സ്വവർഗ ലൈംഗികത; തിരിച്ചറിയേണ്ട വസ്തുതകൾ

റോഷൻ പുനലൂർ

2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

പാഠപുസ്തകങ്ങളിലൂടെയും പാതയോരങ്ങളിലൂടെയും എഴുന്നള്ളിച്ച് പരാജയപ്പെട്ട സ്വവർഗ ലൈംഗികത റിയാലിറ്റി ഷോകളിലൂടെ ഒളിച്ചു കടത്താനാണ്‌ പുരോഗമന നാട്യക്കാരുടെ പുതിയ ശ്രമം. പൊതുസമൂഹത്തിന്റെ പരിച്ഛേദമായ കുടുംബങ്ങളിലേക്കും അതുവഴി സ്വന്തം വീടകങ്ങളിലേക്കും കേറിത്താമസിക്കുന്നതുവരെ, പ്രചാരകർ ഇതിന്റെ വിനാശം പൂർണമായും മനസ്സിലാക്കുകയില്ല.

സ്വവർഗ ലൈംഗികത സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. പുരോഗമന നാട്യക്കാർ ഇങ്ങനെയുള്ള വല്ല വിഷയവും കാത്തിരിക്കുകയാണ്; എതിർപ്പുള്ളവരെ നേരിടാനായി!

ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന പേരിൽ, രാഷ്ട്രീയ പരിരക്ഷകൂടി ലഭിക്കുന്ന വിഭാഗമായി സ്വവർഗപ്രേമികളായ പുരുഷൻമാരും സ്ത്രീകളും കൂടുതൽ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവർഗ ലൈംഗിക കാമനകളെ പൊതുയിടങ്ങളിൽ സ്വാഭാവികവത്കരിക്കാനും (Homonormativity) മതം, രാഷ്ട്രം, സമൂഹം എന്നിവക്കകത്ത് തന്നെ പ്രത്യേക ഇടങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമത്തിലാണവർ.

സെക്യുലർ, ലിബറൽ ഉത്തരാധുനിക പരിസരങ്ങളിൽ തങ്ങൾ പൊതുവെ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും, മത - സാംസ്‌കാരിക പാരമ്പര്യങ്ങൾ തങ്ങളുടെ സ്വത്വരൂപീകരണത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കേവലം മതപാരമ്പര്യങ്ങളെ തള്ളിപ്പറയൽകൊണ്ട് സാധിക്കുകയില്ലെന്നും പകരം മതത്തിനകത്ത് തന്നെ ദൈവശാസ്ത്രപരമായും നൈതികമായും സ്വവർഗലൈംഗികതക്ക് ഇടം കണ്ടെത്തലാണ് കൂടുതൽ പ്രായോഗികം എന്നും അവർ വിലയിരുത്തിയിട്ടുണ്ട്.

ഇതിനുവേണ്ടി ഈ നൂറ്റാണ്ടിന്റെ തുടക്കംമുതൽ തന്നെ തിരുത്തൽ വാദികളും (Revisionists) ആക്ടിവിസ്റ്റുകളും ക്വുർആൻ-ഹദീസ് എന്നിവയിൽ നിന്നും സ്വവർഗ ലൈംഗിക സ്വത്വത്തെ സ്ഥാപിക്കാൻ വേണ്ടിയുള്ള ജ്ഞാനോദ്പാദന പ്രക്രിയയിൽ ഏർപ്പെട്ടതായി കാണാം. ഈ സാഹചര്യത്തിൽ സ്വവർഗ ആക്ടിവിസ്റ്റുകളുടെയും ക്വുർആൻ-ഹദീസ് തിരുത്തൽവാദികളുടെയും വാദങ്ങളിലെ ആന്തരികവൈരുധ്യങ്ങളും രീതിശാസ്ത്രപരമായ വൈകല്യങ്ങളും വിശകലനം ചെയ്യുന്നത് പ്രസക്തമായിരിക്കും.

LGBTQ എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്നവരിൽ സ്ത്രീകൾക്കിടയിലെ സ്വവർഗരതിക്കാർ (Lesbians), പുരുഷൻമാർക്കിടയിലെ സ്വവർഗരതിക്കാർ(Gays), അപരലൈംഗികതയും സ്വവർഗലൈംഗികതയും ഒരുപോലെ പുലർത്തുന്നവർ (Bisexuals) എന്നിവരുടെ ലൈംഗികസ്വത്വവും അതിന്റെ മതപരമായ സാധുതയുമാണ് ഈ വിശകലനത്തിന്റെ കേന്ദ്രബിന്ദു.

ലൈംഗികമായ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങൾ

ചരിത്രത്തിൽ എല്ലാ സമൂഹങ്ങളിലും സ്വവർഗമോഹികളായ ആളുകൾ ഉണ്ടായതുപോലെ മുസ്‌ലിം സമൂഹങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. സ്ഥലകാല വ്യത്യാസങ്ങളില്ലാതെ സ്വവർഗലൈംഗിക തൽപരരായ ആളുകൾ ജീവിച്ചിരുന്നു എന്നത് നിഷേധിക്കാവതല്ല. മധ്യകാല മുസ്‌ലിംകൾക്കിടയിൽ നിലനിന്നിരുന്ന സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായതാണ് ഖാലിദ് അൽ റോഹബ് എഴുതിയ’ ‘ബിഫോർ ഹോമോസെക്ഷ്വാലിറ്റി ഇൻ ദി അറബ്-ഇസ്‌ലാമിക് വേൾഡ്’ എന്ന പഠനം. സ്വവർഗ ലൈംഗിക മോഹങ്ങളുടെ പൂർത്തീകരണം എന്നതിനെക്കാൾ രാഷ്ട്രീയാധികാരം സ്ഥാപിക്കാനും ശത്രുക്കൾക്കെതിരെയുള്ള ഹിംസക്കും പ്രതികാരത്തിനുമുള്ള ഉപാധിയായും സ്വവർഗലൈംഗികത നിലനിന്നിരുന്നതായി ഖാലിദ് റോഹബ് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ തിന്മ ചെയ്യാനുള്ള നൈസർഗികമായ മറ്റു തെരഞ്ഞെടുപ്പുകളെപ്പോലെയുള്ള ഒരു തെരഞ്ഞെടുപ്പായാണ് ഇതിനെ അവർ മനസ്സിലാക്കിയിരുന്നത്.

എന്നാൽ മുസ്‌ലിം പണ്ഡിതർ ആരും ഇതിനെ നിയമപരമായി കണ്ടിരുന്നില്ല. മാത്രമല്ല സ്ത്രീ-പുരുഷ വ്യഭിചാരത്തെക്കാൾ ഗൗരവകരമായ കുറ്റമായി സ്വവർഗരതിയെ പ്രാമാണികമായി അവർ മനസ്സിലാക്കുകയും ചെയ്തിരുന്നു.

സ്വവർഗ ലൈംഗികതക്കായി വാദിക്കുന്നവരും അതിനുവേണ്ടി പ്രവർത്തിക്കുന്നവരും ഉളവാക്കുന്ന ഏറ്റവും വലിയ നൈതികപ്രശ്‌നം അവർ അവരുടെ ലൈംഗിക കാമനകളെ പൂർത്തീകരിക്കുന്നു എന്നതിനെക്കാൾ അത് അവരുടെ സ്വത്വത്തിന്റെ പ്രധാന ഉള്ളടക്കമായി മനസ്സിലാക്കുന്നു എന്നതാണ്.

ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകുന്നത് കുറ്റകരമല്ല, അവ മനുഷ്യരിൽ ദൈവം നൈസർഗികമായി നിക്ഷേപിച്ചതാണ്. എന്നാൽ അതിനനുസരിച്ച് ഉണ്ടാകുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇഛകൾക്കെതിരായി പൊരുതുന്നവനാണ് മുസ്‌ലിം; ഇഛകൾക്കനുസരിച്ച് തിന്മകളിലൂടെ വിഹരിക്കുന്നവനല്ല.

“അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗം തന്നെയാണ് സങ്കേതം’’ (ക്വുർആൻ 79:40,41).

സ്വവർഗാനുരാഗം എന്ന ചോദന മാത്രമല്ല, അതിനെക്കാൾ ഹീനവും വികൃതവുമായ പല ചോദനകളും മനുഷ്യരിൽ ഉണ്ടാവാം. എന്നാൽ അത് ഒരു വിഭാഗം ആളുകളുടെ സ്വത്വത്തെ നിർണയിക്കുന്നതായി മനസ്സിലാക്കപ്പെടുകയും അത് ഒരു സ്വത്വവാദമായി മാറുകയും ചെയ്യുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഒരു കുടുംബത്തിലെ മക്കൾ മുഴുവൻ സ്വവർഗാനുരാഗികളായി മാറിയാൽ ആ കുടുംബം കുറ്റിയറ്റു പോകും. ഒരു പ്രദേശത്തെ കുടുംബത്തിലുള്ളവരെല്ലാം അങ്ങനെ മാറിയാലോ? ഗേ, ലെസ്ബിയൻ വിവാഹങ്ങൾ സാർവത്രികമായാൽ എന്തായിരിക്കും നാടിന്റെ അവസ്ഥ?

സ്വത്വരൂപീകരണത്തിനു വേണ്ടി ക്വിയർ (Queer) ആക്ടിവിസ്റ്റുകൾ ഉന്നയിക്കുന്ന ന്യായം സാധാരണ സ്ത്രീ-പുരുഷൻമാർക്കിടയിൽ കാണപ്പെടുന്നതിൽനിന്നും വ്യത്യസ്തമാണ് തങ്ങളുടെ ലൈംഗികാഭിമുഖ്യം (Orientation) എന്നും അത് തങ്ങളിൽ പ്രകൃതിപരമായിത്തന്നെ ഉള്ളതാണ് എന്നുമാണ്. ലൈംഗികാഭിമുഖ്യത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷമാണെന്നതിനാൽ തങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ വേണമെന്ന രാഷ്ട്രീയപരമായ ആവശ്യവും അവർ ഉന്നയിക്കുന്നു.

ഞങ്ങൾ ഒരു യാഥാർഥ്യമാണ്, അതുകൊണ്ട് ഞങ്ങളെ കാണാൻ ശ്രമിക്കൂ എന്നാണവർ പറയുന്നത്. യഥാർഥത്തിൽ ഏത് ലൈംഗികാഭിമുഖ്യമാണ് ‘പ്രകൃതിപരമായി’ മനുഷ്യനിൽ ഇല്ലാത്തത്? ഏത് ലൈംഗികചോദനയാണ് മനുഷ്യന്റെ പ്രകൃതമല്ലാത്തത്? മൃഗത്തോട് ലൈംഗികവൃത്തിയിൽ (Bestiality) ഏർപ്പെടാനുള്ള ചോദനയെയും ‘പ്രകൃതിപരം’ എന്നു വിശേഷിപ്പിച്ചുകൂടേ? വിവാഹം കഴിച്ചവർക്ക് വിവാഹബാഹ്യ ലൈംഗിക മോഹങ്ങൾ തോന്നുന്നത് പ്രകൃതിചോദനയല്ലേ? മാതാവും പിതാവും അടങ്ങുന്ന ബന്ധുക്കളോട് ചിലർ നടത്തുന്ന ലൈംഗിക വേഴ്ച (Incest) അവരുടെ പ്രകൃതി ചോദനയല്ലേ? ശവഭോഗ(Necrophilia)ത്തിനു ത്വരയുള്ളവർ അത് ചെയ്യുന്നത് അവനവന്റെ പ്രകൃതി ചോദനക്ക് വഴങ്ങിയല്ലേ? വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയവയെല്ലാം എന്തു ചോദനയാണ്?

മേൽ പറഞ്ഞ ലൈംഗികചോദനകൾ മുഴുവൻ മനുഷ്യരിൽ ഉണ്ടാകാൻ ഇടപെടുന്നതിനെക്കാൾ വ്യത്യസ്തമായ ഇടപെടലാണോ ‘പ്രകൃതി’ സ്വവർഗപ്രേമികളിൽ നടത്തുന്നത്? മറ്റുള്ള ലൈംഗിക ആഭിമുഖ്യള്ളവരിൽ ഉള്ളതിനെക്കാൾ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവർഗപ്രേമികളിൽ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാൻ ‘പ്രകൃതി’ നടത്തുന്നത്? മൃഗഭോഗം, ശവഭോഗം പോലെയുള്ള നികൃഷ്ടമായ ആഭിമുഖ്യത്തെക്കാൾ ‘വിശുദ്ധമായ’ എന്താണ് സ്വവർഗ ലൈംഗിക ആഭിമുഖ്യത്തിലുള്ളത്? സ്വേഛപരമായ ലൈംഗികാഭിമുഖ്യം എന്ന ഒന്ന് നിലനിൽക്കുന്നുണ്ടോ? ഇത്തരം രതിവൈകൃതങ്ങളെല്ലാം സ്വേഛപരമാണെന്നും സ്വവർഗാനുരാഗം മാത്രം സ്വേഛപരമല്ലാതെ, ഒഴിച്ചുനിർത്താനാവാത്ത ‘പ്രകൃതിയുടെ’ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരർഥകമാണ്!

ബ്രീട്ടീഷ് ശാസ്ത്ര ജേണലിസ്റ്റായ എഡ്‌യോങ് ‘ദി അറ്റ്‌ലാന്റിക്’ മാസികയിൽ എഴുതിയത് ‘സ്വവർഗപ്രേമികളുടെ ലൈംഗിക ചോദന അവരുടെ ശരീര ഘടനയിൽ ആദ്യമെ നിർണയിക്കപ്പെട്ടതായോ, അല്ലെങ്കിൽ അവരുടെ ലൈംഗികാഭിമുഖ്യം സ്വവർഗത്തോട് മാത്രമായി നിശ്ചയിക്കപ്പെട്ടതായോ അസന്ദിഗ്ധമായി തെളിയിക്കുന്ന യാതൊരു ജനിതക സൂചനയും ലഭ്യമായിട്ടില്ല’ എന്നാണ്.

ഇനി അങ്ങനെ ലഭ്യമായാൽ തന്നെ അതിന് ധാർമികമായ ന്യായീകരണം നൽകാൻ ഇസ്‌ലാമിക പ്രമാണങ്ങളിൽ തെളിവുകളില്ലതാനും. സ്വവർഗപ്രേമത്തിന് ഇസ്‌ലാമിനകത്ത് സാധൂകരണം നൽകാൻ വേണ്ടിയുള്ള രചനാ പദ്ധതിയിലേർപ്പെട്ടവരിൽ ഏറ്റവും പ്രമുഖനായ സിറാജ് സ്‌കോട്ട് കൂഗ്‌ളിന്റെ സിദ്ധാന്തങ്ങളെ രീതിശാസ്ത്രപരമായിത്തന്നെ ഇഴകീറി പരിശോധിച്ച് ദീർഘമായ പഠനമെഴുതിയ മുബീൻ വയ്ദ് ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്.

പ്രകൃതിപരമായ ചോദനമൂലമാണ് സ്വവർഗലൈംഗികതയെ ആഗ്രഹിക്കുന്നത് എന്ന വാദത്തിൽ അവ്യക്തതയുണ്ടെന്നാണ് പറഞ്ഞുവരുന്നത്. സ്വവർഗലൈംഗികതക്കു വേണ്ടി സൈദ്ധാന്തിക അടിത്തറ ഒരുക്കാൻ കഷ്ടപ്പെടുന്നവർക്കിടയിൽ തന്നെ ഈ അവ്യക്തത നിലനിൽക്കുന്നുണ്ട്എന്നതാണ് രസകരമായ കാര്യം. സ്വവർഗലൈംഗികാഭിമുഖ്യം ഒരാളുടെ സ്വത്വത്തിൽ സത്താപരമായി (Essentialist) ഉള്ളതാണോ അതോ സാമൂഹിക നിർമിതിയാണോ (Constructionist) എന്ന സജീവ തർക്കം അവർക്കിടയിൽ തന്നെ നിലനിൽക്കുന്നുണ്ട്. ലൈംഗികമായ സത്താവാദം സ്വവർഗപ്രേമികളുടെ അവകാശ സംരക്ഷണത്തിന് പര്യപ്തമല്ല എന്ന് സാമൂഹികനിർമിതി വാദക്കാർ ആരോപിക്കുന്നു.

എന്നാൽ, സ്വവർഗാഭിമുഖ്യം ഒരാളിൽ സത്താപരമായി ഉണ്ടെന്ന് മനസ്സിലാക്കി മുന്നോട്ട് പോയാൽ മാത്രമെ സ്വവർഗാനുരാഗികളുടെ അവകാശങ്ങളെ പൂർണമായും സംരക്ഷിക്കാൻ കഴിയൂ എന്ന് സത്താവാദികളും പറയുന്നു. സ്വവർഗാനുരാഗികളുടെ ലൈംഗികാഭിമുഖ്യം അവരുടെ സ്വത്വത്തിൽ സത്താപരമായി ആദ്യമെ തീരുമാനിക്കപ്പെടുന്നതും മാറ്റാൻ കഴിയാത്തതുമാണ് എന്ന വാദമാണ് സ്‌കോട്ട് കൂഗ്‌ളിനെ പോലുള്ള ആളുകൾ ഉന്നയിച്ചിക്കുന്നത്. എന്നാൽ, പ്രസിദ്ധ ക്വിയർ ആക്ടിവിസ്റ്റും അമേരിക്കയിലെ വ്യത്യസ്ത സമൂഹങ്ങളുടെ ലൈംഗിക ചരിത്രത്തിൽ വിദഗ്ധയുമായ ഹാൻ ബ്‌ളാങ്ക് അടക്കമുള്ള നിരവധി പേർ ഈ സത്താവാദത്തിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. സ്വവർഗാഭിമുഖ്യത്തിന്റെ പ്രകൃതവും സ്വഭാവവും അതിനുവേണ്ടി വാദിക്കുന്നവർക്ക് തന്നെ ഇപ്പോഴും വ്യക്തമായി മനസ്സിലാവാത്ത സാഹചര്യത്തിൽ, അത് സാർവത്രികമായാൽ സമൂഹത്തിലും കുടുംബ ഘടനയിലും ഉളവാക്കുന്ന പരിക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല.

ചില ചോദ്യങ്ങൾ ഇക്കാര്യത്തിൽ ഇനിയും ബാക്കിയാണ്. ഒരാൾക്ക് സ്വവർഗത്തിൽപെട്ട മറ്റൊരാളോട് താൽക്കാലികമായി തോന്നുന്ന തൃഷ്ണയെ മനുഷ്യ മനസ്സിന്റെ സ്വാഭാവിക കാമനയായി മനസ്സിലാക്കാതെ അതിനെ അയാളുടെ സ്വത്വത്തിന്റെ നിർണായക ഘടകമാക്കി മാറ്റുന്നത് എന്തിനാണ്? ലൈംഗികതയെ ഒരാളുടെ സ്വത്വത്തിന്റെ ഭാഗമായി മനസ്സിലാക്കുകയും ആ സ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കുകയും ചെയ്യുന്നത് എന്തിനാണ്? അങ്ങനെ മനുഷ്യമനസ്സിൽ പ്രകടമാവുന്ന ഓരോ ലൈംഗിക തൃഷണയെയും സ്വത്വനിർണയം നടത്തുന്ന ഉപാധിയായി പരിഗണിക്കുമെങ്കിൽ മൃഗഭോഗം, ശവഭോഗം, തുടങ്ങിയ മറ്റു വികൃതമായ സാധ്യതകളെ കൂടി അവർ ഉൾക്കൊള്ളാൻ തയ്യാറാവുമോ? അങ്ങനെ വികസിച്ചുവരുന്ന വൈവിധ്യത്തെ അവർ ഉൾക്കൊള്ളുമോ?

ഉൾക്കൊള്ളാൻ തയ്യാറാവുമെങ്കിൽ അവർ മനുഷ്യകുലത്തെ വല്ലാത്ത നികൃഷ്ടമായ അവസ്ഥയിലേക്കായിരിക്കും തള്ളിവിടുക. ഇനി, തയ്യാറാവില്ല എങ്കിൽ അവരുടെ സൈദ്ധാന്തിക ചട്ടക്കൂട് അത്രയും ദുർബലമാണെന്നും അവരുടെ സിദ്ധാന്തങ്ങൾ സ്വയംതന്നെ പരസ്പരവിരുദ്ധമാണെന്നുമല്ലേ അർഥം? ഇങ്ങനെ ദുർബലമായ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഉന്നയിക്കപ്പെടുന്ന സ്വവർഗവിവാഹം, സ്വവർഗദാമ്പത്യം തുടങ്ങിയ അവകാശങ്ങൾ അവർക്ക് വകവെച്ച് കൊടുക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ടോ? തീർച്ചയായും ഇല്ല!

സ്വവർഗലൈംഗികാഭിമുഖ്യം അടിസ്ഥാനമാക്കി സ്വത്വരൂപീകരണം നടത്തുന്നത് സംബന്ധിച്ച് മറ്റുചില അവ്യക്തതകൾ കൂടി നിലനിൽക്കുന്നുണ്ട്. അതായത്, നമ്മുടെ നാടുകളിൽ മുൻകാലങ്ങളിൽ സ്വലിംഗരമികളായ കൗമാരക്കാരും മധ്യവയസ്‌കരും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഞങ്ങൾ അത്തരക്കാരാണെന്ന് സമൂഹത്തോട് അവർ വിളിച്ചു പറഞ്ഞിട്ടില്ല. അത് മറ്റുള്ളവർ അറിയുന്നത് അവർക്ക് മാനക്കേടായിരുന്നു. അവരിൽ എല്ലാ മതക്കാരുമുണ്ട്. അവർക്കു പ്രത്യേകമായൊരു പദവിയും പരിവേഷവും സമൂഹം കൊടുത്തിട്ടില്ല. അവർ കാലക്രമേണ അതിൽനിന്നും പിൻമാറുകയും എതിർലിംഗത്തിൽ പെട്ടവരെത്തന്നെ വിവാഹം കഴിച്ച് വിജയകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.

സ്വലിംഗത്തോട് ലൈംഗികകാമന പ്രകടിപ്പിക്കുന്നവരുടെ ജീവിതത്തിൽ നടക്കുന്ന ഈ പ്രക്രിയ കാലാകാലങ്ങളായി എല്ലാ സമൂഹത്തിലും കണ്ടുവരുന്നതാണ്. എന്നാൽ സ്വവർഗാനുരാഗികൾ എന്ന, പ്രത്യേക ജൈവികസ്വത്വം അവകാശപ്പെട്ട് രംഗത്തുവരുന്നവർ വാദിക്കുന്നത് ചില ജീവിതഘട്ടങ്ങളിൽ താൽക്കാലികമായി തോന്നുന്ന ഇത്തരം കാമനകൾ അവർക്ക് ഒഴിച്ചുകൂടാനാകാത്തതോ അവരുടെ അനൈഛികമായ ലൈംഗികാഭിമുഖ്യമോ ആണെന്നാണ്. എന്നാൽ, സ്വലിംഗത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എല്ലാവരും ഇവർ വാദിക്കുന്നതു പോലെയല്ല എന്നത് വ്യക്തമാണ്. മറിച്ചാണെങ്കിൽ പിന്നീട് അവർ വിജയകരമായ കുടുംബജീവിതം നയിക്കുന്നത് എങ്ങനെയാണ്?

ഇനി ചിലയാളുകളിൽ മാത്രം ഇത്തരം ആഭിമുഖ്യം ജനിതകമായി/പ്രകൃതിപരമായി കോഡ് ചെയ്യപ്പെടുന്നു എന്നും അതിനാൽ അവരുടെ ലൈംഗികസ്വത്വം പ്രത്യേകം പരിഗണിക്കണമെന്നുമാണ് വാദമെങ്കിൽ അവിടെയും ചില അവ്യക്തതകൾ നിലനില്ക്കുന്നുണ്ട്. സ്വവർഗ ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്ന ആളുകളിൽ ചിലർ അതിൽനിന്ന് പിൻമാറുന്നുണ്ടെങ്കിൽ അവർക്കുണ്ടാവുന്നതും പ്രകൃതിപരമായചോദന തന്നെയല്ലേ? അല്ലെങ്കിൽ ഏതാണ് പ്രകൃതിപരമായി രൂപപ്പെട്ട ആഭിമുഖ്യം എന്ന് നിർണയിക്കേണ്ടതുണ്ട്.

ചിലർ സാഹചര്യങ്ങൾക്കനുസരിച്ച് സ്വലിംഗത്തോടും എതിർലിംഗത്തോടും ഒരുപോലെ ആകൃഷ്ടരാവുമെങ്കിലും ആ രണ്ട് ചോദനകളെയും തരം പോലെ മറികടക്കാനും സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് പോകാനും അവർക്ക് കഴിയുന്നു. ഈ പ്രക്രിയയെ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഒഴിച്ചുകൂടാനാകാത്തവിധം തങ്ങളുടെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നതാണ് സ്വവർഗലൈംഗിക സ്വത്വമെങ്കിൽ അത് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ ഇപ്പോഴും വ്യക്തമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവ്യക്തതകൾക്ക് പരിഹാരം കാണാതെ സ്വവർഗപ്രേമികൾക്ക് മാത്രമായി ഒരുപ്രത്യേക സ്വത്വം അനുവദിച്ചുകൊടുക്കുന്നത് യുക്തിസഹമാണെന്ന് തോന്നുന്നില്ല.

രണ്ടു ലോകവീക്ഷണങ്ങൾ

ധാർമികത, ലൈംഗികത എന്നിവ സംബന്ധിച്ച് ലിബറൽ ലോകവീക്ഷണവും ഇസ്‌ലാമിക ലോകവീക്ഷണവും തമ്മിലുള്ള ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിൽ വളരെയധികം പ്രസക്തമാണ്.

മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ധാർമികത നിശ്ചയിക്കാനുള്ള അവകാശം വ്യക്തിക്ക് വിട്ടുകൊടുക്കുന്നതിലൂടെ ലിബറൽ ലോകവീക്ഷണം മനുഷ്യനെ എടുത്തെറിയുന്നത് അഗാധമായ ദുരന്തത്തിലേക്കാണ്. വ്യക്തിയുടെ ഇഷ്ടങ്ങൾക്ക് സമൂഹത്തിന്റെ കെട്ടുറപ്പിനെക്കാൾ പ്രാധാന്യം നൽകുന്ന ലോകവീക്ഷണമാണ് ലിബറൽ, സെക്യുലർ, നിരീശരവാദ ലോകവീക്ഷണങ്ങൾ പുലർത്തുന്നത്. കുടുംബം, വിവാഹം പോലുള്ള സാമൂഹിക സ്ഥാപനങ്ങളെ അവ പലപ്പോഴും നിരാകരിക്കുന്നു. ലിബറലിസത്തിന് മേൽക്കൈയുള്ള പടിഞ്ഞാറൻ നാഗരികതയിലും ലോകവീക്ഷണത്തിലും ഒരു ബാഹ്യശക്തിക്കും വഴങ്ങാത്ത, പരമാധികാരിയായ ഒന്നാണ് മനുഷ്യന്റെ ആത്മം (Self). അതിനെ പരമാവധി കെട്ടഴിച്ചുവിടണമെന്നും ദൈവം, പാരമ്പര്യം തുടങ്ങിയ നിയന്ത്രണങ്ങളിൽനിന്നും അതിനെ വിമോചിപ്പിക്കണം എന്നുമാണ് നീഷേയും സാർത്രും എല്ലാം വികസിപ്പിച്ച പടിഞ്ഞാറൻ ദർശനം നിർദേശിക്കുന്നത്. അങ്ങനെ കയറൂരിവിടപ്പെട്ട ആത്മത്തിന്റെ പ്രതിഫലനമാണ് ‘സമ്മതം’ (Consent) എന്ന് ടോളിഡോ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതനായ ഒവാമിർ അൻജും തന്റെ ‘ഇസ്‌ലാം ആൻഡ് ഹോമോസെക്ഷ്വാലിറ്റി’ എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. സമ്മതമുണ്ടെങ്കിൽ ആരുമായും ഏതുതരം ലൈംഗികതയുമാവാം എന്ന സിദ്ധാന്തം ഉരുത്തിരിയുന്നത് അങ്ങനെയാണ്. ഈ അടിത്തറയിൽ നിന്നുകൊണ്ടാണ് സ്വവർഗലൈംഗികത സ്വാഭാവികവൽക്കരിക്കപ്പെടുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

സമൂഹത്തിന്റെ പൊതുനന്മക്ക് മുകളിൽ വ്യക്തിയെ പ്രതിഷ്ഠിക്കുന്ന സിദ്ധാന്തമാണ് സമ്മതം-വിസമ്മതം എന്ന ആശയങ്ങൾക്ക് രൂപം നൽകിയത്. അഥവാ, സമ്മതമുണ്ടെങ്കിൽ/ പരസ്പര സമ്മതത്തോടെയാണെങ്കിൽ ആർക്കും എന്തു നെറികേടും ചെയ്യാം എന്നതാണ് പ്രസ്തുത സിദ്ധാന്തത്തിന്റെ കാതൽ. മൃഗങ്ങൾ ആസ്വദിക്കുമെങ്കിൽ അവയുമായി ലൈംഗികബന്ധമാവാം എന്നും, മാതാപിതാക്കളുമായി വരെ ലൈംഗികബന്ധമാവാം എന്നും വിലയിരുത്തുന്ന യുക്തിവാദികൾ ലോകത്ത് ജീവിക്കുന്നുണ്ടെന്നത് ലിബറൽ ലോകവീക്ഷണം സാധ്യമാക്കിയ ഞെട്ടിക്കുന്ന ആഘാതങ്ങളിലൊന്നാണ്. രക്തബന്ധുക്കളുമായും കൂടെപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്ന് 2019 ജനുവരിയിൽ പ്രമുഖ യുക്തിവാദി പ്രചാരകൻ സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ‘ലിറ്റ്മസ് 19’ അന്താരാഷ്ട്ര സ്വതന്ത്ര സെമിനാറിൽ മനുപ്രസാദ് എന്ന യുക്തിവാദി അഭിപ്രായപ്പെട്ടത് ഇതിന്റെ അലയൊലികൾ കേരളത്തിലും എത്തിയതിന്റെ ഉദാഹരണമാണ്.

എന്നാൽ, ഇസ്‌ലാമിന്റെത് വ്യക്തിവാദത്തിനും സമഷ്ടിവാദത്തിനും ഇടയിൽ നിലകൊള്ളുന്ന ഒരു സന്തുലിതമായ ലോക വീക്ഷണമാണ്. സമൂഹത്തിന്റെ കെട്ടുറപ്പുള്ള നിലനിൽപിനെ ബാധിക്കാത്ത നിലപാടാണ് വ്യക്തികൾക്ക് ഇസ്‌ലാം വകവെച്ചുകൊടുക്കുന്നത്. ഇസ്‌ലാമിൽ ഒരു പ്രവൃത്തി അനുവദനീയമാകുന്നതും അല്ലാതാകുന്നതും കേവലം ആപേക്ഷികമോ വ്യക്തിനിഷ്ഠമോ ആയ ധാർമികത അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച്, വസ്തുനിഷ്ഠമായ ധാർമികത പരിഗണിച്ചാണ്. അത് തീരുമാനിക്കുന്നത് സ്രഷ്ടാവായതിനാൽ എക്കാലത്തും അത് പ്രായോഗികമായിരിക്കും.

ഒരു വ്യക്തിക്കോ ഒരു രാജ്യത്തിനോ സമൂഹത്തിനോ എപ്പോൾ വേണമെങ്കിലും തങ്ങളുടെ ധാർമികതയെയും ശരിതെറ്റുകളെയും മാറ്റി നിശ്ചയിക്കാവുന്നതാണ്. പക്ഷേ, ദൈവികമായ ധാർമികത വസ്തുനിഷ്ഠവും (Objective Morality)) സാർവലൗകികവും മാറ്റി നിശ്ചയിക്കാൻ കഴിയാത്തതുമാണ്. അതിനാൽ വ്യക്തിക്ക് ഇഷ്ടമാണ് എന്നത് ഒരു പ്രവൃത്തി ചെയ്യാനുള്ള ധാർമികമായ ന്യായമല്ല. വ്യക്തിയുടെ ഇഷ്ടങ്ങൾ ആത്മനിഷ്ഠമാണ് എന്നതാണ് കാരണം. മാത്രമല്ല ചിലപ്പോൾ സമൂഹങ്ങളുടെയും ഭരണഘടനകളുടെ ഇഷ്ടങ്ങൾ പോലും ആത്മനിഷ്ഠമാണ്. ആത്മനിഷ്ഠമായ മുഴുവൻ കാര്യങ്ങളും ആപേക്ഷികവുമാണ്. ശരിതെറ്റുകൾ ആപേക്ഷികമാവുമ്പോൾ മനുഷ്യൻ ദൈവത്തിൽനിന്ന് സ്വതന്ത്രനാകുന്നു എന്നത് ലിബറൽ ലോകവീക്ഷണത്തിന്റെ പ്രഭാവം ഉണ്ടാക്കിയ മതിഭ്രമം മാത്രമാണ്. അതുകൊണ്ടാണ് മാതാവിനെയും പെങ്ങളെയും മൃഗത്തെയും സമ്മതമുണ്ടെങ്കിൽ ഭോഗിക്കാം എന്ന ആത്മനിഷ്ഠമായ യുക്തിയുടെ ഗർത്തങ്ങളിലേക്ക് മുസ്‌ലിംകൾ വീണുപോകാത്തത്.

ഇനി ലൈംഗികതയെ സംബന്ധിച്ച ഇസ്‌ലാമിന്റെ വീക്ഷണമെടുക്കാം. ഒരു വ്യക്തിയുടെ സർവ ചോദനകളുടെയും ലൈംഗിക കാമനകളുടെയും വിളനിലമായി ഇസ്‌ലാം വ്യവഹരിക്കുന്നത് നഫ്‌സ് എന്ന സങ്കേതത്തെയാണ്. നഫ്‌സിൽ രൂപംകൊള്ളുന്ന ചോദനകളെ മുഴുവൻ ശഹ്‌വത്ത് എന്ന ഏക സങ്കേതത്തിൽ ഒതുക്കിയിരിക്കുന്നു. അഹങ്കാരം, അസൂയ, വൈരം തുടങ്ങിയ ഹൃദയരോഗങ്ങളും, മോഷണം, ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഹിംസകളും, വ്യഭിചാരം, ബലാൽസംഗം, സ്വവവർഗഭോഗം തുടങ്ങിയവയും ശഹ്‌വത്തിന്റെ പ്രതിഫലനം തന്നെയാണ്.

ഇവയിൽ, മോഷ്ടാക്കാൾ, കൊലപാതകികൾ എന്നിവർക്ക് അവരുടെ ചോദനകളടിസ്ഥാനപ്പെടുത്തി പ്രത്യേകം സ്വത്വങ്ങൾ അനുവദിക്കാത്തതുപോലെത്തന്നെ സ്വവർഗമോഹികൾക്കും പ്രത്യേക സ്വത്വം അനുവദിക്കുന്നില്ല. പ്രകൃതിപരമായി മനുഷ്യനിലുള്ള ശഹ്‌വത്തിന്റെ ബഹിർസ്ഫുരണം തന്നെയാണത്. മനുഷ്യന്റെ എല്ലാ ഇച്ഛകളും അവനിൽ പ്രകൃതിപരമായി നിക്ഷേപിക്കപ്പെട്ടതുതന്നെയാണ് എന്നാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യം. പക്ഷേ, ഇഛകളിൽ ചിലതിനെ മാത്രമെ പ്രയോഗത്തിൽ കൊണ്ടുവരാൻ അവന് അനുമതിയുള്ളൂ എന്ന് മാത്രം. പ്രകൃതിപരമായതും തങ്ങളുടെ തെരഞ്ഞെടുപ്പിന് വഴങ്ങാത്തതുമാണ് സ്വവർഗലൈംഗികത എന്ന ആക്ടിവിസ്റ്റുകളുടെ വാദത്തിന് ഇസ്‌ലാമിനകത്ത് നൈതികമായും ദൈവശാസ്ത്രപരമായും നിലനിൽപ്പില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

സ്വവർഗരതിയെ ഇസ്‌ലാം വൻ പാപമായി കാണുന്നു. ആദ്യമായി ഈ മ്ലേഛ പ്രവർത്തനം ചെയ്ത സമൂഹത്തിന് സംഭവിച്ച നാശത്തിന്റെ കഥ ക്വുർആൻ പറയുന്നുണ്ട്. ഈ ഒരു തിന്മയെ ആ ഗോത്രത്തിന്റെ പേരിലേക്ക് ചേർത്തുകൊണ്ടാണ് ലോകം സ്മരിക്കുന്നത്. ലൂത്വ് നബി(അ) നിയോഗിക്കപ്പെട്ട ‘സദൂം’ ഗോത്രക്കാരാണ് ഇതിന്റെ തുടക്കക്കാർ. അല്ലാഹു പറയുന്നു: “ലൂത്വിന്റെ ജനത ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി. അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ. ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ നിന്നുമാത്രമാകുന്നു. നിങ്ങൾ ലോകരിൽ നിന്ന് ആണുങ്ങളുടെ അടുക്കൽ ചെല്ലുകയും നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ. അവർ പറഞ്ഞു: ലൂത്വേ, നീ (ഇതിൽനിന്ന്) വിരമിച്ചില്ലെങ്കിൽ തീർച്ചയായും നീ (നാട്ടിൽ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (അദ്ദേഹം പ്രാർഥിച്ചു): എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തെയും ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും നാം രക്ഷപ്പെടുത്തി. പിൻമാറി നിന്നവരിൽ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു. അവരുടെ മേൽ നാം ഒരു തരം മഴവർഷിപ്പിക്കുകയും ചെയ്തു. താക്കീത് നൽകപ്പെട്ടവർക്ക് ലഭിച്ച ആ മഴ എത്രമോശം’’ (26: 160-173).