കള്ളനൊപ്പം കാവൽക്കാർ കക്കാനിറങ്ങുമ്പോൾ...

പി.വി അനിൽ പ്രിംറോസ്

2025 ആഗസ്റ്റ് 16, 1447 സഫർ 22

സാമ, ദാന, ഭേദ, ദണ്ഡോപായങ്ങളുപയോഗിച്ച് ഭരണം നിലനിർത്തുന്ന പൗരാണിക ഭാരതീയ കൗടില്യോപദേശങ്ങളെ മറികടക്കുന്ന ആധുനിക മോഷ്ടാക്കളുടെ ചോരണ തന്ത്രങ്ങളാണ് കാവൽക്കാർ ഭരണകൂട മേലാളന്മാർക്ക് ചെവിയിലോതിക്കൊടുക്കുന്നത്. പൗരന്മാരുടെ അടക്കിപ്പിടിച്ച നെടുവീർപ്പുകൾ ഐകരൂപം പൂണ്ട് ഭരണസിരാകേന്ദ്രങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായി പരിണമിക്കുന്ന കാലം വിദൂരമല്ല.

ബി.സി 321-296 കാലഘട്ടത്തിൽ പുരാതന ഭാരതത്തിലെ മൗര്യസാമ്രാജ്യം ഭരിച്ചിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാന ഉപദേഷ്ടകനായിരുന്ന ചാണക്യൻ (കൗടില്യൻ) തന്റെ അർഥശാസ്ത്രമെന്ന ഗ്രന്ഥത്തിലെ 2.10.47ൽ രാജ്യം കൈക്കലാക്കുന്നതിനും ഭരണം നിലനിർത്തുന്നതിനുമായി സാമ, ദാന, ഭേദ, ദണ്ഡ തന്ത്രങ്ങളെ കുറിച്ച് പറയുന്നുണ്ട്. സാമ (സമവായം), ദാന (സമ്മാനങ്ങൾ), ഭേദ (ഭിന്നത), ദണ്ഡ (ബലം) തന്ത്രരീതികളിൽ പോലും പക്ഷേ, ജനഹിതത്തെ കള്ളത്തരത്തിലൂടെ അട്ടിമറിക്കാനുള്ള ഉപായങ്ങൾ പറഞ്ഞുകേട്ടിട്ടില്ല. എന്നാൽ 2350 കൊല്ലങ്ങൾക്ക് ശേഷം അഭിനവ ചാണക്യന്മാർ ‘ചോരണം’ എന്ന അഞ്ചാമതൊരു ഉപായം കൂടി കണ്ടെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട വോട്ട് മോഷണത്തെ കുറിച്ചുള്ള വസ്തുതാപരമായ വെളിപ്പെടുത്തൽ.

ഇന്ത്യൻ ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയ്ക്ക് അതീവ പ്രാധാന്യമുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ശിലയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന ഏതൊരു ആരോപണവും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. വോട്ടുതട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) പ്രവർത്തനങ്ങളെയും വോട്ടർ പട്ടികയുടെ കൃത്യതയെയും ഇലക്ട്രോ

ണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) സുരക്ഷയെയും സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് തുടക്കമിടുന്നത്.

രാഹുൽ ഗാന്ധിയുടെ കണ്ടെത്തലുകൾ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ‘അണുബോംബ് തെളിവുകൾ’ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചാനലുകൾക്ക് മുമ്പിൽ വന്നുനിന്നപ്പോൾ ഇത്ര മാരകമായ വെളിപ്പെടുത്തലുകൾക്കാണ് കളമൊരുങ്ങുന്നത് എന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.

ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടത്തിയ വൻതോതിലുള്ള ക്രമക്കേടുകൾ ഉദാഹരണമായി എടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്സ് മീറ്റിലെ പ്രസന്റേഷൻ. 32,707 വോട്ടുകൾക്ക് ഈ മണ്ഡലത്തിൽ ബി.ജെ.പി വിജയിച്ചപ്പോൾ, 1,00,250 വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

വ്യാജ വോട്ടുകളുടെ അഞ്ച് രീതികൾ

കോൺഗ്രസ് നടത്തിയ പഠനത്തിന്റെ ഡാറ്റാ പോയിന്റ് അവതരിപ്പിച്ചുകൊണ്ട്, രാഹുൽ ഗാന്ധി തന്റെ പത്രസമ്മേളനത്തിൽ വോട്ടുതട്ടിപ്പ് അഞ്ച് പ്രധാന രീതികളിലൂടെയാണ് നടന്നതെന്ന് വിശദീകരിച്ചു. ഈ ആരോപണങ്ങൾ കേവലം അഡ്മിനിസ്‌ട്രേറ്റീവ് പിഴവുകൾക്കപ്പുറം, വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ വ്യവസ്ഥാപിതമായ ശ്രമം നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ്.

ആരോപിക്കപ്പെട്ട ക്രമക്കേടുകളുടെ പ്രധാന വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:

1) ഇരട്ട വോട്ടുകൾ (Duplicate Votes)

11,965 ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി പ്രസന്റേഷന്റെ സഹായത്തോടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഉദാഹരണമായി, ഗുർകീരത് സിംഗ് ഡാങ് എന്ന വോട്ടറുടെ പേര് ഒരേ മണ്ഡലത്തിലെ നാല് വ്യത്യസ്ത ബൂത്തുകളിൽ നാല് വ്യത്യസ്ത ഇലക്ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) നമ്പറുകളോടെ കാണാൻ കഴിയും. അതുപോലെ, ആദിത്യ ശ്രീവാസ്തവ എന്ന വോട്ടറുടെ പേര് ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളിൽ കണ്ടെത്തിയതായി തെളിവുകൾ നിരത്തുന്നു.

2) വ്യാജ വിലാസങ്ങൾ (Fake Addresses)

40,009 വോട്ടർമാർക്ക് വ്യാജമോ അസാധുവോ ആയ വിലാസങ്ങളുണ്ടെന്ന് ആരോപിക്കപ്പെട്ടു. "Street 0,’ "House No. 0’ എന്നിങ്ങനെയുള്ള വിലാസങ്ങളും, പിതാവിന്റെ പേരിന്റെ സ്ഥാനത്ത് "ilsdfhug,’ "dfoigaidf’എന്ന് തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങളും രേഖപ്പെടുത്തിയ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു.

3) ഒറ്റമുറിയിലെ വോട്ടർമാർ (Bulk Voters in One Room)

ഒരു വിലാസത്തിൽ 80 വോട്ടർമാർ വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്സ് മീറ്റിൽ രാഹുൽ വ്യക്തമാക്കി. 120 ചതുരശ്ര അടി മുറിയിൽ 80 പേരും മറ്റൊരു മുറിയിൽ 46 പേരും താമസിക്കുന്നതായി രേഖപ്പെടുത്തിയ കേസുകൾ ഇതിൽ കാണാം. ‘ഇന്ത്യ ടുഡേ’ നടത്തിയ വസ്തുതാ പരിശോധനയിൽ, ബെംഗളൂരുവിലെ മഹാദേവപുരയിലെ മേൽപറഞ്ഞ 10-15 ചതുരശ്ര അടി വീട്ടിൽ 80 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തി. കുടിയേറ്റ തൊഴിലാളികൾ വാടക കരാറുകൾ ഉപയോഗിച്ച് വോട്ടർ ഐഡികൾ നേടിയെടുത്തതും, അവർ താമസം മാറിയതിന് ശേഷവും പേരുകൾ പട്ടികയിൽ ബോധപൂർവം നിലനിർത്തിയതുമായ സംഭവങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. ദേശീയ മാധ്യമങ്ങൾക്ക് പുറമെ മലയാള മാധ്യമങ്ങളും ഈ രംഗത്ത് നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു.

4) അസാധു ചിത്രങ്ങൾ (Invalid Photos)

4,132 വോട്ടർമാർക്ക് തിരിച്ചറിയാൻ കഴിയാത്തതോ, ആവശ്യമായ വലുപ്പമില്ലാത്തതോ, അല്ലെങ്കിൽ ചിത്രങ്ങൾ ഇല്ലാത്തതോ ആയ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകളിൽ വ്യക്തമായിരുന്നു.

5) ഫോം 6 ന്റെ ദുരുപയോഗം (Misuse of Form 6)

പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6 ദുരുപയോഗം ചെയ്തതിലൂടെ 33,692 ക്രമക്കേടുകൾ നടന്നതായി ആരോപിക്കപ്പെട്ടു. ഉദാഹരണത്തിന്, 70 വയസ്സുള്ള ഒരു സ്ത്രീ ബെംഗളൂരുവിലെ വോട്ടർ പട്ടികയിൽ കന്നി വോട്ടറായി സ്ഥാനം പിടിച്ചതായും, 18-23 വയസ്സിനിടയിലുള്ള കന്നി വോട്ടർമാർക്ക് പകരം 90കളിലും 50കളിലും പ്രായമുള്ളവരാണ് ഫോം 6 വഴി ചേർത്തവരിലധികമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് നൽകിയ വിശദീകരണം സ്വയം അപഹാസ്യതയ്ക്ക് വഴിവെക്കുന്നതായി എന്നതാണ് ഇതിലെ ഏറെ രസകരമായ ഭാഗം.

വോട്ടുതട്ടിപ്പിന്റെ പ്രധാന ഇനങ്ങൾ

വിഭാഗം ആരോപിക്കപ്പെട്ട വോട്ടുകളുടെ എണ്ണം
1. ഇരട്ട വോട്ടുകൾ 11,965
2. വ്യാജ വിലാസങ്ങൾ 40,009
3. ഒറ്റമുറിയിലെ വോട്ടർമാർ 10,452
4. അസാധു ചിത്രങ്ങൾ 4,132
5. ഫോം 6ന്റെ ദുരുപയോഗം 33,692
ആകെ വ്യാജ വോട്ടുകൾ 1,00,250

 

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ

മഹാദേവപുരയിലെ ക്രമക്കേടുകൾ രാജ്യത്തുടനീളം നടക്കുന്ന ഒരു വലിയ കുറ്റകൃത്യത്തിന്റെ ഭാഗമാണ് എന്നും, സമാനമായ തരത്തിൽ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലും ക്രമക്കേടുകൾ നടന്നതായും, തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുമായി ഒത്തുകളിച്ച് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുകയും തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കുകയും ചെയ്തുവെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണം ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരിൽ ഞെട്ടലുളവാക്കുന്നതാണ്. മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ ഒരു കോടി പുതിയ വോട്ടർമാർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടത് സംശയകരമാണെന്നും, ഇലക്ഷൻ ദിവസം വൈകുന്നേരം 5:30ന് ശേഷം വോട്ടെടുപ്പിൽ വൻ വർധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് 42 ലക്ഷം വരെയാണ് വർധിച്ചതെന്ന തരത്തിൽ പിന്നീട് ആധികാരികമായ വിശദീകരണങ്ങൾ വന്നു.

ഇലക്ട്രോണിക് വോട്ടർ ഡാറ്റയും പോളിംഗിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറാൻ വിസമ്മതിക്കുന്നത് കുറ്റകൃത്യത്തിൽ പങ്കുചേരുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ മനഃപൂർവം മെഷീൻ റീഡബിൾ അല്ലാത്ത പിഡിഎഫ് രൂപത്തിലാണ് വോട്ടർ പട്ടിക നൽകുന്നതെന്നും ഇത് ഡാറ്റാ വിശകലനം തടസ്സപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുകയും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണം കമ്മീഷന്റെ സ്ഥാപനപരമായ വിശ്വാസ്യതയെ നേരിട്ട് ആക്രമിക്കുന്നതാണ് എന്നതിനാൽ തന്നെ അവർ മറുപടി പറഞ്ഞേ പറ്റൂ എന്നും, ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ, ജനാധിപത്യ പ്രക്രിയകളിലുള്ള പൊതുജന വിശ്വാസത്തിന് ഗുരുതരമായ ഇടിവാണ് ഉണ്ടാക്കാൻ പോകുന്നത് എന്നും രാഷ്ട്രീയ വിശാരദന്മാർ തുറന്നുപറഞ്ഞിട്ടും മറുപടിക്കായി സത്യവാങ്മൂലം പ്രതീക്ഷിച്ചിരിപ്പാണ് ഇലക്ഷൻ കമ്മീഷൻ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. അവർ മോഷണത്തിന് കൂട്ടുനിന്നു എന്ന് ബോധ്യപ്പെട്ടാൽ, ഫലങ്ങളുടെ കൃത്യത പരിഗണിക്കാതെ തന്നെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ നിയമസാധുത ഇല്ലാതാകും. മെഷീൻ റീഡബിൾ ഡാറ്റ നൽകാത്തതും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഈ ആരോപിക്കപ്പെട്ട ഒത്തുകളിയുടെ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു, ഇത് തെളിയിക്കപ്പെട്ടാൽ ജനാധിപത്യ മാനദണ്ഡങ്ങൾക്ക് കനത്ത പ്രഹരമാകും എന്ന കാര്യത്തിൽ സംശയമില്ല.


വോട്ടുതട്ടിപ്പ് കേരളത്തിലും

രാഹുൽ ഗാന്ധി വോട്ട് തട്ടിപ്പിനെ കുറിച്ച് വിശദീകരിക്കുന്ന സമയത്ത് തന്നെയാണ് കേരളത്തിൽ ബി.ജെ.പി നേടിയ ഏക സീറ്റായ തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടുകൾ സംബന്ധിച്ച വാർത്ത പുറത്തുവന്നത്. വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരുടെ നേരെയാണ് ആരോപണങ്ങളുടെ കുന്തമുന. സുരേഷ് ഗോപി തൃശൂരിലുള്ള ഫ്ലാറ്റിലേക്ക് താമസം മാറിയതായി കാണിച്ച് മണ്ഡലത്തിൽ വോട്ട് ചേർത്തത് അന്വേഷണവിധേയമാക്കാനും കേസെടുക്കാനും നിർദേശം വന്നു. അതോടൊപ്പം,

ബിജെപി പ്രാദേശിക നേതാവും ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറിയുമായ കെ.ആർ. ഷാജിക്കും ഭാര്യ സി. ദീപ്തിക്കും ആലത്തൂർ, തൃശ്ശൂർ മണ്ഡലങ്ങളിൽ വോട്ടുണ്ടെന്നും ഇവർ പൂങ്കുന്നത്തെ ഇൻലാൻഡ് ഉദയയിലെ ഫ്‌ലാറ്റിന്റെ വിലാസത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി വോട്ട് ചേർത്തതായും ആരോപണമുയർന്നു. കൂടാതെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, പ്രാദേശിക നേതാവ് ഹരിദാസ് എന്നിവർക്കെതിരെയും ഇരട്ട വോട്ട് ആരോപണം ഉയർന്നിട്ടുണ്ട്.


തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്

കർണാടക, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ രാഹുൽ ഗാന്ധിയോട് ആരോപണങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം, തെറ്റായ തെളിവുകൾ നൽകിയതിന് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഓർമിപ്പിച്ചതുമാണ് പ്രതികരണങ്ങളിൽ ഏറ്റവും തമാശ നൽകുന്ന വസ്തുത. എന്നാൽ താൻ ഒരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നത് തന്റെ സത്യവാങ്മൂലമായി കണക്കാക്കാമെന്നും ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഡാറ്റയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചത് കേവലം ലളിതമായ വിയോജിപ്പല്ല; തന്ത്രപരമായ നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് എന്നതിന്റെ നിദർശനമാണ്. ഡാറ്റ യഥാർഥത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണെങ്കിൽ, അവർക്ക് അത് എളുപ്പത്തിൽ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയണം. തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നിഷേധിക്കാതെ സത്യവാങ്മൂലം ആവശ്യപ്പെട്ടത് അവരനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയെ വ്യക്തമാക്കുന്നതാണ്. വിശദീകരണമെന്ന പേരിൽ നടത്തിയ പ്രതികരണങ്ങളാവട്ടെ, ഉത്തരവാദപ്പെട്ട ഒരു സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്നതുമായി.

പാർലമെന്റ് സ്തംഭിപ്പിക്കുന്നതിലേക്കും മുന്നൂറിലധികം എം.പിമാരുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ചിലേക്കും രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി... തുടങ്ങിയവരുടെ അറസ്റ്റിലേക്കും വഴിനട ത്തിയ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ രാക്ഷസരൂപം പ്രാപിക്കുമെന്നതിൽ സംശയമില്ല. അപ്പോഴും ഒറ്റമുറിയിൽ 80 പേരുടെ വോട്ടു ചേർത്ത കമ്മീഷന് 30ലധികം പേർക്ക് ഒന്നിച്ച് ചർച്ച ചെയ്യാൻ സ്ഥലമില്ലാത്തതുകൊണ്ട് കൂടിക്കാഴ്ച സാധ്യമായില്ല എന്നതാണ് ദയനീയം.

ഇവിഎമ്മും വിവിപാറ്റും പ്രമാദമുക്തമോ?

ഇവിഎമ്മുകളുടെ സുരക്ഷയെയും കൃത്യതയെയും കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണങ്ങളും വിചിത്രമാണ്. ഇവിഎമ്മുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന യന്ത്രങ്ങളാണെന്നും ഒരു നെറ്റ്‌വർക്കുമായും വയർ വഴിയോ വയർലെസ് വഴിയോ ബന്ധിപ്പിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. സോഫ്‌റ്റ്‌വെയർ ഒരുതവണ മാത്രം പ്രോഗ്രാം ചെയ്യാവുന്നതും മൈക്രോകൺട്രോളർക്ക് വായിക്കാനോ മാറ്റം വരുത്താനോ സാധ്യല്ലാത്തതുമാണെന്നാണ് അവർ ആണയിടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇവിഎമ്മുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. 24X7 സിസിടിവി നിരീക്ഷണം, ഇരട്ട ലോക്ക് സംവിധാനം, സായുധ സുരക്ഷ എന്നിവയോടെയാണ് സ്‌ട്രോങ് റൂമുകളിൽ ഇവ സൂക്ഷിക്കുന്നത്. ബൂത്ത് പിടിച്ചെടുക്കൽ പോലുള്ള തട്ടിപ്പുകൾ ഇവിഎമ്മുകൾ ഇല്ലാതാക്കിയെന്നും, ഒരു മിനിറ്റിൽ 4 വോട്ടുകളിൽ കൂടുതൽ രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ അത്തരം ശ്രമങ്ങൾ പ്രായോഗികമല്ലെന്നും ഇസിഐ വാദിക്കുന്നു. എന്നാൽ ഇതൊന്നും കൈമാറാൻ പറ്റില്ലെന്നും ഡാറ്റകൾ പലതും നിശ്ചിതസമയം കഴിഞ്ഞ് ഡിലീറ്റ് ചെയ്‌തെന്നും പറയുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പ് ബോധ്യപ്പെടുന്നതാണ്.

ഇവിഎമ്മുകൾ സ്റ്റാൻഡ്-എലോൺ സ്വഭാവവും സുരക്ഷിത നിർമിതിയും കാരണം കൃത്രിമം കാണിക്കാൻ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുനൽകുമ്പോൾ തന്നെ, അക്കാദമിക പഠനങ്ങൾ ഇതിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷാ വാദങ്ങളും സ്വതന്ത്ര വിദഗ്ധരുടെ വിലയിരുത്തലുകളും തമ്മിൽ വ്യക്തമായ വിടവ് നിലനിൽക്കുന്നു എന്നതിലേക്കുള്ള സൂചനയാണ്.

Alex Halderman, Rop Gonggrijp എന്നിവരുടെ 2010ലെ പഠനങ്ങൾ പ്രകാരം ഇന്ത്യൻ ഇവിഎമ്മുകൾക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അവസരം ലഭിച്ചാൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറ്റാനും വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിക്കാനും കഴിയുമെന്ന് വ്യക്തമായി. യന്ത്രങ്ങളുടെ രൂപകൽപന പൊതുവായി വെളിപ്പെടുത്താത്തതും സ്വതന്ത്ര സുരക്ഷാ വിലയിരുത്തലുകൾക്ക് വിധേയമാക്കാത്തതും ഇത്തരുണത്തിൽ എടുത്തുപറയേണ്ടതാണ്. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ സാധ്യമല്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തെ വിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്. ജോർജ്് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി പ്രൊഫസർ പൂർവി വോറ, ഒരു ഇവിഎം പൂർണമായും സുരക്ഷിതമായിരിക്കില്ലെന്ന അഭിപ്രായം തുറന്നുപറഞ്ഞത് മാധ്യമ ശ്രദ്ധ നേടിയതാണ്.

ഇതുപോലെ തന്നെയാണ് വിവിപാറ്റിന്റെ കാര്യവും. വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സംവിധാനം 2013ലാണ് അവതരിപ്പിക്കുന്നത്. വോട്ടർക്ക് താൻ രേഖപ്പെടുത്തിയ വോട്ട് ശരിയാണോ എന്ന് അച്ചടിച്ച സ്ലിപ്പിലൂടെ പരിശോധിക്കാൻ സഹായിക്കുന്നു എന്നതാണ് ഇതിന്റെ ഗുണമായി എടുത്തുപറയുന്നത്. 2019ലെ സുപ്രീം കോടതി വിധി പ്രകാരം, ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് നിർബന്ധമാക്കിയി ട്ടുണ്ട്. ഇവിഎമ്മുകൾ തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നത് പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (BEL) ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (ECIL) ആണ് എന്നെല്ലാം പറയുമ്പോഴും ഇതിൽ പലതും കൈമാറാൻ സാധ്യമല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതോടെ ദുരൂഹത വർധിക്കുന്നു.

വിവിപാറ്റ് സംവിധാനം കൈമാറുന്നതിലെ അലംഭാവം മാത്രമല്ല അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും പരിമിതികളെക്കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, വോട്ടർമാർ സ്ലിപ്പുകൾ പരിശോധിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ 100% വിവിപാറ്റ് എണ്ണൽ നടക്കാത്ത സാഹചര്യങ്ങളിൽ ഇത് പൂർണമായും പ്രമാദമുക്തമല്ല എന്ന് പഠനങ്ങൾ പറയുന്നു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി 100% വിവിപാറ്റ് എണ്ണൽ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നത് സ്മരണീയമാണ്.

വഞ്ചകരെ കാത്തിരിക്കുന്നത്

വോട്ട് തട്ടിപ്പിന്റെ അനന്തരഫലമെന്തെന്നത് ഇപ്പോഴും പ്രവചനാതീതമാണ്. ഭരണീയരും കാവൽക്കാരും കള്ളന്മാരാണെന്ന നഗ്‌നസത്യം നിലനിൽക്കെ, ഓടയിൽനിന്ന് സുഗന്ധം പ്രതീക്ഷിക്കുന്നത് അതിമോഹമാണ്. അതേസമയം ഒരു പരിധിവരെയെങ്കിലും പ്രതീക്ഷ ബാക്കി നിൽക്കുന്നത് ജുഡീഷ്യറിയിൽ തന്നെയാണ്. കോടതി, കേസ് പരിഗണിക്കുകയും അനുകൂലവിധി വരികയും ചെയ്താൽ ഇന്ത്യയുടെ തലവിധി മാറുമെന്നതിൽ സംശയമില്ല.

സമാന സ്വഭാവമുള്ള കേസിൽ മുമ്പ് ഇന്ത്യയിൽ നടന്നതുമായി ചേർത്ത് വായിച്ചാൽ പുതിയ സംഭവവികാസങ്ങളുടെ ദിശ ബോധ്യപ്പെടും. 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതുമായി ബന്ധപ്പെട്ട സംഭവം ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. 71ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് ഇന്ദിരാഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ അഴിമതിയും കൃത്രിമവും കാണിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്തിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവ് രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ദിരാഗാന്ധി സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തു എന്നും, അമിതമായി പണം ചെലവഴിച്ചു എന്നും, സർക്കാർ ജീവനക്കാരനായ യശ്പാൽ കപൂറിനെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചു എന്നുമെല്ലാമായിരുന്നു രാജ് നാരായൺ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.

1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ, രാജ് നാരായൺ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. 1971ലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാണെന്നും, അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അവരെ അയോഗ്യയാക്കിയെന്നും കോടതി വിധിച്ചു. ഈ വിധി ഇന്ത്യയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് അധികാരമൊഴിയണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ദിരാഗാന്ധി ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ പരിഗണിച്ച സുപ്രീം കോടതിയുടെ അവധിക്കാല ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ 1975 ജൂൺ 24ന് ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചു. ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാൻ അനുമതി നൽകിയെങ്കിലും പാർലമെന്റിൽ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി.

ഈ വിധി വന്നതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഇന്ദിരാഗാന്ധി രാജിവെച്ചേ മതിയാകൂ എന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന റാലികളിൽ ആവശ്യമുയർന്നു. ഈ രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലാണ് 1975 ജൂൺ 25 അർധരാത്രിയിൽ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത്, പാർലമെന്റ് പ്രത്യേക നിയമം പാസാക്കുകയും, സുപ്രീം കോടതിയിൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1977ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി രാജ് നാരായണനോട് പരാജയപ്പെട്ടു.

കേസിന്റെ പരിണാമഗുപ്തി എന്തായാലും ഇലക്ഷൻ കൃത്രിമത്തിന് പരിഹാരം അയോഗ്യതയാണെന്ന ഇന്ത്യൻ ജുഡീഷ്യറിയുടെ ബോധ്യത്തിന് ചരിത്രത്തിന്റെ പിൻബലമുണ്ടെന്നത് തീർച്ചയാണ്. ഈയൊരു പരിപ്രേഷ്യത്തിൽ വേണം പുതിയ സംഭവവികാസങ്ങളും നോക്കിക്കാണാൻ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാരമ്പര്യം

ഇന്ത്യൻ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഏതൊരു മത്സരത്തിലും ഒരു നിഷ്പക്ഷ റഫറി എങ്ങനെയാണോ കളിയുടെ നീതി ഉറപ്പാക്കുന്നത്, അതുപോലെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്തുക എന്ന ഭരണഘടനാപരമായ ചുമതലയാണ് ഈ സ്ഥാപനത്തിനുള്ളത്.

1990കളിൽ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷന്റെ നേതൃത്വത്തിൽ കമ്മീഷൻ അതിന്റെ അധികാരം ഉറപ്പിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുപ്രധാന പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്തത് ശ്രദ്ധേയമാണ്. വോട്ടർ ഐഡി കാർഡുകൾ നിർബന്ധമാക്കിയത് കള്ളവോട്ട് തടയുന്നതിൽ ഒരു വലിയ മാറ്റമായിരുന്നു. ഈ ഇടപെടലുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തിയും വിശ്വാസ്യതയും വർധിപ്പിച്ചു.

എന്നാൽ, സമീപകാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന്റെ തുടക്കം. 2023ൽ സുപ്രീം കോടതി നിർദേശിച്ച സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയത് സർക്കാരിന്റെ സ്വാധീനം വർധിപ്പിക്കാൻ ഇടയാക്കുമെന്ന വിമർശനത്തിന് കാരണമായി.

അശോക് ലവാസ, അരുൺ ഗോയൽ എന്നീ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ രാജിയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന മറ്റൊരു സംഭവമായി മാറി. 2019ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടപടി ശുപാർശ ചെയ്തതിനെ തുടർന്ന് ലവാസയ്ക്ക് സമ്മർദം നേരിടേണ്ടി വന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതു കൂടാതെ, കമ്മീഷന്റെ സുതാര്യതയില്ലായ്മയിലും കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വത്തിലും ആശങ്ക രേഖപ്പെടുത്തി 2019ലും 2024ലും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.

ലോക്‌നീതി-സിഎസ്ഡിഎസ് സർവേ പ്രകാരം, 2024ൽ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചു എന്നും ഭൂരിപക്ഷത്തിനും സ്ഥാപനത്തിൽ വിശ്വാസമില്ലെന്നും കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ പുതിയ വെളിപ്പെടുത്തലോടെ ഈ ആശങ്ക അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ്.

പൗരന്മാർ പ്രതീക്ഷിക്കുന്നത്

രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുതട്ടിപ്പ് ആരോപണങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും വിശ്വാസ്യതയെയും സംബന്ധിച്ച് ഗൗരവപരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുകയാണ്:

വോട്ടർ പട്ടികയുടെ സമഗ്രമായ പരിഷ്‌കരണം:

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിന് ഡോർ റ്റു ഡോർ പരിശോധന ഉൾപ്പെടെയുള്ള സമഗ്രവും സുതാര്യവുമായ പരിഷ്‌കരണ നടപടികൾ നടപ്പിലാക്കണം.

ഡാറ്റാ സുതാര്യത വർധിപ്പിക്കുക:

രാഷ്ട്രീയ പാർട്ടികൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും പരിശോധന നടത്താൻ കഴിയുന്ന മെഷീൻ റീഡബിൾ ഫയലും തിരയാൻ കഴിയുന്ന ഡിജിറ്റൽ വോട്ടർ പട്ടികകളും ഉത്തരവാദപ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കണം.

ഇവിഎം സുരക്ഷാ ഓഡിറ്റുകൾ:

ഇവിഎമ്മുകളുടെ രൂപകൽപനാ വിശദാംശങ്ങൾ പൊതുവായി വെളിപ്പെടുത്തുകയും, സ്വതന്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ സുരക്ഷാ ഓഡിറ്റുകൾ നടത്തുകയും വേണം.

VVPAT എണ്ണൽ സംവിധാനം കാര്യക്ഷമമാക്കുക:

നിലവിലുള്ള 5% VVPAT എണ്ണൽ സംവിധാനം 100% എണ്ണലിലേക്കോ അല്ലെങ്കിൽ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ ഓഡിറ്റ് സംവിധാനങ്ങളിലേക്കോ മാറ്റുന്നത് പരിഗണിക്കണം. ഇത് വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത:

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയിൽ സുപ്രീം കോടതി ശുപാർശ ചെയ്തതുപോലെ, ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സമിതി രൂപീകരിക്കുന്നത് പരിഗണിക്കണം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്ഥാപനപരമായ സ്വയംഭരണവും ഉറപ്പാക്കാൻ സഹായിക്കും.

തിരഞ്ഞെടുപ്പ് ഭരണത്തിലെ സുതാര്യത:

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പാക്കണം. വോട്ടെടുപ്പ് കണക്കുകൾ സമയബന്ധിതമായി പുറത്തുവിടുന്നതും പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് നിയമങ്ങൾ കർശനമാക്കുക:

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ധനകാര്യ നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കണം.

ചുരുങ്ങിയത് ഇത്തരം കാര്യങ്ങളെങ്കിലും നടപ്പിലാക്കുന്നതിലൂടെ, രാഹുൽ ഗാന്ധി ഉന്നയിച്ചതുപോലുള്ള ആരോപണങ്ങളെ ഫലപ്രദമായി നേരിടാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ വിശ്വാസ്യതയ്ക്ക് ശക്തി പകരാനും സാധിക്കും എന്നതിൽ സംശയമില്ല. നിരന്തരമായ നവീകരണങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയുമാണ് ജനാധിപത്യ സ്ഥാപനങ്ങൾ കുറ്റമറ്റതാകുന്നത് എന്ന തത്ത്വം ഭരണീയർക്ക് മാത്രമല്ല, ഭരണാധികാരികൾക്കും അതിന്റെ കാവലാളുകൾക്കും മുഴുസമയവും ഓർമയുണ്ടാവുന്നത് രാജ്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്.