ഇന്ത്യൻ ബഹുസ്വരതയുടെ ശത്രുക്കൾ

മുജീബ് ഒട്ടുമ്മൽ

2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

ഇന്ത്യയുടെ സ്വാത ന്ത്യ സമര സംഘർഷങ്ങളുടെ അലയൊലികൾ പോലും കാതുകളെ അലോസരപ്പെടുത്താത്തത്ര അകലത്തിലിരുന്ന് പോരാട്ടങ്ങളെ നിരീക്ഷിച്ച ആർ.എസ്.എസ്സിനെ ഒരു ശതാബ്ദം കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യ സമരത്തിൻ്റെ മുൻനിര പോരാളികളും രാജ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയുമായി പ്രതിഷ്‌ഠിച്ചിരിക്കുന്നു രാഷ്ട്രത്തലവൻ. ചിന്തയ്ക്ക് ചാണകം ഇന്ധനമാക്കിയവരെ മാത്രമല്ല, വിവേകമുള്ളവരെക്കൂടി പ്രതിനിധീകരിക്കുന്നതാണ് പ്രധാനമന്ത്രിപദം എന്ന തിരിച്ചറിവ് നല്ലതാണ്.

ബ്രിട്ടീഷ്‌കാരുടെ അതിക്രമങ്ങൾക്കെതിരെ സംഘം പോരാടി. രാജ്യത്തോടുള്ള സ്‌നേഹം മാത്രമായിരുന്നു അവരുടെ ഏക താൽപര്യം. സ്വാതന്ത്ര്യ സമര സേനാനികൾക്ക് സംഘം വളണ്ടിയർമാർ അഭയം നൽകിയിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് അതിന്റ നേതാക്കൾ ജയിലിലായിരുന്നു. ആരോപണങ്ങൾ ഉന്നയിച്ചും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തും ആർഎസ്എസിന്റെ മനോവീര്യം തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.’’

ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാ ഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഒരു ഭാഗമാണ് നാം വായിച്ചത്. ആർ എസ് എസിനെ പുകഴ്ത്തിയുള്ള സംസാരം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ നാവിലൂടെ രാജ്യം കേൾക്കുമ്പോൾ അത്ഭുതവും പ്രതിഷേധവും സ്വാഭാവികം മാത്രം.

ആർഎസ്എസിന്റെ ദാർശനിക പശ്ചാത്തലത്തിൽനിന്ന് വളർന്നുവന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സമർഥനത്തിൽ അതിശയോക്തി സ്വാഭാവികം മാത്രമാകും. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ‘ഭാരതാംബ’യുടെ ചിത്രം ഉൾപ്പെടുത്തി 100 രൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിരിക്കുന്നു. മതനിരപേക്ഷതയുടെ വക്താക്കളിൽ വലിയ ഒരു അമ്പരപ്പിന് കാരണമായ നടപടിക്രമങ്ങളുമായാണ് അധികാരികൾ മുന്നോട്ട് പോകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ ശക്തമായി വിമർശിച്ചത് മതനിരപേക്ഷ ചേരിയുടെ ശക്തമായ പ്രതികരണമായി. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

“സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിൽക്കുകയും കൊളോണിയൽ തന്ത്രം ഇണങ്ങിച്ചേർന്ന ഒരു വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു സംഘടനയെ ഇത് സാധൂകരിക്കുന്നു. നമ്മുടെ യഥാർഥ സ്വാതന്ത്ര്യസമര സേനാനികളുടെയും അവർ വിഭാവനം ചെയ്ത മതേതര, ഏകീകൃത ഇന്ത്യയുടെയും ഓർമകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ ദേശീയ ബഹുമതി.’’ ഭരണഘടനയോടുള്ള കടുത്ത അപമാനമാണെന്നും അദ്ദേഹം ചേർത്ത് പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക കേന്ദ്രമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നാണയവും സ്റ്റാമ്പും പുറത്തിറക്കുന്ന ചടങ്ങിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്ത് എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ‘ഭാരതാംബ’യെ ഉൾപ്പെടുത്തുന്നത്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ‘ഭാരതാംബ’യുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അർപ്പണബോധത്തോടെയും സ്വയംസേവകർ ഭാരതാംബയ്ക്കു മുന്നിൽ പ്രണമിക്കുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.

സ്റ്റാമ്പിൽ 1963ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിച്ചിട്ടുണ്ട്. ഭാരതാംബയ്ക്കും ആർഎസ്എസിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും അർപ്പണബോധത്തിന്റെയും യാത്രയ്ക്കും അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിക്കുകയും ചെയ്തു.

ഇന്ത്യയുടെ ഒരു നൂറ്റാണ്ടുകാലം മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് വളരെ സജീവമായിരുന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി ആർഎസ്എസിന്റെ മഹത്ത്വങ്ങളും പ്രത്യേകതകളും എണ്ണിയെണ്ണി പറഞ്ഞ് വെളുപ്പിക്കാൻ ശ്രമിക്കുന്നത് കുറുവടിയുടെയും കാവിക്കളസത്തിന്റെയും ‘ക്ഷേമ’ പ്രവർത്തനങ്ങളെ പ്രധാനമന്ത്രിക്ക് നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ്. രാജ്യത്ത് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന അനേകായിരം സംഘടനകൾ നിർവഹിച്ച് കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലാത്ത വിധം രാജ്യം ആസ്വദിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള കൃത്രിമമായ വാചകങ്ങൾ രൂപപ്പെടുത്തേണ്ടതില്ലാത്തവിധം കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോ വികസനത്തിനോ സാമൂഹികമായ ക്ഷേമത്തിനോ വിദ്യാഭ്യാസ മുന്നേറ്റത്തിനോ യാതൊരു പങ്കും വഹിക്കാത്ത സംഘത്തെ, അധികാരസ്ഥാനങ്ങളിൽ അവരോധിതനായി വെളുപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ പ്രബുദ്ധതയെ വഞ്ചിക്കുകയാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! രാജ്യത്തിന്റെ സുവർണ കാലഘട്ടമായ മുഗൾ ഭരണകാലത്തെ ചരിത്രധ്വംസനം നടത്താനുള്ള സംഘപരിവാരങ്ങളുടെ ശ്രമം കാവിരാക്ഷസീയതയ്ക്ക് പുതുമാനം നൽകാൻ വേണ്ടിയാണ്. അത് സിംഹാസനത്തിൽ ഇരുന്ന് പ്രഖ്യാപിക്കാനുള്ള അവസരമായപ്പോൾ യഥാർഥ മുഖം വെളിപ്പെടുത്തി പ്രധാനമന്ത്രി വിളിച്ച് പറയുകയാണ്.

സ്വാതന്ത്ര്യസമരവും ആർഎസ്എസും

പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിൽ പ്രധാനമായും ആർഎസ്എസിനെ വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അതിൽ ഒന്നാണ് ആർഎസ്എസ് ഇന്ത്യൻസ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തുവെന്ന പരാമർ ശം. സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായും സാംസ്‌കാരികരംഗത്തെ വിമർശനങ്ങളായും ഇത് ചർച്ച ചെയ്യപ്പെടുകയാണ്.

സ്വാതന്ത്ര്യസമര ചരിത്രം പുതുതലമുറ വായിക്കുമ്പോൾ അതിൽ ഇടംപിടിക്കാനുള്ള ആർഎസ് എസിന്റ പിൻവാതിൽ ശ്രമമാണിത്. യഥാർഥത്തിൽ ഇത്തരം വാദങ്ങളുടെ നിജസ്ഥിതിയെന്താണെന്ന് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്.

‘ആർഎസ്എസും ഹിന്ദു മഹാസഭയും അടങ്ങുന്ന കൂട്ടുകെട്ടാണ് പ്രബലമായ ദേശാഭിമാന പ്രസ്ഥാനം. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുത്ത ബ്രിട്ടീഷ് വിരുദ്ധ നിലപാടുള്ള ഒരു വിപ്ലവകാരിയായിരുന്നു സവർക്കർ. അടൽ ബിഹാരി വാജ്‌പേയ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം പോലും അനുഷ്ഠിച്ചിട്ടുണ്ട്’ എന്നിങ്ങനെയുള്ള സംഘപരിവാര അവകാശവാദങ്ങളാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ അടിസ്ഥാനം.

1923ലാണ് സവർക്കർ ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. അതിനുമുമ്പ് അദ്ദേഹം നിയമപഠനത്തിനായി ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഇന്ത്യൻ സൊസൈറ്റി എന്ന ഒരു പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. പാരീസിൽവച്ച് ഒരു റഷ്യൻ വിപ്ലവകാരിയിൽനിന്ന് ആയുധ നിർമാണം അദ്ദേഹം വശമാക്കിയിരുന്നു. സംഘത്തിലെ ഒരാൾ ഉയർന്ന ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതോടെ നേതാക്കൾ അറസ്റ്റിലായി. ഈ കേസിൽ മുഖ്യപ്രതിയെ തൂക്കിലേറ്റുകയുണ്ടായി. ഈ കൊലക്കേസിലും മറ്റൊരു കേസിലും പ്രതിയായിരുന്നു സവർക്കർ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ ഇംഗ്ലണ്ടിൽനിന്ന് നാടുകടത്തി. കപ്പൽ മാർസിലസിൽ നങ്കൂരമിട്ടപ്പോൾ കടലിൽ ചാടി രക്ഷപ്പെട്ട സവർക്കർ ഫ്രാൻസിൽ അഭയം തേടിയെങ്കിലും അദ്ദേഹത്തെ പിടികൂടി അന്തമാനിലേക്ക് നാടുകടത്തുകയാണ് ഉണ്ടായത്. അദ്ദേഹത്തെ നിരുപാധികം മോചിപ്പിക്കണമെന്ന് അന്നത്തെ കോൺഗ്രസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന തിനിടയിൽ അദ്ദേഹം സർക്കാറിന് കീഴടങ്ങിക്കൊണ്ട് അധികാരികൾക്ക് കത്ത് നൽകി. ലജ്ജാകരമായ കീഴടങ്ങലായിരുന്നു അത്. അദ്ദേഹം കുമ്പസരിച്ചുകൊണ്ട് മാപ്പ് എഴുതിയത് ഇങ്ങനെയാണ്:

“കോടതിയിൽ എനിക്ക് ന്യായമായ വിധത്തിലുള്ള വിചാരണയാണ് ലഭിച്ചതെന്നും എനിക്ക് വിധിച്ചത് ഞാൻ അർഹിക്കുന്ന ശിക്ഷ തന്നെയാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞകാലങ്ങളിൽ ചെയ്തുപോയ അക്രമങ്ങളുടെ പേരിൽ ഞാൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടീഷ് ഭരണഘടനയും നിയമങ്ങളും ഞാൻ കഴിവിന്റെ പരമാവധി അനുസരിക്കും. ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവരുന്ന ഭരണപരിഷ്‌കരണ ശ്രമങ്ങൾ വിജയിപ്പിക്കാൻ ഞാൻ ഉത്സാഹിക്കുന്നതാണ്.’

1919ൽ മൊണ്ടേഗു ചെംസ് ഫോർഡിന്റ ഭരണപരിഷ്‌കാര നിർദശങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു സവർക്കർ ഈ കത്തിൽ ഉറപ്പുനൽകിയത്. ഗാന്ധിജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും തള്ളിക്കളഞ്ഞതായിരുന്നു ഈ ശിപാർശകൾ. ഈ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിൽ ബോംബെ പ്രവിശ്യയിലെ രത്‌നഗിരി ജില്ലയിൽ താമസിക്കണമെന്നും അനുമതി വാങ്ങാതെ ജില്ല വിട്ടു പോകരുതെന്നും ഉള്ള ഉപാധിയോടെ ബ്രിട്ടീഷ് ഗവൺമെന്റ് സവർക്കറെ ജയിലിൽ നിന്ന് വിട്ടയച്ചു. സർക്കാർ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന മറ്റൊരു നിർദേശം കൂടി അദ്ദേഹം ഏറ്റെടുത്തു. 1937ൽ ബോംബെയിൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേൽക്കുന്നതുവരെ ഈ വ്യവസ്ഥകൾ നിലനിന്നു. ൧൯37ൽ അദ്ദേഹം ഹിന്ദു മഹാസഭയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ബ്രിട്ടീഷ് അധികാരികളുടെ മുമ്പാകെയുള്ള നിരുപാധികമായ ഈ കീഴടങ്ങൽ മൂടിവച്ചുകൊണ്ടാണ് ഹിന്ദുത്വശക്തികൾ സവർക്കർക്ക് വീര പദവിയും ധീരദേശാഭിമാനിയുടെ പരിവേഷവും നൽകാൻ ശ്രമിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പിലാക്കാൻ സവർക്കറെ കരുവാക്കുകയായിരുന്നുവെന്ന് ഫ്രണ്ട്‌ലൈനിലെ ലേഖനത്തിലൂടെ ദുബെയും രാമകൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ട്. 1937ന് ശേഷം സവർക്കറുടെ സമീപനം മിക്കവാറും എല്ലാ കാര്യങ്ങളിലും ഗാന്ധി നേതൃത്വം നൽകിയ ദേശീയപ്രസ്ഥാനത്തിന്റെതിന് വിരുദ്ധമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സർക്കാർ ജീവനക്കാരോട് ഉദ്യോഗം രാജിവെക്കാൻ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ സവർക്കർ പ്രതികരിച്ച രീതി ഇതിന് നല്ലൊരു ഉദാഹരണമാണ്.

ഹിന്ദു പ്രസ്ഥാനത്തിലെ ഒരാളും രാജിവയ്ക്കരുതെന്നും അവർ അവരുടെ ഔദ്യോഗിക കർമങ്ങൾ ശുഷ്‌കാന്തിയോടെ നിറവേറ്റണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ശാസന. 1942 ആഗസ്റ്റ് 31ന് ഹിന്ദു മഹാസഭയുടെ വർക്കിംഗ് കമ്മിറ്റി ഇതേ രൂപത്തിൽ ഒരു പ്രമേയവും പാസാക്കുകയുണ്ടായി. സവർക്കറുടെ അനുയായികൾക്ക് മഹാത്മാഗാന്ധിയെ ഒരു കാലത്തും അംഗീകരിക്കാനാവില്ല എന്നർഥം. മോഹൻ ഭാഗവതിന്റെ ഗാന്ധി പ്രശംസയെ സമൂഹമാധ്യമ ഭാഷയിലെ ട്രോളായി മാത്രമെ കാണാനാകൂ.

ആർഎസ്എസിന്റെ സേവനം

ബിജെപിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ ചരിത്ര പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒരു കാര്യമാണ് രാഷ്ട്ര നിർമിതിയിലും സ്വാതന്ത്ര്യസമരത്തിലും ആർഎസ്എസിന് പങ്കുണ്ടെന്ന അവകാശവാദം. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ലജ്പത്

റായിയുടെ അഭിപ്രായത്തിൽ ആർഎസ്എസ് ഒരു പ്രസ്ഥാനം എന്ന നിലയിൽ ഒരുകാലത്തും ഏതെങ്കിലും ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടില്ല. അൽപകാലം സമര രംഗത്ത് ഉണ്ടായിരുന്ന ഹെഡ്‌ഗേവാർ പോലും 1931ൽ പിന്മാറുകയാണ് ചെയ്തത്. പിന്നീട് ഒരിക്കലും അദ്ദേഹം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടുള്ള ഈ നിസ്സഹകരണത്തിന് കാരണം എംഎസ് ഗോൾവാൾക്കർ തന്നെ വിശദീകരിക്കുന്നുണ്ട്.

ബ്രിട്ടീഷുകാർക്ക് എതിരായ പ്രക്ഷോഭം പിന്തിരിപ്പൻ നടപടിയാണെന്നും ദേശീയ സമരം കോൺഗ്രസ് കേവലം ബ്രിട്ടീഷ് വിരുദ്ധ സമരമായി മാറ്റുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്: “ബ്രിട്ടീഷ് വിരോധിയാകുന്നതാണ് ദേശീയത എന്നും അതാണ് രാജ്യസ്‌നേഹം എന്നും ചിലർ കരുതുന്നു. ഈ പിന്തിരിപ്പൻ നിലപാട് സ്വാതന്ത്ര്യസമരത്തിനും അതിന് നേതൃത്വം നൽകുന്നവർക്കും സാധാരണക്കാർക്കും ഒരുപോലെ വിനാശകരമാകും.’ ഈ ചിന്താഗതി വച്ചുപുലർത്തുന്നവർക്ക് എങ്ങനെയാണ് ബ്രിട്ടീഷുകാരോട് പൊരുതാൻ ആവുക എന്നത് പ്രസക്തമായ ചോദ്യമാണ്. സംഘപരിവാർ ബ്രിട്ടീഷുകാർക്കെതിരെ ഒരിക്കലും പോരാടിയിട്ടില്ല; അതാണ് സത്യം. ആർഎസ്എസിന്റെ ദേശീയത മുസ്‌ലിം വിരുദ്ധതയാകുന്നു. അതിനാൽ ദേശീയ നേതാക്കൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന് അവർ നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്നു.

വാജ്‌പേയിയുടെ ക്വിറ്റ് ഇന്ത്യാ സമരം

ബിജെപിയുടെ സമുന്നതനായ നേതാവ് അടൽ ബിഹാരി വാജ്‌പേയി ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു എന്ന അവകാശവാദത്തിന്റെ പശ്ചാത്തലവും പരിശോധിച്ചാൽ ഇവരുടെ പങ്ക് വ്യക്തമാകും.

അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ എഴുതിയ ലേഖനത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതായി അവകാശപ്പെടുന്നുണ്ട്. പത്രപ്രവർത്തകരായ മാനിനി ചാറ്റർജിയും വികെ രാമചന്ദ്രനും ഈ അവകാശവാദത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയുണ്ടായി. വാജ്‌പേയിയുടെ അവകാശവാദം തെറ്റായിരുന്നുവെന്ന് അവർ സമർഥിക്കുന്നുണ്ട്. 1998 ഫെബ്രുവരി 20ന് ഇറങ്ങിയ ഫ്രണ്ട് ലൈൻ വാരികയിൽ അവരുടെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബടേശ്വരിയിൽ ഒരുകൂട്ടം പ്രവർത്തകർ ഒത്തുകൂടുകയും ഒരു സർക്കാർ ഓഫീസ് തകർക്കുകയും ചെയ്തതാണ് ഇതിന്റെ പശ്ചാത്തലം. പോലീസ് അവിടെ കൂടിയവരുടെ പേരിൽ കേസെടുത്തപ്പോൾ കാണിയായി അവിടെ എത്തിയിരുന്ന വാജ്‌പേയിയെയും പ്രതിയാക്കി ജയിലിലടച്ചു. യുവാവായ അടൽ ബിഹാരി വാജ്‌പേയ് അന്ന് ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ ബ്രിട്ടീഷ് ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അമർച്ച ചെയ്യുന്ന കാലം. ശിക്ഷാനിയമം 149 വകുപ്പനുസരിച്ച് ചാർജ് ചെയ്ത ഈ കേസിൽ കനത്ത ശിക്ഷ ലഭിക്കേണ്ടതായിരുന്നു. എന്നാൽ താൻ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും സഹോദരനോടൊപ്പം ആൾക്കൂട്ടത്തെ കാണാൻ പോയ താൻ കെട്ടിടം തകർക്കുകയോ അതിനെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം കോടതിയിൽ കുറ്റസമ്മതം നടത്തിയത്. പ്രതികൾക്കെതിരായ കേസ് കോടതി മുമ്പാകെ തെളിയിക്കുന്നതിന് ഉതകുന്ന വിധത്തിൽ അന്നവിടെ നടന്ന സംഭവങ്ങളുടെ യഥാർഥ വിവരണമായിരുന്നു വാജ്‌പേയിയുടെ കുറ്റസമ്മതമൊഴി. ലീലാധർ, മഹുവാൻ എന്നീ പ്രക്ഷോഭകരെ അതിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. അവർക്ക് അതു കാരണമായി ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതാണ് അടൽ ബിഹാരി വാജിപേയിയും ദേശീയ പ്രക്ഷോഭവും തമ്മിലുള്ള ബന്ധം.

ഗാന്ധിവധം ആർഎസ്എസിന്റെ പങ്ക്?

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുമായി ആർഎസ്എസിന്റെ ബന്ധം പരിശോധിക്കുമ്പോഴാണ് അതിന്റ പിന്നിലെ ദാർശനിക ബലം ബോധിപ്പെടുന്നത്. 1930ലാണ് ഗോഡ്‌സെ ആർഎസ്എസിൽ ചേരുന്നത്. വളരെ പെട്ടെന്നുതന്നെ അദ്ദേഹം ബൗദ്ധിക പ്രചാരക് ഉയർന്നു.

അടിയുറച്ച ഒരു ഹിന്ദുത്വവാദി എന്ന നിലയിൽ ഗാന്ധിയുടെ അഹിംസ സിദ്ധാന്തത്തോടും അദ്ദേഹം നയിക്കുന്ന പ്രസ്ഥാനങ്ങളോടും ഗോഡ്‌സെക്ക് ഒട്ടും ആഭിമുഖ്യമുണ്ടായിരുന്നില്ല. ഗാന്ധിയെ കുറിച്ച് അദ്ദേഹത്തിന് ഒട്ടും മതിപ്പും ഉണ്ടായിരുന്നില്ല. ആശയപരവും ദാർശനികവും രാഷ്ട്രീയപരവുമായ വിപരീത ദിശയിൽ നിൽക്കുന്ന ഗാന്ധിജിയോട് അയാൾക്ക് ഒടുങ്ങാത്ത പകയുണ്ടാവുക സ്വാഭാവികം. ഈ വൈകാരികതയ്ക്ക് കാരണം ആർഎസ്എസിന്റ ഹിന്ദുത്വ അജണ്ടയാണന്നതിൽ തർക്കമുണ്ടാവില്ല.

നാഥുറാം ഗോഡ്‌സെയുടെ സഹോദരനും കേസിൽ കൂട്ടുപ്രതിയുമായിരുന്ന ഗോപാൽ ഗോഡ്‌സെ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച ഒരു അഭിമുഖം ഗാന്ധിവധത്തിലെ ആർഎസ്എസ് ബന്ധം ബോധ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെയാണ്: “മുസ്‌ലിംകളെ പ്രീണിപ്പിക്കുന്ന ഗാന്ധിയുടെ നയം മുസ്‌ലിം വിഭജന വാദികൾക്ക് പ്രോത്സാഹനമായി മാറി. ഒടുവിൽ പാക്കിസ്ഥാൻ രൂപീകൃതമാവുകയും ചെയ്തു. സാങ്കേതികമായും തത്ത്വത്തിലും നാഥുറാം ആർഎസ്എസിൽ അംഗമായിരുന്നു. അതിനുവേണ്ടി പ്രവർത്തിക്കുന്നത് നിറുത്തി എന്നത് ശരിയാണ്. എന്നാൽ ആർഎസ്എസ് അംഗത്വം ഉപേക്ഷിച്ചിരുന്നു എന്ന് കോടതിയിൽ നാഥുറാം മൊഴി നൽകിയത് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിന് തന്നെയായിരുന്നു. ആർഎസ്എസുമായി തനിക്ക് ബന്ധമില്ല എന്നു പറഞ്ഞാൽ താങ്കൾക്ക് അത് ഗുണം ചെയ്യും എന്ന് അവർ പറഞ്ഞപ്പോൾ നാഥുറാം സന്തോഷപൂർവം അതിന് തയ്യാറായി.’’ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകളിൽ അവരുടെ അജണ്ടകൾ വ്യക്തമാണ്.

ഗാന്ധി വധം മധുര പലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ഹിന്ദു മഹാസഭയുടെയും ആർഎസ് എസിന്റയും പ്രവർത്തകർ ആഘോഷിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

1991 ലെ കലാകൗമുദിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ ഒ.എൻ വി കുറുപ്പ് എഴുതിയ കുറിപ്പ് ഗാന്ധിവധത്തിലെ ആർഎസ്എസ് ബാന്ധവം വ്യക്തമാക്കുന്നുണ്ട്:

“ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ ആർ. എസ്. എസിന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആയിരുന്നു പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽനിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപം ഞങ്ങൾ നടന്നുപോകുമ്പോൾ അതിനടുത്ത് ഒരു ആർ. എസ്. എസുകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗനജാഥയാക്കി മാറ്റി. വർഷങ്ങൾക്ക് ശേഷം ഇന്നും ഗോൾവാൾക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു.’’

കലാപങ്ങളിലെ ആർഎസ്എസ് രാഷ്ട്രീയം

രാജ്യത്തെ സമാധാനവും സ്വൈ‌ര്യവും തകർത്തുകൊണ്ട് ആർഎസ്എസ് നടത്തിയിട്ടുള്ള അക്രമ പരമ്പര അവരുടെ വെറുപ്പിന്റെ ആഴം ബോധ്യപ്പെടുത്തുന്നു.

മഹാത്മാഗാന്ധിയുടെ വധം (1948)

ഗാന്ധി വധം (1948) അതിലെ ഭീകരമായ ഒന്നാണ്. മഹാത്മാഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്സെ ആയിരുന്നു.

ബാബരി മസ്ജിദ് തകർക്കൽ

ബാബരി മസ്ജിദ് തകർക്കലും അനുബന്ധ കലാപങ്ങളും (1992-1993) ഇന്ത്യുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരധ്യായമാണ്. 1992 ഡിസംബർ 6ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർത്തു. ആർഎസ്എസിന്റെയും അനുബന്ധ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് (VHP), ബജ്‌റംഗ് ദൾ, ഭാരതീയ ജനതാ പാർട്ടി (BJP) എന്നിവയുടെ നേതാക്കളും പ്രവർത്തകരും തകർത്ത സംഭവത്തിൽ പങ്കെടുത്തു.

ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മുംബൈയിൽ നടന്ന കലാപങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്നു ആർഎസ്എസിനെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

ഗുജറാത്ത് കലാപം (2002)

ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്‌പ്രസിന് തീയിട്ടതിനെത്തുടർന്ന് ഗുജറാത്തിൽ വലിയ തോതിൽ വർഗീയ കലാപങ്ങൾ അരങ്ങേറി.

ഈ കലാപങ്ങളിൽ ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘപരിവാർ സംഘടനകൾക്ക് പങ്കുണ്ടെന്ന് നിരവധി അന്വേഷണ റിപ്പോർട്ടുകളിലും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളിലും വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന നിരവധി വർഗീയ കലാപങ്ങളിൽ, ജബൽപൂർ കലാപം (1961), അഹമ്മദാബാദ് കലാപം (1969), ഭഗൽപൂർ കലാപം (1989) തുടങ്ങിയ സംഭവങ്ങളിൽ ആർഎസ്എസ്, അതിന്റെ രാഷ്ട്രീയ മുഖമായ അന്നത്തെ ഭാരതീയ ജനസംഘം, അനുബന്ധ സംഘടനകൾ എന്നിവയുടെ പങ്ക് വിവിധ അന്വേഷണ കമ്മീഷനുകളിലും പാർലമെന്ററി ചർച്ചകളിലും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ജംഷഡ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജിതേന്ദ്ര നാരായൺ കമ്മീഷൻ റിപ്പോർട്ടിൽ (1979) കലാപം ആളിക്കത്തിക്കുന്നതിൽ ആർഎസ്എസിന്റെ പങ്ക് പരാമർശിക്കുന്നുണ്ട്.

ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ

1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ഒഡീഷയിലെയും ഗുജറാത്തിലെയും ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആർഎസ്എസ് അനുബന്ധ സംഘടനകളായ വിഎച്ച്പി, ബജ്റംഗ് ദൾ എന്നിവയുടെ പങ്ക് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാണ്ഡമാൽ കലാപം (2008) പോലുള്ള സംഭവങ്ങളിലും സംഘപരിവാർ സംഘടനകളുടെ പങ്ക് ആരോപിക്കപ്പെട്ടു. സമീപ വർഷങ്ങളിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും ആർഎസ്എസ് സ്വാധീനമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് വ്യക്തമാണ്.

ആർഎസ്എസ് ഒരു സാംസ്‌കാരിക സംഘടനയായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ, അതിന്റെ സ്ഥാപന ലക്ഷ്യമായ ഹിന്ദു രാഷ്ട്രീയം (Hindutva) പലപ്പോഴും രാഷ്ട്രീയവും വർഗീയവുമായ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. ആർഎസ്എസിന്റ സ്ഥാപിത താൽപര്യങ്ങളും മറ്റുള്ളവരോടുള്ള അവരുടെ സമീപനവും ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും തകർക്കുന്നതാണ്. എന്നിട്ടും അതിനെ സാമാന്യവൽകരിക്കാൻ ഇന്ത്യയുടെ ഭരണാധികാരികളുടെ ശ്രമങ്ങൾ മതേതര ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ബ്യൂറോക്രസിയെയും പരിപൂർണമായി വിഴുങ്ങുന്ന വിധം ഉദ്യോഗതലവൻമാർ അവരുടെ വികൃതമുഖം വെളിവാക്കിക്കൊണ്ടിരിക്കുന്നു. മുൻ ഡിജിപി ജേക്കബ് തോമസ് ഗണവേഷമണിഞ്ഞ് രംഗത്ത് വന്നിരിക്കുന്നു. മുൻ ഡിജിപിമാരായ ആർ ശ്രീലേഖ ഉൾപ്പെടെയുള്ളവരുടെ രംഗപ്രവേശം ആശങ്കയോടെയാണ് രാജ്യസ്‌നേഹികൾ നോക്കിക്കാണുന്നത്.