മതേതരത്വം മതരാഷ്ട്രവാദം ജനാധിപത്യം, ഇന്ത്യ
സുഫ്‌യാൻ അബ്‌ദുസ്സലാം
2025 ജനുവരി 04, 1446 റജബ് 04

ഇന്ത്യയാണ് നമ്മുടെ രാജ്യം. വിവിധ വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ജനങ്ങൾ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളത് ശക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഭരണഘടന ഒരു ഉടമ്പടി കൂടിയാണ്. നാനാത്വത്തിനിടയിലും ഏകരാഷ്ട്രത്തിലെ മക്കളാണെന്ന ബോധം വളർത്തുകയും എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ഭരണഘടന നിർവഹിക്കുന്നത്.
ഭരണഘടനയും ആശയവും
ഇന്ത്യൻ ഭരണഘടനയുടെ സുപ്രധാന ആശയമെന്താണെന്ന് അതിന്റെ ആമുഖം (Preamble) തന്നെ വ്യക്തമാക്കുന്നുണ്ട്: ‘ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര (Sovereign) സ്ഥിതിസമത്വ (Socialist) മതേതര (Secular) ജനാധിപത്യ (Democratic) റിപ്പബ്ലിക് (Form of Government) ആയി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കയാൽ, നമ്മുടെ ഭരണഘടന നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.’
മതേതരത്വം, ജനാധിപത്യം, സോഷ്യലിസം
‘സെക്കുലർ, സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് 1976 ൽ അടിയന്തരാവസ്ഥാകാലത്ത് 42-ാം ഭേദഗതിയിലൂടെയായിരുന്നെങ്കിലും 1949 മുതൽ ഒന്നാം നാൾ തൊട്ടുതന്നെ അവ ഭരണഘടനയുടെ ഉള്ളടക്കങ്ങളിൽ നിറഞ്ഞുനിന്നിരുന്നവയാണ്. ഇത് സൂചിപ്പിക്കുന്നത് സ്വതന്ത്ര ഭാരതം രൂപീകരിക്കപ്പെട്ടത് പ്രധാനമായും മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്നു ശിലകളിന്മേലാണ് എന്ന യാഥാർഥ്യമാണ്. പ്രസ്തുത മൂന്ന് പദങ്ങൾക്കും ലോകത്ത് വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ ഭരണഘടനാ വിശാരദന്മാരും രാഷ്ട്രശില്പികളും വിഭാവനം ചെയ്തിരുന്ന ആശയങ്ങൾ എന്തായിരുന്നു എന്നാണ് പരിശോധിക്കപ്പെടേണ്ടത്.
എന്താണ് മതേതരത്വം?
‘മതേതരത്വം’ എന്ന പദത്തിന് ലോകത്ത് മൂന്ന് തരത്തിലുള്ള വിശദീകരണങ്ങളുണ്ട്.
1) ദൈവാസ്തിത്വത്തെ നിഷേധിച്ചുകൊണ്ട് നിർമത ചിന്തകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തപ്പെട്ട മതേതരത്വം. ഫെഡെറിക് നീഷേ (Friedrich Nietzsche) യെപ്പോലുള്ള ബുദ്ധിജീവികൾ വികസിപ്പിച്ചെടുത്തതാണ് ഈ വിശദീകരണം.
2) ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തിൽ ദൈവത്തിന് യാതൊരു അധികാരവുമില്ലെന്ന് പ്രഖ്യാപിക്കുന്ന മതേതരത്വം. രാഷ്ട്രം ഒരു മതത്തെയും അംഗീകരിക്കില്ല. മതപരമായ നിലയ്ക്കുള്ള ഒരു അവകാശവും നൽകുകയുമില്ല. എന്നാൽ ദൈവ- മതവിശ്വാസങ്ങൾ വ്യക്തിപരമായി ആവാം. കാൾ മാർക്‌സിന്റെ ‘ദി ജ്യൂവിഷ് ക്വസ്റ്റ്യൻ’ എന്ന പുസ്തകത്തിൽ നിന്നും നിർധാരണം ചെയ്ത ആശയമാണിത്.
3) എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യവും ബഹുമാനവും നൽകുന്ന മതേതരത്വം. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ലെങ്കിലും മത വിശ്വാസങ്ങൾക്കും ആരാധനകൾക്കും ആചാരങ്ങൾക്കും സംസ്‌കാരങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകുക മാത്രമല്ല, അവ ഭരണഘടന വഴി സംരക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ് മതേതരത്വത്തിന്റെ ഈ വിവക്ഷ വഴി സംഭവിക്കുന്നത്. ഇന്ത്യൻ മതേതരത്വം ഈ ഗണത്തിൽ പെടുന്നു എന്നാണ് ഭരണഘടനാ ശിൽപികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
മതേതരത്വം: ഇന്ത്യൻ വേർഷൻ
സ്വന്തം മനഃസാക്ഷിക്ക് അനുസരിച്ച് ഏതൊരു വിശ്വാസത്തെയും സ്വീകരിക്കാനും തള്ളിക്കളയാനും ഉറക്കെ പ്രഖ്യാപിക്കാനും പ്രബോധനം ചെയ്യുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും പൗരന്മാർക്ക് നൽകിയിട്ടുണ്ടെന്ന് ഭരണഘടന വ്യക്തമാക്കുമ്പോൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് അനുഗ്രഹമായി അവർ കാണേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വന്തം മതവിശ്വാസമനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥകൾ ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. വർത്തമാനകാലഘട്ടത്തിലും ചില രാജ്യങ്ങളിൽ അത് നിലനിൽക്കുന്നുണ്ട്. അവിടെയാണ് സ്വതന്ത്ര ഇന്ത്യ ലോകത്തിന് മാതൃകയാവുന്നത്. മുസ്‌ലിംകളുടെ ശരീഅത്തും ഇതര മതസ്ഥരുടെ മതനിയമങ്ങളും ഭരണഘടന വഴി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മതേതരത്വത്തിന്റെ ഇന്ത്യൻ വേർഷൻ ഇസ്‌ലാമിക വിരുദ്ധമാവുന്നില്ല.
ഇസ്‌ലാമിക ജീവിതം സാധ്യമാവില്ലേ?!
ഇസ്‌ലാമിക ഭരണവ്യവസ്ഥിതിക്ക് കീഴിൽ മാത്രമെ ഒരു മുസ്‌ലിമിന് ജീവിക്കാൻ പാടുള്ളൂ എന്ന് ക്വുർആനോ പ്രവാചകനോ പറഞ്ഞിട്ടില്ല. പ്രവാചക കാലഘട്ടത്തിൽ തന്നെ ക്രിസ്ത്യൻ ഭരണാധികാരിയായിരുന്ന നേഗസ് (നജ്ജാശി) ഭരണം നടത്തിയിരുന്ന എത്യോപ്യയിൽ നേഗസിന് കീഴിൽ വളരെ സുരക്ഷിതരായും സന്തോഷത്തോടെയും പ്രവാചകന്റെ അനുചരന്മാർ ജീവിച്ചിരുന്നു എന്നത് അറിയപ്പെടുന്ന ചരിത്രമാണ്. മക്കയിൽ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോൾ സ്വഹാബിമാർ സ്വസ്ഥ ജീവിതം തേടി പോയത് നേഗസിന്റെ അരികിലേക്കായിരുന്നു.
ആരാധനകൾ പൂർണമാവാൻ രാഷ്ട്രമോ?
ആരാധനാകർമങ്ങൾ പൂർണതയോടെയും മികവോടെയും നിർവഹിക്കാൻ ഇസ്‌ലാമിക രാഷ്ട്രവും ഭരണകൂടവും അനിവാര്യമാണ് എന്ന വാദം ഒട്ടും ഇസ്‌ലാമികമല്ല. അത് അതിവാദമാണ്. ഓരോ മനുഷ്യനും നിർവഹിക്കുന്ന ആരാധനകൾക്ക് ഭരണവ്യവസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. മനുഷ്യനും ദൈവവും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ആരാധന. അവയുടെ പൂർണതയും മികവും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ പൂർണതയും മികവുമനുസരിച്ചാണ്. അതിന് ഭരണസംവിധാനങ്ങളുമായി ബന്ധമില്ല. ഏതൊരു ഭരണവ്യവസ്ഥിതിയിൽ ആയിരുന്നാലും പരമാവധി ദൈവിക, ധാർമിക നിയമങ്ങൾ പാലിച്ച് ജീവിക്കാൻ പരിശ്രമിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും കടമ. അതാണ് പ്രവാചകനും സ്വഹാബിമാരും നിർവഹിച്ച് മാതൃകയാക്കി തന്നിട്ടുള്ളത്. ‘നിങ്ങൾ സാധിക്കുന്നത്ര ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക’ (64:16), ‘ഓരോരുത്തരോടും അവരുടെ സാധ്യതക്കപ്പുറം ഏല്പിക്കപ്പെട്ടിട്ടില്ല’ (2:286) തുടങ്ങിയ ക്വുർആനിക സൂക്തങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.
മതരാഷ്ട്രം, ഹിന്ദുരാഷ്ട്രം, ഇസ്‌ലാമിക രാഷ്ട്രം
വിവിധ വിശ്വാസധാരകളും മതവിശ്വാസങ്ങളും ഉള്ള ഒരു പ്രദേശത്ത് ഒരു മതരാഷ്ട്രം ലക്ഷ്യമാക്കുക എന്നത് അക്രമവും തീവ്രചിന്തയുമാണ്. ഹിന്ദുത്വ വാദികൾ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവണമെന്ന് ശഠിക്കുമ്പോൾ ഇസ്‌ലാമിക രാഷ്ട്രം ലക്ഷ്യമാക്കിക്കൊണ്ടാണ് മുസ്‌ലിംകൾ പ്രവർത്തിക്കേണ്ടത് എന്ന് ഇസ്‌ലാമിന്റെ പേരിലും അതിവാദങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും സംശയവും ഭീതിയും വളർത്താനല്ലാതെ ഇത്തരം വാദങ്ങൾ കൊണ്ട് സദ്ഫലങ്ങളില്ല എന്ന് അത് പ്രചരിപ്പിച്ചു വന്നവർക്ക് തന്നെ ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണ്. മതേതരത്വം എന്ന ആശയത്തെ ഇസ്‌ലാമിക വിരുദ്ധം എന്ന് പ്രചരിപ്പിച്ച് മുസ്‌ലിം സമുദായത്തെ നിഷ്‌ക്രിയത്വത്തിന്റെ കരിമ്പടം പുതപ്പിക്കാൻ ശ്രമിച്ചവർ ഇപ്പോൾ മതേതരത്വത്തിന്റെ ധ്വജവാഹകരായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മതനിയമങ്ങൾ അടിച്ചേൽപിക്കാവുന്നതല്ല
ഹൈന്ദവ സംസ്‌കാരം ഉൾകൊള്ളാൻ തയ്യാറില്ലാത്ത ഒരു സമൂഹത്തോട് അത് നിർബന്ധമായും സ്വീകരിച്ചേ പറ്റൂ എന്ന് വാശി പിടിക്കുന്നതു പോലെയാണ് ഇസ്‌ലാമിക വിശ്വാസം ഉൾകൊണ്ടിട്ടില്ലാത്ത ഒരു ജനതയോട് ഇസ്‌ലാമിക നിയമങ്ങൾ പാലിക്കണമെന്ന് കല്പിക്കുകയും അപ്രകാരമുള്ള നിയമങ്ങൾ അവരുടെ മേൽ അടിച്ചേൽപിക്കുകയും ചെയ്യുന്നത്. ഇത്തരം വാദങ്ങളെല്ലാം മതത്തിന്റെ പേരിലുള്ള അക്രമവും ബലാൽക്കാരവുമാണ്. ‘മതത്തിൽ ബലാൽക്കാരമില്ല’ (2:256), ‘വിശ്വസിക്കാൻ ഉദ്ദേശിക്കുന്നവൻ വിശ്വസിക്കട്ടെ, അവിശ്വസിക്കാൻ ഉദ്ദേശിക്കുന്നവൻ അവിശ്വസിക്കട്ടെ’ (18:29) തുടങ്ങിയ വചനങ്ങൾ ഈ വിഷയങ്ങളിൽ ക്വുർആൻ നൽകുന്ന വെളിച്ചമാണ്.
മതരാഷ്ട്രം: വിശദീകരണങ്ങളിലെ മാറാലകൾ
മതരാഷ്ട്രവാദം എന്ന ഒരു ആശയം തങ്ങൾക്കില്ലെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ ഇപ്പോൾ വെളിപ്പെടുത്തുന്നവർ അതിന് നൽകിക്കൊണ്ടിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്: ‘മതരാഷ്ട്രം പുരോഹിതന്മാരാൽ നയിക്കപ്പെടുന്ന പൗരോഹിത്യ ഭരണം നടക്കുന്ന രാഷ്ട്രമാണ്. ഇസ്‌ലാം പൗരോഹിത്യത്തിനെതിരാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിൽ പുരോഹിതന്മാരില്ല. ഇസ്‌ലാമിക രാഷ്ട്രം പുരോഹിത രാഷ്ട്രമല്ല; മതരാഷ്ട്രവുമല്ല.’ (കെ ടി കുഞ്ഞിക്കണ്ണനുള്ള മറുപടി - ശൈഖ് മുഹമ്മദ് കാരക്കുന്ന്). മതരാഷ്ട്രം ഒരു പൗരോഹിത്യ രാഷ്ട്രമാണെന്നും തങ്ങൾ ലക്ഷ്യമാക്കുന്നത് ഇസ്‌ലാമിക രാഷ്ട്രമാണെന്നുമാണ് ഈ വിശദീകരണത്തിന്റെ കാതൽ. പതിനഞ്ച് ശതമാനത്തിൽ താഴെ മാത്രം ഇസ്‌ലാം വിശ്വാസികളുള്ള ഒരു രാജ്യത്ത് ഒരു ഇസ്‌ലാമിക രാഷ്ട്രം എന്ന ആശയം ലക്ഷ്യം വെക്കുന്നതിനെയാണ് മതരാഷ്ട്രവാദം എന്ന് വിമർശകർ പറയുന്നത്. എന്നാൽ ഇപ്പോൾ പുതിയ വിശദീകരണങ്ങളിൽ മതരാഷ്ട്രം തങ്ങൾ മുന്നോട്ടുവെക്കുന്നില്ലെന്ന് പറയുമ്പോൾ ‘ഇസ്‌ലാമിക രാഷ്ട്രം’ എന്ന ലക്ഷ്യത്തെ കുറിച്ച് ഇക്കൂട്ടർ മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.
ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാമിക രാഷ്ട്രമോ?
ഒരു പ്രദേശത്തെ ജനങ്ങൾ പൊതുവിൽ ഒരു മതത്തെ സ്വീകരിക്കുമ്പോൾ മാത്രം സ്വാഭാവികമായി പ്രസ്തുത മതത്തിന്റെ ഭാഗമായുള്ള നിയമസംഹിതകൾ അവിടെ നടപ്പായേക്കാം എന്നല്ലാതെ ജനങ്ങൾ വിവിധ മതസ്ഥരായി കഴിയുന്ന ഒരു രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ ശരീഅത്ത് (നിയമസംഹിത) ലക്ഷ്യമാക്കണമെന്ന് പറയുന്നത് അപ്രായോഗികം മാത്രമല്ല, അത് അനീതി കൂടിയാണ്. അതുകൊണ്ടുതന്നെ മതരാഷ്ട്രവാദമല്ല, ഇസ്‌ലാമിക രാഷ്ട്രമാണ് ലക്ഷ്യമെന്ന് പറയുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ല.
ജനാധിപത്യവും ഇന്ത്യയും
സ്വതന്ത്ര ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പദമാണ് ജനാധിപത്യം. ആഗോളാടിസ്ഥാനത്തിൽ വിവിധ സമൂഹങ്ങളിൽ ജനാധിപത്യം എന്ന പദത്തിന് മതേതരത്വം പോലെ വ്യത്യസ്ത വിശദീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. തത്ത്വചിന്തകരും രാഷ്ട്രീയ വീക്ഷാഗതിക്കാരും ഏറെ ഗവേഷണം നടത്തി വ്യത്യസ്ത നിഗമനത്തിൽ എത്തിച്ചേർന്ന പദമാണ് ജനാധിപത്യം.
ജനാധിപത്യം ഒരു നിയമവ്യവസ്ഥയല്ല
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു നിയമവ്യവസ്ഥ അഥവാ ശരീഅത്ത് (Set of rules) അല്ല, മറിച്ച് അത് ഒരു ഭരണസംവിധാനം (System of Governance) മാത്രമാണ്. ചില രാജ്യങ്ങളിൽ ഭരണസംവിധാനം രാജാധിപത്യമാണ്. ചിലയിടങ്ങളിൽ ഏകാധിപത്യമാണ്. ഇസ്‌ലാമിക നിയമങ്ങൾ (ശരീഅത്ത്) നിയമവ്യവസ്ഥയായും രാജാധിപത്യം ഭരണ സംവിധാനവുമായിട്ടുള്ള രാജ്യങ്ങളുണ്ട്. പോപ്പും കർദ്ദിനാൾമാരും ചേർന്ന് നിർമിക്കുന്ന ക്രിസ്തീയ നിയമ വ്യവസ്ഥയാണ് വത്തിക്കാനിൽ ഉള്ളതെങ്കിലും അവിടുത്തെ ഭരണവ്യവസ്ഥ മൊണാർക്കിയാണ്. ഒരു മൊണാർക്കിയൽ ഹിന്ദു രാഷ്ട്രമാണ് നേപ്പാൾ. എന്നാൽ ഇന്ത്യ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പൗരന്മാരിൽ ഏതൊരു കൊച്ചു ന്യൂനപക്ഷമാണെങ്കിലും അവരുടെയെല്ലാം വിശ്വാസം, സംസ്‌കാരം, ആരാധനകൾ, പരസ്യപ്രബോധനം എന്നിവയെല്ലാം അവകാശമായി പ്രഖ്യാപിച്ചുകൊണ്ടും അവർക്കെല്ലാം പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ടുമുള്ള പ്രാതിനിധ്യ ജനാധിപത്യം (Representative democracy) ആണ് ഇന്ത്യയുടെ സൗന്ദര്യം.
ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല
ജനാധിപത്യത്തിന് ചില രാജ്യങ്ങളിൽ ഭൂരിപക്ഷാധിപത്യം എന്ന വ്യാഖ്യാനവുമുണ്ട്. ഭൂരിപക്ഷത്തിന് ന്യൂനപക്ഷങ്ങൾക്ക് മേൽ അധീശത്വം ഉണ്ടാവുകയും ഭൂരിപക്ഷം നൽകുന്ന ആനുകൂല്യങ്ങളിൽ മാത്രം ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്ന അവസ്ഥയാണത്. എന്നാൽ ഇന്ത്യയിൽ ഭൂരിപക്ഷാധിപത്യം അനുവദിച്ചിട്ടില്ല. ഭരണഘടന ജനാധിപത്യത്തിന് നൽകുന്ന വിശദീകരണം ഏത് ചെറു ന്യൂനപക്ഷമാണെങ്കിലും അവർക്കെല്ലാം ആധിപത്യമുണ്ട് എന്നതാണ്. ജനങ്ങൾ ഏത് മതക്കാരായാലും ഗോത്രങ്ങളായാലും അവർക്കെല്ലാം ആധിപത്യമുണ്ട് എന്നർഥം. ഭൂരിപക്ഷത്തിന് അവരുടെ ഭൂരിപക്ഷം എന്ന അവസ്ഥയിൽ നിയമങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയിൽ സാധിക്കില്ല. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീഅത്ത് ഇന്ത്യൻ ഭരണഘടന വഴി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകളുടെ വിശ്വാസപരമോ ആചാരപരമോ മതപരമോ അനുഷ്ഠാനപരമോ ആയ യാതൊന്നിനെയും ഹനിക്കാൻ ഹൈന്ദവ ഭൂരിപക്ഷത്തിന് സാധിക്കില്ല.
അപക്വമായ സമീപനങ്ങൾ
ഇന്ത്യ ഒരു റിപ്പബ്ലിക്കാവുന്നതിന് മുമ്പ് തന്നെ ഭരണഘടനാ അസംബ്ലിയിൽ (Constituent Assembly) ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ചർച്ചയിൽ മുസ്‌ലിം നേതാക്കളും മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെ നേതാക്കളും സജീവമായി പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം മാറി നിന്ന് ഭരണഘടനയോടോ രാഷ്ട്രത്തോടോ യാതൊരു കൂറും പുലർത്താതെ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ അപക്വമായ സമീപനം പുലർത്തുകയായിരുന്നു ചിലർ. അനിസ്ലാമിക ഭരണ വ്യവസ്ഥയിൽ രാഷ്ട്രത്തിന് വേണ്ടിയുള്ള സേവനങ്ങൾ അർപ്പിക്കുകയോ രാജ്യത്തിന്റെ കുഞ്ചിക സ്ഥാനങ്ങൾ വഹിക്കുകയോ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുകയോ ചെയ്യാൻ മുസ്‌ലിംകൾക്ക് പാടില്ലെന്നും അവയെല്ലാം ശിർക്കും കുഫ്റുമാണെന്നും ഫത്‌വ നൽകുകയുമായിരുന്നു ഈ അപക്വമതികൾ.
മുസ്‌ലിംകൾ സജീവ രാഷ്ട്രീയത്തിൽ
ഇത്തരം ഫത്‌വകൾക്കെതിരെ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാർ, വിശിഷ്യാ സലഫി പണ്ഡിതന്മാർ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായ പങ്കാളിത്തം വഹിക്കാൻ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മുസ്‌ലിം ലീഗിലും കോൺഗ്രസിലും മുസ്‌ലിം വിരുദ്ധമല്ലാത്ത മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മുസ്‌ലിം സമുദായം സജീവമായി. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയിൽ പങ്കാളികളാവാൻ പാടില്ലെന്നെന്ന് ഫത്‌വ പറഞ്ഞവർ ഇപ്പോൾ അതെല്ലാം മാറ്റിപ്പറയുന്നുണ്ടെങ്കിലും തങ്ങളുടെ പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമെടുക്കാനുള്ള അനുമതി ഇതുവരെയും അവർ നൽകിയിട്ടില്ല. മറ്റു പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ അനുമതി നല്കാതിരിക്കുന്നതിൽ നിന്നും കാര്യം വ്യക്തമാണ്. അടിസ്ഥാനപരമായ മാറ്റത്തിന് തയ്യാറല്ല. ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതിന്റെ മതവിധി കൂടി അവർ പുറപ്പെടുവിക്കേണ്ടതുണ്ട്.
കമ്യൂണിസ്റ്റുകളുടെ ജനാധിപത്യ മതേതര വീക്ഷണം
ജനാധിപത്യത്തിനെതിരെ നിലപാട് സ്വീകരിച്ചവരായിരുന്നു കമ്യൂണിസ്റ്റുകൾ. ഭരണകൂടത്തെ ഒരു ഇലക്ടറൽ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കുന്നത് കമ്യൂണിസ്റ്റുകൾ അംഗീകരിക്കുന്നില്ല. കമ്യൂണിസത്തിൽ അധികാരം പാർട്ടി നേതാവിൽ അധിഷ്ടിതമാണ്. ജനങ്ങളുടെ താല്പര്യങ്ങൾക്കോ അഭിപ്രായങ്ങൾക്കോ അവിടെ സ്ഥാനമില്ല. സ്വാതന്ത്ര്യ സമരത്തിലൂടെ ജനാധിപത്യ, മതനിരപേക്ഷ ആശയങ്ങൾ ഉൾക്കൊണ്ട ഇന്ത്യൻ ജനതക്കിടയിൽ കമ്യൂണിസത്തിന്റെ ജനാധിപത്യ വിരുദ്ധത ഏശിയില്ല. ജനാധിപത്യത്തിന്റെ കൂടെ സഞ്ചരിക്കാൻ അവർ നിർബന്ധിതരായി. അങ്ങനെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സർക്കാർ ലോകത്ത് ആദ്യമായി ഉണ്ടായിട്ടുള്ളത് കേരളത്തിലാണ് എന്നത് വിധിവൈപരീത്യം. മതേതരത്വം എന്ന ആശയവും കമ്യൂണിസ്റ്റുകൾ വച്ചുപുലർത്തുന്നത് മതനിരാസത്തിൽ അധിഷ്ഠിതമായ മതേതരത്വമാണ്.
ഒളിച്ചുകളികൾ ആവശ്യമില്ല
നേരത്തെ മതേതരത്വത്തെയോ ജനാധിപത്യത്തെയോ അംഗീകരിക്കാതിരുന്നവർ ഇപ്പോൾ തങ്ങൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. തത്കാലത്തേക്ക് നിലനിൽപിനു വേണ്ടിയുള്ള ആദർശ മാറ്റമല്ല, മറിച്ച് അടിസ്ഥാനപരമായി തന്നെ ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്ന മതേതര-ജനാധിപത്യ ആശയങ്ങളെ ആത്മാർഥമായി അംഗീകരിച്ചുകൊണ്ടാണ് ഈ മാറ്റമെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം അവർ കാണിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയോ അസംബ്ലി തെരഞ്ഞെടുപ്പിനെയോ മുന്നിൽ കണ്ടുകൊണ്ട് എങ്ങനെയെങ്കിലും തങ്ങളുടെ രാഷ്ട്രീയ പാർട്ടിക്ക് കരുത്താകുന്നതിനും അതുവഴി മുന്നണികളെ തെറ്റിദ്ധരിപ്പിച്ചു കടന്നുകൂടുന്നതിനും വേണ്ടിയുള്ള ശ്രമമാണെങ്കിൽ അത് ജനം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല.

