ഗുജറാത്ത് വംശഹത്യ: ഇന്ത്യയുടെ തീരാനൊമ്പരം

മുജീബ് ഒട്ടുമ്മൽ

2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

ഗുജറാത്ത് വംശഹത്യയെ പ്രമേയമാക്കി നിർമിച്ച പുതിയ മലയാള സിനിമ ഏറെ വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. വർഷങ്ങളായി ഗോഡി മീഡിയയും സെൻസർ ബോർഡും നടത്തുന്ന ഒത്തുകളിയിൽ മതിമറന്നുറങ്ങിയിരുന്ന സംഘ്പരിവാർ സൈബർ പോരാളികൾ നിദ്രവിട്ടിറങ്ങി പിച്ചുംപേയും പറയുന്നത് തമാശയ്ക്ക് വക നൽകുന്നുണ്ട്.

തിരണ്ടുകല്യാണം സാഹിത്യവിഷയമാകാം; പക്ഷേ, മാർക്കം കല്യാണം സാഹിത്യത്തിന്റെ ആഭിജാത്യത്തിന് ചേർന്നതല്ല എന്ന് വിചാരിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല’-ബഷീർ കൃതികൾക്കെതിരെ ഉയർന്ന അർഥശൂന്യമായ സവർണ വിമർശനങ്ങൾക്കെതിരെയുള്ള എംപി പോളിന്റെ ശക്തമായ പ്രതിഷേധത്തിന്റെ സാഹിത്യവരികളാണിത്.

കേരളത്തിലെ കലാസാംസ്‌കാരിക മേഖലകളിലെന്നും മുസ്‌ലിം സമുദായത്തെ അധഃമസ്ഥാനത്ത് അവരോധിച്ചുകൊണ്ടാണ് പരിഗണിക്കാറുണ്ടായിരുന്നത്. വാർപ്പുമാതൃകകൾ സമുദാത്തിനെതിരെ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പുതിയ സിനിമയെക്കുറിച്ചുള്ള വിവാദങ്ങളും അത്തരം ന്യൂനപക്ഷ അപരവൽകരണത്തിന്റ പുതിയ തെളിവുകളായിരിക്കുന്നു.

തിരുവനന്തപുരത്തെ വെഞ്ഞാറമൂടിൽ ഒരു യുവാവ് കാമുകിയടക്കമുള്ള അഞ്ചുപേരെ ചുറ്റികകൊണ്ട് തലക്കടിച്ച് ക്രൂരമായി കൊന്ന സംഭവത്തിലെ ഞെട്ടലിലായിരുന്നു കേരളം. സമാനമായ കൊലപാതകങ്ങളും ആത്മഹത്യകളും ധാരാളമായി കേരളത്തിൽ നടന്നു. മദ്യവും രാസലഹരിയുമാണ് ക്രൂരമായ കൊലപാതകങ്ങളുണ്ടാകുന്നതിന്റെ നിദാനമെന്ന് സമൂഹമൊന്നാകെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ആ കൂട്ടത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ഒന്നാണ് വയലൻസ് സിനിമകൾ. സിനിമാ പ്രവർത്തകരും നടൻമാരുമടക്കം വയലൻസ് സിനിമകൾക്കെതിരെ വാചാലമായി. ക്രൂരമായ മനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ടെന്ന് സമൂഹം ആണയിടുന്നുണ്ടായിരുന്നു. അക്രമവാസനകൾ കുട്ടികളിൽ വളരാൻ കാരണമായ സീനുകൾ സിനിമകളിൽനിന്ന് നീക്കം ചെയ്യണമെന്ന നിർദേശങ്ങളും നൽകി. സമൂഹമനസ്സുകളിൽ സിനിമയുണ്ടാക്കുന്ന ആന്ദോളനങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ചർച്ചകളും തകൃതിയായി നടന്നു.

അങ്ങനെയിരിക്കെയാണ് മലയാളത്തിൽ പുതിയ ഒരു സിനിമ ഉദയം ചെയ്യുന്നത്. 2002ലെ ഗുജറാത്ത് കലാപത്തെയും വംശഹത്യയെയും ആവിഷ്‌കരിച്ചുകൊണ്ടാണ് സിനിമ നിർമിച്ചിട്ടുള്ളത്. സംഘപാരിവാര ക്രൂരതകളെയും അവരുടെ സ്ത്രീവിരുദ്ധതയെയും പ്രത്യേകം ചർച്ചയാക്കിയ സിനിമ കേരളത്തിൽ പുതിയ രാഷ്ട്രീയ ചർച്ചക്ക് കാരണമായിരിക്കുകയാണ്. ഗുജറാത്ത് വംശഹത്യയെ വിസ്മൃതിയിലേക്കെടുത്തെറിഞ്ഞ് ന്യൂനപക്ഷ സംരക്ഷണ റോളിൽ പ്രത്യക്ഷപ്പെടാൻ പുതിയ നേതൃത്വത്തെ തെര‌െഞ്ഞടുത്ത സന്ദർഭത്തിലാണ് പുതിയ സിനിമ. നരഹത്യയും ബലാൽസംഗങ്ങളും അരങ്ങേറിയ കലാപത്തിന് നേതൃത്വം നൽകിയ പലരും ഇന്ന് ഭരണാധികാരികളാണെന്നത് അതിന്റെ ഭീകരതയുടെ ഭയാനകത വെളിവാക്കുന്നുണ്ട്.

കേരള മുഖ്യമന്ത്രിയടക്കമുള്ള മതനിരപേക്ഷ ചേരിയിലെ നേതാക്കളും രാഷ്ട്രനായകരും ശക്തമായ പിന്തുണയുമായി രംഗത്ത് വന്നെങ്കിലും സംഘപരിവാരങ്ങളുടെ സൈബർ ആക്രമണങ്ങളിൽ വിഹ്വലരായ സിനിമാ പ്രവർത്തകരിലെ പ്രധാനികൾ മാപ്പപേക്ഷയുമായി രംഗത്ത് വന്നത് മലയാളി പ്രബുദ്ധതയ്ക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്. വെള്ളക്കാരന് ദാസ്യവേല ചെയ്ത സംഘപരിവാരങ്ങളുടെ നാവ് കൊണ്ടുള്ള ഷൂസേവയുടെ ചിത്രങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങൾ പരിഹാസത്തിന്റ ബഹിഷ്ഫുരണമായി നിറഞ്ഞ് കവിഞ്ഞിരിക്കയാണ്. അവസാനം സെൻസർ ബോർഡ് റീ സെൻസർ ചെയ്ത് പതിനേഴോളം രംഗങ്ങളെ മുറിച്ച് മാറ്റാൻ തീരുമാനിച്ചിരിക്കയാണ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും നരഹത്യയുമെല്ലാമാണ് അതിൽനിന്ന് നീക്കം ചെയ്യുന്ന ഭാഗങ്ങൾ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ലഹരിയും അക്രമവാസനയും വളർന്നുവരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് വയലൻസ് സിനിമകളാണെന്നും അതിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട സാംസ്‌കാരിക മണ്ഡലത്തെ പരിഹസിച്ചുകൊണ്ടാണ് സംഘപരിവാര രാഷ്ട്രീയം പുതിയ സിനിമക്കെതിരെ നടപടി സ്വീകരിക്കുന്നത്. വളർന്ന് വരുന്ന തലമുറ നശിച്ചാലും വൃദ്ധരായ മാതാപിതാക്കൾ ക്രൂരമായി കൊല്ലപ്പെട്ടാലും ലഹരിയുടെ പറുദീസയായി കേരളനാട് തകർന്നാലും ഞങ്ങൾക്കത് പ്രശ്‌നമല്ല, സംഘപരിവാര രാഷ്ട്രീയത്തിന്റെ ക്രൂരതയെ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് അസഹ്യമാണെന്ന തങ്ങളുടെ മനോവ്യഥയെ പരിഗണിക്കാനാണ് സെൻസർ ബോർഡ് ഇവിടെ തയ്യാറായിരിക്കുന്നത്.

വംശഹത്യയിലെ ഭരണകൂട സമീപനം

ഗുജറാത്ത് കലാപത്തെ ഇതിവൃത്തമാക്കിയ പുതിയ സിനിമയെ സെൻസർ ബോർഡ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് ചില കാരണങ്ങളുണ്ട്. ചെറിയ കുഞ്ഞുങ്ങളും വയോധികരുമടക്കും ധാരാളം ആളുകളെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പാപക്കറകൾ ബിജെപിയുടെ തൃശൂലരാഷ്ട്രീയത്തിന്റെ കാവിക്കൊടിയിൽ പതിഞ്ഞിട്ടുണ്ടെന്ന് നിഷ്പക്ഷ അന്വേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. നരോദപാട്യ കൂട്ടക്കൊലക്കേസിൽ അഹമ്മദാബാദ് കോടതി 28 വർഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത് ബിജെപിയുടെ മുതിർന്ന എംഎൽഎയും മുൻമന്ത്രിയുമായ ഡോ. മായ കോഡ്‌നാനാക്കിനെയാണ്. ബജ്‌റംഗ് നേതാവ് ബാബുരാജാ ഭായി പട്ടേൽ എന്ന ബാബു ബജ്‌രങ്കിയെ മരണംവരെ തടവുശിക്ഷയ്ക്കും വിധിച്ചു. അവശേഷിക്കുന്നവരെ 21 വർഷവും ജീവപര്യന്തവും തടവുശിക്ഷയും വിധിച്ചു. ന്യൂനപക്ഷക്കാരായ 97 നിരപരാധികളാണ് നരോദാപാട്യയയിൽ കൊല്ലപ്പെട്ടത്. അതിന് നേതൃത്വം നൽകിയത് മായാ കോഡ്‌നാനിയായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരണ പങ്കാളികളായിരുന്നു ഇവരെല്ലാം. കോടതിയുടെ വിധി പ്രസ്താവത്തിലെ പരാമർശങ്ങൾ കലാപങ്ങളുടെ ഭീകരത തുറന്ന് കാണിക്കുന്നുണ്ട്.

ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമാണ് ഈ കലാപം. കലാപത്തിനിടെ മാരകവും മനുഷ്യത്വ രഹിതവും ലജ്ജാകരവുമായ പ്രവൃത്തികളാണ് നടന്നത്. നരോദപാട്യയിൽ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്നുണ്ട്. 20 ദിവസം മാത്രം പ്രായമുള്ള ചെറിയ കുഞ്ഞിനെ പോലും വളരെ ക്രൂരമായി കലാപകാരികൾ കൊലപ്പെടുത്തി. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കാൻ ഇതുതന്നെ ധാരാളമാണ് എന്ന് കോടതി പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്. അവിടെ കൂട്ടബലാൽസംഗത്തിന് വിധേയമായ സ്ത്രീക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു.

ബാബു ബജ്‌റങ്കി എന്ന ഭീകരനെ ഗുജറാത്ത് കലാപത്തിന്റെ ക്രൂരമായ മുഖമായാണ് കോടതി പരിചയപ്പെടുത്തിയിട്ടുള്ളത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചു അണികളെ പ്രകോപിപ്പിച്ചതായി ഇയാളെ കുറിച്ച് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. 2007ൽ തെഹൽക രഹസ്യ ക്യാമറ ഉപയോഗിച്ച് ഇയാളെ അഭിമുഖം നടത്തിയിരുന്നു. അതിൽ കലാപത്തിന് ആസൂത്രണം നടത്തിയത് എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ അഭിമുഖം പുറത്തുവിടുകയുണ്ടായി. എന്നാൽ ഗോധ്‌റയിൽ ഉണ്ടായ തീവണ്ടി തീവയ്‌പിനെതിരെയുള്ള സ്വാഭാവികമായ പ്രതികരണമാണ് ഇതെന്ന വാദം കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്. കലാപശേഷം പ്രദേശം സന്ദർശിച്ച മലയാളത്തിന്റെ കവയിത്രി സുഗതകുമാരി കലാപത്തിന്റെ ഭീകരതയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഗുജറാത്ത് കലാപത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭീകരമായ കലാപത്തിലെ രാഷ്ട്രീയവും അതിനു നേതൃത്വം നൽകിയവരുടെ ലക്ഷ്യവും സംഘപരിവാരങ്ങളുടെ അക്രമരാഷ്ട്രീയമാണ് എന്നത് വ്യക്തമാണ്. കലയിലൂടെ മനുഷ്യന്റെ മനസ്സുകളിലേക്ക് പകർന്ന് നൽകുന്ന ഇത്തരം സത്യങ്ങളെ മൂടിവയ്ക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നവർ ആരായിരുന്നാലും അവർ ഇന്ത്യയുടെ പൈതൃകത്തിന്റെ ശത്രുക്കളാണ്. അവർ ഇന്ത്യൻ മതേതരത്വത്തിന്റെ ഘാതകരുമാണ് എന്നത് വസ്തുതയാണ്. ഇത് തുറന്നുപറയുന്ന സിനിമയായതുകൊണ്ടാണ് സംഘപരിവാര രാഷ്ട്രീയം കേരളത്തിലെ മലയാളി പ്രബുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

കലാപം: കാരണവും നുണകളും

ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ട അഞ്ച് മിനുട്ടിനിടയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി. അല്പം മുന്നോട്ട് നീങ്ങിയ ട്രെയിനകത്തുനിന്നും ചെയിൻ വലിച്ച കാരണത്താൽ ട്രെയിൻ നിൽക്കുന്നു. ബഹളത്തിന്റെ ഭാഗമായി പുറത്തുണ്ടായിരുന്ന കർസേവകർ അപ്പോൾ ട്രെയിനിൽ ഓടിക്കയറി.

മുസ്‌ലിം പെൺകുട്ടിയെ തട്ടികൊണ്ടുപോയി എന്ന വാർത്ത പരന്നതിനാൽ സമീപത്തുള്ള പത്തോ പതിനഞ്ചോ ആളുകൾ അപ്പോഴേക്കും സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ നിന്ന സമയം കൂട്ടത്തിലുള്ള ചിലർ ട്രെയിന് നേരെ കല്ലെറിഞ്ഞു. ട്രെയിനിലുള്ളവർ ജയ് ശ്രീറാം വിളിച്ച് തിരിച്ചും കല്ലെറിഞ്ഞു. ആ സംഘർഷം അവിടെ തീരുന്നു.

പത്ത് മിനുട്ടുകൾക്ക് ശേഷം ട്രെയിൻ വീണ്ടും ചലിച്ചുതുടങ്ങി. കിലോമീറ്ററുകൾ പിന്നിട്ട് സിംഗാൾ ഫാലിയ എന്ന സ്ഥലത്ത് ട്രെയിൻ നിന്നു. അല്പനേരത്തിന് ശേഷം ട്രെയിനിൽനിന്നും പുക ഉയരുന്നു. എസ്6 ബോഗിയിൽ തീ പടരുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്നു. ട്രെയിൻ സാങ്കേതിക തകരാറ് കാരണം നിന്നതാണോ പുക ഉയർന്നശേഷം നിന്നതാണോ എന്ന് കൃത്യമായ ഉത്തരമില്ല.

അപകടം നടന്ന ശേഷം സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ജയന്തി രവി സംഭവിച്ചത് അപകടമാണെന്നും ആസൂത്രിതമല്ലെന്നും സ്ഥിതീകരിക്കുന്നു. എന്നാൽ സ്ഥലം സന്ദർശിക്കാനെത്തിയ മോദിയാണ് ആദ്യമായി ഗോധ്രയിലേത് തീവ്രവാദ അക്രമമാണെന്ന പ്രസ്താവന ഇറക്കിയത്.

ഗുജറാത്ത് പോലീസിന്റെ വാദം രണ്ടായിരം ആളുകൾ അവിടെ കൂടിയെന്നും ട്രെയിനിന് പുറത്തുനിന്നും എണ്ണ ഒഴിച്ച ശേഷം അകത്തേക്ക് തീപ്പന്തങ്ങൾ എറിഞ്ഞെന്നുമാണ്.

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുണ്ടായിരുന്ന കൺസേൺഡ് സിറ്റിസൺ ട്രിബ്യൂണൽ നടത്തിയ സ്വതന്ത്ര അന്വേഷണം പോലീസിന്റെ എല്ലാ വാദങ്ങളെയും തകർത്തുകളയുന്നുണ്ട്.

ട്രെയിൻ അക്രമിക്കാൻ രണ്ടായിരം ഘാഞ്ചി മുസ്‌ലിംകൾ ഒത്തുകൂടിയെങ്കിൽ എന്തുകൊണ്ട് അവർ എസ്6 കോച്ച് മാത്രം അക്രമിച്ചു? അവർ മറ്റു കോച്ചുകളും അക്രമിക്കില്ലേ? 1700 കർസേവകർ അപ്പോൾ ട്രെയിനിൽ ഉണ്ടായിരുന്നു. അവർ മുസ്‌ലിംകളെ തിരിച്ചും അക്രമിക്കുമായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്കൊന്നും എവിടെയും ഉത്തരമില്ല.

സ്ഥലം സന്ദർശിച്ച സിസിടി സംഘത്തിന്റെ സംശയം അധികരിച്ചു. അപകടം സംഭവിക്കുമ്പോൾ ട്രെയിൻ നിൽക്കുന്നത് തറയിൽനിന്നും പന്ത്രണ്ട് അടി ഉയരത്തിലാണ്. ആ പ്രദേശത്ത് രണ്ടായിരം പേർക്ക് നിൽക്കാനുള്ള സ്ഥലമില്ല. അക്രമികൾ ഉണ്ടെങ്കിൽതന്നെ എസ്6 കോച്ച് അക്രമിക്കുന്നതിനെക്കാൾ അവർക്ക് എളുപ്പം മറ്റു കോച്ചുകൾ അക്രമിക്കുന്നതായിരുന്നു. ബണ്ടിന്റെ ഉയരവും ട്രെയിനിന്റെ ഉയരവും നോക്കുമ്പോൾ ട്രെയിന് നേരെ തീപ്പന്തം എറിഞ്ഞതാണെങ്കിൽ കോച്ചിന് പുറത്ത് തറയിൽ കരിഞ്ഞ ലക്ഷണങ്ങൾ ഉണ്ടാവണം.

കോച്ചിനുള്ളിൽ തീ പിടിച്ചപ്പോൾ ജനാലവഴി പുറത്തേക്ക് വന്ന തീജ്വാലകൾ വിൻഡോ ലെവലിന് മുകളിൽ കാണുന്നുണ്ട്. നഗ്‌ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ പോലും തീപടർന്നത് പുറത്തുനിന്നല്ല, അകത്തുനിന്നാണെന്ന് മനസ്സിലാകും.

ഫോറൻസിക് റിപ്പോർട്ടും അത് ശരിവയ്ക്കുന്നതാണ്. കോച്ചിന്റെ വിൻഡോയുടെ ഉയരം തറയിൽ നിന്നും ഏഴ് അടി മുകളിലാണ്. തീ പടർന്ന സമയത്ത് പാളത്തിൽ നിന്നല്ലാതെ മൂന്ന് അടിയോളം ഉയരമുള്ള മൺകൂമ്പാരത്തിൽ കയറിനിന്ന് കോച്ചിലേക്ക് വെള്ളം ഒഴിച്ചപ്പോൾ ആകെ പത്ത് മുതൽ പതിനഞ്ച് ശതമാനം വെള്ളം മാത്രമാണ് അകത്തേക്ക് കടന്നിരുന്നത്. അതുകൊണ്ട് തന്നെ അക്രമികൾ ബക്കറ്റിലോ ക്യാനിലോ മണ്ണെണ്ണയോ പെട്രോളോ കോരി ഒഴിച്ചാൽ ഭൂരിഭാഗം ദ്രാവകവും വിൻഡോയിലൂടെ ഒഴുകി വരികയും കോച്ചിന്റെ അടിഭാഗത്തേക്കും കടന്ന് അവിടെയടക്കം തീപടരുകയും ചെയ്യും. എന്നാൽ വിൻഡോയുടെ താഴെ ഭാഗത്തോ കോച്ചിന്റെ അടിഭാഗത്തോ തീ പടർന്നിട്ടില്ല.

റിപ്പോർട്ടിന്റെ ചുരുക്കം ഇങ്ങനെയാണ്: “ഞങ്ങൾ കോച്ചിന്റെ ഉള്ളറ പരിശോധിച്ചു. തീയുടെ തീവ്രത കൂടുതലായിരുന്നു. ഇരുമ്പ് ദണ്ഡുകൾ, സീറ്റുകൾ, ഫാനുകൾ എന്നിവയെല്ലാം വളഞ്ഞും ഉരുകിയും ആകൃതികെട്ട നിലയിലാണ് ഞങ്ങൾ കണ്ടെത്തിയത്. എസ്6 കമ്പാർട്ട്‌മെന്റിന്റെ തറയിൽ ഭാഗികമായി കത്തിയ അരിയും ഗോതമ്പും ചിതറിക്കിടക്കുന്നതും ഞങ്ങൾ കണ്ടു. ചില സാക്ഷികൾ പറഞ്ഞത് കർസേവകർ ട്രെയിനിൽ സ്റ്റോവ് കൊണ്ടുപോയിരുന്നുവെന്നാണ്. പക്ഷേ, കോച്ചിൽ അത് ഞങ്ങൾ കണ്ടില്ല.

FSL റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ഇത്രയും തീവ്രതയുളള തീയ്ക്ക് 60 ലിറ്റർ ഇൻഫ്‌ളേമബിൾ ദ്രാവകം വിശാലമായ വായുള്ള ഒരു കണ്ടെയ്‌നർ ഉപയോഗിച്ച് കോച്ചിലേക്ക് ഒഴിക്കേണ്ടി വന്നിരിക്കണമെന്നാണ്.

ചോദ്യം ഇതാണ്; ഈ കണ്ടെയ്‌നർ എവിടെ?

60 ലിറ്റർ ഇൻഫ്‌ളേമബിൾ ദ്രാവകം ആരെങ്കിലും കൊണ്ടുപോയതിന്റെ തെളിവില്ല. ഏത് സമയത്താണ് കോച്ചിനുള്ളിലോ പാസേജിലോ എത്തിച്ചത്? ആരായിരുന്നു ട്രെയിനിൽ യാത്ര ചെയ്തത്? ത്രിശൂലങ്ങളോടെയും അക്രമാസക്തമായ മനോഭാവത്തോടെയും ഇത്രയധികം കർസേവകർ ട്രെയിനിനുള്ളിലപ്പോൾ ഘാഞ്ചി മുസ്‌ലിംകൾക്ക് ട്രെയിനിൽ കയറാൻ എങ്ങനെ സാധിച്ചു? ഇത്രയധികം പെട്രോൾ എങ്ങനെ രഹസ്യമായി കൊണ്ടുപോകാൻ സാധിച്ചു?

അതിനാൽ, തീയുടെ രഹസ്യം അങ്ങനെ തുടരും. എന്നാൽ ഒരു കാര്യം ഉറപ്പിക്കാം; തീ അകത്തു നിന്നാണ് വന്നതെന്ന് വ്യക്തമാണ്.

ഇനി ഈ അന്വേഷണങ്ങളും റിപ്പോർട്ടുകളെല്ലാം മാറ്റിവെച്ചാലും, ഗോധ്രയാണോ ഗുജറാത്ത് വംശഹത്യയുടെ ന്യായം.

അങ്ങനെയെങ്കിൽ, ആദ്യ ഗുജറാത്ത് വംശഹത്യ എന്തിനായിരുന്നു?

നെല്ലിയിൽ രണ്ടായിരത്തിലധികം മനുഷ്യരെ കൊന്നൊടുക്കിയത് എന്തിനായിരുന്നു?

ഭഗൽപൂരിൽ ആയിരത്തിലധികം ആളുകളെ കൊന്നത് എന്തിനാണ്?

സ്വാതന്ത്ര്യാനന്തരം ചെറുതും വലുതുമായ വംശഹത്യയിലൂടെ പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നതിന്റെ ന്യായം എന്താണ്?

സംഘപരിവാറിന് കൊല്ലാനുള്ള ന്യായം കൊല്ലപ്പെട്ടവരുടെ മതം മാത്രമാണ്.

സബർമതി എക്സ്‌പ്രസിന് സംഭവിച്ചത്

ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ കലാപമാണ് 2002 ഫെബ്രുവരി-മാർച്ച് മാസത്തിൽ നടന്ന ഗുജറാത്ത് കലാപം. 1044 ആളുകൾ കൊല്ലപ്പെട്ടു. 223 പേരെ കാണാതായി. 2500 ലേറെ ആളുകൾക്ക് പരിക്കുപറ്റി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി. മരണപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. ഈ കലാപത്തിലേക്ക് നയിച്ചത് ഗോധ്രയിൽവച്ച് സബർമതി എക്സ്‌പ്രസ്സിൽ ഉണ്ടായിരുന്ന 58 കർസേവകരുടെ കൂട്ടക്കൊലയോടെയായിരുന്നു എന്ന് പറയപ്പെടുന്നു. എങ്ങനെ യായിരുന്നു സബർമതി എക്സ്‌പ്രസിന് തീ പിടിച്ചത്? ആരായിരുന്നു തീ വച്ചത്? ഈ ചോദ്യങ്ങളിലൂടെ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയാണ് സംഘപരിവാരങ്ങൾ അവരുടെ കലാപങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചത്.

എന്നാൽ 2002 ഫെബ്രുവരി 27ന് എന്താണ് സംഭവിച്ചത് എന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ ഇപ്പോഴും ദൂരീകരിക്കപ്പെട്ടിട്ടില്ല. അയോധ്യയിൽനിന്ന് മടങ്ങിവരികയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന കർസേവകർ തീവണ്ടിയിൽ വെന്തു മരിച്ചുവെന്നത് സത്യമാണ്. അതിനാൽ സബർമതി എക്സ്‌പ്രസിന് എന്ത് സംഭവിച്ചു എന്നറിയാൻ വിവിധ അന്വേഷണ കമ്മീഷനുകൾ വന്നു. ഗുജറാത്ത് സർക്കാർ അന്ന് നിയമിച്ചിരുന്ന അന്വേഷണ കമ്മീഷനും പ്രോസിക്യൂഷനും ട്രെയിനിന് തീവച്ചത് മുസ്‌ലിം അക്രമകാരികളാണെന്ന് വിധിച്ചു. എന്നാൽ അത് അപകടമായിരുന്നുവെന്നും പുറത്തുനിന്നു വന്ന തീ ആയിരുന്നില്ലെന്നും കണ്ടെത്തിയ അന്വേഷണങ്ങളും ഉണ്ടായി. 2004ൽ കേന്ദ്രസർക്കാർ നിയോഗിച്ച ബാനർജി കമ്മീഷൻ കണ്ടെത്തിയത് ട്രെയിനിനകത്ത് സംഭവിച്ച അപകടമാണ് തീപിടുത്തത്തിന് കാരണം എന്നാണ്. കർസേവകർ പാചകം ചെയ്യാൻ ഉപയോഗിച്ച സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, ഈ റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പുതന്നെ ഗുജറാത്ത് ഹൈക്കോടതി നിരാകരിക്കുകയാണുണ്ടായത്. ഗോധ്ര സംഭവം നേരത്തെ പ്ലാൻ ചെയ്ത ഒരു മുസ്‌ലിം വിരുദ്ധ കലാപത്തിനു വേണ്ട, എല്ലാം തികഞ്ഞ പ്രകോപനമായി മാറിയെന്നും ഇതോടെ എല്ലാ ക്രൂരതകളും സാധൂകരിക്കപ്പെട്ടു എന്നും അറിയിച്ചുകൊണ്ടുള്ള യുകെ ഗവൺമെന്റിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തു വരികയുണ്ടായി. ഗോധ്ര സംഭവമല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ കലാപത്തിന് വേണ്ട കാരണം സൃഷ്ടിക്കപ്പെടുമായിരുന്നു എന്നും അതിലുണ്ട്. വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ നേരത്തെതന്നെ ഇരകളുടെ വിവരങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ടായിരുന്നുവത്രെ! മുസ്‌ലിംകളുടെ വീടുകളും കടകളും അവർ നോട്ടമിട്ടു. കലാപത്തിന് ആവശ്യമായ കോപ്പുകളും അവർ നേരത്തെ സംഘടിപ്പിച്ചുവച്ചിരുന്നുവെന്നും പ്രസ്തുത റിപ്പോർട്ടിലുണ്ട്.

2007ൽ തെഹൽക അന്വേഷണം ഗോധ്ര കലാപത്തിലെ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവന്നു. ഗോധ്ര കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചവയായിരുന്നുവെന്ന് അവരുടെ ഒളിക്യാമറ അന്വേഷണം വ്യക്തമാക്കുന്നുണ്ട്. ഗോധ്രയിലെ ട്രെയിൻ തീവയ്‌പിന് പിന്നിൽ മുസ്‌ലിംകൾ ആയിരുന്നു എന്ന സംഘപരിവാര വാദത്തെ ഇത് പൊളിച്ചു. പ്രോസിക്യൂഷൻ കണ്ടെത്തിയ പ്രതികൾക്ക് പെട്രോൾ വിറ്റു എന്ന് പറയുന്ന സാക്ഷികൾ തന്നെ തങ്ങൾ പോലീസിന്റെ നിർബന്ധത്തിനും ഭീഷണിക്കും മുന്നിലാണ് സാക്ഷി പറഞ്ഞതെന്നും വെളിപ്പെടുത്തുകയുണ്ടായി.

ജസ്റ്റിസ്സ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നടന്ന സിറ്റിസൺ ട്രിബ്യൂണൽ മുസ്‌ലിംകളായ അക്രമകാരികളാണ് ട്രെയിനിന് തീ വച്ചത് എന്ന ഗുജറാത്ത് സർക്കാറിന്റെ വാദത്തെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഗുജറാത്ത് കലാപം ഹിന്ദുത്വവാദികൾ നേരത്തെ തയ്യാറാക്കിയ പദ്ധതികൾക്ക് അനുസരിച്ച് നടന്ന കലാപമായിരുന്നുവെന്നും കണ്ടെത്തി. സർക്കാർ സംവിധാനങ്ങൾ പോലും കലാപകാരികൾക്ക് സൗകര്യം ചെയ്തുകൊടുത്തു എന്നും അതിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

1996-97 കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശങ്കർ സിങ് വഗേല ഔട്ട്‌ലുക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ ഗോധ്ര സംഭവത്തിന് പിന്നിൽ ഹിന്ദുത്വവാദികളുടെ കൈകൾതന്നെയെന്ന് ആരോപിച്ചു. മുസ്‌ലിംകൾ പൊടുന്നനെ ഗോധ്ര ട്രെയിൻ കത്തിക്കേണ്ട കാര്യമെന്താണ്? ആ ബോഗിയിൽ കർസേവകർ ഉണ്ടായിരുന്നുവെന്ന് ഗോധ്രയിലെ മുസ്‌ലിംകൾ അറിയുന്നതെങ്ങനെ? ചില ഹിന്ദുത്വ നേതാക്കൾക്ക് മാത്രമെ കർസേവകരുടെ യാത്രയെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. കർസേവകർ ആ ബോഗിയിൽ ഉണ്ടായിരുന്നുവെന്ന് അറിയുന്നവർ തന്നെയാകും അത് ചെയ്തതെന്ന് വഗേല പല സന്ദർഭങ്ങളിലായി പറഞ്ഞുവച്ചിട്ടുണ്ട്.

മുസ്‌ലിം വഴിവാണിഭക്കാരുമായി കർസേവകർ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് ലഹള ഉണ്ടായതെന്ന കാര്യത്തിൽ തർക്കമില്ല എന്ന് ഇടതുപക്ഷ ചിന്തകനായ രാമചന്ദ്ര ഗുഹ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അതിനുശേഷം ഉണ്ടായ തീപിടുത്തത്തിലാണ് അവ്യക്തതയുള്ള ത്. മുസ്‌ലിം ആൾക്കൂട്ടത്തിന്റെ പണിയാണിതെന്ന് വിഎച്ച്പി ആരോപിക്കുകയുണ്ടായി. അതേസമയം അഗ്‌നിയുടെ ഉറവിടം കോച്ചിനകത്തായിരുന്നുവെന്ന് ഫോറൻസിക് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ, കോച്ചിനകത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറോ മണ്ണെണ്ണ സ്റ്റൗവോ പൊട്ടിത്തെറിച്ച് തീ പിടിച്ചതായിരിക്കും അതെന്നും അദ്ദേഹം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

ഗുജറാത്ത് ഡിജിപി ആയിരുന്ന പിജി ജാതവേദൻ നമ്പൂതിരി നൽകുന്ന റിപ്പോർട്ടും സംഘപരി വാരങ്ങളുടെ ആരോപണങ്ങളെ നിരാകരിക്കുന്നവയാണ്. അദ്ദേഹം പറയുന്നതിങ്ങനെയാണ്: ‘ഈ സംഭവത്തിൽ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ബന്ധപ്പെട്ട ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടാണ്. 3-5-2002ന് സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് ഒരു സംഘം വിദഗ്ധർ തങ്ങളുടെ നിഗമനത്തിലെത്തിയത്. എസ്6 കമ്പാർട്ട്‌മെന്റ് തീപിടിച്ച സ്ഥലത്ത് അതേപോലെ വേറെ ഒരു കോച്ച് നിറുത്തി ചില പരീക്ഷണങ്ങൾ നടത്തുകയും എസ്6 കോച്ച് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്ത ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ തീപിടുത്തം കോച്ചിനകത്തുനിന്നാണ് ഉണ്ടായത് എന്നാണുള്ളത്. ഭൂമിയിൽ നിന്ന് 7 അടി പൊക്കത്തിൽ ഉണ്ടായിരുന്ന ജനാലകൾ വഴി ബക്കറ്റുകളും കന്നാസികളും ഉപയോഗിച്ചു വെള്ളം കോരിയൊഴിക്കാൻ നടത്തിയ പരീക്ഷണങ്ങളിൽ ഏതാണ്ട് 15 ശതമാനം മാത്രമെ ഉള്ളിലേക്ക് കടത്തി വിടാനായുള്ളൂ. ബാക്കി മുഴുവനും കോച്ചിന്റെ ഇരുവശങ്ങളിലും നിലത്തും തൂവി പോകുകയായിരുന്നു. ഇത്രയധികം പെട്രോൾ വെളിയിൽ വീണാൽ തീ പിടിക്കുമ്പോൾ അവിടെയും ഭീഷണമായ ജ്വലനം ഉണ്ടാകുമെന്ന് തീർച്ച. എന്നാൽ കോച്ചിന്റെ ഭാഗങ്ങളിലോ നിലത്തോ ഇങ്ങനെ ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരീക്ഷണങ്ങളുടെ ഫലമായി വെളിയിൽനിന്ന് ബക്കറ്റുകളോ കന്നാസുളോ ഉപയോഗിച്ച് ഇന്ധനം ഒഴിക്കാൻ സാധ്യതയില്ല എന്നായിരുന്നു വിദഗ്ധഭിപ്രായം.’

പൊതുബോധമലിനീകരണം

ആധുനിക ഇന്ത്യ നേരിടുന്ന മഹാവിപത്ത് ഔദ്യോഗികമായ ബോധ മലിനീകരണമാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയിൽ കലയും സാംസ്‌കാരിക രംഗവും നിഷ്പക്ഷതയുടെ ഭാഗത്ത് നിലയുറപ്പിക്കേണ്ടതുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കാനും ഇന്ത്യയുടെ പൈതൃകത്തെയും ചരിത്രത്തെയും അപനിർമിക്കാനുമുള്ള ശ്രമങ്ങളിലാണ് ഇന്ന് സംഘപരിവാരങ്ങളുള്ളത്. എഴുത്തിലൂടെയും കലകളിലൂടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ദുർവ്യാഖ്യാനിച്ചുകൊണ്ട് സാമൂഹിക ബന്ധത്തെയും മതനിരപേക്ഷതയെയും തകർത്തെറിയാനാണ് ഇവർ ശ്രമിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വളരെ പിന്നിൽ നിൽക്കുന്ന ഇന്ത്യയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അക്രമോത്സുകമായ താല്പര്യങ്ങളിൽ കൂച്ചുവിലങ്ങിടുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിം ന്യൂനപക്ഷത്തെ ശത്രുഭാഗത്ത് നിറുത്തി അവർക്കെതിരെ പൊതുബോധം രൂപപ്പെടുത്താനുള്ള അജണ്ടകളാണ് സംഘപരിവാരങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. കാലങ്ങളായി സിനിമയിലും കലകളിലും വില്ലൻ കഥാപാത്രങ്ങൾക്ക് മുസ്‌ലിം പരിവേഷം നൽകിയാണ് ബോധമലിനീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെക്ക് വീരപരിവേഷം നൽകാനുള്ള ശ്രമങ്ങളുമുണ്ട്. ഗാന്ധിവധക്കേസിലെ കുറ്റവാളികളെ രാഷ്ട്രനായകരുടെ സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ശ്രമവും നാം കണ്ടുവരുന്നു. ഡൽഹിയിലെ നാഷണൽഗാന്ധി മ്യൂസിയത്തിൽ ഉണ്ടായിരുന്ന 9 mmബെരേറ്റ എന്ന, ഗാന്ധിജിയെ വധിക്കാനുപയോഗിച്ച തോക്ക് രക്തസാക്ഷി ഗ്യാലറിയിൽ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നത് മറവിയിലേക്ക് തള്ളിയിട്ട് ബോധമലിനീകരണം നടത്താനാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?

2002ൽ രാജ്യത്ത് നടന്ന കലാപത്തെ സത്യസന്ധമായി ആവിഷ്‌കരിക്കാൻ മലയാളി പൊതുബോധത്തിലിടമില്ലെങ്കിൽ ഗാന്ധിവധത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന നാളുകൾ അതിവിദൂരമല്ല.