ഇസ്‌ലാമിക ശരീഅത്ത്: അജയ്യതയും ഹരജിക്കാരുടെ കുടിലതയും
മുജീബ് ഒട്ടുമ്മൽ
2025 മാർച്ച് 08, 1446 റമദാൻ 07

മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം (ശരീഅത്ത് നിയമം) ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് അവിശ്വാസിയായ, മുസ്‌ലിം നാമധാരിയായ ഒരു മലയാളീ വനിത ഫയൽ ചെയ്ത ഹരജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചിരിക്കുകയാണ്. വിഷയത്തിന്റ ഗൗരവം കണക്കിലെടുത്ത് ഈ കേസിനായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. 1937ലെ മുസ്‌ലിം വ്യക്തിനിയമം മുസ്‌ലിമായി ജനിക്കുന്ന എല്ലാവർക്കും ബാധകമാണെന്നും മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യസ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ഈ ശരീഅത്ത് നിയമമാണ് ബാധകമാക്കുന്നതെന്നും എന്ന് ഈ വനിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ സുപ്രീംകോടതിയിൽ അവകാശപ്പെടുന്നുമുണ്ട്. മതേതരമായ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം തനിക്ക് ബാധകമാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
‘എക്‌സ് മുസ്‌ലിം’ എന്ന് അവകാശപ്പെടുന്ന ഈ വനിതയുടെ ഹർജിയും അതിലെ വിഷയങ്ങളും ആവശ്യങ്ങളും വായിച്ചാൽ എന്താണ് ഇതുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇസ്‌ലാമിക ശരീഅത്തിനെ ഇന്ത്യയുടെ മതനിരപേക്ഷ ഭൂമികയിൽനിന്ന് ഉൻമൂലനം ചെയ്യുക, ശരീഅത്ത് ജീവിതത്തിൽ പ്രായോഗികമല്ലെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക, ന്യൂനപക്ഷ ഉൻമൂലനമെന്ന സവർണ രാഷ്ട്രീയത്തിന്റെ സംഘപരിവാര ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുക, മുസ്‌ലിം സമൂഹത്തെ അപരവത്കരിക്കുക, മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനുമേൽ കടന്ന് കയറുക, ഏകസിവിൽകോഡ് നടപ്പാക്കാനുള്ള സംഘപരിവാര ശ്രമങ്ങൾക്ക് ആക്കം കൂട്ടുക, ഇസ്‌ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും തുടച്ചുനീക്കുക, ഇസ്‌ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നവരുടെ കുപ്രചാരണത്തിന് ശക്തി പകരുക, വസ്ത്ര-ഭക്ഷണ-ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുക, എഴുപതുകൾ മുതൽ ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് അന്നത്തെ ആർഎസ്എസ് തലവൻ ബാലസാഹബ് ദേവരസ് പ്രഖ്യാപിച്ച ഹിന്ദുത്വ ദേശീയതയുടെ സാംസകാരികയുക്തിയിൽ അധിഷ്ഠിതമായ, അടിസ്ഥാനപരമായിത്തന്നെ മുസ്‌ലിം വിരുദ്ധമായ രാഷ്ട്രീയ അടിത്തറ പാകാൻ നിലമൊരുക്കുക തുടങ്ങിയ ധാരാളം ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല.
ഇന്ത്യൻ ഭരണഘടന അനുഛേദം 21ൽ വ്യക്തിസ്വാതന്ത്ര്യവും അതിന്റെ സംരക്ഷണവും വിശദീകരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ലിംഗഭേദ ചർച്ചയും നടക്കുന്നുണ്ട്. ലിംഗസ്വത്വം ഓരോ വ്യക്തിക്കും പ്രഖ്യാപിക്കാമെന്ന കോടതി നിർദേശങ്ങൾ പോലും വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിശാലതയായാണ് വിലയിരുത്തുന്നത്. മാനവികതയെ പരിഹസിക്കുന്ന നിരീക്ഷണമാണെങ്കിലും വ്യക്തിസ്വാതന്ത്ര്യം അത്രത്തോളം അവകാശമാണ് എന്ന് പഠിപ്പിക്കുന്നുണ്ട്. ഭരണഘടനയിലെ അനുഛേദം 25 മുതൽ 28 വരെയുള്ളതിൽ മതസ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. ഇഷ്ടമുള്ളത് സ്വീകരിക്കാനും ആചരിക്കാനും അതേസമയ നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യമാണത്. ഇന്ത്യയിൽ ഏതു മതത്തിൽ ജനിച്ചവരാണെങ്കിലും മതം മാറാനും മതാനുശാസനകളെ നിരാകരിക്കാനും അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണിവിടെ മിശ്രവിവാഹം നടക്കുന്നത്. മുസ്‌ലിം നാമധാരിയാണെങ്കിൽ പോലും രജിസ്റ്റർ വിവാഹവും ലിവിങ് ടുഗതറും നടക്കുന്നുണ്ടിവിടെ. സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം മതാചാരങ്ങളെയും പുരോഹിതൻമാരെയും ഒഴിവാക്കി വിവാഹം നടത്തുന്നതിനും ഒരു തടസ്സവുമില്ല.
അനന്തരാവകാശ സ്വത്ത് വിഭജനത്തിനും ധാരാളം മാർഗങ്ങളുണ്ട്. മരണത്തിന് ശേഷം തന്റെ സ്വത്ത് തങ്ങളുടെ മക്കൾക്ക് മാത്രം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ വിൽപത്രം തയ്യാറാക്കി വെക്കാനുള്ള അവകാശവും ഉണ്ട്. സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാനും ശരീഅത്തിലെ അനന്തരസ്വത്ത് നിയമങ്ങളെ നിരാകരിക്കാനുമുള്ള വ്യക്തി സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്.
എന്നിട്ടും ശരീഅത്തിനെതിരെ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്ത അവിശ്വാസിയായ വനിതയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാൽ അതും കുറ്റമല്ല. മദ്യം നിഷിദ്ധമാക്കിയ ഇസ്‌ലാമിക ശരീഅത്ത് തനിക്ക് ബാധകമാക്കരുതെന്ന് ഒരു മദ്യപാനി കോടതിയെ സമീപിച്ചാൽ അയാളോടുള്ള കോടതിയലക്ഷ്യമെന്താണോ അത് ബാധകമാക്കുകയാണ് യഥാർഥത്തിൽ ഈ ഹരജിക്കാരിയോട് കോടതി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതും സമൂഹത്തിൽ ചർച്ചയാക്കി മനസ്സുകളിൽ മുറിവ് സൃഷ്ടിക്കാനാണ് ശ്രമം. ജസ്റ്റിസ് ചന്ദ്രചൂഡിന്റ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ഹർജിയും പരിഗണിച്ചതും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസയച്ചതുമെന്ന് കേൾക്കുമ്പോൾ എവിടെയോ എന്തോ ഒരു പിശക് തോന്നുന്നത് സ്വാഭാവികം.
അധികാര വർഗത്തിന്റെ മുഖത്തു നോക്കി സത്യം വിളിച്ചു പറയാനും ധർമാധർമങ്ങൾ തിരിച്ചറിഞ്ഞ് അവയിൽ ഏറ്റവും നല്ലതെന്ന് തോന്നുന്നതിനെ തെരഞ്ഞെടുക്കാനുമുള്ള പൗരൻമാരുടെ അവകാശമാണ് ഭരണഘടനയിൽ നിറഞ്ഞു നിൽക്കുന്നത്. പൗരാവകാശങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ സ്വാതന്ത്ര്യം നൽകിയ ഇന്ത്യൻ ഭരണഘടനയെ യഥാർഥത്തിൽ പരിഹസിക്കുകയാണ് ശരീഅത്ത് വിരോധിയായ ഈ അവിശ്വാസി വനിത ചെയ്തിരിക്കുന്നത്.
28 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം മുസ്‌ലിം നാമധാരിയായ ഒരു അഭിഭാഷകനും ഭാര്യയും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായി വാർത്തയിലിടം പിടിക്കുകയുണ്ടായി. മുസ്‌ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം തങ്ങളുടെ പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണത്രെ അവർ വീണ്ടും വിവാഹിതരായത്. ഇദ്ദേഹവും യഥാർഥത്തിൽ ഇസ്‌ലാമിക ശരീഅത്തിനെതിരെ പൊതുബോധം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണിത് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിലരുടെ ഗോഷ്ടികൾ സമുഹത്തിലുണ്ടാക്കുന്ന അലോസരത ചില്ലറയല്ല. കേട്ടാലറക്കുന്ന തെറി വാക്കുകൾ കൊണ്ട് സമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരുടെ ലക്ഷ്യം കൂടുതൽ റീച്ച് ലഭിക്കുക, അതിലൂടെ പ്രശസ്തിയും സമ്പത്തും ഉണ്ടാക്കിയെടുക്കുക എന്നതാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ട് ചില ‘ഇടങ്ങൾ’ സൃഷ്ടിക്കാനുള്ള മനോരോഗങ്ങളും ഇന്ന് സമൂഹത്തിൽ ധാരാളമായി വർധിച്ച് വരുന്നുണ്ട്. സമൂഹത്തിലെ സാംസ്‌കാരിക മാലിന്യങ്ങളിൽ ഇരിപ്പിടം ഉറപ്പിക്കാൻ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിഭാഗത്ത് കൊണ്ടുവരാനുള്ള ഇവരുടെ ശ്രമങ്ങളായി ഇതിനെ കാണാനാകും. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളിലൂടെ ഇത്തരം വിഷയങ്ങളെ സമീപിക്കാൻ ഇവർ ശ്രമിക്കാറില്ല. തുടക്കം മുതലേ കേട്ട് ശീലിച്ച വിമർശനങ്ങളുമായി രംഗപ്രവേശം ചെയ്യുന്ന ഈ അൽപൻമാരുണ്ടോ അറിയുന്നു ഇവർ ഏറ്റുമുട്ടാൻ ശ്രമിക്കുന്നത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തോടാണെന്ന്!
ക്വുർആൻ പറയുന്നു: “അവർ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു’’ (61:8).
ഷാബാനു ബീഗം കേസും ശരീഅത്ത് വിമർശനവും
ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾക്കെതിരെ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വിമർശകർ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. 1984-85 കാലത്ത് ഷാബാനു കേസിലെ സുപ്രീം കോടതി വിധി ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു. മുൻ ഭാര്യക്ക് ജീവിതകാലം മുഴുവൻ, വിവാഹമോചനം നേടുന്ന ഭർത്താവ് ജീവനാംശം നൽകണമെന്ന ക്രിമിനൽ പ്രൊസീജ്യർ കേസിലെ വ്യവസ്ഥകൾ ബാധകമാക്കിയതായിരുന്നു ഈ വിധി. ഇത് ശരീഅത്ത് നിയമത്തിനെതിരായതിനാൽ റദ്ദാക്കണമെന്ന് മുസ്‌ലിം പണ്ഡിതൻമാർ ആവശ്യപ്പെട്ടു. അതേസമയം മുസ്‌ലിം സ്ത്രീകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്ന സ്വകാര്യ ബില്ല് ജി.എം ബനാത്ത് വാല സാഹിബ് ലോക്‌സഭയിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചക്ക് ശേഷം ഈ ബില്ലിനു പകരം ഇതിലെ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ‘മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമം 1986’ എന്ന പുതിയ നിയമം കൊണ്ടുവന്നു. അത് വലിയ ചർച്ചകൾക്ക് കാരണമായി. ഇസ്‌ലാമിക ശരീഅത്തിനെയും വിമർശനങ്ങൾക്ക് വിധേയമാക്കി. ഇന്ത്യയിലെ മതനിരപേക്ഷ ചേരിയിൽ പെട്ടവർ പോലും ശരീഅത്ത് നിയമങ്ങളെ പരിഹസിക്കുന്നവിധം ചർച്ചകൾക്ക് നേതൃത്വം നൽകി.

മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഏതു കാലത്തെയും പോലെ മുസ്‌ലിം മാംസദാഹികൾ മുതലക്കണ്ണീരൊഴുക്കി. അന്നും മുസ്‌ലിം നാമധാരികളായ നിഷേധികളും ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. കേരളത്തിന്റെ മുൻ ഗവർണറും ബിജെപി നേതാവുമായിരുന്ന മുഹമ്മദ് ആരിഫ് ഖാൻ രാജീവ് ഗാന്ധി മന്ത്രിസഭയിൽ അന്ന് ഉണ്ടായിരുന്നു. സുപ്രീം കോടതിവിധിക്കെതിരെ ശരീഅത്ത് നിയമസംരക്ഷണഭാഗമായുള്ള സർക്കാറിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് അദ്ദേഹം ബിജെപി യിൽ ചേരുകയായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയെന്ന വ്യാജേന ബിജെപിയുടെ സഹകാരിയായതോടുകൂടി അദ്ദേഹത്തിന്റെ തനിനിറവും വ്യക്തമായി. 2024 ജൂലൈയിൽ വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീക്കും ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയിൽനിന്ന് വിധി വരികയുണ്ടായി. അതിലൂടെയാണ് ഷാബാനു കേസ് വീണ്ടും ചർച്ചയായത്. രാജ്യത്ത് വീണ്ടും ഏകസിവിൽകോഡ് ചർച്ചയാകുന്ന സമയത്താണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചിൽ നിന്ന് ഷാബാനു സമാനമായ വിധി വന്നത്. വിധി വന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത് ബിജെപിയാണ്. ശരീഅത്തിനെതിരെയുള്ള വിധിയാണെന്നതുകൊണ്ട് മാത്രമാണ് സംഘപരിവാരങ്ങൾ ഇതിനെ സ്വാഗതം ചെയ്തത്. അല്ലാതെ മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വല്ലാതെ ആഗ്രഹിക്കുകയും അതിന് ത്യാഗം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നവരാണ് ബിജെപി എന്ന് പറയുന്നതിനെക്കാൾ തമാശ വേറെ എന്താണുള്ളത്! കാരണം 2002ലെ ഗുജറാത്ത് കലാപത്തിൽ ഗർഭിണിയായ 21 വയസുകാരി ബൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാൽസംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുകയും ചെയ്ത പ്രമാദമായ കേസ് ആരും മറന്ന് കാണില്ല. കൊല്ലപ്പെട്ടവരിൽ ബൽകീസ് ബാനുവിന്റെ കുഞ്ഞു മകളും ഉണ്ടായിരുന്നു. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽകീസ് ബാനു മരിച്ചു എന്ന് കരുതിയാണ് ആക്രമികൾ അവിടെനിന്നും സ്ഥലം വിട്ടത്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് സിബിഐ അന്വേഷിച്ച കേസായിരുന്നു ഇത്. 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് പതിനൊന്ന് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022ൽ ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതികളെ വെറുതെ വിടുകയായിരുന്നു. അതോടെ കൊടുംകുറ്റവാളികളായ ആ ഭീകരൻമാരെ സംഘപരിവാരം സ്വീകരിച്ചത് മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടാണ്.
മുസ്‌ലിം സ്ത്രീകളോടുള്ള സംഘപരിവാരങ്ങളുടെ സമീപനമാണ് നാം കണ്ടത്. ഇവരാണ് ഷാബാനു കേസിൽ കണ്ണീരൊഴുക്കി അവകാശത്തിനായി രംഗത്തു വന്നത് എന്ന് പറയുമ്പോൾ ഇസ്‌ലാമിക ശരീഅത്തിനെ ലക്ഷ്യമാക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.
ഇസ്‌ലാമിക ശരീഅത്ത്: പ്രായോഗികതയും അജയ്യതയും
ഇസ്‌ലാമിക ശരീഅത്ത് സമഗ്രമായ ഒരു ജീവിത മാർഗദർശനമാണ്. മാനവരാശിയെ സൃഷ്ടിച്ച് വിതാനിച്ച പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിﷺയിലൂടെ അവതരിപ്പിച്ചതാണിത്. ഇതര നിയമ വ്യവസ്ഥകൾക്കതീതമായ പ്രത്യേക സവിശേഷതയുള്ള പ്രായോഗിക നിയമവ്യവസ്ഥയാണത്. അതിനാൽ ശരീഅത്ത് അന്യൂനവും സർവകാലികവും പ്രായോഗികവുമാണ്. പരിശുദ്ധ ക്വുർആനും പ്രവാചക ചര്യയുമാണതിന്റെ സ്രോതസ്സ്. ശരീഅത്ത് നിർദേശിക്കുന്ന വിശ്വാസവും കർമാനുഷ്ഠാനങ്ങളും സ്വഭാവഗുണങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുന്നതോടുകൂടി പൂർണമായ സമാധാനം സാധ്യമാകും. ആത്മീയമായ ആരാധനാ കർമങ്ങളിൽ നിരതമാകുന്നതിന്റെ അത്രതന്നെ പ്രാധാന്യം കുടുംബ-സാമൂഹിക-സാമ്പത്തിക നിയമങ്ങൾക്കുമുണ്ട്. ഐഹികവും പാരത്രികവുമായ വിജയം കാംക്ഷിച്ചുകൊണ്ടാണ് ഓരോ വിശ്വാസിയും അതിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് .അല്ലാഹുവിന്റെ ബോധനമനുസരിച്ച് മുഹമ്മദ് നബിﷺ അവിടുത്തെ ജീവിതത്തിലൂടെ മാനവരാശിയെ പ്രായോഗികമായി പഠിപ്പിച്ച ജീവിതരീതിയാണ് ശരീഅത്ത്. മാനവ ജീവിതത്തിന് ആവശ്യമായ വിജ്ഞാനങ്ങളും അറിവുകളും കർമാനുഷ്ഠാനങ്ങളുമെല്ലാം പരിപൂർണമായി പ്രവാചകൻ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ മതനിയമങ്ങൾ ബാധകമായ എല്ലാ വ്യക്തികൾക്കും ഇസ്‌ലാമിക ശരീഅത്ത് അനുസരിക്കൽ നിർബന്ധമാണ്.
മാനവരാശി അവരുടെ ജീവിതത്തിൽ അനുവർത്തിക്കേണ്ട എല്ലാ കാര്യങ്ങളും കൃത്യമായും പൂർണമായും പഠിപ്പിച്ചുകൊണ്ടാണ് പ്രവാചകൻ വിട പറഞ്ഞത്. ശൗച്യ കാര്യങ്ങളിലും ഭാര്യ-ഭർതൃ ബന്ധങ്ങളിലുമുള്ള മര്യാദകൾ പഠിപ്പിച്ചിട്ടുണ്ട്. നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാവേളയിലും അല്ലാത്തപ്പോഴും; സംസാരിക്കുന്ന സന്ദർഭങ്ങളിലും മൗനം ദീക്ഷിക്കുമ്പോഴും, ഏകാന്തതയിലും ആളുകൾക്കിടയിലാകുമ്പോഴും, സമ്പന്നതയിലും ദാരിദ്ര്യത്തിലും, ആരോഗ്യമുള്ളപ്പോഴും രോഗാവസ്ഥയിലും എന്നിങ്ങനെ ജീവിതത്തിന്റെ സകല രംഗങ്ങളിലും പാലിക്കേണ്ട വിധിവിലക്കുകളെ കുറിച്ചും മരണത്തെ സംബന്ധിച്ചുമൊക്കെ അവിടുന്ന് വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. നന്മതിന്മകളെ കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചു മുള്ള അറിവുകൾ വിശദമായിത്തന്നെ പ്രവാചകൻ മനുഷ്യർക്ക് പകർന്ന് നൽകിയിട്ടുണ്ട്. മാനവ ചരിത്രത്തിൽ ഒരിക്കലും ഇതുപോലെ ഒരു ജീവിതദർശനമോ പ്രത്യയശാസ്ത്രമോ കാണാൻ സാധ്യമല്ല. ലോകത്ത് കഴിഞ്ഞുപോയ ഒരു പരിഷ്‌കർത്താവിനും സമഗ്രമായ ഒരു ജീവിത പദ്ധതി അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല. രഹസ്യ നിമിഷങ്ങൾ മുതൽ ജനങ്ങളുടെ ഇടയിലെ വ്യവഹാരങ്ങൾ അടക്കം എല്ലാ കാര്യങ്ങളിലും കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളാണ് പ്രവാചകൻ മാനവരാശിക്ക് പകർന്നുനൽകിയത്. മാനവ ചരിത്രത്തിൽ കഴിഞ്ഞുപോയ ഭൗതിക പ്രത്യയശാസ്ത്രങ്ങൾക്കൊന്നും ഇതിന് സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ഇസ്‌ലാമികമായി ജീവിക്കുകയും അങ്ങനെ പരലോക മോക്ഷം ലഭിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ 1937ലെ മുസ്‌ലിം പേഴ്‌സണൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ ആക്ട്. വ്യക്തിജീവിതത്തിൽ ശരീഅത്ത് അനുസരിക്കുവാൻ അത് ഇന്ത്യൻ മുസ്‌ലിംകളെ അനുവദിക്കുന്നു. ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനകാലം മുതൽതന്നെ മുസ്‌ലിംകൾ അനുഭവിച്ചുപോന്ന സ്വാതന്ത്ര്യത്തിന്റ തുടർച്ചയായിരുന്നു അത്. ഹിന്ദു ഭരണകാലത്തും മുസ്‌ലിം ഭരണകാലത്തും വൈദേശികാധിനിവേശ ശക്തികളുടെ ഭരണകാലത്തുമെല്ലാം ശരീഅത്ത് അനുസരിച്ച് ജീവിക്കുവാനും തർക്കവിതർക്കങ്ങളിൽ അതനുസരിച്ച് വിധി ലഭിക്കുവാനുമുള്ള അവകാശത്തിന്റെ നിയമ രൂപമാണ് ശരിഅത്ത് ആപ്ലിക്കേഷൻ ആക്ട്. അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ഇഷ്ടദാനം, വക്വ‌്‌ഫ് എന്നീ കാര്യങ്ങളിൽ വ്യക്തികൾ മുസ്‌ലിംകളാണെങ്കിൽ തീർപ്പു കൽപിക്കേണ്ടത് ശരീഅത്തനുസരിച്ച് ആകണമെന്ന് വ്യവസ്ഥപ്പെടുത്തുന്ന ഈ നിയമം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണ്.
എന്നാൽ മുസ്‌ലിം പേരുള്ളവനായതുകൊണ്ട് മാത്രം ഒരാൾ ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് പ്രകാരം തന്റ സ്വത്ത് വിഭജിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഇസ്‌ലാമിക ജീവിതം നയിക്കാൻ ആഗ്രഹിക്കാത്തവർക്ക് വിവാഹം മുതൽ തന്നെ ശരീരത്തിന്റെ വരുതിയിൽനിന്ന് പുറത്തു പോകാൻ അനുവാദമുണ്ട്. ഇന്ത്യൻ ഭരണഘടന അങ്ങനെയൊരു സ്വാതന്ത്ര്യം വകവച്ചു കൊടുക്കുന്നതുപോലെ തന്നെ വിശുദ്ധ ക്വുർആനും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാനാകും. അല്ലാഹു പറയുന്നു: “മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:256).
അനന്തരാവകാശ നിയമവും സ്ത്രീകളും
മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം (ശരീഅത്ത്) ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് ‘എക്‌സ് മുസ്‌ലിം’ വനിത സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പ്രധാനമായും അവർ വിമർശിക്കുന്ന അനന്തരാവകാശ സ്വത്ത് വിഭജനത്തിൽ ലിംഗസമത്വം അനുവദിക്കുന്നില്ല എന്നാണ്. ശരീഅത്ത് നിയമത്തിൽ ലിംഗസമത്വം ഇല്ലെന്നും സ്വത്ത് ഭാഗം വയ്ക്കുമ്പോൾ ഉൾപ്പെടെ പെൺകുട്ടികൾക്ക് തുല്യ അവകാശം ലഭിക്കുന്നില്ലെന്നുമാണ് വനിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയുടെ മുമ്പാകെ ബോധിപ്പിച്ചത്. പെൺകുട്ടികൾക്ക് തുല്യ സ്വത്ത് ഉറപ്പാക്കുന്നതിന് ചില മുസ്‌ലിം ദമ്പതികൾ പുനർവിവാഹം ചെയ്തതും ഹർജിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഇസ്‌ലാമിലെ അനന്തരാവകാശ സ്വത്ത് വിഭജന നിയമത്തെക്കുറിച്ച് സമൂഹത്തിൽ വളരെ വലിയ അജ്ഞതയാണ് നിലനിൽക്കുന്നത്. നാസ്തികരും ഇസ്‌ലാം വിമർശകരും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ തെറ്റുധാരണയും പൊതുബോധ നിർമിതിയുമാണ് ഇതിന് കാരണം. അനന്തരസ്വത്ത് വിഭജനത്തിൽ ഇസ്‌ലാം സ്ത്രീകൾക്ക് സുരക്ഷയും കരുതലും എത്രമാത്രം പ്രാധാന്യത്തോടെ നൽകുന്നുവെന്ന് നിഷ്പക്ഷമായ പഠനങ്ങളിലൂടെ മനസ്സിലാക്കാനാകും. സ്ത്രീക്ക് പുരുഷന്റെ പകുതി അനന്തര സ്വത്താണ് ഇസ്‌ലാം നൽകുന്നത് എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളിൽ അനന്തരാവകാശികളുടെ ഓഹരികൾക്കിടയിലെ ഏറ്റവ്യത്യാസത്തിന്റെ മാനദണ്ഡം സ്ത്രീപുരുഷ വേർതിരിവല്ല. മരണപ്പെട്ട വ്യക്തിയോടുള്ള അനന്തരാവകാശിയുടെ ബന്ധവും ജീവിത ഭാരങ്ങൾ വഹിക്കേണ്ടി വരുന്ന തലമുറകൾക്കിടയിലെ സ്ഥാനവും കുടുംബം പുലർത്തേണ്ട ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയുമെല്ലാമാണ് അനന്തരാവകാശിയുടെ ഓഹരിയിലെ ഏറ്റവ്യത്യാസങ്ങളുടെ മാനദണ്ഡങ്ങളായി ഇസ്‌ലാം നിശ്ചയിച്ചത്. അതിനാൽ ചില സന്ദർഭങ്ങളിൽ പുരുഷൻമാരെക്കാൾ സ്ത്രീകൾക്കായിരിക്കും ഓഹരി കൂടുതൽ ലഭിക്കുന്നത്. മറ്റു സന്ദർഭങ്ങളിൽ തുല്യ അളവിലും ചില സന്ദർഭങ്ങളിൽ പുരുഷൻമാർക്ക് കൂടുതലായും ലഭിക്കുന്നു. മനുഷ്യെന്റ വ്യവഹാരവും പ്രകൃതവും അറിയുന്ന അല്ലാഹു അനന്തരാവകാശ സ്വത്തിലെ ഓഹരി വിഭജനത്തിലും കൃത്യമായ നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിന്റെ മുഴുവൻ തത്ത്വങ്ങളും മൂന്ന് ആയത്തുകൾക്കുള്ളിൽ അതിസുന്ദരമായി ക്വുർആൻ ചേർത്തുവച്ചിട്ടുണ്ട്. സൂറത്തുന്നിസാഇലെ 11, 12, 13 ആയത്തുകളാണവ.
പുരുഷന് സ്ത്രീയുടെ ഇരട്ടി ഓഹരി ലഭിക്കുന്ന അവസ്ഥകളിൽ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും പുരുഷന് മാത്രമായിരിക്കും. അഥവാ പെൺകുട്ടിയുടെ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ കാര്യങ്ങളിലെയും അവളുടെ സാമ്പത്തിക ഉത്തരവാദിത്തം പിതാവിനോ ഭർത്താവിനോ മകനോ സഹോദരനോ ആകാം. അങ്ങനെ വരുമ്പോൾ ആ വശത്തെ പരിഗണിച്ചുകൊണ്ടാവണം ഓഹരിയിലെ വർധനവ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്ത്രീക്ക് ഓഹരിയായി ലഭിച്ച പുരുഷന്റ പകുതി സ്വത്തുകൊണ്ട് യാതൊരു ബാധ്യതയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം സ്ത്രീക്ക് ഉണ്ടായിരിക്കുകയില്ല എന്ന് വ്യക്തമാണ്. പെൺകുട്ടിയുടെ സ്വത്ത് അവളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാമെന്നഥം. അതിന്റെ പ്രായോഗികത വളരെ ചെറിയ ഉദാഹരണത്തിലൂടെ മനസിലാക്കാം. അതായത് കേരളത്തിലെ റോട്ടിലൂടെ ഓടുന്ന ബസിലെ സീറ്റുകൾ റിസർവ് ചെയ്തിരിക്കുന്ന സിസ്റ്റം മനസ്സിലാക്കിയാൽ മതി. സ്ത്രീകൾക്ക് വേണ്ടി റിസർവ് ചെയ്തിരിക്കുന്ന സീറ്റ് അവർക്ക് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു പുരുഷൻ അതിൽ കയറിയിരുന്നാൽ ശിക്ഷാർഹമാണെന്നാണ് നിയമം. എന്നാൽ സ്ത്രീകൾക്ക് ജനറൽ സീറ്റുകളും യഥേഷ്ടം ഉപയോഗിക്കാനാകും. അതായത് പുരുഷൻ ജനറൽ സീറ്റിൽ മാത്രം പരിമിതപ്പെടുമ്പോൾ റിസർവേഷൻ സീറ്റും ജനറൽ സീറ്റും ഉപയോഗിക്കാനാകുന്നത് സ്ത്രീകൾക്ക് മാത്രമാണ്. ഇത് സ്ത്രീകളെ സംബന്ധിച്ച് കൂടുതൽ സൗകര്യപ്പെടുകയാണ് ചെയ്യുന്നത്. ഇതുപോലെയാണ് പുരുഷന് ഇരട്ടി ഓഹരി ലഭിക്കുന്ന അനന്തരസ്വത്തിന്റ അവസ്ഥയും.
എന്നാൽ മറ്റു സന്ദർഭങ്ങളിൽ നടേ സൂചിപ്പിച്ചത് പോലെ തുല്യമായതും പുരുഷൻമാരെക്കാൾ അധിക ഓഹരിയും സ്ത്രീകൾക്ക് ലഭിക്കുന്നതുമുണ്ട്. ഇസ്‌ലാമിന്റെ വിമർശകരും ശത്രുക്കളും കാര്യമറിയാതെയോ അജ്ഞതകൊണ്ടോ മനഃപൂർവമോ ഇസ്‌ലാമിക ശരീഅത്തിനെ വിമർശിക്കുകയാണെന്ന് മനസ്സിലാക്കാനാകും.

