ആഗോളതാപനം പോലെ ഉയരുന്ന കോപതാപം
ഉസ്മാൻ പാലക്കാഴി
2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

“...നായർ വിശന്നു വലഞ്ഞു വരുമ്പോൾ
കായക്കഞ്ഞിക്കരിയിട്ടില്ല
ആയതുകേട്ടുകലമ്പിച്ചെന്ന-
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു,
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,
ചിരവയെടുത്തത് തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവന-
പ്പുരയുടെ ചുറ്റും മണ്ടി നടന്നു...’’
ദേഷ്യം പിടിച്ച പടയാളിയുടെ പരാക്രമങ്ങൾ നർമത്തിൽ പൊതിഞ്ഞു കൊണ്ട് കുഞ്ചൻ നമ്പ്യാർ ഇങ്ങനെ മൂന്ന് നൂറ്റാണ്ടു മുമ്പ് പാടിയപ്പോൾ സദസ്സ്യർ ഇളകിച്ചിരിച്ചിട്ടുണ്ടാകും. എന്നാൽ ‘അതുകൊണ്ടരിശം തീരാതെ...’ മണ്ടിനടക്കുന്ന മലയാളിക്കിന്ന് ഇതു കേട്ടാൽ ചിരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല.
ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംവരെ നശിപ്പിക്കാൻ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവമാണ് അമിതമായ കോപം.
ഇന്ന് എല്ലാവർക്കും എല്ലാവരോടും ദേഷ്യമാണ്. ഭാര്യക്ക് ഭർത്താവിനോട്, ഭർത്താവിന് ഭാര്യയോട്, മാതാപിതാക്കൾക്ക് മക്കളോട്, മക്കൾക്ക് മാതാപിതാക്കളോട്, തൊഴിലാളിക്ക് മുതലാളിയോട്, മുതലാളിക്ക് തൊഴിലാളിയോട്, വീട്ടുകാർക്ക് അയൽപക്കക്കാരോട്, ഒരു മതക്കാരന് മറ്റു മതക്കാരനോട്, മതരഹിത മതവിശ്വാസിയോട്, ഒരു രാഷ്ട്രീയപാർട്ടിക്കാരന് മറ്റു പാർട്ടിക്കാരോട്, നേതാവിന് അനുയായികളോട,് അനുയായികൾക്ക് നേതാവിനോട്, ജനങ്ങൾക്ക് സർക്കാറിനോട്, സർക്കാറിന് ജനങ്ങളോട്...എന്തിനേറെ ഓരോരുത്തർക്കും അവരവരോട് തന്നെ ദേഷ്യമാണിന്ന്!
കോപതാപത്തിൽ തകരുന്ന ബന്ധങ്ങൾ
പെരുമാറ്റത്തിലും ഇടപെടലുകളിലും അത്രമേൽ മേൽക്കൈ നേടിയ ഒരു ദുഃസ്വഭാവമാണ് കോപം എന്നത്. ഒരു പകർച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. അങ്ങാടിയിൽ മുതൽ കിടപ്പറയിൽവരെ അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പലവിധമാണ്. ദമ്പതികൾ തമ്മിലുള്ള സല്ലാപം മുതൽ ചാനലുകളിലെ അന്തിച്ചർച്ചകൾ വരെ ഇത് കലുഷിതമാകുന്നു. ദാമ്പത്യബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു. തൊഴിലിടങ്ങളിൽ സദാ സംഘർഷഭരിതമാകുന്നു. നടുറോട്ടിൽ ചോര ചിതറിക്കുന്നു. നാലാളു കേട്ടാൽ നാണക്കേടാകുമെന്ന് കരുതി കോപം നിയന്ത്രിച്ചിരുന്നവർ പോലും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിസ്സാരകാര്യങ്ങൾക്കുപോലും തല്ലു കൂടുകയാണ്.
കേരളത്തിലെ വർധിച്ചുവരുന്ന ദാമ്പത്യ സംഘർഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റോഡപകടങ്ങളിൽ, ആത്മഹത്യകളിൽ, വിവാഹമോചനക്കേസുകളിൽ, മദ്യപാനത്തിൽ, ഗാർഹിക അതിക്രമങ്ങളിൽ, ജീവിതശൈലീരോഗങ്ങളിൽ ഒക്കെയാണ് നാമിന്ന് മുൻപന്തിയിൽ നിൽക്കുന്നത്. ഒട്ടും അഭിമാനകരമല്ലാത്ത ഈ ‘നേട്ടങ്ങൾക്ക്’ പിന്നിൽ അമിത കോപത്തിനും എടുത്തുചാടിയുള്ള പ്രതികരണങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
അമിതകോപം എന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്നും ആഗോളതാപനം പോലെ കോപതാപവും ഉയർന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്. ദേഷ്യം പോലുള്ള വൈകാരികപ്രശ്‌നങ്ങൾ വർധിച്ചു വരുന്നതിൽ സാമൂഹിക മാറ്റങ്ങൾക്കും വലിയ പങ്കുണ്ടെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ ജീവിതത്തെ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരന്മാരായ ഒലിവർ ജെയിംസും റിച്ചാർഡ് ലേയാഡും പറയുന്നത് 50 വർഷത്തെ സാമ്പത്തിക വളർച്ച മനുഷ്യരെ കൂടുതൽ സന്തോഷവാന്മാരാക്കുകയല്ല, മറിച്ച് അവരിൽ ദേഷ്യം വർധിപ്പിക്കുകയാണ് ചെയ്തത് എന്നാണ്. നാഗരിക ജീവിതത്തിലെ പിരിമുറുക്കങ്ങൾ, നിരാശ, ശബ്ദമലിനീകരണം, ആൾക്കൂട്ടങ്ങൾ, ലഹരിയുപയോഗം തുടങ്ങിയവയൊക്കെ അമിതകോപത്തിന് കാരണമാകുന്നു എന്നാണ്.
ഭൗതികനേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുടെ ലോകത്താണ് മനുഷ്യൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നേടിയെടുക്കേണ്ട ലാഭത്തെ കുറിച്ചുള്ള ആലോചനകളാണ് ഊണിലും ഉറക്കിലുമൊക്കെ. ഈ കണക്കുകൂട്ടലുകൾ തെറ്റാനുള്ള സാധ്യത എപ്പോഴും ഏറെയാണ്. അങ്ങനെ സംഭവിക്കുമ്പോൾ അവർ വേഗം അസ്വസ്ഥരാകും. ദേഷ്യമായി അത് പുറത്തേക്ക് വരും.
ആണിന്റെയും പെണ്ണിന്റെയും ദേഷ്യപ്രകടനങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ദേഷ്യത്താൽ പുരുഷൻ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കും. അട്ടഹസിക്കും. എന്നാൽ സ്ത്രീ പൊതുവെ വിഷാദവതിയാവുകയാണ് ചെയ്യുക. കണ്ണീരായിട്ടോ അവഗണനയായിട്ടോ ഒക്കെയാകും അവരത് പ്രകടമാക്കുക. എന്നാൽ കൗമാരക്കാരി എടുത്തുചാട്ട പ്രവണതയായിട്ടായിരിക്കും ദേഷ്യം പ്രകടമാവുക.
ദേഷ്യം പിടിക്കാൻ പലവിധ കാരണങ്ങൾ
ദേഷ്യം പിടിക്കാനും കലിതുള്ളാനുമൊക്കെ ഓരോരുത്തർക്കും ഓരോ കാരണമുണ്ടാവും. അഥവാ ഓരോരോ കാരണങ്ങളാൽ അവർ കോപാന്ധരായി മാറും. തന്റെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചാൽ, അല്ലെങ്കിൽ തനിക്ക് വഴിമാറിത്തരാതിരുന്നാൽ പൊട്ടിത്തെറിക്കുന്നവരെയും അസഭ്യം പറയുന്നവരെയും നാം കാണാറുണ്ട്. മക്കൾ അനുസരണക്കേട് കാണിച്ചാൽ, കറിയിൽ അൽപം ഉപ്പ് കുറയുകയോ എരുവ് കൂടുകയോ ചെയ്താൽ... അങ്ങനെയങ്ങനെ പലതും മനുഷ്യനെ കോപാകുലനാക്കി മാറ്റാറുണ്ട്. വിളിച്ചയുടൻ വിളിപ്പുറത്തെത്താത്തതിനാൽ ഭാര്യയുടെ കയ്യിൽനിന്ന് മൊബൈൽ ഫോൺ വാങ്ങി എറിഞ്ഞുതകർക്കുന്ന ഭർത്താക്കൻമാരും ഇല്ലാതില്ല. ഭാര്യയോടുള്ള ദേഷ്യം മൊബൈലിനോട് പ്രകടിപ്പിക്കുമ്പോൾ താൻ അധ്വാനിച്ചുണ്ടാക്കിയ കാശാണ് നശിച്ചുപോകുന്നതെന്ന് ചിന്തിക്കാൻ കോപാന്ധത അവനെ അനുവദിക്കില്ല.
ദേഷ്യത്തിനുള്ള കാരണം എന്തായാലും, അത് പ്രകടിപ്പിക്കുന്ന രീതി എത്ര വ്യത്യസ്തമായാലും അതിന്റെ അനന്തരഫലം എല്ലായ്‌പ്പോഴും മോശമായിരിക്കും എന്നതിൽ സംശയമില്ല. അമിതമായ കോപം കോപിക്കുന്നയാൾക്കും കോപത്തിന് ഇരയാകുന്നവർക്കും അപകടമേ വരുത്തൂ.
‘ദേഷ്യം ഒരുതരം ആസിഡാണ്’
‘ദേഷ്യം ഒരുതരം ആസിഡാണ്. അത് പ്രയോഗിക്കപ്പെടുന്ന വസ്തുവിനെക്കാൾ പരിക്കേൽപിക്കുക ശേഖരിച്ചുവെച്ച പാത്രത്തിനായിരിക്കും’ എന്ന മാർക്ട്വയ്‌നിന്റെ വാക്കുകൾ അർഥഗർഭമാണ്. ദേഷ്യത്തിന്റെ പ്രധാന ഇര ദേഷ്യപ്പെടുന്നവൻ തന്നെയാണ്. അമിതദേഷ്യം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കും. ദേഷ്യപ്പെടുമ്പോൾ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന അഡ്രിനാലിൻ രക്തസമ്മർദം കൂട്ടും. സ്ഥിരമായ കോപം ഹൃദയാഘാത സാധ്യത വർധിപ്പിക്കും, രോഗപ്രതിരോധശേഷി ക്ഷയിപ്പിക്കും എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. അത് വിഷാദം പോലുള്ള പലതരം മാനസിക പ്രശ്‌നങ്ങൾക്കും ഇടയാക്കും. അക്രമ പ്രവർത്തനങ്ങളിലേക്ക് നയിക്കും. വ്യക്തിബന്ധങ്ങൾ തകർക്കും. തെറ്റായ തീരുമാനങ്ങളെടുക്കാൻ ഇടയാക്കും.
‘ദേഷ്യപ്പെടാൻ ആർക്കും കഴിയും; അത് എളുപ്പമാണ്. എന്നാൽ ആവശ്യമുള്ളവരോട് ആവശ്യമുള്ള അളവിൽ വേണ്ട സമയത്ത് ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ രീതിയിൽ ദേഷ്യപ്പെടാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണമെന്നില്ല; അത്ര എളുപ്പമല്ല’ എന്ന് അരിസ്‌റ്റോട്ടിൽ പറഞ്ഞത് എത്ര ശരിയാണ്.
ദേഷ്യം ഒരു അടിസ്ഥാന മാനുഷിക വികാരമാണ്; സങ്കടം, സന്തോഷം, ഭയം പോലുള്ള ഒന്ന്. മിതവും മാന്യവുമായ ദേഷ്യത്തിന് അതിന്റെതായ ഗുണമുണ്ടായിരിക്കും. നല്ല കാര്യങ്ങളിലേക്ക് ദേഷ്യം പ്രചോദനമാകാം. അനീതിക്കും അന്യായത്തിനും അക്രമത്തിനുമെതിരെ അത് വ്യക്തികൾക്ക് ധൈര്യമേകും. ആക്രമിക്കപ്പെടുമ്പോൾ അത് നമ്മുടെ നിലനിൽപിന് തന്നെ ആവശ്യമായിവരും.
വിശ്വാസിയുടെ നിലപാട്
ദേഷ്യത്തെ പൂർണമായും ഒഴിവാക്കാൻ ആർക്കും കഴിയില്ല. പക്ഷേ, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാൻ സത്യവിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തിൽ ക്ഷമിച്ചാൽ ദുഃഖത്തിന്റെ അനേകം ദിവസങ്ങളിൽ നിന്ന് രക്ഷപ്പെടാനാകൂം. കുറ്റബോധത്തിന്റെ നാളെകളിൽ നിന്ന് മുക്തരാവാൻ കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂർണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമർത്തുമ്പോൾ ദേഷ്യമല്ല ഇല്ലാതാകുന്നത;് അതിന്റെ ബഹിർസ്ഫുരണം മാത്രമാണ്. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. മറിച്ച്, കോപം വരുമ്പോൾ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തൻ’’ (ബുഖാരി, മുസ്‌ലിം).
കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആർക്കും കഴിയും. എന്നാൽ കോപത്തെ അടക്കിനിർത്തുവാനും മാപ്പ് നൽകാനും കഴിവുള്ളവർ വളരെ വിരളമാണ്. എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിർത്താനും മാപ്പ് നൽകാനും കഴിയുന്നവനാണ് യഥാർഥത്തിൽ ശക്തൻ. അവന് ജീവിതത്തിൽ വിജയം കണ്ടെത്താൻ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവൻ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.
വിശുദ്ധ ക്വുർആനിൽ ഇങ്ങനെ കാണാം: “വൻപാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നിൽക്കുന്നവരും കോപംവന്നാൽ മാപ്പ് നൽകുന്നവരും (പ്രതിഫലാർഹരാണ്)’’ (42: 37).
യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോൾ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുർആനിൽ ഇങ്ങനെ കാണാം:
“അദ്ദേഹം കോപിഷ്ഠനായിപോയ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു....’’(21:87).
അല്ലാഹുവിന്റെ അനുവാദംകിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാൽ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലിൽ കയറിയ അദ്ദേഹത്തിന് കടലിൽ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങൾക്കുശേഷം മത്‌സ്യം അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാൻ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.
ഒരിക്കൽ ഒരാൾ നബി(സ)യുടെ അടുക്കൽ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നൽകിയാലും എന്ന് പറഞ്ഞപ്പോൾ ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവർത്തിച്ചപ്പോഴും ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു നബി(സ) നൽകിയ ഉപദേശം.(ബുഖാരി).
ഒരു സായാഹ്‌നത്തിൽ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകൻ ﷺ പറഞ്ഞു: “ആദം സന്തതികൾ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാൽ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യനിലുണ്ട്. അതിനാൽ അവരിലേറ്റവും നല്ലവർ സാവധാനം കോപം വരികയും വേഗം ശമിക്കുകയുംചെയ്യുന്നതാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവും കൊള്ളരുതാത്തവർ.’’
ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാൽ കോപത്തെ അടക്കിനിർത്താൻ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷനേടുക.
പ്രവാചകസന്നിധിയിൽവെച്ച് ഒരാൾ കോപാകുലനായി; അയാളുടെ മുഖം കോപത്താൽ ചുവന്നു. അന്നേരം നബിﷺ പറഞ്ഞു: നിശ്ചയമായും എനിക്ക് ഒരു വാചകമറിയാം. അയാൾ അത് അത് പറയുകയാണെങ്കിൽ അയാളുടെ കോപം നീങ്ങിപ്പോകുന്നതാണ്. ‘ശപിക്കപ്പെട്ട പിശാചിൽനിന്ന് ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു’ എന്ന് അയാൾ പറയുകയാണെങ്കിൽ (ദേഷ്യം ഇല്ലാതാകുന്നതാണ്). (മുസ്‌ലിം).
അനിയന്ത്രിതമായ കോപമെന്ന ദുർവികാരം പൈിശാചികമാണ്. കോപം വരുമ്പോൾ വിവേകത്തെ അടിച്ചമർത്തി വികാരത്തെയാണ് പിശാച് പരിപോഷിക്കുക. അതുകൊണ്ട് കോപം വരുമ്പോൾ ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിൽ രക്ഷതേടുവാൻ നാം കൽപിക്കപ്പെട്ടിരിക്കുന്നു. കോപത്തിലെ പൈശാചികത മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിനനുസരിച്ചാവണം തന്റെ ജീവിതം പാകപ്പെടുത്തേണ്ടത്.
അബൂബക്കർ(റ) തന്റെ മകനെ ഉപദേശിച്ചുകൊണ്ട് ഇപ്രകാരം എഴുതി: ‘നീ കോപാകുലനായിരിക്കെ ആളുകൾക്കിടയിൽ തീരുമാനമെടുക്കരുത്. കാരണം നബിﷺ അപ്രകാരം വിലക്കുന്നതായി ഞാൻ കേട്ടിരിക്കുന്നു’ (ബുഖാരി, മുസ്‌ലിം).
കോപം വരുമ്പോൾ മൗനം പാലിക്കുക, അംഗശുദ്ധി വരുത്തുക, നിൽക്കുകയാണെങ്കിൽ ഇരിക്കുക, ഇരിക്കുകയാണെങ്കിൽ കിടക്കുക തുടങ്ങിയ മാർഗങ്ങൾ അവലംബിക്കുവാൻ നബി(സ) നിർദേശിച്ചതായി കാണാം.
കോപാന്ധതയാൽ കരുത്ത് പ്രകടിപ്പിക്കുന്നത് പക്വതയാർന്ന നിലപാടല്ലെന്നും സഹജീവികളിൽ നിന്നും വന്നുപോകുന്ന അബദ്ധങ്ങൾ ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് മഹത്ത്വത്തിന്റെയും പക്വതയുടെയും ലക്ഷണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നമുക്ക് നൽകിയ സ്രഷ്ടാവ് നാം ചെയ്തുപോയ തെറ്റുകുറ്റങ്ങൾക്ക് നമുക്കു മാപ്പുനൽകണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് മാപ്പുകൊടുക്കൽ നമ്മുടെയും ബാധ്യതയാണ്.
“നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർ കുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ മാപ്പു നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’(24:22).
അനസ്ബ്‌നുമാലികി(റ)ൽനിന്ന് നിവേദനം: “ക്വബ്‌റിന്നരികിൽ നിന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നബി(സ) നടന്ന് പോകുകയുണ്ടായി. അന്നേരം നബിﷺ ആ സ്ത്രീയോട് പറഞ്ഞു: ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക.’ അപ്പോൾ അവൾ പറഞ്ഞു: ‘എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല.’ അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോൾ അവൾ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു- പ്രവാചകന്റെ അടുത്ത് അവൾ പാറാവുകാരെ കണ്ടില്ല- താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.’ അപ്പോൾ നബിﷺ പറഞ്ഞു: ‘നിശ്ചയമായും ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു’’ (ബുഖാരി, മുസ്‌ലിം).

