വക്വ‌്‌ഫ് നിയമം: ആശങ്കകളും പ്രതീക്ഷകളും
സുഫ്‌യാൻ അബ്‌ദുസ്സലാം
2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ വക്വ‌്‌ഫ് ഭേദഗതി ബിൽ-2014 പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസർക്കാർ പാസാക്കിയെടുത്തിരിക്കുകയാണ്. രാജ്പഥിലെ റെയ്‌സിന കുന്നുകൾ കയറി രാഷ്ട്രപതിയുടെ അംഗീകാരം കൂടി നേടിയെടുത്തതോടെ അത് നിയമമായിത്തീർന്നിരിക്കുകയാണ്. നിയമമായിട്ടുണ്ടെങ്കിലും പ്രയോഗവത്കരിക്കാൻ സർക്കാറിന് ഏറെ വിയർക്കേണ്ടി വരും. കോൺഗ്രസ്, മുസ്‌ലിംലീഗ്, ഡിഎംകെ, ആർജെഡി, എഎപി തുടങ്ങി നിരവധി രാഷ്ട്രീയ കക്ഷികളും മുസ്‌ലിം സംഘടനകളും ഇതിനകം ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. നടപടിക്രമമനുസരിച്ച് കക്ഷി ചേരുന്ന എല്ലാ വിഭാഗങ്ങളെയും കേൾക്കുക എന്ന പ്രാഥമിക കർത്തവ്യം നിർവഹിക്കാൻ സുപ്രീംകോടതി നിർബന്ധിതമാകും. വാദം കേട്ട് വിധി പറയുന്നതുവരെയെങ്കിലും നിയമം സ്റ്റേ ചെയ്യാനുള്ള അധികാരം സുപ്രീംകോടതിയിൽ നിക്ഷിപ്തമാണ്.
സുപ്രീംകോടതിയിൽ എത്തുമ്പോൾ
പാർലമെന്റ് പാസാക്കുന്ന ഏത് പുതിയ ബില്ലും മൗലികാവകാശ ലംഘനങ്ങളുണ്ടെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനും പ്രതിവിധി കാണുവാനുമുള്ള അവകാശം ബന്ധപ്പെട്ട കക്ഷികൾക്കുണ്ടെന്ന് ഭരണഘടനയുടെ 32ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. ഒരു നിയമം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടാൽ അതിനെതിരെ സംഘടനകൾക്കും വ്യക്തികൾക്കും പൊതുതാൽപര്യ ഹരജി നൽകാൻ അവകാശമുണ്ടെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്.
സുപ്രീംകോടതിയിൽ ഇത് സംബന്ധമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള ക്രമപ്രശ്‌നങ്ങൾ ഇവയാണ്:
1) അസമത്വം: മറ്റു മതങ്ങൾക്കൊന്നുമില്ലാതെ, ഒരു മതത്തിന് മാത്രം നിയന്ത്രണം കൊണ്ടുവരുന്നത് ‘സമത്വത്തിനുള്ള അവകാശം’ എന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന് എതിരാണ്.

2) വിവേചനം: ഒരു മതത്തിന് മാത്രം നിയന്ത്രണം കൊണ്ടുവരുന്നത് മതവിവേചനം പാടില്ലെന്ന 15ാം അനുച്ഛേദത്തിന്റെയും ലംഘനമാണ്.
3) മതവിശ്വാസ-ആചരണ ലംഘനം: സ്വതന്ത്രമായ മതവിശ്വാസ ആചരണം ഉറപ്പുനൽകുന്ന 25ാം അനുഛേദത്തെയും ഇത് ലംഘിക്കുന്നു.
4) മതസ്ഥാപന സ്വയംഭരണാവകാശം: മതസ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശമുണ്ട് എന്ന ഭരണഘടനയുടെ 26 മുതൽ 28 വരെയുള്ള അനുച്ഛേദങ്ങൾക്ക് കടകവിരുദ്ധമാണ്.
5) ന്യൂനപക്ഷ സംരക്ഷണം: മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന 29, 30 അനുച്ഛേദങ്ങൾക്ക് എതിരാണ് പുതിയ ബിൽ.
6) സ്വത്തവകാശ സംരക്ഷണം: ഏതൊരു വ്യക്തിയുടെയും സ്വത്തവകാശം സംരക്ഷിക്കണമെന്ന 300 എയുടെ ലംഘനം കൂടിയാണ്.
7) ഫെഡറൽ ലംഘനം: പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഒരു പോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലുള്ള വിഷയമാണ് വക്വ‌്‌ഫ് . സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ ആരായാതെ ഏകപക്ഷീയമായി പാർലമെന്റിൽ അവതരിപ്പിക്കുന്നത് ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ്.
8) ഏകപക്ഷീയ നടപടി: മുസ്‌ലിം സ്ഥാപനങ്ങൾക്ക് മേലുള്ള ഏകപക്ഷീയവും വിവേചനപരവുമായ നടപടി എന്ന നിലയ്ക്ക് അത് ഭരണഘടനാവിരുദ്ധമാണ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടി എന്ന് ഏതൊരാൾക്കും ബോധ്യമാവുന്ന വിധത്തിലാണ് ബിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് ബില്ലിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ ബോധ്യമാവും.
9) അമിതാധികാരം ചെലുത്തൽ: യാതൊരു സൂക്ഷ്മപരിശോധനയും അവധാനതയുമില്ലാതെ വക്വ‌്‌ഫ് സ്വത്തുക്കൾക്കുമേലുള്ള അമിതാധികാരമാണ് വക്വ‌്‌ഫ് നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വക്വ‌്‌ഫ് സ്വത്തുക്കളിന്മേൽ അമിതാധികാരം ചെലുത്താനുള്ള അവസരംകൂടി പുതിയ ബിൽ സൃഷ്ടിക്കുന്നുണ്ട്.
ബിൽ: സർക്കാർ വാദങ്ങൾ
ബില്ലിന്റെ ലക്ഷ്യം: വക്വ‌്‌ഫ് സ്വത്തുക്കളുടെ കൈകാര്യങ്ങളിൽ നിരവധി പ്രശ്‌നങ്ങളും പരാതികളുമുണ്ട്. അവ പരിഹരിക്കാൻ 1995ലെ വക്വ‌്‌ഫ് നിയമം (Waqf Act 1995) ഭേദഗതി അനിവാര്യമാണ്. പോരായ്മകൾ പരിഹരിക്കുക, വക്വ‌്‌ഫ് നിർവചനങ്ങൾ പുതുക്കുക, രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, നിയമങ്ങൾ ഏകീകരിക്കുക, സുതാര്യത ഉറപ്പാക്കുക, പഴയ നിയമങ്ങളിലെ ആശയക്കുഴപ്പങ്ങളും വൈരുധ്യങ്ങളും ഇല്ലാതാക്കുക എന്നീ പ്രക്രിയകളാണ് ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് വിശദീകരണം. എന്നാൽ ഇവയെല്ലാം വക്വ‌്‌ഫിന്റെ ഭരണനിർവാഹക വിഭാഗങ്ങൾക്ക് നിർദേശം നൽകിക്കൊണ്ട് നടപ്പാക്കാവുന്ന കാര്യം മാത്രമാണ്. ഒരു ഭേദഗതിയുടെ ആവശ്യമില്ല. താഴെ പറയുന്നവയാണ് സർക്കാർ പറയുന്ന പ്രധാന പ്രശ്‌നങ്ങൾ:
1) വക്വ‌്‌ഫിന്റെ മാറ്റമില്ലാത്ത സ്വഭാവം
ഒരിക്കൽ ഒരു സ്വത്ത് വക്വ‌്‌ഫ് ആയിക്കഴിഞ്ഞാൽ അത് എല്ലാ കാലത്തേക്കും വക്വ‌്‌ഫ് ആണ് എന്ന, ഒരിക്കലും മാറ്റത്തിന് വിധേയമല്ലാത്ത വക്വ‌്‌ഫിന്റെ സ്വഭാവം (Irrevocability) ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഗുജറാത്തിലെ ബെറ്റ് ദ്വാരകയിലെ പ്രശ്‌നമാണ് ഉദാഹരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. മുൻകാലങ്ങളിൽ നടന്ന ഭേദഗതികൾ ഫലപ്രദമല്ലാത്തതിനാൽ നിരവധി തർക്കങ്ങൾക്ക് കാരണമാകുന്നു. ശക്തമായ നിയമമില്ലാത്തതിനാൽ അനധികൃതമായ ഭൂമി കൈയേറ്റം, ഉടമസ്ഥാവകാശ തർക്കങ്ങൾ, രജിസ്ട്രേഷൻ കാലതാമസം, വലിയ തോതിലുള്ള പരാതികൾ എന്നിവ വർധിക്കുന്നു.
2) ജുഡീഷ്യൽ മേൽനോട്ടമില്ല
വക്വ‌്‌ഫ് സ്വത്തുക്കൾക്കുമേൽ ജുഡീഷ്യൽ മേൽനോട്ടമില്ല എന്നതാണ് സർക്കാർ ആരോപിക്കുന്ന മറ്റൊരു കാര്യം. വക്വ‌്‌ഫ് ട്രൈബ്യുണലുകൾ എടുക്കുന്ന തീരുമാനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയില്ല എന്നും ഇത് വക്വ‌്‌ഫ് ഭരണനിർവഹണത്തിലെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നു എന്നും സർക്കാർ ആരോപിക്കുന്നു.
3) അപൂർണമായ വക്വ‌്‌ഫ് സർവേ

വക്വ‌്‌ഫ് സർവേ കമ്മീഷണറുടെ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ആരംഭിച്ചിട്ട് പോലുമില്ല. റവന്യൂ വകുപ്പുമായി ഒരു സംയോജനവും ഏകോപനവും വക്വ‌്‌ഫ് ബോർഡുകൾക്കില്ല.
4) വക്വ‌്‌ഫ് നിയമങ്ങളുടെ ദുരുപയോഗം
പല സംസ്ഥാനങ്ങളിലും വക്വ‌്‌ഫ് ബോർഡുകൾ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടെന്നും വക്വ‌്‌ഫ് നിയമത്തിലെ സെക്ഷൻ 40 സ്വകാര്യ സ്വത്തുക്കളെ വക്വ‌്‌ഫ് സ്വത്തുക്കളായി പ്രഖ്യാപിക്കാൻ വേണ്ടി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സർക്കാർ ആരോപിക്കുന്നു. സെക്ഷൻ 40 പ്രകാരമുള്ള സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന വക്വ‌്‌ഫ് ബോർഡുകൾ നൽകുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നു.
5) ഭരണഘടനാ സാധുതയില്ല
ഒരു മതത്തിന് മാത്രം ബാധകമാവുന്നതുകൊണ്ട് തന്നെ വക്വ‌്‌ഫ് ആക്റ്റിന് ഭരണഘടനാ സാധുതയില്ലെന്നും ദൽഹി അടക്കമുള്ള ചില സംസ്ഥാന ഹൈക്കോടതികളിൽ ഇതുസംബന്ധമായ പൊതുതാൽപര്യ ഹരജികൾ നിലനിൽക്കുന്നുണ്ടെന്നും ഇതിന് മറുപടി പറയാനും നടപടികൾ സ്വീകരിക്കാനും തങ്ങൾക്ക് ബാധ്യതയുണ്ടെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു.
സർക്കാർ ആരോപണങ്ങളുടെ നിജസ്ഥിതി
സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ മുകളിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഭൂരിഭാഗവും ഭരണപരമായ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആരോപണങ്ങൾ സത്യസന്ധമാണെങ്കിൽ പോലും ഇത് പരിഹരിക്കാൻ വക്വ‌്‌ഫ് നിയമങ്ങളിൽ ഒരു ഭേദഗതിയുടെയും ആവശ്യമില്ല. ഭരണപരമായ കാര്യങ്ങൾ ഒന്നുകൂടി ഊർജിതപ്പെടുത്തുകയും ബന്ധപ്പെട്ട വക്വ‌്‌ഫ് വകുപ്പുകളെ ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ട് വക്വ‌്‌ഫ് സ്വത്തുക്കൾക്കും അതുമായി ബന്ധപ്പെട്ട ഭരണപരമായ പ്രവർത്തനങ്ങൾക്കും കൃത്യമായ സംരക്ഷണവും നിരീക്ഷണവും ഏർപ്പെടുത്തുക മാത്രമാണ് സർക്കാർ ചെയ്യേണ്ടത്.
എന്നാൽ വക്വ‌്‌ഫിന്റെ സ്വഭാവത്തെ പോലും ചോദ്യം ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരാൾ ദൈവമാർഗത്തിൽ ഒരു ഭൂസ്വത്ത് ദാനം ചെയ്തുകഴിഞ്ഞാൽ അത് ഇസ്‌ലാമികസമൂഹത്തിന്റെതായി. അതിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുവാനോ ദാനത്തിലൂടെ ലക്ഷ്യമാക്കിയിട്ടുള്ള കാര്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കാനോ പാടില്ല. വക്വ‌്‌ഫ് ഭൂമികളിൽ വിരലിൽ എണ്ണാവുന്ന ഏതാനും ഭൂമികളെ കുറിച്ചു മാത്രമാണ് തർക്കങ്ങളും പ്രശ്‌നങ്ങളും നിലനിൽക്കുന്നത്. വക്വ‌്‌ഫ് ഭൂമികളെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിന് സംരക്ഷണം നൽകുന്ന കാര്യത്തിൽ മുതവല്ലിമാരും വക്വ‌്‌ഫ് ബോർഡുകളും സർക്കാറുകളും കാണിച്ച കെടുകാര്യസ്ഥതയാണ് ഇതിന്റെ കാരണം. അതിന് വക്വ‌്‌ഫിനെയോ വക്വ‌്‌ഫ് ചെയ്തവരെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് പറഞ്ഞത് പോലെ ഉദ്യോ
ഗസ്ഥരുടെയും വക്വ‌്‌ഫ് കൈകാര്യം ചെയ്യുന്നവരുടെയും കൃത്യവിലോപത്തിന്റെ പേരിൽ വക്വ‌്‌ഫിനെ തന്നെ ഇല്ലായ്മ ചെയ്യാനല്ല സർക്കാർ മുതിരേണ്ടത്.
വക്വ‌്‌ഫ് ട്രൈബ്യുണലുകൾ എടുക്കുന്ന തീരുമാനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ സാധിക്കില്ല എന്ന വാദം തെറ്റാണ്. വക്വ‌്‌ഫുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാവേണ്ടത് വക്വ‌്‌ഫ് ട്രൈബ്യുണലുകളിലാണെങ്കിലും അ
തുമായി ബന്ധപ്പെട്ട പരാതികളിൽ കോടതികൾക്ക് ഇടപെടാൻ സാധിക്കില്ല എന്ന് വ്യാഖ്യാനിക്കുന്നത് അതിശയോക്തിപരവും അർഥശൂന്യവുമാണ്. എത്രയോ കേസുകളിൽ കോടതികൾ വക്വ‌്‌ഫ് ട്രൈബ്യുണൽ തീരുമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ മധ്യപ്രദേശിലെ ദേവാസ് ഖബർസ്ഥാനുമായി ബന്ധപ്പെട്ട കാര്യത്തിൽ അവിടുത്തെ വക്വ‌്‌ഫ് ട്രൈബ്യുണലിന്റെ തീരുമാനം ദുർബലപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി എടുത്ത തീരുമാനം സുവിദിതമാണ്.
40ാം സെക്ഷനും തെറ്റിദ്ധരിപ്പിക്കലും
ഒരു ഭൂസ്വത്തുമായി ബന്ധപ്പെട്ട് വക്വ‌്‌ഫ് ബോർഡിന്റെ മുന്നിൽ വരുന്ന തർക്കത്തിൽ വക്വ‌്‌ഫ് ആക്റ്റിന്റെ 40ാം സെക്ഷൻ ഉപയോഗിച്ച് വക്വ‌്‌ഫ് ബോർഡിന് അത് വക്വ‌്‌ഫ് ആണെന്ന് പ്രഖ്യാപിക്കാനുള്ള അധികാരമുണ്ടെന്നും അത് ചോദ്യം ചെയ്യപ്പെടാൻ പോലും പാടില്ലെന്നും ഇത് ഏകപക്ഷീയമായ നിയമമാണെന്നുമെല്ലാമാണ് കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിക്കുന്നത്. വക്വ‌്‌ഫാണ് എന്നുറപ്പുള്ള ഏതൊരു ഭൂസ്വത്തും അത് വക്വ‌്‌ഫായി രേഖപ്പെടുത്തേണ്ടത് വക്വ‌്‌ഫ് ബോർഡാണ് എന്ന ന്യായമായ കാര്യം മാത്രമാണ് സെക്ഷൻ 40ന്റെ അടിസ്ഥാനം. അതിനെയാണ് ഇങ്ങനെ ദുർവ്യാഖ്യാനിച്ച് സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നത്. തർക്കം വരുമ്പോൾ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകാനുള്ള അധികാരം വക്വ‌്‌ഫ് ബോർഡിനുണ്ട്. കക്ഷികളെ വിളിച്ചുവരുത്തി അത് സംബന്ധമായ രേഖകൾ ഹാജരാക്കാനും വാദങ്ങൾ നിരത്താനും വക്വ‌്‌ഫ് ബോർഡ് ആവശ്യപ്പെടുകയും അതിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു. വക്വ‌്‌ഫ് ബോർഡ് എടുത്ത തീരുമാനം തെറ്റാണെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ വക്വ‌്‌ഫ് ട്രൈബ്യുണലിനെ സമീപിക്കാൻ കക്ഷികൾക്ക് അവകാശമുണ്ട്. സെക്ഷൻ 40 ന്റെ 4ാം ഖണ്ഡികയിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. വക്വ‌്‌ഫ് ട്രൈബ്യുണൽ എടുത്ത തീരുമാനം ശരിയല്ലെങ്കിൽ കോടതികളെ സമീപിക്കുവാനും കക്ഷികൾക്ക് അവകാശമുണ്ട്. അതാണ് മുകളിൽ പരാമർശിക്കപ്പെട്ട, മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി വ്യക്തമാക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് നിയമങ്ങളെ വ്യാഖ്യാനിക്കുവാനും അന്തിമവിധി പറയാനുമുള്ള അധികാരം കോടതികൾക്കാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയമുള്ളത്?
വക്വ‌്‌ഫ് ആക്റ്റിന്റെ ഭരണഘടനാ സാധുത
വക്വ‌്‌ഫ് ആക്റ്റിന്റെ ഭേദഗതിക്ക് ശ്രമിക്കുന്ന മോദി-അമിത്ഷാ-റിജ്ജു കൂട്ടുകെട്ടിന്റെ യഥാർഥ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ് വക്വ‌്‌ഫ് ആക്റ്റിന് ഭരണഘടനയുടെ അംഗീകാരമില്ല എന്ന ആരോപണം. ഭരണഘടനയുടെ അംഗീകാരമില്ലാത്ത ഒരു ആക്റ്റ് ആണ് വക്വ‌്‌ഫ് ആക്റ്റ് എങ്കിൽ അതിനെ ഭേദഗതി ചെയ്യുകയല്ല മറിച്ച് പൂർണമായും ഇല്ലാതാക്കുകയാണ് വേണ്ടത്. യഥാർഥത്തിൽ അതിനുള്ള ചുവടുവയ്പാണ് ഇപ്പോൾ ഭേദഗതി എന്ന പേരിൽ കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ള ഗെയിം.
ഒരു മതത്തിന് മാത്രമോ?
ഒരു മതത്തിന് മാത്രം ബാധകമായ കാര്യമാണ് വക്വ‌്‌ഫ് എന്നും അതുകൊണ്ടുതന്നെ ഒരു മതത്തിന് മാത്രം അങ്ങനെ ഒരു സൗകര്യം വകവെച്ചുകൊടുക്കാൻ പറ്റില്ലെന്നുമാണ് സർക്കാറിന്റെ വിതണ്ഡവാദം. ഈ വാദം പ്രത്യക്ഷത്തിൽ തന്നെ അർഥശൂന്യമാണ്. സെൻട്രൽ വക്വ‌്‌ഫ് കൗൺസിലും സംസ്ഥാന വക്വ‌്‌ഫ് ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളല്ല. അവ പൂർണമായും സർക്കാർ വിധേയം തന്നെയാണ്. മറിച്ചുള്ള ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ല. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നിർണയിക്കപ്പെട്ട അധികാര പരിധിയിൽ നിന്നുകൊണ്ടാണ് വക്വ‌്‌ഫ് കൗൺസിലും ബോർഡുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഹൈന്ദവ-ക്രൈസ്തവ സ്വത്തുക്കൾ
ഓരോ മതത്തിന്റെയും ആരാധനാലയങ്ങളും അതുമായി ബന്ധപ്പെട്ട സ്വത്തുക്കളുമെല്ലാം സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അവകാശം അതാത് മതവിഭാഗങ്ങൾക്ക് തന്നെ നൽകിയിട്ടുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ദേവസ്വം ബോർഡ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ വിവിധ ബോർഡുകൾ ഈ നിലയിലാണ് പ്രവർത്തിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളുടെയും സ്ഥിതി അങ്ങനെത്തന്നെയാണ്. പിന്നെ എങ്ങനെയാണ് ഒരു മതത്തിനും മാത്രം പ്രത്യേകം പ്രിവിലേജ് എന്ന് പറയാൻ സാധിക്കുക? വക്വ‌്‌ഫ് ബോർഡിലേക്കും ദേവസ്വം ബോർഡിലേക്കുമെല്ലാമുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് അതാത് കാലങ്ങളിലെ സംസ്ഥാന സർക്കാറുകളാണ്. വക്വ‌്‌ഫ് ബോർഡ് നേരിട്ടോ മുസ്‌ലിം മതസംഘടനകളോ രാഷ്ട്രീയപാർട്ടികളോ അല്ല അവരെ നിശ്ചയിക്കുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും എൻഡോവ്‌മെന്റ് ബോർഡുകളുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപോലെ സർക്കാർ കാര്യങ്ങളായിട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്.
പുതിയ മാറ്റങ്ങൾ എന്തെല്ലാം?
ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബില്ലിലൂടെയുണ്ടായ പ്രധാന ഭേദഗതികൾ പരിശോധിക്കാം:
പേരുമാറ്റം: നിലവിലുള്ള വക്വ‌്‌ഫ് ആക്റ്റ് 1995 എന്ന പേര് ഇനിമുതൽ യൂണിഫൈഡ് വക്വ‌്‌ഫ് മാനേജ്മെന്റ്, എംപവർമെൻ്, എഫിഷ്യൻസി & ഡെവലപ്‌മെന്റ് ആക്റ്റ് 2025 (ഏകീകൃത വക്വ‌്‌ഫ് ഭരണ ശാക്തീകരണ കാര്യക്ഷമതാ വികസന നിയമം 2025) എന്നാണ് അറിയപ്പെടുക.
വക്വ‌്‌ഫ് രൂപീകരണം: പരമ്പരാഗതമായി ഉപയോഗിക്കപ്പെട്ടുവരുന്നതിലൂടെയും (Waqf by User)), പ്രഖ്യാപനത്തിലൂടെയും (Declaration), സംഭാവനകളിലൂടെയും (Endowment))ഒരു സ്വത്ത് വക്വ‌്‌ഫ് ആകാവുന്നതാണ് എന്നായിരുന്നു 1995ലെ ആക്റ്റിൽ ഉണ്ടായിരുന്നതെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഭേദഗതികളാണ് കൊണ്ടുവന്നിട്ടുള്ളത്. വക്വ‌്‌ഫ് ബൈ യൂസർ എടുത്തുകളഞ്ഞുകൊണ്ടുള്ള ഭേദഗതിയാണ് അതിൽ ഏറെ പ്രധാനപ്പെട്ടത്. വക്വ‌്‌ഫ് ബൈ യൂസർ എടുത്തുകളയുന്നതോടെ പരമ്പരാഗതമായി നിലനിൽക്കുന്ന കാലപ്പഴക്കം ചെന്ന നിരവധി വക്വ‌്‌ഫ് സ്വത്തുക്കളെ അത് ഗുരുതരമായി ബാധിക്കും. മുൻകാല പ്രാബല്യമില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ അടക്കമുള്ള സംഘപരിവാർ സർക്കാറുകൾ ഇതിനകം നിയമത്തെ ഉപയോഗിച്ച് തുടങ്ങിയതായുള്ള വാർത്തകൾ വന്നുതുടങ്ങിയിട്ടുണ്ട്. രഥയാത്രകളും ബുൾഡോസറുകളും ഉപയോഗിച്ചായിരുന്നു ഇതുവരെ അദ്വാനി-മോദി-യോഗിമാർ പള്ളികൾ തകർത്തിരുന്നതെങ്കിൽ ഇനി അതൊന്നുമില്ലാതെ തന്നെ വക്വ‌്‌ഫ് സ്വത്തുക്കൾ കൈയടക്കാനുള്ള മാർഗം പുതിയ ഭേദഗതി വഴി വന്നുചേരുകയാണ്.
ആരാണ് മുസ്‌ലിം എന്ന ചോദ്യം
ഒരാൾക്ക് വക്വ‌്‌ഫ് ചെയ്യണമെങ്കിൽ അയാൾ അഞ്ച് വർഷം മുസ്‌ലിമായി പ്രാക്റ്റീസ് ചെയ്തതായി തെളിയിക്കണമെന്ന വ്യവസ്ഥകൂടി ചേർത്തിട്ടുണ്ട്. ഒരാൾ മുസ്‌ലിമാണ് എന്ന് തെളിയിക്കാൻ നിലവിൽ രേഖകൾ ഇല്ലാത്തതിനാൽ പുതുതായി വരുന്ന വക്വ‌്‌ഫുകൾ റജിസ്റ്റർ ചെയ്യപ്പെടാതെ പോവുകയും ചെയ്യും.
വക്വ‌്‌ഫിന്മേലുള്ള സർക്കാർ അവകാശം

ഒരു വക്വ‌്‌ഫ് സ്വത്ത് വക്വ‌്‌ഫ് അല്ലെന്നും അത് സർക്കാറിന്റെതാണെന്നും വാദമുയർന്നാൽ വളരെ പെട്ടെന്നുതന്നെ അതാത് ജില്ലാ കളക്റ്റർമാർക്ക് നടപടി സ്വീകരിച്ച് സർക്കാരിലേക്ക് സ്വത്ത് കണ്ടുകെട്ടാമെന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ഇത്തരം സ്വത്തുക്കൾ വക്വ‌്‌ഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം 1995ലെ വക്വ‌്‌ഫ് ആക്റ്റിൽ വക്വ‌്‌ഫ് ബോർഡിൽ നിക്ഷിപ്തമായിരുന്നു. ഇനി മുതൽ വക്വ‌്‌ഫ് ബോർഡിന് പ്രസ്തുത അധികാരം ഉണ്ടായിരിക്കുന്നതല്ല.
വക്വ‌്‌ഫ് സർവേകൾ
പഴയ നിയമമനുസരിച്ച് വക്വ‌്‌ഫ് കമ്മീഷണർമാരായിരുന്നു വക്വ‌്‌ഫ് സ്വത്തുക്കൾ സർവേ നടത്തിയിരുന്നത്. അവരുടെ അധികാരം എടുത്തുകളഞ്ഞ് പകരം സംസ്ഥാനത്തെ റവന്യൂ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളക്റ്റർമാർക്ക് അധികാരം പതിച്ച് നൽകിയിരിക്കുകയാണ് പുതിയ നിയമം.
സെൻട്രൽ വക്വ‌്‌ഫ് കൗൺസിൽ
സെൻട്രൽ വക്വ‌്‌ഫ് ബോർഡ്, സംസ്ഥാന വക്വ‌്‌ഫ് ബോർഡുകൾ എന്നിവക്ക് മാർഗനിർദേശം നൽകുന്നതിനുവേണ്ടിയാണ് സെൻട്രൽ വക്വ‌്‌ഫ് കൗൺസിൽ രൂപീകൃതമായിട്ടുള്ളത്. പഴയ നിയമത്തിൽ ഈ കൗൺസിലിൽ മുസ്‌ലിംകൾ മാത്രമെ ഉണ്ടാവൂ എന്ന പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ചുരുങ്ങിയത് രണ്ട് അമുസ്‌ലിംകൾ നിർബന്ധമാണെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ എംപിമാർ, മുൻ ജഡ്ജിമാർ അടക്കമുള്ള മറ്റു അംഗങ്ങൾ മുസ്‌ലിംകൾ തന്നെയായിരിക്കണമെന്ന വ്യവസ്ഥയുമില്ല. കൗൺസിലിലെയും ബോർഡിലെയും എല്ലാ അംഗങ്ങളും അമുസ്‌ലിംകൾ ആയിരുന്നാലും പ്രശ്‌നമൊന്നുമില്ല എന്നാണ് പുതിയ വ്യവസ്ഥ എത്തിച്ചേരുന്നത്. സംസ്ഥാന വക്വ‌്‌ഫ് ബോർഡുകളിലും രണ്ട് അമുസ്‌ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടാവണമെന്നും മറ്റു അംഗങ്ങൾ മുസ്‌ലിംകൾ തന്നെ ആവണമെന്ന് നിർബന്ധമില്ലെന്നും അനുശാസിക്കുന്നു.
വക്വ‌്‌ഫ് ട്രൈബ്യൂണൽ
വക്വ‌്‌ഫ് ട്രൈബ്യൂണൽ അംഗങ്ങൾ മുസ്‌ലിംകൾ ആവണമെന്ന് നേരത്തെ വ്യവസ്ഥയില്ല. ഇപ്പോഴത്തെ കേരള വക്വ‌്‌ഫ് ട്രൈബ്യൂണൽ ജഡ്ജി രാജൻ തട്ടിൽ ആണ്. എന്നാൽ ട്രൈബ്യൂണലിൽ ഒരു മുസ്‌ലിം നിയമ വിദഗ്ധൻ (Muslim Law Expert) ഉണ്ടായിരിക്കൽ നിർബന്ധമാണ് എന്ന് പഴയ നിയമത്തിൽ പറയുന്നുണ്ട്. അത് പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കി. വക്വ‌്‌ഫ് നിയമങ്ങളൊന്നും പാലിക്കാതെ തന്നെ പൊതുനിയമങ്ങളിലൂടെ വക്വ‌്‌ഫ് കാര്യങ്ങൾ തീരുമാനിക്കാമെന്ന നിലപാടിലേക്കാണ് സർക്കാർ എത്തിയിരിക്കുന്നത്. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്നും പ്രത്യേക സന്ദർഭങ്ങളിൽ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് പഴയ നിയമത്തിൽ പറയുന്നുണ്ടെങ്കിൽ പുതിയ നിയമത്തിൽ ട്രൈബ്യൂണൽ വിധിക്ക് വലിയ മൂല്യം കിൽപിക്കുന്നില്ല.
സർക്കാർ അധികാരം
നേരത്തെ സംസ്ഥാന സർക്കാരുകൾക്ക് വക്വ‌്‌ഫ് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള അധികാരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വക്വ‌്‌ഫ് ബോർഡുകളുടെ രജിസ്‌ട്രേഷൻ, വക്വ‌്‌ഫ് കണക്കുകളുടെ പ്രസിദ്ധീകരണം, നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ നിർമിക്കാനുള്ള അധികാരങ്ങൾ സമ്പൂർണമായും കേന്ദ്ര സർക്കാരിന് നൽകിയിരിക്കുകയാണ്. ഓഡിറ്റ് ആവട്ടെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.എ.ജിക്ക് നൽകുകയും ചെയ്തു.
പുതിയ ഭേദഗതി എത്രമാത്രം ഭീകരമാണെന്നും വിവേചനപരമാണെന്നും ക്രൂരത നിറഞ്ഞതാണെന്നും ഭേദഗതിയിലൂടെ വന്ന മാറ്റങ്ങൾ വ്യക്തമാക്കുന്നു. വക്വ‌്‌ഫിനെ ഇല്ലാതാക്കുകയും മുസ്‌ലിം അടയാളങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുക എന്ന സംഘപരിവാർ ഫാസിസ്റ്റ് അജണ്ടകളാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
(അടുത്ത ലക്കത്തിൽ: സർക്കാർ കുതന്ത്രവും പ്രതിപക്ഷ തന്ത്രങ്ങളും)

