സൂംബയും ജെൻഡർ ന്യൂട്രാലിറ്റിയും ആ മഞ്ഞുമലയുടെ അഗ്രം മാത്രം
ഷംജാസ് കെ അബ്ബാസ്
2025 ജൂലൈ 12, 1447 മുഹറം 16

സൂംബയായിരുന്നു കുറച്ചുദിവസത്തെ ചർച്ചാവിഷയം. മാധ്യമ കണ്ണുകൾ മറ്റു വാർത്തകൾക്ക് പിറകെ പോയതോടെ ചർച്ചകളും അവസാനിക്കുന്നു. ഇത് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. വിഷയങ്ങളിൽനിന്ന് വിഷയങ്ങളിലേക്ക്, വാർത്തകളിൽനിന്ന് വാർത്തകളിലേക്ക് അത് അതിവേഗം ഓടിക്കൊണ്ടിരിക്കും. എന്തിന് ചർച്ച ചെയ്‌തെന്നോ, എന്താണ് അതിന്റെ അനന്തരഫലമെന്നോ ആലോചിച്ച് നിൽക്കാൻ അവർക്ക് നേരമില്ല. സ്വാഭാവികമായും ഈ പ്രക്രിയ നിർമിച്ചെടുത്ത ആധുനിക സമൂഹത്തിന് അത്തരത്തിൽ ചിന്തിക്കാനോ, അവയിൽ അഴിച്ചുപണികൾ നടത്താനോ ഉള്ള ധൈഷണികമായ ആഴമില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനെയാണ് നാം സത്യാനന്തര കാലം എന്നു വിളിക്കുന്നത്. സത്യത്തെക്കാൾ വേഗത്തിൽ നുണകൾ പരക്കുന്ന, ധർമത്തിന് പ്രത്യേകിച്ച് മൂല്യം കണക്കാക്കാത്ത കാലം. പക്ഷേ, ഇവിടെ എല്ലാം ജീവിതത്തെയും അതിന്റെ ലക്ഷ്യത്തെയും ആത്യന്തികമായി കാണുന്ന, സ്ഥലകാല പരിധിക്കപ്പുറം മൂല്യബോധത്തെ ഉയർത്തിപ്പിടിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൃത്യമായ ബോധവും ബോധ്യവും ഇത്തരം വിഷയങ്ങളിളെല്ലാം ഉണ്ടാകും.
ഇവിടെയാണ് ‘സൂംബ ഡാൻസ് വിദ്യാലയങ്ങളിലേക്ക്’ എന്ന തലക്കെട്ടിൽ ആരംഭിച്ച ചർച്ചകൾ, അതിലെ വിയോജിപ്പുകൾ പറയുന്നതോടെ മതസ്പർദയെന്നും വർഗീയത ധ്രുവീകരണമെന്നെല്ലാമുള്ള പേരിൽ അജണ്ടകൾക്ക് വളമാക്കിയവരെ നാം പരിശോധിക്കേണ്ടത്. ഒരു പതിറ്റാണ്ട് കാലമായി കേരളത്തിൽ ജിം, ഫിറ്റ്‌നെസ് സെന്ററുകളിളെല്ലാം താൽപര്യമുള്ളവർക്ക് ചെയ്യാവുന്ന ഒന്നായി സൂംബ ഡാൻസ് നിലനിൽക്കെ എന്തുകൊണ്ട് ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായി എന്നതിൽ നിന്നുതന്നെ വ്യക്തമാണ് ഇത് സൂംബയിലോ അതിന്റെ ഉപരിപ്ലവമായ പ്രകടനങ്ങളിലോ ഒതുങ്ങി നിൽക്കുന്നതല്ല വിഷയം എന്നത്. 60 ലക്ഷത്തോളം വിദ്യാർഥികളെയും 2.5 ലക്ഷത്തോളം അധ്യാപകരെയും ഇവർക്ക് പുറമെ രക്ഷിതാക്കൾ അടങ്ങുന്ന വലിയൊരു സമൂഹത്തെയും നേർക്കുനേരെ സ്വാധീനിക്കുന്ന ഒന്നാണ് നമ്മുടെ പൊതുവിദ്യാലയങ്ങൾ. സ്വകാര്യ സ്ഥാപനങ്ങൾ പോലെ ആളുകൾ അവരുടെ ചോയ്‌സ് അനുസരിച്ച് തീരുമാനിക്കുന്ന ഒന്നല്ല പൊതുസ്ഥാപനങ്ങൾ. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളിലും നയനിലപാടുകളിലും ഈ സ്റ്റേക്‌ഹോൾഡേഴ്‌സിന് മുഴുവൻ പങ്കുണ്ട്. ഇതിൽതന്നെയും വ്യത്യസ്ത മത, ധാർമിക പരിസരങ്ങളിൽനിന്ന് വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉണ്ട് എന്നതാണ് അത് മതനിരപേക്ഷവും ജനാധിപത്യപരവും ആകണമെന്നതിനുള്ള പ്രധാന കാരണം.
കേന്ദ്രസർക്കാർ 2020ൽ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെച്ചപ്പോൾ, അതിന്റെ ആദ്യഘട്ടം മുതൽതന്നെ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ അതിനെതിരെ ശബ്ദിക്കുകയും നയത്തിന് മുന്നും പിന്നുമായി വിദ്യാഭ്യാസ സംവിധാനത്തെ തികഞ്ഞ ഹിന്ദുത്വ ആശയങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഒരു രാത്രികൊണ്ട് പ്രതിപക്ഷത്തെ കബളിപ്പിച്ച് നടപ്പിലാക്കിയ NEP 2020 പല സംസ്ഥാനങ്ങളും ഏറ്റെടുക്കില്ല എന്ന നിലപാടിലാണുള്ളത്. ചരിത്രത്തെ പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റി, അടയാളങ്ങളായ സ്ഥലപ്പേരുകൾ മാറ്റി, മതേതര ഇന്ത്യയുടെ ധീരനേതാക്കളെ മറച്ചുവെച്ച്, പതിയെ ഹിന്ദുത്വ അജണ്ടകൾ കുട്ടികളിൽ ഇൻജക്റ്റ് ചെയ്യാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി പ്രതിരോധിച്ചവരാണ് നമ്മൾ. എന്തിനു വേണ്ടി? ഹിന്ദുത്വഫാസിസത്തിന്റെ ഹിന്ദുത്വ അജണ്ടകൾ മതനിരപേക്ഷ ഇന്ത്യയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്നതുകൊണ്ട്. എന്നാൽ, അതുപോലെ ഗൗരവമുള്ള ഒന്നാണ്, ലിബറൽ ഫാസിസം. എന്താണിത് എന്ന് മനസ്സിലാവാത്തവർ ഉണ്ടായേക്കാം.

സാമൂഹിക- സാമുദായിക സംഘടനകൾക്ക് സമൂഹത്തിലുള്ള ദൗത്യം സാംസ്‌കാരികമായി, ധാർമികമായി ഈ നാടിന്റെ വേരുകളെ ഉറപ്പിച്ചുനിർത്തുക എന്നതാണ്. എന്നാൽ മതവും ധാർമികതയും സദാചാരവും സംസ്‌കാരവുമെല്ലാം ചിലർക്ക് അയിത്തമായി തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. പുരോഗമനത്തിന്റെ പേരിൽ തികഞ്ഞ തോന്നിവാസങ്ങളെ എഴുന്നള്ളിക്കാൻ ശ്രമിക്കുന്നവർ, വേരിനെ മറന്നുള്ള വളർച്ച സ്വപ്നം കാണുന്നവർ; മനുഷ്യജീവിതത്തിന് പ്രത്യേകിച്ച് അർഥമോ ലക്ഷ്യമോ ഇല്ല എന്ന് പറയുന്ന, പരമാവധി ആസ്വാദനം മാത്രമാണ് ജീവിതലക്ഷ്യം എന്നും YOLO (You Only Live Once) -നിങ്ങൾ ഒരു തവണയേ ജീവിക്കുന്നുള്ളൂ, അത് മറ്റൊന്നും നോക്കാതെ ആർമാദിച്ച് തീർക്കണം- എന്നും പറയുന്ന ആശയം. Nihilism എന്ന് പറയുന്ന, Meaningless Life എന്ന ആശയാടിത്തറയിൽനിന്നും ഉത്ഭവിച്ച ചിന്ത. അതിനെ എതിർക്കുന്നവരെല്ലാം പ്രാകൃതരാകുന്ന, പുരോഗമന വിരുദ്ധരാകുന്ന കാഴ്ച 19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ നിത്യകാഴ്ചയായിരുന്നു. ആധുനികതയിൽ ഉരുതിരിഞ്ഞ് ഉത്തരാധുനികതയിൽ പൂത്തുലഞ്ഞ ഈ ലിബറൽ മതത്തെയാണ് ഇവിടെ കേരളത്തിൽ ഇവർ പുരോഗമനമായി പ്രതിഷ്ഠിക്കുന്നത്. ഒരു സമൂഹത്തിന്റെ വളർച്ചയെ അവിടെയുണ്ടാകുന്ന ബൗദ്ധികവും സാമൂഹികവുമായ പുരോഗതിയെ അടിസ്ഥാനപ്പെടുത്താതെ ലിബറൽമതം പറയുന്ന സർവസ്വാതന്ത്ര്യത്തിലേക്കും സാംസ്‌കാരിക അധിനിവേശത്തിലേക്കുമാണ് ഇക്കൂട്ടർ സമീകരിക്കുക. ഇത് സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാനേ കാരണമാകൂ.
ലിബറലിസം ഒരു മതമായി നമ്മുടെ മുന്നിൽ വരാത്തതുകൊണ്ടും അതിന്റെ അനുയായികൾ നമുക്കിടയിൽതന്നെ അവർ പോലുമറിയാതെ ഉണ്ടായിവരുന്നതും; ഈ ചിന്തകളും അതിന്റെ അനുരണങ്ങളും അതിവേഗം വർധിക്കാൻ കാരണമായിട്ടുണ്ട്. തുറന്ന ലൈംഗികത, ലഹരി, അരാഷ്ട്രീയത, ആഘോഷം എന്നിങ്ങനെ ‘എന്റെ ശരീരം, എന്റെ തീരുമാനം, എന്റെ സ്വാതന്ത്ര്യം’ എന്ന ന്യായീകരണവുമായി വരുന്ന ലിബറൽ ചിന്തകൾ ഏറ്റവുമാദ്യം റാഞ്ചിയെടുക്കുക വിദ്യാർഥികളെയും കുട്ടികളെയുമാണ്. ഏറ്റവുമാദ്യം നശിപ്പിക്കുക സംസ്‌കാരത്തെയും സദാചാരത്തെയുമായിരിക്കും. അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ആരംഭിച്ച Counter Cultural Movement, യൂറോപ്പിൽ ആഞ്ഞടിച്ച ലൈംഗിക വിപ്ലവ പ്രസ്ഥാനങ്ങൾ പോലുള്ളവ സംഭാവന ചെയ്തത് ഈ തികഞ്ഞ അരാജകത്വം തന്നെയായിരുന്നു. ഇവിടെ ആധുനികത, ഈ അരാജകത്വത്തെ നടപ്പിലാക്കാൻ ഉപയോഗിച്ച ഒരു ടൂൾ മാത്രമായിരുന്നു മതം-സമൂഹം എന്ന ദ്വന്ദത്തെ സൃഷ്ടിക്കുക എന്നത്. മതത്തിനെന്താണ് പൊതു വിദ്യാലയത്തിൽ കാര്യം എന്ന ചോദ്യത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് എഴുതിത്തള്ളിയ ഈ അജണ്ട കാണാൻ സാധിക്കും.
മതവിശ്വാസികൾ അവരുടെ മതത്തെ അവരുടെ സ്വകാര്യ ഇടങ്ങളിൽ അനുഷ്ഠിച്ചാൽ മതിയെന്നും അത് വ്യക്തിഗത വിശ്വാസകർമങ്ങളിൽ മാത്രമെ ഉണ്ടാകാവൂ എന്നുമുള്ള തിട്ടൂരം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രചരിപ്പിക്കപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഈ ലിബറൽ ആശയങ്ങളുടെ പ്രഭവകേന്ദ്രം അന്വേഷിച്ചാൽ നാം ചെന്നെത്തുക അക്കാലത്തെ യൂണിവേഴ്‌സിറ്റികളിലും തെരുവുകളിലുമാണ്. സ്വാതന്ത്ര്യവും വിപ്ലവവും പാരമ്പര്യത്തിനെതിരെ കൊണ്ടുവന്ന ഹിപ്പികൾ ആംസ്റ്റർഡാമിലേ ഡാം സ്‌ക്വയറിലും ലണ്ടനിലെ പിക്കാടലി സ്‌ക്വയറിലും ഒരുമിച്ചുകൂടി അത് വിളംബരം നടത്തിയിരുന്നതായി പൗലോ കൊയ്‌ലോ പറയുന്നുണ്ട്.

ഈ സാമൂഹിക പരിവർത്തനത്തിന്റെ അലയൊലികൾ അരനൂറ്റാണ്ടിനിപ്പുറം നമ്മുടെ പൊതു മണ്ഡലങ്ങളിൽ അടിച്ച് വീശുമ്പോൾ യൂറോപ്പും അമേരിക്കയും പിന്നീട് അനുഭവിച്ച സാംസ്‌കാരിക അധഃപതനത്തെ മനഃപൂർവം വിസ്മരിക്കുന്നതാണ് നാം കാണുന്നത്. അവിടെ ആരംഭിച്ചതുപോലെ കേരളത്തിലും വിദ്യാലയങ്ങളും കലാലയങ്ങളും ഈ പ്രകമ്പനത്തെ അതിതീവ്രമായി അനുഭവിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വിശേഷിച്ച് കൗമാരവും യൗവനവും ഇതിന്റെ പളപളപ്പുകളിൽ അഭിരമിക്കുന്നതിന്റെ അനന്തരഫലമാണ് നാം ദിനേന പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്ന നെഞ്ചലിയിക്കുന്ന വാർത്തകൾ. ഇതിന്റെ തുടർച്ചയെന്നോണം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ സ്വാഭാവികമായും എതിർക്കപ്പെടും എന്നതും ആ എതിർശബ്ദത്തെ ഈ ലിബറൽ ഫാസിസം ക്രൂരമായ വിധത്തിൽ അടിച്ചമർത്താൻ ശ്രമിക്കും എന്നതും ചരിത്രബോധമുള്ള ഏതൊരു പൗരനും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഒരു ഭാഗത്ത് ഹിന്ദുത്വ ഫാസിസം പിടിമുറിക്കുമ്പോൾ മറുഭാഗത്ത് ലിബറൽ ഫാസിസം ആനന്ദനൃത്തം ചവിട്ടുന്ന കാഴ്ച ഈ സാംസ്‌കാരിക പരിണാമങ്ങളുടെ ഏറ്റവും തീവ്രമായ രംഗമാണ്. എന്നാൽ, ഇത്തരം ആശയങ്ങളെ മുൻനിറുത്തി സമൂഹത്തെ നയിക്കാൻ ശ്രമിച്ച ആൽബർട്ട് കമുവിനെയും ഫ്രെഡറിക് നീച്ഛേയെയും പോലെയുള്ള ബുദ്ധിജീവികൾക്ക് ഇതെല്ലാം പറയുമ്പോഴും സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നത് അരക്ഷിതാവസ്ഥയെക്കുറിച്ച തികഞ്ഞ ഭയം ഉണ്ടായിരുന്നു. ഇവിടെ പുരോഗമനവാദികൾ എന്ന പേരിൽ ആഗോളവത്കൃത സമൂഹത്തിൽ ആ പാശ്ചാത്യൻ കാലടികൾ പിന്തുടരാൻ വെമ്പൽ കൊള്ളുന്ന ആധുനികർ ആ സമൂഹം ഇന്നനുഭവിക്കുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും അറിയാൻ പോലും താൽപര്യപ്പെടാത്തവരാണ്. അ ത്തരം ആധികൾ ഉണ്ടാകാനുള്ള ദാർശനികമായ ആഴം അവർക്കില്ല എന്നതാണ് യാഥാർഥ്യം.
ഇവിടെയാണ് ഹിന്ദുത്വ ഫാസിസത്തെയും ലിബറൽ ഫാസിസത്തേയും നോക്കിക്കാണുന്നതിൽ ഇവിടെ കണ്ടുവരുന്ന പിഴവ് നമുക്ക് ബോധ്യപ്പെടുന്നത്. ഇവിടെയാണ് ഇക്കൂട്ടർ വിദ്യാഭ്യാസത്തെ സമാന സ്വഭാവത്തിൽ ലക്ഷ്യം വെക്കുന്നത് നാം കാണുന്നത്. ഒരുഭാഗത്ത് ഒരു വിശ്വാസത്തെ മാത്രമാണ് അവർ ഉന്നം വെക്കുന്നതെങ്കിൽ മറുഭാഗത്ത് ധാർമികതയുടെ സകല സീമകളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. NEPയിലൂടെ 2020ൽ എങ്ങനെയാണോ കേന്ദ്രസർക്കാർ ഹിന്ദുത്വ-സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചത്, അതിന് സമാനമായി കേരളീയ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് പല മാറ്റങ്ങളും സംസ്ഥാനത്ത് കൊണ്ടുവന്നത്. ഇത് പ്രത്യക്ഷത്തിൽ ചർച്ചയായ പ്രധാന സംഭവമായിരുന്നു 2008ൽ പുറത്തിറങ്ങിയ ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന അധ്യായം. മതനിരാസം മുന്നോട്ട് വെക്കുന്ന ആശയങ്ങളുണ്ടെന്നു ചൂണ്ടിക്കാണിച്ചുള്ള ശക്തമായ ഇടപെടലുകളെ തുടർന്ന് അന്ന് ഈ പാഠഭാഗം ഏറെ വിവാദമാകുകയും നിരവധി സമരങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ പിൻവലിക്കുകയും ചെയ്തതാണ്. കമ്യൂണിസം അടിസ്ഥാനപരമായി മുന്നോട്ടുവെക്കുന്ന മതനിരാസവും ദൈവനിഷേധവും ഈ വിധത്തിൽ അടിച്ചേൽപിക്കാനുള്ള ശ്രമം പിന്നീട് തുടരുന്ന കാഴ്ചയാണ് പലവിധേന നാം കാണുന്നത്. കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വരുന്ന സർക്കാരുകൾക്ക് ഇത്തരത്തിൽ അജണ്ടകൾ നടപ്പിലാക്കാനുള്ളതല്ല പൊതുവിദ്യാലയങ്ങളും പാഠപുസ്തകങ്ങളും എന്നതുതന്നെയാണ് സെക്യുലർ പക്ഷത്തുനിന്നുയർന്ന പ്രധാന ആഹ്വാനം. എന്നാൽ 2022ൽ സർക്കാർ പുറത്തുവിട്ട പാഠ്യപദ്ധതി കരട് രേഖ വീണ്ടും ഇതാവർത്തിക്കുന്നതാണ് നാം കണ്ടത്.
ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം നടപ്പിലാക്കാൻ ആരംഭിച്ചപ്പോൾ സാമൂഹിക-പൊതു മണ്ഡലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനുണ്ടായ കാരണവും ഈ ലിബറൽ ആശയങ്ങളുടെ ഒളിച്ചുകടത്തൽ ശ്രമം തന്നെയാണ്. ആദ്യം യൂണിഫോം, പാന്റ്‌സ്, വസ്ത്രം, കംഫർട്ട് എന്നതിലെല്ലാം ചർച്ചകളെ കൂട്ടിക്കെട്ടാൻ ശ്രമിച്ചപ്പോഴും പിന്നീട് കടന്നുവരാനിരിക്കുന്ന ജെൻഡർ പൊളിറ്റിക്‌സ് അജണ്ടകൾ അന്നുതന്നെ കൃത്യമായി ചർച്ചകളിൽ കൊണ്ടുവന്നിരുന്നു. ആൺ-പെൺ ലിംഗങ്ങൾ ജൈവികമാണെന്നും അതുതന്നെയാണ് ലിംഗത്വം അഥവാ ജെൻഡർ എന്നും അന്ന് വ്യക്തമാക്കിയതാണ്. ഇത്തരം ലിബറൽ ആശയങ്ങൾ എന്തുകൊണ്ട് മതവിരുദ്ധം മാത്രമല്ല, സാമൂഹിക വിരുദ്ധം കൂടിയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ ജെൻഡർ ചർച്ചകൾ. സമൂഹത്തിൽ ചില മാനസിക വ്യതിചലനം മൂലമുണ്ടാകുന്ന Transgender വിഭാഗങ്ങളെ ഉൾകൊള്ളിക്കാൻ എന്ന പേരിൽ പിന്നീട് സംഭവിച്ചത് 60-70 വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ സെക്ഷ്വൽ വിപ്ലവത്തിന്റെ കാലത്ത് അവർ ഉപയോഗിച്ച് പിന്നീട് വലിച്ചെറിഞ്ഞ അതേ ആശയത്തെയാണ്. ‘ജെൻഡർ ഒരു സാമൂഹിക നിർമിതിയാണ്’ എന്നു തന്നെയാണ് സർക്കാർ നയം എന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഒപ്പം എതിർലിംഗസാധരാണത്വം (Heteronormative) അഥവാ, സ്ത്രീ-പുരുഷ ബന്ധങ്ങൾ എന്ന സങ്കൽപം ഒരു ഭാരമാണെന്നും, സ്വവർഗലൈംഗികത സ്വാഭാവികവൽക്കരിക്കുന്ന (Homonormative)) ആശയമാണ് വേണ്ടത് എന്നും അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. പഴകിപ്പുളിച്ച ഇത്തരം ജീർണതകൾ പുരോഗമനമാണെന്നു പറഞ്ഞ് കേരളക്കരയിൽ എഴുന്നള്ളിക്കാൻ കാരണം പൊടുന്നനെ ഉണ്ടായ മാറ്റമല്ല. മറിച്ച് LGBTQIA+

മൂവ്‌മെന്റുകൾ, പ്രൈഡ് മാർച്ചുകൾ, സിനിമകൾ, സമ്മേളനങ്ങൾ എല്ലാം നടത്തി ഇവിടെ ഉണ്ടാക്കിയെടുത്തിട്ടുള്ള, ഉഴുതുമറിച്ച മണ്ണിലേക്ക് വിത്തുകൾ പാകുന്ന പണി മാത്രമാണ് ഇപ്പോൾ ഇതുവഴി ചെയ്യുന്നത്. 10 വർഷങ്ങൾക്ക് മുമ്പ് സ്വവർഗ ലൈംഗികതയെ കണ്ടതുപോലെയല്ല ഇപ്പോൾ സമൂഹം കാണുന്നത് എന്നിടത്ത് അന്ന് തിന്മയായിരുന്ന ഒന്ന് ഇന്ന് നിസ്സാരമാക്കാൻ അവർക്ക് സാധിച്ചതിന്റെ ഭാഗമാണ്. പ്രണയം, ആൺ-പെൺ സങ്കലനം, ആഘോഷങ്ങൾ, ലഹരി എന്നിങ്ങനെ നിസ്സാരവൽകരിച്ചവയുടെ ലിസ്റ്റ് നീളുന്നുണ്ട്. ഈ ജെൻഡർ രാഷ്ട്രീയം അവിടെയും അവസാനിക്കുന്നില്ല എന്നത് നമ്മെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. 2 ജെൻഡർ എന്നത് 24, 72, 300 പിന്നെ Gender Fluidity അഥവാ ആർക്കും ആണും പെണ്ണും പട്ടിയും പൂച്ചയും എല്ലാമായി സ്വയം ഐഡന്റിഫൈ ചെയ്യാമെന്നും വേണമെങ്കിൽ 40 വയസ്സുകാരന് 5 വയസ്സുള്ള കുട്ടിയായും പൂർണ ആരോഗ്യമുള്ള ഒരാൾക്ക് അന്ധനോ മുടന്തനോ ആയുമെല്ലാം സ്വയം തിരിച്ചറിയാമെന്നും അങ്ങനെ തിരിച്ചറിഞ്ഞാൽ അത് പൂർണമായും അംഗീകരിച്ച് അതുപോലെ അവരോട് പെരുമാറുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണ് എന്നുമാണ് ജെൻഡർ പൊളിറ്റിക്‌സ് പറഞ്ഞുവെക്കുന്നത്. ലൈംഗിക ആഭിമുഖ്യം മൃഗങ്ങളോടും മൃതശരീരങ്ങളോടും കുട്ടികളോടും വരെ ആകാം എന്നാണ് പറഞ്ഞു വെക്കുന്നത്. ഇതിന്റെ പേരിൽ Sex Reassignment Surgery (SRS) പോലെ പലപ്പോഴും ക്രൂരമായ ശസ്ത്രക്രിയകൾക്കുവരെ തയ്യാറാവാമെന്ന് പറയുന്ന ഈ ആശയമാണ് പാന്റ്‌സിലും ഡ്രസ്സിലും ഒതുക്കിത്തീർക്കാൻ കേരളത്തിലെ ബുദ്ധിജീവികൾ ശ്രമിച്ചത്.
30 ലക്ഷം വിദ്യാർഥികളുടെ ക്ലാസ്‌റൂം ചർച്ചകളിടൂടെയും ഓൺലൈനായുള്ള അഭിപ്രായ ശേഖരണത്തിലൂടെയും സ്‌കൂൾതലം മുതൽ നടത്തിയ ജനകീയ ചർച്ചകളിലൂടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് ഒടുവിൽ 2023ൽ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF) പുറത്ത് വന്നപ്പോൾ കൃത്യമായും എതിർശബ്ദങ്ങളെ അവഗണിച്ച്, അജണ്ടകൾ നടപ്പിലാക്കുന്ന കാഴ്ചയാണ് കണ്ടത്. സൂംബ ഡാൻസ് ആരോട് ചർച്ച ചെയ്യണം എന്ന് ചോദിച്ചവരോട് ജനകീയ സദസ്സുകൾ എന്തിന് വേണ്ടിയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്. എന്തുകൊണ്ട് ഇത്രയും എതിർപ്പുകൾ ഉയരുന്നു എന്നും ഇപ്പോൾ എടുത്ത് ചാടിയതാണോ എന്നും സംശയമുള്ളവരോട്, ഇത്തരം പ്രതിഷേധങ്ങളും ഇടപെടലുകളും തന്നെയാണ് സമൂഹത്തെ കനത്ത അരാജകത്വത്തിലേക്ക് തള്ളിവിടാതെ കാത്തുരക്ഷിക്കുന്നത് എന്നാണ് പറയാനുള്ളത്. കുട്ടികളല്ലേ, ഡാൻസല്ലേ, അവർ സന്തോഷിക്കട്ടെ, അവർക്ക് പ്രശ്‌നമില്ലല്ലോ എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നവർ യാതൊരു ആശയാടിത്തറയോ ധൈഷണികമായ ആഴമോ ഇല്ലാത്തവരാണ്.
ഇതൊക്കെ പറയുമ്പോൾ അത് അമേരിക്കയിലല്ലേ, യൂറോപ്പിലല്ലേ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാവും. വർത്തമാനകാല വാർത്തകൾതന്നെ അത്തരക്കാർക്ക് വലിയ തിരുത്താണ്. ഈ കാഴ്ചകൾ ഇന്ന് നാം കേരളത്തിൽ വ്യാപകമായി കാണുന്നു.
‘മതമില്ലാത്ത ജീവൻ’ എന്നതുപോലെ ‘ലിംഗ വിവചനമില്ലാത്ത ലോകത്തേക്ക്’ എന്ന പേരിൽ ഈ ലിബറൽ ലൈംഗിക ആശയങ്ങളെയാണ് നമ്മുടെ മക്കൾ ഇന്ന് പാഠപുസ്തകങ്ങളിൽ പഠിക്കുന്നത്. ഈ പറഞ്ഞ കുത്തഴിഞ്ഞ ലൈംഗികതയുടെ സകല മേഖലകളിലേക്കും ചില സൂചകങ്ങൾ കൃത്യമായും വെച്ചിരിക്കുന്നു. ഒരു കുട്ടി ആണാണോ പെണ്ണാണോ എന്നത് ആർജിതമായ ഒരു പദവിയാണ് എന്നും, ഒരു തൊഴിൽ തേടി, നേടിയെടുക്കുന്നതുപോലെ ആർജിച്ചെടുക്കേണ്ടതാണ് എന്നും നമ്മുടെ മക്കൾ ഇന്ന് പഠിക്കുന്നുണ്ട്. നാളെ അവർ അതേ ആശയം ജീവിതത്തിൽ നടപ്പിലാക്കി, ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് അംഗീകരിക്കേണ്ട ഗതികേടിലേക്ക് രക്ഷിതാക്കൾ തള്ളിയിടപ്പെടും
(അവസാനിച്ചില്ല)

