മതം സ്വാതന്ത്ര്യം ആവിഷ്‌കാരം
ഉസ്മാൻ പാലക്കാഴി
2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

പല അർഥ സാധ്യതകളുള്ള പദമാണ് ‘സ്വാതന്ത്ര്യം’ എന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ അർഥങ്ങളിൽ ഏറ്റവും പ്രതിലോമകമായത് യാതൊരു നിയന്ത്രണവും ഇല്ലാതിരിക്കുക എന്നതാണ്. അങ്ങനെ പറയാൻ കാരണം നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം മനുഷ്യജീവിതവുമായി ഒരു നിലയ്ക്കും യോജിക്കുന്നില്ല എന്നതാണ്. മനുഷ്യൻ പ്രകൃതിപരമായിത്തന്നെ പല നിയന്ത്രണങ്ങൾക്കും വിധേയനാണ്. മനുഷ്യന്റെ ചിന്തയും ബുദ്ധിയും ധാർഷ്ട്യവും ആഗ്രഹിച്ചാൽ തന്നെ സ്വതന്ത്രനാകാൻ പറ്റാത്ത വിധത്തിൽ പലതരം നിയന്ത്രണങ്ങളിലും പ്രകൃതിപരവും സൃഷ്ടിപരവുമായ പരിധികളിലുമാണ് അവന്റെ നിലനിൽപ്. ഈ വസ്തുതുതയെ അടിസ്ഥാനമാക്കി ചിന്തിച്ചാൽതന്നെ ബുദ്ധിയുള്ള ഒരു മനുഷ്യന് സ്വാതന്ത്ര്യമെന്ന വാക്കിന്റെ പരിമിതികൾ ഉൾക്കൊള്ളുവാൻ കഴിയും. മനുഷ്യൻ മനസ്സിൽ കാണുന്നതത്രയും പ്രവൃത്തിയിൽ വരുത്തുവാനും ഇച്ഛിക്കുന്നതെന്തും സാധിച്ചെടുക്കാനും മനുഷ്യന് കഴിഞ്ഞിരുന്നുവെങ്കിൽ ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
‘മറ്റൊരാളുടെ മൂക്കിന്റെ പരിധിയിൽ നിങ്ങളുടെ കൈയിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു’ എന്ന ചൊല്ല് ഏറെ പ്രസക്തമാണ്. വൈയക്തിക സ്വാതന്ത്ര്യത്തിന്റെ പരിധി നിർണയമാണ് ഈ പഴംചൊല്ലിന്റെ പൊരുൾ. സ്വന്തം കാര്യമായാലും അത് ഉപയോഗിക്കുന്നത് മറ്റൊരു വ്യക്തിയുടെ നിലനിൽപിന് എതിരാകുന്നിടത്ത് സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന വാക്കിന്റെ അർഥം നമുക്ക് പിടികിട്ടേണ്ടതുണ്ട്. ഒരു വ്യക്തിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആകെത്തുകയെങ്കിൽ സമൂഹത്തിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയ്‌ക്കൊന്നും യാതൊരർഥവും ഉണ്ടാകുമായിരുന്നില്ല. സ്വന്തം കരം യഥേഷ്ടം ഉപയോഗിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരു വ്യക്തിയുടെ മൂക്കിനു നേരെ പ്രയോഗിക്കുമ്പോൾ അപരന്റെ സുരക്ഷിതത്വമെന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. അപ്പോൾ ഒരു വ്യക്തിയുടെ സ്വാതന്ത്യത്തിന്റെ അനിയന്ത്രിതത്വം അപരന്റെ സ്വാതന്ത്ര്യത്തിന്റെ സാംഗത്യത്തെത്തന്നെ നിരാകരിക്കുന്നതായിത്തീരുന്നു. അതിനാൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പരിധി നിർണയിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ അർഥപ്രാപ്തിക്കും പ്രായോഗികതക്കും ആവശ്യമാണ്.
നിരുപാധികമായതും യാതൊരു നിയന്ത്രണമില്ലാത്തതുമായ സ്വാതന്ത്ര്യമെന്ന ആശയം തന്നെ അപഹാസ്യവും യുക്തിരഹിതവുമാണ്. വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയ്ക്ക് സമൂഹം അനേകം സ്വാതന്ത്ര്യങ്ങളുടെ സംഗമമാണ്. പരസ്പരവിരുദ്ധങ്ങളായ താൽപര്യങ്ങളും ഇഛകളുമുള്ള വ്യക്തികൾ മേളിക്കുമ്പോൾ അത് വിരുദ്ധ സ്വപ്‌നങ്ങളുടെ മേളനം കൂടിയാണ്. ഈ വിധത്തിലുള്ള സമൂഹത്തിന്റെ നിലനിൽപിന് വ്യക്തികളുടെ ആത്മനിഷ്ഠമായ താൽപര്യങ്ങളെ മാറ്റിവെച്ചുകൊണ്ടുള്ള നിലപാടുകൾ അവലംബിക്കേണ്ടി വരുന്നു. ഓരോ വ്യക്തിയും സമൂഹത്തിനുമേൽ സ്വതാൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ സമൂഹമെന്ന ഘടന ശിഥിലമായിത്തീരുകയാണ് ചെയ്യുക. ഈ ശിഥിലീകരണം സംഭവിക്കാതിരിക്കാനാണ് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലൂടെ ചില പൊതുധാരണകളിലേക്ക് സമൂഹത്തെ നയിക്കുന്നത്.
സമൂഹജീവിയാണ് താൻ എന്നും താൻ സമൂഹത്തിന്റെ ഭാഗമാണ് എന്നും ചിന്തിക്കുന്ന ഒരു വ്യക്തിക്ക് പരിധിയില്ലാത്ത സ്വാതന്ത്ര്യമെന്ന ഭാവനയുമായി മുന്നോട്ടുപോകാനാവില്ല. ചിന്തയിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം ചിന്തയുടെ പ്രകടനത്തിൽ ഒരിക്കലും സാധിക്കുകയില്ല.
ഭാവനയുടെയും ചിന്തയുടെയും കാര്യത്തിൽ വ്യക്തിയനുഭവിക്കുന്ന, മനസ്സിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്ന സ്വാതന്ത്ര്യം, ആവിഷ്‌കാരത്തിന്റെ മേഖലയിൽ മാറ്റിവെക്കപ്പെടുന്നത് സമൂഹത്തിന്റെ സ്വസ്ഥതക്കും നൻമക്കും ചിലപ്പോൾ ആവശ്യമായി വന്നേക്കും. ഇത്തരം ഘട്ടങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വന്തം താൽപര്യങ്ങളുമായി മുന്നോട്ടു പോകുന്നവർ സമൂഹത്തെ അവഗണിക്കുന്നവരും തന്നിമിത്തം
സാമൂഹ്യദ്രോഹികളുമായിത്തീരുന്നു. സ്വാതന്ത്ര്യം കൊടിയ തിൻമക്കും അക്രമത്തിനും സാമൂഹ്യ അസ്വസ്ഥതകൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ അഭിമുഖീകരിക്കാതെ ശ്രദ്ധിക്കുകയെന്നതും മനുഷ്യന്റെ നൈതികമായ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. പ്രതിലോമകമായ സ്വാതന്ത്ര്യബോധവുമായി മുന്നോട്ടു ഗമിക്കുന്നവർ മാത്രമെ ഇത്തരം ഘട്ടങ്ങിളിൽ ധാർഷ്ട്യത്തിന്റെ പ്രേരണയിൽ കുടുങ്ങിക്കിടക്കുകയുള്ളൂ. തന്റെ ഭാവനയും ആവിഷ്‌കാരവും സമൂഹത്തിന് തിൻമയായി അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കാത്ത ഒരു വ്യക്തി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നടത്തുന്ന അവകാശവാദങ്ങൾക്ക് യാതൊരു മൂല്യവുമുണ്ടാകില്ല എന്നതാണ് വസ്തുത. കാരണം അവിടെ മൂല്യവും നൻമയും സമൂഹത്തിന്റെ പക്ഷത്തായിരിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള നിലപാടിൽ സാമൂഹ്യദ്രോഹം പതിയിരിക്കുകയും ചെയ്യുന്നുണ്ടായിരിക്കും. സമൂഹ നിലനിൽപിന് ഭീഷണിയായിത്തീരും വിധത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യം പലപ്പോഴും മാറുമെന്നതിനാലാണ് നിരുപാധികം പിന്തുണക്കാവുന്ന ഒരാശയമല്ല അതെന്ന് പറയേണ്ടിവരുന്നത്. ഇവിടെ ചില മാനദണ്ഡങ്ങളും പരിഗണനകളും കടന്നുവരികയും സ്വാതന്ത്ര്യം ശരിയാം വിധത്തിലല്ലെങ്കിൽ അതിന് തെറ്റായ അർഥം സിദ്ധിക്കുകയും ചെയ്യും. വർത്തമാനകാല ചർച്ചകളിൽ ഈ വസ്തുത വേണ്ടത്ര പരിഗണിക്കപ്പെടാറില്ല. ആവിഷ്‌കാര ചർച്ചകളുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.
ജീവിതത്തിലെ സ്വാതന്ത്ര്യവും ചിന്തയിലെ സ്വാതന്ത്ര്യവും ആവിഷ്‌കാരത്തിലെ സ്വാതന്ത്ര്യവുമെല്ലാം വേറിട്ട സാധ്യതകളിലൂടെയും സന്ദർഭങ്ങളിലൂടെയും കടന്നുപോകുന്നവയാണ്. മനോലോകത്ത് വ്യക്തിക്ക് നൽകപ്പെടുന്ന സ്വാതന്ത്യം പ്രത്യക്ഷലോകത്ത് അനുഭവിക്കുവാൻ കഴിയണമെന്നില്ല. കോടീശ്വരനായ ഒരു വ്യക്തിയുടെ സമ്പത്തത്രയും താൻ സ്വന്തമാക്കുന്നതായി സങ്കൽപിക്കാൻ ഒരു ദരിദ്രന്റെ ഭാവനയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അക്കാര്യം വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ പ്രകടിപ്പിക്കുമ്പോൾ ആ സ്വാതന്ത്ര്യമില്ല. അവിടെ നിയമത്തിന്റെയും നീതിയുടെയും സാമൂഹ്യസംവിധാനത്തിന്റെയും ഇടപെടലുകൾ കടന്നുവരുന്നു. സ്വാതന്ത്ര്യമെന്ന വാക്ക് അമൂർത്തമായ ഒരു സ്വഭാവമാർജിക്കുന്നതാണ് ഈ ദരിദ്രന്റെ ഭാവനയിൽ നാം കാണുന്നത്. സത്യത്തിൽ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പരിമിതി ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യമെന്ന വാക്കിനെക്കുറിച്ചുള്ള മനുഷ്യന്റെ ഭാവനകളത്രയും നിരാകരിക്കുന്നതാണ് ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ. അതുകൊണ്ടാണ് സ്വാതന്ത്ര്യമെന്നത് നിയന്ത്രണത്തിന് വിധേയമായ മൂല്യവും നന്മയുമാണെന്ന് ചില ചിന്തകന്മാർ പറഞ്ഞത്.
ആവിഷ്‌കാരത്തിന്റെ കാര്യത്തിൽ ഈ വസ്തുതകൾ പരമപ്രധാനമാണ്. ആവിഷ്‌കാരം പ്രഥമമായി സംഭവിക്കുന്നത് മനസ്സിലാണ്. മനോലോകം യാഥാർഥ്യലോകത്തിൽനിന്ന് ഭിന്നമാണ്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഭാവനകളിലൂടെ വിഹരിക്കാൻ ആർക്കും കഴിയും. അത്തരം ഭാവനകൾ പ്രാവർത്തികമാക്കാനുള്ള സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് ആരും പറയാറില്ല. അങ്ങനെ പറയുന്നവരെ പരിഹസിക്കുകയാണ് സമൂഹം ചെയ്യുക. ഈ പരിഹാസം അർഹിക്കുന്നവരാണ് ആവിഷ്‌കാരത്തിന്റെ പേരിൽ എന്തുമാകാമെന്നു പറയുന്നവരും.
മതങ്ങളും ആവിഷ്‌കാരവും
മതങ്ങൾ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന സാമാന്യവൽക്കരണം വ്യാപിക്കുവാൻ ക്രിസ്തുമതത്തിന്റെ സമീപനങ്ങൾ കാരണമായിട്ടുണ്ട്. സഭയുടെ വിശ്വാസപരമായ പരികൽപനകളെ ശിഥിലീകരിക്കുന്നവയാണ് ആവിഷ്‌കാരങ്ങളത്രയും എന്ന് പൗരോഹിത്യം ശഠിച്ചു. പ്രപഞ്ചത്തിൽ ആവിഷ് കാര സ്വാതന്ത്ര്യത്തിന് ഒരേയൊരു ഉടമ മാത്രമേയുള്ളൂ എന്നും അത് സാക്ഷാൽ യഹോവയാണ് എന്നും മാർപ്പാപ്പമാർ വാദിച്ചു. സഭയുടെ കൃത്രിമ ആശയഘടനകളെ സംരക്ഷിക്കുവാനുള്ള ചട്ടക്കൂട് എന്ന നില യിലാണ് ക്രൈസ്തവ പൗരോഹിത്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എതിർത്തത്.
പൗരോഹിത്യത്തിന്റെ ഭീതിക്ക് അടിസ്ഥാനം ക്രൈസ്തവ മൂല്യങ്ങളുടെ കൃത്രിമത്വം ചോദ്യം ചെയ്യപ്പെടാനിടയാക്കുന്ന യുക്തിയുടെ ഉദയത്തിന് ആവിഷ്‌കാരങ്ങൾ നിമിത്തമാകുമോ എന്ന ചിന്തയായിരുന്നു. ഈ ഭയംമൂലം ഭാവനാധിഷ്ഠിതങ്ങളായ ആവിഷ്‌കാരങ്ങളെ സഭാനേതൃത്വം നിരുപാധികം പ്രതിരോധിച്ചുവന്നു. എങ്കിൽപോലും സഭകൾ ഭയപ്പെട്ടതുപോലെത്തന്നെ സംഭവിക്കുകയുണ്ടായി എന്നാണ് ചരിത്രം പറയുന്നത.് ഫ്രഞ്ച് കലാനിരൂപകനായ അശോറസ് മിൽട്ടൺ തന്റെ ഒരു കൃതിയിൽ ഇപ്രകാരം എഴുതുന്നു: “ക്രിസ്തുമതത്തിന്റെ ശിഥിലീകരണത്തിന് ഇടയാക്കുന്ന പല ഘടകങ്ങളും മനുഷ്യഭാവനയുടെ സ്വാതന്ത്യത്തിലൂടെ ഉരുത്തിരിഞ്ഞുവരാനിടയുണ്ട് എന്ന ഭയം യാഥാർഥ്യമായതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിന് നിവേധി തെളിവുകൾ ചൂണ്ടിക്കാട്ടാൻ കഴിയും. പതിനൊന്നാം നൂറ്റാണ്ടിന്റെ ഫ്രഞ്ച് ചിത്രകാരൻമാർ വരച്ച ക്രിസ്തു ചിത്രങ്ങളിൽ പ്രകടമായ ദയനീയതയുടെയും ദൗർബല്യങ്ങളുടെയും അടയാളങ്ങൾ ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവശാസ്ത്ര വിരുദ്ധമായ ചിന്തകൾക്കിടയാക്കിയത് അത്തരത്തിൽ ഒന്നാണ്. മനുഷ്യനായിരിക്കവേയുള്ള ക്രിസ്തുവിന്റെ ദൈവത്വം എന്ന സഭാവീക്ഷണത്തെ തകിടം മറിക്കുന്ന ചില സന്ദേഹങ്ങൾക്ക് ആ ചിത്രങ്ങൾ നിമിത്തമായി. അതുവരെയും ചോദ്യം ചെയ്യപ്പെടാതെ നിന്ന പലതും ചോദ്യങ്ങളിൽ കോർത്തുവലിക്കപ്പെട്ടു. അല്ലെങ്കിൽ ക്രിസ്തുവിനെ ചുറ്റിപ്പറ്റി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ചില മാനുഷിക സന്ദേഹങ്ങൾക്ക് പുറത്തേക്കിറങ്ങുവാൻ ആ ചിത്രങ്ങൾ വഴിയൊരുകക്കി. ഒരു മനുഷ്യന് എപ്രകാരം ദൈവമാകാൻ പറ്റും? മനുഷ്യന്റെ ദൈന്യതയോളം സ്വയം ചെറുതാകേണ്ടയാവശ്യം ദൈവത്തിനുണ്ടോ? ക്രിസ്തുവിന്റെ ദ്വൈത വ്യക്തിത്വം അദ്ദേഹത്തിലെ മനുഷ്യസ്വത്വത്തെ നിരാകരിക്കുന്നതിലല്ലേ ചെന്നെത്തുന്നത്? ഇതെല്ലാം അത്തരം സന്ദേഹങ്ങളിൽ ചിലതായിരുന്നു. വിഗ്രഹങ്ങളിലൂടെയും ചിത്രങ്ങളിലുടെയും ആവിഷ്‌കരിക്കപ്പെട്ട ക്രിസ്തുചിത്രങ്ങൾ വിശ്വാസപരമായ ബലഹീനതകൾക്കിടയാക്കിയതിന്റെ പാഠങ്ങൾ സ്വീകരിച്ചുകൊണ്ടാണ് സഭാനേതൃത്വം പിന്നീട് ആവിഷ്‌കാരത്തിന്റെ കാര്യത്തിൽ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.’’
വിമർശനത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം
ആധുനികാവബോധങ്ങളുടെ ഫലമായി വിമർശനാവകാശത്തെ സ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കുന്ന പൊതുസമീപനം ഇന്നുണ്ട്. സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള അവകാശത്തെയും വിമർശന അവകാശത്തെയും വേറിട്ടുതന്നെ കാണേണ്ടതുണ്ട്. കാരണം, ‘തിരസ്‌ക്കരിക്കുക’ എന്നതിന് ‘വിമർശിക്കുക’ എന്ന അർഥമോ ‘സ്വീകരിക്കുക’ എന്നതിന് ‘വിമർശിക്കാതിരിക്കുക’ എന്ന അർഥമോ ഇല്ല. വിമർശിക്കാതിരുന്നുകൊണ്ടുതന്നെ തിരസ്‌കാരവും വിമർശിച്ചുകൊണ്ടുതന്നെ സ്വീകരണവും സാധ്യമാണ്. ദൗർഭാഗ്യവശാൽ തിരസ്‌കരണത്തിൽ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ കാര്യത്തിൽ വിമർശനമാണ് തിരസ്‌കരണത്തിന്റെ കാതൽ എന്ന നിലപാടാണ് ചില ദുർബുദ്ധികൾ അവലംബിച്ചുവരുന്നത്. വിമർശനങ്ങളെ അതിജയിക്കാനുള്ള ആശയസമ്പന്നതയുള്ള മതമാണ് ഇസ് ലാം. എന്നാൽ ഇസ്‌ലാം വിമർശനങ്ങളെ അവഗണിക്കുകയല്ല ചെയ്യുന്നത്. വിമർശനങ്ങളെ അവയുടെ മർമമറിഞ്ഞു സമീപിക്കുന്ന ശൈലിയാണ് ഇസ്‌ലാമിന്റെത്. ഈ ശൈലിയെക്കുറിച്ച് അറിയാത്തവരാണ് ‘ഇസ്‌ലാമിന്റെ അസഹിഷ്ണുത’യെപ്പറ്റി വാചാലമാകുന്നത്. വിമർശനത്തിന്റെ വഴി ഇസ്‌ലാമിന് ദോഷമാണെന്ന ഭയം മുസ്‌ലിംകൾക്കില്ല. കാരണം ഇസ്‌ലാമിന്റെ ചരിത്രം ആ രീതിയിലാണു വികാസം പ്രാപിച്ചു വന്നിട്ടുള്ളത്. വിമർശന നിരൂപണങ്ങളുടെ അഗ്‌നിയിൽ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട ഇസ്‌ലാമിനെയല്ല; സ്വതവേ സ്ഫുടവും സംശുദ്ധവുമായ ഇസ്‌ലാമിനെയാണ് ചരിത്രത്തിൽ വിമർശകർക്കു നേരിടേണ്ടി വന്നിട്ടുള്ളത്.
വിമർശനം അതിന്റെ മൗലികമായ അർഥത്തിൽ മാനവികമായ ഒരു ദൗത്യം തന്നെയാണ് പാശ്ചാത്യ ആശയവാദികൾ വിമർശനത്തെ ‘ജ്ഞാനത്തിന്റെ പശ്ചാത്തലം’ എന്നു വിളിക്കുന്നത് ആ അർഥത്തിലാണ്. എന്നാൽ ഇസ്‌ലാമിന്റെ കാര്യത്തിൽ വിമർശനത്തിന് അമാനവിക സ്വഭാവങ്ങൾ കാണപ്പെടുന്ന ചില ഘട്ടങ്ങളുണ്ട്. ആവിഷ്‌കാരത്തിലൂടെ ഇസ്‌ലാം വിമർശനം നടത്തുകയും വിമർശനത്തിന്റെ കാര്യത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സമീപകാലത്തെ ചില പ്രവണതകൾ അത്തരത്തിൽ അമാനവിക പശ്ചാത്തലമുള്ളവയാണ്. ആധുനിക സമൂഹത്തിൽ ഇസ്‌ലാമിക സംസ്‌കാരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും അംഗീകാരവും വ്യാപനവും പൊതുസമ്മതിയും ഉൾക്കൊള്ളാൻ കഴിയാത്തവരും ഇസ്‌ലാം വിമർശനം പാശ്ചാത്യ മനോഭാവക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുപറ്റുവാൻ സഹായിക്കുമെന്ന് ചിന്തിക്കുന്നവരുമായ പലരും തന്റെ ഇസ്‌ലാംമത വിമർശനവുമായി രംഗത്തു സജീവമായതു കാണാം.
ഇസ്‌ലാമിന്റെ ആശയാദർശങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങൾ അവലംബിക്കാതെ, അജ്ഞതയുടെയും അന്ധമായ പകയുടെയും പ്രേരണകളിൽനിന്ന് ഊർജം കണ്ടെത്തുന്നവരാണ് ഇവരിൽ പലരും. കച്ചവട താൽപര്യങ്ങളും പ്രസിദ്ധിയിലുള്ള മോഹവും വാർത്താമാധ്യമങ്ങളുടെ ലാളനങ്ങളും ആഗ്രഹിച്ച് ഇസ്‌ലാം വിമർശനത്തിന്റെ എടുത്താൽ പൊങ്ങാത്ത ഭാരം ചുമലിലേൽക്കുന്നവർക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ നിരവധി നാമധേയങ്ങൾ നമുക്കു മുന്നിലുണ്ട്. പാശ്ചാത്യ ലോബികളുടെ ഇഷ്ടഭാജനങ്ങളോ പ്രിയങ്കരരോ ആയ നാമധേയങ്ങളാണ് അവയിൽ പലതും. സൽമാൻ റുഷ്ദിയും തസ്‌ലീമാ നസ്‌റീനും മറ്റും ആ പട്ടികയിൽ വരുന്ന ചില നാമങ്ങളാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങൾ എന്ന പദവിയാണ് ഇവർക്ക് പാശ്ചാത്യലോകം വകവെച്ചു കൊടുത്തിട്ടുള്ളത്. ‘ഇസ്‌ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ പുലർത്തുന്ന നിഷേധാത്മകമായ സമീപനമാണ്’ ഈ എഴുത്തുകാരെ ലോകത്തിന്റെ കണ്ണിലുണ്ണികളാക്കി മാറ്റിയതെന്നുവരെ ചിലർ എഴുതിവിട്ടിട്ടുണ്ട്.
‘സാത്താനിക് വേഴ്സസി’ലൂടെയാണ് സൽമാൻ റുഷ്ദി പാശ്ചാത്യർക്ക് പ്രിയങ്കരനായത്. അത്യധികം ദുർബലമായ ഒരു ആവിഷ്‌കാരമാണ് ഈ കൃതിയെന്ന് മലയാളിയായ എം. കൃഷ്ണൻ നായർ മുതൽ തുർക്കി എഴുത്തുകാരനായ ഓർഹാൻ പാമുക് വരെയുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഓറിയന്റലിസത്തിന്റെ ചരിത്ര വിഷശേഖരത്തിൽ നിന്നുമാണ് സൽമാൻ റുഷ്ദി സാത്താനിക് വേഴ്‌സസിന്റെ രചനാബിന്ദുക്കൾ കണ്ടെത്തിയതെന്നും പ്രവാചക ചരിത്രത്തെയോ ഇസ്‌ലാമിന്റെ ആദ്യകാലത്തെയോ വസ്തുനിഷ്ഠമായി പഠിച്ചറിയുവാൻ റുഷ്ദിക്ക് സാധിച്ചിട്ടെല്ലെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റ് എന്ന നിലയിലുള്ള തന്റെ പ്രതിഭാരാഹിത്യത്തിനു പുകമറയിടാനാണ് കഥാപാത്രങ്ങളിൽ ചിലതിനെ പ്രകോപനമുണ്ടാക്കും വിധത്തിൽ റുഷ്ദി ആവിഷ്‌കരിച്ചത്. രചനയുടെ ഈ കച്ചവടതന്ത്രം വേണ്ടത്ര വിജയിച്ചു എന്ന് റുഷ്ദിയുടെ പിന്നീടുള്ള അനുഭവങ്ങൾ തെളിയിച്ചു. പാശ്ചാത്യരുടെ സുഖസൂരക്ഷിതത്വങ്ങളിൽ ജീവിച്ചുകൊണ്ട് സ്വന്തം രചനയുടെ തിൻമകളെ രുചിച്ചറിയുന്ന ഈ എഴുത്തുകാരനെ ആവിഷ്‌കാരസ്വതന്ത്ര്യത്തിന്റെ അമ്പാസിഡറായി പോലും ചിലർ വിശേഷിപ്പിച്ചു.
ഒരുപക്ഷേ, ഇസ്‌ലാമിനോടുള്ള ആശയാധിഷ്ഠിതമായ പകയൊന്നും റുഷ്ദിയുടെ രചന പ്രക്രിയകൾക്കു പിന്നിലില്ലായിരിക്കാം. അറിയാത്ത ഒന്നിനോടുള്ള നീതീകരണമില്ലാത്ത ശത്രുതയെ വിലമതിക്കേണ്ടയവാശ്യം മുസ്‌ലിംകൾക്കുമില്ല. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ റുഷ്ദിയുടെ കാര്യത്തിൽ കുറ്റക്കാരായിത്തീരുന്നത് ഇസ്‌ലാമോ മുസ്‌ലിംകളോ അല്ലെന്നും അദ്ദേഹത്തിന്റെ വികലഭാവന മാത്രമാണെന്നും കണ്ടെത്തുവാൻ സാധിച്ചതുകൊണ്ടാണ് പാശ്ചാത്യ എഴുത്തുകാരായ പലരും റുഷ്ദിയെ തള്ളിപ്പറഞ്ഞത്.
മുസ്‌ലിം സാമൂഹിക ജീവിതത്തിൽ ചരിത്രത്തിലെ ചില ദുർഘട ഘട്ടങ്ങളിലുണ്ടാകുന്ന അനീതികളുടെയും തിൻമകളുടെയും പർവതീകരണമാണ് തസ്‌ലീമാ നസ്റിന്റെ രചനകളെ പാശ്ചാത്യർക്കും ഇസ്‌ലാം വിമർശകർക്കും പ്രിയങ്കരമാക്കിത്തീർത്തത്. സമൂഹത്തെയും മതത്തെയും വേറിട്ടു കാണേണ്ടുന്ന ചരിത്രസന്ധികളെ തിരിച്ചറിയുകയും വേറിട്ടു കാണുകയും ചെയ്യാൻ സാധിക്കാത്ത അൽപമാത്ര ഭാവനാശാലിയായിത്തീർന്നു തസ്‌ലീമ നസ്‌റീൻ. സ്വജീവിതത്തിന്റെ താളപ്പിഴകളെ മാനദണ്ഡങ്ങളായി സ്വീകരിച്ചു മഹത്തായ ഒരു മതത്തെയും സംസ്‌കാരത്തെയും അപകർഷതയോടെ നോക്കുന്ന ഒരു സ്ത്രീത്വത്തെ നമുക്ക് തസ്‌ലീമാനസ്‌റിന്റെ രചനകളിൽ കാണാം. അവരുടെ രചനകളെക്കുറിച്ചുള്ള സമൂഹ്യ-മനഃശാസ്ത്ര നിരൂപണങ്ങളിൽ ചിലത് ഈ നിരീക്ഷണത്തെ പിന്തുണക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യാഥാർഥ്യബോധത്തിലധിഷ്ഠിതമായ സമീപനങ്ങൾക്കു പകരം ദുർബല വൈകാരികതയുടെ പക്ഷത്താണ് അവർ നിലയുറപ്പിച്ചിരിക്കുന്നത്.
‘ഇസ്‌ലാമിന്റെ അസഹിഷ്ണുതയുടെ ഇരകൾ’ എന്ന നിലയിൽ സമീപ കാലത്തായി ഏതെല്ലാമോ ഇടങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് മേൽപറഞ്ഞ രണ്ട് എഴുത്തുകാരും. എന്നാൽ ഇസ്‌ലാം- മുസ്‌ലിം വിമർശനത്തിന്റെ നേർക്കുനേർ സമീപനങ്ങളിലൂടെ കൃത്യതയാർന്ന പ്രതിഷേധം രേഖപ്പെടുത്തുകയല്ല ഈ രണ്ടു എഴുത്തുകാരും ചെയ്തത്. കച്ചവടത്തിന് ഒന്നാം സ്ഥാനം കൽപിച്ചുകൊണ്ടുള്ള കൃത്രിമങ്ങളാണ് ഈ എഴുത്തുകാരെ അപഹാസ്യരാക്കിയത്.
വിമർശനത്തിൽ വിജ്ഞാനപരമായ കണിശത ഒരു അനിവാര്യ ഘടകമാണ്. എന്നാൽ സമീപകാല ഇസ്‌ലാം വിമർശങ്ങളിൽ ഇതില്ല; പകരം സ്വാതന്ത്ര്യമെന്ന വാക്കിന്റെ വികല താൽപര്യങ്ങളിൽ അധിഷ്ഠിതമായ ചില ദുരാശയങ്ങൾ മാത്രമാണുള്ളത്. വിമർശനത്തിന്ന് ജ്ഞാനപരത നഷ്ടമാവുകയും ഭാവനാത്മകത മുൻതൂക്കം നേടുകയും ചെയ്താൽ സംഭവിക്കുന്നത് എന്തെല്ലാമാണോ അതെല്ലാമാണ് നാമിന്നു കാണുന്നത്. കാൽപനികമായ ആശയങ്ങൾ ഉന്നയിച്ച് ഇസ്‌ലാമിനെ കടന്നാക്രമിക്കുകയും വ്യക്തമായ നിലപാടുകൾ സ്വരൂപിക്കുവാൻ കഴിയാതെ വരുന്നിടങ്ങളിൽ പ്രകോപനമുണ്ടാക്കുന്ന ശൈലികളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട് പലരും.
മനുഷ്യ ജീവിതത്തിന്റെ വിമലീകരണവും വിശുദ്ധിയും സ്രഷ്ടാവിന്റെ പ്രീതിക്കു വേണ്ടിയുള്ള ജീവിത സമർപ്പണത്തിന്റെ സാധ്യതകളും മുന്നിൽ കണ്ടുകൊണ്ടുള്ള യാഥാർഥ്യ സ്വഭാവമുള്ള ആവിഷ്‌കാരങ്ങളെ ഇസ്‌ലാം പിന്തുണക്കുന്നു. മിഥ്യകളുടെ എട്ടുകാലിവലകളിൽ അകപ്പെടുത്തി മനുഷ്യജീവിതത്തെ പാഴാക്കിക്കളയുന്നതിനെതിരായ ജാഗ്രത ഇസ്‌ലാമിനുണ്ട്. ജീവിതം കേവലം കാൽപനികമായ ഒന്ന ല്ലെന്നും കർമ-ധർമങ്ങൾക്കും വാഗ്-വിചാരാദികൾക്കും സമയ-സന്ദർഭങ്ങൾക്കുമെല്ലാം മൂല്യാധിഷ്ഠിതമായ നിയന്ത്രണം ആവശ്യമാണെന്നും അത്തരം ക്രമീകരണമില്ലെങ്കിൽ സമൂഹത്തിന്റെ സമാധാനജീവിതം നഷ്ടപ്പെടുമെന്നും നാം തിരിച്ചറിയണം. അതാണ് ഇസ്‌ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്.
സർഗാത്മകത എന്നാൽ അസംഭവ്യവും അവാസ്തവവുമായ കാര്യങ്ങളുടെയും സംഭവങ്ങളുടെയും രേഖപ്പെടുത്തലുകൾ മാത്രമാണ് എന്ന മുൻവിധി മാറ്റിവെച്ചുകൊണ്ട് ചിന്തിക്കുമ്പോൾ ഇസ്‌ലാമിന്റെ മേൻമ തിരിച്ചറിയുവാൻ കഴിയും.

