ലോകഭീകരൻ ഇറാനെ ആക്രമിക്കുമ്പോൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിന്‌ സാക്ഷിയായിരിക്കുന്നു. കൊന്നും തിന്നും കൊതി തീരാതെ നെതന്യാഹു ഇപ്പോൾ ഇറാനെതിരെയാണ്‌ ആയുധമെടുത്തിരിക്കുന്നത്. സ്വാർഥ താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ഭരണത്തലവന്മാർ ചെയ്യുന്ന ചെയ്തികൾക്ക് ലോകം മുഴുക്കെ ദുരിതമനുഭവിക്കുന്നത് ഖേദകരമാണ്‌.

ഇസ്രായേൽ ഇറാനെതിരെ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ കാർമേഘങ്ങൾ കുറേകാലമായി ഇറാനും ഇസ്രായേലിനുമിടയിൽ സഞ്ചരിക്കുന്നുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായ സന്ദർഭത്തിലായിരുന്നു ഇസ്രായേലിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. ജൂൺ 13ന് വെള്ളിയാഴ്ച പുലർച്ചെ 3:30ന് ആയിരുന്നു ഇസ്രായേൽ ആക്രമണമാരംഭിച്ചത്. ആക്രമണങ്ങളുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി അവർ അവകാശപ്പെട്ടു. സമ്പുഷ്ട യുറേനിയം ഉപയോഗിച്ചുകൊണ്ട് ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് പദ്ധതിയുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. ആക്രമണം തുടങ്ങി പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിഡിയോ പ്രസ്താവന നടത്തുകയും ചെയ്തു.

ഇസ്രായേലിന്റെ പ്രാരംഭ ആക്രമണം ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിലും ടെഹ്‌റാനിലെ റെവല്യൂഷണറി ഗാർഡ്‌സിന്റെ ആസ്ഥാനത്തും പതിച്ചു. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയും ആണവശാസ്ത്രജ്ഞന്മാരായ ഫെറെയ്ദൂൺ അബ്ബാസി, ഡോ.മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി എന്നിവരും മേജർ ജനറൽ അലി റാഷിദ് എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മീഡിയ ‘ഇർന’ സ്ഥിരീകരിക്കുകയും ചെയ്തു.

പുലർച്ചെ 6 മണിക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനഈ ഇസ്രായേലിന് ‘കഠിന ശിക്ഷ’ നൽകുമെന്ന് പ്രസ്താവന പുറപ്പെടുവിക്കുകയും 8 മണിയോടെ നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ട് ഇസ്രായേലിനു നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇരുപക്ഷവും ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുകയുണ്ടായി. ഇറാനിൽ ഇതിനകം (16 ജൂൺ) 224 സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസികൾ വ്യക്തമാക്കുമ്പോൾ ഇസ്രായേലിൽ 17 പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

അതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനോട് ആണവപദ്ധതിയിൽനിന്ന് പിന്മാറാനും അമേരിക്കയുമായി സഹകരിക്കാനും ആവശ്യപ്പെടുകയുണ്ടായി. ‘ഇനി മരണം വേണ്ട, നാശം വേണ്ട; അധികം വൈകുന്നതിന് മുമ്പ് അത് ചെയ്യുക’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇസ്രയേലിന്റെ ആക്രമണം ‘എക്‌സലന്റ്’ ആയിരുന്നുവെന്നും ട്രംപ് പറയാൻ മറന്നില്ല. ഇസ്രായേലാണ് യുദ്ധ അസംബന്ധം ആരംഭിച്ചതെന്നും ശക്തമായ തിരിച്ചടിയില്ലാതെ ഇറാന് വിശ്രമമില്ലെന്നുമായിരുന്നു അലി ഖാംനഈയുടെ പ്രതികരണം. ന്യൂയോർക്കിൽ യോഗം ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഇരു രാജ്യങ്ങളോടും യുദ്ധത്തിൽനിന്ന് പിന്മാറാനും സമാധാനം പുനഃസ്ഥാപിക്കാനും ‘അഭ്യർഥിക്കുകയും’ ചെയ്തു. എന്നാൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇറാൻ പ്രതിനിധി അമീർ സയീദ് ഇറവാനി ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെ ന്നും ഇസ്രായേലിന്റെ ചെയ്തികൾക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം പിന്തുണ നൽകുന്നുണ്ടെന്നും ആരോപിച്ചു. യു. എസ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് യുദ്ധത്തിന് വന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ താക്കീത് നൽകുകയും ചെയ്തു.

ഇസ്രായേലിന്റെ യുദ്ധ(കു)തന്ത്രം

പതിവിൽനിന്നും വ്യത്യസ്തമായി ഇസ്രായേൽ മതവികാരം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ഇറാനെതിരെയുള്ള സൈനികനീക്കത്തിന് നൽകിയ പേരിൽനിന്നും ഇത് വ്യക്തമാണ്. ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നാണ് ഇസ്രായേൽ ഇറാനെതിരെയുള്ള യുദ്ധത്തിന് നൽകിയിട്ടുള്ള പേര്. ജൂത-ക്രൈസ്തവ വിഭാഗങ്ങളിൽ വൈകാരികത സൃഷ്ടിക്കാൻ പ്രാപ്തമായ പേരാണിത്. ‘റൈസിംഗ് ലയൺ’ അഥവാ ‘ഉദിച്ചുയരുന്ന സിംഹം’ ഒരു ബൈബിൾ പ്രയോഗമാണ്. ബൈബിൾ പഴയനിയമം

സംഖ്യാപുസ്തകം 23ാം അധ്യായം 24ാം വചനത്തിലെ പരാമർശമാണ് ‘ഉദിച്ചുയരുന്ന സിംഹം.’ ‘ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേൽക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല.’ (The people rise like a lioness; they rouse themselves like a lion that does not rest till it devours its prey and drinks the blood of its victims).

ബൈബിളിലെ സംഖ്യാപുസ്തകം പ്രധാനമായും ഇസ്രായേല്യരുടെ പുറപ്പാടിനുശേഷം മരുഭൂമിയിലൂടെയുള്ള യാത്രയെ കുറിച്ചും അവരുടെ അനുസരണക്കേടിനെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ദൈവമാർഗത്തിലുള്ള സമർപ്പണത്തെ കുറിച്ചുള്ള പ്രതിപാദ്യങ്ങൾ അടങ്ങിയ ഈ ഭാഗത്തിലാണ് നിങ്ങൾ സിംഹത്തെപ്പോലെ എഴുന്നേൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്. യുദ്ധപ്രഖ്യാപനത്തിന് തലേദിവസം വ്യാഴാഴ്ച ജെറൂസലമിലെ ‘വിലാപമതിൽ’ എന്നറിയപ്പെടുന്ന പടിഞ്ഞാറേ ചുമരിൽ "the people shall rise up as a lion’ എന്നെഴുതിവെച്ച് അതിന്റെ ഫോട്ടോ എടുത്ത് പ്രസിദ്ധപ്പെടുത്തിയാണ് നെതന്യാഹു യുദ്ധാഹ്വാനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഇസ്രായേൽ നേരിടുന്ന ആഭ്യന്തര ഭീഷണി

സ്വന്തം നാട്ടിൽ ശക്തമായ എതിർപ്പ് നേരിടുന്നതാണ് നെതന്യാഹു നേരിടുന്ന വലിയ പ്രതിസന്ധി. ശത്രുരാജ്യത്തോട് യുദ്ധം ചെയ്തുകൊണ്ട് ഇസ്രായേൽ ജനതയുടെ പിന്തുണ പിടിച്ചുപറ്റാൻ സാധിക്കുമോ എന്ന പരീക്ഷണമാണ് അയാൾ നടത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇസ്രായേലിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധികളുടെ കാരണക്കാരൻ നെതന്യാഹുവാണെന്നാണ് പ്രതിപക്ഷവും പ്രതിഷേധക്കാരും ഒരുപോലെ പറയുന്നത്. ഹമാസുമായുള്ള ഏറ്റുമുട്ടൽ പോലും പ്രതിഷേധത്തിൽ നിന്നും രക്ഷപ്പെടാനുള്ള നെതന്യാഹുവിന്റെ അടവായും അവർ കാണുന്നു. അഴിമതിയുടെ പേരിൽ വിചാരണ നേരിട്ടുകൊണ്ടിരുന്ന അയാൾ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കുമ്പോഴാണ് ഹമാസുമായുള്ള പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഏകപക്ഷീയമായി വീണ്ടും ഗസ്സക്കുമേൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത് ഇസ്രായേലിൽ നെതന്യാഹു വിരുദ്ധ വികാരം പടരാൻ കാരണമായി.

ഇസ്രായേൽ ഗസ്സയിൽ സൃഷ്ടിച്ച മനുഷ്യനാശത്തിന്റെയും പട്ടിണിയുടെയും ചിത്രങ്ങൾ ആഗോള മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനാൽ അന്താരാഷ്ട്രത്തലത്തിലും അവർ ഒറ്റപ്പെട്ടുതുടങ്ങി. ഗസ്സയിലെ ജനങ്ങൾക്കു വേണ്ടി ഇസ്രായേലിനെതിരെ ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന വമ്പിച്ച ജനകീയ പ്രതിഷേധങ്ങൾ അതാത് ഗവൺമെന്റുകളെ ഇസ്രായേലിനെതിരെ പ്രസ്താവനയിറക്കാൻ കാരണമായിട്ടുണ്ട്. ഇറാനുമായി കൊമ്പുകോർക്കുന്നതിലൂടെ ഇറാനോട് ശത്രുതയിൽ കഴിയുന്ന യൂറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാൻ സാധിക്കുമോ എന്ന പരീക്ഷണമാണ് നെതന്യാഹു നടത്തിക്കൊണ്ടിരിക്കുന്നത്.

ഇറാനും ഇസ്രായേലും ഇണങ്ങിയും പിണങ്ങിയും

ഇറാനും ഇസ്രായേലും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ രാജ്യങ്ങളാണ്. ഇസ്രായേൽ എന്ന ജൂതരാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോൾ തുടക്കത്തിൽ അതിനെ എതിർത്തിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ജൂതരാഷ്ട്രത്തിനെതിരെ അക്കാലത്ത് വലിയ പ്രക്ഷോഭങ്ങൾ ടെഹ്‌റാനിൽ നടന്നിരുന്നു. 1948ൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇസ്രായേലിന്റെ പ്രവേശനത്തെയും എതിർത്തു. എന്നാൽ 1950 മാർച്ച് 14 ന് ഇറാൻ ഇസ്രായേലിനെ അംഗീകരിച്ചു. അറബേതര രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ഗൂഢമായി ആസൂത്രണം ചെയ്ത ‘പെരിഫറി ഓഫ് ഡോക്ടറിൻ’ എന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു അത്. തുർക്കിയെയും ഇറാനെയും കൂടെക്കൂട്ടാൻ സാധിച്ച ഇസ്രായേൽ അതിൽ വിജയം കണ്ടു. തുർക്കിയാണ് ഇസ്രയേലിനെ അംഗീകരിച്ച ആദ്യ മുസ്‌ലിം രാജ്യം. ഇറാനാണ് രണ്ടാം സ്ഥാനം.

ഇസ്രായേലിനുള്ള ഇറാന്റെ അംഗീകാരം അധികം നിലനിന്നില്ല. 1952ൽ ഇറാന്റെ പ്രധാനമന്ത്രിയാ യിരുന്ന മുഹമ്മദ് മുസദ്ദഖ് ഇസ്രായേലുമായുള്ള ഇറാന്റെ ബന്ധം വിച്ഛേദിച്ചു. ഇസ്രായേൽ പാശ്ചാത്യ രാജ്യങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നു എന്നായിരുന്നു മുസദ്ദഖ് കണ്ടെത്തിയ കാരണം. ഫലസ്തീൻ ജനതയുമായി ബന്ധപ്പെട്ട അവകാശ സംരക്ഷണം ആയിരുന്നില്ല കാരണം.

പാശ്ചാത്യ രാജ്യങ്ങളോടുള്ള എതിർപ്പ് പ്രകടമാക്കിയ മുസദ്ദഖ് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക തുടങ്ങി. 1953ൽ ഇറാനിയൻ സൈന്യത്തിന്റെ സഹായത്തോടെ അവർ മുസദ്ദഖിനെ പുറത്താക്കുകയും പകരം പാശ്ചാത്യ അനുകൂലിയായിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു. പിന്നീടുള്ള പഹ്‌ലവി ഭരണകാലങ്ങളിൽ ഇസ്രയേലുമായി ഇറാൻ നല്ല ബന്ധം തുടർന്നു. ഇറാൻ ഇസ്രായേലിന് പെട്രോളും പകരം ഇസ്രായേൽ ഇറാന് ആയുധവും നൽകി പരസ്പരം സഹായിച്ചു. ഇസ്രായേലിന് ഇറാനിൽ സ്ഥിരം പ്രതിനിധി സംഘങ്ങളുണ്ടായി.

ഇറാന്റെ ആണവ പദ്ധതി ഇസ്രായേലിന്റെ അറിവോടെ

1970കളുടെ മധ്യത്തിൽ ഷാ ഭരണകൂടം ആണവോർജം വികസിപ്പിക്കാൻ തീരുമാനിച്ചു. ഇസ്രായേലിന് ഇതിൽ വലിയ താൽപര്യമില്ലായിരുന്നുവെങ്കിലും സുഹൃദ്‌രാജ്യമെന്ന നിലയ്ക്ക് എതിർപ്പ് പ്രകടിപ്പിച്ചില്ല. അതേസമയം ഭാണകൂടത്തിന് വിരുദ്ധമായി ഇറാനിയൻ ജനതക്ക് ഫലസ്തീൻ ജനതയോടായിരുന്നു ആഭിമുഖ്യം. ഇറാനിയൻ ജനത ഫലസ്തീനികൾക്ക് നൽകുന്ന സാമ്പത്തികമടക്കമുള്ള സഹായങ്ങൾ തടയാൻ ഷാ ഭരണകൂടം ശ്രമിച്ചു. ഭരണകൂടത്തോടുള്ള അതിശക്തമായ വികാരമായി അത് മാറുകയും ഒടുവിൽ ഷാ ഭരണകൂടം നിലംപതിക്കുകയും ചെയ്തു.

ഖുമൈനി വിപ്ലവത്തിന് ശേഷം

1979 ൽ ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിന് ശേഷം ഇറാൻ-ഇസ്രായേൽ ബന്ധത്തിൽ വിള്ളൽ വീണു. ടെഹ്‌റാനിലെ ഇസ്രായേൽ എമ്പസി അടച്ചു. പകരം അവിടെ യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന് (PLO) എമ്പസി അനുവദിക്കുകയും ചെയ്തു. എന്നാൽ ഇത് അധികകാലം നീണ്ടുനിന്നില്ല.

ഇറാൻ-ഇറാഖ് യുദ്ധം വരുത്തിയ രാഷ്ട്രീയമാറ്റം

1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധത്തിൽ യാസർ അറഫാത്ത് ഇറാഖിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇറാൻ-ഫലസ്തീൻ ബന്ധം വഷളായി. ഇത് ഇറാനെ ഇസ്രായേലുമായി രഹസ്യ ബാന്ധവത്തിലേക്ക് നയിച്ചു. ഔദ്യോ

ഗികമായി ഫലസ്തീനുമായുള്ള ബന്ധം തുടരുമ്പോഴും ഇസ്രായേലുമായി രഹസ്യവേഴ്ചയിൽ ഏർപ്പെടാൻ ഇറാൻ നിർബന്ധിതമായി. സദ്ദാമിനെ നേരിടാൻ ഇസ്രായേലിൽ നിന്നും ആയുധങ്ങൾ സ്വീകരിക്കേണ്ടിവന്നു. അതുവഴി ഇറാഖിന്റെ ഓസിറാ ആണവ റിയാക്റ്റർ തകർക്കുക എന്ന ലക്ഷ്യം ഇസ്രായേൽ നേടുകയും ചെയ്തു. ഔദ്യോഗികമായി ഇറാഖുമായു ള്ള യുദ്ധത്തിന് ശേഷം ഫലസ്തീനുമായുള്ള ബന്ധം ഇറാൻ മെച്ചപ്പെടുത്തിയെങ്കിലും ഇറാനെ പൂർണമായും വിശ്വസിക്കാൻ ഫലസ്തീൻ തയ്യാറായില്ല. അതേസമയം മേഖലയിൽ ഇറാന് മേധാവിത്വം ഉണ്ടാകുമോ എന്ന ഭയം ഇസ്രായേലിന് വർധിക്കുകയും ചെയ്തു. അവർ തമ്മിലുള്ള സംശയങ്ങൾക്കും ശത്രുതകൾക്കും ഈ ഭയം കാരണമാവുകയും ചെയ്തു.

സായുധ സംഘങ്ങളും നിഴൽ യുദ്ധങ്ങളും

ഇസ്രായേലിനെ പ്രതിരോധിക്കാൻ സിറിയ, ഇറാഖ്, ലെബനോൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ സായുധ ഗ്രൂപ്പുകളെ ഇറാൻ പിന്തുണച്ചു. 1979ലെ ഖുമൈനി വിപ്ലവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ലെബനോനിൽ രൂപംകൊണ്ട ഹിസ്ബുല്ല ഇതിലെ പ്രധാന ഗ്രൂപ്പായിരുന്നു. മറുവശത്ത് ഇസ്രായേലും ചില സായുധ ഗ്രൂപ്പുകളെ സൃഷ്ടിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളിൽ ഭാഗമായി നിഴൽയുദ്ധങ്ങൾ നടത്തിക്കൊണ്ട് ഈ ഗ്രൂപ്പുകൾ മേഖലയിൽ കാലുഷ്യം വളർത്തിക്കൊണ്ടിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രധാന പ്രശ്‌നം ആണവശക്തിയാണ്. ഇറാനെ സംബന്ധിച്ചിടത്തോളും തങ്ങളുടെ ആണവ പദ്ധതികൾ വളരെ പ്രധാനമാണ്. ഇസ്രായേലിനാവട്ടെ അവരുടെ ഏറ്റവും വലിയ തലവേദനയും ഇറാന്റെ ആണവ പദ്ധതികൾ തന്നെയാണ്.

തല്ലി മാത്രം പരിചയമുള്ളവന് തല്ലുകൊള്ളുമ്പോൾ

ഇസ്രായേൽ ഇറാനിൽ നടത്തിയിരിക്കുന്നത് വലിയ ആക്രമണമാണ്. ആവനാഴിയിലെ അവസാന അസ്ത്രം ഉപയോഗിക്കുന്നതുപോലുള്ള ആക്രമണമാണ് നടത്തിയിരിക്കുന്നത്. സൈനികമേധാവിയും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു. എന്നാൽ ഇറാനിൽനിന്നും തിരിച്ചെന്ത് കിട്ടുമെന്ന ഭയാശങ്കകൾ ഇസ്രാഈലിനെ ശരിക്കും അലട്ടിത്തുടങ്ങിയിട്ടുണ്ട്. ഇറാൻ ശനിയാഴ്ച മുതൽ നടത്തിയിരിക്കുന്ന പ്രത്യാക്രമണങ്ങൾ ഇതുവരെയും ഇസ്രായേൽ നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ളതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു. അടിച്ചുമാത്രം പരിചയമുള്ള ഗുണ്ടക്ക് പതിന്മടങ്ങ് തിരിച്ചുകിട്ടുമ്പോഴുണ്ടാവുന്ന അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

മുസ്‌ലിം രാജ്യങ്ങളുടെ നിലപാട്

ഇറാനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ മുസ്‌ലിം രാജ്യങ്ങൾ പൊതുവിൽ ശക്തമായി അപലപിച്ചിരിക്കുകയാണ്. മുസ്‌ലിം രാജ്യങ്ങൾക്ക് ഇറാൻ പലപ്പോഴും ഭീഷണിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ മുസ്‌ലിം രാജ്യങ്ങളോട് പൊതുവിൽ ശത്രുതാ നിലപാട് സ്വീകരിച്ചുവന്നിട്ടുള്ള ഇറാനോട് പക്ഷേ, മുസ്‌ലിം രാജ്യങ്ങൾ അനുഭാവപൂർണമായ നിലപാടാണ് ഈ സാഹചര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേൽ എന്ന ലോകഭീകരന്റെ ഒന്നാമത്തെ ലക്ഷ്യം മുസ്‌ലിം രാഷ്ട്രങ്ങളെ തകർക്കുക എന്നതാണ്. ഗസ്സയിലടക്കം അവർ കൊലപ്പെടുത്തിയ മുസ്‌ലിം ജനതയുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും സാധിക്കില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏകദേശം മുക്കാൽ ലക്ഷം ജനങ്ങളാണ് ഗസ്സയിൽ മാത്രം ഇസ്രായേലിന്റെ നരമേധത്തിന് ഇരയായത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇസ്രായേൽ ഏതൊരു രാജ്യത്തിനെതിരെയും നടത്തുന്ന അതിക്രമങ്ങളെ മുസ്‌ലിം രാഷ്ട്രങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ല.

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇസ്രായേലിന്റെ ആക്രമത്തോടുള്ള നിലപാടിനൊപ്പം ഇറാനോടുള്ള സമീപനവും അവർ വ്യക്താക്കിയിട്ടുണ്ട്. “സഹോദര രാഷ്ട്രമായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. ഇത് ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്ന നടപടിയാണ്. മാത്രമല്ല അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണത്. ഈ ഹീനമായ ആക്രമണങ്ങളെ അപലപിക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര സമൂഹത്തിനും സുരക്ഷാകൗൺസിലിനും ഹീനമായ ഈ ആക്രമണം ഉടനടി തടയാനുള്ള വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു’’ (വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യ 13 ജൂൺ 2025).

യുദ്ധം മുറുകുമ്പോൾ

ഇറാനു മേൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയും ടെഹ്‌റാനിൽനിന്ന് സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ടെഹ്റാന്റെ വ്യോമമേഖല പൂർണമായും കൈയടക്കിയതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊരു ഭീഷണി മാത്രമാണെന്ന വിലയിരുത്തലാണ് ഇറാന്റെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ടെൽഅവീവിൽ നിന്നും ഒഴിഞ്ഞുപോകാൻ ഇറാനും ഇസ്രായേൽ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേൽ തലസ്ഥാനമായ ടെൽഅവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഇസ്രായേലിനും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഖാംനഈയെ വധിക്കുമെന്നും അതോടെ സംഘർഷം അവസാനിക്കുമെന്നുമെല്ലാമാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ശക്തമായ ചാര സംവിധാനമുള്ള ഇസ്രായേൽ ഇതിനു മുമ്പും ചതിയിലൂടെ ഇറാൻ നേതാക്കളെ വധിച്ചതിന് ചരിത്രം സാക്ഷിയാണ്. ഖാംനഈയെ സുരക്ഷിതമായ ബങ്കറിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇതേ ഭീഷണി നെതന്യാഹുവിനെതിരെയും നിലനിൽക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു ഇതിനകം ഇസ്രായേൽ വിട്ടുവെന്നും ഗ്രീസിൽ അഭയം തേടിയുമെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.

ആണവശക്തികളുടെ പോര്

ഇറാന്റെ ആണവശക്തി നശിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമായി ഇസ്രായേൽ കാണുന്നത്. 1970 മുതൽ ആണവശക്തി വികസിപ്പിച്ചെടുത്ത രാഷ്ട്രമാണ് ഇറാൻ. തുടക്കം മുതൽ തന്നെ ആണവ നിർവ്യാപന കരാറിൽ (NPT) ഒപ്പിട്ട രാജ്യമാണ് ഇറാൻ. എൻപിടി വ്യവസ്ഥകൾ ഇറാൻ ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. എന്നാൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നപക്ഷം എൻപിടിയിൽനിന്ന് പൂർണമായും പിന്മാറുമെന്നും ഇതിനുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.

സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവോർജമുണ്ടാക്കാൻ രാജ്യങ്ങൾക്ക് അവകാശം നൽകുന്ന കരാറാണ് എൻപിടി. യുഎൻ ആണവോർജ ഏജൻസിയായ ഐഎഇഎയുമായി അംഗരാജ്യങ്ങൾ സംഹകരിക്കണമെന്നും വ്യവസ്ഥയിലുണ്ട്. 191 രാജ്യങ്ങൾ എൻപിടിയുടെ ഭാഗമാണ്. ആണവായുധങ്ങൾ അവയില്ലാത്തവർക്ക് കൈമാറില്ലെന്ന് എൻപിടി അംഗങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതേസമയം ഇസ്രായേൽ ഇതുവരെ എൻപിടിയിൽ ഒപ്പുവെച്ചിട്ടില്ല. ഇസ്രായേൽ മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെക്കാത്ത രാജ്യങ്ങളാണ്. എൻപിടി വ്യവസ്ഥകൾ വിവേചനപരമാണെന്ന കാരണത്താലാണ് ഇന്ത്യ അതിൽ ഒപ്പിടാതിരുന്നത്. ചുരുക്കത്തിൽ ആണവ നിർവ്യാപന കരാറിൽ ഇതുവരെ ഒപ്പുവെക്കാത്ത ഇസ്രായേലാണ് എൻപിടി വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നാരോപിച്ച് ഇറാനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിരോധാഭാസമാണ് കാണാൻ കഴിയുന്നത്

ഇസ്രയേലിന്റെ ലക്ഷ്യം തിരിച്ചറിയണം

ഇറാനെ ആക്രമിച്ച് കീഴടക്കുന്നതിലൂടെ കേവല ആണവ നിരായുധീകരണമല്ല ഇസ്രായേൽ ലക്ഷ്യമിടുന്നത്. മേഖലയിലെ ഒരു വലിയ സൈനിക ശക്തിയെ ഇല്ലാതാക്കി തങ്ങളുടെ മേധാവിത്വം സമ്പൂർണമായും പശ്ചിമേഷ്യൻ മേഖലയിൽ ഉറപ്പിക്കുകയാണ് ഉദ്ദേശ്യം. ഫലസ്തീനെ പൂർണമായും ഇല്ലാതാക്കി മറ്റു മുസ്‌ലിം രാഷ്ട്രങ്ങളിലേക്കും കടന്നുകയറാമെന്ന അതിമോഹമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിൽ എന്നത് വളരെ വ്യക്തമാണ്.

ഇറാൻ തിരിച്ചടിച്ചതോടെ മേഖല അതീവ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും മാത്രമല്ല, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെയും യുദ്ധം വലിയ രൂപത്തിൽ ബാധിക്കുമെന്നത് തീർച്ചയാണ്. ലോകഭീകരനായ ഇസ്രായേലിനെ പിടിച്ചുകെട്ടാൻ ലോകത്തെ മുഴുവൻ സൈനികശക്തികൾക്കും ബാധ്യതയുണ്ട്. ലോകത്തെ വൻകിട രാജ്യങ്ങൾക്ക് പോലും ഭീഷണിയാണ് ഇസ്രായേൽ എന്ന വസ്തുത മനസ്സിലാക്കുന്നതിൽ ഇനിയും വീഴ്ച വരുത്തിയാൽ ലോകം അനുഭവിക്കാൻ പോവുന്നത് ഏറ്റവും വലിയ ദുരന്തമായിരിക്കും.