വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്

മുജീബ് ഒട്ടുമ്മൽ

2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

വ്യത്യസ്ത മതവിഭാഗങ്ങളെ ഉൾക്കൊള്ളാനും അവരുടെ ന്യായമായ ആചാരാനുഷ്ഠാനവകാശങ്ങളെ വകവെച്ചുകൊടുക്കാനും തയ്യാറാവുമ്പോഴാണ്‌ ഏതൊരു മതനിരപേക്ഷ രാജ്യവും അതിന്റെ ഭരണഘടനയും മഹത്തരമാകുന്നത്. ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട ഇന്ത്യയെ തന്നെയാണോ ഇന്നത്തെ ഭരണാധികാരികൾ നടപ്പിലാക്കാനുദ്ദേശിക്കുന്നത്? അല്ലെന്നുള്ളതിന്റെ മികച്ച ഉത്തരമാണ്‌ വഖ്ഫ് നിയമ ഭേദഗതി ബിൽ.

ഇരുരാജ്യങ്ങളുടെയും അധീനതയിലുള്ള പ്രദേശങ്ങളിൽ മതവിശ്വാസങ്ങൾക്ക് അതീതമായി ന്യൂനപക്ഷങ്ങൾക്ക് പൗരത്വത്തിലുള്ള സമത്വവും സമ്പത്തിനും സംസ്‌കാരത്തിനും സുരക്ഷയും സ്വാതന്ത്ര്യവും ആരാധനാ അവകാശവും ഉറപ്പുനൽകുന്നു.’

1950 ഏപ്രിൽ എട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്ക് പ്രധാനമന്ത്രി ലിയാഖത്തലി ഖാനും ഡൽഹിയിൽ ഒപ്പുവെച്ച നെഹ്‌റു-ലിയാഖത്ത് കരാറിലെ ഒരു വ്യവസ്ഥയാണ് നാം മുകളിൽ വായിച്ചത്. വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനായി നടത്തിയ ആറു ദിവസത്തെ ചർച്ചകൾക്കു ശേഷമാണ് ഈ ഉടമ്പടി തന്നെ രൂപപ്പെടുത്തിയത്.

ഇത്തരം ഉടമ്പടികളെയും ഇന്ത്യയുടെ മഹത്തായ ഭരണഘടനയെയും അതിന്റെ ഉള്ളടക്കങ്ങളെയും നിരാകരിച്ചുകൊണ്ടാണ് സംഘപരിവാരങ്ങൾ ഇപ്പോൾ വക്വ‌്‌ഫ് നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വക്വ‌്‌ഫ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്ന മാർഗത്തിലൂടെ ത‌െന്റ ധനവും സമ്പത്തും സ്ഥലവും വസ്തുവും ദാനമായി നൽകാനുള്ള ആരാധനാസ്വാതന്ത്ര്യത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. മതം അനുശാസിക്കുന്ന വിധം ഒരു കർമം നിർവഹിക്കാൻ സാധിക്കാതെ വന്നാൽ മൗലികാവകാശ ലംഘനമായിരിക്കുമത്.

മതനിരപേക്ഷ സഖ്യം ജനാധിപത്യ മാർഗത്തിൽ ഇതിനെതിരെ രംഗത്തു വന്നെങ്കിലും ബില്ല് പരിപൂർണമായി പിൻവലിക്കുന്നതിന് പകരം ഈ വിഷയം സംയുക്ത സഭാസമിതിയെ (ജെപിസി) ഏൽപിക്കാനാണ് തീരുമാനിച്ചത്.

വക്വ‌്‌ഫ് ഭേദഗതി ബില്ല് പരിശോധിക്കാൻ ഏൽപിക്കപ്പെട്ട ജെപിസി പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകളെയും വിയോജിപ്പിനെയും അവഗണിച്ച് ഭേദഗതി അങ്ങനെ തന്നെ അംഗികരിച്ച് കൊണ്ടുള്ള റിപ്പോർട്ടാണ് സ്പീകർക്ക് കൈമാറാൻ തീരുമാനിച്ചിട്ടുള്ളത്. ജെപിസിയിലെ 27 അംഗങ്ങളിൽ 11 പേരും വിയോജിപ്പ് പ്രകടിപ്പിക്കുകയും എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ അങ്ങനെ തന്നെ അംഗീകരിക്കുക വഴി പാർലമെന്റ് സംയുക്ത സഭാസമിതിയുടെ റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ജെപിസി ചെയർമാൻ ജഗ്ദാംബിക പാലിന്റെ അനാവശ്യമായ ധൃതിയും സമീപനങ്ങളും പൗരാവകാശമായ മുസ്‌ലിംകളുടെ ആരാധനാസ്വാതന്ത്ര്യത്തെ ഹനിച്ച് കളയാനുള്ള ശ്രമമാണെന്ന് ബോധ്യപ്പെടും. ബില്ലിനെതിരെയും ജെപിസി റിപ്പോർട്ടിനെതിരെയും സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണെന്ന് എ. രാജയും രാജ്യസഭാ എം പിയായ എംഎം അബ്ദുല്ലയും പ്രഖ്യാപിച്ചിട്ടുണ്ട്. 65 പേജുള്ള റിപ്പോർട്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് പ്രതിപക്ഷാംഗങ്ങൾക്ക് കൈമാറിയിട്ടുള്ളത്. ആ നിമിഷം തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവും വിയോജിപ്പും അറിയിച്ചിട്ടുണ്ടായിരുന്നു. വിയോജനക്കുറിപ്പ് നൽകിയവരിൽ ഡിഎംകെ യിൽനിന്നുള്ള എ. രാജയും തൃണമൂൽ കോൺഗ്രസിൽനിന്നുള്ള കല്യാൺ ബാനർജിയും ഉണ്ടായിരുന്നുവെന്നത് വക്വ‌്‌ഫ് ഭേദഗതി ബില്ലിനെതിരെയാണ് ഇന്ത്യയുടെ മതനിരപേക്ഷ മനസ്സുകൾ എന്നതും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇനി ബജറ്റ് സമ്മേളനത്തിൽ ജെപിസി ശുപാർശകൾ കൂടി ഉൾപ്പെടുത്തി ബിൽ പാസാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

വക്വ‌്‌ഫ് ഭേദഗതിയിലെ രാഷ്ട്രീയം

1946 ഡിസംബറിൽ ഭരണഘടനാ നിർമാണത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ തങ്ങൾ നിർമിക്കാൻ പോകുന്ന ഡ്രാഫ്റ്റിന്റെ ആശയാടിത്തറ നെഹ്‌റു ഇങ്ങനെ വ്യക്തമാക്കുന്നു: ‘പൗരൻമാർക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യ പദവി ഉറപ്പാക്കുന്ന പരമാധികാര റിപ്പബ്ലിക്കായിരിക്കും ഇന്ത്യ. ചിന്തക്കും ആവിഷ്‌കാരത്തിനും കൂട്ടായ്മക്കും ആരാധനയ്ക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും. എന്നു മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ഗോത്രവിഭാഗങ്ങൾക്കും മതിയായ പരിരക്ഷ ഉറപ്പ് നൽകും.’

ഇന്ത്യയുടെ മഹത്തായ പൈതൃകത്തെയും ഭരണഘടനയെയും ആരാധനാ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ടാണ് ആരാധനാലയങ്ങൾക്ക് പരിരക്ഷ നൽകാനും ആചാരാനുഷ്ഠാനങ്ങൾക്ക് സൗകര്യമൊരുക്കാനും അധികാരികൾ തയ്യാറാകുന്നത്. അതിനുവേണ്ടിയാണ് വക്വ‌്‌ഫ് ബോർഡ്, ദേവസ്വം ബോർഡ്, മലങ്കര സഭാനിയമങ്ങൾ എന്നിവയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയത്.

ഹിന്ദുമത ധർമമനുസരിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെങ്കിൽ മലങ്കര സഭയിലെ നിയമങ്ങൾക്കനുസരിച്ചാണ് സഭകളും പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിലോ അതിന്റെ വിവിധങ്ങളായ സ്ഥാപനങ്ങളുടെ നടത്തിപ്പിലോ അതിന്റെ ഭരണസമിതിയിലോ ഇതര മതസ്ഥർക്ക് പ്രവേശിക്കാനോ കൈകാര്യകർതൃത്വം ഏറ്റെടുക്കാനോ ഒരു അവകാശവുമില്ല. മലങ്കര സഭയുടെ പ്രവർത്തനങ്ങളും തഥൈവ. അതേ അവകാശങ്ങൾ വക്വ‌്‌ഫ് ബോർഡിനും നൽകുന്നതിന് സംഘപരിവാരങ്ങളും ബിജെപി ഭരണകൂടവും പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. മുസ്‌ലിം സമുദായത്തിന്റ ശക്തമായ വിയോജിപ്പും പ്രതികരണവും ഉണ്ടായിരുന്നിട്ട് പോലും വക്വ‌്‌ഫ് നിയമം ഭേദഗതി വരുത്താൻ ഇവരെ പ്രേരിപ്പിക്കുന്നത് വിദ്വേഷവും വെറുപ്പും മാത്രമാണ്.

ഭൂരിപക്ഷ മത-സമുദായ- വർഗങ്ങളുടെ സംസ്‌കാരം പൊതുസമൂഹത്തിന്മേൽ ആധിപത്യം നേടുകയോ അവരുടെ മേൽ അടിച്ചേൽപിക്കുകയോ ചെയ്യുന്ന രീതി ജനാധിപത്യ സങ്കൽപങ്ങളുടെ ഭീകരമായ പ്രത്യേകതയാണ്. അതാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മേൽ വ്യത്യസ്ത ബില്ലുകൾ കൊണ്ടുവന്ന് സംഘപരിവാരങ്ങൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ജനാധിപത്യ സംവിധാനത്തിൽ അടിസ്ഥാനപരമായി തന്നെ ഭൂരിപക്ഷ വാദത്തിനും അത് ഭൂരിപക്ഷാധിപത്യത്തിലേക്ക് വഴിമാറാനുമുള്ള എല്ലാ സാധ്യതകളും തെളിഞ്ഞ് വരികയാണിവിടെ. ഇതിനെ തടഞ്ഞ് നിറുത്താൻ ഭരണഘടനക്ക് സാധിക്കും. എന്നാൽ ഏതെങ്കിലും മതവിഭാഗത്തിന് പൊതുസമൂഹത്തിന്മേൽ തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുള്ള അവസരമായി ഭരണസംവിധാനങ്ങളെ മാറ്റാൻ കഴിഞ്ഞാൽ പിന്നെ ഭരണഘടനാ മൂല്യങ്ങളോ നൈതികതത്ത്വങ്ങളോ അല്ല, ഭ്രാന്തമായ ഭൂരിപക്ഷവാദം തന്നെയാകും ഭരണഘടനയായി മാറുന്നത്. പല നിയമങ്ങളുടെയും മറപിടിച്ച് ന്യൂനപക്ഷ മത -ഭാഷാ-ജാതി വിഭാഗങ്ങളെ ഏത് നിമിഷവും ഏതർഥത്തിലും പുറംതള്ളാനുള്ള ശക്തി ഭൂരിപക്ഷാധിപത്യത്തിനുണ്ട്. അതാണ് വക്വ‌്‌ഫ് നിയമമടക്കമുള്ള ന്യൂനപക്ഷ അവകാശത്തിന്മേൽ ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. പാർലമെന്റിൽ മൗലികാവകാശത്തിനെതിരെ അധികാരികളുടെ ശബ്ദമുയർന്നപ്പോഴെല്ലാം ഒറ്റപ്പെട്ട പ്രതികരണങ്ങളെ പോലും മാനിച്ച് അത്തരം ധ്വംസന പ്രവർത്തനങ്ങളിൽനിന്ന് പിൻമാറാൻ അധികാരികൾ തയ്യാറായിട്ടുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ ചരിത്രം. വലതുപക്ഷ രാഷ്ട്രീയ രംഗത്തുനിന്ന് പോലും അത്തരം പരിഗണനകൾ ഉണ്ടായിട്ടുണ്ട്.

1977ൽ ജനതാ പാർട്ടിയുടെ നേതാവായിരുന്ന പ്രധാനമന്ത്രി മൊറാർജി ദേശായി ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം നമ്മെ അത്തരം സമീപനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. വന്ദേമാതരം ആലാപനം നിർബന്ധമാക്കാനുള്ള വിവാദ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഒരു കോടതി വിധിയിൽ പറഞ്ഞ ‘വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ആത്മസത്തയാണ്’ എന്ന പ്രസിദ്ധമായ ഉദ്ധരണി ലോക്‌സഭയിൽ മുസ്‌ലിം ലീഗ് എംപിയായിരുന്ന ജിഎം ബനാത്ത് വാല സാഹിബ് പറഞ്ഞപ്പോൾ മൊറാർജി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ എൽകെ അദ്വാനിയെയും എബി വാജ്‌പേയിയെയും പോലും സ്തംബ്ധരാക്കി എന്ന് അന്നത്തെ ദേശീയപത്രങ്ങൾ പോലും എഴുതിയിരുന്നു. അതോടെ അത്തരം തീരുമാനങ്ങളിൽനിന്ന് ഭരണകൂടത്തിന് പിന്തിരിയേണ്ടിവന്നു.

1986 കാലഘട്ടത്തിലെ ശരീഅത്ത് വിവാദത്തിൽ ബനാത്ത് വാല സാഹിബിന്റെ പാർലിമെന്റിലെ ഇടപെടൽ മുസ്‌ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അന്ന് പാർലിമെന്റ് അംഗീകരിച്ച ‘മുസ്‌ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ ഡിവേർസ് ആക്റ്റ്’’ എന്ന ശരീഅത്ത് ബിൽ യഥാർഥത്തിൽ ബനാത്ത് വാല സാഹിബിന്റെ സ്വകാര്യ ബില്ലായിരുന്നു.

ഒരു പാർലിമെന്റ് അംഗത്തിന്റെ സ്വകാര്യ ബിൽ രാഷ്ട്രത്തിന്റെ നിയമമാവുന്നത് അത്യപൂർവമാണ്. ബനാത്ത് വാല സാഹിബ് കൊണ്ടുവന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിന്റെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രവും പൈതൃകവും അത്രമാത്രം അഭിമാനകരമാണ്. ഇപ്പോൾ വക്വ‌്‌ഫ് ഭേദഗതി നിയമത്തിനെതിരെ ഒരു സമുദായം മാത്രമല്ല മതനിരപേക്ഷ നിരയിലെ മുഴുവൻ ജനവിഭാഗങ്ങളും ഒരേ ശബ്ദത്തിൽ മുന്നോട്ട് വന്നിട്ടും ദാർഷ്ട്യത്തോടെ നിരാകരിക്കാൻ തയ്യാറാകുന്നത് ഇന്ത്യയുടെ സംസ്‌കാരത്തോട് വിരോധമുള്ളതുകൊണ്ട് തന്നെയാണ്. എന്നാൽ ഇത്തരം ആളുകൾ അറിയേണ്ടത് ഇന്നുവരെയുള്ള ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഇത്തരം ഭൂരിപക്ഷവാദങ്ങളധികവും ആഭ്യന്തരയുദ്ധത്തിലും ഏകാധിപതികളുടെ പതനത്തിലുമാണ് അവസാനിച്ചത് എന്നാണ്.

വക്വ‌്‌ഫ് നിയമ ഭേദഗതിയും അപകടങ്ങളും

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14, 15, 25, 26, 30 അനുശാസിക്കും പ്രകാരമുള്ള മൗലികാവകാശങ്ങൾ കണക്കിലെടുത്ത് വക്വ‌്‌ഫ് എന്റോവ്‌മെന്റുകളെയും വക്വ‌്‌ഫ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റ രൂപം ഉറപ്പ് വരുത്തിക്കൊണ്ടാണ് സർക്കാർ വക്വ‌്‌ഫ് നിയമം രൂപീകരിക്കേണ്ടത്. നാളിതുവരെ ഉണ്ടായിട്ടുള്ള നിയമങ്ങളെല്ലാം ഈ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇസ്‌ലാം മത നിയമ പ്രകാരം ‘വക്വ‌്‌ഫ്’ എന്നത് അല്ലാഹുവിലേക്ക് ദാനം ചെയ്യുന്ന സ്വത്താണ് എന്നതിനാൽ അല്ലാഹുവാണ് വക്വ‌്‌ഫ് സ്വത്തുക്കളുടെ ഉടമസ്ഥൻ. നിലവിലുണ്ടായിരുന്ന വക്വ‌്‌ഫ് നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്കും അതാത് ബോർഡുകൾക്കും അധികാരാവകാശങ്ങളുണ്ടായിരുന്നു. എന്നാൽ ഈ സംരക്ഷണാവകാശത്തിലേക്ക് കൈകടത്താൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പല വകുപ്പുകളിലും ഭേദഗതി നിർദേശിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് വക്വ‌്‌ഫ് നിയമത്തിന്റ അടിസ്ഥാനതത്ത്വവും ലക്ഷ്യവും മാറ്റി നിറുത്താനുള്ള ഭേദഗതി കൊണ്ടുവരുന്നത്. അതിന്റെ പോരായ്മകളും അപകടങ്ങളും അടുത്തറിഞ്ഞ് ജനാധിപത്യമാർഗത്തിലൂടെ പ്രതിരോധം തീർക്കേണ്ടത് ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ കടപ്പാടാണ്. രാഷ്ട്ര പുരോഗതിയിൽ ഇടപെടുന്ന പോലെ തന്നെ മൗലികാവകാശധ്വംസനങ്ങൾക്ക് നേരെ ശക്തമായ ശബ്ദമുയരേണ്ടതുണ്ട്.

നിലവിലെ നിയമങ്ങളെ ഭേദഗതി ചെയ്യുന്നതിലൂടെ സംഭവിക്കാനിരിക്കുന്ന ചില അപകടങ്ങളെ ഓർമപ്പെടുത്തുകയാണിവിടെ:

മുതവല്ലി നിയമനം: വാക്കാലോ ആധാരപ്രകാരമോ നിയമിച്ചിട്ടുള്ള വ്യക്തിയാണ് മുതവല്ലിയായി നിയമതിനാവുന്നത്. എന്നാൽ ഭേദഗതി പ്രകാരം ആധാരത്തിലൂടെ നിയമിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമെ അതിനർഹതയുള്ളൂ. ഇസ്‌ലാമിക നിയമ പ്രകാരം വാക്കാൽ നിയമിതമായ മുതവല്ലിയെ മാറ്റാൻ ഭേദഗതി നിർദേശിക്കുന്നു. വക്വ‌്‌ഫിനെ ശക്തമായി ബാധിക്കുന്നതാണിത്.

സെക്ഷൻ 3ൽ (Ka) എന്ന ഒരു ഉപവകുപ്പ് ചേർത്തുകയെന്നതാണ് പുതിയ ഭേദഗതിയിലെ നിർദേശം. അതോടെ കേന്ദ്ര സർക്കാർ വക്വ‌്‌ഫുകളുടെ റജിസ്‌ട്രേഷൻ, അക്കൗണ്ട് ഓഡിറ്റ്, കാലകാലങ്ങളിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എല്ലാം സർക്കാർ പറയുന്ന പോർട്ടൽ, ഡാറ്റാബേസ് എന്നിവയിൽ ചേർക്കപ്പെടും. അതോടെ മുഴുവൻ ഡാറ്റകളും കേന്ദ്ര സർക്കാറിന്റെ കയ്യിലേക്ക് വരികയും നിയന്ത്രണം അവരേറ്റെടുക്കുകയും ചെയ്യും.

വക്വ‌്‌ഫ് ചെയ്യാനുള്ള അർഹത: ഏതൊരു വ്യക്തിക്കും ശാശ്വത സമർപ്പണത്തിലൂടെ മുസ്‌ലിം വ്യക്തിനിയമം അംഗീകരിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി വക്വ‌്‌ഫ് ചെയ്യാവുന്നതാണ്.

എന്നാൽ ഭേദഗതി നിർദേശപ്രകാരം 5 വർഷം ഇസ്‌ലാമിക ചര്യയിൽ ജീവിച്ചയാൾക്ക് മാത്രമെ വക്വ‌്‌ഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. വാക്വിഫിന് കാലപരിധി നിർണയിക്കുന്നതിലൂടെ വ്യക്തിസ്വാതന്ത്യത്തെ തകർക്കുകയാണ് ഇവർ.

ഒരു വസ്തു ഉപയോഗം കൊണ്ട് വക്വ‌്‌ഫ് ആവുകയെന്നത് വിശദീകരിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞതിലൂടെ പിടിച്ചടക്കാനുള്ള പഴുതുകൾ ഉണ്ടാക്കുകയാണെന്നും മനസ്സിലാക്കാം. പുരാതന പള്ളികളും ക്വബർസ്ഥാനുകളും എളുപ്പത്തിൽ പിടിച്ചടക്കാനാകും.

വക്വ‌്‌ഫ് അലൽ ഔലാദുകളിൽ പിന്തുടർച്ചാവകാശികളില്ലാതെ വരുന്ന ഘട്ടത്തിൽ അതിൽനിന്നുള്ള വരുമാനം വിദ്യാഭ്യാസം, പുരോഗതി, ക്ഷേമകാര്യങ്ങൾ എന്നിവയ്ക്കും മുസ്‌ലിം നിയമം അംഗീകരിച്ച മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന രീതിയിൽ വിധവകൾക്കും വിവാഹമോചിതകൾക്കും അനാഥർക്കും ചെലവിന് നൽകുന്നതിന് ഉപയോഗിക്കേണ്ടതാണ്. എന്നാൽ മേൽപറഞ്ഞ ഗുണകാംക്ഷികൾ മുസ്‌ലിംകൾ ആയിരിക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രാദേശികതല അന്വേഷണം നടത്തി തീരുമാനമെടുക്കുന്നതിന് വക്വ‌്‌ഫ് ബോർഡിന് അധികാരം ഉണ്ടായിരിക്കും.

വക്വ‌്‌ഫ് അലൽ ഔലാദ് വിഷയത്തിൽ പുതിയ ഒരു വകുപ്പ് ചേർത്തുവെച്ചിട്ടുണ്ട്. വക്വ‌്‌ഫ് അലൽ ഔലാദ് രൂപീകരിച്ചാൽ അനന്തരാവകാശികൾക്ക് സ്വത്ത് നഷ്ടപ്പെടുന്ന രീതിയിലാകരുതെന്ന് കാണുന്നു. എന്നാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മാത്രമെ അയാളുടെ സ്വത്തിൽ അവകാശികൾക്ക് അവകാശം ലഭിക്കുകയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ അയാളുടെ സ്വത്ത് വക്വ‌്‌ഫ് ചെയ്യാവുന്നതാണ്. അങ്ങനെ വക്വ‌്‌ഫ് ചെയ്യുന്ന വസ്തു അവകാശികൾ അയാളുടെ മരണശേഷം തിരികെ ആവശ്യപ്പെട്ടാൽ നൽകേണ്ടി വരുമെന്നത് ഇസ്‌ലാമിക വീക്ഷണത്തിൽ ശരിയല്ലാത്തതാണ്.

ആറ് മാസത്തിനുള്ളിൽ വക്വ‌്‌ഫിന്റെ മുഴുവൻ വിവരങ്ങളും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡാറ്റാബേസിൽ ചേർക്കണമെന്ന നിർദേശമടങ്ങിയ പുതിയ ഒരു വകുപ്പും ഉൾച്ചേർത്തിട്ടുണ്ട്. നിലവിൽ ഈ വിവരങ്ങളെല്ലാം സംസ്ഥാന സർക്കാർ നിർദേശിക്കുന്ന റജിസ്റ്ററിൽ ചേർത്ത് സൂക്ഷിച്ച് വരുന്നതാണ്. അതിൽ കേന്ദ്രസർക്കാരിന്റെ കൈകടത്തലിന്റെ ഉദ്ദേശ്യം എന്താണെന്നതിൽ വ്യക്തതയില്ല.

സർക്കാർ വസ്തു വക്വ‌്‌ഫ് വസ്തുവായി കണ്ടെത്തിയാൽ അത് വക്വ‌്‌ഫ് അല്ലാതെയാകുമെന്നും ഇത് സമ്പന്ധിച്ച് തർക്കം വന്നാൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം കളക്ടറിൽ നിക്ഷിപ്തമായിരിക്കും. ഇതും പുതുതായി കൂട്ടിച്ചേർത്ത ഒരു വകുപ്പാണ്.

അതാത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായിട്ടുള്ള സർക്കാർ വസ്തു സർക്കാർതന്നെ വക്വ‌്‌ഫുകൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്ന ഈ വകുപ്പും നിഷ്‌കളങ്കമല്ല.

വക്വ‌്‌ഫ് വസ്തുക്കളുടെ സർവെ നടത്തേണ്ടത് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സർവെ കമ്മീഷണറാണെന്നാണ് നിലവിലെ നിയമം. 1954ൽ വക്വ‌്‌ഫ് നിയമം വന്നത് മുതൽ സർവെ കമ്മീഷണറെ നിയമിച്ച്, അദ്ദേഹത്തിന്റെ കീഴിലെ സർവേയർമാരെ നിയോഗിച്ച് വക്വ‌്‌ഫ് സർവെ പൂർത്തീകരിച്ചതിന്റെ ഭാഗമായി 4000 ലേറെ വക്വ‌്‌ഫുകൾ റജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സർക്കാർ സർവേ കമ്മീഷണർമാരെയും ജോയിന്റ് സർവേ കമ്മീഷണർമാരെയും നിയമിച്ച് നടപടി സ്വീകരിച്ച് വരുന്ന സാഹചര്യത്തിലാണിപ്പോൾ ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. അതാത് ജില്ലാകലക്ടർമാർക്ക് ചുമതല നൽകിക്കൊണ്ടാണ് ഭേദഗതി നിർദേശിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേഷന്റെ അധികഭാരത്തോടുകൂടി ജോലി ചെയ്യുന്ന കലക്ടർമാരുടെ തിരക്കിൽ സർവേയുടെ ലക്ഷ്യം കാണാതെ പോകുമെന്ന കാര്യത്തിൽ സംശയമില്ല.

വക്വ‌്‌ഫ് വസ്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതിയിലായിരിക്കുമെന്നത് അതിന്റെ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് പത്രപരസ്യം നൽകണമെന്ന ഭേദഗതി നിർദേശം തർക്കങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്.

വക്വ‌്‌ഫ് കൗൺസിലിൽ അമുസ്‌ലിംകൾ: നിലവിലെ വകുപ്പ് 9 പ്രകാരമുള്ള സെൻട്രൽ വക്വ‌്‌ഫ് കൗൺസിലിന്റെ ഘടനമാറ്റി കൗൺസിലിൽ അമുസ്‌ലിംകൾക്ക് അംഗത്വം ലഭിക്കുന്ന രീതിയിലാണ് ഭേദഗതി ചെയ്തിട്ടുള്ളത്.

നിലവിലുള്ള വക്വ‌്‌ഫ് നിയമത്തിൽ ബോർഡിലെ ഒരു മുസ്‌ലിം മെമ്പർ അമുസ്‌ലിമായാൽ ബോർഡ് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപിച്ച് മാറ്റി നിർത്താവുന്നതാണ്. എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള ബോർഡ് എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ട് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതുപോലെ രണ്ട് അമുസ്‌ലിംകൾ മെമ്പർമാരിൽ ഉണ്ടാകണമെന്ന് കൂടി വ്യവസ്ഥയിൽ പരാമർശിക്കുന്നു. അതോടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കേവലം മുതവല്ലി പ്രതിനിധിയായ ഒരാളും മുസ്‌ലിം സ്‌കോളർ ആയിട്ടുള്ള ഒരാളും ഒഴികെ ഏതൊരു ബോർഡംഗവും അമുസ്‌ലിമാകാമെന്ന രൂപത്തിൽ വകുപ്പിനെ പരിമിതപ്പെടുത്തിയത് മുസ്‌ലിം വക്വ‌്‌ഫ് സംരക്ഷണം ഇല്ലാതാക്കുന്നതിനും വക്വ‌്‌ഫ് വസ്തുക്കൾ അന്യാധീനപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമമായി കാണേണ്ടിവരും. മദ്‌റസ, ക്വബ്ർസ്ഥാൻ, പള്ളി, അതാത് പ്രദേശത്തെ മുസ്‌ലിം ജനവിഭാഗങ്ങളുടെ കാര്യങ്ങൾ, പള്ളി ഭരിക്കുന്നവരെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ... ഇവയുടെയെല്ലാം സൂപ്പർവൈസറി ബോർഡ് പൂർണമായും ഇസ്‌ലാം മതത്തിലെ മെമ്പർമാരും ചെയർമാനും ആയിരിക്കുകയാണ് വേണ്ടത്. അനിവാര്യമായ ഇത്തരം മാനദണ്ഡങ്ങളെ അട്ടിമറിക്കുന്നതോടുകൂടി വക്വ‌്‌ഫിന്റെ പവിത്രത നഷ്ടപ്പെടുകയും ഈ സംവിധാനം തന്നെ തകർക്കപ്പെടുകയും ചെയ്യും.

ചെയർമാനെ ഭൂരിപക്ഷ ബോർഡംഗങ്ങൾ തെരഞ്ഞെടുക്കുന്ന വ്യവസ്ഥയെ നിരാകരിക്കുന്ന, സർക്കാർ നോമിനേറ്റ് ചെയ്യുന്ന വ്യക്തിയെ ചെയർമാനാക്കണമെന്ന നിയമ ഭേദഗതിയാണ് നിർദേശിച്ചിട്ടുള്ളത്. ഇത് ജനാധ്യപത്യവിരുദ്ധമാണ്.

അവിശ്വാസ വോട്ടിലൂടെ ചെയർമാനെ നീക്കം ചെയ്യാമെന്ന പ്രിൻസിപ്പൽ ആക്ടിലെ സെക്ഷൻ 20 എ പൂർണമായും ഒഴിവാക്കി. പകരം സർക്കാർ നോമിനേറ്റ് ചെയ്യുന്ന ചെയർമാനെ ബോർഡിലെ ഭൂരിപക്ഷത്തിന്റെ തീരുമാനമുണ്ടെങ്കിലും ഒഴിവാക്കാനാകില്ല എന്ന് ഭേദഗതി ചെയ്തു. ഇതും ജനാധിപത്യവിരുദ്ധമാണ്.

വക്വ‌്‌ഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുസ്‌ലിം ആയിരിക്കണമെന്നതാണ് നിയമം. എന്നാൽ ഭേദഗതിയിൽ ഈ നിബന്ധന ഒഴിവാക്കിയതിലൂടെ പ്രസ്തുത സ്ഥാനം മുസ്‌ലിം അല്ലാത്തവർക്കും വഹിക്കാവുന്നതാണ്.

നിലവിലെ വക്വ‌്‌ഫ് നിയമത്തിന്റെ വകുപ്പ് 36 പ്രകാരം വക്വ‌്‌ഫ് റജിസ്റ്റർ ചെയ്യുന്നതിന് ബോർഡാണ് അന്വേഷണം നടത്തേണ്ടത്. എന്നാൽ ഈ വകുപ്പിലെ ഭേദഗതി പ്രകാരം വക്വ‌്‌ഫ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണമായ അധികാരം കലക്ടർക്കാണ്. ഈ ഭേദഗതി നിർദേശം വക്വ‌്‌ഫുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ കൂടുതൽ സങ്കീർണമാവുകയും കാലതാമസം നേരിടുകയും ചെയ്യും. ഒരു വസ്തു അല്ലാഹുവിന് സമർപ്പിക്കപ്പെട്ടതാണോ എന്ന് വക്വ‌്‌ഫ് നിയമപ്രകാരം പരിശോധിച്ച് തീരുമാനമെടുക്കുന്നതിനുള്ള ശ്രമകരവും നിയമപരവുമായ ദൗത്യം ബോർഡ് വളരെ കൃത്യമായി നിർവഹിക്കുന്നത് കൊണ്ടാണ് വക്വ‌്‌ഫ് സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കുന്നത്. വക്വ‌്‌ഫിന്റെ തീരുമാനങ്ങളെ ഹൈക്കോടതിയും സുപ്രീം കോടതിയും പലപ്പോഴും ശരിവയ്ക്കുകയുണ്ടായിട്ടുണ്ട്. അത്രമേൽ കൃത്യവും ശ്രമകരവുമായിരുന്നത് കൊണ്ടാണത്. ഈ അധികാര നിർവഹണം ഒരു ഡെസിഗ്‌നേറ്റഡ് മജിസ്‌ട്രേറ്റായ ജില്ലാ കലക്ടർക്ക് നൽകുന്നത് വഴി വക്വ‌്‌ഫാണോയെന്ന് പരിശോധിക്കേണ്ട നടപടി ദൈർഘ്യമുള്ളതാവുകയും വക്വ‌്‌ഫ് സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുക.

വക്വ‌്‌ഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അപേക്ഷയിലും റജിസ്റ്ററിലും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽ വരുന്നവയായിരുന്നു. എന്നാൽ ഭേദഗതി പ്രകാരം കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ചട്ടപ്രകാരമായിരിക്കും ഉൾപ്പെടുത്തുക. ഈ കാര്യത്തിലും അവ്യക്തതയും ദുരൂഹതയുയുമുണ്ട്. വക്വ‌്‌ഫ് വസ്തുക്കൾ റജിസ്റ്ററിൽ ചേർക്കുന്നതിനുള്ള ബോർഡിന്റെ അംഗീകാരം കലക്ടർക്ക് വിധേയമായിട്ടായിരിക്കും. ഇതെല്ലാം വക്വ‌്‌ഫുകളെ സാരമായി ബാധിക്കുകയും ചെയ്യും.

നിലവിലെ വക്വ‌്‌ഫ് നിയമത്തിലെ 37ാം വകുപ്പനുസരിച്ച് വക്വ‌്‌ഫിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ റജിസ്റ്റർ സൂക്ഷിക്കേണ്ടതും അതിന്റെ മാതൃക സർക്കാർ അംഗീകരിച്ച വക്വ‌്‌ഫ് റഗുലേഷനിൽ നിഷ്‌കർച്ചിരുന്നതുമാണ്. ഭേദഗതി പ്രകാരം കേന്ദ്രസർക്കാർ അംഗീകരിച്ച് നൽകുന്നതാണെന്ന് കാണുന്നു. നിലവിൽ റജിസ്റ്റർ ചെയ്ത 12000 തോളം വക്വ‌്‌ഫുകൾ റജിസ്റ്ററിൽ മാറ്റം വരുത്താൻ കാലതാമസം നേരിടുമെന്നതാണ് മറ്റൊരു പ്രയാസം. നിലവിലുള്ള നിയമപ്രകാരം വക്വ‌്‌ഫ് റജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ബോർഡിന്റ നിർദേശമനുസരിച്ച് ലാന്റ് റെക്കോർഡുകളിൽ വക്വ‌്‌ഫ് വസ്തു സംബന്ധിച്ച് മാറ്റം വരുത്താമായിരുന്നു. പുതിയ ഭേദഗതിയനുസരിച്ച് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് എതിർപ്പ് വിളിച്ചതിന് ശേഷം മാത്രമെ ലാന്റ് റെക്കോർഡുകളിൽ മാറ്റം വരുത്താനാകൂ. ഇതോടെ മൂന്നാമതൊരാൾക്ക് എതിർപ്പ് ഉന്നയിക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുകയും അനാവശ്യ തർക്കങ്ങൾ രൂപപ്പെടുകയും ചെയ്യുമെന്നും നിരീക്ഷിക്കുന്നുണ്ട്.

1995 ലെ വക്വ‌്‌ഫ് നിയമത്തിലെ സെക്ഷൻ 40 പ്രകാരം സമ്പത്ത് വക്വ‌്‌ഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമാണ്. പുതിയ ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. ബോർഡിന്റ അധികാരത്തിൽ മേലുള്ള കടന്നുകയറ്റമാണിത്.

വക്വ‌്‌ഫിന്റെ കണക്കുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ച ഫോമുകളിലാണ് സമർപ്പിക്കേണ്ടത്. എല്ലാ സ്രോതസ്സുകളിൽനിന്നും ലഭിക്കുന്ന എല്ലാ സമ്പത്തിനെയും കുറിച്ച് കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഫോമിൽ ഓൺലൈനായി നൽകേണ്ടതാണെന്ന് പുതിയ ബില്ല് ഭേദഗതിയിൽ പറയുന്നു. ഇത് സംസ്ഥാന സർക്കാറിന്റെ അധികാരം കേന്ദ്രം പിടിച്ചെടുക്കുന്നതിന് തെളിവാണ്. എന്നാൽ സംഭാവന നൽകുന്നവരുടെ പേര് വെളിപ്പെടുത്തുന്നതുകൊണ്ട് എല്ലാ സ്രോതസ്സുകളിൽനിന്നും ലഭിക്കുന്ന പണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ സംഭാവന നൽകുന്നവരുടെ മതപരമായ സ്വകാര്യതയെ ബാധിക്കുന്നതാണ്.

കേന്ദ്ര ഗവൺമെന്റ് നിർദേശിക്കുന്ന പ്രകാരം വക്വ‌്‌ഫുകളുടെ ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സെക്ഷൻ 47 ൽപുതിയ വ്യവസ്ഥ നിർദിഷ്ട ഭേദഗതിയിൽ കാണുന്നു. വകുപ്പുകളുടെ അക്കൗണ്ടുകളുടെയും ഓഡിറ്റിന്റെയും മുഴുവൻ നിയന്ത്രണവും കേന്ദ്രസർക്കാറിന് ലഭിക്കുന്ന രീതിയിലാണ് നിർദിഷ്ട ഭേദഗതി. ഓഡിറ്റ് റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് പാസാക്കിയ ഉത്തരവുകളും കേന്ദ്രസർക്കാർ നിർദേശിക്കുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം. അങ്ങനെയായാൽ എല്ലാ ഔക്വാഫുകളുടെയും കണക്കുകൾ വകുപ്പിൽ താല്പര്യമുള്ളതും ഇല്ലാത്തതുമായ വ്യക്തികൾക്ക് ലഭ്യമാകുന്നതാണ്. അത് ശരിയായ നടപടിയല്ല

സെക്ഷൻ 52 aയിൽ വക്വ‌്‌ഫ് വസ്തു അന്യാധീനപ്പെടുത്തുന്നവർക്കും അനധികൃതമായി കൈവശം വയ്ക്കുന്നവർക്കും എതിരെ ക്രിമിനൽ കോടതിക്ക് മുമ്പാകെ കേസ് ഫയൽ ചെയ്യുന്നതിന് അധികാരം നൽകാവുന്നതാണ്. എന്നാൽ ഭേദഗതി പ്രകാരം പ്രസ്തുത കുറ്റം കോഗ്‌നൈസബിളും ജാമ്യം ലഭിക്കാത്തതും ആണെന്ന വ്യവസ്ഥയും കോടതി മുമ്പാകെ ഫയൽ ആക്കുന്നതിനുള്ള വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ പ്രസ്തുത വകുപ്പ് നിലനിൽക്കുന്നതല്ല. അപ്പോൾ അനധികൃതമായി സ്വത്തു കൈവശം വയ്ക്കുന്നവരും അന്യാധീനപ്പെടുത്തുന്നതിന് കൂട്ടുനിൽക്കുന്നവരും ശരിയായ രീതിയിൽ ശിക്ഷിക്കപ്പെടുകയില്ല. കൂടാതെ കഠിന തടവ് എന്നത് കേവലം തടവു മാത്രമായി കയ്യേറ്റക്കാരെ സഹായിക്കുന്നതുമാണ്. ഇതും വക്വ‌്‌ഫ് നിയമങ്ങളോട് ചെയ്യുന്ന വലിയ പാതകമാണ്.

ബോർഡിന്റെയും കളക്ടറുടെയും നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മുതവല്ലിക്ക് ആറുമാസംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന ഒരു പുതിയ ഉപവിഭാഗം സെക്ഷൻ 61 ഉൾപ്പെടുത്തിയിട്ടുണ്ട്. അതുവഴി കളക്ടറുടെ നിർദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കാൻ മുതവല്ലി നിർബന്ധിതനാകും. കേന്ദ്രസർക്കാർ നൽകുന്ന പോർട്ടലിൽ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ മുതവല്ലി പരാജയപ്പെട്ടാൽ ഇതേ ശിക്ഷതന്നെ ലഭിക്കും. വക്വ‌്‌ഫിന്റെ സ്വത്തുക്കളും വരുമാനവും സംബന്ധിച്ച വിശദാംശങ്ങൾ നേടിയെടുക്കാനുള്ള കേന്ദ്രസർക്കാറിന്റെ പ്രവർത്തനമാണ് ഇത് എന്ന് നമുക്ക് മനസ്സിലാക്കാം.

വക്വ‌്‌ഫ് നിയമത്തിലെ 104ാം വകുപ്പ് പ്രകാരം ഏതു മതത്തിൽ പെട്ടവർക്കും ഒരു വസ്തു വക്വ‌്‌ഫാക്കുന്നതിനോ വക്വ‌്‌ഫ് നൽകുന്നതിനോ സാധിച്ചിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയതായി കാണുന്നു. അഞ്ചുവർഷമെങ്കിലും ഇസ്‌ലാമിക ആചാര പ്രകാരം ജീവിച്ചിട്ടുള്ള വ്യക്തികൾക്ക് മാത്രമെ വക്വ‌്‌ഫ് രൂപീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന ഭേദഗതി വക്വ‌്‌ഫ് നൽകാൻ ആഗ്രഹിക്കുന്ന മുസ്‌ലിമേതര വ്യക്തികളുടെ അവകാശത്തെ ഹനിക്കലാണ്. ഇത് ശരിയായ നടപടിയല്ല.

സെക്ഷൻ 107ൽ വക്വ‌്‌ഫ് സ്വത്തുമായി ബന്ധപ്പെട്ട് കേസ് ഫയൽ ആക്കുന്നതിന് പരിധി നിയമം ബാധകമല്ല എന്നാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ നിർദിഷ്ട ഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കിയിട്ടുള്ളതും അന്യാധീനപ്പെട്ട വക്വ‌്‌ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ സാധിക്കാതെ പോവുകയും ചെയ്യും.

വക്വ‌്‌ഫ് നിയമം 108 പ്രകാരം ഏതെങ്കിലും വസ്തു ബോർഡിന്റെ അധീനതയിൽ ഉണ്ടെങ്കിൽ ആയത് ട്രസ്റ്റ് എന്ന നിലയിൽ നേരിട്ടുള്ള ഭരണം ബോർഡിന് നടത്താവുന്നതാണ് എന്ന് ഉണ്ട്. എന്നാൽ ഭേദഗതി പ്രകാരം ഈ നിയമം എടുത്തുകളഞ്ഞിരിക്കുന്നു. കേരളത്തിൽ അത്തരം വസ്തുക്കളൊന്നും നിലവിലില്ലെങ്കിലും വടക്കേ ഇന്ത്യയിൽ അത്തരം വസ്തുക്കൾ ഉള്ളതും അത് വക്വ‌്‌ഫ് ബോർഡുകൾക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ളതുമാണ്.

വക്വ‌്‌ഫ് വസ്തുക്കളെ സംബന്ധിച്ച് മറ്റെല്ലാ നിയമങ്ങളെക്കാളും ഉപരിയായി വക്വ‌്‌ഫ് നിയമമാണ് ബാധകമാകാറുള്ളത്. ഈ നിയമങ്ങൾക്ക് വിരുദ്ധമായി മറ്റു നിയമങ്ങൾ ബാധകമാവുകയില്ല. എന്നാൽ ഇങ്ങനെ നിർദേശിക്കുന്ന 108 എ വകുപ്പും എടുത്തുകളഞ്ഞതായി കാണുന്നു.

ചുരുക്കത്തിൽ, ബില്ല് തികച്ചും ഏകപക്ഷീയവും സംസ്ഥാന സർക്കാറിന്റെയും ബോർഡിന്റെയും അധികാരങ്ങൾ കവർന്നെടുക്കുന്നതുമാണ്. വക്വ‌്‌ഫ് സ്വത്ത്, വരുമാനം തുടങ്ങിയ എല്ലാ വിവരങ്ങളും വക്വ‌്‌ഫ് മുതവല്ലിമാരുടെ നിയന്ത്രണവും കേന്ദ്ര ഗവൺമെന്റിന് ലഭിക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ് പുതിയ ഭേദഗതി. ഇന്ത്യയിലെ മറ്റേതൊരു മതസ്ഥരുടെയും ആരാധനാലയങ്ങൾക്ക് ഇല്ലാത്ത തരത്തിലുള്ള നിയന്ത്രണവും വിവരശേഖരണവും തീരുമാനം എടുക്കുന്നതിൽ മുസ്‌ലിം ഇതര വ്യക്തികളുടെ ഇടപെടലുകൾ ഉണ്ടാക്കുന്ന രീതിയിലുമാണ് ഈ ബില്ലിലെ വകുപ്പുകൾ ഏറെയും. ഇത് ജനാധിപത്യവിരുദ്ധവും നാളിതുവരെയുള്ള ഇന്ത്യയുടെ മതേതര നയങ്ങൾക്ക് വിരുദ്ധവുമാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ കാറ്റിൽ പറത്തി ഇറക്കാൻ ശ്രമിക്കുന്ന ഈ ബില്ല് ചില ഗൂഢലക്ഷ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.