നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല
ഷംജാസ് കെ അബ്ബാസ്
2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

1931 ഫെബ്രുവരി മാസം കൂടിയ വട്ടമേശ സമ്മേളനം പ്രത്യേക തീരുമാനങ്ങൾ ഒന്നും ഇല്ലാതെയാണ് അവസാനിച്ചത്. എന്നാൽ സമ്മേളനാനന്തരം ഗാന്ധിജിയെ അടക്കം കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ജയിലിൽ അടക്കപ്പെട്ട ചിലരെ വിട്ടയച്ചു. ഇതിനെ തുടർന്നാണ് ആഗസ്റ്റ് മാസം അംബേദ്കർ ബോംബെയിൽ ഗാന്ധിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. പ്രസ്തുത യോഗത്തിലേക്ക് അൽപം വൈകിയാണ് അംബേദ്കർ എത്തിയത്. താൻ കയറുമ്പോൾ സംസാരിച്ചുകൊണ്ടിരുന്നിരുന്ന ഗാന്ധിജി തന്നെ ശ്രദ്ധിക്കാത്തതിൽ അൽപം അമർഷം അംബേദ്കർ പ്രകടിപ്പിച്ചു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ഗാന്ധി അംബേദ്കറെ പരാമർശിച്ചുകൊണ്ടുതന്നെ പറഞ്ഞു: ‘അംബേദ്കർ കരുതുന്നത് ഞാൻ അവർ പറയുന്ന വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ്. എന്നാൽ പഠനകാലം തൊട്ടുതന്നെ ശക്തമായും അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി പോരാടിത്തുടങ്ങിയ വ്യക്തിയാണ് ഞാൻ. എന്നാൽ നമ്മൾ ഇപ്പോൾ സ്വപ്നം കാണുന്ന നമ്മുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യം, അത്തരം വിഷയങ്ങൾ മൂലം വൈകിപ്പോകുമോ എന്ന് ഞാൻ ഭയക്കുന്നു.’ ഗാന്ധിയുടെ സംസാരം അംബേദ്കറെ ആശ്വസിപ്പിച്ചെങ്കിലും സദസ്സിൽനിന്നും അദ്ദേഹം എഴുന്നേറ്റു നിന്ന് ചോദിച്ചു: ‘ആരുടെ ജന്മഭൂമിയെ കുറിച്ചാണ് താങ്കൾ പറയുന്നത്?’ തൊട്ടുതീണ്ടായ്മയുടെ, ഉച്ചനീചത്വങ്ങളുടെ, ജാതീയതയുടെ കരങ്ങളാൽ മലീമസപ്പെട്ടിരുന്ന ബ്രിട്ടീഷ് ഇന്ത്യ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ജന്മഭൂമിയാണ് എന്ന് അവർ ഉൾക്കൊള്ളാൻ ശ്രമകരമായ ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട് എന്ന് ബോധ്യപ്പെടുത്തലായിരുന്നു ആ സംസാരം.
നാം ഇന്നു കാണുന്ന വർഗീയ ധ്രുവീകരണത്തിന്റെ, മതേതരത്വം തകർക്കപ്പെടുന്നതിന്റെ, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ എല്ലാ മുഖങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രത്യേകമായ കാലാവസ്ഥയല്ല. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ, ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു. ഇന്ത്യൻ ജനത സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് നേരിട്ടയത്രത്തോളം വെല്ലുവിളികളും പ്രതിസന്ധികളും സ്വാതന്ത്ര്യാനന്തരവും നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചരിത്ര വായനയില്ലാത്ത ആനുകാലിക അപഗ്രഥനങ്ങളെല്ലാം അപൂർണമാണ്. ഇന്ന് നാം, തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറയുന്ന ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവുമെല്ലാം ഒരുപാട് തവണ തകർക്കപ്പെട്ടതാണ് എന്നും ആ തകർച്ചയിൽനിന്നും നാം പുനർനിർമിച്ചതാണ് ആധുനിക ഇന്ത്യയുടെ രാഷ്ട്ര വിഭാവനമെന്നും മനസ്സിലാക്കുമ്പോൾ മാത്രമാണ് ആ ചർച്ചകൾ ക്രിയാത്മകമാവുക.
ഭരണഘടനയാണ് ഈ മഹാരാജ്യത്തിന്റെ ശ്വാസവും വെളിച്ചവും. നാം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് ഈ ഭരണഘടന നിലവിൽ വന്ന ദിനത്തെയാണ്. 300ൽ അധികം അംഗങ്ങളുണ്ടായിരുന്ന ഭരണഘടനാ സമിതിയുടെ മൂന്നുവർഷത്തോളമുള്ള അധ്വാനമുണ്ട് നാം ഇന്ന് പറയുന്ന ഭരണഘടനയ്ക്ക്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഭരണഘടനാ സമിതി ചേർന്നിരുന്നു. എന്നാൽ 1947 ആഗസ്റ്റ് 29നാണ് അംബേദ്കർ ചെയർമാനായുള്ള ഭരണഘടന സമിതി നിലവിൽ വരുന്നത്. അംബേദ്കർ പിന്നീട് ഈ കാര്യം ഓർത്തെടുത്തുകൊണ്ട് പറയുന്നത്, ആ കമ്മിറ്റിയിൽ ഒരു അംഗമാകണമെന്ന് മാത്രമാണ് താൻ ആഗ്രഹിച്ചിരുന്നത് എന്നും എന്നാൽ പട്ടികജാതി വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രതിനിധീ കരിച്ചിരുന്ന തന്നെ ഭരണഘടന സമിതിയുടെ ചെയർമാൻ ആക്കുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു എന്നുമാണ്.
1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ പിറ്റേന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ശക്തമായ ഭാഷയിൽ ഭരണഘടനയെ എതിർക്കുന്നുണ്ട്. എതിർപ്പിന്റെ മർമം തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഏതോ ആർഷഭാരത സംസ്‌കാരത്തെയും പാരമ്പര്യത്തെയും എതിർത്തുകൊണ്ടാണ് ഭരണഘടന നിർമിച്ചിട്ടുള്ളത് എന്നതാണ്. ഇതിനെ ഭരണഘടനയുടെ ഒന്നാം വിജയമായി നമുക്ക് കണക്കാക്കാം. സവർണാധിപത്യത്തിന്റെ തേരിൽ കൊളോണിയൽ അടിമപ്പണി വഹിച്ചുകൊണ്ടിരുന്ന അവർക്ക് ഒട്ടുമേ സഹിക്കാവുന്നതായിരുന്നില്ല; സ്ഥിതിസമത്വം, മതനിരപേക്ഷത, ജനാധിപത്യം, എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം തുടങ്ങിയവയൊന്നും. സ്വാതന്ത്ര്യത്തിനുശേഷം ഏഴു പതിറ്റാണ്ട് നാം സഞ്ചരിച്ചിട്ടും പുരോഗതി കൈവരിച്ചിട്ടും, ഇന്നും വർഗീയവിഷം തേട്ടിക്കൊണ്ടിരിക്കുന്ന ദേശവിരുദ്ധർ പഠിച്ചതും പഠിപ്പിക്കപ്പെട്ടതും ഈ അടിമ ശാസ്ത്രത്തിന്റെ പാഠങ്ങളാണ്.

The Transformative Constitution എന്ന പുസ്തകത്തിൽ ഗൗതം ഭാട്ടിയ ഭരണഘടനയുടെ ഈ ദൗത്യത്തെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. കൊളോണിയൽ ഭരണത്തിൽനിന്നും ജനാധിപത്യ രാജ്യത്തിന്റെ ഭരണനിർവഹണം എങ്ങനെ നടത്തണം എന്നത് മാത്രമായിരുന്നില്ല ഭരണഘടനയുടെ ലക്ഷ്യം; ഇന്ത്യൻ സമൂഹത്തെ എങ്ങനെ പരിവർത്തനപ്പെടുത്തണമെന്ന കൃത്യമായ ലക്ഷ്യം കൂടി അതിനുണ്ട്. ഇതുകൊണ്ടാണ് Constitutional Morality അഥവാ ഭരണഘടനാപരമായ ധാർമികത എന്ന പേരിൽ പലപ്പോഴും അംബേദ്കർ വാചാലനാവുന്നത് നാം കാണുന്നത്.
സ്വാതന്ത്ര്യം, സമത്വം, സ്ഥിതിസമത്വം, മതനിരപേക്ഷത എന്നിവയെല്ലാം ഭരണഘടനയുടെ മൗലികമായ മൂല്യങ്ങളാണെങ്കിൽകൂടി, അവ അതേപടി നടപ്പിലാക്കാൻ പ്രാപ്തമായിരുന്നില്ല ഇന്ത്യൻ സമൂഹം. ഭിന്നിപ്പിച്ചു ഭരിക്കുക (Divide & Rule) എന്ന കൊളോണിയൽ കുതന്ത്രം അത്രമേൽ അവർക്കിടയിലെ സാമൂഹിക ഘടനയെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഒരു മതത്തെയോ (Mono Religious) മതമില്ലായ്മയെയോ (Irreligious) മതവിരുദ്ധതയെയോ (Anti-Religious) മുൻനിറുത്തിയാകരുത് ഭരണഘടനയുടെ രാഷ്ട്ര വിഭാവനം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഈ ചിന്തകളുടെ പ്രാധാന്യം ഇന്ന് നമുക്ക് നേർചിത്രമായി കാണാൻ സാധിക്കുന്നുണ്ട്. ഭരണഘടന ഒരു ഭാഗത്തും അതിനു തീർത്തും വിരുദ്ധമായ ഭരണനിർവഹണം മറുഭാഗത്തും നടക്കുന്നത് ആധുനിക ഇന്ത്യയിലെ സ്വാഭാവികതയായി മാറിക്കൊണ്ടിരിക്കുന്നത് ഈ തത്ത്വത്തിന്റെ ചരമഗീതമായി കൂടി നമുക്ക് വായിക്കാവുന്നതാണ്.
ഈ ചിന്താഗതിക്ക് ഏറെ പ്രാധാന്യം നൽകിയ പണ്ഡിതരും മുൻഗാമികളും മുസ്‌ലിം സമുദായത്തിനുണ്ട്. ബ്രിട്ടീഷ് വിരുദ്ധ ചേരിയിലെ ഐക്യത്തിന്റെ കാതലായ ചിന്തകളെല്ലാം ഉടലെടുത്തത് ഇസ്‌ലാമിക പ്രമാണങ്ങളുടെ കൂടി വെളിച്ചത്തിലാണ് എന്നത് വിസ്മരിക്കാൻ കഴിയാത്തയത്ര ഇന്നലെകളുടെ ചുവരുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓരോ ഏടിലും അവർ അതിനുവേണ്ടി പരിശ്രമിച്ചത് കാണാൻ സാധിക്കുന്നുണ്ട്. വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതൽ ഇ.കെ മൗലവിവരെയുള്ളവർ മതേതര ഇന്ത്യയുടെ കാവലാളായി മാറിയതിന് ചരിത്രം സാക്ഷിയാണ്. സമരത്തിനിറങ്ങാത്ത മനുഷ്യരെ ക്വുർആനും സുന്നത്തും ഉയർത്തിക്കാട്ടി സമരങ്ങൾ നയിച്ചത് എങ്ങനെയാണ് നുണകൾക്ക് മായ്ക്കാൻ സാധിക്കുക? ആലി മുസ്‌ലിയാരും വക്കം അബ്ദുൽ ഖാദർ മൗലവിയും കെഎം മൗലവിയും ഇ. മൊയ്തു മൗലവിയും നവോത്ഥാനം നടത്തിയത് ഈ Transformative Constitutionന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ആ ചരിത്രങ്ങൾ അഭിമാനത്തോടെ പുൽകുന്നതിനപ്പുറം അവ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ Conduct Certificate ആയി മാറ്റപ്പെടുന്നത് വർത്തമാന ഇന്ത്യയുടെ ഏറ്റവും ലജ്ജാകരമായ അധ്യായമാണ്.
ഒരു ഭാഗത്ത് മതനിരപേക്ഷത വേണ്ടെന്നു പറയുന്നവർ നിലനിൽക്കെ, മറുഭാഗത്ത് അതിനെ ചെറുത്തു തോൽപ്പിക്കുന്നതിനോടൊപ്പം, ആരുടെയെങ്കിലും മുമ്പിൽ മതേതര സർട്ടിഫിക്കറ്റ് കാത്തുനിൽക്കേണ്ട ഗതികേട് ഒരു കാലത്തും മുസ്‌ലിം സമുദായത്തിന് ഉണ്ടാവുകയില്ല. ഈ സർട്ടിഫിക്കറ്റ് തങ്ങൾ നൽകേണ്ടതാണ് എന്ന തോന്നൽ ‘മാധ്യമ’ സിൻഡിക്കേറ്റുകൾക്കോ 18ാം നൂറ്റാണ്ടിലെ ‘പുരോഗമന’ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ ശിലായുഗത്തിലെ ‘ആധുനിക’ മനുഷ്യർക്കോ ഉണ്ടെങ്കിൽ അത് എന്നെന്നും സ്വപ്നമായിരിക്കും എന്നും, ഈ കാപട്യം ഇനിയും ഇതുപോലെ ഇതിലും ഉറക്കെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും എന്നും ഓർക്കുന്നത് നല്ലതാണ്.
നീണ്ട 10 വർഷക്കാലത്തെ വർഗീയ ഭരണം നമ്മെ 70 വർഷമോ അതിലധികമോ പിറകോട്ട് വലിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. മതേതരത്വം വിശദീകരിക്കേണ്ടിവരുന്ന, ജനാധിപത്യം മോഷ്ടിക്കപ്പെട്ട, സ്വാതന്ത്ര്യം വർഗീയതയ്ക്ക് ആവോളം ലഭിക്കുന്ന ആധുനിക ഇന്ത്യയുടെ ചിത്രത്തിൽ ന്യൂനപക്ഷവേട്ടയും ആൾക്കൂട്ട അക്രമങ്ങളും വിദ്വേഷപ്രചാരണങ്ങളും സാമ്പത്തികതകർച്ചയും വർഗീയവിഷം ചീറ്റലും മാത്രം കണ്ടാൽ പോരാ. ഇത്തരം തകർച്ചകളെയെല്ലാം അതിജീവിച്ച് നാം ഏറ്റെടുക്കുന്ന ഭരണഘടനയെ എവ്വിധമെല്ലാമാണ് ഈ സംഭവങ്ങൾ തകർക്കുന്നത് എന്നത് മർമസ്പർശിയായ ചോദ്യമാണ്. അവിടെ നേർക്കുനേരെ വർഗീയത പറയുന്നവരും ദേശവിരുദ്ധ പരാമർശങ്ങൾ നടത്തുന്നവരും മാത്രമല്ല, ഭരണഘടനയിലൂടെ നാം നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കുന്നവരും പ്രതിചേർക്കപ്പെടും. മതം അനുഷ്ഠിക്കുന്നതും ആചരിക്കുന്നതും പ്രബോധനം നടത്തുന്നതും അവകാശമാണെന്നിരിക്കെ പുരോഗമനത്തിന്റെ പേരിൽ മതചിഹ്നങ്ങളെയും അതിന്റെ സ്വത്വത്തെയും തങ്ങളുടെ ഔദാര്യമായി കണക്കാക്കുന്നവരും ഈ ഭരണഘടനാവിരുദ്ധരിൽ ഉൾപ്പെടും. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് വാതോരാതെ പുലമ്പുന്നവർതന്നെ മതവിദ്വേഷത്തെ സ്റ്റേജിൽ കയറ്റി ഇരുത്തുമ്പോൾ ആഘോഷിക്കപ്പെടുന്നത് ഹിന്ദുത്വവാദികളുടെ അതേ ലക്ഷ്യം തന്നെയാണ്.

പ്രാതിനിധ്യം അഥവാ Representation എന്നതിന് ആസ്പദമാക്കി നടപ്പിലാക്കപ്പെടേണ്ട Reservation പോലും ഇന്ന് വർഗീയതയ്ക്ക് വളംവയ്ക്കലാണ് എന്ന ആഖ്യാനം അവിടെനിന്നുണ്ടാകുന്നതാണ്. മതപ്രബോധനവും മതപരിവർത്തനവും തീവ്രവാദത്തിന്റെയും പ്രാകൃത ചിന്തയുടെയും പര്യായങ്ങളായി മാറുന്നതും ഈ ആഖ്യാനത്തിൽനിന്നാണ്. കേരളത്തെ മാത്രം കണ്ടുകൊണ്ട് ഇന്ത്യയെന്ന വലിയ ഭൂപ്രദേശത്തെ വിലയിരുത്തുന്നിടത്താണ് മലയാളികൾക്ക് തെറ്റുപറ്റിയത്.
19% മുസ്‌ലിംകളുള്ള ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒരൊറ്റ വ്യക്തിപോലും ആ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സഭകളിൽ ഇല്ല എന്നത് ഈ പറഞ്ഞ ആഖ്യാനത്തിന്റെ പരിണിതഫലമാണ്. Political Majorityയെ Communal Majority അഥവാ രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷം മറികടക്കുമെന്ന ഭരണഘടനാ ശിൽപികളുടെ ആശങ്കയും ഇതിനോട് നാം ചേർത്തുവായിക്കണം. GSTയിൽ തുടങ്ങിയ
സാമ്പത്തിക ചൂഷണവും നോട്ട് നിരോധനവും കർഷകസമരങ്ങളും കൂട്ടആത്മഹത്യകളും ബുൾഡോസർ രാജും വിവാദത്തെ തുടർന്നുണ്ടാകുന്ന കലാപങ്ങളും അതിർത്തിയിലെ സ്‌ഫോടനങ്ങളും മുതൽ വോട്ട് ചോരി വരെ എത്തിനിൽക്കുന്ന തകർച്ചയുടെ പടുകുഴിയിൽനിന്നും ഇലക്ഷൻ നടക്കുമ്പോഴും ഹിന്ദുത്വം അധികാരം മോഷ്ടിക്കുന്നത് ഈ വർഗീയ ഭൂരിപക്ഷം രാഷ്ട്രീയ ഭൂരിപക്ഷത്തെ മറികടക്കുന്നതിൽനിന്നാണ്.
ഈ വർഗീയഭൂരിപക്ഷം തകർക്കുന്ന മതനിരപേക്ഷത ആർഎസ്എസ് ലിഖിതമായി രേഖപ്പെടുത്തിയ അവരുടെ തത്ത്വസംഹിതയാണ്. We and Our Nationhood Defined എന്ന പുസ്തകത്തിൽ ഹിന്ദുത്വ ആചാര്യനായ എംഎസ് ഗോൾവാൾക്കർ നാസി ജർമനിയെ മാതൃകയാക്കി ഈ ആധിപത്യത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് മതന്യൂനപക്ഷങ്ങൾക്ക് രണ്ടാം പൗരന്മാരായി അവകാശം നൽകാം എന്ന ഔദാര്യത്തോടുകൂടിയാണ്. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണ് എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരാമർശവും, ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ 28000 കോടി രൂപ ലൗ ജിഹാദിനും തീവ്രവാദത്തിനും വേണ്ടി ചെലവഴിക്കുന്നു എന്ന ബുൾഡോസർ ബാബയുടെ പരാമർശവും, വെള്ളാപ്പള്ളിമാരുടെയും സുരേന്ദ്രൻമാരുടെയുമെല്ലാം തുടരെത്തുടരെ വിഷംചീറ്റലും അടക്കമുള്ളതിലെ മൗലികത ഇതുതന്നെയാണ്. 2024ൽ മതനിരപേക്ഷതയെ ഭരണഘടനയിൽനിന്നും പുറന്തള്ളാനുള്ള ഹിന്ദുത്വ ശ്രമം ഇതിന്റെ ഭാഗമായിരുന്നു. 1976ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഭരണഘടനയിലെ 42ാം ഭേദഗതി പ്രകാരം ഉൾചേർത്തിട്ടുള്ള മതനിരപേക്ഷത അഥവാ Secularism എന്ന ആശയത്തെ അവർ മുക്തകണ്ഠം വിമർശിക്കാനുള്ള ചേതോവികാരമുണ്ടായത് ഗോൾവാൾക്കറുടെ രാഷ്ട്രവിഭാവനത്തിൽനിന്നാണ്. പൗരത്വ നിർവചനം മുതൽ ഓരോ ആർട്ടിക്കിളിലും ഉൾചേർത്തിട്ടുള്ള സെക്യുലറിസം പ്രത്യേകമായി പരാമർശിക്കപ്പെടേണ്ടതിന്റെ രാഷ്ട്രീയ പശ്ചാത്തലംകൂടി മനസ്സിലാക്കുമ്പോഴാണ് ആ ചർച്ച പൂർണമാവുക.
ഈ വർഗീയതയെ ദേശീയതയുടെ മറവിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവർ ഇന്ത്യൻ ചരിത്രത്തിൽ ഒട്ടേറെ സ്ഥലത്ത് ഇടംപിടിച്ചിട്ടുണ്ട്. വർഗീയ ദേശീയതാബോധത്തെ ഭരണഘടനാസമിതിയിൽതന്നെ പലരും വിശേഷിപ്പിച്ചത് ഹിന്ദുരാഷ്ട്ര സങ്കൽപത്തിന്റെ ഭാഗമെന്നാണ്. ഈ ഭൂരിപക്ഷ വ്യാകരണത്തെയാണ് ഭരണഘടനാസമിതി ചെറുത്തുതോൽപിച്ചതും. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ചുള്ള ഇക്കൂട്ടരുടെ കാഴ്ചപ്പാടുകൾ പശ്ചിമേഷ്യൻ - ഇന്ത്യൻ വർഗീകരണത്തിലേക്ക് മാറ്റപ്പെട്ടത്. എന്നാൽ ഒരു ഇസ്‌ലാംമത വിശ്വാസിക്ക് അർഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കാവുന്ന വസ്തുതയാണ് ഈ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയത്തിൽ അവർക്ക് ജീവിക്കാൻ സാധിക്കും എന്നത്. ഇവിടെ ശ്രദ്ധേയമായും നാം പരിഗണിക്കേണ്ട മറ്റൊരു വസ്തുതയാണ് രാഷ്ട്രീയ ഉൾക്കൊള്ളൽ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് സാംസ്‌കാരിക ഉൾക്കൊള്ളൽ എന്നത്. ഇന്നും ഇന്ത്യയുടെ സംസ്‌കാരത്തെപ്പറ്റിയും പൈതൃകത്തെ പറ്റിയും പാരമ്പര്യത്തെപ്പറ്റിയുമുള്ള ചർച്ചകൾ ഏകമതാത്മകമാവുന്നത് ഈ സാംസ്‌കാരികമായ ഉൾക്കൊള്ളലിന് ഇന്നും സവർണ ഹിന്ദുത്വം നിർമിച്ച ചിന്താധാരയെ മറികടക്കാൻ സാധിക്കാത്തതുകൊണ്ടാണ്.
ദേശീയതയുടെയും ഭൂരിപക്ഷത്തിന്റെയും ഈ വീക്ഷണങ്ങൾക്കപ്പുറം മതനിരപേക്ഷതയെ ഏറ്റെടുക്കുമ്പോളാണ് അത് ഇന്ത്യൻ മതേതരത്വമാകുന്നത്. അവിടെ യൂറോപ്യൻ ചരിത്രത്തിൽനിന്നും ഉരുതിരിഞ്ഞ മതത്തെ പുറത്താക്കിയുള്ള മതേതര സങ്കൽപം ഈ തത്ത്വങ്ങൾക്കെല്ലാം എതിരാണ്. മതത്തെ ‘സ്വകാര്യവിഷയം’ ആക്കി പൊതുസ്ഥലത്തുനിന്ന് പുറത്താക്കുന്ന Secular Bias ഈ ചിന്തയിൽ നിന്നും ഉടലെടുക്കുന്നതാണ്. ഇതിനെയാണ് സ്വതവെ മതമുക്തമായ മാർക്‌സിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങൾ നിലവിൽ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. അതിനെ പുരോഗമനത്തിന്റെയോ ആധുനിക മൂല്യത്തിന്റെയോ വിശദീകരണത്തോടെ വിശ്വാസിയുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ പ്രശ്‌നവൽകരിക്കുന്ന കാഴ്ച അപകടകരമാണ്.

സോവിയറ്റ് റഷ്യയിലും ചൈനയിലും അടക്കം മതജീവിതത്തെ ദുസ്സഹമാക്കിയ ആശയത്തെ പുതിയ മേൽകുപ്പായത്തോടെ അവതരിപ്പിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്യുന്നത്. വ്യക്തിപരമായ വിശ്വാസവും പൊതുസ്ഥലത്തെ മതാനുഷ്ഠാനവും തമ്മിലെ സംഘർഷം ഇവയിൽനിന്നും സൃഷ്ടിക്കുന്നതാണ്. സമീപകാലത്തെ ‘ഹിജാബ് വിവാദ’വും ‘സുംബ വിവാദ’വുമെല്ലാം ഇതിന്റെ തുടർച്ചയാണ്. മതസ്വാതന്ത്ര്യം വ്യക്തിഗതമായ തിരഞ്ഞെടുപ്പ് മാത്രമല്ല എന്നും അതിന്റെ സംരക്ഷണം പൊതു ഉത്തരവാദിത്തമാണ് എന്നും ഇക്കൂട്ടർ മനസ്സിലാക്കണം.
മതാനുഷ്ഠാനങ്ങളുടെയും പ്രബോധനത്തിന്റെയും പൊതുമുഖം ഇവിടെയുള്ള മനുഷ്യസൗഹാർദം തകർക്കും എന്നത് കപടമായ വാദമാണ്. ഈ ആധി ഉണ്ടാക്കുന്നതിൽ മതാതീത ഐക്യത്തിന്റെ തെറ്റായ ഈ വിശദീകരണത്തിന് വലിയ പങ്കുണ്ട്. മതലയനത്തെയോ മതമില്ലാത്ത സൗഹാർദത്തെയോ അല്ല അടിസ്ഥാനപരമായി നമ്മൾ മതനിരപേക്ഷത എന്നു വിളിക്കുന്നത്. വ്യത്യസ്ത നിലപാടുകൾ സഹജീവിതത്തെ സമ്പന്നമാക്കുന്ന രീതിയെയാണ്. എന്നാൽ ഇസ്‌ലാമോഫോബിയയുടെ പുതിയ വഴിയും രീതിയും സ്വീകരിച്ചിട്ടുള്ള ‘ആധുനിക മനുഷ്യർക്ക്’ ഇതെല്ലാം അസഹനീയമത്രെ. ഇത് വിശ്വാസത്തിന്റെ പേരിൽ മറ്റു മതാഘോഷങ്ങളിൽനിന്നും മാറിനിൽക്കുന്നതിനെ സൈദ്ധാന്തികമായി പ്രതിരോധിക്കുന്നു. ഈ കപടമതേതരത്വത്തിന്റെ വേഗത കൂട്ടാൻ ഇവിടെയുള്ള മീഡിയ ശക്തമായും പണിയെടുക്കുന്നുണ്ട്.
പി.എം.ശ്രീ ഏക സിവിൽകോഡിലേക്കുള്ള അവസാന കാൽവയ്‌പ്പുകളിൽ ചിലതാണ് എന്ന് ഇപ്പോഴും ബോധ്യപ്പെടാത്ത രാഷ്ട്രീയം അവസരവാദം എന്ന് മാത്രമെ വിലയിരുത്തപ്പെടുകയുള്ളൂ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യൂറോപ്പിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്ന മതരഹിത വർത്തമാനങ്ങളുടെ പ്രത്യാഘാതങ്ങളാണ് തങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോധ്യപ്പെടാനുള്ള ദാർശനികമായ ആഴം അവർക്കില്ലെന്ന് മറ്റൊരു യാഥാർഥ്യമാണ്. ‘മതം വേണ്ട, മനുഷ്യനായാൽ മതി’ എന്ന പൊള്ളയായ ആശയം ഉണ്ടാക്കിത്തീർക്കുന്നത് സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു തലമുറയെയാണ് എന്ന് എന്നാണ് ഇക്കൂട്ടർക്ക് മനസ്സിലാവുക? അവകാശങ്ങൾ പ്രീണനമാണ് എന്ന് പറയുമ്പോഴേക്കും ഭയപ്പെടുന്ന സമുദായ രാഷ്ട്രീയത്തിനും ഇതിൽ വലിയ പാഠമുണ്ട്. ഹിന്ദുത്വ ദേശീയ വാദികൾക്ക് Loyalty Test Syndrome പോലെത്തന്നെയാണ് കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന് Secular Test Syndrome. അവിടെ മതാചാരങ്ങൾ (ഉദാ. ഹിജാബ്) ഹിന്ദുത്വവാദികൾ നിരോധിക്കുമ്പോൾ, മറുഭാഗത്ത് അവ വലിച്ചെറിഞ്ഞ് പുരോഗമനപാതയിൽ വരൂ എന്ന ആഹ്വാനവും സമാനമാണ്. മതവിശ്വാസം അത് എല്ലാ മേഖലകളിലും ഒരുപോലെ മുറുകെ പിടിക്കാൻ അവകാശം നൽകുന്നിടത്ത് ഇക്കൂട്ടരുടെ ‘നിങ്ങൾ ഈ ഫാസിസ്റ്റ് കാലത്ത് പ്രശ്‌നമുണ്ടാക്കല്ലേ’ എന്ന മുറവിളി മതം സ്വതവേ പ്രശ്‌നമാണ് എന്ന ചിന്തയിൽനിന്നും ഉൽഭവിക്കുന്നതാണ്.
ഈ വിശ്വാസസ്വാതന്ത്ര്യവും അനുഷ്ഠാനസ്വാതന്ത്ര്യവും ഇല്ലാത്ത എന്ത് മതനിരപേക്ഷതയെ കുറിച്ചാണ് ഇക്കൂട്ടർ വാചാലരാകുന്നത് എന്നത് സമുദായം ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. അവിടെ മൗലിക വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുന്നത് Bad Muslim ആവുകയും, ഇക്കൂട്ടരുടെ പാവകളിക്കൊത്ത് തുള്ളുന്നവർ Good Muslim ആകുന്നത് എത്രമേൽ അപകടമാണ്! ഇങ്ങനെ ഇടപെടലുകളെല്ലാം ഇസ്‌ലാമിക വിശ്വാസത്തിന് എതിരെ വരുന്നതിനെ കുറിച്ച് Clashes Of Civilization ൽ Samuel P Huntington രേഖപ്പെടുത്തുന്നുണ്ട് .(The West’s universalist pretensions ncreasingly bring it into conflict with Islam, p. 208). ഇവിടെ മുസ്‌ലിം സമുദായത്തിന് അവരുടെ പ്രമാണങ്ങളിൽ ഉറച്ചുനിന്ന് ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാനും അത് പ്രബോധനം ചെയ്യാനും അഭിമാനത്തോടെ ഇന്ത്യൻ പൗരനായി ജീവിക്കാനും സാധിക്കണം. മതേതര സർട്ടിഫിക്കറ്റ് നൽകുന്നവർക്ക് വേണ്ടി തങ്ങളുടെ വിശ്വാസത്തിൽ അഡ്ജസ്റ്റ്‌മെന്റുകൾ നടത്താനും നിങ്ങൾ പരിഷ്‌കരിക്കപ്പെടേണ്ടവരാണ് എന്ന വാദത്തെ ചെറുത്തു തോൽപിക്കാനും കഴിയണം. അതിന്, മതേതരത്വത്തെ തകർക്കുന്നവരെ അറിഞ്ഞാൽ മാത്രം മതിയാവില്ല, അവരുടെ വഴികളും രീതിയും അറിഞ്ഞ് പ്രതിരോധിക്കുകയും വേണം.

692 Million ഉപഭോക്താക്കൾ ഇന്ത്യയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നുണ്ട് എന്നാണ് 2025ലെ കണക്ക്. അതിൽ തന്നെ 289 Million YouTube Users, 378 Million Facebook Users, 487 Million WhatsApp Users ഉണ്ട്. മനുഷ്യജീവിതം വെർച്വലും റിയലും ആയി വേർതിരിക്കപ്പെട്ട കാലത്ത്, ഈ വെർച്വൽ ലോകത്തെ കാഴ്ചകൾ, കേൾവികൾ എല്ലാം അതിഭീകരമായി സാമൂഹിക ഘടനയെ ബാധിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയണം. ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികൾ 1755 കോടി രൂപയാണ് 2023-24 കാലയളവിൽ അവരുടെ ഐടി സെല്ലുകൾക്ക്, അഥവാ മീഡിയ വിംഗിന് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. 2024ൽ മാത്രം 39 കോടി ചെലവഴിച്ച് 80,000 ഓളം പരസ്യങ്ങൾ ഈ Propaganda നടപ്പിലാക്കാൻ വേണ്ടി മാത്രം അവർ ചെലവഴിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക സോഷ്യൽ മീഡിയ പ്രോപ്പഗണ്ടയ്ക്ക് വേണ്ടി മാത്രം ചെലവഴിക്കുന്നതിന് പിന്നിൽ കൃത്യമായ ആസൂത്രണം നിലവിലുണ്ട്.
The Kerala Story എന്ന ഒറ്റ സിനിമയിലൂടെ മാത്രം ഉത്തരേന്ത്യയിൽ കേരളത്തെ കുറിച്ചുള്ള പ്രതിച്ഛായതന്നെ അവർക്ക് മാറ്റാൻ സാധിച്ചത് നാം കാണാതെ പോകരുത്. കേരളം ഐഎസ്‌ഐഎസ് കേന്ദ്രമാണ് എന്നും ഇവിടെ നിന്നും തീവ്രവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട് എന്നും മുപ്പതിനായിരത്തോളം ആളുകളെ നിലവിൽ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നും പറയുന്ന കല്ലുവച്ച നുണ സെൻസർ ബോർഡും നിയമനടപടികളും കടന്ന് അവർക്ക് പ്രദർശിപ്പിക്കാൻ സാധിച്ചതും ഇതുകൊണ്ടാണ്. The Kashmir Files, Prime Minister Modi എന്നെല്ലാം ഉള്ള പേരിൽ ഒരു ഭാഗത്ത് പ്രോപ്പഗണ്ട സിനിമകൾ ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത് ഇസ്‌ലാമിക വിശ്വാസത്തെ, അനുഷ്ഠാനങ്ങളെ, കുടുംബ സംവിധാനത്തെ എല്ലാം ചോദ്യം ചെയ്തുകൊണ്ട് സിനിമകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ സമൂഹത്തിൽ നിരന്തരം ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് ചോദ്യം ചെയ്യാനുള്ള ലൈസൻസ് അവർക്ക് നൽകുന്നു. പിന്നീട് ഇത് മീഡിയ പ്രൈം ടൈം ചർച്ചകളിലേക്കും വിചാരണയിലേക്കുമാണ് എത്തുന്നത്.
കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർഥനാവേദിയിൽ നടന്ന തീവ്രവാദക്രമണം മാത്രം ഉദാഹരണമായി എടുത്താൽ, ആദ്യനിമിഷങ്ങളിൽ വന്ന വാർത്ത കേട്ട ഏതൊരു മുസ്‌ലിമിനും മനസ്സുകൊണ്ട്, അത് തങ്ങളുടെ പേരിലേക്ക് ചേർത്തപ്പെടരുതേ എന്ന് പ്രാർഥിക്കേണ്ടിവന്നത്, ഇവിടെ ഉണ്ടാക്കിയെടുത്തിട്ടുള്ള ഇസ്‌ലാമോഫോബിയയിൽനിന്നാണ്. ഇത് ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും. എന്തുമേതും ഉത്തരവാദിത്തമില്ലാതെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന സംസ്‌കാരം അവസാനിപ്പിക്കാൻ സാധിക്കണം.
തങ്ങളുടെ ടൈംലൈനിൽ എന്തു വർഗീയത പറഞ്ഞാലും അതിന് റീച്ച് കിട്ടുമെന്ന തോന്നൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലെ തങ്ങളുടെ ചാനലിലും വന്നു പച്ചയ്ക്ക് മതവിദ്വേഷവും വർഗീയതയും പറയുന്ന Ex-Muslim എന്ന സ്വയം വിശേഷിപ്പിച്ച് ലാഭം കൊയ്യുന്നവർക്കും വർഗീയവാദികൾക്കും ഉണ്ട്. അവിടെ ആരോഗ്യകരമായ സംവാദങ്ങൾക്കും സംവേദനങ്ങൾക്കുമുള്ള ഇടങ്ങൾ ഇല്ലാതാവുന്നതിന് നാം ഭയപ്പെടണം. മതത്തെക്കുറിച്ച് പറയുന്നതല്ല, മതവിദ്വേഷം പറയുന്നതാണ് തെറ്റ് എന്ന്; മതവിമർശനമല്ല, മതനിന്ദയാണ് തെറ്റ് എന്ന്; മതത്തിൽ ഉറച്ചു നിൽക്കുന്നതല്ല, ഇക്കൂട്ടർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതാണ് തെറ്റ് എന്ന്; മതലയനമല്ല, തങ്ങളുടെ മതത്തിൽ വിശ്വസിച്ചു കൊണ്ട് തന്നെ എല്ലാവർക്കും ഇന്ത്യക്കാരായി ഒരുമിച്ച് നിൽക്കാൻ സാധിക്കുന്ന ഇടങ്ങളാണ് ഉണ്ടാവേണ്ടത് എന്ന് നാം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം.
മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലത്ത് കമന്റ് ബോക്‌സുകളിലെ കോഴിപ്പോരിൽ നിന്നും മാറി ഗതകാലങ്ങളുടെ പുനർവായനയും ആദർശത്തിൽ അടിയുറച്ചുള്ള പ്രവർത്തനങ്ങളും വർഗീയവാദികളെ ഭയക്കാതെയുള്ള പോരാട്ടങ്ങളുമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

