ഫലസ്തീൻ: കാപട്യമോ സമാധാനമോ?
സുഫ്‌യാൻ അബ്‌ദുസ്സലാം
2025 ഒക്ടോബർ 18, 1447 റബീഉൽ ആഖിർ 26

2023 ഒക്ടോബർ 7 മുതൽ ആരംഭിച്ച ഇസ്രാഈലിന്റെ ഗസ്സ ഉന്മൂലന പദ്ധതിക്ക് താത്കാലിക വിരാമം കുറിക്കപ്പെട്ടിരിക്കുകയാണ്. ഫലസ്തീൻ വിഷയത്തിൽ ഇസ്രാഈലിന്റെ ഇതഃപര്യന്തമായ ചരിത്രം പരിശോധിക്കുമ്പോൾ ചർച്ചകളും മാധ്യസ്ഥങ്ങളുമെല്ലാം ലോകരുടെ കണ്ണിൽ പൊടിയിടുന്നതിന് മാത്രമായിരുന്നതുകൊണ്ടാണ് യുദ്ധവിരാമത്തെ ‘താത്കാലികം’ എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്രാഈലിന്റെ ഇപ്പോഴത്തെ പിന്മാറ്റം വലിയൊരു മുന്നേറ്റത്തിന് കോപ്പുകൂട്ടുന്നതിന് വേണ്ടിയുള്ളത് മാത്രമാണെന്ന് മധ്യപൗരസ്ത്യ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതിന്റെ കാരണവും അതുതന്നെയാണ്. ഗസ്സയെ പൂർണമായും ഫലസ്തീൻ വിമുക്തമാക്കി അന്തരാരാഷ്ട്ര പ്രാധാന്യമുള്ള വലിയ നഗരമാക്കി പുനർനിർമിക്കുമെന്ന ട്രംപിന്റെയും നെതന്യാഹുവിന്റെയും മുൻ പ്രസ്താവനകൾ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
ഗസ്സക്കുമേൽ ഇസ്രാഈൽ കൊടുംക്രൂരത
2023ലെ സംഭവത്തിന് ശേഷം ഹമാസും ഇസ്രാഈലും തമ്മിലുള്ള രണ്ടാമത്തെ വെടിനിർത്തൽ കരാറാണിത്. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഒന്നാമത്തെ വെടിനിർത്തൽ കരാർ ഏകപക്ഷീയമായി ലംഘിക്കുകയും ഫലസ്തീനികളെ നിഷ്ഠൂരം കൊന്നൊടുക്കാനുള്ള അവസരമായി അതിനെ കാണുകയും ചെയ്ത ഇസ്രാഈൽ തുടർന്ന് നിരന്തരം ഗസ്സക്കുമേൽ ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മൊത്തം മരണം 67806 ആണെങ്കിലും യഥാർഥ കണക്ക് ഒരു ലക്ഷത്തോളം വരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 67806 പേരിൽ 20179 പേർ കുട്ടികളും 12500 പേർ സ്ത്രീകളുമാണ്. ഒരു ലക്ഷത്തിലധികം പേർ ഗസ്സ വിടുകയും ചെയ്തു. രണ്ടു ലക്ഷത്തോളം പേർ അതിഭീകരമാം വിധം പരിക്കേറ്റ് കിടക്കുകയാണ്. 210 മാധ്യമപ്രവർത്തകരും അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിനിർത്തൽ കരാർ: ലഘുചിത്രം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച 20 ഇന ‘സമാധാന’ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കരാർ തയ്യാറാക്കിയിട്ടുള്ളത്. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചിരുന്ന ഒന്നാമത്തെ വെടിനിർത്തൽ കരാറനുസരിച്ചുള്ള ബന്ദികളുടെ കൈമാറ്റമാണ് കരാർ നടപ്പാക്കലിലെ ആദ്യനടപടിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 13 തിങ്കളാഴ്ച കൈമാറ്റം നടന്നു. അവശേഷിക്കുന്ന, ജീവിച്ചിരിപ്പുള്ള 20 ബന്ദികളെ ഹമാസ് കൈമാറുകയും അവർ സുരക്ഷിതരായി ഇസ്രാഈലിൽ തിരിച്ചെത്തുകയും ചെയ്തു. ഇസ്രാഈലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 ഫലസ്തീനികളെയും തടങ്കലിൽ പാർക്കപ്പെട്ട 1722 പേരെയും ഇസ്രാഈൽ വിട്ടയച്ചു. അവരിൽ 250 പേരിൽ 100 പേരെ വെസ്റ്റ് ബാങ്കിലും 15 പേർ കിഴക്കൻ ജറൂസലേമിലും 135 പേർ ഗസ്സയിലും തിരിച്ചെത്തി. ഒക്ടോബർ 13ന് ഉച്ചയോടെ, മരണമടഞ്ഞ ഇസ്രാഈൽ ബന്ദികളുടെ മൃതദേഹങ്ങൾ മുഴുവൻ ഹമാസ് ഇസ്രാഈലിന് കൈമാറണമെന്നും വ്യവസ്ഥയുണ്ടെങ്കിലും ഒക്ടോബർ 13ന് രാത്രി വരെ 4 മൃതദേഹങ്ങൾ മാത്രമാണ് കൈമാറിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഗസ്സ: ഉന്മൂലനത്തിന്റെ ശ്മശാനഭൂമി
യുദ്ധം വിരാമത്തിലേക്ക് നീങ്ങിയെങ്കിലും രണ്ടു വർഷത്തിനകം ഗസ്സക്ക് സംഭവിച്ചിരിക്കുന്നത് കനത്ത നഷ്ടമാണ്. മുകളിൽ സൂചിപ്പിച്ച ആൾ നഷ്ടങ്ങളുടെ കണക്കുകൾക്ക് പുറമെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ നഷ്ടങ്ങളുടെ കണക്കുകൾ അമ്പരപ്പിക്കുന്ന വിധമാണ്. നൂറ് ബില്യൺ ഡോളറിന്റെ നഷ്ടം ഗസ്സ സഹിക്കേണ്ടതുണ്ട്. ആശുപത്രികളടക്കമുള്ള ആരോഗ്യമേഖല പൂർണമായും തകർന്നിരിക്കുന്നു. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാവട്ടെ നവീകരിക്കാൻ പോലും സാധിക്കാത്തവിധം മണ്ണിനടിയിലായിരിക്കുന്നു. യുദ്ധം സമ്മാനിച്ച കെടുതികൾ പാരിസ്ഥിതിക മേഖലയെ ദുസ്സഹമാക്കിയിരിക്കുന്നു. മാരകമായ അസുഖങ്ങളും പകർച്ചവ്യാധികളും ഗസ്സയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.
അതിനു പുറമെ പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധി ക്കാത്തവിധം ഗസ്സ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 22 ലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന ഗസ്സയിൽ 18 ലക്ഷത്തിലധികവും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ (യു.എൻ.ഡി.പി) കണക്കുകൾ പറയുന്നു.
വീണ്ടുവിചാരമില്ലായ്മയുടെ ഫലമോ?
ഹമാസിന്റെ പ്രവർത്തനങ്ങൾ വീണ്ടുവിചാരമില്ലാത്തതായി എന്ന വിലയിരുത്തലുകൾക്ക് ഈ നഷ്ടങ്ങൾ കാരണമായിരിക്കുന്നു. തയ്യാറെടുപ്പുകളൊന്നുമില്ലാതെ ശത്രുവിനെ ആക്രമിച്ചതിലൂടെ തങ്ങൾക്ക് അധികാരം സമ്മാനിച്ച ജനതക്ക് വലിയ ദുരന്തമാണ് ഹമാസ് തിരിച്ചുനൽകിയത് എന്ന വിമർശനം അവർ നേരിടുന്നു. അതേസമയം ഇസ്രാഈലിന്റെ നിരന്തര ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ സ്വാഭാവിക പ്രതികരണമായിട്ട് മാത്രമെ 2023 ഒക്ടോബർ 7ലെ ഹമാസിന്റെ ആക്രമണത്തെ കാണാൻ സാധിക്കൂ എന്നാണ് ഹമാസിനെ പിന്തുണക്കുന്നവരുടെ ന്യായം.
ന്യായങ്ങളും മറുന്യായങ്ങളും എന്തെല്ലാമായിരുന്നാലും 75 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന, ഇസ്രാഈലിന് മാത്രം മേധാവിത്വമുണ്ടായിട്ടുള്ള സംഘർഷത്തിൽ ഇടപെടുമ്പോൾ സ്വന്തം ജനതക്കും രാഷ്ട്രത്തിനുമുണ്ടായേക്കാവുന്ന ദുരന്തപൂർണമായ നഷ്ടങ്ങളെ കുറിച്ച് മുന്നാലോചിക്കാൻ അവർക്ക് സാധിക്കേണ്ടതായിരുന്നു.
എന്തുണ്ട് പരിഹാരം?
കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ജീവൻ നഷ്ടപ്പെട്ട ഒരു ലക്ഷത്തോളം വരുന്നവരെക്കുറിച്ചും ജീവച്ഛവങ്ങളായി അവശേഷിക്കുന്ന ലക്ഷക്കണക്കിന് പാവങ്ങളെക്കുറിച്ചും ഓർക്കുമ്പോൾ കണ്ണീരിൽ കുതിർന്ന പ്രാർഥനകൾ അവർക്ക് വേണ്ടി സമർപ്പിക്കുകയും സ്രഷ്ടാവും സംരക്ഷകനുമായ ഏകാരാധ്യ നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ പരിഹാരമാർഗം.
രാഷ്ട്രീയപരിഹാരവും ദ്വിരാഷ്ട്ര പദ്ധതിയും
രാഷ്ട്രീയമായ പരിഹാരം ലോകം ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ദ്വിരാഷ്ട്ര പദ്ധതി പതിറ്റാണ്ടുകളായി പറഞ്ഞുകേൾക്കുന്ന പരിഹാരമാണ്. ദ്വിരാഷ്ട്ര പരിഹാരം മുൻനിറുത്തിയുള്ള കള്ളക്കളികൾ ഫലസ്തീൻ പ്രശ്‌നം തുടങ്ങിയ നാള് തൊട്ടുതന്നെ ആ ജനത കണ്ടുതുടങ്ങിയിട്ടുണ്ട്. ഒരു ജനത സമാധാനപരമായി സൗഹാർദത്തോടെ ജീവിച്ചുവന്നിരുന്ന പ്രദേശത്തേക്ക് അവരോടോ അയൽരാജ്യങ്ങളോടോ ആലോചിക്കാതെ മറ്റൊരു ജനതയെ കുടിയിരുത്തിയപ്പോൾ സ്വന്തം മണ്ണ് നഷ്ടപ്പെട്ട ജനതയോട് നിങ്ങളൊരു വശത്തേക്ക് മാറിക്കൊടുത്ത് കടന്നുവന്നർക്കൊരു രാജ്യം കൊടുക്കൂ എന്ന് പറയുന്നത് എന്തൊരു ധാർഷ്ട്യമാണ്!
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന ജൂതജനതക്ക് രാഷ്ട്രം വേണമെങ്കിൽ അതിനായി മുന്നിട്ടിറങ്ങിയ രാജ്യങ്ങൾ അവരുടെ മണ്ണ് നൽകിക്കൊണ്ടായിരുന്നില്ലേ പരിഹാരം കാണേണ്ടിയിരുന്നത്? ജൂതസമൂഹത്തോടുള്ള മുസ്‌ലിം സമൂഹത്തിന്റെ വിദ്വേഷമോ എതിർപ്പോ ആയിരുന്നില്ല ഫലസ്തീൻ പ്രശ്നത്തിന്റെ മർമം. ഫലസ്തീനിൽ കാലങ്ങളായി ജീവിച്ചുവന്നിരുന്ന ജൂത, ക്രൈസ്തവ, മുസ്‌ലിം ജനവിഭാഗങ്ങളെല്ലാവരും തന്നെ ലോകത്തുള്ള മുഴുവൻ ജൂതരെയും സംഘടിപ്പിച്ച് അവിടെ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായിരുന്നു. വർഗീയ നിറം ചാർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് അതിനെ ഒരു മുസ്‌ലിം പ്രശ്‌നമായി പരിവർത്തിപ്പിക്കുന്നത്.
ഫലസ്തീൻ മണ്ണും സയണിസവും
ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ഫലസ്തീൻ ഉൾക്കൊള്ളുന്ന മധ്യപൗരസ്ത്യ മേഖല 400 വർഷ ത്തോളം ഓട്ടോമൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അറബ് മുസ്‌ലിംകൾ, അറബ് ക്രിസ്ത്യാ നികൾ, അറബ് ജൂതന്മാർ, ദുറൂസികൾ എന്നിവരായിരുന്നു അവിടുത്തെ നിവാസികൾ. ആറു ലക്ഷത്തോളം അറബ് മുസ്‌ലിംകൾ ജീവിച്ചിരുന്ന ഫലസ്തീനിൽ അന്ന് ഇരുപതിനായിരത്തോളം ജൂതന്മാർ മാത്രമാണുണ്ടായിരുന്നത്. ലോകത്തെ അന്നത്തെ ജൂത ജനസംഖ്യ ഒന്നേകാൽ കോടിയോളം വരും. പത്തൊമ്പതാം നൂറ്റാണ്ടിൽ വളരെ നിഗൂഢമായി പ്രവർത്തിച്ചുവന്നിരുന്ന ആശയമായിരുന്നു സയണിസം. ജൂതന്മാരുടെ മാതൃഭൂമി ജറൂസലം ഉൾക്കൊള്ളുന്ന ഫലസ്തീൻ ആണെന്നും ലോകത്തുള്ള ജൂതരെല്ലാം അവിടെ സ്ഥിരതാമസമാക്കുകയും അങ്ങനെ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുകയും ചെയ്യണമെന്നുമുള്ള ആശയമാണത്. കേവലം ഒരു ആശയം മാത്രമല്ല, ലക്ഷ്യം നേടിയെടുക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ തയ്യാറായിട്ടുള്ള, ഫാസിസത്തിന്റെ എല്ലാ സവിശേഷതകളും നിറഞ്ഞുനിൽക്കുന്ന പ്രത്യയശാസ്ത്രമാണത്.
ജൂതരാഷ്ട്രം: ഒരു ചരിത്രം

ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജൂതന്മാർ പലായനം തുടങ്ങി. ഈ പലായനം ‘ആലിയ’ എന്ന പേരിൽ അറിയപ്പെടുന്നു. യൂറോപ്പ്, റഷ്യ, അമേരിക്ക, വടക്കൻ ആഫ്രിക്ക, എത്യോപ്യ, യെമൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്നായിരുന്നു പലായനം. 1897ൽ സ്വിറ്റ്സർലന്റിലെ ബേസെൽ പട്ടണത്തിൽ നടന്ന സയണിസ്റ്റുകളുടെ ഒന്നാം ജൂതരാഷ്ട്ര സമ്മേളനം 50 വർഷത്തിനുള്ളിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടനെതിരെ ജർമനിക്ക് പിന്തുണ നൽകിയ സാഹചര്യത്തിൽ യുദ്ധം ജയിച്ചാൽ ഫലസ്തീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടനും പ്രഖ്യാപിച്ചു. 1917ൽ നടന്ന ഈ പ്രഖ്യാപനം ‘ബാൽഫോർ ഡിക്ലറേഷൻ’ എന്നാണ് അറിയപ്പെടുന്നത്.
അറബികളുടെ പ്രതിഷേധം
ഒന്നാം ലോകയുദ്ധത്തിന്റെ ഫലമായി ബ്രിട്ടനും സഖ്യകക്ഷികളും ജൂതരാഷ്ട്ര സഥാപനത്തിനായുള്ള ഗൂഢപദ്ധതികൾ തയ്യാറാക്കിയത് അറബ് ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പലതും സംഘർഷങ്ങളായി മാറി. ഫലസ്തീൻ ജനതയോടോ ഫലസ്തീന്റെ അയൽരാജ്യങ്ങളോടോ ആശയവി നിമയം നടത്താതെ ജൂതകുടിയേറ്റങ്ങൾക്ക് പാതയൊരുക്കിയ സാമ്രാജ്യശക്തികൾ മേഖലയിൽ മനഃപൂർവം സംഘർഷം വിളിച്ചുവരുത്തുകയായിരുന്നു. ഫലസ്തീനികളുടെ പ്രതിഷേധത്തിന് കലാപത്തിന്റെ നിറം നൽകിയ ബ്രിട്ടനും കൂട്ടരും സയണിസ്റ്റുകളുടെ വളർച്ചക്ക് വെള്ളവും വളവും നൽകിവന്നു. അറബ്-ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള പത്രങ്ങൾ പോലും ജൂതകുടിയേറ്റത്തെ ശക്തമായി എതിർത്തു. ‘ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ട മുതല’ എന്നാണ് സയണിസത്തെ അവർ വിശേഷിപ്പിച്ചത്. ‘ഭയപ്പെടേണ്ട! ഞാൻ നിങ്ങളെ സമാധാനപരമായി വിഴുങ്ങാം’ എന്ന കാപ്ഷൻ നൽകി കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. രണ്ടാം ലോകയുദ്ധത്തോടെ ഹിറ്റ്‌ലറുടെ ജർമനിയിലും മറ്റുമുണ്ടായ ജൂത പുറത്താക്കലുകൾ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ തോത് വർധിപ്പിച്ചു.
ദ്വിരാഷ്ട്ര പദ്ധതി: അൽപം ചരിത്രം
ഇസ്രാഈൽ രാഷ്ട്രം രൂപീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ 1937ൽ ബ്രിട്ടന്റെ പീൽ കമ്മീഷനാണ് ഒരു റിപ്പോർട്ടിലൂടെ ഫലസ്തീനെ വിഭജിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര ആശയം പ്രഖ്യാപിച്ചത്. ജൂതന്മാരും അറബികളും രണ്ട് ദേശീയതകളാണെന്നും അവ രണ്ടും ചേർന്നുപോവുകയില്ലെന്നും അതുകൊണ്ട് ഏകരാ ഷ്ട്രം സാധ്യമല്ലെന്നുമായിരുന്നു കമ്മീഷന്റെ നിഗമനം. ജറൂസലം ഉൾപ്പെടെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഒരു നിഷ്പക്ഷ മേഖലയുള്ള, ഒരു ചെറിയ ജൂത രാഷ്ട്രം, മറ്റൊരു അറബ് രാഷ്ട്രം എന്നിങ്ങനെ ഫലസ്തീനെ വിഭജിക്കാനായിരുന്നു നിർദേശം. പിന്നീട് 1947ൽ ഐക്യരാഷ്ട്രസഭ ഈ ആശയം അവതരിപ്പിച്ചു. അതേ സമയം ഈ ആശയത്തെ ഇസ്രാഈൽ നേതാക്കൾ തള്ളിക്കളഞ്ഞു.
1948 മെയ് 14ന് ഇസ്രാഈൽ രാഷ്ട്രം പിറന്നു. അതോടെ അറബ് മണ്ണിൽ ഒരു ജൂതരാഷ്ട്രം എന്ന ആശയത്തിനെതിരെ അറബ് ലോകവും മേഖലയിലെ മറ്റു ജനവിഭാഗങ്ങളും ശക്തമായി രംഗത്തുവന്നു. എതിർപ്പുകൾ ഇസ്രാഈലിനെതിരെയുള്ള യുദ്ധമായി മാറി. യുദ്ധത്തിൽ ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ഇസ്രാഈൽ ഉന്മൂലനം ചെയ്തു. മധ്യസ്ഥനായി വന്ന യു.എൻ സമാധാനവാഹകനെ അവർ വധിക്കുകയും ചെയ്തു. യുദ്ധം ഇസ്രാഈലിന് അനുകൂലമായെങ്കിലും വെസ്റ്റ് ബാങ്ക് ജോർദാനും ഗസ്സ മുനമ്പ് ഈജിപ്തും പിടിച്ചെടുത്തു.
പി.എൽ.ഒയുടെ പിറവി
സ്വന്തം മണ്ണിനെ അധിനിവേശകരിൽനിന്നും സംരക്ഷിക്കാൻ ഫലസ്തീനികൾ കിണഞ്ഞു പരിശ്രമിച്ചു. സന്നദ്ധ സേനകൾ അവർ രൂപീകരിച്ചു. ഇസ്രാഈലും സാമ്രാജ്യ ശക്തികളും അവരെ തീവ്രവാദികളെന്ന് വിളിച്ചു. എന്നാൽ തങ്ങൾ തീവ്രവാദികളല്ല, സ്വന്തം മണ്ണിനുവേണ്ടി പോരാട്ടം നടത്തുന്ന ധീര ദേശാഭിമാനികളാണെന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. 1959ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ദേശീയതയിൽ അധിഷ്ഠിതമായി കുവൈത്തിൽ വെച്ച് ഫലസ്തീൻ ദേശീയ വിമോചന പ്രസ്ഥാനം (ഫതഹ്) രൂപം കൊണ്ടു. ഫതഹിന് പുറമെ വേറെയും സന്നദ്ധ സംഘടനകൾ രൂപം കൊണ്ടതോടെ 1964ൽ എല്ലാ സംഘടനകളും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) എന്ന കുടക്കീഴിൽ അണിനിരന്നു. പി.എൽ.ഒയെ എല്ലാ അറബ് രാജ്യങ്ങളും അംഗീകരിക്കു കയും അറബ്‌ലീഗിൽ അവർ ഇടം കണ്ടെത്തുകയും ചെയ്തു.
സ്വതന്ത്ര ഫലസ്തീൻ എന്ന ആശയം
1967ൽ അറബ് രാഷ്ട്രങ്ങളുമായി നടന്ന യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ മുനമ്പ്, സിനായ്, ഗോലാൻ കുന്നുകൾ, അകബ ഉൾക്കടലിലെ രണ്ട് ദ്വീപുകൾ എന്നിവ ഇസ്രാഈൽ കൈവശപ്പെടുത്തി. ഇത് അറബ് രാജ്യങ്ങൾക്ക് തിരിച്ചടിയായി. പി.എൽ.ഒക്ക് ഫലസ്തീനിൽനിന്നും പുറത്തുപോവേണ്ടി വന്നു. ആദ്യം ജോർദാനിലേക്കും പിന്നീട് ലെബനോനിലേക്കും അവർ താവളം മാറ്റി. ഫലസ്തീൻ പ്രശ്‌നം യു.എന്നിലും അന്തർദേശീയ കോടതിയിലും ചർച്ചയായി. വീണ്ടും ദ്വിരാഷ്ട്ര പദ്ധതി അവതരിപ്പിക്കപ്പെട്ടു. സ്വന്തം മണ്ണിലേക്ക് ഇടിച്ചുകയറിയ സയണിസ്റ്റുകൾക്ക് ഇടം കൊടുക്കുന്നത് ഫലസ്തീനിലെ മുസ്‌ലിം-ക്രൈസ്തവ-ജൂത വിഭാഗങ്ങൾ അസഹനീയമായിക്കണ്ടുവെങ്കിലും ഗസ്സയും വെസ്റ്റ് ബാങ്കും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര ഫലസ്തീൻ എന്ന ആശയം 1970 കളുടെ മധ്യത്തിൽ ഉരുത്തിരിഞ്ഞു.
1973ൽ ഈജിപ്ത്, സിറിയ സൈന്യങ്ങളുടെ നേതൃത്വത്തിൽ നടന്ന യോം കിപ്പുർ യുദ്ധവും വിജയം കണ്ടില്ല. തുടർന്ന് 1978ൽ ഈജിപ്ത് ഇസ്രാഈലുമായി ക്യാമ്പ് ഡേവിഡ് ഉടമ്പടിയിൽ ഒപ്പുവെച്ചു. സിനായിൽ നിന്ന് ഇസ്രാഈൽ സൈന്യം പിന്മാറുക, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ അറബ് ജനതക്കായി സ്വയം ഭരണാവകാശം നൽകുക എന്നിവയായിരുന്നു പ്രധാന തീരുമാനം. 1982ൽ ലെബനോനിൽ നിന്നും പി.എൽ.ഒയെ പുറത്താക്കുന്നതിനായി ഇസ്രാഈൽ ലെബനോനെതിരെ തിരിഞ്ഞു. പി.എൽ.ഒ ചെയർമാൻ യാസർ അറഫാത്തിന് തുനീഷ്യയിലേക്ക് പോവേണ്ടി വരികയും ചെയ്തു.
വിപ്ലവസംഘങ്ങളുടെ ഉദയവും ഓസ്ലോ കരാറും
പി.എൽ.ഒയുടെ പ്രവർത്തനങ്ങൾക്ക് ഫലസ്തീനിൽ നിരോധനം വന്നതോടെ ഫലസ്തീനികളുടെ പ്രതിഷേധങ്ങൾക്ക് നേതൃശൂന്യത സംഭവിച്ചു. അത് വിപ്ലവസംഘങ്ങളുടെ രൂപീകരണത്തിന് കാരണമായി. 1987ൽ ഇൻതിഫാദക്ക് തുടക്കമായി. ഇഖ്‌വാനുൽ മുസ്‌ലിമൂൻ ഈ അവസ്ഥ ശരിക്കും മുതലെടുക്കുകയും അവരുടെ ശാഖയായി ഫലസ്തീനിൽ ഹമാസ് എന്ന സംഘടനക്ക് വിത്തുപാകുകയും ചെയ്തു. അതേസമയം യു.എന്നും ചില രാജ്യങ്ങളും ദ്വിരാഷ്ട്രം എന്ന പദ്ധതിയിലേക്ക് വീണ്ടും വിരൽ ചൂണ്ടുകയും അത് 1993ലെ ഓസ്ലോ ഉടമ്പടിയിലേക്ക് നയിക്കുകയും ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ വെസ്റ്റ് ബാങ്കിലും ഗസ്സയിലും നിയന്ത്രിത സ്വയംഭരണം നൽകിക്കൊണ്ടുള്ള ഫലസ്തീനിയൻ അതോറിറ്റി രൂപം കൊണ്ടു. പി.എൽ.ഒയുടെ പ്രവർത്തനങ്ങൾ വീണ്ടും ഫലസ്തീനിൽ സജീവമായി. എന്നാൽ ഓസ്ലോ കരാറിനെ ഹമാസ് അടക്കമുള്ള വിപ്ലവസംഘങ്ങൾ അംഗീകരിച്ചില്ല. ഇത് പി.എൽ.ഒയും ഹമാസും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി.
ഇസ്രാഈലിലും ദ്വിരാഷ്ട്രത്തിന് എതിർപ്പ്
ഫലസ്തീനികൾക്ക് സ്വയം ഭരണം ഉറപ്പ് നൽകുന്ന ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ച കാരണത്താൽ ഇസ്രാഈൽ പ്രധാനമന്ത്രി ഇസ്ഹാഖ് റബീനെ ജൂത തീവ്രവാദികൾ വെടിവെച്ചുകൊന്നു. ഇതോടെ ഇസ്രാഈലിൽ ലേബർ പാർട്ടിയുടെ ഭരണത്തിന് തിരശീല വീഴുകയും തീവ്ര വലതുപക്ഷ വിഭാഗമായ ലികുഡ് പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് ഇസ്രാഈൽ മാറുകയും ചെയ്തു.
നെതന്യാഹുവിന്റെ കാലം
1996ൽ ലികുഡ് പാർട്ടിയുടെ ബെഞ്ചമിൻ നെതന്യാഹു ആദ്യമായി പ്രധാനമന്ത്രി ആയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഓസ്ലോ ഉടമ്പടിയിലെ വ്യവസ്ഥകളോട് അയാൾ മുഖം തിരിഞ്ഞു നിന്നു. 2000ൽ ലികുഡ് പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ ബൈത്തുൽ മുഖദ്ദസ് അടക്കമുള്ള പുണ്യകേന്ദ്രങ്ങൾ പിടിച്ചടക്കാൻ പദ്ധതിയിട്ടുകൊണ്ടുള്ള വിവാദ സന്ദർശനം ഫലസ്തീനികളിൽ വലിയ പ്രതിഷേധമുണ്ടാക്കി. രണ്ടാം ഇൻതിഫാദക്ക് അത് കാരണമായി. അഞ്ച് വർഷം നീണ്ടുനിന്ന ഇൻതിഫാദ നാലായിരത്തോളം ഫലസ്തീൻ സഹോദരങ്ങളുടെ മരണത്തിന് കാരണമായി.
അറഫാത്തിന്റെ വിയോഗം
2004ൽ യാസർ അറഫാത്ത് മരണപ്പെട്ടതോടെ പി.എൽ.ഒ, ഫതഹ് പാർട്ടികൾ ദുർബലമായി. ഹമാസ് ശക്തിപ്പെട്ടു. ഹമാസിന്റെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ ഫലസ്തീൻ പ്രശ്‌നങ്ങളിൽ ഫലസ്തീൻ അനുഭാവ നിലപാടുകൾക്ക് മങ്ങലേൽപ്പിച്ചു. ഓസ്ലോ ഉടമ്പടി അടക്കമുള്ള സമാധാന കരാറുകളോട് ഹമാസ് പുലർത്തിയ നിലപാടായിരുന്നു അതിന് കാരണം. 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ് വിജയം നേടി. കേവലം രണ്ട് ശതമാനത്തിന്റെ വോട്ടുകൾ മാത്രമാണ് ഹമാസിന് ഫതഹിനെക്കാൾ ലഭിച്ചിരുന്നതെങ്കിലും കൂടുതൽ സീറ്റുകൾ അവർ പിടിച്ചെടുത്തു.
ഹമാസ്-ഫതഹ് സംഘർഷം
അതോടെ ഫലസ്തീനിൽ ഹമാസ്-ഫതഹ് സംഘർഷങ്ങൾക്ക് തുടക്കമായി. സംഘർഷങ്ങളിൽ ഇരുപക്ഷത്തും ധാരാളം പേർ കൊല്ലപ്പെട്ടു. ബില്യൺ കണക്കിന് ഡോളറുകളുടെ നാശനഷ്ടമുണ്ടായി. ഹമാസ് നിയന്ത്രിത ഗസ്സയിൽനിന്നും ഇസ്രാഈലിനെതിരെ ധാരാളം സൈനികനടപടികളുണ്ടായി. എന്നാൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന നടപടികളിൽ നൂറിൽ താഴെ ഇസ്രാഈലികൾ മാത്രമാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം കണക്കാക്കാൻ പോലും സാധിക്കാത്ത അത്രയുമാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഹമാസിന്റെ അപക്വതകളെ വിമർശിക്കുമ്പോഴും അതൊന്നും ഇസ്രാഈൽ ചെയ്തുവെച്ച ക്രൂരതയുടെ അല്പം പോലുമാവില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്.
സ്റ്റേറ്റ് ഓഫ് ഫലസ്തീൻ
2011ൽ പൂർണ പരമാധികാര രാഷ്ട്രമായി യു.എൻ അംഗത്വം നേടാനുള്ള ഫലസ്തീനിയൻ അതോ റിറ്റിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായത് ഹമാസാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഗസ്സയായിരുന്നാലും വെസ്റ്റ് ബേങ്കായിരുന്നാലും ഫലസ്തീനികളിൽ ആർക്കും അധികാരം വിട്ടുകൊടുക്കാൻ ഇസ്രാഈൽ സയണിസ്റ്റ് തീവ്രവാദികൾ തയ്യാറല്ല എന്നതാണ് യാഥാർഥ്യം. 2012ൽ യു. എന്നിൽ ഒരു നിരീക്ഷക രാഷ്ട്രമെന്ന നിലയ്ക്ക് ഫലസ്തീന്റെ പദവി ഉയർത്തപ്പെടുകയും ‘സ്റ്റേറ്റ് ഓഫ് ഫലസ്തീൻ’ എന്ന പേര് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2011, 2014 വർഷങ്ങളിൽ നടന്ന ഹമാസ്-ഫതഹ് വെടിനിർത്തൽ കരാറുകളും അനുരഞ്ജനവും 2014ലെ ഫലസ്തീൻ യൂണിറ്റി ഗവർമെന്റിന്റെ രൂപീകരണത്തിന് കളമൊരുക്കി. ഹമാസും ഫതഹും ഒരുമിക്കുന്നുവെന്ന് കണ്ടപ്പോൾ നെതന്യാഹു അതിനെ സമാധാനത്തിനുള്ള അവസരമായി കാണുന്നതിന് പകരം ഒരു ഭീഷണിയായിക്കണ്ടു. ഫലസ്തീനെ അടിക്കാൻ ഒരു അവസരം നോക്കിനിൽക്കുകയായിരുന്ന നെതന്യാഹു വെസ്റ്റ് ബാങ്കിലെ മൂന്ന് ഇസ്രാഈൽ ചെറുപ്പക്കാരുടെ കൊലപാതകം ആരോപിച്ച് വീണ്ടും ആക്രമണം തുടങ്ങി. രണ്ടായിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വംശീയ ഉന്മൂലന പദ്ധതി
പിന്നീടുള്ള വർഷങ്ങൾ കൃത്യമായ വംശീയ ഉന്മൂലന പദ്ധതികൾക്ക് നെതന്യാഹു കോപ്പുകൂട്ടി. ഹമാസിന്റെ ഓരോ തിരിച്ചടിയെയും അയാൾ അവസരമായിക്കണ്ടു. ഇത് തിരിച്ചറിയുന്ന കാര്യത്തിൽ ഹമാസിന് പിഴവ് പറ്റി. 2022ൽ നെതന്യാഹു വീണ്ടും അധികാരത്തിൽ വന്നതോടെ ഇസ്രാഈലിനകത്തും ഫലസ്തീനിലും സ്ഥിതിഗതികൾ വഷളായി. 2023 ആഗസ്ത് മാസമായപ്പോഴേക്കും ഇരുനൂറിലധികം ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടു. തിരിച്ചടിയെന്നോണം ഒക്ടോബർ 7ന് ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചു. ഇസ്രാഈലിന്റെ ചരിത്രത്തിൽ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള അപമാനവും ആൾനഷ്ടവും അവർക്ക് സംഭവിച്ചു. കൊന്നു മാത്രം പരിചയമുള്ളവർക്ക് കൊണ്ടുകഴിഞ്ഞതോടെ പ്രതികാര വാഞ്ഛ വർധിച്ചു. അതാണ് കഴിഞ്ഞ രണ്ടുവർഷങ്ങളായി ഗസ്സൻ ജനത അനുഭവിച്ചത്.
വെടിനിർത്തലിന് ശേഷം?
വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബന്ദികളെ കൈമാറുകയും ചെയ്തതിന് ശേഷമുള്ള ഫലസ്തീന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും അംഗീകരിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാഷ്ട്രങ്ങളിൽ 157 രാഷ്ട്രങ്ങളും അംഗീകരിച്ചു. യു.കെ, ഫ്രാൻസ്, സ്‌പെയിൻ, ആസ്ത്രേലിയ, കാനഡ, റഷ്യ, ചൈന, പോർച്ചുഗൽ, അയർലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇതിൽ പെടും. എന്നാൽ അമേരിക്ക ഇതുവരെയും അംഗീകരിച്ചിട്ടില്ല എന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കും. ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയിൽ ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം എന്ന ആശയമില്ല.
സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാവുമോ?
ഹമാസ് ഇതുവരെയും ഇസ്രാഈലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊണ്ടുള്ള സ്വതന്ത്ര ഫലസ്തീനെ അംഗീകരിച്ചിട്ടില്ല എന്നതും സ്വതന്ത്ര ഫലസ്തീൻ എന്ന ഫലസ്തീനികളുടെ സ്വപ്നത്തിന് തടസ്സമാകും. നേരത്തെ യാസർ അറഫാത്തും പി.എൽ.ഒയും ഫതഹും അറബ് രാജ്യങ്ങളും അറബ് ലീഗും ഇത് അംഗീകരിച്ചിട്ടുള്ളതാണ്. ഇസ്രാഈലിലെ ഡെമോക്രാറ്റുകളും (പഴയ ലേബർ പാർട്ടി) നിരവധി സംഘടനകളും ഇസ്രാഈൽ, ഫലസ്തീൻ രാഷ്ട്രങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഭരണത്തിലുള്ള ലികുഡ് പാർട്ടിയും അതിന്റെ നേതാവ് നെതന്യാഹുവും അതിനെ തള്ളിക്കളയുന്നു. ചുരുക്കത്തിൽ നെതന്യാഹു-ട്രംപ് അച്ചുതണ്ട് ഫലസ്തീൻ രാഷ്ട്രത്തിന് പച്ചക്കൊടി കാണിക്കുന്നില്ല എന്നതുകൊണ്ടും ഹമാസ് ഈ ആശയത്തെ തള്ളിക്കളയുന്നതുകൊണ്ടും സ്വതന്ത്ര ഫലസ്തീന്റെ ജന്മം ലോകരാഷ്ട്രങ്ങളുടെ ഇച്ഛാശക്തിയെയും ഫലസ്തീൻ ജനതയുടെ തുടർന്നുള്ള പോരാട്ടങ്ങളെയും ആശ്രയിച്ചിരിക്കും. ഫലസ്തീൻ എന്ന രാഷ്ട്രത്തിനുള്ളിൽ കയറിക്കൂടിയ ഇസ്രാഈലിൽ നിന്നും ഫലസ്തീൻ സ്വാതന്ത്ര്യം നേടുക എന്ന വിരോധാഭാസവും അതിൽ ഒളിഞ്ഞുകിടപ്പുണ്ട്.

