് സുഖാശംസകൾ നൽകുക.’
പ്രാർഥനാമന്ത്രങ്ങളിലെ തുടർന്നുവരുന്ന വരികളുടെ ആശയ സംക്ഷിപ്തമാണിത്. ഹിന്ദുമതത്തിന്റെയും ഹൈന്ദവ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും സർവോൻമുഖമായ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഞാൻ ആർഎസ്എസിൽ അംഗമാകുന്നത് എന്ന് ‘സർവ ദൈവങ്ങളുടെയും’ പിതാമഹന്മാരുടെയും പേരിൽ ഓരോ അംഗവും പ്രതിജ്ഞയെടുക്കുകയാണിവിടെ. ഹിന്ദു രാഷ്ട്രത്തോടും ഹിന്ദുത്വ രാഷ്ട്രീയത്തോടുമുള്ള പ്രതിബദ്ധതയാണ് ഇതിൽ പ്രകടമാകുന്നത്.
1939ൽ വർധയ്ക്കടുത്തുള്ള സിന്ധിയിൽ നടന്ന ഒരു യോഗത്തിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ നിർദേശ പ്രകാരം നാഗ്പൂരിലെ സംസ്‌കൃത പ്രൊഫസറായിരുന്ന നരഹരിനാരായണ ഭിഡെയാണ് ഈ പ്രാർഥന രചിച്ചത്. 1923ൽ വി.ഡി സവർക്കർ എഴുതിയ ‘ഹിന്ദുത്വ’ എന്ന പുസ്തകമാണ് ആർഎസ്എസിന്റെ ആശയഗതികൾക്ക് അടിസ്ഥാനമായിത്തീർന്നത്. ആ പുസ്തകം പ്രധാനമായും മുന്നോട്ടുവെക്കുന്നത് ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ്. ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശങ്ങൾ തങ്ങളുടെ പുണ്യസ്ഥലമായി കണക്കാക്കുന്നവരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശ്വാസികൾ എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മറ്റു മതവിശ്വാസികളെയും മതനിരപേക്ഷ ചിന്താഗതിക്കാരെയും അന്യരായി പ്രഖ്യാപിക്കുന്ന കാഴ്ചപ്പാടാണ് ‘ഹിന്ദുത്വ’ മുന്നോട്ടുവെക്കുന്നത്. ഹിന്ദുസ്ഥാനെ മോചിപ്പിക്കാൻ ഹിന്ദുക്കൾക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്നും ഹൈന്ദവ ശേഷിക്കു മാത്രമെ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ ആവുകയുള്ളൂവെന്നും ഹിന്ദുത്വശക്തികൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ ലക്ഷ്യസാക്ഷാത്കാരത്തിന് സ്വഭാവ ശുദ്ധിയുള്ളവരും മാതൃഭൂമിയോട് അങ്ങേയറ്റം കൂറുള്ളവരുമായി യുവാക്കളെ വളർത്തിയെടുക്കാൻ അവർ ആഹ്വാനം ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് 1925ൽ ഹെഡ്‌ഗെവാർ ഏതാനും ആഢ്യബ്രാഹ്‌മണരുമായി ചേർന്ന് ആർഎസ്എസ് എന്ന സംഘടനക്ക് രൂപം നൽകിയത്. സവർക്കറുടെ പുസ്തകത്തിൽ ഹിന്ദുത്വം എന്താണെന്ന് കൃത്യമായി നിർവചിക്കുന്നുണ്ട്: “ഹിന്ദുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന പിതൃ രാജ്യത്തോടുള്ള അവരുടെ സ്‌നേഹമോ അവരുടെ ശരീരത്തിൽ ഒഴുകുന്ന പൊതുരക്തമോ അല്ല. നമ്മുടെ മഹത്തായ സംസ്‌കാരത്തോട്, അതായത് ഹൈന്ദവ സംസ്‌കാരത്തോട് നമുക്കുള്ള പൊതുവായ ആദരവ് കൂടിയാണ്.’’
ഈ വാക്കുകളിലൂടെ അദ്ദേഹം പറയാൻ ശ്രമിക്കുന്നത് ഭൂമിശാസ്ത്രപരമായ ഐക്യം, വംശീയ സ്വഭാവം, പൊതുവായ സംസ്‌കാരം എന്നീ മൂന്ന് സ്തംഭങ്ങളിലാണ് ഹിന്ദുത്വം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് എന്നാണ്.
ഇന്ത്യ ആരുടെതെന്നും ആ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്: “ഇതിനെ തങ്ങളുടെ പിതൃഭൂമിയായും വിശുദ്ധഭൂമിയായും കാണുന്നത് ഹിന്ദുക്കൾ മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെതാണ് ഈ ഭൂമി.’
ഈ വാക്കുകളിലൂടെ, ഹിന്ദുക്കളല്ലാത്ത; ഇതര മതദർശനങ്ങളിൽ ഉള്ളവർ ഈ രാജ്യത്ത് അവകാശമില്ലാത്തവരും പുറന്തള്ളപ്പെടേണ്ടവരും ആണെന്നാണ് അദ്ദേഹം അർഥമാക്കുന്നത്. അദ്ദേഹം ആഹ്വാനം ചെയ്യുന്നതും ഇങ്ങനെയാണ്: “രാഷ്ട്രീയത്തെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുദേശത്തെ സൈനികവൽക്കരിക്കുക.’’
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയത്തിന് വിരുദ്ധമായി, ബഹുസ്വരതയെ നിരാകരിക്കുകയും ഹിന്ദുത്വത്തെ അവരോധിക്കുകയും ചെയ്യുക എന്നതാണ് ആർഎസ്എസിന്റെ ലക്ഷ്യം. അതിരൂക്ഷമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് മഹാത്മാഗാന്ധിയെ ഇവർ വിമർശിക്കാറുള്ളത്. രാജ്യത്തെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും മതന്യൂനപക്ഷങ്ങൾക്കും മറ്റു പൗരന്മാർക്കും പരിപൂർണമായ സ്വാതന്ത്ര്യം നൽകി അവരെ പരിചരിക്കുകയും ചെയ്യുക എന്ന മഹാത്മാഗാന്ധിയുടെ ദർശനത്തിന് വിരുദ്ധമാണ് ഇവരുടെ നയങ്ങളെല്ലാം. ഇന്ത്യയെ വിശുദ്ധഭൂമിയായി കാണാത്ത മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സമത്വം അവകാശപ്പെടാൻ ഒരു അധികാരവുമില്ലെന്ന് സവർക്കർ വാദിക്കുന്നുണ്ട്. എന്നാൽ ഗോൾവാൾക്കർ അയാളുടെ നയങ്ങളിൽനിന്ന് അൽപം മിതപ്പെടുത്തി ബഹുസ്വരതയെ നിരാകരിക്കാൻ ശ്രമിച്ചത് രാജ്യത്തെ ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നും അവർക്ക് ആ രീതിയിലുള്ള അവകാശങ്ങൾ മാത്രം നൽകിയാൽ മതി എന്നും പ്രഖ്യാപിച്ചുകൊണ്ടാണ്. മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ രാഷ്ട്ര സങ്കൽപത്തെയും നിഷ്‌ക്കരുണം തള്ളിക്കളയുന്ന ആർഎസ്എസ് രാഷ്ട്രീയം മറച്ചുപിടിച്ചുകൊണ്ടാണ് 2025ലെ സർ സംഘ്ചാലക് ആയ മോഹൻ ഭാഗവത്തിന്റെ സംസാരം നാം ശ്രവിച്ചത്. സംഘപരിവാര ഫലിതങ്ങളായി ഈ പ്രഭാഷണത്തെയും ഇന്ത്യൻ ജനത നിരാകരിച്ചു എന്നതാണ് സത്യം.
ആർ എസ് എസ്: മനുസ്മൃതിയിലെ ദാർശനികത
ആർഎസ്എസ് എന്ന ഹിന്ദുത്വ സംഘടനയുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം മനുസ്മൃതിയാണ്. ഇന്ത്യൻ ഭരണഘടനയെക്കാൾ ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്നത് മനുസ്മൃതിയാണ്. ഡോ. ബി. ആർ. അംബേദ്കർ തയ്യാറാക്കിയ ജനാധിപത്യ മതേതര ഭരണഘടന ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗീകരിച്ചപ്പോൾ ആർഎസ്എസും ബിജെപിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭാരതത്തിന്റെ ഭരണഘടന മനുസ്മൃതിയിൽ നിന്നായിരിക്കണം രൂപം കൊള്ളേണ്ടതെന്ന് ആവശ്യപ്പെട്ട് 1949 നവംബർ 30ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുഖപ്രസംഗം എഴുതിയിരുന്നു. ‘ഭാരതീയമായതൊന്നും ഇതിൽ ഇല്ല. അതാണ് ഭരണഘടനയെ മോശമാക്കുന്നത്. പൗരാണിക ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെപ്പറ്റി ഒരു പരാമർശം പോലും ഭരണഘടനയിൽ ഇല്ല. ഇക്കാലത്തും മനുസ്മൃതിയിൽ വിശദമാക്കിയിരിക്കുന്ന നിയമസംഹിത (മനുവിന്റെ) ലോകത്തെ പ്രചോദിപ്പിക്കുകയും മതിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുവഴി രാജ്യത്തിന് ഏറ്റവും അനുയോജ്യമായ നിയമസംഹിതയാണ് മനുസ്മൃതിയെന്ന് വ്യക്തമാകുന്നു’ എന്നാണ് ഓർഗനൈസറിന്റെ ‘ഭരണഘടന’ എന്ന തലക്കെട്ടുള്ള മുഖപ്രസംഗം അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനാനിർമാണസഭ ഭരണഘടന അംഗീകരിച്ച് നാലു ദിവസത്തിനുള്ളിൽ തന്നെ ആർഎസ്എസ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇന്നും മനുസ്മൃതിയാണ് തങ്ങളുടെ താത്വിക ഗ്രന്ഥമെന്ന് ആർഎസ്എസും ബിജെപിയും അവകാശപ്പെടുന്നുണ്ട്. ഹിന്ദു സമൂഹത്തിൽ മനുസ്മൃതിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാനായി ആർഎസ്എസ് നേതാവ് വി.ഡി സവർക്കർ എഴുതിയ ‘മനുസ്മൃതിയിലെ സ്ത്രീകൾ’ എന്ന ലേഖനത്തിൽ പുരാതനകാലം മുതൽതന്നെ നമ്മുടെ സംസ്‌കാരവും ആചാരങ്ങളും ചിന്തകളും അനുഷ്ഠാനങ്ങളും അടിസ്ഥാനമാക്കിയ ഗ്രന്ഥമാണ് മനുസ്മൃതി എന്ന് എഴുതിയിട്ടുണ്ട്. എന്നാൽ മനുസ്മൃതി അനുസരിച്ച് ഹിന്ദുക്കൾ നാലു വിഭാഗങ്ങളാണ്; ബ്രാഹ്‌മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരാണത്.
ലോകനന്മയ്ക്കായി ദൈവികമായ വായിൽനിന്ന് ബ്രാഹ്‌മണനും കൈകളിൽനിന്ന് ക്ഷത്രിയനും തുടകളിൽനിന്ന് വൈശ്യനും കാൽപാദത്തിൽനിന്ന് ശൂദ്രനും ജനിച്ചു എന്നാണ് മനുസ്മൃതി പറയുന്നത്. അതുകൊണ്ടുതന്നെ പാദത്തിൽനിന്ന് ജനിച്ച ശൂദ്രർക്ക് മറ്റു മൂന്നു ജാതിക്കാരെ സൗമ്യനായി സേവിക്കാനുള്ള ജോലിയാണ് യോജിച്ചതെന്നും മനുസ്മൃതി പറയുന്നു ഒറ്റജന്മമുള്ള ശുദ്രൻ ഇരുജന്മമെടുത്ത ഉയർന്ന ജാതിയിൽപെട്ടവരെ അപമാനിച്ചാൽ അവന്റെ നാവരിഞ്ഞു കളയണമെന്നും മനുസ്മൃതി പഠിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ, താഴ്ന്ന ജാതിയിൽ പെട്ടവൻ മേൽജാതിയിലുള്ളവന്റെ ജാതി മോശമായി പരാമർശിക്കുന്നവിധം സംസാരിച്ചാൽ 10 വിരലുകൾ നീളമുള്ള ഒരു ഇരുമ്പ് നഖം അവന്റെ വായിൽ ചുട്ടുപഴുപ്പിച്ച് കുത്തിവെക്കണമെന്നും ബ്രാഹ്‌മണരെ അവരുടെ കർത്തവ്യത്തെ പഠിപ്പിക്കാനോ ചോദ്യം ചെയ്യാനോ പോയാൽ രാജാവ് ശൂദ്രന്റെ വായിലും ചെവിയിലും ചൂടുള്ള എണ്ണയൊഴിക്കണമെന്നും മനുസ്മൃതി കൽപിക്കുന്നുണ്ട്. ഈ നിയമ സംഹിതകളെ രാജ്യത്തിന്റെ ഭരണഘടനയാക്കണമെന്നാണ് ആർഎസ്എസും ബിജെപിയും ആവശ്യപ്പെട്ടിരിന്നത്. ഇന്ത്യയുടെ ഭരണഘടനയായി മനുസ്മൃതി ആവശ്യപ്പെട്ടതിലൂടെ ആർഎസ്എസ് തങ്ങളുടെ പ്രിയപ്പെട്ട ഹിന്ദുത്വ ഐക്കണായ വി.ഡി സവർക്കറുടെ വിശ്വാസത്തെ പിന്തുടരാനാണ് ശ്രമിച്ചത് എന്നർഥം.
ആർഎസ്എസ് മനുസ്മൃതിയെ നിരാകരിച്ചുവോ?
ദളിതരുടെ പിന്തുണ ഉറപ്പുവരുത്താൻ ആർഎസ്എസ് മനുസ്മൃതിയെ തള്ളിപ്പറയാൻ ശ്രമിക്കുന്നു എന്നതാണ് വർത്തമാനകാലത്തെ വലിയ ഒരു കൗതുകം. മനുസ്മൃതിയിൽനിന്ന് ദളിത് വിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കുമെന്ന് ആർഎസ്എസ് അനുകൂല സംഘടനയായ സംസ്‌കാര ഭാരതി നേരത്തെ പറഞ്ഞിരുന്നു. ജാതിയില്ലെന്ന് വീരവാദം മുഴക്കുന്ന മോഹൻ ഭാഗവതിന്റെ വാക്കുകളിൽ ആത്മാർഥതയുണ്ടോ എന്ന് പരിശോധിക്കുവാനുള്ള മാനദണ്ഡമാണ് ആർഎസ്എസിന്റെ അപ്പോസ്തലന്മാരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും മനുസ്‌നേഹം. കാരണം, ഗോൾവാൾക്കറും സവർക്കറും മനുസ്മൃതിയെ മാനദണ്ഡമാക്കി നിർമിച്ച ഒരു സംഘടനയാണ് ആർഎസ്എസ് എന്നുള്ളത് മോഹൻ ഭാഗവത്ത് മറച്ചുവെക്കുകയാണ്.

മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയോടുള്ള എതിർപ്പും നിയമചട്ടക്കൂട് സ്ഥാപിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഒരിക്കലും ആർഎസ്എസ് മറച്ചുവെച്ചിട്ടില്ലെന്ന വസ്തുത പൊതുവായി എല്ലാവർക്കും അറിയാവുന്നതാണ്. സാമൂഹികവും ലിംഗപരവും മതപരവുമായ എല്ലാത്തരം അസമത്വങ്ങളെയും ഉയർത്തിക്കാട്ടുന്നതും എല്ലാ സ്ത്രീകളു ടെയും അവകാശങ്ങളെ നിഷേധിക്കുന്നതുമായ ഒരു രേഖയാണ് മനുസ്മൃതി. എന്നാൽ സ്ത്രീകളെ മൃഗങ്ങളുടെ പദവിയിലേക്ക് താഴ്ത്തിക്കെട്ടുംവിധം അവർ പുലർത്തുന്ന, വെറുപ്പുളവാക്കുന്നതും അശാസ്ത്രീയവുമായ വിശ്വാസങ്ങൾ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്നു.
ദീർഘകാലം ആർഎസ്എസിനെ നയിക്കുകയും സംഘടനയിൽ ഏറ്റവും സ്വാധീനം ചെലുത്തുകയും ചെയ്ത ഗോൾവാൾക്കർ 1960 ഡിസംബറിൽ ഗുജറാത്ത് സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തിരുന്നു. ഗോൾവാൾക്കർ അന്ന് ഇങ്ങനെ പറഞ്ഞു: “ഇന്ന് സങ്കരയിന പ്രജനന പരീക്ഷണങ്ങൾ മൃഗങ്ങളിൽ മാത്രമാണ് നടത്തുന്നത്. എന്നാൽ ഇന്നത്തെ ആധുനിക ശാസ്ത്രജ്ഞർ എന്ന് വിളിക്കപ്പെടുന്നവർ പോലും മനുഷ്യരിൽ അത്തരം പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിക്കുന്നില്ല. നമ്മുടെ പൂർവികർ ഈ മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ നോക്കൂ! സങ്കലനത്തിലൂടെ മനുഷ്യവർഗത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ വടക്കൻ നമ്പൂതിരി ബ്രാഹ്‌മണർ കേരളത്തിൽ സ്ഥിര താമസമാക്കി. ഒരു നമ്പൂതിരി കുടുംബത്തിലെ മൂത്ത മകന് വൈശ്യ, ക്ഷത്രിയ അല്ലെങ്കിൽ ശൂദ്രവിഭാഗത്തിൽനിന്നുള്ളയാളുടെ മകളെ മാത്രമെ വിവാഹം കഴിക്കാനാകൂ എന്ന നിയമം ഏർപ്പെടുത്തി. കൂടുതൽ ധീരമായ മറ്റൊരു നിയമം എല്ലാ വർഗത്തിലെയും വിവാഹിതയായ സ്ത്രീയുടെ ആദ്യ സന്തതി ഒരു നമ്പൂതിരി ബ്രാഹ്‌മണനിൽ നിന്ന് ജനിക്കണമെന്നുള്ളതായിരുന്നു. പിന്നീട് മാത്രമെ അവൾക്ക് സ്വന്തം ഭർത്താവിൽനിന്ന് കുട്ടികളെ ജനിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ’’ (എം എസ് ഗോൾവാൾക്കർ ഓർഗനൈസർ, ജനുവരി 2,1961).
ഹിന്ദു സമുദായത്തിലെ സവർണറുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് രൂപപ്പെടുത്തിയതും നിലകൊള്ളുന്നതുമായ പാർട്ടിയാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി. പാർട്ടിയുടെ നയങ്ങൾ താഴ്ന്ന ജാതിക്കാരുടെ താൽപര്യങ്ങൾക്ക് പൊതുവെ വിരുദ്ധമാണ് എന്നതാണ് സത്യം. എന്നാൽ സമൂഹത്തിൽ നായകസ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു വിഭാഗത്തെയും പോലെ ഒരു ജാതിയോടും തങ്ങൾക്ക് പ്രത്യേകിച്ച് താൽപര്യമോ ആഭിമുഖ്യമോ ഇല്ലെന്ന് ബിജെപിക്കും ബോധിപ്പിക്കേണ്ടിവരികയാണ്. കീഴ്ജാതിക്കാരന് ഏറ്റവും അടിത്തട്ടിലുള്ള പദവി കൽപിക്കുന്ന മനുസ്മൃതിയെ തള്ളിപ്പറയാൻ ആ പാർട്ടി ധൈര്യപ്പെടുന്നില്ലെങ്കിലും ഫലപ്രദവും ക്രിയാത്മകവുമായ തൊഴിൽ വിഭജനം എന്ന വ്യാജേന പഴയകാല സാമൂഹിക വ്യവസ്ഥയെ ന്യായീകരിക്കുവാൻ സംഘപരിവാ റിന്റെ ചിന്തകന്മാർ ശ്രമം നടത്തുന്നുണ്ട്. ദളിതർക്ക് നേരെ ഉയർന്ന ജാതിക്കാർ നടത്തുന്ന അക്രമങ്ങളെക്കു റിച്ച് സംഘപരിവാർ മൗനം ദീക്ഷിക്കാറാണ് പതിവ്. അതിന് അവർ പറയുന്ന ന്യായം സമുദായത്തിന്റെ ഏകാത്മകത്വം നിലനിർത്തുന്നതിന് ഇത്തരം പ്രശ്‌നങ്ങൾ ഏറ്റുപിടിക്കരുതെന്നാണ്.
ആർഎസ്എസിന്റ ജാതിനയത്തിലെ കാപട്യം
കീഴാള വീടുകളിലെ വിശേഷങ്ങളിൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കാൻ തയ്യാറാകാതെ, പകരം പഴം മാത്രം കഴിച്ചു മടങ്ങുന്ന ജാതിവിവേചനം ഇന്നും രാജ്യത്ത് വ്യാപകമാണ്. ആർഎസ് എസുമായുള്ള ഒരു സംവാദത്തിൽ ആ സംഘടനയുടെ പ്രമുഖനായ വക്താവ് അവകാശപ്പെട്ടത് ആർഎസ് എസിന്റെ ശാഖകളിൽ ജാതിവിവേചനമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നാണ്. പ്രശസ്ത എഴുത്തുകാരനായ ഒ.വി വിജയൻ ഈ വാദത്തോട് പ്രതികരിച്ചതിങ്ങനെയാണ്: “അതിനു ശാഖയിൽ നോക്കേണ്ട കാര്യമില്ല. തൊട്ടടുത്ത ഹോട്ടലിൽ ഇത്തരം കാഴ്ചകൾ കാണാനാവും.’’
ഭക്ഷണശീലങ്ങളിലെ ജാതീയതയെ മറികടക്കുന്നവിധം ഹോട്ടലുകൾ, മെസ്സുകൾ, കാന്റീനുകൾ എന്നിവ മാത്രമല്ല ജാതിമതഭേദമന്യെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങളും ഇപ്പോൾ വ്യാപകമാണ്. ഇവയിൽ ഹോട്ടലുകൾ അടങ്ങുന്ന സ്ഥാപനങ്ങളിൽ ജാതിയെ ഒഴിവാക്കാൻ കഴിയുന്നത് പണത്തിന്റെ സ്വാധീനംകൊണ്ട് മാത്രമാണ്. രാജസ്ഥാനിലെ പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും പത്രപ്രവർത്തകനുമായ ഭൻവർമേഘവൻഷി ആർഎസ്എസ് സഹയാത്രികനായിരുന്ന സമയത്തെ ദളിത് പീഡനത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. I Could Not Be Hindu, The story of a Dalit in the RSS എന്ന പുസ്തകത്തിലൂടെയാണ് ആർഎസ്എസിലെ മുൻകാല അനുഭവങ്ങളെക്കുറിച്ചും അവിടെ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നത്. അദ്ദേഹം പറയുന്ന ഒരു സംഭവം ഇങ്ങനെയാണ്: “ഒരു കൂട്ടം ആർഎസ്എസ് നേതാക്കളെ അനുഗമിക്കുന്ന ഘട്ടത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം അവർക്ക് മേഘവൻഷി വാഗ്ദാനം ചെയ്തു. ഞങ്ങൾ കഴിക്കുമെങ്കിലും പുരോഹിതന്മാർക്കും ഋഷിമാർക്കും അത് ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരുടെ മറുപടി. ഭക്ഷണം പായ്ക്ക് ചെയ്യാനും അടുത്ത ഗ്രാമത്തിൽ എത്തുമ്പോൾ കഴിച്ചോളാമെന്നും അവർ പറഞ്ഞു. എന്നാൽ അടുത്ത ഗ്രാമത്തിലെത്തിയപ്പോൾ ബ്രാഹ്‌മണ വീട്ടിൽ പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണമാണ് അവർ കഴിച്ചതെന്നും തന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം വഴിയിൽ എറിഞ്ഞുകളഞ്ഞു വെന്നും തൊട്ടടുത്ത ദിവസം അറിഞ്ഞതായി അദ്ദേഹം പറയുന്നുണ്ട്. അവരെ നേരിട്ട് കണ്ടു മേഘവർഷി ചോദിച്ചു: ‘ആദ്യം നിങ്ങൾ എന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചില്ല. നിങ്ങൾ ഭക്ഷണം പായ്ക്ക് ചെയ്തു. പക്ഷേ, കഴിക്കുന്നതിനു പകരം അത് വലിച്ചെറിഞ്ഞു. അയോധ്യയിൽ നിങ്ങൾക്കായി എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറായിരുന്നു. ഞാൻ നിങ്ങളുടെ ജില്ലാ മേധാവിയാണ്. നിങ്ങളോടൊപ്പം ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ എന്റെ സ്ഥാനമെന്താണ്?’
സഹപ്രവർത്തകർ ഇതൊരു ചെറിയ കാര്യമായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും മാസങ്ങളോളം അദ്ദേഹം അവരുമായി തർക്കിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: ‘നിങ്ങളുടെ ഹിന്ദു രാഷ്ട്രത്തിൽ ദളിതരുടെ സ്ഥാനമെന്താണ്?’ ഇതിനുശേഷം താമസിയാതെ അദ്ദേഹം ആർഎസ്എസ് വിടുകയാണുണ്ടായത്. ‘സംഘത്തിന്റെ ദൃഷ്ടിയിൽ ഹിന്ദുരാഷ്ട്രം വർണവ്യവസ്ഥയും നാലു വേദങ്ങളും മനുസ്മൃതിയും ഉള്ള ഒരു ബ്രാഹ്‌മണ രാഷ്ട്രം മാത്രമാണ്. ഈ അടിത്തറയിൽ നിന്നുകൊണ്ട് രാഷ്ട്രത്തെ നയിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്’-ഇതും അദ്ദേഹത്തിന്റെ വചനങ്ങളാണ്. ദളിതനായ മേഘവൻഷി 1992ൽ ബാബരി മസ്ജിദ് പൊളിക്കുന്നതിൽ ആവേശകരമായി പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകനായിരുന്നു. അടുത്തിടെ കാരവനു വേണ്ടി മാധ്യമപ്രവർത്തകൻ സുശീൽ കുമാറിന് നൽകിയ അഭിമുഖത്തിൽ ആർഎസ്എസിനെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ ബൃഹത്തായ പബ്ലിക് റിലേഷൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവർ നടത്തുന്ന മറച്ചുവെക്കലുകളെ കുറിച്ചാണ്. അദ്ദേഹം പറയുന്നു:
“സംഘ് കുടുംബത്തിൽ അക്രമത്തിന് എപ്പോഴും മുന്തിയ സ്ഥാനമാണുള്ളത്. വേദങ്ങളിലെ അക്രമം അക്രമമല്ലെന്ന് എല്ലാ ബ്രാഹ്‌മണ ഗ്രന്ഥങ്ങളിലും ഒരുപോലെ പറയുന്നുണ്ട്. കുറുവടിയിൽ നിരവധി ഗുണഗണങ്ങളുണ്ടെന്നും അതെപ്പോഴും കൈയിൽ സൂക്ഷിക്കേണ്ടതാണെന്നും ഞങ്ങളെ പഠിപ്പിച്ചു. ജ്ഞാന ക്ഷേത്രമായി കരുതുന്ന ഒരു ക്യാമ്പസിൽ കുറവടികളുമായി എന്തിന് പ്രവേശിക്കുന്നുവെന്ന് ആളുകൾക്ക് തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ കുറുവടിയുടെ ഭാഷയിൽ പ്രതികരിക്കാൻ അത് കൈവശം വെക്കേണ്ടതുണ്ടെന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.’
ജാതീയതയില്ലാത്ത ഹിന്ദു ഐക്യമാണ് ആർഎസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്ന വാദത്തെ നിരാകരിക്കുന്നതാണ് ഈ നിരീക്ഷണങ്ങളെല്ലാം.

