വധവും ചിത്രവധവും: ഛാവ തുറന്നുവിട്ട അപായ സൂചകങ്ങൾ
പി.വി അനിൽ പ്രിംറോസ്
2025 മാർച്ച് 29, 1446 റമദാൻ 28

History repeats itself, first as tragedy, second as farce’ എന്ന് പറഞ്ഞുവച്ചത് ജർമൻ തത്ത്വചിന്തകനായ കാൾ മാർക്‌സ് ആയിരുന്നു. 1852ൽ രചിച്ച തന്റെ “The Eighteenth Brumaire of Louis Bonaparte’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൽ നെപ്പോളിയൻ ഒന്നാമന്റെയും അനന്തരവനായ നെപ്പോളിയൻ മൂന്നാമന്റെയും ഭരണത്തെ കുറിച്ചും അതിനെത്തുടർന്നുള്ള പ്രൊപഗണ്ടയെ കുറിച്ചും വിമർശിച്ചെഴുതിയ വാചകം പിന്നീട് സമാന സാഹചര്യങ്ങളിൽ പലവുരു എടുത്തുദ്ധരിക്കപ്പെട്ടു. ഔറംഗസേബും ശിവജി സംഭാജിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളിൽ ഒരിക്കൽകൂടി ഈ വാചകം പ്രസക്തമാവുകയാണ്.
ശിവജി സംഭാജിയെ മഹത്ത്വവൽക്കരിച്ചും ഔറംഗസേബിനെ പരിഹാസ്യനാക്കിയും, ആസന്നമായ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനെ മുൻനിറുത്തി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായ ഛാവയുടെ റിലീസിംഗോടെ പുതിയൊരു വർഗീയ ഭൂതത്തെയാണ് ഇന്ത്യയിൽ തുറന്നുവിട്ടിരിക്കുന്നത്.
‘ദ കേരള സ്റ്റോറി,’ ‘കശ്മീർ ഫയൽസ്,’ ‘സ്വാതന്ത്ര്യവീർ സവർക്കർ,’ ‘72 ഹൂറൈൻ,’ ‘സമ്രാട്ട് പൃഥ്വിരാജ്’... തുടങ്ങി സമീപകാലത്ത് വർഗീയ അജണ്ടയുമായി ഹിന്ദുത്വ മീഡിയ പടച്ചുവിട്ട നിരവധി സിനിമകൾ എട്ടുനിലയിൽ പൊട്ടിയ സമയത്താണ് ബോളിവുഡ് താരം വിക്കി കൗശലിനെ നായകനാക്കി പുറത്തിറക്കിയ ‘ഛാവ’ വൻ വിജയമായി മാറിയിരിക്കുന്നത്. ആർഎസ്എസ് ശാഖകൾ, സോഷ്യൽ മീഡിയ, ബിജെപിയുടെ ഐടി സെൽ, മുഖ്യധാരാ മാധ്യമങ്ങൾ... തുടങ്ങിയവയുടെയെല്ലാം സംഘടിത ശ്രമങ്ങളുടെ ഫലമായാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരമൊരു ഫിലിം പുറത്തിറക്കിയത് എന്നത് നിസ്തർക്കമായ കാര്യമാണ്.
ഛത്രപതി ശിവജി മഹാരാജിന്റെ മൂത്ത മകനായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ മാത്രം തിരഞ്ഞെടുത്ത്, ഔറംഗസേബിനെ ‘ക്രൂരനും ഹിന്ദുവിരുദ്ധനു’മായി ചിത്രീകരിക്കുന്ന 126 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ഏകദേശം 40 മിനിറ്റ് സംഭാജി മഹാരാജിന്റെ പീഡനരംഗങ്ങൾക്കായി ചെലവഴിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ശിവജി സാമന്തിന്റെ ‘ഛാവ’ എന്ന നോവലിനെ ആധാരമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിലെ ചരിത്രപരമായ പിഴവുകൾക്ക് നിർമാതാക്കൾ ക്ഷമാപണം നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും മധ്യകാല ചരിത്രത്തെ ‘നീതിമാന്മാരായ’ ഹിന്ദു രാജാക്കന്മാർക്കെതിരെ ‘ദുഷ്ടന്മാരായ’ മുസ്‌ലിം രാജാക്കന്മാർ നടത്തുന്ന ക്രൂരതകൾ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമത്രെ!
ഛാവ തുറന്നുവിട്ട വർഗീയ ഭൂതം
ഛാവ സിനിമയുടെ പശ്ചാത്തലത്തിൽ മുഗൾചക്രവർത്തി ഔറംഗസേബിന്റെ ഛത്രപതി സംഭാജിനഗറിലെ ഖുൽദാബാദിലുള്ള ശവകുടീരം നീക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ മുന്നോട്ടുവന്നു. ബജ്‌റംങ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ധർമവീർ സംഭാജി മഹാരാജ് പ്രതിഷ്ഠാൻ തുടങ്ങിയ സംഘടനകളാണ് ഇതിന് ചുക്കാൻ പിടിച്ചത്. ശവകുടീരം മഹാരാഷ്ട്ര സർക്കാർ നീക്കിയില്ലെങ്കിൽ പ്രതിഷേധവും ‘കർസേവ’യും നടത്തുമെന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ ഭീഷണി. ഇതിനെത്തുടർന്ന് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയ ഛത്രപതി സംഭാജി നഗർ ജില്ല ഭരണകൂടം, ധർമവീർ സംഭാജി മഹാരാജ് പ്രതിഷ്ഠാൻ അധ്യക്ഷൻ മിലിന്ദ് എക്‌ബോട്ടെക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി.
അതിനിടെ സമാജ് വാദി പാർട്ടി മഹാരാഷ്ട്ര എം.എൽ.എ അബു ആസ്മി ഔറംഗസേബിനെ പുകഴ്ത്തി വസ്തുനിഷ്ഠമായി സംസാരിച്ചതോടെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കത്തിപ്പടർന്നു. ഈ പരാമർശങ്ങളുടെ പേരിൽ അബു ആസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു. പമാമർശത്തിൽ ശക്തമായി
പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്‌വാദിപാർട്ടിക്കെതിരെ ആഞ്ഞടിക്കുകയും ‘ആ വ്യക്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി യുപിയിലേക്ക് അയക്കണമെന്നും, ഞങ്ങൾ അദ്ദേഹത്തിന്റെ ചികിത്സ ഏറ്റെടുക്കാമെന്നും, ഛത്രപതി ശിവജി മഹാരാജിന്റെ പൈതൃകത്തിൽ ലജ്ജ തോന്നുകയും ഔറംഗസേബിനെ ആരാധനാപാത്രമായി കണക്കാക്കുകയും ചെയ്യുന്ന വ്യക്തിക്ക് നമ്മുടെ രാജ്യത്ത് താമസിക്കാൻ അവകാശമില്ല’ എന്നുമുള്ള വൈകാരിക പ്രസ്താവന നടത്തിയത് സംഭവത്തിന് രാജ്യാന്തര മാനം കൊണ്ടുവന്നു.

മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരനായ ബി.ജെ.പി എം.പി ഉദയൻരാജെ ഭോസ്ലെയും ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ലഹളക്ക് നേതൃത്വം കൊടുത്തതോടെ സർക്കാർ പ്രതികരിക്കാൻ നിർബന്ധിതരായി.
ശവകുടീരം നീക്കണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ദേശീയപ്രാധാന്യമുള്ള സ്മാരകമെന്ന നിലയിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് അത് സംരക്ഷിക്കുന്നത് എന്നതുകൊണ്ടും നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാകണം നീക്കം ചെയ്യുന്നത് എന്ന് മാത്രമാണ് തങ്ങൾ ചിന്തിക്കുന്നത് എന്നാണ് ഭോസ്ലേക്കുള്ള മറുപടിയായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. ഇതിനോട് യോജിച്ച്, ശവകുടീരം പെട്ടെന്ന് നീക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായം തന്നെയാണ് കേന്ദ്ര സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ) അധ്യക്ഷനുമായ രാംദാസ് അത്താവാലെയും രേഖപ്പെടുത്തിയത്.
ഇതിനിടെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന വലതുപക്ഷ ഹിന്ദു സംഘടനകളുടെ ആവശ്യത്തെത്തുടർന്ന് നാഗ്പൂരിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും ഔറംഗസേബിന്റെ കോലം കത്തിക്കുകയും ക്വുർആൻ ലിഖിതങ്ങളടങ്ങിയ ‘ചാദർ’ അഗ്‌നിക്കിരയാക്കിയതായി ആരോപിക്കപ്പെടുകയും ചെയ്തതിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിനെത്തുടർന്ന് നിരവധി മുസ്‌ലിം സംഘടനകളിലെ അംഗങ്ങൾ ഒത്തുചേർന്ന് മഹൽ പ്രദേശത്തിന് സമീപം മാർച്ച് നടത്തുകയും അത് പോലീസിന് നേരെയുള്ള കല്ലെറിയലിലേക്ക് പരിണമിക്കുകയും ചെയ്തു. ഇത് പിന്നീട് നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക്, ഹൻസപുരി, മഹൽ പ്രദേശങ്ങളിൽ വ്യത്യസ്ത സമുദായംഗങ്ങൾ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമായി.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഏകപക്ഷീയമാണെന്ന മുസ്‌ലിം സമുദായത്തിന്റെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു ബുൾഡോസർ രാജ് നടത്താനുള്ള മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ തീരുമാനം.
ആരാണ് ഔറംഗസേബ്?
ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളെ എക്കാലത്തും പ്രകോപിതരാക്കുന്ന ഔറംഗസേബ് ആരായിരുന്നു എന്നും എന്താണ് അദ്ദേഹത്തിന്റെ ഭരണനിലപാട് എന്നും പരിശോധിക്കേണ്ടതുണ്ട്.
മുഗൾ സാമ്രാജ്യത്തിലെ ആറാമത്തെ ചക്രവർത്തിയായിരുന്നു അബുൽ മുസഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തനായ മുഗൾ ഭരണാധികാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം 1658 മുതൽ 1707ൽ തന്റെ മരണംവരെ സുദീർഘമായ ഭരണം നടത്തി. അദ്ദേഹത്തിന്റെ ഭരണകാലം മുഗൾ സാമ്രാജ്യത്തിന്റെ വിസ്തൃതിയും ഭദ്രതയുംകൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒന്നാണെന്ന് വിമർശകർ പോലും അംഗീകരിക്കുന്നു.
1618 നവംബർ 3ന് ഗുജറാത്തിലെ ദഹോദിലായിരുന്നു ഔറംഗസേബിന്റെ ജനനം. പിതാവ് ഷാജഹാൻ ചക്രവർത്തിയുടെയും മാതാവ് മുംതാസ് മഹലിന്റെയും മകനായ ഔറംഗസേബിന് ആറ് സഹോദരന്മാരും മൂന്ന് സഹോദരിമാരുമാണ് ഉണ്ടായിരുന്നത്. ചെറുപ്രായത്തിൽതന്നെ ബുദ്ധിമാനും പഠനോത്സുകനുമായിരുന്ന അദ്ദേഹം മതവിജ്ഞാനം, യുദ്ധതന്ത്രങ്ങൾ, ഭരണകല എന്നിവയിൽ പ്രാവീണ്യം നേടി. ഷാജഹാൻ തന്റെ പുത്രന്മാർക്കെല്ലാം സൈനികവും ഭരണപരവുമായ പരിശീലനം നൽകിയതിനാൽ ഔറംഗസേബ് ചെറുപ്പത്തിൽതന്നെ വിവിധ പ്രവിശ്യകളുടെ ഗവർണറായി നിയമിക്കപ്പെട്ടു.
1658ൽ ഷാജഹാൻ ഗുരുതരമായി രോഗബാധിതനായപ്പോൾ, പുത്രന്മാർ തമ്മിൽ അധികാര യുദ്ധം ആരംഭിച്ചു. ഔറംഗസേബിന്റെ പ്രധാന എതിരാളി മൂത്ത സഹോദരനായ ദാരാ ശികോ ആയിരുന്നു. എന്നാൽ ഔറംഗസേബ്, തന്റെ സൈനിക തന്ത്രജ്ഞതയും രാഷ്ട്രീയ ചതുരതയും ഉപയോഗിച്ച്, 1658ൽ സമ്മന്തപൂർ യുദ്ധത്തിൽ സഹോദരനായ ദാരയെ പരാജയപ്പെടുത്തി വധിക്കുകയും ചക്രവർത്തിയായി അവരോധിതനാവുകയും ചെയ്തു.
ഔറംഗസേബിന്റെ ഭരണം 49 വർഷം നീണ്ടുനിന്നു. ഡക്കാൻ മേഖലയിലെ മറാത്തകൾ, ഗോൽക്കൊണ്ട (1687), ബീജാപൂർ (1686) എന്നീ സുൽത്താനേറ്റുകൾ കീഴടക്കി മുഗൾ സാമ്രാജ്യത്തിന്റെ അതിർത്തി വിപുലീകരിച്ചതും മുഗൾ സാമ്രാജ്യത്തിന്റെ ഭൂപ്രദേശം പരമാവധി വിസ്തൃതിയിലെത്തിയതും ഇക്കാലത്തായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കുവരെ ഇക്കാലത്ത് മുഗൾ സാമ്രാജ്യം വളർന്നു. ഭരണത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ തന്നെ പ്രവിശ്യാ ഗവർണർമാരെ (സുബേദാർമാർ) നിരന്തരം മാറ്റി, അവർക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള അവസരം നിഷേധിക്കുകയും അതുവഴി സാമ്രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്തു. കൃഷിഭൂമിയിൽനിന്നുള്ള നികുതി ശേഖരണം കർശനമാക്കി സാമ്രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കിയതും ഇക്കാലത്താണ്.
ഇസ്‌ലാമിക നിയമങ്ങളുടെ ഒരു സമാഹാരമായ ‘ഫത്‌വാ-ഇ-ആലംഗീരി’ തയ്യാറാക്കുകയും നീതിന്യായ വ്യവസ്ഥയെ ഏകീകരിക്കുകയും മുഗൾ ഭരണത്തിന് നിയമപരമായ ചട്ടക്കൂട് നിർമിച്ച് നൽകുകയും ചെയ്തതും ഇക്കാലത്ത് തന്നെയാണ്.
ഔറംഗസേബ് തന്റെ ഭരണകാലത്ത് സൈന്യത്തെ ശക്തിപ്പെടുത്തുകയും ആധുനിക യുദ്ധോപകരണങ്ങളും യുദ്ധതന്ത്രങ്ങളും സ്വായത്തമാക്കുകയും അത് പ്രയോഗവൽക്കരിക്കുകയും ചെയ്തു. മുഗൾ സൈന്യത്തിന് വലിയ വെല്ലുവിളിയായിരുന്ന മറാത്ത നേതാവ് ശിവജിയുടെ ഗറില്ലാ യുദ്ധതന്ത്രങ്ങളെ പ്രതിരോധിക്കാനുപയോഗിച്ചതും യുദ്ധരംഗത്തെ ഈ ആധുനികവൽക്കരണമായിരുന്നു.
ലളിതജീവിതമായിരുന്നു ഔറംഗസേബിന്റെത്. ജീവിതത്തിലെ ലാളിത്യം അദ്ദേഹത്തിന്റെ വ്യക്തിഗത ശീലങ്ങളിലും ഭരണരീതിയിലും പ്രകടമായിരുന്നു. മുഗൾ ചക്രവർത്തിമാരിൽ പലരും ആഡംബരപ്രിയരായിരുന്നപ്പോൾ, ഔറംഗസേബ് ആഡംബര വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കാൻ താൽപര്യം കാണിച്ചില്ല. ലളിതമായ വസ്ത്രങ്ങൾ ധരിച്ചും കൈകൊണ്ട് തൊപ്പി തുന്നിയും അദ്ദേഹം ജീവിതം നയിച്ചു. രാജാവായിരിക്കെ തന്റെ വ്യക്തിഗത ചെലവുകൾക്കായി ഖജനാവിൽനിന്ന് പണം സ്വീകരിക്കാതെ, സ്വന്തം കൈകൊണ്ട് ക്വുർആൻ പകർത്തിയെഴുതി അതു വിറ്റ് വരുമാനമുണ്ടാക്കി ഭക്ഷണത്തിന് വക കണ്ടെത്തി. മുൻ ചക്രവർത്തിമാർ സിംഹാസനത്തിന്റെ ഭംഗി വർധിപ്പിക്കാനായി ആഡംബര വസ്തുക്കളുടെ ശേഖരം തന്നെ തയ്യാറാക്കിയപ്പോൾ, ഔറംഗസേബ് ഇത്തരം പ്രദർശനങ്ങളിൽ താൽപര്യം കാണിച്ചില്ലെന്നു മാത്രമല്ല ദർബാറിലെ അലങ്കാരങ്ങളും ആർഭാടങ്ങളും എടുത്തുകളയുകയും ചെയ്തു. വിനോദങ്ങളിലോ സംഗീതത്തിലോ താൽപര്യം കാണിക്കാതെ ജനങ്ങളുടെ ക്ഷേമത്തിനും മതപരമായ കർത്തവ്യങ്ങൾക്കും മുൻഗണന നൽകിയായിരുന്നു അദ്ദേഹം ഭരണം മുന്നോട്ടുകൊണ്ടുപോയത്.
1707 ഫെബ്രുവരി 20ന് അഹമ്മദ് നഗറിൽവച്ച് 88ാം വയസ്സിൽ ഔറംഗസേബ് മരണമടഞ്ഞു. മരണാനന്തരം, ലളിതമായ ക്വബ്ർ മാത്രം മതിയെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്തനുസരിച്ച് താജ്മഹൽ പോലുള്ള മുൻഗാമികളുടെ ഭംഗിയാർന്ന സ്മാരകങ്ങളിൽനിന്ന് വ്യത്യസ്തമായി ഔറംഗാബാദിലെ ഖുൽദാബാദിൽ ഒരു എളിയ സ്ഥലത്താണ് അദ്ദേഹത്തിന്റെ ക്വബ്ർ ഒരുക്കിയത്. ഇതിനായുള്ള പണം പോലും തന്റെ സ്വന്തം വരുമാനത്തിൽനിന്ന് അദ്ദേഹം മാറ്റിവച്ചിരുന്നു. ഈ ക്വബ്‌റാണ് ഛാവ സിനിമയുടെ പശ്ചാത്തലത്തിൽ പൊളിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ ആക്രോശിക്കുന്നത്.
ഔറംഗസേബിനെ കുറിച്ചുള്ള വിമർശനങ്ങളും വസ്തുതയും
‘മുസ്‌ലിം അസഹിഷ്ണുത’യുടെ ഇന്ത്യൻ പകർപ്പായി എന്നും വിമർശകർ ഉയർത്തിക്കാണിക്കാറുള്ളത് ഔറംഗസേബിനെയാണ്. ഇസ്‌ലാമികാധ്യാപനങ്ങൾ ഏറെക്കുറെ സ്വജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം എന്നതിനാലാണത്. ക്വുർആൻ പകർത്തിയെഴുതിയും തൊപ്പി തുന്നിയും തന്റെ ദൈനംദിനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയ അദ്ദേഹം ഹിന്ദു-സിഖ് പ്രജകൾക്കെതിരെ വിവേചനപരമായ മതനയം വച്ചുപുലർത്തിയിരുന്ന ആളാണ് എന്നും, ക്ഷേത്രധ്വംസനങ്ങൾ നിർബാധം നടത്തിയിരുന്നു എന്നുമാണ് ‘ഛാവാ’ എന്ന മറാത്തി ചരിത്ര സിനിമ ആരോപിക്കുന്നത്.
യഥാർഥത്തിൽ, ഇന്ത്യയിൽ ഹൈന്ദവഭരണാധികാരികൾ ഭരിച്ചിരുന്ന സമയത്ത് മുസ്‌ലിം ഭരണകാലത്തുള്ളതിനെക്കാളേറെ ക്ഷേത്രനശീകരണങ്ങൾ നടന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മറാത്ത-രജപുത്രരാജാക്കന്മാർ അന്യനാടുകളിൽ പോയി ക്ഷേത്രധ്വംസനം നടത്തി ധനവും സ്വർണവും കൊള്ളയടിച്ചതായി കാണാം. 1791ൽ ശൃംഗേരിമഠം കൊള്ളയടിച്ച് വൈദിക ബ്രാഹ്‌മണൻമാരെ കൊന്നു കളഞ്ഞ മറാത്താ രാജാവ് രഘുനാഥറാവുവും, ദാഭോയിലെയും കാംബോയിലെയും ജൈനക്ഷേത്രങ്ങൾ കൊള്ളയടിച്ച പർമാര വംശഭരണാധികാരി സുഭതവർമ (1193-1210) ഈ ഗണത്തിൽ പെടുന്നവരാണ്. ഹർഷനെപ്പോലെ പല ഭരണാധികാരികളും ഇക്കാര്യത്തിനായി പ്രത്യേക സേനാവിഭാഗം തന്നെ സ്ഥാപിച്ചതായും ചരിത്രത്തിൽ കാണാം. എന്നാൽ 25 വർഷം താൻ ജീവിച്ച ഡക്കാനിലെ ഒരൊറ്റ ക്ഷേത്രത്തിന് പോലും പോറലേൽപിക്കാത്ത ഔറംഗസേബിനെതിരെ വർഗീയത ആരോപിക്കുന്നവരെ അതിന് പ്രേരിപ്പിച്ചത് അദ്ദേഹം ഭരണരംഗത്ത് നടപ്പാക്കിയ ധാർമിക നിലപാടുകളാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
മദ്യപാനം, കൈക്കൂലി, അന്യായമായ നികുതി പരിവ്, നഗ്‌നതാപ്രദർശനം... തുടങ്ങിയ അധാർമികവൃത്തികൾക്കെതിരെ കർശനനിയമങ്ങൾ കൈക്കൊണ്ട അദ്ദേഹം ഹിന്ദുത്വർ പൂജനീയനായി കരുതുന്ന മറാത്താ നേതാവ് ശിവജിയെ പല യുദ്ധങ്ങളിലും പരാജയപ്പെടുത്തുകയുമുണ്ടായി. ഒരു ശരാശരി ഹിന്ദുത്വ ചരിത്രകാരന് ഔറംഗസേബിനെ വർഗീയവാദിയാക്കാൻ ഇതിൽപരം കാരണങ്ങളൊന്നും വേണ്ടതില്ലല്ലോ!
ഔറംഗസേബ് ആലംഗീറിന്റെ പേരിൽ ക്ഷേത്രധ്വംസനമാരോപിക്കുന്നവർക്ക് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവി നൽകുന്ന മറുപടി ‘ഔറംഗസീബ്’ എന്ന പുസ്തകത്തിൽ കാണാം. ‘25 വർഷത്തോളം ആലംഗീർ ചക്രവർത്തി ഡക്കാനിൽ താമസിക്കുകയുണ്ടായി. ഡക്കാൻ പ്രദേശമാകട്ടെ, ആയിരക്കണക്കായ ഹൈന്ദവ ക്ഷേത്രങ്ങളും ദേവാലയങ്ങളുമുള്ള സ്ഥലമാണ്. എന്നാൽ ഒരൊറ്റ ഹൈന്ദവക്ഷേത്രത്തിന് നേരെയെങ്കിലും സുൽത്താൻ ആലംഗീർ ആക്രമണം നടത്തിയതായി ഒരു ചരിത്ര ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടില്ല. ആൾവാറിലെ പ്രസിദ്ധമായ ഹൈന്ദവക്ഷേത്രത്തിൽ നൂറുകണക്കിനായ പ്രതിമകളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ആലംഗീർ ആൾവാറിൽനിന്ന് ഒന്നുരണ്ട് മൈൽ അകലെയുള്ള ഒരു സ്ഥലത്താണ് കബറടക്കപ്പെട്ടിരിക്കുന്നത്. ആലംഗീറിന് മുമ്പ് തന്നെ അവിടെ വലിയ വലിയ മതപണ്ഡിതന്മാരുടെ കബറുകളുണ്ട്. എന്നാൽ അവിടയുണ്ടായ ബിംബങ്ങൾക്കും പ്രതിമകൾക്കും യാതൊരു കോട്ടവും തട്ടിയിട്ടുണ്ടായിരുന്നില്ല. അവ ഇപ്പോഴും ഉണ്ട്’’ (ഔറംഗസീബ്: ഇ.മൊയ്തുമൗലവി, പേജ് 126,127).
മാത്രമല്ല; ഇതരമതസ്ഥരുടെ ആരാധനാലയങ്ങളോടും അതിലെ പുരോഹിതന്മാരോടും നീതിയോടെ വർത്തിക്കാനും അവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കാനുമുള്ള ആർജവവും ഔറംഗസേബ് കാണിച്ചിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. ബനാറസിലെ ഗവർണറായിരുന്ന അബുൽഹസന് അദ്ദേഹം നൽകിയ ഉത്തരവിൽ ഇങ്ങനെ കാണാം: ‘നീതിപൂർവകമായ നമ്മുടെ ഈ ഭരണം നടക്കുന്ന ഈ കാലത്തുപോലും ബനാറസിലും മറ്റു പ്രദേശങ്ങളിലും താമസിക്കുന്ന ഹിന്ദു പ്രജകളെ ചിലർ വൈരാഗ്യത്താലും വിദ്വേഷത്താലും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നതായി നമുക്ക് വിവരം ലഭിച്ചിരിക്കുന്നു. അവിടങ്ങളിലെ ക്ഷേത്രങ്ങളുടെ സംരക്ഷകരായ ബ്രാഹ്‌മണന്മാരെ അവരുടെ കൃത്യനിർവഹണത്തിൽനിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നതായും നാം മനസ്സിലാക്കുന്നു. നമ്മോട് കൂറും വിശ്വസ്തതയുമുള്ള അബുൽഹസനോട് നാം കൽപിക്കുന്നു: ഈ ഉത്തരവ് കൈവശം കിട്ടിയ ഉടനെ തന്നെ ഇത്തരം അനാശാസ്യപ്രവർത്തനങ്ങൾ ഇല്ലാതാക്കുകയും ഭാവിയിൽ ബ്രാഹ്‌മണപുരോഹിതന്മാരുടെ പ്രവർത്തനങ്ങളിൽ അവർക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അനാദികാലം നിലനിൽക്കേണ്ടതും ദൈവദത്തമായി നൽകപ്പെട്ടതുമായ നമ്മുടെ സാമ്രാജ്യത്തിന്റെ ഉയർച്ചക്കും മനുഷ്യസമൂഹത്തിന്റെ കൂട്ടായ നന്മക്കും അവർ നടത്തുന്ന പ്രാർഥനകൾ അഭംഗുരം തുടരാൻ അനുവദിക്കുകയും വേണം. ഇത് വളരെ അടിയന്തിര കാര്യമായി കരുതി ഉടൻ നടപടികൾ സ്വീകരിക്കുക’’ (ഉദ്ധരിച്ചത്: സി.കെ കരീം, ചരിത്രപഠനങ്ങൾ, പുറം: 495).
(തുടരും)

