യാത്ര: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ
അമീന തൻസീം, ജിദ്ദ
2025 ഒക്ടോബർ 25, 1447 ജമാദുൽ അവ്വൽ 03

ഇസ്‌ലാമിക വീക്ഷണത്തിൽ യാത്ര അഥവാ ‘സഫർ’ ( سَفَر) എന്നത് കേവലം സ്ഥലമാറ്റം മാത്രമല്ല, മറിച്ച് ആത്മീയമായ ചിന്തയ്ക്കും കർമപരമായ ഇളവുകൾക്കും അർഹമാക്കുന്ന ഒരു സുപ്രധാന അവസ്ഥയാണ്. വിശുദ്ധ ക്വുർആനിൽ യാത്ര എന്ന് അർഥമുള്ള ‘സയ്ർ’ (سَيْر) എന്ന പദം അതിന്റെ വിവിധ രൂപങ്ങളിൽ 27 തവണ ആവർത്തിച്ചു വന്നിട്ടുണ്ട്. യാത്രയെ സൂചിപ്പിക്കുന്ന പ്രധാന പദങ്ങളായ ‘സഫർ’ പൊതുവായ സഞ്ചാരത്തെ കുറിക്കുമ്പോൾ, ‘രിഹ്‌ല’ (رِحْلَة) അറിവ് തേടിയോ കച്ചവടത്തിനോ ഉള്ള പ്രത്യേക ലക്ഷ്യത്തോടെയുള്ള യാത്രയെ സൂചിപ്പിക്കുന്നു.
ഇസ്‌ലാമിക വീക്ഷണത്തിലെ യാത്ര ഒരുവശത്ത്, ആരാധനയുടെയും വൈജ്ഞാനികപരമായ അന്വേഷണത്തിന്റെയും മാർഗമാണ്. മറുവശത്ത്, യാത്ര സ്വാഭാവികമായും പ്രയാസകരമായ ഒരു അവസ്ഥയാണ്. മുഹമ്മദ് നബിﷺ യാത്രയുടെ ബുദ്ധിമുട്ട് വിവരിക്കുന്നത് ശ്രദ്ധേയമാണ്: “സഞ്ചാരം എന്നത് ശിക്ഷയുടെ ഒരു കഷ്ണമാണ്; അത് നിങ്ങളിൽ ഒരാളുടെ ഉറക്കത്തെയും ഭക്ഷണത്തെയും തടയുന്നു. അതിനാൽ, ഒരു വ്യക്തി തന്റെ ആവശ്യം പൂർത്തിയാക്കിക്കഴിഞ്ഞാൽ, അവൻ തന്റെ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങട്ടെ’’ (ബുഖാരി).
പ്രവാചകൻﷺ യാത്രയെ ‘ശിക്ഷയുടെ ഒരംശം’ എന്ന് വിശേഷിപ്പിക്കുന്നത്, ഇസ്‌ലാമിക കർമശാ സ്ത്രത്തിൽ യാത്രക്കാർക്ക് ഇളവുകൾ നൽകുന്നതിനുള്ള ദൈവശാസ്ത്രപരമായ അടിത്തറയായി വർത്തിക്കുന്നു. യാത്രയുടെ സ്വാഭാവികമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ക്വസ്ർ (നമസ്‌കാരം ചുരുക്കൽ) പോലുള്ള ആനുകൂല്യങ്ങൾ അനുവദിച്ചത്. ഈ ഇളവുകൾ അല്ലാഹുവിന്റെ ദാനമായി കണക്കാക്കപ്പെടുന്നു.
ക്വുർആനിലെ യാത്രാ ലക്ഷ്യങ്ങൾ പരിശോധിച്ചാൽ ക്വുർആൻ യാത്രയെ കേവലമായ ഒരു ലൗകിക പ്രവൃത്തിയായി കാണുന്നില്ല എന്നു നമുക്കു മനസ്സിലാക്കാം, മറിച്ച് അത് മനുഷ്യന്റെ ബുദ്ധിയെയും ഹൃദയത്തെയും ഉണർത്താനുള്ള ഘടകമായി നിലകൊള്ളുന്നു. ചിന്താപരവും ലക്ഷ്യബോധമുള്ളതുമായ ഒരു പ്രവർത്തനമാണ് ഇസ്‌ലാമിക വീക്ഷണത്തിലെ യാത്ര.
ഭൂതകാലത്തെ ജനതകളുടെ പര്യവസാനത്തെക്കുറിച്ച് ചിന്തിച്ച് പാഠം ഉൾക്കൊള്ളാൻ ക്വുർആൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു:
“(നബിയേ,) പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ’’(6:11).
സ്വാലിഹ് നബി(അ)യുടെ ജനതയായ ‘സമൂദി’ന്റെ ചരിത്രം ഉദാഹരണമായി എടുക്കാം: “അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്റെ പക്കൽനിന്നുള്ള കാരുണ്യം അവനെനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ-അല്ലാഹുവോട് ഞാൻ അനുസരണക്കേട് കാണിക്കുന്ന പക്ഷം-അവന്റെ ശിക്ഷയിൽനിന്ന് (രക്ഷിച്ചുകൊണ്ട്) എന്നെ സഹായിക്കാനാരുണ്ട്? അപ്പോൾ (കാര്യം ഇങ്ങനെയാണെങ്കിൽ) നിങ്ങൾ എനിക്ക് കൂടുതൽ നഷ്ടം വരുത്തിവെക്കുക മാത്രമെ ചെയ്യൂ’’(11:63).
എന്നാൽ ആ ജനത ഇതൊന്നും ചെവിക്കൊണ്ടില്ല. ധിക്കാരത്തിൽ അവർ ഉറച്ചുനിന്നു. ഒടുവിൽ അവർ അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയരായി. അല്ലാഹു പറയുന്നു:
“അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോൾ അവർ അവരുടെ വീടുകളിൽ കമിഴ്ന്നുവീണ അവസ്ഥയിലായിരുന്നു. അവർ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (അവർ ഉൻമൂലനം ചെയ്യപ്പെട്ടു). ശ്രദ്ധിക്കുക: തീർച്ചയായും സമൂദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു. ശ്രദ്ധിക്കുക: സമൂദ് ജനതയ്ക്ക് നാശം!’’ (11: 67,68).
ഗുണപാഠമുൾക്കൊള്ളുവാൻ തയ്യാറുള്ളവർക്ക് സൗദി അറേബ്യയിൽ നിലകൊള്ളുന്ന മദാഇനു സ്വാലിഹ് സന്ദർശിക്കാവുന്നതാണ്. കൂറ്റൻ പാറകൾ തുറന്ന് താമസ സൗകര്യമുണ്ടാക്കുവാൻ കഴിവുണ്ടായിരുന്ന കരുത്തരായ ആ സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടെങ്കിലും അവരുടെ നിർമിതികൾ ഇന്നും നിലനിൽക്കുന്നുണ്ട്.
സത്യത്തെ നിഷേധിച്ചവരുടെയും അധർമകാരികളുടെയും വിധി നിരീക്ഷിക്കുന്നതിലൂടെ, വിശ്വാസത്തിന്റെ പ്രാധാന്യവും നിഷേധത്തിന്റെയും അധർമത്തിന്റെയും അപകടങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു:
“ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു’’ (22:46). അറിവു നേടുന്നതിലൂടെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെയും ഉണ്ടാകുന്ന മാനസികമായ ഉണർവിനാണ് ഈ വചനം പ്രാധാന്യം നൽകുന്നത്. യാത്ര കേവലമായ കാഴ്ചയല്ല, ഉൾക്കാഴ്ച നേടാനുള്ള മാർഗമാണ്.
സ്വവർഗ ലൈംഗികതയിൽ അഭിരമിച്ചിരുന്ന ദുഷിച്ച വിഭാഗമായിരുന്നു ലുത്വ് നബി(അ)യുടെ ജനത. അല്ലാഹു വേരോടെ അവരെ പിഴുതെറിയുകയാണുണ്ടായത്. അല്ലാഹു പറയുന്നു: “അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ അവരുടെ മേൽ നാം വർഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്. തീർച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീർച്ചയായും അതിൽ വിശ്വാസികൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്്’’ (15:73-77)
ഇസ്രാഈലിനും ജോർദാനിനുമിടയിലുള്ള ചാവുകടൽ എന്നറിയപ്പെടുന്ന തടാകം സ്വവർഗരതിക്കെതിരായ ദൈവികദൃഷ്ടാന്തമായി ഇന്നും നിലനിൽക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 422 മീറ്റർ താഴ്ചയിലുള്ള ചാവുകടൽത്തീരമാണ് കരയിലെ ഏറ്റവും താഴ്ചയുള്ള ഭൂപ്രദേശം. 378 മീറ്റർ ആഴവും 67 കിലോമീറ്റർ നീളവും 18 കിലോമീറ്റർ വീതിയുമുള്ള ചാവുകടലാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള മഹാലവണ തടാകമായി അറിയപ്പെടുന്നത്. സമുദ്രജലത്തിന്റെ 8.6 ഇരട്ടിയാണ് ഇതിലെ ജലത്തിന്റെ ലവണത്വം. അതുകൊണ്ടുതന്നെ ജീവന്റെ യാതൊരു ബാഹ്യലക്ഷണവും പ്രസ്തുത ജലത്തിലില്ല. ഉയർന്ന ലവണത്വമുള്ള ജലത്തിൽ നിലനിൽക്കുന്ന ചിലതരം ബാക്ടീരിയകളും ഫംഗസുകളും വളരെ ചെറിയ തോതിൽ ഈ ജലത്തിലുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചെടികളോ മൽസ്യങ്ങളോ പായൽപോലുള്ള കാണാവുന്ന ജൈവികവസ്തുക്കളോ ഒന്നും തന്നെ ഇതിലില്ല; അതുകൊണ്ടുതന്നെയാണ് ഇതിനു ചാവുകടൽ എന്ന പേരുണ്ടായത്. ഒട്ടേറെ സഞ്ചാരികൾ ചാവുകടൽ പ്രദേശം സന്ദർശിക്കാനെത്തുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്വുർആൻ പരാമർശിക്കുന്ന ഏതൊരു ചരിത്ര സ്ഥലവും സന്ദർശിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ശക്തി വർധിപ്പിക്കുന്ന കാര്യമാണ്.
യാത്രയുടെ മറ്റൊരു പ്രധാന ലക്ഷ്യം പ്രപഞ്ച ദൃഷ്ടാന്തങ്ങൾ നിരീക്ഷിച്ച് അല്ലാഹുവിന്റെ ശക്തിയെ മനസ്സിലാക്കുക എന്നതാണ്. “പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കൽകൂടി സൃഷ്ടിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ’’ (29:20).
ഈ ക്വുർആനിക കൽപന; പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം പോലുള്ള വൈജ്ഞാനിക മേഖലകളെക്കുറിച്ച് പഠിക്കുന്നതിനായി യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയിലും സമുദ്രത്തിലും കാണുന്ന ദൈവിക ദൃഷ്ടാന്തങ്ങൾ ക്ഷമയുള്ളവർക്കും നന്ദിയുള്ളവർക്കും സന്ദേശങ്ങളാണെന്ന് ക്വുർആൻ (31:31) ഓർമിപ്പിക്കുന്നു.
യാത്രയെ ക്വുർആൻ ബന്ധിപ്പിക്കുന്നത് ‘നോക്കുക’ (ഉൻദ്വുറൂ) എന്ന ക്രിയയുമായിട്ടാണ്. ഈ നിരീക്ഷണം ചരിത്രത്തിന്റെ പാഠങ്ങളിലേക്കോ സൃഷ്ടിപ്പിന്റെ രഹസ്യങ്ങളിലേക്കോ നയിക്കുകയും ലൗകികമായ കാഴ്ചയുടെ തലത്തിൽ നിന്ന് ആഴത്തിലുള്ള ഉൾക്കാഴ്ചയുടെ തലത്തിലേക്ക് യാത്രയുടെ ലക്ഷ്യത്തെ ഉയർത്തുകയും ചെയ്യുന്നു.
ഇസ്‌ലാം അറിവു തേടുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന മതമാണ്. അറിവു തേടിയുള്ള യാത്രയുടെ മഹത്ത്വം പ്രവാചകൻﷺ എടുത്തുപറഞ്ഞു: “ആരെങ്കിലും അറിവു തേടി ഒരു വഴിയിൽ യാത്ര ചെയ്താൽ, അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും’’ (മുസ്‌ലിം)
ക്വുർആനിക നിരീക്ഷണത്തിലൂടെ ലഭിക്കുന്ന അറിവ് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന ഈ ഹദീസ്, യാത്രയെ പരമമായ ആത്മീയ ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നു.
ലൗകികമായ ആവശ്യങ്ങൾക്കായും യാത്ര അനുവദനീയമാണ്. കച്ചവടത്തിനും ഉപജീവനത്തിനുമായി ഭൂമിയിൽ സഞ്ചരിക്കുന്നത് ക്വുർആൻ (2:164, 62:10) അംഗീകരിക്കുന്നു. യാത്ര ചെയ്യുമ്പോൾ കടം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും (2:283) ക്വുർആൻ വിശദീകരിക്കുന്നുണ്ട്.
ഒരു യാത്രക്കാരന് കർമപരമായ പല ഇളവുകളും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. യാത്രയുടെ പ്രയാസം പരിഗണിച്ച്, അല്ലാഹു യാത്രക്കാർക്ക് നമസ്‌കാരം, നോമ്പ് എന്നിവയിൽ പ്രധാനപ്പെട്ട ഇളവുകൾ നൽകിയിട്ടുണ്ട്. ക്വുർആൻ 4:101ൽ നമസ്‌കാരം ചുരുക്കാൻ അനുമതി നൽകിയിരിക്കുന്നത്, സത്യനിഷേധികൾ ദുരിതം വരുത്തുമെന്ന് ഭയപ്പെടുന്ന സന്ദർഭങ്ങളിലാണ്. ഈ വചനത്തിലെ ഭയം എന്ന നിബന്ധന പിന്നീട് നീക്കം ചെയ്തതിനെക്കുറിച്ച് ഉമർ(റ) പ്രവാചകﷺനോട് ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ വിശദീകരണം അല്ലാഹുവിന് അവന്റെ ദാസന്മാരോടുള്ള കാരുണ്യത്തെ വ്യക്തമാക്കുന്നു: “അത് അല്ലാഹു നിങ്ങൾക്കു തന്ന ദാനമാണ്. അതിനാൽ അവന്റെ ദാനം നിങ്ങൾ സ്വീകരിക്കുക’’ (മുസ്‌ലിം).
നാല് റക്അത്തുകളുള്ള നിർബന്ധ നമസ്‌കാരങ്ങൾ (ദ്വുഹ്ർ, അസ്ർ, ഇശാഅ്) രണ്ടായി ചുരുക്കി നമസ്‌കരിക്കുന്നതിനെയാണ് ‘ക്വസ്ർ’ (ചുരുക്കൽ) എന്ന് പറയുന്നത്. യാത്രയുടെ സമയവും സ്വഭാവവും അനുസരിച്ച് ദ്വുഹ്ർ-അസ്ർ നമസ്‌കാരങ്ങൾ ഒരുമിച്ചും, മഗ്‌രിബ്-ഇശാഅ് നമസ്‌കാരങ്ങൾ ഒരുമിച്ചും നമസ്‌കരിക്കുന്നത് അനുവദനീയമാണ്.
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: “അല്ലാഹുവിന്റെ റസൂൽﷺ യാത്രകളിൽ ദ്വുഹ്‌റും അസ്‌റും ഒരുമിച്ചും, മഗ്‌രിബും ഇശായും ഒരുമിച്ചും നമസ്‌കരിച്ചിരുന്നു’’ (ബുഖാരി).
കർമശാസ്ത്ര വീക്ഷണത്തിൽ, ക്വസ്ർ പൊതുവെ ശുപാർശ ചെയ്യപ്പെട്ടപ്പോൾ, ജംഅ് യാത്രയുടെ പ്രയാസകരമായ ഘട്ടങ്ങളിലാണ് (പ്രത്യേകിച്ച് ശാഫിഈ മദ്ഹബിൽ) അനുവദനീയമാവുന്നത്. ഫജ്ർ നമസ്‌കാരം ഒരിക്കലും മറ്റ് നമസ്‌കാരങ്ങളുമായി കൂട്ടിച്ചേർക്കാൻ പാടില്ല.

ക്വസ്ർ നമസ്‌കരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയായിരിക്കണം എന്നതിന് ക്വുർആനിലോ സ്വഹീഹായ ഹദീസുകളിലോ വ്യക്തമായ പരിധി നിർണയിച്ചതായി തെളിവില്ല. ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണം, ഏകദേശം 80 കിലോമീറ്റർ (55 മൈൽ) ദൂരം യാത്ര ചെയ്താൽ ക്വസ്ർ അനുവദനീയമാകും എന്നാണ്. യാത്രക്കാരൻ ഒരു സ്ഥലത്ത് താമസിക്കുന്ന സമയപരിധിയെക്കുറിച്ച് പണ്ഡിതർക്കി ടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും നാല് ദിവസത്തിലധികം (യാത്ര പുറപ്പെടുന്ന ദിവസവും തിരിച്ചെത്തുന്ന ദിവസവും ഒഴികെ) താമസിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പൂർണമായി നമസ്‌കരിക്കണമെന്ന് നിർദേശിക്കുന്നു. മക്കയിൽ ഹജ്ജിന്റെ സന്ദർഭത്തിൽ നാലു ദിവസം താമസിച്ചപ്പോൾ പ്രവാചകൻﷺ ക്വസ്‌റാക്കി നമസ്‌കരിച്ചത് ഇതിന് തെളിവായി എടുക്കുന്നു.
റമദാനിൽ യാത്ര ചെയ്യുന്നവർക്ക് നോമ്പ് ഒഴിവാക്കി പിന്നീട് നോറ്റുവീട്ടാൻ ക്വുർആൻ (2:184) അനുമതി നൽകുന്നു. മക്കാ വിജയ യാത്രയിൽ, പ്രവാചകൻﷺ നോമ്പ് മുറിക്കുകയും എന്നിട്ടും നോമ്പ് തുടർന്ന ചിലരെക്കുറിച്ച് ‘ആ ജനങ്ങൾ അനുസരണയില്ലാത്തവരാണ്, ആ ജനങ്ങൾ അനുസരണയില്ലാത്തവരാണ്’ എന്ന് പറയുകയും ചെയ്തു (മുസ്‌ലിം).
പ്രയാസകരമായ സാഹചര്യങ്ങളിൽ, നോമ്പ് ഒഴിവാക്കുന്നതിലൂടെ അല്ലാഹുവിന്റെ ദാനം സ്വീകരിക്കുന്നതാണ് സ്വയം ബുദ്ധിമുട്ടി നേടുന്ന പുണ്യത്തെക്കാൾ ശ്രേഷ്ഠവും ചിലപ്പോൾ നിർബന്ധവും എന്ന നിയമപരമായ തത്ത്വം ഇവിടെ വെളിപ്പെടുന്നു. യാത്രയുടെ ദുരിതം കുറയ്ക്കുന്നതിന് ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകണം എന്ന് ഇത് സൂചിപ്പിക്കുന്നു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വീട്ടിൽ വെച്ച് തന്നെ നോമ്പ് മുറിക്കുന്നത് സുന്നത്താണ് എന്നൊരു കർമശാസ്ത്ര വീക്ഷണമുണ്ട്. അനസ് ഇബ്‌നു മാലിക്(റ) യാത്രക്ക് ഒരുങ്ങിയ ശേഷം ഭക്ഷണം കഴിക്കുകയും എന്നിട്ട് യാത്ര ചെയ്യുകയും ചെയ്തത് പ്രവാചകന്റെ ചര്യയായി കണക്കാക്കപ്പെട്ടിരുന്നു (തിർമിദി).
യാത്രക്കാരൻ പാലിക്കേണ്ട മര്യാദകൾ
ഒരു യാത്രാക്കാരൻ തന്റെ യാത്രയിൽ പാലിക്കേണ്ട മര്യാദകൾ എന്തൊക്കെയാണെന്നു പരിശോധിക്കാം:
പ്രവാചകൻﷺ യാത്രക്കാർക്ക് വിശദമായ ധാർമികവും സാമൂഹികവുമായ മര്യാദകൾ നിശ്ചയിച്ചിട്ടുണ്ട്. ഇവ യാത്രയുടെ സുരക്ഷയും സംഘടിതത്വവും ഉറപ്പാക്കൽ ലക്ഷ്യമിടുന്നു. ഇസ്‌ലാമിക നിയമം യാത്രയിൽ കൂട്ടായ്മക്കും സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നുള്ളത് ഒരു സുപ്രധാന നിർദേശമാണ്:
“ഒറ്റയ്ക്ക് രാത്രി യാത്ര ചെയ്യുന്നതിൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണുള്ളതെന്ന് ആളുകൾ അറിഞ്ഞിരുന്നെങ്കിൽ, ഒരു യാത്രികനും രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമായിരുന്നില്ല’’ (ബുഖാരി).
ഒറ്റയ്ക്കുള്ള യാത്രയുടെ അപകടസാധ്യതയും അതുണ്ടാക്കുന്ന മാനസിക സമ്മർദവും കുറയ്ക്കുന്നതിനാണ് ഈ ഉപദേശം നൽകിയിരിക്കുന്നത്.
കൂടാതെ, യാത്രാ സംഘത്തിൽ ഒരാളെ നേതാവായി (അമീർ) നിയമിക്കുന്നത് സുന്നത്താണ്. ഇത് സംഘടിതത്വത്തിന് സഹായിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. യാത്രക്കാർ തങ്ങുമ്പോൾ പല താഴ്‌വരകളിലും വഴികളിലുമായി ചിതറിപ്പോകുന്നത് ശൈത്വാന്റെ പ്രവൃത്തിയാണെന്ന് പ്രവാചകൻﷺ ഉപദേശിക്കുകയും അതിനുശേഷം അവർ ഒരുമിച്ചു ചേർന്ന് തങ്ങാൻ ശ്രദ്ധിക്കുകയും ചെയ്തു (അബൂദാവൂദ്).
യാത്രയിൽ പാലിക്കേണ്ട മറ്റൊരു മര്യാദയാണ്, ഉയർന്ന സ്ഥലങ്ങളിലേക്ക് കയറുമ്പോൾ ‘അല്ലാഹു അക്ബർ’ എന്നും താഴ്ന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ ‘സുബ്ഹാനല്ലാഹ്’ എന്നും പറയൽ.
“ഞങ്ങൾ ഒരു സ്ഥലത്തേക്ക് കയറുമ്പോൾ തക്ബീർ ചൊല്ലുകയും ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുകയും ചെയ്യുമായിരുന്നു’’ (ബുഖാരി:). ഇത് സ്രഷ്ടാവിലുള്ള ആശ്രയം പ്രകടിപ്പിക്കുകയും യാത്രാ പ്രയാസങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
സ്ത്രീകൾ ഒറ്റയ്ക്ക് വളരെയധികം യാത്ര ചെയ്യുന്ന ഇക്കാലത്ത് അക്കാര്യത്തിൽ ഇസ്‌ലാമികമായ വീക്ഷണം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്‌ലാം വളരെ ശ്രദ്ധ നൽകുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് മഹ്‌റം (വിവാഹം അനുവദനീയമല്ലാത്ത ബന്ധു) ഇല്ലാതെ നിശ്ചിത ദൂരത്തിലോ അതിൽ കൂടുതലോ യാത്ര ചെയ്യുന്നത് അനുവദനീയമല്ല.
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു രാത്രിയുടെ യാത്ര, അവളോ ടൊപ്പം ഒരു മഹ്‌റം ഇല്ലാതെ അനുവദനീയമല്ല’’ (മുസ്‌ലിം). ഈ നിയമം, പ്രത്യേകിച്ചും പഴയ യാത്രാ സാഹചര്യങ്ങളുടെ അപകടസാധ്യതകൾ പരിഗണിക്കുമ്പോൾ, സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ കവചം ഒരുക്കുന്ന നിയമപരമായ ചട്ടക്കൂടാണ്.
ഒരു യാത്രയുടെ ലക്ഷ്യം പൂർത്തിയായാൽ, പ്രയാസം ഒഴിവാക്കാൻ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താൻ പ്രവാചകൻﷺ നിർദേശിച്ചു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന ഒരാൾ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അടുത്തുള്ള പള്ളിയിൽ പോയി രണ്ട് റക്അത്ത് നമസ്‌കരിക്കുന്നത് പ്രവാചകന്റെ ചര്യയാണ്. (ബുഖാരി). കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ കൊണ്ടുവരുന്നതും സുന്നത്താണ്.
യാത്രാക്കാരന്റെ ആത്മാർഥമായ പ്രാർഥന നിരസിക്കപ്പെടാത്തതാണ്. യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ചൊല്ലേണ്ടുന്ന വിവിധ പ്രാർഥനകൾ പ്രവാചകൻﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുമ്പോഴും യാത്രയിലുടനീളവും മടങ്ങിയെത്തുമ്പോഴുമുള്ള പ്രവാചകന്റെ പ്രാർഥനകൾ യാത്രയുടെ ആത്മീയവശം ശക്തിപ്പെടുത്തുന്നു.
വാഹനത്തിൽ കയറുമ്പോഴുള്ള പ്രാർഥന
വാഹനത്തിൽ കയറുമ്പോൾ മൂന്ന് തവണ ‘അല്ലാഹു അക്ബർ’ എന്ന് ചൊല്ലിയ ശേഷം ഈ പ്രാർഥന നിർവഹിക്കണം:
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ ، وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ
“ഇതിനെ ഞങ്ങൾക്ക് കീഴ്‌പ്പെടുത്തിത്തന്നവൻ എത്ര പരിശുദ്ധൻ. ഞങ്ങൾ സ്വന്തമായി ഇതിന് കഴിവുള്ളവരായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുന്നവരാണ്’’ (മുസ്‌ലിം).
യാത്ര ആരംഭിക്കുമ്പോഴുള്ള പ്രാർഥന
ഈ പ്രാർഥനയിൽ യാത്രയിലെ നന്മ, സൂക്ഷ്മത, കുടുംബത്തിന്റെ സംരക്ഷണം, ദുരിതങ്ങളിൽ നിന്നുള്ള അഭയം എന്നിവ ഉൾപ്പെടുന്നു:
اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ ، وَالْخَلِيفَةُ فِي الأَهْلِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمَنْظَرِ ، وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْل
“അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയിൽ നന്മയും ഭയഭക്തിയും നീ ഇഷ്ടപ്പെടുന്ന കർമങ്ങളും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങൾക്ക് എളുപ്പമാക്കുകയും ദൂരം ചുരുക്കുകയും ചെയ്യേണമേ. അല്ലാഹുവേ, നീയാണ് യാത്രയിലെ കൂട്ടുകാരൻ, കുടുംബത്തിന്റെ സംരക്ഷകൻ. യാത്രാ ദുരിതങ്ങളിൽനിന്നും ദുഃഖകരമായ കാഴ്ചയിൽനിന്നും സമ്പത്തിലും കുടുംബത്തിലുമുള്ള മോശമായ മടങ്ങിപ്പോക്കിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു’’ (മുസ്‌ലിം).
ഈ പ്രാർഥനയിലെ ‘അല്ലാഹുവാണ് യാത്രയിലെ കൂട്ടുകാരൻ, കുടുംബത്തിന്റെ സംരക്ഷകൻ’ എന്നീ പ്രയോഗങ്ങൾ, യാത്രക്കാരന്റെ ഉത്കണ്ഠകളെയും ഒറ്റപ്പെടലിനെയും നേരിടാൻ ധൈര്യം നൽകുന്നു. ദൈവിക സംരക്ഷണത്തിലുള്ള വിശ്വാസം മനസ്സിന് സ്ഥൈര്യം നൽകുന്നു. ഇത് യാത്രയിലെ പ്രയാസങ്ങളെ നേരിടാനുള്ള മനക്കരുത്ത് നൽകുന്നു.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴുള്ള പ്രാർഥന

യാത്രയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ; യാത്ര പുറപ്പെടുമ്പോൾ ചൊല്ലിയ ദുആയിൽ താഴെ കൊടുക്കുന്ന ഭാഗം ചേർത്തു ചൊല്ലുന്നത് സുന്നത്താണ്.
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ
“ഞങ്ങൾ മടങ്ങിയെത്തിയവരാണ്, പശ്ചാത്തപിക്കുന്നവരാണ്, ആരാധിക്കുന്നവരാണ്, ഞങ്ങളുടെ റബ്ബിനെ സ്തുതിക്കുന്നവരാണ്’’ (ബുഖാരി, മുസ്‌ലിം).
ചില പ്രത്യേക യാത്രകൾക്ക് ഇസ്‌ലാം വലിയ പ്രതിഫലവും പദവിയും നൽകുന്നു. ഹജ്ജും ഉംറയുമാണ് ഇസ്‌ലാമിലെ ഏറ്റവും ഉന്നതമായ യാത്രാലക്ഷ്യങ്ങൾ. അതു കഴിഞ്ഞാൽ, ഇസ്‌ലാമിക പ്രബോധനത്തിനായി യാത്ര ചെയ്യുന്നത് വലിയ പുണ്യകർമമായി കണക്കാക്കപ്പെടുന്നു. ഈ യാത്രക്ക് വലിയ പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്. ഏത് കർമത്തിന്റെയും സ്വീകാര്യത അതിന്റെ ഉദ്ദേശ്യങ്ങളെ (നിയ്യത്ത്) ആശ്രയിച്ചിരിക്കുന്നു എന്ന അടിസ്ഥാന ഹദീസ് (ബുഖാരി, മുസ്‌ലിം) ദഅ്‌വത്ത് യാത്രകൾക്ക് ആത്മീയമായി കരുത്ത് നൽകുന്നു. ഈ യാത്രകളെല്ലാം ഇബാദത്തിന്റെ സാധ്യതകൾ ഉൾക്കൊള്ളുന്നു. ഏറ്റവും ഉയർന്ന ശ്രേണിയിൽ (ഹജ്ജ്/ഇൽമ് തേടൽ) ഉള്ളവയ്ക്ക് വലിയ പ്രതിഫലം ലഭിക്കുമ്പോൾ, ലൗകിക യാത്രകളെപ്പോലും നിരീക്ഷണത്തിലൂടെയും ചിന്തയിലൂടെയും ആത്മീയമായ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാൻ ക്വുർആൻ ആവശ്യപ്പെടുന്നു.
ചുരുക്കത്തിൽ, വിശുദ്ധ ക്വുർആനും പ്രവാചകവചനങ്ങളും ഇസ്‌ലാം യാത്രയെ ഒരു സന്തുലിതമായ കാഴ്ചപ്പാടോടെയാണ് സമീപിക്കുന്നത് എന്നു വ്യക്തമാക്കുന്നു. യാത്ര എന്നത് ബുദ്ധിപരമായ പര്യവേക്ഷണത്തിനുള്ള മാർഗമായി വർത്തിക്കുകയും (അൻആം 6:11, അൻകബൂത്ത് 29:20), ചരിത്രപരവും പ്രകൃതിപരവുമായ പാഠങ്ങൾ ഉൾക്കൊള്ളാൻ കൽപിക്കുകയും ചെയ്യുന്നു. വിശ്വാസിയായ ഒരാൾക്ക്, കർമപരമായ തലത്തിൽ, യാത്രയുടെ സ്വാഭാവികമായ പ്രയാസങ്ങൾ പരിഗണിച്ച് നമസ്‌കാരത്തിൽ ചുരുക്കൽ (ക്വസ്ർ), കൂട്ടിച്ചേർക്കൽ (ജംഅ്), റമദാൻ നോമ്പ് ഒഴിവാക്കാനുള്ള അനുമതി എന്നീ ഇളവുകൾ അല്ലാഹുവിന്റെ ദാനമായി നൽകപ്പെട്ടു.
ഇസ്‌ലാമിലെ യാത്രാമര്യാദകൾ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ നിരോധിക്കുകയും (ബുഖാരി 2998), സ്ത്രീകൾക്ക് മഹ്റം നിർബന്ധമാക്കുകയും (മുസ്‌ലിം 1339), ഒരു നേതാവിനെ (അമീർ) നിശ്ചയിക്കാൻ കൽപിക്കുകയും ചെയ്തതിലൂടെ, ഇസ്‌ലാം യാത്രയുടെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി ഒരു നിയമപരവും സാമൂഹികവുമായ ചട്ടക്കൂട് സ്ഥാപിച്ചു. യാത്രയിലെ പ്രാർഥനകളാകട്ടെ, യാത്രക്കാരന് ദൈവിക കാവലും സംരക്ഷണവും നൽകിക്കൊണ്ട് അവന്റെ ഉത്കണ്ഠകളെ ശമിപ്പിക്കുന്നു.

